പള്ളിമൂലയ്ക്കുള്ള പറമ്പിൽ നാല്പതടി പൊക്കത്തിൽ എഴുന്നേറ്റു നിന്നു, മെസ്സി

പൗരത്വ ഭേദഗതി പ്രചാരണങ്ങളുടെ ലഘുലേഖ സ്വീകരിച്ച് ബി.ജെ.പി നേതാക്കാളോടൊപ്പം ഫൈസി ഒരു ചിരി ചിരിച്ചു നിൽക്കുന്ന ഫോട്ടോയും കാണായി. മുസ്​ലിം ഉമ്മത്തിനോടുള്ള ഉൽക്കണ്ഠയുടേയും ജാഗ്രതയുടേയും തെളിവ്. മതജാഗ്രതയ്ക്ക് ഒരു കുഴപ്പമുണ്ട്. അമിതമായാൽ അരുതുകൾ കൂടും, അതിരുകൾ കൂടും, അപകടങ്ങൾ പിറകേവരും.

മെസ്സിയുടെ 40 അടി കട്ടൗട്ടിന്റെ പണി പാതിവഴിയിലാണ്.
അതിനിടെയാണ് സൗദിയുടെ കാല് അർജന്റീനയുടെ നെഞ്ചു കലക്കുന്നത്.
ഇനി എന്തുചെയ്യും?.

കട്ടൗട്ടിന്റെ പണി തുടരണോ ഉപേക്ഷിക്കണോ?
ഫാൻസ് അസോസിയേഷൻ അംഗങ്ങൾക്കിടയിൽ വല്ലാത്ത നിരാശ, മരവിപ്പ്, സങ്കടക്കടൽ.

വേൾഡ് കപ്പ് തുടങ്ങുന്നതിനു മുമ്പേ കട്ടൗട്ട് സ്ഥാപിച്ചിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. സൗദിയെ വിലകുറച്ചു കണ്ടു. സുനിശ്ചിതമായ ആദ്യജയത്തിന്റെ അകമ്പടിയോടെ ഉയർത്താമെന്നു കരുതി. പക്ഷേ, കണക്കുകൂട്ടലുകളെല്ലാം തെറ്റി. നാല്പതടി നീളമുള്ള മെസ്സി ഇതാ ഫ്ലക്സിനുള്ളിൽ ചുരുണ്ടിരിക്കുന്നു. മെസ്സിയെ വാനോളം ഉയർത്താൻ നാടുമുഴുവൻ തെരഞ്ഞുനടന്ന് വെട്ടിക്കൊണ്ടുവന്ന മുളകളും അടയ്ക്കാമരങ്ങളും വഴിയോരത്ത് ചത്തതുപോലെ കിടക്കുന്നു. ഹാർഡ് വെയേഴ്സിൽ നിന്ന്​പ്ലൈവുഡുമായി വന്ന പെട്ടി ഓട്ടോക്കാരൻ ലോഡിറക്കിക്കഴിഞ്ഞിട്ടും പോകാതെ, ദുഃഖത്തിൽ പങ്കുചേർന്ന് താടിക്ക് കയ്യും കൊടുത്തിരിക്കുന്നു. അങ്ങനെയിരിക്കെയാണ് സാമാന്യം ‘ചൊറിതനം’ എന്നു പറയാവുന്ന ചില പ്രസ്താവനകൾ കൂടത്തായി നാസർ ഫൈസിയുടേതായി പ്രത്യക്ഷപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നടത്തിയ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി, സമസ്​ത കേരള ജംഇയത്തുൽ ഉലമ നേതാവ്​ നാസർ ഫൈസി കൂടത്തായിയുടെ വീട്ടിലെത്തി ബി.ജെ.പി പ്രവർത്തകർ ലഘുലേഖ കൈമാറുന്നു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നടത്തിയ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി, സമസ്​ത കേരള ജംഇയത്തുൽ ഉലമ നേതാവ്​ നാസർ ഫൈസി കൂടത്തായിയുടെ വീട്ടിലെത്തി ബി.ജെ.പി പ്രവർത്തകർ ലഘുലേഖ കൈമാറുന്നു.

താരാരാധന ഇസ്​ലാമികവിരുദ്ധം.
ഫുട്​ബോൾ ലഹരി അതിരുകടക്കാൻ പാടില്ല.
ഫുട്​ബോൾ കളി നമസ്കാരത്തെ ബാധിക്കരുത്.
പോർച്ചുഗലിനെ പിന്തുണയ്ക്കുന്നത് തെറ്റ്.

ഫുട്​ബോൾ കാരണം വഴിതെറ്റിപ്പോകുന്ന മുസ്​ലിം ഉമ്മത്തിനെപ്പറ്റി കൂടത്തായി ഫൈസിക്കുള്ള ഉൽക്കണ്ഠയും ജാഗ്രതയും മേൽ പ്രസ്താവനകളിൽ തെളിഞ്ഞുകത്തി.

‘അതാരാ കൂടത്തായി ഫൈസി?’ ദുഃഖങ്ങൾക്കിടയിലും ഒരാൾക്ക് ജിജ്ഞാസ.

‘ആ’, ദുഃഖങ്ങൾക്കിടയിലും നിസ്സംഗതയോടുള്ള ഉത്തരം.

അന്വേഷിച്ചപ്പോൾ സമസ്തയുടെ യുവജന വിഭാഗം നേതാവാണ്. പൗരത്വ ഭേദഗതി പ്രചാരണങ്ങളുടെ ലഘുലേഖ സ്വീകരിച്ച് ബി.ജെ.പി നേതാക്കാളോടൊപ്പം ഫൈസി ഒരു ചിരി ചിരിച്ചു നിൽക്കുന്ന ഫോട്ടോയും കാണായി. മുസ്​ലിം ഉമ്മത്തിനോടുള്ള ഉൽക്കണ്ഠയുടേയും ജാഗ്രതയുടേയും തെളിവ്.

പ്രവാചകന്റെ ഭൗതികാവശിഷ്ടങ്ങൾ തേടിപ്പിടിച്ച് അവയെ ഡപ്പിയിലും കുപ്പിയിലുമാക്കി ആരാധിക്കുന്നതിലും വിറ്റ് കാശാക്കുന്നതിലും യാതൊരു മനഃസ്താപവും അവർക്കില്ല.
പ്രവാചകന്റെ ഭൗതികാവശിഷ്ടങ്ങൾ തേടിപ്പിടിച്ച് അവയെ ഡപ്പിയിലും കുപ്പിയിലുമാക്കി ആരാധിക്കുന്നതിലും വിറ്റ് കാശാക്കുന്നതിലും യാതൊരു മനഃസ്താപവും അവർക്കില്ല.

മതജാഗ്രതയ്ക്ക് ഒരു കുഴപ്പമുണ്ട്. അമിതമായാൽ അരുതുകൾ കൂടും, അതിരുകൾ കൂടും, അപകടങ്ങൾ പിറകേവരും

താരാരാധനയും ദൈവാരാധനയും ഒരേതരത്തിലാണെന്ന തിയറിയാണ് ഫൈസി ഇവിടെ മുന്നോട്ടുവെക്കുന്നത്. Fanship, Worship എന്നിങ്ങനെ രണ്ടുതരം ‘ആരാധനകൾ’ മലയാളത്തിൽ ഇല്ലാത്തതിന്റെ ഭാരം ഫൈസി ഇവിടുത്തെ മുസ്​ലിം യുവാക്കളിലേക്ക് ഇറക്കിവെക്കുന്നു. ഇനി, ഫൈസിയുടെതും അല്ലാത്തതുമായ സുന്നി സംഘടനകളെ നോക്കിയാൽ, വീരാരാധനയുടേയും താരാരാധനയുടേയും മൊത്തവിതരണക്കാരാണ് അവരെന്നു കാണാൻ യാതൊരു പ്രയാസവുമില്ല. മരിച്ചു മണ്മറഞ്ഞുപോയ ഔലിയാക്കളെ അവരുടെ ഖബറുകളിൽ ചെന്ന് അല്ലാഹുവിനോടെന്നപോലെ ആരാധിക്കാൻ അവർക്ക് മടിയില്ല. പ്രവാചകന്റെ ഭൗതികാവശിഷ്ടങ്ങൾ തേടിപ്പിടിച്ച് അവയെ ഡപ്പിയിലും കുപ്പിയിലുമാക്കി ആരാധിക്കുന്നതിലും വിറ്റ് കാശാക്കുന്നതിലും യാതൊരു മനഃസ്താപവും അവർക്കില്ല. ജീവിച്ചിരിക്കുന്ന അവരുടെ ശൈഖുമാരെപ്പറ്റിയുള്ള മദ്‌ഹുകൾ കേട്ടാൽ പടച്ചതമ്പുരാനെ ആ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത് ഈ ശൈഖുമാരാണെന്ന് തോന്നും. അങ്ങനെയുള്ളവരാണ് ദൈവാരാധനയുമായി യാതൊരു ബന്ധവുലില്ലാത്ത താരാരാധനയെ നിഷിദ്ധമെന്ന് ഫത്‌വ ഇറക്കുന്നത്.

Photo : Ajmal Mk Manikoth
Photo : Ajmal Mk Manikoth

താരാരാധന (fanship) നിഷിദ്ധമെങ്കിൽ ഇവിടുത്തെ പത്രങ്ങളുടെ സ്പോർട്സ് പേജുകളൊന്നും മുസ്​ലിംകൾ വായിക്കരുത്. താരാരാധനയുടെ എഴുത്തു രൂപങ്ങളാണ് സ്പോർട്സ് പേജുകളിൽ നിറയുന്നതും സപ്ലിമെന്റുകളായി അവതരിക്കുന്നതും. ഒരു ആരാധകർക്കുള്ളിൽ തന്റെ താരത്തെപ്പറ്റി ഒരു വലിയ രൂപം ഉണ്ടാക്കിയെടുക്കാൻ അക്ഷരങ്ങൾക്കാവും. ആരാധകർ അത് പ്രത്യക്ഷവത്കരിക്കുമ്പോൾ വലിയ കട്ടൗട്ടുകൾ ഉണ്ടാകുന്നു. (കട്ടൗട്ട് സംസ്കാരം അഭിലഷണീയമോ എന്നത് മറ്റൊരു ചർച്ചാവിഷയമാണല്ലോ.)

ഇസ്​ലാമികമായി, ഹറാമല്ലാത്തത് ഒന്നും ഹറാമാക്കാൻ പാടില്ല. പക്ഷേ ഫത്‌വ ഒരു ലഹരിയാക്കി കൊണ്ടുനടക്കുന്നവർ മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഹറാമുകളുടെ എണ്ണം കൂട്ടും. ഫൈസിമാരെ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷൻ ബട്ടൺ അമർത്തിവെച്ചാൽ, അഞ്ചു നേരം നിസ്കരിക്കുന്നൊരു യന്ത്രമായി ആ മുസ്​ലിം ചുരുങ്ങും. അവന് വിനോദങ്ങൾ പാടില്ല. ഉത്സവങ്ങളും ആഘോഷങ്ങളും പാടില്ല. സംഗീതവും കലകളും പാടില്ല.

താരാരാധന നിഷിദ്ധമെങ്കിൽ പത്രങ്ങളുടെ സ്പോർട്സ് പേജുകളൊന്നും മുസ്​ലിംകൾ വായിക്കരുത്
താരാരാധന നിഷിദ്ധമെങ്കിൽ പത്രങ്ങളുടെ സ്പോർട്സ് പേജുകളൊന്നും മുസ്​ലിംകൾ വായിക്കരുത്

മതപ്രമാണങ്ങൾ പ്രകാരം മുസ്​ലിംകൾക്ക് രണ്ട് ആഘോഷങ്ങളാണുള്ളത്. വലിയ പെരുന്നാളും ചെറിയ പെരുന്നാളും. എന്നാൽ ഇത് രണ്ടും ആഘോഷങ്ങളായി ആരെങ്കിലും ആഘോഷിക്കാറുണ്ടോ? കുറേ ഭക്ഷണം ഉണ്ടാക്കിക്കഴിക്കുന്നു എന്നതല്ലാതെ ഏതെങ്കിലും തരത്തിലുള്ള ആഘോഷപരിപാടികൾ മഹല്ല് തലത്തിലോ പ്രബലമായ സംഘടനകളുടെ നേതൃത്വത്തിലോ നടക്കുന്നുണ്ടോ? ഇപ്പോൾ അവിടവിടെയായി ഇശൽ സന്ധ്യകളും ഈദ് രാവുകളും പരന്നു തുടങ്ങിയിട്ടുണ്ട്. അതുപക്ഷേ, ഫൈസിമാരുടെ ഫത്‌വകളെ ഒരു സൈഡിലേക്ക് ഒതുക്കുന്നതുകൊണ്ടു മാത്രം സാധ്യമാകുന്നതാണ്.

മുസ്​ലിംകൾക്ക് ആഘോഷങ്ങളില്ലാതെയാക്കുന്ന ഈ അവസ്ഥയെ മുസ്​ലിംകളുടെ ഫൂട്ബോൾ ജ്വരവുമായി കൂട്ടിവായിക്കാനാവും. യാതൊരു സങ്കോചമോ കെട്ടുപാടുകളോ ഇല്ലാതെ ആഘോഷിക്കാനുമാവുന്നൊരു മേഖലയാണ് അവരെ സംബന്ധിച്ച് ഫുട്​​ബോൾ. തെരെഞ്ഞെടുക്കാൻ ഒട്ടേറെ ടീമുകൾ. ആരാധിക്കാൻ ഒട്ടേറെ നായകർ. ദേശീയതയുടെ കുറുവടി ചുഴറ്റി ആരും കുറുകേ വരില്ല. ആരോടും ന്യായീകരണം പറയേണ്ടതില്ല. സ്വന്തം ദേശം ലോകകപ്പിൽ കളിക്കാത്തിടത്തോളം ‘ചോറിങ്ങും കൂറങ്ങും’ എന്നൊരു പഴമൊഴി പഴിയായി കേൾക്കേണ്ടിവരില്ല. ഇത്രയും നല്ലൊരു സുവർണ്ണാവസരം മുസ്​ലിം യുവാക്കൾ എന്തിന്​ പാഴാക്കിക്കളയണം?

യാതൊരു സങ്കോചമോ കെട്ടുപാടുകളോ ഇല്ലാതെ ആഘോഷിക്കാനുമാവുന്നൊരു മേഖലയാണ് അവരെ സംബന്ധിച്ച് ഫുട്​​ബോൾ. ദേശീയതയുടെ കുറുവടി ചുഴറ്റി ആരും കുറുകേ വരില്ല / Photo : Muhammed Hanan
യാതൊരു സങ്കോചമോ കെട്ടുപാടുകളോ ഇല്ലാതെ ആഘോഷിക്കാനുമാവുന്നൊരു മേഖലയാണ് അവരെ സംബന്ധിച്ച് ഫുട്​​ബോൾ. ദേശീയതയുടെ കുറുവടി ചുഴറ്റി ആരും കുറുകേ വരില്ല / Photo : Muhammed Hanan

മുഹമ്മദ് നബി തന്റെ നിയോഗങ്ങളിൽ ഒന്നുപോലെ പരിഗണിച്ച് പ്രയോഗവത്കരിച്ചതാണ് ഗോത്രങ്ങൾ തമ്മിലെ കുടിപ്പോരുകളുടെ നിർമ്മാർജ്ജനം. ‘നീ ചെയ്തിട്ടില്ലെങ്കിൽ നിന്റെ ഉപ്പാപ്പ ചെയ്തിട്ടുണ്ട്’ എന്ന കുറുക്കൻ ന്യായങ്ങൾ പറഞ്ഞ് പരസ്പരം പോരടിച്ചിരുന്ന ഗോത്രങ്ങളെയും വംശങ്ങളേയും പ്രവാചകൻ അനുനയിപ്പിച്ച് സമരസപ്പെടുത്തി. എന്നാൽ, അതൊക്കെ അറിയാവുന്നൊരു ഫൈസി പതിനഞ്ചാം നൂറ്റാണ്ടിലെ പോർച്ചുഗൽ ക്രൂരതകളെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നെഞ്ചിൽപേറി കണക്കു ചോദിക്കാൻ നടക്കുന്നു. മുസ്​ലിം രാജാക്കന്മാരുടെ അധിനിവേശങ്ങൾക്കും യുദ്ധങ്ങൾക്കും പച്ചക്കറി മാർക്കറ്റിലെ സൈദലവി ഇക്കയോട് കണക്കു ചോദിക്കാൻ നടക്കുന്ന പ്രാന്തപ്രമുഖിനോളം താഴേക്കു പോകുന്നു എന്നൊരു പ്രതിഭാസം മാത്രമേ ഇവിടെയും നടക്കുന്നുള്ളൂ.

ഇനിയുള്ളത്, ഫുട്​ബോൾ കളി നമസ്കാരത്തെ ബാധിക്കുന്നതിനെപ്പറ്റിയുള്ള ആശങ്കയാണ്. വെറും ഒന്നര മണിക്കൂറും അല്പം എക്​സ്​ട്രാ ടൈമും മാത്രം ചെലവാകുന്ന കളിയാണ് ഫുട്​ബോൾ എന്ന് ഫൈസിക്ക് അറിയാഞ്ഞിട്ടാണോ എന്തോ? ഇനി, ഫുട്​ബോളിൽ ഹരം കയറി അതിനു പിറകേ നടക്കുകയും നമസ്കാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ചെറുപ്പക്കാരെ സംബന്ധിച്ചാണ് ആശങ്കയെങ്കിൽ അതിൽ ഈ ഒരു മാസം കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നുന്നില്ല. ഈ ഫുട്​ബോൾ കാലത്തിനുമുമ്പ് നമസ്കരിച്ചിരുന്നവർ ഇപ്പോഴും നമസ്കരിക്കുന്നുണ്ടാവും. കുറഞ്ഞത്, ജംഅ് ആക്കിയെങ്കിലും നമസ്കരിക്കുന്നുണ്ടാവും.

ഫുട്​ബോൾ കാലത്തിനുമുമ്പ് നമസ്കരിച്ചിരുന്നവർ ഇപ്പോഴും നമസ്കരിക്കുന്നുണ്ടാവും / Photo : Arun Inham
ഫുട്​ബോൾ കാലത്തിനുമുമ്പ് നമസ്കരിച്ചിരുന്നവർ ഇപ്പോഴും നമസ്കരിക്കുന്നുണ്ടാവും / Photo : Arun Inham

ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദുർവ്യയങ്ങളെപ്പറ്റിയും കട്ടൗട്ടുകൾ ഉണ്ടാക്കുന്ന സാംസ്കാരിക ജീർണതയെപ്പറ്റിയുമാണ് ആശങ്കകളെങ്കിൽ അത് പ്രത്യേകം പരിശോധിക്കണം. എല്ലായിടത്തും ഒരു സൂപ്പർ ഹീറോയേയോ രക്ഷകനേയോ അന്വേഷിക്കുക എന്നത് നമ്മുടെ ശീലമായിക്കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് പിണറായിക്ക് രണ്ട് ചങ്കുകൾ ഉണ്ടാകുന്നതും നരേന്ദ്രമോദിയുടെ നെഞ്ച് 56 ഇഞ്ചിലേക്ക് വികസിക്കുന്നതും, ഇവരുടെയെല്ലാം കട്ടൗട്ടുകൾ നാടുനീളെ പരക്കുന്നതും. വിജയങ്ങളെ ഒരു ടീമിന്റെ വിജയമെന്നതിനേക്കാൾ ഒരാളുടെ മാത്രം ‘ഓറ’യുടെ പവറിൽ നടക്കുന്ന കാര്യങ്ങളായിക്കണ്ട് നാം ശീലിച്ചിരിക്കുന്നു. ഇത്തരം സൂപ്പർതാര പരിവേഷം രാഷ്ട്രീയക്കാരുടെ മാത്രമല്ല, കായിക താരങ്ങളുടെ കൂടി വീഴ്ചകളെ സമർഥമായി മറച്ചുവെക്കുന്നു. ഫാൻസ് അസോസിയേഷൻ അതിൽ സുഖമായി ഉറങ്ങുന്നു.

മെസ്സി ഫാൻസ് അസോസിയേഷൻ: പാതിയിലെത്തിയ മെസ്സിയുടെ കട്ടൗട്ട് വർക്കുകൾ ആദ്യപരാജയത്തിൽ മങ്ങിയെങ്കിലും സമസ്തയുടെ വിലക്കുകൾ അവർക്ക് ഊർജ്ജം നൽകി. അനാവശ്യ വിലക്കുകൾക്കെതിരേ മെസ്സി തന്നെ ഉയിർത്തെഴുന്നേൽക്കണമെന്ന് അവർക്ക് വാശിയായി. ജംഗ്ഷനിൽ, പള്ളിയുടെ മൂലയ്ക്കുള്ള പറമ്പിൽ മുളകളുടേയും അടയ്ക്കാമരങ്ങളുടേയും പിൻബലത്തിൽ നാല്പതടി പൊക്കത്തിൽ മെസ്സി എഴുന്നേറ്റു നിന്നു. കാൽച്ചുവട്ടിൽ കാൽപ്പന്ത് ഞെരിയുന്നു.
പന്തിലേക്ക് ചൂണ്ടി ഏഴാം ക്ലാസ്സുകാരൻ ബിലാൽ വിളിച്ചു പറയുന്നു: ‘ഫൈസിയുടെ തല!’


Summary: പൗരത്വ ഭേദഗതി പ്രചാരണങ്ങളുടെ ലഘുലേഖ സ്വീകരിച്ച് ബി.ജെ.പി നേതാക്കാളോടൊപ്പം ഫൈസി ഒരു ചിരി ചിരിച്ചു നിൽക്കുന്ന ഫോട്ടോയും കാണായി. മുസ്​ലിം ഉമ്മത്തിനോടുള്ള ഉൽക്കണ്ഠയുടേയും ജാഗ്രതയുടേയും തെളിവ്. മതജാഗ്രതയ്ക്ക് ഒരു കുഴപ്പമുണ്ട്. അമിതമായാൽ അരുതുകൾ കൂടും, അതിരുകൾ കൂടും, അപകടങ്ങൾ പിറകേവരും.


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments