1. മരണപ്പെട്ട ഫുട്ബോളർ
ഡ്രിബിൾ ചെയ്ത് മുന്നേറുന്നു
2026 ജൂലൈ 11 ന് ദക്ഷിണാഫ്രിക്കൻ മിഡ്ഫീൽഡർ ജെയ്ഡൻ ആഡംസ് അന്തരിച്ചു.
ഈ ലോകകപ്പിൽ ഇരുപത്തിയഞ്ചുകാരൻ മൂന്നു മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മൈതാനത്തിലിറങ്ങി.
ആഡംസിൻ്റെ ചരമാനന്തരം ചെക്ക് റിപ്പബ്ലിക്കുമായി നടന്ന മൽസരം ഒരിക്കൽ കൂടി കണ്ടു.
പ്രിയപ്പെട്ട മുത്തശ്ശിയുടെ മരണമേൽപ്പിച്ച ആഘാതത്തിൽ കളിക്കളത്തിലിറങ്ങിയ ഒരാളായാണ് തൽസമയക്കാഴ്ച്ചയിൽ ആഡംസിനെ ഞാൻ നോക്കിക്കണ്ടിരുന്നത്.
എന്നാൽ അദ്ദേഹത്തിൻ്റെ തന്നെ മരണാനന്തരം ആ കളി കണ്ടപ്പോൾ നേരത്തെ തോന്നിയിട്ടില്ലാത്ത ആഴം ആ യുവാവിൻ്റെ ചലനങ്ങളിൽ അനുഭവപ്പെട്ടു. ഗ്രൗണ്ടിൽ ആഡംസ് ഡ്രിബിൾ ചെയ്ത് മുന്നേറുമ്പോൾ ജീവിതേച്ഛയോടെ മരണത്തിനു പിടികൊടുക്കാതെ കുതിക്കാൻ ശ്രമിക്കുന്നതായി തോന്നി. അയാൾ അയാളുടെ ജീവിതവും മരണവും കൊണ്ട് ഓടുകയാണെന്ന് മാറിമാറി തോന്നി. ഗ്രൗണ്ടിലെ അയാളുടെ വിദൂരനോട്ടങ്ങൾക്ക് പുതിയ അർത്ഥവിവക്ഷകളുണ്ടായി. ദീർഘനിശ്വാസത്തിനും പുഞ്ചിരിക്കും കൂട്ടത്തിൽ നിന്നും ഒറ്റതിരിഞ്ഞുള്ള നിൽപ്പിനും നേരത്തെ തോന്നാത്ത ഗഹനതയും നിഗൂഢതയും അനുഭവപ്പെട്ടു.
മറഡോണ അന്തരിച്ചതിനുശേഷം വിവാദമായ ദൈവത്തിൻ്റെ ഗോൾ കണ്ടുനോക്കിയിട്ടുണ്ടോ? ദൈവമായിരുന്നു ആ കുരുത്തം കെട്ട കയ്യിനു പിറകിലെങ്കിൽ ഉടലോടെ മറഡോണയെ മരണത്തിൻ്റെ ഗോൾവലയത്തിലേക്ക് തെറിപ്പിച്ചതും ദൈവം തന്നെ! എസ്കോബാറിൻ്റെ കൊലയ്ക്ക് ശേഷം നിങ്ങളാ സെൽഫ് ഗോൾ കണ്ടിരുന്നോ? ഒരു വെടിയൊച്ചയുടെയും അലമുറയുടെയും തറയിലൊഴുകുന്ന രക്തത്തിൻ്റെയും ശ്രവ്യദൃശ്യപശ്ചാത്തലത്തോടെയല്ലാതെ ആ ദൃശ്യത്തെ കാണാൻ കഴിയില്ല.
നേരത്തെ ആ സെൽഫ് ഗോൾ കാണുമ്പോൾ അതുണ്ടായിരുന്നില്ല. അപ്പോൾ തോന്നിയിട്ടില്ലാത്ത അനുതാപം അദ്ദേഹത്തിൻ്റെ കൊലപാതകാനന്തരം ആ സെൽഫ് ഗോൾ കാഴ്ച്ച ജനിപ്പിക്കുന്നുണ്ട്.

ഇടയ്ക്കിടെ സ്വന്തം ഗോൾ വലയിൽ നിറയൊഴിക്കുന്ന ഫോർവേഡാണ് മനുഷ്യനെന്ന നിർവചനം ഞാൻ നിർമിച്ചത് എസ്കോബാറിൻ്റെ കൊലയെത്തുടർന്നാണ്.
മരണപ്പെടുന്നതോടെ ചുവരുകളിലെ ഛായാപടങ്ങളിലെ മനുഷ്യർ ഒന്നിളകിയിരുന്ന് ഗൗരവം വരുത്താറുണ്ടെന്ന് തോന്നിയിട്ടുണ്ട്.
ഈ ലോകത്തിൻ്റെതല്ലാത്ത ഭാവം മുഖത്ത് വന്നു നിറയുന്നു. മരിക്കും മുമ്പ് ആ ഫോട്ടോ അങ്ങനെയായിരുന്നില്ല.
ഗായകർ മരിക്കുന്നതോടെ അവരുടെ ശബ്‌ദത്തിൽ അലൗകികമായ മുദ്രകൾ വന്നു നിറയുന്നു. മരണാനന്തരം അവരവരുടെ പാട്ടുകളിൽ കയറി പരേതഗായകർ എന്തോ ചെയ്തുവെക്കുന്നുണ്ട്. ശരീരമില്ലാതാവുമ്പോൾ ശാരീരം കൂടുതൽ ഗഹനതയാർജ്ജിക്കുന്നു. സംശയമുണ്ടോ? നിങ്ങൾ എസ്. ജാനകിയെ ഇനി കേട്ടുനോക്കൂ. ഇതുവരെ കേട്ട ജാനകിയമ്മയല്ല അത്.
മരണപ്പെട്ടശേഷം പെലെയുടെ കളികൾ എന്നിൽ കൂടുതൽ വിസ്‌മയാദരവുകൾ ഉണർത്തി. ഒരിക്കൽ ഉണ്ടായിരുന്ന, നിലവിൽ ഇല്ലാത്ത, പെർഫോമിങ്ങ് ആർട്ടിൻ്റെ മാധ്യമമായ ആ ദേഹനഷ്ടം എത്ര വലുതായിരുന്നു എന്ന് പഴയ കളികൾ ഓർമ്മിപ്പിച്ചു. 1966- ലെ ലോകകപ്പിൽ കളിക്കവേ പെലെയെ ക്രൂരമായി ടാക്കിൾ ചെയ്ത് വീഴ്ത്തിയ പോർച്ചുഗൽ പ്രതിരോധതാരം ജോവോ മൊറൈസും മരിച്ചു പോയി. റെഡ് കാർഡ് സംവിധാനമില്ലാത്ത കാലമായതിനാൽ പെലെയെ മാരകമായി വീഴിച്ച മൊറൈസ് കളി തുടർന്നു. ഇപ്പോൾ ആ ഫൗൾ കാണുമ്പോൾ ആ ക്രൈമിൻ്റെ ഗൗരവം കൂടി വരുന്നു. മൊറൈസ് പെലെയോട് ചെയ്തതിലും കനത്തതായി അത് തോന്നൽ ഉണ്ടാക്കുന്നു. അപ്പോഴും മൊറൈസിനോട് അനിഷ്ടമൊന്നും തോന്നുന്നില്ല. ശവപ്പെട്ടിയിൽനിന്നു പുറത്തിറങ്ങി നിൽക്കാൻ പോലും വയ്യാത്ത ഫുട്ബോളർമാരാണ് പെലെയും മൊറിസും.
1936- ൽ വർണവെറിയൻ ഹിറ്റ്ലറെ സാക്ഷി നിർത്തി ഒളിമ്പിക് മൈതാനത്തിൽ നാലു സ്വർണ്ണം നേടിയ ആഫ്രിക്കൻ വംശജനായ ജെസ്സി ഓവൻസിൻ്റെ പെർഫോമൻസ് കാണുമ്പോൾ നശ്വരമെന്ന് ഇകഴ്ത്തപ്പെട്ട ശരീരമെത്ര അനശ്വരമെന്ന് ആലോചിച്ചുപോകുന്നു. വംശീയവാദവ്യാധിയുള്ള ഏകാധിപതികൾക്ക് എക്കാലവും മൂന്നു നേരം ഓരോ ടീസ്പൂൺ വീതം കഴിക്കാവുന്ന ഔഷധമാണ് ആ വീഡിയോകൾ. ജെസ്സി ഓവൻസ് മരിച്ചു. ആ ശരീരം, അതിൻ്റെ ഉൻമാദം നിറഞ്ഞ വേഗം, ഇച്ഛയുടെ അടയാളങ്ങളായ കറുത്ത പേശികൾ എന്നിവ അനശ്വരമായി തുടരുന്നു. ദേഹിയില്ലാതായി, ദേഹമനശ്വരമായിത്തുടരുന്നുവെന്ന തലതിരിച്ചിൽ അതിലുണ്ട്.
അഭിനേതാക്കളുടെ മരണാനന്തരം, ചലച്ചിത്രങ്ങളിൽ അവർ മരണം അഭിനയിച്ചും കൊണ്ട് ശയിക്കുന്നതു കാണുമ്പോൾ ആ മരണനാട്യത്തിന് ആഴം കൂടുന്നതു പോലെ നിങ്ങൾക്ക് അനുഭവമുണ്ടോ? അവർ യഥാർത്ഥ ജീവിതത്തിൽ മരിച്ചുകിടന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. അതിനെക്കാൾ വിശ്വസനീയവും കലാപരിപൂർണവുമായ മരണമാണ് അവർ നടിച്ചത് എന്നതിൽ വിസ്മയിച്ചിട്ടുണ്ടോ? അവർ മരണം അഭ്യസിക്കുകയായിരുന്നോ?
മരണം അൽഭുതശേഷിയുള്ള ഒരു എഡിറ്ററാണ്. റഫിയുടെ പാട്ടിൽ ആ എഡിറ്റർ തൊട്ടിട്ടില്ല, മാറഡോണയുടെ ഡ്രിബിളിങ്ങിൽ ഇടപെട്ടിട്ടില്ല. സെർവ്വ് ചെയ്യുന്നതിന് മുന്നോടിയായി മഹാനായ ടെന്നീസ് കളിക്കാരൻ ആർതർ ആഷ് പന്ത് മേലോട്ടെറിഞ്ഞ് അതിലേക്ക് നോക്കുന്ന ആ സവിശേഷ ധ്യാനപൂർണശൈലിയിൽ മരണം കത്രിക വെച്ചിട്ടില്ല, എന്നിട്ടും അവർ മരണപ്പെടുന്നതിനുമുമ്പ് അവ ആയിരുന്നതുപോലെയല്ല മരണാനന്തരം മനുഷ്യർക്കത് അനുഭവമാകുന്നത്.

2. രാജ്യമെന്നതുകൊണ്ട്
നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?
അർജൻ്റീനയ്ക്ക് പ്രഥമ ലോകകപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകൻ ലൂയിസ് മെനോട്ടിയുടെ ഛായയുള്ള വൃദ്ധനെ നഗരം കൗതുകത്തോടെയാണ് കണ്ടിരുന്നത്. ലോകം ഫുട്ബോൾ പന്തിനു പിന്നാലെ സഞ്ചരിക്കുന്നതൊന്നും ആ വൃദ്ധനും അയാളുടെ പട്ടിയും ശ്രദ്ധിച്ചില്ല. ഫുട്ബോൾ എന്നൊരു ഗെയിം ഉള്ളതായിപ്പോലും അവരുടെ നിത്യജീവിതവ്യാപാരങ്ങളിൽ നിന്ന് ഊഹിക്കാൻ കഴിയുമായിരുന്നില്ല.
മിക്കവാറും നേരങ്ങളിൽ വൃദ്ധനായ മനുഷ്യനും പ്രായം ചെന്നവശനായ പട്ടിയും മാർഡൽ പ്ലാറ്റയിലെ കടലോര സെമിത്തേരിയിൽ സിമൻ്റ് ബെഞ്ചിലും പുല്ലുകൾ വിരിച്ച തറയിലുമായി വിശ്രമിക്കുന്നു. അലസശാന്തതയാർന്ന ആ കാഴ്ച മനുഷ്യരുയും മൃഗങ്ങളുടെയും പ്രവൃത്തിയിലല്ല, ധ്യാനപൂർവ്വമുള്ള നിവൃത്തിയിലാണ് പ്രപഞ്ചത്തിൻ്റെ ആനന്ദം നിലകൊള്ളുന്നത് എന്ന് വിളംബരം ചെയ്തു.
ചില നേരങ്ങളിൽ വിശദീകരണമാവശ്യമില്ലാത്ത വിധം അന്യോന്യബന്ധുതയുള്ളവരായും മറ്റു ചിലപ്പോൾ അപരിചിതരെപ്പോലെയുമവർ കാണപ്പെട്ടു. മഞ്ഞുമൂടിയ ചില പ്രഭാതങ്ങളിൽ വൃദ്ധൻ്റെ മടിത്തട്ടിൽ ശിരസ്സ് ചായ്ച്ച നിലയിൽ വയോധിക ശ്വാനൻ ശിൽപ്പമെന്ന പ്രതീതി കാഴ്ച്ചക്കാരിൽ ഉണർത്തി.
നഗരത്തിലെ യുക്തിവാദികളൊഴിച്ചുള്ളവരെല്ലാം ധരിച്ചുവെച്ചിരിക്കുന്നത് അയാൾ ഒരു പരേതാത്മാവാണെന്നാണ്. പട്ടിയും പരേതനാണെന്ന് ഏതാണ്ടെല്ലാവരും ധരിച്ചു. യജമാനനായ പരേതാത്മാവിനെ മരണാനന്തരവും അനുഗമിക്കുന്ന സ്നേഹവാനായ ആ പട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നവനാണ് എന്ന് വിശ്വസിക്കുന്ന അപൂർവ്വം പേരുമുണ്ടായിരുന്നു. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമിടയിലെ തരംഗവ്യത്യാസം വളരെ നേർത്തതാണെന്നതിൻ്റെ അവലംബമായി മേൽസൂചിപ്പിച്ചവർ പട്ടിയും മനുഷ്യനുമിടയിലെ ഭാവൈക്യത്തെ ദൃഷ്ടാന്തമായിച്ചൂണ്ടിക്കാണിച്ചു.
മെനോട്ടിയുടെ ഛായയുള്ള ആ മനുഷ്യൻ വിശ്രുതനായ പരിശീലകൻ്റെ പരേതാത്മാവാണെന്ന കിംവദന്തി ലോകകപ്പ് തുടങ്ങിയതോടെ പ്രചരിച്ചു.
സ്‌കലോണിയുടെ ദൂതൻ വൃദ്ധനെ സന്ദർശിച്ച് അർജൻ്റീനയുടെ കിരീടനേട്ടത്തിനായി തന്ത്രങ്ങൾ എന്തെങ്കിലും കയ്യിലുണ്ടോ എന്നന്വേഷിച്ചു. ഫുട്ബോളോ, അതെന്താണ് എന്ന് വൃദ്ധൻ ചോദിച്ചു. പട്ടിയും ആശ്ചര്യനോട്ടത്തോടെ ആ ചോദ്യത്തിൻ്റെ ഭാഗമായി.
ആത്മാവ് ഫുട്ബോൾ പോലെ അനശ്വരമാണെന്ന പ്രത്യാശയുടെ പ്രതീകമായി നഗരം അയാളെ കണ്ടു. മനോട്ടിക്ക് മരണാനന്തരം ബീച്ചിലൂടെ ഉലാത്താമെങ്കിൽ അർജൻ്റീനൻ ഫുട്ബോളർമാരെല്ലാം ചരമാനന്തരവും ജീവിക്കുന്നുണ്ട്. ഫുട്ബോൾ ആരാധകരും മരണത്തോടെ ഇല്ലാതാകുന്നില്ല. അർജൻ്റീനയിൽ ഫുട്ബോളിനെ സ്‌നേഹിക്കാത്തവരായി ആരുമില്ല. ആകയാൽ അനശ്വരമനുഷ്യരുടെ രാജ്യമാണ് അർജൻ്റീനയെന്ന പ്രത്യാശയുണർത്തുന്ന വിശ്വാസം നഗരത്തിൽ പതുക്കെ പ്രചരിച്ചു.
ശാന്തനും സ്വസ്ഥനും ഗൂഢമായ ആത്മമന്ദഹാസം പ്രസരിപ്പിക്കുന്നവനുമായ ആ വൃദ്ധൻ കടലോരജനതയ്ക്ക് മരണാനന്തരജീവിതത്തെക്കുറിച്ച് മനോഹര സ്വപ്നങ്ങൾ സമ്മാനിച്ചു. മരബെഞ്ച് ഒഴിഞ്ഞിരിക്കുന്ന നേരങ്ങളിൽ ചിലർ ചോക്ലെറ്റുകളും കേക്കുകളും കോട്ടിട്ട പരേതാത്മാവിനായി കരുതി വെച്ചു. തങ്ങൾ മരിച്ചാൽ അപരർ സമ്മാനിക്കണമെന്ന് ആഗ്രഹിക്കുന്ന വസ്തുക്കൾ ആ മരബെഞ്ചിൽ സമർപ്പിക്കുന്ന സമ്പ്രദായം പതുക്കെ വിശ്വാസക്രമവും അനുഷ്ഠാനവുമായി മാറി.
അർജൻ്റീന ഫൈനലിലെത്തിയ ദിവസം സോക്കർ ഭ്രാന്തരായ നഗരജീവികൾ സെമിത്തേരിയിലെത്തി വയോധികനെ എടുത്തുയർത്തി നഗര പ്രദക്ഷിണം നടത്തി.
സ്വതവേ ശാന്തനായ പട്ടി കുരച്ചുകൊണ്ട് അവർക്ക് പിന്നാലെ നടന്നു. തിരിച്ച് സെമിത്തേരിയിലെത്തിപ്പോൾ വൃദ്ധൻ അസ്വസ്ഥനായി കാണപ്പെട്ടു.
ഫുട്ബോൾ ഫൈനലിൽ നമ്മുടെ രാജ്യം ജയിക്കുമോ?, ഒരു കൗമാരക്കാരൻ വൃദ്ധനോട് ചോദിച്ചു.
"ആരാണീ നമ്മൾ?
എന്താണ് ഫുട്ബോൾ?
രാജ്യം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ്?"- വൃദ്ധൻ ചോദിച്ചു.
ഫൈനലിൽ രാജ്യം തോറ്റു. വൃദ്ധൻ സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. ആത്മാക്കൾ അനശ്വരമല്ല എന്ന വ്യസനം കടലോരജനതയെ ആഴത്തിൽ ഗ്രസിച്ചു.
പട്ടിയാവട്ടെ അയാൾ എങ്ങോട്ട് അപ്രത്യക്ഷമായി എന്നതിൻ്റെ വിശദീകരണം കൊടുക്കുക തൻ്റെ ഉത്തരവാദിത്തമായി കരുതിയതുമില്ല.

3. മൈൻ്റ് ഗെയിം;
മൈൻ്റ് യുവർ ഗെയിം
ഈ ലോകക്കപ്പിലെ മുഖ്യ ഹീറോകൾ ഗോൾകീപ്പർമാരായിരുന്നു. സർവ്വ ടീമുകളുടെ ആരാധകരും വസീഞ്ഞയെ അവരവരുടെ ആത്മാവിൻ്റെ കാവൽഭടനായി സ്വീകരിച്ചു. ഗോൾകീപ്പർമാരെ കുറിച്ച് ഞാൻ മുമ്പെഴുതിയ കുറിപ്പ് ഓർമ്മ വരുന്നു. അതിലെ ഒരു ഭാഗം ഇങ്ങനെയാണ്:
"ഫുട്ബോളിലെ വിലക്കപ്പെട്ട കനിയാണ് ഗോൾ കീപ്പറുടെ മുഖ്യ വിഭവം.
കൈകൾ! ഗോളിയുടെ കയ്യുറകൾ പന്തിനോട് അവൾക്കുമാത്രം പെരുമാറാനധികാരം കൊടുക്കുന്ന നിയമവാക്യത്തിന്റെ പ്രത്യക്ഷ സാക്ഷ്യപത്രമാണ്. കുറ്റാന്വേഷകരുടെ കയ്യുറകൾപോലെ അണിഞ്ഞ ആളിന്റെ യോഗ്യതകളെ അവ വിളംബരം ചെയ്യുന്നു.
കാലുകളുടെ എതിർ ദ്വന്ദ്വമായി കൈകളെ സങ്കൽപ്പിച്ചുണ്ടാക്കിയ കളിയിൽ, മനുഷ്യഭാവനയുടെ ചതിക്കുഴിയായ വിപരീതയുക്തിയുടെ തത്വശാസ്ത്രത്തിനു വെളിയിൽ ബൈനറികൾക്കപ്പുറത്ത് ശ്വാസമെടുക്കുന്ന ആധുനികാനന്തര മനുഷ്യനാണ് ഗോൾവലയപ്പാറാവുകാരൻ.
പെനാൽട്ടി തടുക്കാൻ ഉടൽമൊത്തവും പെനാൽട്ടിയടിക്കാൻ കാലുകളും ഉപയോഗിക്കാൻ അവകാശമുള്ളയാൾ. ഫുട്ബോളിലെ കംപ്ലീറ്റ് ആക്റ്റർ’’.
പെനാൽട്ടി ബോക്സിനു വെളിയിൽ ഇറങ്ങുന്നതോടെ ഗോൾകീപ്പറുടെ കൈകൾക്ക് വിലക്ക് വീഴുന്നു. സ്വാതന്ത്ര്യം തെരഞ്ഞെടുക്കുന്നതോടെ നഷ്ടമാക്കുന്ന സവിശേഷാവകാശത്തെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയാണ് പെനാൽട്ടി ബോക്സ് പിന്നിട്ട് മൈതാനമധ്യത്തിലേക്ക് അക്രമോൽസുകമായി മുന്നേറുന്ന ഗോൾകീപ്പർ പറയുന്നത്. ആ സ്വാതന്ത്ര്യം ഗോൾവലയത്തിനുകീഴിൽ നിൽക്കുമ്പോൾ സമ്മാനിക്കുന്ന ഏകാന്തതയെക്കാൾ കനമുള്ള ഒറ്റയാവൽ അയാളെ അനുഭവിപ്പിക്കുന്നു. ഒന്നു പിഴച്ചാൽ കോമാളിയാവുന്ന സൂപ്പർ ഹീറോയാണ് തൻ്റേടിയായ ഗോൾകീപ്പർ.
പെനാൽട്ടി കിക്ക് നേരിടുന്ന ഗോൾകീപ്പറുടെ ഏകാന്തത ഒരു പരിധിവരെ കേൾക്കാൻ സുഖമുള്ള സാഹിത്യ പ്രസ്താവന മാത്രമാണ്. അർജൻ്റീനൻ എഴുത്തുകാരൻ ഓസ്വാൾഡോ സോറിയാനോ എഴുതിയ ഏറ്റവും ദൈർഘ്യമേറിയ ‘പെനാൽറ്റി കിക്ക്’ എന്ന കഥയെക്കുറിച്ച് ഈയിടെ സുഹൃത്ത് റഫീക്ക് അഹമ്മദ് സൂചിപ്പിച്ചപ്പോൾ ഗോൾകീപ്പർമാരോടുള്ള സ്‌നേഹം അധികരിച്ചു.
കിക്കെടുക്കുന്ന കളിക്കാരനും ഗോൾകീപ്പർക്കും ഇടയിൽ നടക്കുന്ന അനന്തമായ മൈൻ്റ് ഗെയിം ഇരുവരെയും എതിരാളികളെന്നപോലെ രണ്ടുപേരും ചേർന്ന് കമ്പോസ് ചെയ്യുന്ന സംഗീതത്തിൻ്റെ പങ്കാളികളുമാക്കുന്നു.
പന്ത് ഇടതു മൂലയിലേക്കടിക്കുന്നതിൻ്റെ ശരീരഭാഷ വലതു മൂലയെന്നു ഗോൾകീപ്പർ വ്യാഖ്യാനിച്ചെടുക്കുമെന്നതിനാൽ ഇടതുമൂല ലക്ഷ്യം വെച്ചാൽ അതയാൾ കടന്നു വായിച്ചെടുക്കുമെന്നതു കൊണ്ട് വലതുമൂല ലക്ഷ്യം വെക്കുന്നത് ഗോൾകീപ്പർ സങ്കൽപ്പിക്കുന്നതിനാൽ ഇടതു ... എൻഡ് ലസ് മൈൻ്റ് ഗെയിം! ഇരുവരും നെയ്തുണ്ടാക്കുന്ന അവസാനിക്കാത്ത ഭാവനാത്മകമായ നുണക്കഥകൾ !

ചെസ്സു കളിയോളം മനോയുദ്ധമുണ്ടതിൽ.
നാലോ അഞ്ചോ സെക്കൻ്റുകൾക്കിടയിൽ നടക്കുന്ന ആ മൈൻഡ് ഗെയിം ഒരു ചലച്ചിത്രമാക്കാൻ രണ്ടോ മൂന്നോ മണിക്കൂറുകൾ വേണ്ടിവന്നേക്കും.
4. കളിക്കാരെ മായ്ച്ച് കാണുന്ന കളി
ഈ ലോകകപ്പിൽ അഡിഡാസിൻ്റെ ഫുട്ബോൾ പന്ത് എത്ര മൈലുകൾ സഞ്ചരിച്ചിട്ടുണ്ടാവും? ലോകക്കപ്പ് ഫുട്ബോൾ മൽസരങ്ങൾ ഓരോന്നും അഡിഡാസ് കമ്പനിയുടെ തൊണ്ണൂറോ അതിലധികമോ മിനിറ്റുകളുള്ള പരസ്യചിത്രങ്ങൾ കൂടിയാണ്.
ഓരോ കളി കഴിഞ്ഞതിനും ശേഷം മാത്രം നമുക്ക് ഫുട്ബോൾ പന്ത് ആകാശത്തിലും ഭൂമിയിലുമായി അവിശ്രമം.
സഞ്ചരിച്ച ഉൻമാദവഴികൾ സാങ്കേതിക സഹായത്തോടെ രേഖപ്പെടുത്താം. ഓരോ മാച്ചും കളിയുടെ ചരിത്രത്തിൽ ഇന്നോളം യാത്ര ചെയ്തിട്ടില്ലാത്ത, നവംനവങ്ങളായ മൗലികചിത്രങ്ങൾ വരയ്ക്കുന്ന കലാകാരികളാണ്. മൊണാലിസയുടെ പകർപ്പെടുക്കാം. ഒരു കളിയുടെയും പകർപ്പല്ല മറ്റൊരു കളി.
അടുത്ത ഡെസ്റ്റിനി ഏതെന്ന തീർപ്പില്ലാതെ യാത്ര ചെയ്യുന്ന അപ്രവചനീയ മനുഷ്യസഞ്ചാരികളെല്ലാം ഫുട്ബോൾ പന്തിനുമുമ്പിൽ നിഷ്‌പ്രഭരാവുന്നു. വ്ലോഗർമാരുടെ അവകാശവാദങ്ങൾ ആ യാത്രികനില്ല. കളിക്കാരുടെയോ കാണികളുടെയോ തൻ്റെ തന്നെയോ തന്നിച്ഛാ ഭരണത്തിൻ കീഴിലല്ല പന്തിൻ സഞ്ചാരം. പ്രപഞ്ചം പകിട കളിക്കാറില്ലായിരിക്കാം. ആകസ്‌മികതകളുടെ ദൈവങ്ങൾ അങ്ങനെയല്ല.
പന്തിൻ്റെ ഭാവി പന്തിൻ്റെ കയ്യിലല്ല. സ്വയം നിർണയാവകാശമില്ലാത്തതിൻ്റെ സൗന്ദര്യം എന്ന് ഞാനാ അവസ്ഥയെ വിളിച്ചാൽ രാഷ്ട്രീയമായി അത് അപകടകരമായ നിരീക്ഷണമാകും. സകല പ്രപഞ്ചശക്തികളുടെയും അധികാരത്തിനു വെളിയിൽ അതു സഞ്ചരിക്കുന്നു. അപൂർവ്വമായി കളിക്കാരുടെ ക്രൈം പദ്ധതിക്കനുസരിച്ചുള്ള നിമിഷങ്ങൾ സംഭവിക്കുന്നുണ്ട്. അവ പോലും വിശദാംശങ്ങളിലുള്ള ആദരവോടെ പരിശോധിച്ചാൽ കളിക്കാരുടെയും കോച്ചിൻ്റെയും ഇച്ഛകൾക്കു വെളിയിലാണ്.
പൂർവ്വനിശ്‌ചിതമായ സഞ്ചാരങ്ങൾ ആരെയാണ് കോൾമയിർ കൊള്ളിക്കുക? ഒരു പ്രഭാതത്തിൽ ഗ്രിഗർ സാംസ ഷഡ്പദമായി മാറി എന്നു ദശാബ്‌ദങ്ങൾക്കുമുമ്പ് വായിച്ചപ്പോഴുണ്ടായ കോരിത്തരിപ്പ് ഇതേവരെ മാറിയിട്ടില്ല. ഒരു പ്രണയത്തിലും ആ അളവിൽ ഞാൻ കീഴ്മേൽ മറിഞ്ഞിട്ടില്ല. അച്ചടക്കമുള്ള കുട്ടിയെപ്പോലെ കിഴക്ക് നിത്യേന ഉദിക്കുന്ന സൂര്യൻ ലാവണ്യശാസ്ത്രപരമായി നോക്കിയാൽ വിരസതയുൽപ്പാദിപ്പിക്കുന്ന ചീത്ത കലയാണ്.
കളി ആര് വിജയിക്കുമെന്ന് ചിലപ്പോൾ നിങ്ങൾക്ക് പ്രവചിക്കാം. മൈതാനത്തിൽ ഫുട്ബോൾ പന്ത് ഏതേത് ദിശകളിൽ സഞ്ചരിക്കുമെന്ന് പ്രവചിച്ച് കുറ്റകൃത്യത്തിൻ്റെ രേഖാചിത്രം വരയ്ക്കുക മനുഷ്യസാധ്യമല്ല.
കളിയുടെ പരിസമാപ്തിക്കുശേഷം ഫുട്ബോൾ പന്ത് അത് പിന്നീട്ട വഴികളിലൂടെ വിജനമായ മൈതാനത്തിലൂടെ സഞ്ചരിക്കുന്ന ദൃശ്യം സങ്കൽപ്പിക്കൂ. കളി ആരംഭിക്കുന്ന വിസിൽ വരെ പിറകിലോട്ട് പന്തിൻ്റെ യാത്ര മാത്രമായി ആ കളി കണ്ടാൽ എങ്ങനെയിരിക്കും? കളിക്കാരോ കാണികളോ ഇല്ലാത്ത മൈതാനത്തിൽ ഫുട്ബോൾ പന്തിൻ്റെ റിവേർസ് ഗെയിം!
ഫുട്ബോൾ മാച്ചിൽ ഒരു കളിക്കാരൻ ശരാശരി എത്ര കിലോമീറ്റർ ഓടുന്നുണ്ട് എന്ന കണക്ക് നമുക്കറിയാം.
പന്ത് എത്ര മൈലുകൾ അവിശ്രമം ഓടുന്നുണ്ട് എന്ന കണക്കെടുപ്പ് നാം നടത്താറില്ല.

5. ട്രാജിക് ഹീറോ
ഉറുഗ്വേയുടെ അനുഭവസമ്പന്നനും പ്രതിഭാശാലിയുമായ ഗോൾകീപ്പർ മുസ്ലേ രയുടെ കൈകൈൾ ചോർന്നു. സ്പെയിൻ ജയിച്ചു.
ഹാഫ് ടൈമിൽ പരിശീലകൻ ബെയൽസിയോട് തന്നെ റിസർവ്വ് ബെഞ്ചിലിരുത്താൻ 40 വയസ്സുകാരൻ ആവശ്യപ്പെട്ടു. ഫോമിലായിരിക്കുമ്പോൾ ഗോൾകീപ്പർക്ക് ഗോൾവലയമൊരു നാനോ അനുഭവം, ആത്മവിശ്വാസം ചോരുമ്പോൾ അയാൾക്ക് ഭൂമിയാകെ ഗോൾവലയമായി അനുഭവപ്പെടുന്നു. ഒരു ട്രാജിക് ഹീറോയുടെ അന്തിമ പതനം മുസ്ലേരയുടെത്.
എന്തായിരുന്നു അയാളുടെ ഹമേർഷ്യ, പതനകാരണം? റിഫ്ലക്‌സുകൾ ദുർബലമാകുന്ന മസ്തിഷ്ക വാർധക്യമോ അതോ ആ മധ്യവയസ്കൻ ഒരു നിമിഷം അന്യമനസ്‌കനാവാൻ അജ്ഞാതകാരണങ്ങൾ ഉണ്ടായിരുന്നോ?
6. ഫുട്ബോൾ പ്രണയത്തിലെ
മോണോഗമികൾ
ഉറുഗ്വേ എഴുത്തുകാരൻ എഡ്വേഡോ ഗലിയാനോ ഇങ്ങനെ എഴുതുന്നു:"In his life, a man may change wife, political party or religion. But he does not change his football team."
വലിയ എഴുത്തുകാർ അടഞ്ഞ ശവപ്പെട്ടിയുടെ ഭാഷയിൽ നിരീക്ഷണങ്ങൾ അവതരിപ്പിക്കുമ്പോൾ അത് വിഴുങ്ങാൻ വായനക്കാർക്ക് ബാധ്യതയില്ല.
ജീവിതകാലം മുഴുവൻ ഒരു ഫുട്ബോൾ ടീമിനു ചുറ്റും കറങ്ങുന്ന ഫാൻബോയ് ആകുന്നത് എത്ര വിരസമാണ്.
എനിക്ക് ഫുട്ബോളിനോടുള്ള പ്രണയം ശാശ്വതമാണ്. മനുഷ്യരിലും ഫുട്ബോൾ ടീമുകളിലും സംഗീതത്തിലും മറ്റു കലകളിലുമുള്ള താൽപ്പര്യങ്ങൾ മാറി വരും. ഇപ്പോൾ എൻ്റെ ടീം ഉറുഗ്വേ ആണ്. ബെൽജിയത്തോട് കമ്പമുണ്ട്, ജപ്പാനിൽ ഇമ്പവും.
ഒന്നിൽ കൂടുതൽ ടീമുകളുമായി ഒരേസമയം പ്രണയത്തിലാവുന്ന മലയാളി ആരാധകരെ അധികമൊന്നും കണ്ടിട്ടില്ല.മലയാളി ബുദ്ധിജീവികളുടെ ഫുട്ബോൾ ടീം പ്രണയം ഏറെക്കുറെ മോണോഗമിയിൽ ഉറച്ചുനിൽക്കുന്നു. വാഗ്ദത്തഭൂമിയിലേ അവരുടെ വിശ്വാസം പ്രവഹിക്കുന്നുള്ളൂ. മോണോഗമിയിൽ ഉറച്ചു നിൽക്കുക മാത്രമല്ല,അഭിമാനപൂർവ്വം ഉറക്കെ പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു.
അർജൻ്റീനയോടും ബ്രസീലിനോടും അര നൂറ്റാണ്ടായി അചഞ്ചലപ്രണയം പുലർത്തുന്ന, മരണം വരെയ്ക്കും ആ കമ്മിറ്റ്മെൻ്റ് മാറ്റമില്ലാതെ തുടരും എന്നു നിരന്തരം വിളംബരം ചെയ്യുന്ന എത്രയോ മനുഷ്യരെ എനിക്കറിയാം. ഫുട്ബോൾ ടീമുകളോട് ആളുകൾ പുലർത്തുന്ന വളരെ മൂർത്തമെന്നു തോന്നിക്കുന്ന ഗാഢാഭിമുഖ്യം സൂക്ഷ്‌മമായി നോക്കുമ്പോൾ അബ്സ്ട്രാക്റ്റ് ആണ്. ജീവിതകാലം മുഴുവൻ സൂക്ഷിക്കുന്ന അനശ്വരമായ അർജൻ്റീനപ്രണയത്തിൻ്റെ അടിസ്ഥാനം എന്താണ്? അർജൻ്റീനൻ ദേശീയതയോടുള്ള ഐക്യദാർഢ്യമല്ലത്.
തീവണ്ടികളുടെ പേരുകളിൽ മാത്രമേ ഉള്ളൂ നൈരന്തര്യമുള്ള ഐഡൻ്റിറ്റി. ഉള്ളടക്കം മാറിക്കൊണ്ടിരിക്കുന്നുണ്ട്. മറഡോണയുടെ കാലത്തെ ആരും തന്നെ നിലവിലെ അർജൻ്റീനൻ ടീമിലില്ല.
അന്തരിച്ച കാമുകിയെ നിരന്തരം സ്‌മരിച്ച് ഏകാന്തമായി കണ്ണീരൊഴുക്കുന്ന വിശ്വസ്ത കാമുകനാണ് മലയാളി ഫുട്ബോൾ ആരാധകർ. തങ്ങളുടെ ടീം പുറത്താവുന്നതോടെ ടെലിവിഷൻ പായ പോലെ ചുരുട്ടി മിക്കവരും ലോകക്കപ്പിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു.
കളി തുടങ്ങി പത്തു മിനിറ്റു കഴിയുമ്പോൾ മാത്രമാണ് തൻ്റെ ക്രഷ് വർക്ക് ചെയ്തു തുടങ്ങുന്നത് എന്നും ഓരോ മാച്ചിലും ഓരോ പ്രണയവുമായി സദാചാര ബാധ്യതയില്ലാതെ ആനന്ദപൂർവ്വം മുമ്പോട്ടു പോവുകയാണെന്നും ചെറു പുഞ്ചിരിയോടെ എന്നോടു പറഞ്ഞ കൂട്ടുകാരെ ഈ സന്ദർഭത്തിൽ ഓർക്കുന്നു.
92-ാം വയസിൽ ഗദ്ഗദം എന്ന വാക്ക് തൊണ്ടയിൽ കുടുങ്ങി മരിക്കുംവരെ എൻ്റെ ടീം ഉറുഗ്വേ ആയിരിക്കുകയില്ല. സർവ്വം അട്ടിമറിയാൻ ഒരു നിമിഷം മതി, പ്രണയജീവിതത്തിൽ!

7. നെയ്മറുടെ സെൽഫിയിൽ
പതിയാതെ പോയ ആരാധിക
1930- ൽ ഞങ്ങൾ ഉറൂഗ്വേക്കാർക്ക് ലോക കിരീടം നേടിത്തന്ന കളിക്കാരാരും ജീവിച്ചിരിപ്പില്ല. മരണത്തിൻ്റെ കളിയിൽ ആരും പങ്കെടുക്കാതിരിക്കുന്നില്ല. ഒറ്റ അണുവിനെയും വെറുതെ വിടാത്ത ടോയ്‌ലറ്റ് ക്ലീനറാണ് മരണം.
1930- ലെ ഫൈനൽ കളിച്ച ഇരു ടീമുകളിലെയും ഒരു കളിക്കാരനും ജീവിച്ചിരിക്കുന്നില്ല. സ്റ്റേഡിയത്തിൽ കളികണ്ട ആയിരങ്ങളിൽ വിരലിലെണ്ണാവുന്നവർ (അന്നത്തെ കിശോര കളിപ്രാന്തൻമാർ) അവശേഷിക്കുന്നുണ്ടാവാം. അന്നത്തെ ആരവം എനിക്ക് കേൾക്കാനാവുന്നുണ്ട്.
ഉറുഗ്വേ മറ്റന്നാൾ ആദ്യത്തെ കളിക്കായി കളത്തിലിറങ്ങുമ്പോൾ അന്തരീക്ഷത്തിൽ മുഖരിതമാകുന്ന ആരവത്തിൽ പരേതരുടെ ശബ്ദവുമുണ്ട്.
പരേതരും ഉറൂഗ്വേക്കായി പന്തുകളിക്കുന്നുണ്ട്.
പരേതരും സർവ്വ ടീമുകൾക്കു പിറകിലും അണിനിരക്കുന്നുണ്ട്.
എസ്കോബാർ ഇത്തവണ കൊളംബിയയുടെ ആരാധകനാവണമെന്നില്ല. പരേതരുടെ തെരഞ്ഞെടുപ്പുകളുടെ കാരണങ്ങളെക്കുറിച്ച് നമുക്ക് അധികമൊന്നും ഭാവന ചെയ്യാനുള്ള ശേഷിയില്ല.
പരേതർ ഗാലറിയിലെ സീറ്റുകൾ കവർച്ച ചെയ്യുന്നില്ല. ജീവിച്ചിരിക്കുന്നവരോടൊപ്പം ഇഴുകിച്ചേർന്ന് ആർപ്പുവിളിച്ച് വെള്ളക്കുപ്പികൾ മൈതാനത്തിലേക്ക് വലിച്ചെറിയുന്നില്ല. ആരാധകർക്കിടയിലെ ഏറ്റുമുട്ടലിൽ പരേത സോക്കർ ഭ്രാന്തൻ കൊല്ലപ്പെടുന്നില്ല. ഫുട്ബോളിനോടുള്ള മനുഷ്യരുടെ ബന്ധം ജീവിതകാലമാത്ര ഉടമ്പടിയല്ല. ചരമാനന്തരവും മനുഷ്യർ പിന്തുടരുന്ന ശീലങ്ങളിൽ ഒന്ന് ഫുട്ബോൾ ആണ്. പരേത പ്രേക്ഷകർ പോപ്പ്കോൺ തിന്നുന്നുണ്ടോ എന്നതിൽ തീർച്ചയില്ല.
ഉറുഗ്വേ പ്രസിഡണ്ട് യമേന്ദു ഓർസിയെ പുലർച്ചെ വിളിച്ച് പിറന്നാൾ ഭാവുകങ്ങൾ നേർന്നുകൊണ്ട് ഞാൻ ചോദിച്ചിരുന്നു:
സുവാരസിൻ്റെ അഭാവം നമ്മളെ ക്ഷീണിപ്പിക്കുന്നുണ്ടോ?
സുവാരസ് ഉണ്ടല്ലോ. കളിക്കളത്തിലുള്ള 11 പേർ മാത്രമല്ലല്ലോ ഉറുഗ്വേക്ക് വേണ്ടി കളിക്കുന്നത്. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ കളിക്കാരും കോടിക്കണക്കിന് ആരാധകരും ചേർന്നാണ് നമുക്കുവേണ്ടി കളിക്കുന്നത്. ആദ്യത്തെ ഫിഫ കിരീടം നേടിത്തന്ന അനശ്വരനായ നസാസിയും ഇപ്പോഴത്തെ ഉറുഗ്വേ ക്യാപ്റ്റനും ഞാനും ഇന്നലെ കൂടിയിരുന്ന് തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ മാത്രം ഉൽസവമല്ല ഫുട്ബോൾ, ഓർസി ചിരിച്ചു കൊണ്ടു പറഞ്ഞു.
നെയ്മർ എന്നോട് ആശ്‌ചര്യത്തോടെ പറഞ്ഞ കഥയുണ്ട്. ഒരു കളിയും വിടാതെ തന്നെ നിരന്തരം പിന്തുടരുന്ന കൗമാരക്കാരിയായ ആരാധികയെക്കുറിച്ച്.
പുഞ്ചിരിച്ചുകൊണ്ടവൾ എല്ലായ്പ്പോഴും നെയ്മറെ അഭിവാദ്യം ചെയ്യും. ഒരുനാൾ നെയ്മർ അവളെ ചേർത്തുനിർത്തി ഒരു സെൽഫിയെടുത്തു. വീട്ടിൽ ചെന്ന് ആ ഫോട്ടോ അദ്ദേഹം എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി. ആ സെൽഫിയിൽ നെയ്മർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
8. എൻ്റെ രാജ്യം വരേണമേ!
ഈ ലോകകപ്പിൽ എനിക്കൊരു രാജ്യമില്ല. ബ്രസീലും പോർച്ചുഗലും എന്നിൽനിന്ന് ഏറെ അകന്നിരിക്കുന്നു. ഇറാനെ ആശ്ലേഷിക്കാമെന്നു വെച്ചാൽ അത് കേവലം രാഷ്ട്രീയ തീരുമാനം മാത്രമാവും. അതിൽ ഫുട്ബോൾ ഒട്ടുമില്ല. ഖത്തറിനെ വരിച്ചാൽ അതിലൊരു മലയാളി ഉണ്ടെന്ന പ്രാദേശിക താൽപ്പര്യത്തെ പിൻപറ്റി കാൽപ്പന്തുകളിയെ കേരളത്തിലേക്ക് ചുരുക്കലാവും. ഫ്രാൻസിനോട് ദുർബലമായൊരു ക്രഷ് ഉണ്ട്. എൻ്റെ പൊന്നേ എന്നു ചേർത്തുപിടിക്കാൻ മാത്രമുള്ള ഒരിതില്ല. മുഹമ്മദ് സലയും ഈജിപ്തിൻ്റെ സാംസ്കാരിക പാരമ്പര്യവും എനിക്ക് പ്രിയങ്കരങ്ങളാണ്. അക്കാരണങ്ങൾ കൊണ്ടു മാത്രം ഫുട്ബോളിനോടുള്ള നിരുപാധിക മുൻഗണനയെ ഉപേക്ഷിക്കാൻ വയ്യ. ചെറു ടീമുകൾക്കൊപ്പം നിന്നാൽ രാഷ്ട്രീയമായി എനിക്ക് നിവർന്നു നിൽക്കാം.
ഫുട്ബോളിനെ രാഷ്ട്രീയത്തിന് ബലി കൊടുക്കാൻ ഞാൻ തയ്യാറല്ല. നറുക്കിട്ട് ഒരു രാജ്യത്തെ തെരഞ്ഞെടുക്കാമെന്നു വെച്ചാൽ ഫുട്ബോളിനെ ലാസ് വേഗ യുക്തിക്കു വിട്ടു കൊടുക്കലാവും.
48 രാജ്യങ്ങളിലൂടെ ചിന്തയെ മേയാൻ വിട്ടു. ഉറുഗ്വേയിൽ എത്തിയപ്പോൾ എഡ്വേഡോ ഗലീനയെ ഓർമ്മ വന്നു. ഒരു കൃതിയും വായിച്ചിട്ടില്ലെങ്കിലും അദ്ദേഹം എൻ്റെ പ്രീയപ്പെട്ട എഴുത്തുകാരനാണ്. ചില പ്രണയങ്ങൾക്കുപിറകിൽ യുക്തി ഇല്ല. ഉറുഗ്വേയുടെ കോച്ച് ബിയെൽസയെ ഞാൻ ആരാധിക്കുന്നു. ജയത്തെക്കാൾ വലുതാണ് ഫുട്ബോളിൻ്റെ സൗന്ദര്യമെന്ന് നിരന്തരം വിളിച്ചുപറയുന്ന ലാവണ്യ നർത്തകൻ. ഉറൂഗ്വേയുടെ രാഷ്ട്രനായകൻ എൻ്റെ പ്രീയപ്പെട്ടവനാണ്. എൻ്റെ കാമുകി ഉറൂഗ്വേക്കാരിയാണ്. ഇതൊന്നും ഉറൂഗ്വേയെ എൻ്റെ ടീമായി തെരഞ്ഞെടുക്കാൻ മതിയായ കാരണമല്ല.
പക്ഷേ എൻ്റെയെൻ്റെയെന്ന് അഹന്തയോടെ ആർത്തുവിളിക്കാൻ എനിക്കും വേണം ഒരു പടക്കപ്പൽ. ഞാനുമൊരു മനുഷ്യനാണ്. കാരണങ്ങൾ വിശദീകരിക്കാനുള്ള ഫുട്ബോൾ ഭാഷ ഉറൂഗ്വേയോടുള്ള എൻ്റെ പ്രണയത്തിനുമില്ല.
മനുഷ്യരുടെ സർവ്വ സ്‌നേഹങ്ങളുടെയും കഥ ഇതല്ലേ?
എൻ്റെ ടീം ഉറുഗ്വേ.
എൻ്റെ രാജ്യം വരേണമേ.

9. സഡൻ ഡെത്ത്
അധിക സമയമെന്ന സങ്കൽപ്പം പോലും അധികപ്പറ്റാണ്. അധികസമയം സമയത്തെ എങ്ങോട്ടും വലിച്ചു നീട്ടാവുന്ന, കയ്യിൽ അനന്ത സമയമുണ്ടെന്ന ഗർവ്വ് നിറഞ്ഞ പ്രഖ്യാപനമാണ്.
സമനിലയെ തകർക്കാൻ രക്തദാഹികളുണ്ടാക്കിയ ഗൂഢ തത്വസംഹിതയാണത്. സമനിലയെ ആദരിക്കുന്ന കളിയെന്ന നിലയിൽ ചെസ്സിനോട് എനിക്ക് രാഷ്ട്രീയാഭിമുഖ്യമുണ്ട്. സമനിലയിൽ തൃപ്തരായി രണ്ടു കൂട്ടരും പിരിഞ്ഞു പോകുകയെന്നത് വിജയ / പരാജയ യുക്തിക്കു വെളിയിൽ കളികളെ കാണാനുള്ള സ്പോർട്സ് പേർസൺ സ്പിരിറ്റാണ്. അവിടെ മരണമില്ല, രക്തച്ചൊരിച്ചിലില്ല. അഹന്തയുടെ ഫുട്ബോൾ പന്തിൻ്റെ കാറ്റഴിച്ചുവിടുന്ന സങ്കൽപ്പനം, സമനില. സമനിലയിൽ അവസാനിച്ചാൽ ഇരുകൂട്ടർക്കും ആ ഉപഹാരറൊട്ടി പങ്കുവെക്കാം.കാണികൾക്കും പകുത്തു കൊടുക്കാം അതിൽ ജാം തേച്ചിട്ടുണ്ട്. രക്തമില്ല. സമനില കളി തുടങ്ങുന്നതിൻ്റെ അവസ്ഥയാണല്ലോ, കളി വെറുതെയായില്ലേ എന്ന് എൻ്റെ ചങ്ങാതി ചോദിച്ചു. ആ വാദം കളിയിൽ ഫലത്തെ മാത്രം പ്രധാനമായെണ്ണുന്നു. സമനിലയായതുകൊണ്ട് കളി എങ്ങനെയാണ് വ്യർത്ഥമാകുന്നത് ?
അധിക സമയത്തിലും തുല്യത തുടർന്നാൽ? അധിക സമയം തുല്യതയെ ഭഞ്ജിക്കാനുള്ള ഉറച്ച വാഗ്‌ദാനമല്ല. തൊണ്ണൂറു മിനിറ്റിനു ശേഷവും കളിക്കാരെ മൈതാനത്തിൽ ഓടിക്കുന്നത് ക്രൂരമാണത്.
കാണികളുടെ സമയത്തെയും അധിക സമയമെന്ന സങ്കൽപ്പം മാനിക്കുന്നില്ല. സമയത്തോടുള്ള അനാദരവ് ആ വാക്കിലുണ്ട്. ആരുടെ ഖജനാവിലും അനന്തസമയം ഇല്ല. അനാദിയായ സമയം എന്ന് ബഷീർ പറഞ്ഞത് സൂഫി മോഡിൽ കേട്ട് ഓഫ് ചെയ്യേണ്ട സംഗീതമാണ്.
ഷൂട്ടൗട്ടിനുശേഷവും ഒരു ടീം വിജയിച്ചില്ലെങ്കിൽ? സഡൻ ഡെത്ത്!
സഡൻ ഡെത്തിൽ ചൂതാട്ടമുണ്ട്. കൊന്നേ തീരൂ എന്ന ഗ്ലാഡിയേറ്റർ പ്രേക്ഷകരുടെ രക്തദാഹമാണ് സഡൻ ഡെത്ത്. ഷൂട്ട് അറ്റ് സൈറ്റ്.
ഉടനടി, അടിമുടി മരണം!
10. ലൂസേർസ് ഫൈനൽ
മൂന്നാം സ്ഥാനക്കാർക്കായുള്ള മൽസരത്തിന് ലൂസേർസ് ഫൈനൽ എന്ന പേരിട്ട വിദ്വാനെ ഓടിച്ചിട്ടുതല്ലണം.
പരാജിതരും നിരാശരുമായ 22 മനുഷ്യർ ശിരസ്സ് കുനിച്ച് താടിക്ക് കൈയ്യും കൊടുത്ത് മ്ലാനമായി ഇരിക്കുന്ന ദൃശ്യമാണതുണർത്തുന്നത്. കയ്യിലെ പുത്തൻ സോപ്പ് വഴുതി ക്ലോസെറ്റിലേക്കു വീണപ്പോൾ മുഖത്തുണ്ടായ വിവരണാതീതഭാവവുമായി മൈതാനത്തിലേക്കിറങ്ങുന്ന മനുഷ്യരുടെ വിഷ്വൽ അതുണ്ടാക്കുന്നു.
എങ്ങോട്ടാ യാത്രയെന്ന് സ്‌കൂളിൽ പഠിപ്പിച്ച മാഷ് വഴിയിൽവെച്ച് ചോദിക്കവേ, ലൂസേർസ് ഫൈനൽ കാണാൻ പോവുകയാ മാഷെ എന്ന് ഒച്ച താഴ്ത്തി മന്ത്രിക്കുമ്പോൾ പൂർവ്വകാല പ്രാബല്യമുള്ള പുച്ഛത്തോടെ ദോഷൈകദൃഷ്ടിയുടെ തമ്പുരാനായ മാഷ് അർത്ഥഗർഭമായി ചിരിക്കുന്ന ആ സിനിക്കൽ എക്സ്പ്രഷനിൽ മനസ്സിടിഞ്ഞ, തോറ്റുപുറത്തായ കുട്ടിയെ ഗാലറിയിലെ പ്രേക്ഷകരുടെ ദൃശ്യം ഓർമ്മിപ്പിക്കും.
ഗോൾവലയത്തിനു കീഴെ പ്രത്യാശ വറ്റിയ ഭാവത്തോടെ ഉദാസീനനായി നിൽക്കുന്ന അച്ഛനെ ചൂണ്ടി ഗോൾകീപ്പറുടെ മകൾ അമ്മയോട്, അതാ അമ്മേ എൻ്റെ ലൂസറച്ഛൻ എന്ന് ശബ്‌ദം താഴ്‌ത്തിപ്പറയുന്ന തോന്നൽ ആ വാക്ക് ഉണർത്തുന്നു.
എംബാപ്പെയും ഹാരി കെയിനും ഹാളണ്ടും മുഹമ്മദ് സലയുമൊന്നും ലൂസർമാരല്ല.
11 ഒരാൾ മാത്രം അവശേഷിക്കുന്ന കളി.
48x 11 മനുഷ്യർ ഉണ്ടായിരുന്നു.
റിസർവ് ബെഞ്ചിലെ കളിക്കാരും കോച്ചും സ്റ്റാഫുമുണ്ടായിരുന്നു. അവരുടെ രാജ്യക്കാർ ഉണ്ടായിരുന്നു. അതിനു പുറത്ത് കോടാനുകോടി ആരാധകരുണ്ടായിരുന്നു.
ശതകോടിക്കണക്കിന് മനുഷ്യരെ കണ്ണീരിലാഴ്ത്തി ഇപ്പോഴിതാ സ്പെയിൻ കിരീടമുയർത്തിയിരിക്കുന്നു! സ്വപ്നങ്ങളുടെ ശവശരീരം അഴുകുന്ന ഗന്ധം പോലെ മറ്റൊന്നുമില്ല. ലോകക്കപ്പ് തുടങ്ങും മുമ്പുള്ള ലോകമേയല്ലിത്.
ലോകക്കപ്പ് ഫുട്ബോൾ അസംഖ്യ കോടി മനുഷ്യരുടെ അഭിലാഷങ്ങളുടെ ശവപ്പറമ്പിലാണ് ഈ ഘട്ടത്തിൽ എത്തിനിൽക്കുന്നത്. എന്താണിവിടെ നടക്കുന്നത്?
കൊന്നും വെന്നും മുന്നേറുക!
മനുഷ്യകുലത്തിൻ്റെ അടിസ്ഥാനസ്വഭാവം രക്തദാഹമാണ്.
മടുത്തു.
വെറുത്തു.
നേർപ്പിച്ച, ലാവണ്യപൂർണ്ണതയുള്ള യുദ്ധമെന്ന് കായികകലയെ പ്രകീർത്തിച്ചതിൽ എനിക്കിപ്പോൾ കുറ്റബോധമുണ്ട്. വലക്കമ്പികൊണ്ട് തട്ടി, ഭൂഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച്, തൂവലുകൾ കൊണ്ട് യുദ്ധം ചെയ്യുന്ന ഗഗനകേളിവല്ലഭനായ ഷട്ടിൽ ബാറ്റ്മിൻ്റനെ കുറിച്ച് എഴുതിയ കവിത ഞാൻ പിൻവലിക്കുകയാണ്.
ബൈ! എനിക്ക് പ്രതീകാത്മക രക്തം കണ്ടാലും തല ചുറ്റും.

12. പെലെ ഞങ്ങളുടെ മകനാണ്
പുലർച്ചെ ഏറെ നേരം നടന്നെത്തിയ കരിങ്കൽക്വാറിയുടെ പള്ളയിൽ സ്ഥിതിചെയ്യുന്ന ചായക്കടയിലെത്തുമ്പോൾ സമയം നാലുമണിയാകുന്നതേയുള്ളൂ.
ഉണങ്ങിയ വേരുകൾ കൊണ്ടുണ്ടാക്കിയ ചലനശിൽപ്പമെന്നു തോന്നിപ്പിക്കുന്ന, വളഞ്ഞു വളഞ്ഞു മൃഗപടുതിയിലെത്തിയ വൃദ്ധൻ ഒരക്ഷരം മിണ്ടാതെ ഇഡലിയിൽ ചട്ണി ഒഴിച്ച് വിളമ്പി. ഇഡലിയെ ഞാൻ യക്ഷികളുടെ ഫ്രോക്കിൻ്റെ ബട്ടൺ എന്നാണു വിളിക്കുകയെന്ന് അപ്പൂപ്പനോട് പറഞ്ഞപ്പോൾ ഈ ലോകത്തിൻ്റേതല്ലാത്ത പ്രകാശം ആ കണ്ണുകളിൽ തെളിഞ്ഞു.
ഡാകിനിയമ്മൂമ്മയുടെ കാരിക്കേച്ചർ പോലെ കാണപ്പെട്ട വൃദ്ധ ആവി പറക്കുന്ന കുടുംകാപ്പി കൊണ്ടു വെച്ചു. കണ്ണടയിൽ ആവി തട്ടി കാണാൻ പാടില്ലാതായപ്പോൾ അമ്മൂമ്മ ഉറക്കെച്ചിരിച്ചു കൊണ്ട് പെലെയുലെ ചിത്രമുള്ള തൂവാല കൊണ്ടു ഗൂഢകർമമെന്ന മട്ടിൽ തുടച്ചുതന്നു. വീണ്ടും ഇഡലി വിളമ്പിയപ്പോൾ ഞാൻ മതിയെന്ന് വിലക്കി. മതി മതിയെന്ന് പറയാൻ ഭാഷ നഷ്ടപ്പെടുന്ന നിമിഷമാണ് മരണം. അപ്പൂപ്പൻ എൻ്റെ കാതിൽ മന്ത്രിച്ചു.
പണം വാങ്ങിയില്ല. അതെന്തേ? ഞാൻ ചോദിച്ചു. ബ്രസീലിന് കിരീടം കിട്ടിയതല്ലേ? കാത്തിരുന്നു കിട്ടിയത്. പെലെ ഞങ്ങൾക്ക് മകനെപ്പോലെ. മകനെപ്പോലെയല്ല, മകൻ തന്നെ. പോലെ അടുപ്പത്തെ വലിച്ചെറിയുന്ന വാക്കാണ്. അമ്മൂമ്മ പറഞ്ഞപ്പോൾ മുയൽച്ചെവികൾ സ്വീഡനിലെ ആരവം സ്മരിച്ച് നൃത്തം ചെയ്തു.
ചുവരിലെ പൊടിഞ്ഞുതുടങ്ങിയ മുഷിഞ്ഞ കലണ്ടറിൽ 1958 എന്നു ഞാൻ ഞെട്ടലോടെ വായിച്ചു.
13. വിജനമായ പ്രഭാതങ്ങൾ
ഫൗട്ബോളികമായ അർത്ഥാന്വേഷണം മാത്രമാണ് ജീവിതത്തിൽ അവശേഷിക്കുന്നത്. മഹത്വാകാംക്ഷകൾ അസ്തമിച്ച് യാഥാർത്ഥ്യബോധമാർജ്ജിച്ചു കഴിഞ്ഞു. പ്രഭാത നേരങ്ങളിലെ നാടൻ ചായക്കടകളൊഴികെ ഈയിടെയായി ഒന്നിനോടും മമതയില്ല.
വൈകുന്നേരമെന്ന പോലെ ഉച്ചനേരത്തും സ്വന്തം നിഴൽ അവ്യക്തമായി നീണ്ടുകിടക്കുന്നതായി കണ്ടാൽ ഉറപ്പിക്കാം, ജീവിത സായാഹ്ന കാലമായിരിക്കുന്നു. അഭിരുചികളിൽ മുൻഗണനയിലുള്ളവയ്ക്ക് മാത്രമായി ജീവിക്കാൻ കാലമായിരിക്കുന്നു.
പാതയോരത്ത് ഇല്ലാത്ത മരത്തിൽ കെട്ടിയിട്ട അയവിറക്കുന്ന പാൽമണമുള്ള സസ്തനിയാണ് പുലർച്ചയിലെ ചായക്കടകൾ. മനുഷ്യകുലത്തോട് അത് പുലർത്തുന്ന ആഭിമുഖ്യത്തിൻ്റെ അടയാളമാണ് സമോവർ.
വയോധികരായ രണ്ടു മനുഷ്യർ ചായ ഊതി കുടിക്കുന്നു. അണയാറായ തങ്ങളുടെ ജീവിതം ഊതി പ്രക്ഷീണമായ കനലുകൾ ജ്വലിപ്പിക്കുന്നതുപോലെ നിശബ്‌ദമായിരുന്ന് ചായ കുടിക്കുന്നു. സംസാരസാഗരം ശ്രമപ്പെട്ട് നീന്തുന്നതിനിടയിൽ എന്ത് സംസാരിക്കാനാണ്?
തെരുവ് ശൂന്യം.
നായ്ക്കൾ മാത്രമവശേഷിച്ച, മനുഷ്യരാശി അസ്തമിച്ചുകഴിഞ്ഞ പ്ലാനറ്റിലാണോ ഞാൻ ഉള്ളത്?
നായ്ക്കൾ എന്നെ സൂക്ഷിച്ചുനോക്കുന്നു. മനുഷ്യർ അരങ്ങുവിട്ട ഭൂഗോളത്തിൻ്റെ നിയന്ത്രണമേറ്റെടുക്കാൻ അവർ പദ്ധതിയിടുന്നതായി എനിക്ക് മനസ്സിലായി.
പുലർച്ചക്കത്തെ കളിയുടെ തൊണ്ണൂറു മിനിറ്റും അധികസമയവും അവസാനിച്ചപ്പോൾ മാളങ്ങളിൽ നിന്ന് മനുഷ്യർ ഇഴഞ്ഞിറങ്ങി. അർജൻ്റീന ഫാൻസ് ഉഗ്രശബ്‌ദമുള്ള പടക്കങ്ങൾ പൊട്ടിച്ചു തുടങ്ങി. ഇലക്ടിക് പോസ്റ്റിൽ ഒരു ബൾബ് വിറച്ച് അടർന്നു വീണു. നിലത്തു വീണിട്ടും അത് അണഞ്ഞില്ല.
രണ്ട് നവജാത നായ്കുട്ടികൾ അർജൻ്റീന ഫാൻസ് സമ്മാനിച്ച പ്ലാസ്റ്റിക് പന്ത് തട്ടിക്കളിക്കുന്നുണ്ടായിരുന്നു. അവർ മൃഗങ്ങളെ തങ്ങളുടെ മതം പരിശീലിപ്പിക്കുകയാണ്.
ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഹൗസ് അറസ്റ്റു ചെയ്യുന്ന മാന്ത്രിക സൈനിക സംവിധാനംതന്നെ അർജൻ്റീന!

14. നവാനുരാഗങ്ങൾ,
കമ്രശോണ സ്ഫടികവളകൾ!
ഉറുഗ്വേ പുറത്തായതോടെ ശൂന്യത ആഴത്തിൽ ഗ്രസിച്ചു. കളി കാണുമ്പോൾ ഞാനീ ഗോളത്തിലെ അന്തേവാസിയേ അല്ല എന്ന അന്യത അനുഭവപ്പെട്ടു.
ഒരു ടീമിലും എൻ്റെ പ്രതിബിംബം കാണാനില്ല. എൻ്റെ അഹന്തയ്ക്കും ഇച്ഛയ്ക്കും അപരവിദ്വേഷത്തിനും സിനിസിസത്തിനും പണ്ഡിതഗർവ്വിനും രാഷ്ട്രീയ നാട്യങ്ങൾക്കും ആഖ്യാന പ്രഭുതയ്ക്കും അഴിഞ്ഞാടാനുള്ള മൈ ലവ് വികാരം ആരോടും തോന്നുന്നില്ല. ലൈവ് കളികൾ മറ്റേതോ നൂറ്റാണ്ടിൽ നടന്ന മൽസരങ്ങളായി തോന്നി. എൻ്റെ കോട്ടുവാ ഗാലറിയിലെ ആയിരക്കണക്കിന് പ്രേക്ഷകരിലൂടെ പാൻഡമിക് പോലെ പടരുന്നത് ഞെട്ടലോടെ കണ്ടു. എനിക്ക് കളിയോടുള്ള ഉദാസീനത പിടികൂടിയിട്ടെന്നവണ്ണം മഹാരഥൻമാർ പെനാൽട്ടികിക്കുകൾ നിരുത്തരവാദിത്തപരമായി പാഴാക്കി.
കാത്തുകാത്തിരുന്നു ടെലിവിഷനിലായ ലോകക്കപ്പ് ആസ്വദിക്കാനാവാതെ പോകുന്നതിൽ വേദനയുണ്ടായി.
ഉറുഗ്വേയോടുള്ള എൻ്റെ അനുരാഗം ഇത്രയ്ക്കഗാധമായിരുന്നോ? എൻ്റേത് എന്ന വികാരം പൊട്ടിപ്പുറപ്പെടുന്നില്ലെങ്കിൽ സോക്കർ ആസ്വദിക്കാൻ കഴിയാത്ത ഒരാളാണോ ഞാൻ! ഫൗട്ബോളികമല്ലേ എൻ്റെ ഫുട്ബോൾ പ്രണയം?
സ്വീഡനുമായുള്ള ഫ്രാൻസിൻ്റെ കളി കാണുമ്പോൾ, ഇതാ, വീണ്ടും എൻ്റെയെൻ്റെയെന്ന് ഹൃദയം തുടിക്കുന്നു. ഫ്രഞ്ച് ടീം വിവിധ ദേശീയ, വംശീയതകളുടെ ആശ്ലേഷഭൂമിക ആയതുകൊണ്ടു മാത്രമല്ല. രാഷ്ട്രീയമാത്രകാരണങ്ങളാൽ ഫുട്ബോളിനെയും മനുഷ്യരെയും പ്രണയിക്കുന്ന തരം റിഡക്ഷനിസ്റ്റ് ജീവിയല്ലല്ലോ ഞാൻ.
ഉറുഗ്വേയുടെ ചിത എരിഞ്ഞടങ്ങും മുമ്പുള്ള ഫ്രാൻസ് ക്രഷ് ധാർമികമായി നീതീകരിക്കാനാവുമോ? കാമുകിയെ അടക്കം ചെയ്ത് സെമിത്തേരിയിൽ നിന്നു മടങ്ങും വഴി ആകസ്മികമായി കണ്ട പഴയ കൂട്ടുകാരിയിൽ അനുരക്തനാകുന്നതരം മനുഷ്യനാണോ ഞാൻ?
15. എൻ കാതലേ…
ഓർമകൾ പതിയെ നഷ്ടമാവും. പ്രീയപ്പെട്ടവരെയെല്ലാം മറക്കും. അടുപ്പമുള്ളവരെ വിദൂര നക്ഷത്രങ്ങളെന്ന വിധം അപരിചിതത്വത്തോടെ നോക്കും. വസ്തുക്കളുടെ പേര്, ആശയങ്ങൾ, ഭാഷ , ദേശങ്ങൾ സർവ്വതും മറക്കും.
ടെലിവിഷനിൽ റൊണാൾഡിഞ്ഞ്യയുടെ കളി കാണുമ്പോൾ, ആ കളി ഫുട്ബോൾ ആണെന്നുപോലും അറിയാതെ പുഞ്ചിരിയോടെ അക്ഷരങ്ങൾ മൂക്കുകുത്തി കമിഴ്ന്നു വീഴുമെന്ന പോലെ വഴുതി വഴുതി പറയും:
റോണാൾഡിഞ്ഞോ ....
ആത്യന്തികമായി പന്തുതട്ടുന്നവരുടെയും കാണുന്നവരുടെയും തുകൽപ്പന്തിൻ്റെയും മൈതാനത്തിൻ്റെയും ആകാശത്തിൻ്റെയും ആഹ്ലാദവഴിയാണ് കാൽപ്പന്തുകളിയെന്ന് മൈതാനത്തിലെ ഓരോ ചലനത്തിലൂടെയും വിളിച്ചു പറഞ്ഞ ആനന്ദകാമി. ഫുട്ബോൾ പന്ത് ശരീരത്തിൽ എവിടെയും ഒട്ടി നിൽക്കുന്ന ഫെവിക്വിക്ക് മാന്ത്രികൻ! ഓരോ ലോകക്കപ്പ് വരുമ്പോഴും റൊണാൾഡിഞ്ഞ്യോയെ ഓർമ്മ വരും.
അയാൾ കൂടി മൈതാനത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഈ ലോകക്കപ്പിലും എൻ്റെ ഖേദം റൊണാൾഡീഞ്ഞോ ആണ്.
16. ഹൈലൈറ്റ്സ്
നിർമ്മലഹൃദയനും ആത്മോഭ്യുന്നതിയിൽ വിട്ടുവീഴ്ച്ച പുലർത്താത്തവനുമായ കൂട്ടുകാരൻ ആംബിഗ്വിറ്റിയുടെ ചരടഴിച്ചു. പുലർച്ചെ 2.30 ൻ്റെ കളി കണ്ടില്ലെങ്കിൽ പശ്‌ചാത്താപ പീഢകളിലൂടെ കടന്നുപോകേണ്ടിവരും. ലജ്ജയും ആത്മനിന്ദയും ആത്മാവിനെ പിടികൂടും. ചരിത്രപരമായ പോരാട്ടം നടക്കുമ്പോൾ തൽപ്പത്തിൽ
കൂർക്കംവലിച്ചുറങ്ങിയവനെന്നു ചരിത്രമെന്നെ രേഖപ്പെടുത്തും.
നിദ്രാഭംഗമുണ്ടായാലോ ബ്ലഡ് പ്രഷർ കൂടും.
ഉറക്കമിളക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
അടിച്ചേൽപ്പിക്കപ്പെട്ട ഉഗ്ര സാംസ്കാരിക വ്യസനങ്ങളിലൂടെ മനുഷ്യരാശി കടന്നുപോകുന്നു. മണി മുഴങ്ങുന്നതാർക്കുവേണ്ടി? കളി കാണുന്നതാർക്കു വേണ്ടി?
പ്രീയനേ, നിദ്രയെ ഭഞ്ജിക്കേണ്ടതില്ല. രാവിലെ റിസൽട്ട് അറിയാതെ ഹൈലൈറ്റ് സ് കാണാം. ലൈവ് ആണെന്ന് സങ്കൽപ്പിച്ച് കാണുക. ആറ്റിക്കുറുക്കിയ കവിത, ഹൈലൈറ്റ്സ്. അസ്സൽ ഹൈക്കു . സ്ഖലിത നിമിഷ വിരസതകളില്ല. കാര്യമാത്രപ്രസക്തം. പ്രപഞ്ചത്തെയാകെ പ്രതിബിംബിപ്പിക്കുന്ന മഞ്ഞുതുള്ളിയാകുന്നു ഹൈലൈറ്റ്സ്.
കളി കാര്യമാകുന്ന നേരങ്ങളെല്ലാം ഹൈലൈറ്റ്സിൽ ഉണ്ട്. ഉഗ്രൻ റീലുകൾ ചേർത്തുവച്ച പോലത്തെ കിടിലൻ ഫോർമാറ്റ്. പണ്ഡിതസദസ്സിൽ ഘോര സംവാദം നടത്താനും ഓൺലൈൻ ജേർണലിൽ എഴുതാനും ഹൈലൈറ്റ്സ് മതിയാകും. സമയം കുറവാണെങ്കിൽ ഹൈലൈറ്റ്സ് ഓടിച്ചു കാണുകയുമാവാം. കാണുന്നതിലല്ല, കണ്ടെന്നു മനുഷ്യർ വിചാരിക്കുന്നതിലാണ് ആനന്ദ രഹസ്യം.

17. ഹെക്ടർ കാസ്ട്രോ
1930 ഫിഫ ഫൈനലിൽ കാസ്ട്രോ ഹെഡറിലൂടെ വിജയഗോൾ നേടി.
അന്ന് സ്‌റ്റേഡിയത്തിൽ ഉയർന്ന കരഘോഷം അനുതാപത്തിൻ്റെയോ കാരുണ്യത്തിൻ്റെയോ രാഷ്ട്രീയൈക്യദാർഢ്യത്തിൻ്റെയോ പേരിലല്ലാതെ അംഗപരിമിതിയെ ഭിന്നശേഷിയായി വൈകാരികമായി മനസ്സിലാക്കുന്ന പബ്ലിക് ആർട്ട് ഫോം ആയിരുന്നു.
കാസ്‌ട്രോയ്ക്ക് വലതു കൈമുട്ടിനു താഴെ കൈ ഉണ്ടായിരുന്നില്ല. അംഗപരിമിതനായ കാസ്ട്രോയെ ലോകകപ്പ് ടീമിലെടുക്കാൻ ധൈര്യം കാണിച്ച 31 വയസ്സുകാരൻ കോച്ച് സൂപ്പിച്ചിയെ നിങ്ങൾ എന്തു വിളിക്കും? ത്രോ ഇൻ ചെയ്യാൻ ഒരു കരം ഇല്ലെന്നതൊഴിച്ചാൽ കാസ്ട്രോ അക്ഷരാർത്ഥത്തിൽ അധികശേഷിക്കാരനായ അംഗപരിമിതനായിരുന്നു. താൻ കളിക്കുന്നത് ഹാൻഡ് ബോളല്ല എന്നയാൾ നിരന്തരമുരുവിട്ടിരിക്കണം.അയാളുടെ വലതുകാലിന് ഇരട്ടപ്രഹരശേഷി ഉണ്ടായിരുന്നു.
ഞങ്ങൾ ഉറുഗ്വേക്കാരുടെ പൂർണതാസങ്കൽപ്പത്തിൽ അംഗവ്യതിരിക്തർക്കും ഇടമുണ്ട്. അതൊരു രാഷ്ട്രീയഔദാര്യമല്ല.
18 ന്യായാധിപൻ കളിച്ചുതുടങ്ങുമ്പോൾ കളി അവസാനിക്കുന്നു.
റഫറിയുടെ പിന്തുണയോടെ കളിക്കുമ്പോൾ ഒരു ടീമിൻ്റെ അംഗസംഖ്യ 12 ആകുന്നു. ഈജിപ്തുമായുള്ള കളിയിൽ അർജൻ്റീനൻ ടീമിൽ 12 പേരുണ്ടായിരുന്നു. ഒന്നാമൻ മഞ്ഞ ജേർസിയും കറുത്ത ട്രൗസറും ധരിച്ച ഫ്രഞ്ച്കാരൻ ദൈവം, Francuis letexier.
നിർലജ്ജമായ പക്ഷപാതിത്വത്തോടെ മൈതാനത്തിൽ ദൈവം വിധിനിർണായകമായി പ്രവർത്തിച്ചു.
മനുഷ്യപരിമിതികളെ മറികടക്കാൻ സൃഷ്ടികപ്പെട്ട വാർ ടെക്നോളജി ദൃശ്യങ്ങൾ തന്നിഷ്ടപ്രകാരം ദൈവം എഡിറ്റ് ചെയ്ത് മെസ്യനുകൂലഷോർട്ട് ഫിലിം നിർമിച്ചു. പെനാൽട്ടി ബോക്‌സിനകത്ത് സലയുടെ മേൽ സംഭവിച്ച ഫൗൾ ദൈവം കണ്ടില്ലെന്നു നടിച്ചു.
കോടതി ന്യായാധിപരെപ്പോലെ ഫുട്ബോൾ റഫറിമാരും മനുഷ്യരാണ്. അവർക്കും പിത്താശയവും ചെറുകുടലുമുണ്ട്. നികൃഷ്ടമായ വംശീയനിന്ദാധ്വനികളുള്ള ചലച്ചിത്രങ്ങൾ കാണുമ്പോൾ അവരിൽച്ചിലർ ആനന്ദമനുഭവിക്കുന്നുണ്ട്. കളിക്കളത്തിൽ റഫറി കളിച്ചു തുടങ്ങുന്നതോടെ മൽസരം ചരമശയ്യയിലാകുന്നു.
ഫുട്ബോൾ റഫറിയെക്കുറിച്ച് മുമ്പെഴുതിയ അണയ്ക്കാതെ സഞ്ചരിക്കുന്ന ഏകാന്തതകൾ എന്ന ഉപന്യാസത്തിലെ ഒരു ഭാഗം റഫറി സമൂഹത്തിൻ്റെ ഓർമ്മയ്ക്കായി പങ്കുവെക്കുകയാണ്:
"അയാൾ കളിക്കളത്തിലാണ്, പക്ഷേ കളിയിലല്ല. കളിയയാൾക്ക് വിനോദമല്ല. ഒരു നീതിന്യായ വ്യവസ്ഥയാണ്. മറ്റാരെക്കാളും അയാൾക്ക് കളി കാര്യമാണ്. ക്ലോസപ്പ് മാത്രമുള്ള ചലച്ചിത്രം, അയാളുടെ കാഴ്ച്ചകൾ. ശിരസ്സിനകത്തൊരു നിയമഗ്രന്ഥവുമായി അശ്രാന്തമക്ഷീണമനുസ്യൂതം ഓടിക്കൊണ്ടിരിക്കുന്ന ഒരാൾ.
അയാളുടെ പിഴവുകൾ ചരിത്രം സൃഷ്ടിക്കുന്നു, ശരികൾ പോലെത്തന്നെ. റഫറി. ഗാലറിയിൽ കളി കാണുന്ന അയാളുടെ കാമുകി പോലും മടുപ്പുളവാക്കുന്ന ഒരു തിരശ്ശീല വകഞ്ഞുമാറ്റുന്നതു പോലെ അയാളെ ഇറേസു ചെയ്തുകൊണ്ടാണ് കളി കാണുന്നത്.
കളി കയ്യാങ്കളിയാകുമ്പോൾ വെളിച്ചപ്പെടുന്ന കഥാപാത്രമാണ് മിക്കപ്പോഴും റഫറി. ഫീൽ ഗുഡ് നിമിഷങ്ങളിലൊന്നും കാണികൾ റഫറിയെ കാണുന്നതേയില്ല. കാഴ്ചയിൽപ്പെടുമ്പോഴും കാണാൻ കണ്ണു വിസമ്മതിക്കുന്ന അപ്രധാന ദൃശ്യമായി നമ്മളാ കഥാപാത്രത്തെ തമസ്കരിക്കുന്നു. സ്പോർട്സ് പേർസൺ സ്പിരിറ്റ് ചോർന്ന് കളിക്കാർ കുരുത്തക്കേടു കാണിക്കുമ്പോൾ കുടം തുറന്നു വരുന്ന ഭൂതത്തെപ്പോലെ സ്ഥിതി പരിപാലകനായ റഫറി അരങ്ങിൽ തന്റെ ഭാഗം നടിക്കുന്നു.കളിയൊട്ടും ആസ്വദിക്കാനാവാത്ത കാണിയാണ് ഫുട്ബാൾ റഫറി .ഏറ്റവും സമീപസ്ഥനായ കാണിയായിരുന്നിട്ടും.

തെറ്റുകൾ അരിച്ചെടുക്കുന്ന ഒരു യന്ത്രമാണയാൾ.
കളിക്കളത്തിലെ ഏകാധിപതിയുടെ അലംഘനീയമായ ഒറ്റയാവൽ റഫറി നിരന്തരം അനുഭവിക്കുന്നു. ആരാധന ശിരസ്സിൽ പിടിക്കുന്ന നിമിഷം റഫറിയിലെ ന്യായാധിപൻ അന്തരിക്കുന്നു. സ്വകരസ്പർശമുള്ള ഗോൾ മറഡോണയെ ദൈവമാക്കിയുയർത്തും, അതു കാണാതെ പോയ റഫറി ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ കിടക്കും.
കളിനിയമങ്ങളുടെ ഗ്രാഹ്യം മാത്രം പോരാ മികച്ച റഫറിയാവാൻ.ശിരസ്സിലെ നിയമ ഗ്രന്ഥത്തിന്റെ ലിങ്ക് റഫറിക്ക് അപ്പപ്പോൾ ലഭിക്കുന്നുണ്ട്. കോടതി ന്യായാധിപൻമാരെപ്പോലെ കേസ് അടുത്ത മാസത്തേക്കു നീട്ടി വെയ്ക്കാനോ പഠിക്കാൻ സമയമെടുക്കാനോ റഫറിക്ക് നിർവ്വാഹമില്ല. തൽക്ഷണതയുടെ ആസന്നതകളിലാണയാളുടെ തീരുമാനങ്ങൾ. ചിന്തിച്ചു തീരുമാനമെടുക്കൂ എന്ന സെൽഫ് ഹെൽപ്പ് വേദഗ്രന്ഥ ആപ്തവാക്യങ്ങൾ അയാൾക്കു ബാധകമല്ല. അപ്രവചനീയതകളും യാദൃച്ഛികതകളും അനുനിമിഷ റിഫ്ലക്സുകളും കൊണ്ട് സങ്കീർണ്ണമായ ഒരിടത്തു നിന്നു കൊണ്ടാണ് റഫറി തീരുമാനങ്ങളെടുക്കുന്നത്. വർത്തമാനം മാത്രമാണയാളുടെ കാലം. തിരുത്തിപ്പറയുന്നതും ഏറ്റുപറയുന്നതും മാനുഷികമൂല്യങ്ങളായി ശ്ലാഘിക്കപ്പെടുമെങ്കിലും റഫറിമാർക്ക് അത്തരം ആനുകൂല്യങ്ങൾ അനുവദിക്കപ്പെട്ടിട്ടില്ല ആ ഡ്രൈവർ എപ്പോഴും ഹെയർപിൻ ചുരത്തിലാണ് വണ്ടിയോടിക്കുന്നത്. നാടകങ്ങളുടെ ആചാര്യൻമാരായ കളിക്കാരുടെ കപടനാട്യങ്ങളിൽ അയാൾക്ക് വഴുതി വീഴാൻ പാടില്ല.
കണ്ണുപിഴ ഇത്ര വലിയ കുറ്റകൃത്യമാകുന്ന മനുഷ്യാവസ്ഥ അധികമില്ല. എല്ലായ്പ്പോഴും ഹൃദയ ശസ്ത്രക്രീയ ചെയ്യുന്ന സർജന്റെ ജാഗ്രത അയാളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. സന്ദേഹിയുടെ സംവാദങ്ങൾക്ക് തത്വചിന്തയിൽ സൗന്ദര്യമുണ്ട്. ചഞ്ചലചിത്തതയുടെ സൗന്ദര്യശാസ്ത്രത്തിന് മൈതാനത്തിനു വെളിയിൽ അഴകും അർത്ഥവുമുണ്ട്. റഫറിയിങ്ങിലെ അന്തക വികാരമാണ് സന്ദേഹവും ചലിതചിത്തവും’’.
