ഫുട്ബോൾ ഖത്തറിനെയും
ഖത്തർ ഫുട്​ബോളിനെയും​കൈകാര്യം ചെയ്യുന്ന വിധം

ഈ ലോകകപ്പിൽ ഖത്തറിന് എന്തുചെയ്യാനാകും? ലോകകപ്പ് ഖത്തറിൽ ഏതെല്ലാം വിധത്തിലുള്ള സാംസ്‌കാരിക മാറ്റങ്ങൾക്ക് കാരണമാകും? ഖത്തറിനെകുറിച്ച് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള പൊതുധാരണ പൊളിച്ചെഴുതപ്പെടുമോ?

1930 ൽ തുടങ്ങിയ ഒരു വിശ്വകായികമേള ലോകത്തെ മുഴുവൻ ആവേശത്തിലാഴ്ത്തി ഖത്തറിൽ അതിന്റെ 22-ാം പതിപ്പിലെത്തി നിൽക്കുന്നു. മനുഷ്യൻ ഒരു പന്തിനു പിറകെ പായാൻ തുടങ്ങിയിട്ട് കാലമെത്രയായെന്ന് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ലോകത്തേറ്റവും ആരാധകരുള്ള ഫുട്ബോൾ എന്ന കായിക വിനോദത്തിന്റെ ഇന്നത്തെ രൂപം 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇംഗ്ലണ്ടിലാണ് ഉരുത്തിരിഞ്ഞുവന്നത്. എന്നാൽ കാൽപന്തുകളിയുടെ പൂർവ്വകാല മാതൃകകളുടെ ചരിത്രമെടുത്താൽ അതിന്റെ പാരമ്പര്യം പൂർണമായും യൂറോപ്പിനുമാത്രം അവകാശപ്പെട്ടതല്ല. പല ഭൂഖണ്ഡങ്ങളിലും പല ദേശങ്ങളിലും പല സംസ്‌കാരങ്ങളിലും വ്യാപിച്ചുകിടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു ചരിത്രം ഈ കാൽപന്തുകളിക്കുണ്ട്.

പതിനൊന്ന് തവണ യൂറോപ്പും അഞ്ച് തവണ തെക്കേ അമേരിക്കയും മൂന്ന് തവണ വടക്കേ അമേരിക്കയും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ഒറ്റ തവണ മാത്രമാണ് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വേൾഡ്കപ്പെത്തുന്നത്.

ഒരു പ്രത്യേക പാറയിൽ നിന്ന് നിർമിച്ചെടുത്ത പന്തുകൊണ്ട് സംഘം ചേർന്ന് ഗെയിം കളിച്ചിരുന്നത് 3,000 വർഷങ്ങൾക്ക് മുമ്പത്തെ പഴയ മെസോഅമേരിക്കൻ സംസ്‌കാരങ്ങളുടെ ഭാഗമായിരുന്നു. പന്തിനെ സൂര്യനായി പ്രതീകവൽക്കരിക്കുകയും തോൽക്കുന്ന ടീമിന്റെ ക്യാപ്റ്റനെ ദൈവങ്ങൾക്ക് ബലിയർപ്പിക്കുകയും ചെയ്യുന്ന ആചാരങ്ങൾ അവിടെ നിലനിന്നിരുന്നു. "കിക്കിംഗ്' ഉൾപ്പെട്ട ആദ്യ പന്തുകളിയായി അറിയപ്പെടുന്നത് ബി.സി. 3, 2 നൂറ്റാണ്ടുകളിൽ ചൈനയിലുണ്ടായിരുന്ന കുജു (Cuju​) വാണ്. ചതുരാകൃതിയിലുള്ള കളി സ്ഥലത്ത് വൃത്താകൃതിയിലുള്ള പന്ത് (രോമങ്ങളോ തൂവലുകളോ കൊണ്ട് തുന്നിചേർത്ത തുകൽപ്പന്ത്) ഉപയോഗിച്ചാണ് കുജു കളിച്ചിരുന്നത്. ഈ കളിയുടെ പരിഷ്‌കരിച്ച രൂപം പിന്നീട് ജപ്പാനിലേക്ക് വ്യാപിക്കുകയും കെമാരി (Kemari) എന്ന പേരിൽ അവിടുത്തെ സംസ്‌കാരത്തിന്റെ ഭാഗമാവുകയും ചെയ്തു. ഒരുപക്ഷേ കുജു വിന്റെ പഴക്കമേറിയ രൂപമായിരിക്കും ആദിവാസികളായ ഓസ്‌ട്രേലിയക്കാർ കളിച്ചിരുന്ന മാൻ ഗൂക്ക് (Marn gook).

ഫുട്‌ബോളിന്റെ ആദ്യകാല മാതൃകകളായിരുന്നു ചൈനയിലുണ്ടായിരുന്ന കുജു, ജപ്പാനിലെ കെമാരിഎന്നിവ / Photo: Wikipedia

പുരാതന ഗ്രീസിലും റോമിലും ഇന്നത്തെ ഫുട്ബോളിനോട് സാമ്യമുള്ള ബോൾ ഗെയിമുകൾ പ്രചാരത്തിലുണ്ടായിരുന്നു. പുരാതന റോമിൽ, പന്തുകൾകൊണ്ടുള്ള ഗെയിമുകൾ വലിയ അരീനകളിൽ (ആംഫി തിയേറ്ററുകൾ) അരങ്ങേറുന്ന വിനോദങ്ങളുടെ ഭാഗമായിരുന്നില്ല. പക്ഷേ ഹാർപസ്റ്റം (harpastum) എന്ന പേരിൽ സൈന്യത്തിന്റെ പരിശീലന അഭ്യാസങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ദ്വീപായ ബ്രിട്ടാനിക്കയിലേക്ക് കാൽപന്തുകളി എത്തുന്നത് റോമൻ സംസ്‌കാരത്തിൽനിന്നായിരുന്നു. ബ്രിട്ടീഷ് ജനതയെ ഈ വിനോദം ഏത് തലത്തിലാണ് സ്വാധീനിച്ചതെന്നും അവർ അതിന് സ്വന്തം വകഭേദമെങ്ങെനെ വികസിപ്പിച്ചുവെന്നതും അത് പിന്നീട് മനുഷ്യകുലത്തെ മുഴുവൻ ഒരു പന്തിലേക്ക് ആവാഹിച്ചതെങ്ങെനെയെന്നതും ഒരേ സമയം ആശ്ചര്യവും അനിശ്ചിതത്വവും നിറഞ്ഞ ചരിത്രമാണ്.

വേദിയും വിവാദങ്ങളും

ആദ്യ ലോകകപ്പ് മുതൽ ഇതുവരെ കഴിഞ്ഞ 21 ലോകകപ്പ് ടൂർണമെന്റുകൾക്ക് 17 രാജ്യങ്ങൾ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഭൂഖണ്ഡങ്ങളുടെ കണക്കെടുത്താൽ പതിനൊന്ന് തവണ യൂറോപ്പും അഞ്ച് തവണ തെക്കേ അമേരിക്കയും മൂന്ന് തവണ വടക്കേ അമേരിക്കയും ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ഒറ്റ തവണ മാത്രമാണ് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വേൾഡ്കപ്പെത്തുന്നത്. അതായത് 2002 ൽ ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി ആതിഥേയരായ ഫിഫ ലോകകപ്പിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പ് ടൂർണമെന്റാണിത്. ഒരു അറബ് രാജ്യത്ത് നടക്കുന്ന ആദ്യത്തേയും.

ദക്ഷിണ കൊറിയയിലെ സിയോൾ പ്ലാസ 2002 ലെ ഫിഫ ലോകകപ്പിനിടെ / Photo: Wikipedia

ലോകകപ്പിന്റെ തുടക്കക്കാലത്ത് യൂറോപ്പിലും സൗത്ത് അമേരിക്കയിലും മാറി മാറി ടൂർണമെന്റ് നടത്താനായിരുന്നു തീരുമാനമായത്. അതുപ്രകാരം ഉറുഗ്വേയിൽ വെച്ചു നടന്ന ആദ്യ ലോകകപ്പിന് ശേഷം രണ്ടാമത് വേദിയായത് ഇറ്റലിയായിരുന്നു. എന്നാൽ കരാർ പ്രകാരം 1938 ലെ മൂന്നാം ഫിഫ ലോകകപ്പ് വേദി തെക്കേ അമേരിക്കക്ക് നൽകുന്നതിന് പകരം ഫ്രാൻസിൽ നടത്താനുള്ള തീരുമാനം വിവാദമാവുകയും അർജന്റീനയും ഉറുഗ്വേയും ആ ടൂർണമെൻറ്​ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തെതുടന്ന് രണ്ട് വേൾഡ് കപ്പ് ടൂർണമെന്റുകൾ ഉപേക്ഷിക്കപ്പെട്ടപ്പോൾ വീണ്ടും ടൂർണമെൻറ്​ നടത്താനും യുദ്ധത്തിന്റെ മുറിവുകൾ ഉണക്കാനും ‘ഫിഫ’ (ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്‌ബോൾ അസോസിയേഷൻ) പ്രയത്നിക്കുകയുമുണ്ടായി. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധത്തെ തുടന്ന് അവസാനിക്കുമായിരുന്ന ഒരു വിശ്വകായികമേള വംശീയപരവും രാഷ്രീയപരവുമായ എല്ലാ അസ്വാരസ്യങ്ങളേയും മറികടന്ന് ഇന്നും തുടർന്ന് പോകുന്നതിൽ ഫിഫയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. പിന്നീട് യൂറോപ്പിലും തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും വേൾഡ്കപ്പുകൾ മാറി മാറി നടത്താമെന്ന കരാറിലെത്തുകയും 2002 ലെ ജപ്പാൻ ദക്ഷിണ കൊറിയ ലോകകപ്പ് വരെ അത് തുടരുകയുമായിരുന്നു.

ഫുട്‌ബോളിലെ ഏറ്റവും മഹത്തായ ഒരു ഇവൻറ്​ മിഡിലീസ്റ്റിലേക്ക് പോകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്, അതോടൊപ്പം സാധ്യതകളും.

മിഡിലീസ്​റ്റ്​ എന്ന സാധ്യത

ഓരോ ഫുട്‌ബോൾ ലോകകപ്പിനും അതിന്റേതായ സവിശേഷതകളുണ്ട്. ഇത്തവണ വേൾഡ്കപ്പ് ഖത്തറിലെത്തിമ്പോൾ കുറച്ചധികം പുതുമകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ലോക ഫുട്‌ബോൾ ഭൂപടത്തിൽ അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് ഖത്തർ. ഫുട്‌ബോളിന് പുതിയ മേച്ചിൻപുറങ്ങൾ കണ്ടെത്താനുള്ള ഫിഫയുടെ താൽപര്യത്തിന് പുറത്താണ് അവരുടെ പ്രധാന ടൂർണമെൻറ്​ ഒരു മിഡിൽ ഈസ്റ്റ് രാജ്യത്തിന് നൽകുന്നത്. ഖത്തർ ഭരണാധികാരി തമീം ബിൻ ഹമദ് അൽതാനിയുടെ ഫുട്‌ബോൾ കമ്പവും ടൂർണമെൻറ്​ ഖത്തറിലെത്തുന്നതിന് കാരണമായിട്ടുണ്ട്. ഫുട്‌ബോളിലെ ഏറ്റവും മഹത്തായ ഒരു ഇവൻറ്​ മിഡിലീസ്റ്റിലേക്ക് പോകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്, അതോടൊപ്പം സാധ്യതകളും.

2022 ഫിഫ ലോകകപ്പിന്റെ ആതിഥേയാവകാശത്തിനായുള്ള പ്രതീകാത്മക റിലേ ബാറ്റൺ റഷ്യൻ പ്രസിഡന്റ് പുടിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും 2018 ജൂണിൽ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിക്ക് കൈമാറുന്നു / Photo: Wikipedia

നവംബർ- ഡിസംബർ മാസങ്ങളിൽ നടക്കുന്ന ആദ്യ ഫുട്‌ബോൾ ലോകകപ്പ് കൂടിയാണിത്. ‘ശീതകാല ലോകകപ്പ്' എന്നാണ് അതുകൊണ്ടുതന്നെ ഈ ലോകകപ്പിനെ വിശേഷിപ്പിക്കുന്നത്. സാധാരണ ജൂൺ- ജൂലൈ മാസങ്ങളിൽ നടത്താറുള്ള ടൂർണമെൻറ്​ ഖത്തറിലെ കാലാവസ്ഥ കണക്കിലെടുത്താണ് ശൈത്യകാലത്തേക്ക് മാറ്റിയത്. വേനൽക്കാലത്ത് (ജൂൺ- ജൂലൈ മാസങ്ങളിൽ) ശരാശരി 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഖത്തറിലെ താപനില. എന്നാൽ ഈ സമയമാറ്റത്തെ പല പാശ്ചാത്യൻ രാജ്യങ്ങളും പരിഹസിച്ചിട്ടുണ്ട്.

ഫിഫയുടെ പുരുഷ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ആദ്യമായി വനിതാ റഫറിമാരെ നിയമിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ലോകകപ്പിന്. മൂന്ന് വനിതാ റഫറിമാരാണ് ഇത്തവണ ലോകകപ്പ് നിയന്ത്രിക്കുന്ന മുപ്പത്താറംഗ സംഘത്തിലുണ്ടാകുക. ടൂർണമെൻറ്​ മത്സരങ്ങൾ അരങ്ങേറുന്ന എട്ട് സ്റ്റേഡിയങ്ങളും വളരെ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത് എന്നത് കളിക്കാർക്ക് വലിയ യാത്രകൾ ഒഴിവാക്കാനും പരിശീലനത്തിന് കൂടുതൽ സമയം ലഭിക്കാനും ഇടയാക്കും. എന്നാൽ വളരെ ചുരുങ്ങിയ വിസ്തീർണത്തിനുള്ളിൽ ഇത്രയധികം സ്റ്റേഡിയങ്ങളുള്ളത് ട്രാഫിക്കിനിടയാക്കാം. ഒരു പക്ഷേ ഈ ലോകകപ്പിന്റെ വിജയം തന്നെ ചെറിയൊരു ദേശത്ത് വലിയൊരു ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.

വമ്പൻ ക്ലബ് ലീഗുകളുടെ പാരമ്പര്യം ഖത്തറിന് അവകാശപ്പെടാനില്ലാത്തതിനാൽ ലോകകപ്പിനുശേഷം വലിയ വേദികളും അവയുടെ പരിപാലന ചെലവുകളുമൊക്കെ ബാധ്യതയായിത്തീരാൻ സാധ്യതയുണ്ട്.

പലപ്പോഴും വലിയ അന്താരാഷ്ട്ര കായിക ഇവന്റുകൾക്കായി നിർമിച്ച വലിപ്പം കൂടിയ സ്‌റ്റേഡിയങ്ങൾ പിന്നീട് കാര്യമായി ഉപയോഗിക്കപ്പെടാതെ ബാധ്യതയായിത്തീരാറുണ്ട്. അവിടെയാണ് വേൾഡ്കപ്പിനുള്ള തെയ്യാറെടുപ്പുകളിൽ സുസ്ഥിര വികസനത്തിലൂന്നിയുള്ള ഖത്തറിന്റെ നയം ശ്രദ്ധിക്കപ്പെടേണ്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെയോ സ്പാനിഷ് ലാ ലീഗ പോലെയോ ഉള്ള വലിയ ആരാധകകൂട്ടങ്ങളെ ആകർഷിക്കാൻ കെൽപ്പുള്ള വമ്പൻ ക്ലബ് ലീഗുകളുടെ പാരമ്പര്യം ഖത്തറിന് അവകാശപ്പെടാനില്ലാത്തതിനാൽതന്നെ ലോകകപ്പിനുശേഷം വലിയ വേദികളും അവയുടെ പരിപാലന ചെലവുകളുമൊക്കെ ബാധ്യതയായിത്തീരാൻ സാധ്യതയുണ്ട്. അതിനാൽ ലോകകപ്പിനുശേഷം പൊളിച്ചുമാറ്റി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സ്‌റ്റേഡിയങ്ങളാണ് ഖത്തറിൽ കാണികളെ കാത്തിരിക്കുന്നത്.

ഖത്തർ ലോകകപ്പ് മത്സരങ്ങൾക്കുള്ള സ്റ്റേഡിയങ്ങൾ / Photo: FIFA World Cup 2022 FB Page

ഈ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകത ‘ഫാൻ സോണു’കളാണ്. സ്‌റ്റേഡിയത്തിനകത്ത് കളികാണാൻ അവസരമില്ലാത്തവർക്കായി വലിയ സ്‌ക്രീനുകളാണ് ഫാൻ സോണുകളിൽ ഖത്തർ ഒരുക്കുന്നത്. കൂടാതെ, ആരാധകരേയും വിദേശികളേയും ആകർഷിക്കുന്നതിന്​ നിരവധി പ്രോഗ്രാമുകളാണ് ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കലാ കായിക താരങ്ങളും ഈ പ്രോഗ്രാമുകളുടെ ഭാഗമാകുന്നുണ്ട്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ആകർഷിക്കാനും അറബ് സംസ്‌കാരത്തിന്റെ തനതായ വൈവിധ്യങ്ങളും രീതികളും പകർന്ന് നൽകാനും പ്രത്യക്ഷത്തിൽ നിലനിൽക്കുന്ന പല ധാരണകളേയും തിരുത്തി പുതിയ പാലങ്ങൾ കെട്ടിപ്പടുക്കാനുമുള്ള വലിയൊരു അവസരം കൂടിയാണ് ഖത്തറിനെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ്.

ഉയർന്ന ചെലവ് താങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന ആശങ്കയും, പ്രാദേശിക കാലാവസ്ഥയും, മനുഷ്യാവകാശ റെക്കോർഡ്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി നിരവധി മാധ്യമങ്ങൾ, കായിക മേഖലയിലെ വിദഗ്ധർ, മനുഷ്യാവകാശ സംഘടനകൾ എന്നിവർ ഖത്തറിന് വേദി നൽകിയതിനെ വിമർശിച്ചിരുന്നു.

ആരോപണങ്ങളും വിവാദങ്ങളും

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യമായിരിക്കും ഖത്തർ. സ്ഥിരമായ ജനസംഖ്യ ഒരു ദശലക്ഷത്തിൽ താഴെയാണ്. 2010 ൽ ഖത്തറിന് ടൂർണമെൻറ്​ ലഭിക്കുമ്പോൾ ഫിഫ ഫുട്‌ബോൾ റാങ്കിങ്ങിൽ 113-ാം സ്ഥാനത്തായിരുന്നു. അതിന് മുമ്പൊരിക്കലും ലോകകപ്പ് യോഗ്യത നേടിയിരുന്നുമില്ല. അതേസമയം, വേൾഡ്കപ്പ് വേദി ഖത്തറിന് നൽകിയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുയർന്നിരുന്നു. 2011 മെയിൽ പുറത്തുവന്ന ഫിഫയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. ആതിഥേയ രാജ്യമാകാൻ ഖത്തറിന്റെ യോഗ്യതയെന്തെന്നും ഫിഫയുടെ ലേല പ്രക്രിയയിലെ നീതിയെക്കുറിച്ചും നിരവധി ആശങ്കകളും വിവാദങ്ങളും ഉയർന്നുവന്നിരുന്നു. ഫുട്‌ബോളിൽ അത്ര വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തതും, ഉയർന്ന ചെലവ് താങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന ആശങ്കയും, പ്രാദേശിക കാലാവസ്ഥയും, മനുഷ്യാവകാശ റെക്കോർഡ്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി നിരവധി മാധ്യമങ്ങൾ, കായിക മേഖലയിലെ വിദഗ്ധർ, മനുഷ്യാവകാശ സംഘടനകൾ എന്നിവർ ഖത്തറിന് വേദി നൽകിയതിനെ വിമർശിച്ചിരുന്നു. ഖത്തർ ബിഡ് കമ്മിറ്റിക്കും ഫിഫ അംഗങ്ങൾക്കും എക്‌സിക്യൂട്ടീവുകൾക്കും എതിരെ നിരവധി കൈക്കൂലി ആരോപണങ്ങൾ ഉയർന്നിരുന്നു. ടൂർണമെന്റ് ഖത്തറിന് നൽകാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് ഫിഫ മുൻ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററും മറ്റ് ഫിഫ അംഗങ്ങളും വരെ പറയുകയുണ്ടായി.

ലോകകപ്പിനോടനുബന്ധിച്ച് ആരാധകരെ ആകർഷിക്കാൻ നിരവധി പ്രോഗ്രാമുകളാണ് ഖത്തർ ഒരുക്കുന്നത് / Photo: FIFA World Cup FB Page

അറബ് സംസ്‌കാരം യൂറോ- ലാറ്റിൻ സംസ്‌കാരങ്ങളിൽ നിന്ന് വളരെ വിഭിന്നമായതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ ഖത്തറിന് കഴിയുമോ എന്നത് കാത്തിരുന്നുകാണേണ്ടതുണ്ട്. ഖത്തറിന്റെ നിയമസംവിധാനം "ശരീഅത്തി'ൽ അധിഷ്ഠിതമായതിനാൽ മദ്യപിക്കുന്നത് അനുവദനീയമല്ല. ഇത് യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമൊക്കെ വരുന്നവരുടെ അതൃപ്തിക്കിടയാക്കാം. അതേസമയം, ടൂർണമെന്റിനോടനുബന്ധിച്ച് മദ്യം അനുവദിക്കുമെന്നും ചില വ്യാപാര സ്ഥാപനങ്ങൾ പെർമിറ്റോടെ മദ്യം വിൽക്കുമെന്നും വാങ്ങുന്നതിന് പ്രത്യേക ഫാൻ സോണുകൾ സ്ഥാപിക്കുമെന്നും ലോകകപ്പ് ബിഡ് ചീഫ് എക്‌സിക്യൂട്ടീവ് ഹസൻ അബ്ദുല്ല അൽ തവാദി പറയുകയുണ്ടായി. എന്നാൽ പൊതുസ്ഥലത്ത് മദ്യപിക്കാൻ അനുവാദമുണ്ടായിരിക്കില്ല.

ഖത്തറിൽ ഹോമോസെഷ്വാലിറ്റി നിയമവിരുദ്ധമാണ്. പിഴയും മൂന്ന് വർഷം വരെ തടവും മുസ്​ലിംകൾക്ക്​ വധശിക്ഷവരെയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. എൽ.ജി.ബി.ടി.ക്യു വ്യക്തികളെ ഖത്തറിൽ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടുണ്ട്​. എന്നാൽ അതെല്ലാം നിഷേധിച്ച ഖത്തർ, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫിഫ നിയമങ്ങൾ പാലിക്കുമെന്നും ലോകകപ്പിന് സ്റ്റേഡിയങ്ങളിൽ റെയിൻബോ പതാകകൾ അനുവദിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.

അറബ് സംസ്‌കാരത്തിന്റെ തനതായ വൈവിധ്യങ്ങളും പാരമ്പര്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഫുട്‌ബോൾ ആരാധകർക്ക് അടുത്തറിയാനുള്ള അവസരം കൂടിയാണ് ഈ ലോകകപ്പ് / Photo: Unsplash

2022 നവംബറിൽ, ബൊറൂഷിയ ഡോട്ട്മണ്ട്, ബയേൺ മ്യൂണിക്ക്, ഹെർത്ത ബെർലിൻ എന്നീ ഫുട്‌ബോൾ ക്ലബ്ബുകളുടെ ആരാധകർ ഖത്തർ ലോകകപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന ബാനറുകൾ പുറത്തിറക്കിയിരുന്നു. ഒക്ടോബറിൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശ ലംഘനങ്ങളെയും ടൂർണമെന്റിന്റെ പാരിസ്ഥിതിക ആഘാതത്തെയും ചൂണ്ടികാണിച്ച് പാരീസ് നഗരം മറ്റ് ഫ്രഞ്ച് നഗരങ്ങളോടൊപ്പം ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേക്ഷണം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ, ലോകകപ്പ് വേദി ഒരറബ് രാജ്യത്തിന് നൽകിയതിൽ അതൃപ്തരായ ചിലർ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളാണ് വിവാദങ്ങൾക്ക് കാരണമെന്നാണ് ഖത്തറിന് പറയാനുള്ളത്. എല്ലാ എതിർപ്പുകൾക്കും ആരോപണങ്ങൾക്കും ഉള്ള മറുപടി ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിലൂടെ നൽകാൻ ഖത്തറിനാകുമോ എന്ന് ഡിസംബറോടെ അറിയാം. ഈ ലോകകപ്പിൽ ഖത്തറിന് എന്തുചെയ്യാനാകുമെന്നും ലോകകപ്പ് ഖത്തറിൽ ഏതെല്ലാം വിധത്തിലുള്ള സാംസ്‌കാരിക മാറ്റങ്ങൾക്ക് കാരണമാകുമെന്നും ഖത്തറിനെകുറിച്ച് മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള പൊതുധാരണ പൊളിച്ചെഴുതപ്പെടുമോയെന്നും കാത്തിരുന്ന് കാണാം. ▮

Comments