യു. ഷറഫലി

ഫുട്​ബോളിനൊപ്പം

ഏതെങ്കിലും പ്രദർശന മത്സരങ്ങളിലോ പരിശീലന മത്സരങ്ങളിലോ അഞ്ചോ ആറോ കളികളിൽ പങ്കെടുത്ത ഒരു എക്‌സ്പീരിയൻസ് ഞങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ ടൂർണമെന്റുകളിൽ കുറേകൂടി മികച്ച പ്രകടനം കാഴ്ചവെക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു

പായണം, കേരളം

ഷഫീഖ്​​ താമരശ്ശേരി: ഗ്രാമ നഗര ഭേദമില്ലാതെ കേരളത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ ഫുട്‌ബോൾ ആരവമാണ്. ലോക ഫുട്‌ബോളിനെ അങ്ങേയറ്റം തീവ്രതയിൽ നെഞ്ചേറ്റിയ ജനതയാണ് മലയാളികൾ എന്നത് അന്താരാഷ്ട്രവേദികളിൽ പോലും പരാമർശിക്കപ്പെടാറുണ്ട്. വൻകരകൾക്കപ്പുറത്ത് നടക്കുന്ന ലോകകപ്പ് മത്സരങ്ങളെ സമാനതകളില്ലാത്ത ആവേശങ്ങളുമായി ഈ നാട്ടിൽ വരവേറ്റിരുന്ന മലയാളികളെ കൂടുതൽ ആവേശംകൊള്ളിച്ചുകൊണ്ടാണ് കേരളവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഖത്തറിൽ ഇത്തവണ ലോകകപ്പ് എത്തുന്നത്. മലയാളികളുടെ ഫുട്‌ബോൾ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ആളെന്ന നിലയിൽ, ഖത്തറിൽ നടക്കുന്ന ഈ ലോകകപ്പിനെ ഏതെല്ലാം വിധത്തിലാണ് വിലയിരുത്തുന്നത്?

യു. ഷറഫലി : പൊതുവെ ലോകത്തിലെ ഏത് ഭൂഖണ്ഡത്തിൽ സംഭവിക്കുമ്പോഴും നമ്മുടെ സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിന്റെ പ്രതീതിയിലാണ് മലയാളികൾ ലോകകപ്പിനെ വരവേൽക്കാറ്​. ഇത്തവണ ഇന്ത്യയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന, കേരളവുമായി സവിശേഷമായി ധാരാളം ബന്ധങ്ങളുള്ള, നിരവധി മലയാളികൾ ജോലി ചെയ്യുന്ന ഒരിടത്താണ് വേൾഡ്കപ്പ് എന്നത് വിവരണാതീതമായ ആവേശത്തിലേക്ക് മലയാളികളെ കൊണ്ടെത്തിച്ചിട്ടുണ്ട്. താരതമ്യേന മലയാളികൾക്ക് എളുപ്പം പോയി വരാൻ കഴിയുന്ന രാജ്യമാണ് ഖത്തർ എന്നതുകൊണ്ടുകൂടി ഇത്തവണ ഖത്തറിലെ മൈതാനങ്ങളിൽ വലിയ രൂപത്തിൽ മലയാളി സാന്നിധ്യം നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യ പോലൊരു രാഷ്ട്രത്തിൽ സമീപകാലത്തൊന്നും ഇതുപോലൊരു വേദി വരുമെന്ന് പ്രതീക്ഷിക്കാൻ വഴിയില്ലാത്തിടത്തോളം മലയാളികളെ സംബന്ധിച്ച് ഖത്തറിൽ ലോകകപ്പ് നടക്കുന്നത് ജന്മനാട്ടിൽ നടക്കുന്നതിന് തുല്യമാണ്.

മലയാളികളെ സംബന്ധിച്ച് ഖത്തറിൽ ലോകകപ്പ് നടക്കുന്നത് ജന്മനാട്ടിൽ നടക്കുന്നതിന് തുല്യമാണ്. / Photo: Wikimedia Commons

ഫുട്‌ബോളിനെ അളവറ്റ വിധത്തിൽ സ്‌നേഹിക്കുന്ന കേരളീയർക്ക് ലോകഫുട്‌ബോളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഇവൻറ്​ നേരിൽ അനുഭവിക്കാനും, കാലങ്ങളായി മനസ്സിൽ ആരാധിക്കുന്ന താരങ്ങളെ നേരിൽ കാണാനും സാധിക്കുന്നത് മലയാളികളുടെ ഫുട്‌ബോൾ വൈകാരികതകളിൽ കുറേ കൂടി ആഴത്തിലുള്ള സ്വാധീനമുണ്ടാക്കുമെന്നാണ് ഞാൻ കരുതുന്നത്.

കേരളത്തിന്റെ ഫുട്‌ബോൾ ആവേശങ്ങളെക്കുറിച്ചുള്ള വിശേഷണങ്ങളിൽ മലപ്പുറത്തിന് സവിശേഷമായ ഒരിടമുണ്ട്. മലപ്പുറത്തെ ഗ്രാമീണ ജീവിതത്തിൽ ഫുട്‌ബോളിനുള്ള സ്വാധീനത്തിൽ നിന്ന് രാജ്യം അറിയുന്ന ധാരാളം കായികതാരങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. താങ്കളുടെ ജന്മനാടായ അരീക്കോട് ഇത്തരം പ്രഗത്ഭരായ അനേകം കായികതാരങ്ങളെ ഫുട്‌ബോളിന് സമ്മാനിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുകയാണ്. മലപ്പുറം ഫുട്‌ബോളിന്റെ ഈ തലമുറ കൈമാറ്റത്തിന് പിന്നിൽ എന്താണ്?

മുൻതലമുറകളിൽ നിന്ന് ഞങ്ങൾ കേട്ടറിഞ്ഞതുപ്രകാരം, ബ്രിട്ടീഷ് ഭരണകാലത്താണ് മലപ്പുറത്തെ ഗ്രാമങ്ങളിൽ ഫുട്‌ബോളെത്തിയത്. 1921 ലെ മലബാർ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ ആയുധമേന്തി പോരാടിയ ഏറനാട്ടെയും വള്ളുവനാട്ടെയും മാപ്പിള പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ എം.എസ്.പി. (മലബാർ സ്‌പെഷ്യൽ പൊലീസ്) എന്ന പ്രത്യേക സേനക്ക് ഭരണകൂടം രൂപം നൽകി. എം.എസ്.പിയുടെ അന്നത്തെ ഒരു പ്രധാനകേന്ദ്രം അരീക്കോട് ആയിരുന്നു. എം.എസ്.പി സൈന്യം അവരുടെ കായികവിനോദങ്ങൾക്കായി അരീക്കോട് പ്രദേശത്തെ മൈതാനങ്ങളെ ഉപയോഗപ്പെടുത്തുമായിരുന്നു. മൈതാനങ്ങളിൽ എം.എസ്.പിക്കാർ ഫുട്‌ബോൾ കളിക്കുന്നത് കണ്ടാണ് മലപ്പുറത്തുകാരും ഫുട്‌ബോൾ പഠിച്ചത്. പഴയ തുണികൾ ഗോളാകൃതിയിൽ വരിഞ്ഞുകെട്ടി ഫുട്‌ബോൾ മാതൃകയിലുള്ള പന്തുകളുണ്ടാക്കി ബ്രിട്ടീഷുകാരുടെ കായികവിനോദത്തെ അനുകരിച്ചുകൊണ്ടാണ് മലപ്പുറത്തുകാർ ഫുട്‌ബോൾ പഠിക്കുന്നത്. പിൽക്കാലത്ത് ബ്രിട്ടീഷുകാരുടെ ടീമുകൾക്കെതിരെ കളിക്കാൻ അവസരം ലഭിച്ചപ്പോൾ മലപ്പുറത്തുകാർക്ക് ആ കളി ഒരു കായിക വിനോദം എന്നതിനപ്പുറം അധിനിവേശ ശക്തികൾക്കെതിരായ പ്രതീകാത്മക പ്രതിരോധം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ മലപ്പുറം ഫുട്‌ബോളിന് ഒരു ബ്രിട്ടീഷ് വിരുദ്ധ പ്രതിരോധത്തിന്റെ ചരിത്ര പശ്ചാത്തലം കൂടിയുണ്ട്.

പുഴയോരങ്ങളിലെ ചെറുമൈതാനങ്ങളിൽ രാവിലെയും വൈകീട്ടും അവധിദിനങ്ങളിലുമെല്ലാം നിരന്തരം ഫുട്‌ബോൾ ആരവങ്ങൾ കാണാം. / Photo: kiranprakashec Instagram Page

സമീപകാലത്ത് ഈ പ്രദേശങ്ങളിൽ ഫുട്‌ബോളിന് വീണ്ടും വീണ്ടും വളർച്ചയുണ്ടായതിൽ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ കൂടി പങ്കുവഹിച്ചിട്ടുണ്ട്. ചാലിയാർ പുഴയുടെ ഇരുകരകളിലുമായാണ് അരീക്കോടും പരിസര ഗ്രാമങ്ങളും നിലകൊള്ളുന്നത്. ഇവിടുത്തെ പശിമയുള്ള മണ്ണ് ഫുട്‌ബോളിന് വളരാൻ വളക്കൂറ് നൽകുന്നതാണ്. വലിയ പരിക്കുകളില്ലാതെ ചാലിയാറിന്റെ കരകളിലെ നനവുള്ള മണ്ണിൽ കായികതാരങ്ങൾക്ക് അവരുടെ കായികക്ഷമതയെ പരിപോഷിപ്പിച്ചെടുക്കാം. പുഴയോരങ്ങളിലെ ചെറുമൈതാനങ്ങളിൽ രാവിലെയും വൈകീട്ടും അവധിദിനങ്ങളിലുമെല്ലാം നിരന്തരം ഫുട്‌ബോൾ ആരവങ്ങൾ കാണാം. ഇന്ന് പുഴയുടെ ഗതിയിൽ വന്ന മാറ്റങ്ങൾ കാരണം തീരത്തെ ഗ്രൗണ്ടുകൾ പലതും ഇല്ലാതായെങ്കിലും അതിനുള്ള ബദൽ സാധ്യതകൾ കണ്ടെത്തിയാണ് ആളുകൾ മുന്നോട്ടുപോകുന്നത്.

ഫുട്‌ബോളിലൂടെ ഉയർന്നുവരുന്ന വലിയൊരു ശതമാനം ആളുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരിക്കും എന്നത് എക്കാലത്തെയും ചരിത്രസത്യമാണ്.

ഇവിടുത്തെ തെരട്ടമ്മൽ എന്ന ഒരു പ്രദേശത്ത് മാത്രം അടുത്തടുത്ത സ്ഥലങ്ങളിലായി ആറോളം മൈതാനങ്ങളുണ്ട്. നാട്ടുകാർ അത് പൊന്നുപോലെ സംരക്ഷിക്കുന്നുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതായി ഇതിൽ വിലയിരുത്തേണ്ട മറ്റൊരു സംഗതി, ഗ്രാമീണ ജീവിതത്തിൽ ഫുട്‌ബോളിന് ഇത്രമേൽ സ്വീകാര്യത നേടിക്കൊടുത്തത് സെവൻസ് ഫുട്‌ബോൾ ആണ്. കൃത്യമായ ഇടവേളകളിൽ നടത്തപ്പെടുന്ന ലോക്കൽ സെവൻസ് ടൂർണമെന്റുകളെ ഉത്സവപ്രതീതിയിലാണ് നാട്ടുകാർ വരവേൽക്കാറ്​. അനേകം പേർക്ക് ഇത് ജീവനോപാധിയായി മാറുന്നു. ഇത്തരത്തിൽ അരീക്കോട്ടെയും പരിസരങ്ങളിലെയും സാധാരണ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ ഫുട്‌ബോളിനും കൃത്യമായൊരു പങ്കുണ്ട്. ഉന്നതരായ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതും ഇത്തരം ലോക്കൽ ടൂർണമെന്റുകളാണ്. നാട്ടുകാരായ യുവതാരങ്ങൾക്ക് കളിക്കാനും അവരുടെ പ്രകടനങ്ങൾ മെച്ചപ്പെടാനുമുള്ള സാധ്യതകളും അവസരങ്ങളുമുണ്ടാക്കുന്ന റോൾ കൂടി ഇത്തരം ലോക്കൽ ടൂർണമെന്റുകൾ വഹിക്കുന്നുണ്ട്.

ഫുട്‌ബോളിലൂടെ ഉയർന്നുവന്ന് ജോലിയും പ്രശസ്തിയുമെല്ലാം നേടിയ ധാരാളം പേർ ഈ മേഖലയിലുണ്ട്. ഫുട്‌ബോൾ അനുബന്ധമായ കാര്യങ്ങളിൽ നിന്ന് ജീവനോപാധി കണ്ടെത്തുന്നവരും നിരവധിയാണ്. ഇന്ന് പ്രൊഫഷണൽ ക്ലബ്ബുകളിൽ ചേക്കേറി ഉയർന്ന പദവികളിലെത്തിയവരും ധാരാളമുണ്ട്. അതുകൊണ്ട് തന്നെ വളർന്നുവരുന്ന കുട്ടികളെ ഫുട്‌ബോളിലേക്ക് പറഞ്ഞുവിടുന്നതിൽ രക്ഷകർത്താക്കൾക്കും വലിയ താതപര്യവും ഉത്സാഹവും ഒക്കെയുണ്ട്. മുൻകാലങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് കാര്യമായി ശോഭിക്കാൻ കഴിയാതെ പോയ പലർക്കും അവരുടെ കായിക പ്രതിഭയിലൂടെ മുന്നേറി ജീവിതം കണ്ടെത്താൻ ഫുട്‌ബോൾ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

ഗ്രാമീണ ജീവിതത്തിൽ ഫുട്‌ബോളിന് ഇത്രമേൽ സ്വീകാര്യത നേടിക്കൊടുത്തത് സെവൻസ് ഫുട്‌ബോൾ ആണ്. കൃത്യമായ ഇടവേളകളിൽ നടത്തപ്പെടുന്ന ലോക്കൽ സെവൻസ് ടൂർണമെന്റുകളെ ഒരു ഉത്സവ പ്രതീതിയിലാണ് നാട്ടുകാർ വരവേൽക്കാറുള്ളത്. / Photo: Nadish M Instagram Page

മലപ്പുറമടക്കമുള്ള മലബാറിലെ പ്രദേശങ്ങൾ ഫുട്‌ബോളിന് ഇത്ര പ്രാധാന്യം നൽകിയിട്ടും അതിനാനുപാതികമായ തരത്തിൽ സർക്കാർ തലത്തിലും മറ്റും വേണ്ട പരിഗണനകൾ ഈ മേഖലയ്ക്ക് ലഭിക്കുന്നില്ല എന്ന പരാതി എപ്പോഴും ഉയരാറുണ്ട്. അത് ശരിയാണോ?

അത് വാസ്തവമാണ്. വിദ്യാർത്ഥികളിലും അവരുടെ രക്ഷകർത്താക്കളിലുമെല്ലാം ഫുട്‌ബോളിനോട് ഇത്ര താത്പര്യങ്ങളുണ്ടായിട്ടും അവയെ പരിപോഷിപ്പിക്കുന്ന തരത്തിൽ ഫുട്‌ബോൾ അക്കാദമികളോ മറ്റ് സംവിധാനങ്ങളോ ഒന്നും ഇവിടെയില്ല എന്നതുതന്നെയാണ് സത്യം. ഒറ്റപ്പെട്ട അക്കാദമികളും ചില സ്ഥാപനങ്ങളും കുട്ടികൾക്ക് പരിശീലനങ്ങളും പ്രോത്സാഹനങ്ങളുമെല്ലാം നൽകുന്നുണ്ടെങ്കിലും അതുകൊണ്ട് മാത്രം കാര്യമില്ല. കേരളത്തിന്റെ കായികമേഖലക്ക് ഇത്ര പ്രതിഭകളെ സമ്മാനിച്ച ഒരു പ്രദേശത്തിന് കുറേകൂടി ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. മലബാറിലെ ഫുട്‌ബോളിന് ഭാവിയിലും വളർച്ച ഉണ്ടാകണമെങ്കിൽ ഈ മേഖലയിലേക്ക് പുതുതായി വരുന്ന കുട്ടികളെ ഉൾക്കൊള്ളാനും അവരുടെ മുന്നോട്ടുള്ള വളർച്ച സാധ്യമാക്കുന്ന വിധത്തിൽ ആധുനിക പരിശീലനം നൽകാനും കുറേകൂടി മെച്ചപ്പെട്ട സേവനങ്ങൾ നൽകേണ്ടതുണ്ട്.

അതി പ്രഗത്ഭരായ താരങ്ങൾ ഇന്നുമുണ്ട്. രാഹുൽ കെ. പി., സഹൽ അബ്ദുസ്സമദ്, അനസ് എടത്തൊടിക, ആഷിക് കുരുണിയൻ തുടങ്ങി രാജ്യത്തിന് തന്നെ അഭിമാനമായ നിരവധി താരങ്ങൾ ഇന്നും കേരളത്തിലുണ്ട്.

ചെറുതും വലതുമായ പല ശ്രമങ്ങളും ഇക്കാര്യത്തിനായി ഞങ്ങൾ നടത്തിവരുന്നുണ്ട്. വരുന്ന ആഴ്ച, ഞാനടക്കമുള്ള മുൻ ഫുട്‌ബോൾ താരങ്ങളുടെ കൂട്ടായ്മയിൽ ഒരു ഫുട്‌ബോൾ അക്കാദമിക്ക് തുടക്കം കുറിക്കുന്നുണ്ട്. അരീക്കോടിനടുത്ത് പതിനഞ്ചേക്കറിലധികം ഭൂമി ഇതിനായി ഞങ്ങൾ കണ്ടെത്തി. റസിഡൻഷ്യൽ ക്യാംപസോടുകൂടിയ അക്കാദമിക്ക് തുടക്കം നൽകാനാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. ഇതുപോലുള്ള ശ്രമങ്ങൾ കൂടുതലായി ഉണ്ടാകേണ്ടത് സർക്കാറിന്റെ ഭാഗത്ത് നിന്നാണ്.

ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, ഷറഫലി, സി.വി. പാപ്പച്ചൻ, വി. പി സത്യൻ, കുരികേശ് മാത്യു തുടങ്ങിയ പ്രഗത്ഭരായ ഒരു താരനിര തന്നെ മുൻകാലത്ത് കേരള ഫുട്‌ബോളിലുണ്ടായിരുന്നു. സാമൂഹിക പിന്നാക്കാവസ്ഥയിൽ നിന്നാണ് ഇതിൽ മിക്കവരും ഉയർന്നുവന്നിട്ടുള്ളത്. കായികതാരങ്ങൾ ഉയർന്നുവരുന്നതിൽ കേരളത്തിൽ തുടർച്ചകളുണ്ടാകുന്നുണ്ടോ, ഇന്നും പുതിയ താരങ്ങൾ ഉയർന്നുവരുന്നുണ്ടോ?

വി. പി. സത്യന്റെ ഒപ്പം ഐ. എം. വിജയൻ / Photo: Indian Football Team Twitter

ഫുട്‌ബോളിലൂടെ ഉയർന്നുവരുന്ന വലിയൊരു ശതമാനം ആളുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരിക്കും എന്നത് എക്കാലത്തെയും ചരിത്രസത്യമാണ്. പ്രതികൂല സാഹചര്യങ്ങളെ കഠിനമായി അതിജീവിക്കാനുള്ള മാനസിക -ശാരീരിക കരുത്തുള്ളവർക്കാണ് ഫുട്‌ബോൾ രംഗത്ത് പിടിച്ചു നിൽക്കാനാവുക. മൂർച്ചയേറിയ അനുഭവങ്ങൾ ജീവിതത്തിലുള്ളവരാണ് അധികവും ഫുട്‌ബോൾ രംഗത്ത് പിടിച്ചുനിന്നിട്ടുള്ളത്. താങ്കൾ നേരത്തെ സൂചിപ്പിച്ച കായിക താരങ്ങളിൽ മിക്കവരും അത്തരം അനുഭവങ്ങളുള്ളവരും പിന്നാക്ക പശ്ചാത്തലങ്ങളിൽ നിന്ന് വന്നവരുമായിരുന്നു. അത്യാവശ്യം സുഖസൗകര്യങ്ങളോടുകൂടി ജീവിച്ചുവന്നവർക്ക് ഈ രംഗത്ത് അധികം പിടിച്ചുനിൽക്കാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

മുൻകാല കായികതാരങ്ങളിൽ അങ്ങേയറ്റം എക്‌സ്ട്രാ ഓർഡിനറി ആയിരുന്ന ഐ.എം. വിജയനെ പോലൊരു കായികതാരം പിന്നീടുണ്ടായില്ല എന്നത് ശരിയാണ്. പക്ഷേ അതും ഭാവിയിൽ സംഭവിക്കുമെന്ന് തന്നെയാണെന്റെ വിശ്വാസം.

കേരളത്തിന്റെ ഫുട്‌ബോൾ രംഗത്ത് പ്രഗത്ഭരായ കായികതാരങ്ങൾ ഉയർന്നുവരുന്നതിൽ എല്ലാ കാലത്തും തുടർച്ചയുണ്ടായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. മുൻകാലത്തെ ആസ്വാദന അന്തരീക്ഷമോ രീതികളോ അല്ല ഇന്നുള്ളത്. അന്ന് നിലനിന്നിരുന്ന ടൂർണമെന്റുകൾ, നിരന്തര ഫുട്‌ബോൾ മത്സരങ്ങൾ അതുമായി ബന്ധപ്പെട്ട് വന്നിരുന്ന പത്രവാർത്തകൾ ഇതെല്ലാം, അക്കാലത്തെ കളിക്കാരെ കുറിച്ചും ആ കാലത്തെ കുറിച്ചും കുറേകൂടി തീവ്രമായ ഗൃഹാതുര ഓർമകൾ മലയാളികൾക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്. പഴയകാല ഫുട്‌ബോൾ പ്രേമികളുടെ ആസ്വാദനരീതികളും ഭാവുകത്വവുമെല്ലാം മറ്റൊന്നായി നിലനിന്നതിൽ അക്കാലത്തെ സാമൂഹിക സവിശേഷതകൾക്കുകൂടി പങ്കുണ്ട്.

ഇന്ന് ഡിജിറ്റൽ കാലത്ത് പുതിയ സാങ്കേതികതൾക്കിടയിൽ കൂടിയാണ് ഫുട്‌ബോൾ മുന്നോട്ടുപോകുന്നത്. പ്രൊഫഷണൽ ഫുട്‌ബോൾ വന്നതോടുകൂടി സാഹചര്യങ്ങൾ പലതും മാറി. അതി പ്രഗത്ഭരായ താരങ്ങൾ ഇന്നുമുണ്ട്. രാഹുൽ കെ. പി., സഹൽ അബ്ദുസ്സമദ്, അനസ് എടത്തൊടിക, ആഷിക് കുരുണിയൻ തുടങ്ങി രാജ്യത്തിന് തന്നെ അഭിമാനമായ നിരവധി താരങ്ങൾ ഇന്നും കേരളത്തിലുണ്ട്. അവരൊക്കെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഭാഗമായി പല ടീമുകളിലേക്ക് മാറിമറിയുന്നതുകൊണ്ടും മുൻകാലങ്ങളെ അപേക്ഷിച്ച് ജനങ്ങളെ നേരിട്ട് ആവേശഭരിതരാക്കുന്ന കേരളത്തിലെ മേജർ ടൂർണമെന്റുകളിൽ പലതും ഇപ്പോൾ ഇല്ലാതെപോയതുകൊണ്ടുമൊക്കെ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ ഓരോ താരങ്ങളും പതിയുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഇല്ലാതെ പോയത് മാത്രമാണ്. അല്ലാതെ കായികതാരങ്ങൾ ഉയർന്നുവരാതിരുന്നിട്ടില്ല. മുൻകാല കായിക താരങ്ങളിൽ അങ്ങേയറ്റം എക്‌സ്ട്രാ ഓർഡിനറി ആയിരുന്ന ഐ.എം. വിജയനെ പോലൊരു കായികതാരം പിന്നീടുണ്ടായില്ല എന്നത് ശരിയാണ്. പക്ഷേ അതും ഭാവിയിൽ സംഭവിക്കുമെന്ന് തന്നെയാണെന്റെ വിശ്വാസം.

അനസ് എടത്തൊടിക,രാഹുൽ കെ. പി , സഹൽ അബ്ദുസ്സമദ്, ആഷിക് കുരുണിയൻ

നിങ്ങളുടെ തലമുറയിലെ താരങ്ങൾ വലിയ രീതിയിലുള്ള കടമ്പകൾ പിന്നിടേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞല്ലോ. അക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

വിദേശരാജ്യങ്ങളിലെ കളിക്കാരുമായി നേരിട്ട് കളിച്ച് പരിചയമില്ലാതിരുന്നതിന്റെ പ്രശ്‌നം ഞങ്ങളുടെ പ്രകടനത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഞങ്ങൾക്കതുവരെ പരിചയമുണ്ടായിരുന്നത് നമ്മുടെ നാട്ടിലെ കായികതാരങ്ങളുടെ രീതി മാത്രമായിരുന്നു. മറ്റു രാജ്യങ്ങളിലെ കായികതാരങ്ങൾക്കൊപ്പം ആദ്യമായി കളിക്കുന്നത് തന്നെ അന്താരാഷ്ട്ര ടൂർണമെന്റുകളിലാണ്. അവരുടെ പ്രകടനരീതികളെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയാതെ പോയതിൽ പാളിച്ചകളുണ്ടായിട്ടുണ്ട്. ഏതെങ്കിലും പ്രദർശന മത്സരങ്ങളിലോ പരിശീലന മത്സരങ്ങളിലോ അഞ്ചോ ആറോ കളികളിൽ പങ്കെടുത്ത ഒരു എക്‌സ്പീരിയൻസ് ഞങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ ടൂർണമെന്റുകളിൽ കുറേകൂടി മികച്ച പ്രകടനം കാഴ്ചവെക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.

കായികപ്രതിഭകൾക്ക് അവരുടെ മേഖലയിൽ തന്നെ ദീർഘകാലം തുടരുന്നതിനുള്ള സാധ്യതകൾ കേരളത്തിൽ വളരെ കുറവാണ്. ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു കാലം കായികമേഖലക്ക് വേണ്ടി വിനിയോഗിച്ചവർക്ക് അവർ അർഹിക്കുന്ന രീതിയിൽ അംഗീകാരവും ജോലിയുമെല്ലാം നൽകേണ്ടതുണ്ട്.

മറ്റൊന്ന്, ലോകഫുട്‌ബോൾ രംഗത്തുള്ള സാധ്യതകളെക്കുറിച്ച് അന്ന് വ്യക്തമായ ധാരണ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ്. ഫുട്‌ബോളിന്റെ സാധ്യതകളെക്കുറിച്ച് കുറേ കൂടി അറിവും ധാരണയും കളി തുടങ്ങിയ കാലത്തോ, ദേശീയ ടീമുകളിൽ എത്തിയ കാലത്തോ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ കരിയർ ഒന്നുകൂടെ നന്നായി ചിട്ടപ്പെടുത്താൻ കഴിയുമായിരുന്നു എന്ന് പല തവണ തോന്നിയിട്ടുണ്ട്.

ഫുട്‌ബോൾ രംഗത്ത് വലിയ സംഭാവനകൾ നൽകിയ ആളുകൾക്ക് തുടർന്നും ഈ മേഖലയിൽ മുന്നോട്ടുപോകുന്നതിനുള്ള സാധ്യതകൾ കേരളത്തിലുണ്ടോ?

കായികപ്രതിഭകൾക്ക് അവരുടെ മേഖലയിൽ തന്നെ ദീർഘകാലം തുടരുന്നതിനുള്ള സാധ്യതകൾ കേരളത്തിൽ വളരെ കുറവാണ്. ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു കാലം കായികമേഖലക്ക് വേണ്ടി വിനിയോഗിച്ചവർക്ക് അവർ അർഹിക്കുന്ന രീതിയിൽ അംഗീകാരവും ജോലിയുമെല്ലാം നൽകേണ്ടതുണ്ട്. അതേ സമയം സർക്കാറിന് അതിൽ ചില പരിമതികളുമുണ്ട്. സർക്കാറിനെ സംബന്ധിച്ച് ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്കെല്ലാം ശേഷം മാത്രമേ കായിക മേഖലക്കുള്ള പരിഗണന നൽകാനാകൂ എന്നത് വാസ്തവമാണ്. എന്നിരുന്നാൽ കൂടിയും ഞങ്ങളുടെയെല്ലാം അഭിപ്രായത്തിൽ കേരളത്തിൽ മാറിമാറിവരുന്ന സർക്കാറുകൾ കുറേകൂടി പ്രാധാന്യത്തിൽ കായികമേഖലയുടെ അഭിവൃദ്ധിക്ക് വേണ്ടി പരിശ്രമിക്കേണ്ടതുണ്ട്.

കേരളത്തിൽ നിന്നുയർന്നുവരുന്ന താരങ്ങളെ ഇവിടെ തന്നെ നിലനിർത്താനുള്ള ഒരു സാഹചര്യം നാം ഉണ്ടാക്കുകയാണെങ്കിൽ നല്ലൊരു ശതമാനം കായികതാരങ്ങൾ കേരളത്തിൽ തന്നെ തുടരും. / Photo: Kerala Football Association Instagram Page

ഇപ്പോൾ, സ്‌കൂൾ തലത്തിലോ, കോളേജ്- യൂണിവേഴ്‌സിറ്റി തലത്തിലോ മികവ് തെളിയിക്കുന്ന കായികതാരങ്ങളിൽ മിക്കവരും മറ്റ് സംസ്ഥ്‌നങ്ങളിൽ പോയി കളിക്കുന്ന സ്ഥിതിയാണ്. മികച്ച ഓഫറുകൾ കൊടുത്ത് റെയിൽവേ, എഫ്.സി.ഐ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കസ്റ്റംസ്, വിവിധ ബാങ്കുകൾ തുടങ്ങിയവർ ഇവിടുത്തെ താരങ്ങളെ കൊണ്ടുപോവുകയാണ്. നമുക്ക് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. മികച്ച ഓഫർ ലഭിച്ചാൽ ആരായാലും സ്വീകരിക്കുമല്ലോ. കേരളത്തിൽ നിന്നുയർന്നുവരുന്ന താരങ്ങളെ ഇവിടെ തന്നെ നിലനിർത്താനുള്ള ഒരു സാഹചര്യം നാം ഉണ്ടാക്കുകയാണെങ്കിൽ നല്ലൊരു ശതമാനം കായികതാരങ്ങൾ കേരളത്തിൽ തന്നെ തുടരും. അതിലൂടെ കേരളത്തിന് നാഷണൽ ചാമ്പ്യൻഷിപ്പിൽ കൂടുതൽ നേട്ടം കൊയ്യാനും സാധിക്കും. ▮


ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

യു. ഷറഫലി

ഇന്ത്യൻ ഫുട്​ബോൾ ടീം കാപ്​റ്റനായിരുന്നു. നിരവധി ദേശീയ, രാജ്യാന്തര ടൂർണമെൻറുകളിൽ കളിച്ചു​. 1985 മുതൽ 1996 വരെ സന്തോഷ് ട്രോഫിയിലും നാഷണൽ ഗെയിംസിലും കേരള പ്രതിരോധനിരയിലെ തിളങ്ങുന്ന താരമായിരുന്നു. 1994 ലെ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ. കേരള പൊലീസ്​ ടീം മാനേജരും ചീഫ്​ കോച്ചുമായിരുന്നു. കേരള പൊലീസിന്റെ റാപിഡ് റെസ്​പോൺസ്​ ആൻറ്​ റെസ്‌ക്യൂ ഫോഴ്സ് കമാണ്ടൻറായി വിരമിച്ചു.

Comments