കംപ്ലീറ്റ്
​ഫുട്‍ബോളർ

ഫുട്‍ബോൾ ആത്യന്തികമായൊരു ടീം ഗെയിം തന്നെയായി തുടരുമ്പോഴും ടൂർണമെന്റിലെ ഓരോ പിവട്ടൽ മൊമന്റിലും മെസ്സിയുടെ സ്വാധീനം പ്രകടമായിരുന്നു.

ഥയായാലും സിനിമയായാലും അതിനപ്പുറം ജീവിതമായാലും കണ്ടുകൊണ്ടിരിക്കുന്നവർ ഇമോഷണലി അറ്റാച്ച്​ഡായിപ്പോകുന്ന ചില കഥാപാത്രങ്ങളുണ്ട്. തന്റേതല്ലാത്ത കുറ്റത്തിന് ജീവിതകാലം മുഴുവൻ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർ, മുൻവിധികളുടെ ബലത്തിൽ മാത്രം ജഡ്ജ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവർ. നീതി അർഹിക്കുന്നവരെന്ന കാര്യത്തിൽ നമുക്ക് വ്യക്തതയുണ്ടെങ്കിലും ഇവർക്ക് ചിലപ്പോൾ നീതി ലഭിച്ചെന്നുവരില്ല. പൊയറ്റിക് ജസ്റ്റിസ് അതാഗ്രഹിക്കുന്നവർക്ക് പൂർണതൃപ്തിയോടൊപ്പം പകർന്നു നൽകുന്നതൊരു തീർപ്പാണ്, ചിലപ്പോൾ നമ്മളീ പറയുന്ന കഥാപാത്രങ്ങൾക്ക് അതാവശ്യമില്ലെങ്കിൽ പോലും.

ഒരു ലോകകപ്പ് എന്ന അലങ്കാരമില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ മഹത്വത്തിന് ഒരു തരിമ്പുപോലും കോട്ടം സംഭവിക്കുന്നില്ലെന്ന തിരിച്ചറിവുമായി നിൽക്കുമ്പോഴും, അവ്യക്തതയുടെ മൂടുപടം ചീന്തിയെറിഞ്ഞ്​ സംശയാലുക്കളുടെ മനസ്സിൽ തന്നിലെ ‘ഷിയർ ജീനിയസി’ന്റെ കയ്യൊപ്പ് ഒരിക്കലും മായാത്ത വിധം പതിപ്പിച്ച്​ ഒരു ലോകകപ്പ് വേദിയിൽ കൂടുതൽ ശോഭയോടെ ജ്വലിച്ചുകൊണ്ടിരിക്കുന്ന ലയണൽ മെസ്സി, സച്ച് ജസ്റ്റിസ് ഈസ് ഒഫ് കോഴ്സ് പൊയറ്റിക്.

ഭാഗ്യം ചെയ്തവരാണ് നമ്മളെന്ന കാര്യത്തിൽ സംശയമില്ല, നമ്മളയാളെ കണ്ടിരിക്കുകയാണല്ലോ. അഴിച്ചുവിട്ട യാഗാശ്വത്തെ പോലെ അവന് മേഞ്ഞു നടക്കാനൊരുക്കിയ പുൽമൈതാനങ്ങളെ പ്രതിഭയുടെ വിസ്ഫോടനം കൊണ്ട് സ്പർശിച്ചുണർത്തിയ പ്രതിഭയുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളെ...
അതിനപ്പുറം സുന്ദരമായ കാഴ്ചയൊന്നും പലരും ഈ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല.

‘ഹു ഈസ് ദ ഗ്രെറ്റസ്റ്റ് ഫുട്‍ബോളർ ഓഫ് ഓൾ ടൈം’ എന്ന ചോദ്യത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഒന്നിലധികം ഉത്തരങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ തന്നെ സംശയമുണ്ട്.

അർജന്റീനക്ക് ഈ സ്വപ്നതുല്യമായ യാത്ര ഒട്ടും സുഖകരമായ ഒരനുഭവമായിരുന്നില്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെടുന്നവർക്ക് പിന്നീടുള്ള എല്ലാ കളികളും അക്ഷരാർഥത്തിൽ നോക്കൗട്ട്​തന്നെയായിരുന്നു. ടീമിനും തനിക്കും മുകളിലുള്ള കടുത്ത സമ്മർദം എല്ലാ അർഥത്തിലും അബ്സോർബ് ചെയ്തെടുത്തുകൊണ്ടൊരു അസാമാന്യ പ്രകടനം. മെക്‌സിക്കോക്കെതിരായ നിർണായക മത്സരത്തിൽ ഡെഡ് ലോക്ക് ബ്രേക്ക്​ ചെയ്യാൻ പെടാപ്പാട് പെട്ടിട്ടും മെക്സിക്കോയുടെ സ്റ്റബോൺ ഡിഫൻസിനെ മറികടക്കാൻ കഴിയാതെ സമനിലയെന്ന ഒട്ടും ഫേവറബിളല്ലാത്ത സാധ്യത തുറിച്ചു നോക്കുമ്പോൾ ലയണൽ മെസ്സി ഗോൾമുഖത്തുനിന്ന്​ 25 വാര അകലെ വച്ച് പന്ത് സ്വീകരിക്കുകയാണ്. ഒരു എക്സ്ക്വിസിറ്റ് ഫസ്റ്റ് ടച്ച്, ഗോൾകീപ്പറെ നിസ്സഹായനാക്കി ഷോട്ട് ബ്ലോക്ക് ചെയ്യാനെത്തുന്ന മൂന്ന്​ ഡിഫൻഡർമാർക്കിടയിലൂടെ തനിക്കുമാത്രം ദർശിക്കാനാവുന്നൊരു നേരിയ പഴുതിലൂടെ, ഒരു തകർപ്പൻ ലോ ഡ്രൈവ്, ആ നിമിഷം അർജന്റീനയുടെ കിരീടത്തിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കും.

ഔട്ട് ഓഫ് നത്തിങ്, മെസ്സി ക്രിയേറ്റ് ചെയ്യുന്ന ഇത്തരം പിവട്ടൽ മൊമന്റുകളാണ് അർജന്റീനയുടെ യാത്രക്ക് ഊർജം പകരുന്നത്, ഒരു ജീനിയസിന്റെ വറ്റാത്ത പ്രതിഭയുടെ ആഴം വ്യക്തമാക്കിത്തരുന്ന നിമിഷങ്ങൾ.

പ്രീ ക്വാർട്ടർ ഓസ്‌ട്രേലിയയാണ്. പതിവുപോലെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന പ്രതിരോധനിരയെ വകഞ്ഞുമാറ്റുന്ന ശീലം മെസ്സി ആവർത്തിക്കുകയാണ്. മാക് അലിസ്റ്ററിലേക്ക് ഒരു പാസ് കൊടുത്തശേഷം ബോക്സിലേക്ക് ഓടിക്കയറുന്ന മെസ്സി, മാക് അലിസ്റ്ററിൽ നിന്ന്​ പാസ് സ്വീകരിക്കുന്ന ഒറ്റമെന്റിക്കത് നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോൾ കൃത്യമായി ആ പന്ത് റിസീവ് ചെയ്യുന്ന മെസ്സി, പന്ത് നിയന്ത്രിച്ച ശേഷമൊരു ലെഫ്റ്റ് ഫുട്ടഡ് ഡെയ്‌സി കട്ടറാണ് അൺ ലീഷ് ചെയ്യുന്നത്, നിലംപറ്റെ വലയിലേക്ക് ഒഴുകിപ്പോകുന്ന ഒരു ഷോട്ട്. സെമിയിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരുടെ ലിസ്റ്റിൽ അനായാസം ഇടംപിടിക്കുന്ന ജോസ്‌കോ ഗ്വാർഡിയോളിനെ പോലൊരു ടോപ്‌ ഡിഫൻഡറെ, ഫാസ്റ്റ് ആയി മൂവ് ചെയ്യുന്ന, അതിവേഗം റെസ്പോണ്ട് ചെയ്യുന്നൊരു ഇരുപത് വയസ്സുകാരനെ, ഫെയിന്റും ടേണും സ്പീഡും ഉപയോഗിച്ച് അക്ഷരാർഥത്തിൽ നിസ്സഹായനാക്കുന്ന ഒരു ഔട്ട്‌ സ്റ്റാൻഡിങ് സോളോ റണ്ണും എന്നിട്ട് തളികയിലെന്ന പോലെ നൽകുന്ന ആ അസ്സിസ്റ്റും ഈ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരകാഴ്ചയാണ്.

ഗോളിയെക്കാൾ സമ്മർദം കിക്കെടുക്കുന്ന കളിക്കാരനുള്ളപ്പോൾ ലെവൻഡോസ്‌കിയും ഹാരി കെയിനും ബുസ്കെറ്റ്സും പെനാൽറ്റികൾ പാഴാക്കിയൊരു ലോകകപ്പിൽ അനായാസമായി പെനാൽറ്റികൾ വലയിലെത്തിക്കുന്നതൊരു ഒഫൻസാണെകിൽ അദ്ദേഹമതും ചെയ്തിട്ടുണ്ട് എന്നേ പറയാനുള്ളൂ. മെസ്സിയുടെ ഓരോ ചലനങ്ങളിലും അർജന്റീനക്ക് വേണ്ടിയൊരു ലോകകപ്പ് ജയിക്കാനായുള്ള ആവേശവും നിശ്ചയദാർഢ്യവും പ്രകടമായിരുന്നു. അർജന്റീനക്കുവേണ്ടി കളിക്കുമ്പോൾ പലപ്പോഴും സ്വീകരിക്കേണ്ടി വരാറുള്ള ചുമലുകളിടിഞ്ഞ ശരീരഭാഷക്കുപകരം അഗ്രസീവ് ആയൊരു ശരീരഭാഷ സ്വീകരിച്ച്​ ടീമിനെ പ്രചോദിപ്പിച്ച്​ മുന്നിൽനിന്ന് നയിച്ച നായകന് അക്ഷരാർഥത്തിൽ അവകാശപ്പെട്ട കിരീടം.

പന്തിന്മേലുള്ള നിയന്ത്രണത്തോടൊപ്പം അസാധ്യമായ ഉൾക്കാഴ്ചയും ഡ്രിബിളിംഗ് പാടവവും ടൈറ്റ് സ്‌പേസുകളിൽ നിന്നുപോലും സ്‌കോർ ചെയ്യാനുള്ള മികവും കൂടെ ചേർന്നാണ് മെസ്സിയിലെ കംപ്ലീറ്റ് ഫുട്‍ബോളറെ സൃഷ്ടിച്ചത്.

ഗ്രൗണ്ടിൽ എതിർ ടീമംഗങ്ങളോടും ഗ്രൗണ്ടിനുപുറത്ത് വാൻ ഗാലിനോടും എഡ്ഗാർ ഡേവിഡ്‌സിനോടും വരെ കലഹിക്കാനും തയ്യാറായിരുന്ന ലയണൽ മെസ്സി ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ താൻ തയ്യാറല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത ആറ്റിറ്റ്യൂഡിന്റെ കൂടെ പ്രദർശനമായിരുന്നു ഈ ലോകകപ്പ്. ഫൈനലിൽ അർജന്റീനിയൻ ഗോൾമുഖത്ത് മാർക്ക് ചെയ്യപ്പെടാതെ ഒരു ഫ്രീ ഹെഡ്ഡറിന്​അവസരം കിട്ടുന്നൊരു ഫ്രഞ്ച് പ്ലെയറിലേക്ക് ബാർജ് ചെയ്തു കയറുന്ന മെസ്സി വിസ്മയക്കാഴ്ചയായിരുന്നു. ഇഞ്ചുഡ് ആകാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഹി സിംപ്ലി ഡോണ്ട് കെയർ. അയാൾക്കീ ലോകകപ്പ് ജയിച്ചേ മതിയാകൂ. ഫുട്‍ബോൾ ആത്യന്തികമായൊരു ടീം ഗെയിം തന്നെയായി തുടരുമ്പോഴും ടൂർണമെന്റിലെ ഓരോ പിവട്ടൽ മൊമന്റിലും മെസ്സിയുടെ സ്വാധീനം പ്രകടമായിരുന്നു.

2017 / 18 ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണ- ചെൽസി മത്സരം കഴിഞ്ഞപ്പോൾ ലയണൽ മെസ്സിയുടെ ഗോളുകളെയും മറികടന്ന്​ മനസ്സിൽ തങ്ങിനിൽക്കുന്ന ദൃശ്യം വേറെയാണ്. ഫാബ്രിഗാസിൽ നിന്ന്​ പന്ത് തട്ടിയെടുത്ത് കുതിക്കുന്ന മെസ്സിയെ ടാക്കിൾ ചെയ്യാനുള്ള ആന്ദ്രെയാസ് ക്രിസ്റ്റിൻസന്റെ ശ്രമം പരാജയപ്പെടുന്നു. ഒപ്പം ഓടിയെത്തുന്ന സെസാറിനെ ഒരു സബ്ലൈം ടച്ചിലൂടെ മറികടക്കുന്നു. ചെൽസിയുടെ നാലുകളിക്കാരെങ്കിലും അയാൾക്കടുത്തേക്ക് ഓടിയെത്തുന്നുണ്ട്. പാസ് പ്രതീക്ഷിച്ച്​ മുന്നിലോടുന്ന ലൂയിസ് സുവാരസ്. സത്യത്തിൽ ആ ഒരു നിമിഷം അയാളുടെ കാലിൽ നിന്ന്​ പന്ത് തട്ടിയെടുക്കപ്പെടുന്നതുകാണാനാണ് കാത്തിരുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഷോട്ട് എടുക്കാനോ പാസ് ചെയ്യാനോ കഴിയാതെ ചെൽസി കളിക്കാരാൽ ഡിസ്പൊസ്സസ് ചെയ്യപ്പെടുന്ന നിസ്സഹായനായ ഒരു മെസ്സിയെ കാണാൻ. തന്റെ വലതുവശത്തേക്ക് ഒരു നോട്ടം, അത്രമാത്രം. ഒന്നോ രണ്ടോ സെക്കൻറ്​ ഡിലേ ചെയ്തശേഷം ഡെമ്പേലെയുടെ റൺ സിങ്ക് ആക്കിയതിനുശേഷം, ചെൽസി കളിക്കാരെ മാത്രമല്ല, ലൂയിസ് സുവാരസിനെയും അമ്പരപ്പിച്ചൊരു പാസ്. ഒരൊറ്റ പാസ്സിൽ നാലോ അഞ്ചോ ചെൽസി കളിക്കാർ ചിത്രത്തിൽനിന്ന്​ എഫക്ടീവായി മായ്ക്കപ്പെടുന്നു. ദെമ്പേലേയുടെ തകർപ്പൻ ഫിനിഷ്. എവരി തിങ്ക് ഈസ്‌ പെർഫക്റ്റ്. ചെൽസി ആ നിമിഷം ചാമ്പ്യൻസ് ലീഗിൽ നിന്ന്​ പുറത്താണ്.

ലോതർ മതെയസിനെ പോലുള്ളവർ പന്തിങ്ങനെ സാക്ഷാൽ ഡീഗോ മറഡോണയുടെ കാലിൽ ഒട്ടിച്ചേർന്ന് ആ കാലുകളോടൊപ്പം സഞ്ചരിക്കുന്നതിനെ അദ്ഭുതത്തോടെ വിവരിക്കുന്നത് വായിച്ചിട്ടുണ്ട്. മെസ്സിയുടെ കാര്യം നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ഈ കളി കണ്ടിട്ടില്ലാത്തവർക്കുപോലും ഈ ലോകകപ്പിൽ എണ്ണിയാലൊടുങ്ങാത്ത വണ്ണം ഇതിനോടു ചേർന്നുനിൽക്കുന്ന സബ്ലൈം പാസ്സുകളിലൂടെ മെസ്സി തന്റെ ക്രിയേറ്റിവിറ്റി കാണിച്ചുകൊത്തിട്ടുണ്ട്. എണ്ണം കൂടിയപ്പോൾ നമുക്കതൊരു സാധാരണ കാര്യമായി അനുഭവപ്പെട്ടു തുടങ്ങിയെന്നേയുള്ളൂ. ജീനിയസിന്റെ ദൂഷ്യവശങ്ങളിലൊന്നാണത്. മറ്റുള്ളവരുടെ റീച്ചിനപ്പുറത്തുള്ള അസാധാരണമായ കാര്യങ്ങൾ സ്ഥിരതയോടെ ആവർത്തിക്കുമ്പോളതൊരു സാധാരണ കാര്യമായി മാറുന്നു. നമുക്ക് കൂടുതൽ അസാധാരണമായ കാര്യങ്ങളാണ് ഇനിയാവശ്യം, ആൻഡ് ദെൻ, മെസ്സി തന്റെ നിലവാരം കൂടുതൽ ഉയർത്തുകയാണ്.

സ്വാഭാവിക പ്രതിഭയുടെ ജ്വലിക്കുന്ന ഉദാഹരണമെന്നു നിസ്സംശയം പറയുമ്പോഴും മെസ്സിയുടെ അസാധ്യമായ സാങ്കേതികമികവിനെ അവഗണിക്കാൻ കഴിയുമോ? പന്ത് റിസീവ് ചെയ്യുമ്പോഴും നാലഞ്ച് എതിർ കളിക്കാരുടെ ഇടയിലൂടെ ഡ്രിബിൾ ചെയ്ത്​ കടന്നുപോകുമ്പോഴുമുള്ള ബോഡി ബാലൻസും കൺട്രോളും ശ്രദ്ധിക്കുക. ചെറിയ സ്പേസുകൾ പോലും മനോഹരമായി ഉപയോഗിക്കുന്ന രീതിയും. ഹൈ പ്രസ്സിംഗിനെ നേരിടേണ്ടിവരുമ്പോൾ പോലും മെസ്സിക്ക് പന്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. ഇന്ന് കളിക്കുന്നവരിൽ അയാളെ വേറിട്ട്‌ നിർത്തുന്നതും സ്വയം സ്പേസ് ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം എതിരാളിയെ തന്നിലേക്കാകർഷിച്ച്​ സഹകളിക്കാർക്ക് സ്പേസ് ഉണ്ടാക്കിക്കൊടുക്കുന്ന കഴിവിന്റെ കൂടി ബലത്തിലാണ്. ലോകോത്തര കളിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരിൽ പലരും ഓഫർ ചെയ്യുന്ന ത്രെറ്റ്‌ എന്നത് കുറച്ചൊക്കെ പ്രെഡിക്റ്റബിൾ തന്നെയാണ് എന്നിരിക്കെ വൺ ഡൈമൻഷണലായ കളിക്കാർക്കിടയിൽ വേർസറ്റൈൽ ആയൊരു കളിക്കാരൻ വേറിട്ടുതന്നെ നിൽക്കും.

ത്രസിപ്പിക്കുന്ന കാര്യം, ലയണൽ മെസ്സിയെന്ന കംപ്ലീറ്റ് ഫുട്‍ബോളറുടെ ഇല്ലസ്ട്രിയസ് കരിയർ പൂരിപ്പിക്കാനൊന്നുമില്ലാതെ തന്നെയാണ് അവസാനിക്കാൻ പോകുന്നതെന്നതാണ്. ഇനിയുമയാളുടെ യഥാർത്ഥ മഹത്വം അംഗീകരിക്കാൻ മടിച്ചുനിൽക്കുന്ന റുഡ് ഗുള്ളിറ്റിനെ പോലുള്ളവർക്ക് നമുക്ക് മാപ്പു കൊടുക്കാം.

ലോതർ മതെയസിനെ പോലുള്ളവർ പന്തിങ്ങനെ സാക്ഷാൽ ഡിയെഗോ മറഡോണയുടെ കാലിൽ ഒട്ടിച്ചേർന്ന് ആ കാലുകളോടൊപ്പം സഞ്ചരിക്കുന്നതിനെ അദ്ഭുതത്തോടെ വിവരിക്കുന്നത് വായിച്ചിട്ടുണ്ട്. മെസ്സിയുടെ കാര്യം നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. പൂട്ടാൻ നിൽക്കുന്ന നാലോ അഞ്ചോ ഡിഫെൻഡർമാർക്കിടയിലൂടെ കുതിക്കുമ്പോഴും പന്ത് അയാളുടെ ഇടതുകാലിനോട് അസൂയാവഹമാംവിധം ചേർന്നുപോകുകയാണ്. പലതവണ കണ്ടുകഴിഞ്ഞതാണ്, വിവരിക്കപ്പെട്ടതാണ്, എങ്കിലും ഓരോ തവണയും ഫുട്‍ബോളർ എന്ന നിലയിലുള്ള തന്റെ ക്രാഫ്റ്റിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലയണൽ മെസ്സി. പന്തിന്മേലുള്ള നിയന്ത്രണത്തോടൊപ്പം അസാധ്യമായ ഉൾക്കാഴ്ചയും ഡ്രിബ്ലിങ് പാടവവും ടൈറ്റ് സ്‌പേസുകളിൽ നിന്നുപോലും സ്‌കോർ ചെയ്യാനുള്ള മികവും കൂടെ ചേർന്നാണ് മെസ്സിയിലെ കംപ്ലീറ്റ് ഫുട്‍ബോളറെ സൃഷ്ടിച്ചത്.

എല്ലാം നൽകിയിട്ടും 2016-ൽ മൂന്നാമതുമൊരു കോപ്പ അമേരിക്ക ഫൈനലിൽ പരാജയപ്പെടുമ്പോൾ മനംനൊന്ത് അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന്​ വിരമിക്കാനുള്ള തീരുമാനമെടുത്ത ലയണൽ മെസ്സി തിരിച്ചുവരുന്നത് കരിയർ അവസാനിപ്പിച്ചുകഴിഞ്ഞാൽ പോലും അർജന്റീനിയൻ ജേഴ്‌സിയിൽ താനെന്ത് നേടിയെന്ന ചോദ്യം അവസാനമില്ലാതെ തന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും എന്ന തിരിച്ചറിവിനൊപ്പം കൊല്ലങ്ങളായി ഒരു ലോകകപ്പിനായി കാത്തിരിക്കുന്ന ലോകത്തെമ്പാടുമുള്ള അർജന്റീന ആരാധകരുടെ മനസ്സുകൾ കൂടി വായിച്ചായിരിക്കണം.

ലോകകപ്പ് കിരീടവുമായി ബ്യൂണസ് ഐറിസിലേക്ക് മടങ്ങുന്ന മെസ്സി വിമാനത്തിൽ.

ഒരർഥത്തിലിതൊരു കടം വീട്ടലാണ്. 1986-നും 2022-നുമിടക്ക് അർജന്റീനയുടെ ജേഴ്‌സിയിൽ വന്നുമറഞ്ഞുപോയ പല മികച്ച കളിക്കാർക്കും കിട്ടാതെ പോയൊരവസരം. ഇനിയൊരിക്കലും ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും വലിയ നഷ്ടങ്ങളെ കൊമ്പൻസേറ്റ് ചെയ്യാനായി വേദനയോടെ സ്വീകരിക്കപ്പെടുന്ന ആശ്വാസ സമ്മാനങ്ങളുമല്ല. അർജന്റീനയും മെസ്സിയും കാത്തിരുന്ന കിരീടം അവരെ തേടിയെത്തിയിരിക്കുന്നു. ത്രസിപ്പിക്കുന്ന കാര്യം, ലയണൽ മെസ്സിയെന്ന കംപ്ലീറ്റ് ഫുട്‍ബോളറുടെ ഇല്ലസ്ട്രിയസ് കരിയർ പൂരിപ്പിക്കാനൊന്നുമില്ലാതെ തന്നെയാണ് അവസാനിക്കാൻ പോകുന്നത് എന്നതാണ്. ഇനിയുമയാളുടെ യഥാർത്ഥ മഹത്വം അംഗീകരിക്കാൻ മടിച്ചുനിൽക്കുന്ന റുഡ് ഗുള്ളിറ്റിനെ പോലുള്ളവർക്ക് നമുക്ക് മാപ്പു കൊടുക്കാം.

‘ഹു ഈസ് ദ ഗ്രെറ്റസ്റ്റ് ഫുട്‍ബോളർ ഓഫ് ഓൾ ടൈം’ എന്ന ചോദ്യത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഒന്നിലധികം ഉത്തരങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ തന്നെ സംശയമുണ്ട്. അസാമാന്യ പ്രകടനം കൊണ്ട് തന്റെ പ്രതിഭയെ നീതീകരിക്കുന്ന വിധത്തിലൊരു സാന്നിധ്യമായി അദ്ദേഹം ഇവിടെത്തന്നെയുണ്ട്.

ദ മോസ്റ്റ് എനിഗ്മാറ്റിക് ആൻഡ്‌ ദ ഗ്രേറ്റസ്റ്റ് ഫുട്‍ബോളർ ഓഫ് ഓൾ ടൈം,
​ലയണൽ മെസ്സി. ▮

Comments