കാനഡയിൽ മത്സരം നടന്ന വേദിയിൽ പലസ്തീൻ ഐക്യദാർഢ്യം

അമേരിക്കയുടെ Sportswashing; കളിക്കളത്തിൽ ഉയരാൻ പോവുന്ന പ്രതിഷേധങ്ങൾ

“അമേരിക്കയുടെ തെറ്റായ നടപടികളെ വെളുപ്പിക്കാനുള്ള സ്പോർട്സ് വാഷിംഗ് (Sportswashing) ശ്രമം ലോകകപ്പിൻെറ ഭാഗമായി നടക്കുന്നുണ്ട്. യുദ്ധവെറിയും വംശഹത്യയും പശ്ചിമേഷ്യയിൽ തുടരുന്ന കാലത്ത് ലോകകപ്പ് നടക്കുമ്പോൾ, ഈ കാലത്തിൻ്റെ രാഷ്ട്രീയം മത്സരങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു?,” നിരഞ്ജൻ കെ.എസ്. എഴുതുന്നു.

ഫിഫ 2026 ലോകകപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. യുദ്ധവെറിയും വംശഹത്യയും പശ്ചിമേഷ്യയിൽ തുടർന്ന് കൊണ്ടിരിക്കുന്ന ഒരു കാലത്ത് ലോകകപ്പ് നടക്കുമ്പോൾ ഈ കാലത്തിൻ്റെ രാഷ്ട്രീയം മത്സരങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഉത്തര അമേരിക്കയിലെ മെക്സിക്കോ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളിൽ വച്ച് ഇത് നടക്കുന്നു എന്നത് തന്നെയാണ് ഇതിൻ്റെ മുഖ്യ സവിശേഷത.

തീവ്രവാദത്തിൻ്റെ പേരിൽ ലോക ജനതയോട്, പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങളോട് യുദ്ധമുറവിളി കൂട്ടുന്ന ട്രംപ്-നെതന്യാഹു സഖ്യം, അഥവാ യുഎസ്-സയണിസ്റ്റ് സഖ്യത്തിലെ യുഎസ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ അതേ ലോക ജനതയ്ക്ക് ഫിഫയെ കുറിച്ച് എന്ത് പറയാനുണ്ടാകും എന്നത് ഒരു പ്രധാന വിഷയമാണ്. അതോടൊപ്പം, അമേരിക്കയുടെ ജനവിരുദ്ധ, മനുഷ്യത്വവിരുദ്ധ രാഷ്ട്രീയത്തിൻ്റെ കൂടി നിലമായി എങ്ങനെ ഫിഫയുടെ കളിക്കളങ്ങൾ മാറാം എന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പ്രതിരോധത്തിൻ്റെ ശബ്ദങ്ങൾക്ക് ലോകകപ്പ് മൈതാനങ്ങൾ എങ്ങനെ സാക്ഷിയാകും എന്നതും കണ്ടറിയേണ്ടതുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകകപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം:

  • സ്വിറ്റ്സർലാൻഡ് ഫുട്ബോൾ താരം എംബോളോയുടെ വിസ പുനഃപരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. അതിനാൽ അദ്ദേഹം ടീമിനൊപ്പം ചേരാൻ ദിവസങ്ങൾ വൈകി.

  • ഇറാഖ് ദേശീയടീമിലെ താരം അയ്മൻ ഹുസൈനെ അമേരിക്കയിൽ പ്രവേശിക്കുമ്പോൾ ഏകദേശം 7 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനാക്കി.

  • ഇറാൻ ദേശീയ ടീം തുർക്കിയിലെ അമേരിക്കൻ കോൺസുലേറ്റിൽ ദിവസങ്ങളോളം വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കാത്തിരിക്കേണ്ടി വന്നു. മത്സര ദിവസങ്ങളിൽ മാത്രം യുഎസിൽ പ്രവേശിക്കുകയും അതേ ദിവസം തന്നെ പുറത്ത് പോകുകയും ചെയ്യണം എന്ന നിബന്ധനയിലാണ് അമേരിക്ക അവർക്കു പ്രവേശനം അനുവദിച്ചത്. പ്രതിനിധി സംഘത്തിലെ 15 അംഗങ്ങൾക്ക് വിസ നിഷേധിക്കപ്പെട്ടു.

  • 2025-ലെ CAF-ന്റെ മികച്ച ആഫ്രിക്കൻ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട സൊമാലിയൻ പൗരനായ ഒമർ അബ്ദുൽഖാദിർ ആർട്ടന് വിസ നിഷേധിക്കപ്പെട്ടു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് അമേരിക്കയിലെത്തിയെങ്കിലും അദ്ദേഹത്തിന് പ്രവേശനം അനുവദിക്കാതെ തിരിച്ചയച്ചു. ലോകകപ്പിൽ അദ്ദേഹം റഫറിയായി പ്രവർത്തിക്കാനാവില്ലെന്ന് ഫിഫ പ്രഖ്യാപിച്ചു. ഫിഫ പ്രസിഡൻ്റ് ഗിയാനി ഇൻഫൻ്റീനോ പത്ര സമ്മേളനത്തിൽ ഇതിനെ ന്യായീകരിച്ച് ആരാധകരോട് ‘ചിൽ’ ചെയ്യാനാണ് പറയുന്നത്.

  • ദക്ഷിണാഫ്രിക്കൻ ദേശീയ ടീം നിശ്ചയിച്ചതിനേക്കാൾ ഏറെ വൈകിയാണ് അമേരിക്കയിലെത്തിയത്. പ്രതിനിധി സംഘത്തിലെ ചിലർക്ക് വിസ ലഭിക്കാതിരുന്നതാണ് കാരണം.

  • സെനഗൽ ദേശീയ ടീമിന്റെ സ്റ്റാഫ് അംഗങ്ങളെ ചെരിപ്പ് അഴിപ്പിക്കുകയും ദീർഘനേരം പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇതിനെതിരെ വംശീയ വിവേചനാരോപണങ്ങൾ ഉയർന്നു.

  • ഉസ്‌ബെക്കിസ്ഥാൻ ദേശീയ ടീമിനെ ബോംബ് കണ്ടെത്തുന്ന നായകളുടെ സഹായത്തോടെ പരിശോധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

  • ESTA പദ്ധതിയുടെ ഭാഗമായി വിസ ഇല്ലാതെ അമേരിക്കയിൽ പ്രവേശിക്കാൻ അർഹതയുണ്ടായിരുന്ന ചില സ്കോട്ടിഷ് ആരാധകരുടെ യാത്രാനുമതികൾ പുറപ്പെടുന്നതിന് ദിവസങ്ങൾ മുമ്പ് തന്നെ റദ്ദാക്കി.

  • ഇതിനകം ടിക്കറ്റുകളും താമസസൗകര്യങ്ങളും ബുക്ക് ചെയ്തിരുന്ന നിരവധി ആരാധകരുടെ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇതുവഴി അവർക്ക് സാമ്പത്തിക നഷ്ടമുണ്ടായി. ടിക്കറ്റ് വിലയിൽ വമ്പൻ വർധനവ് വരുന്ന രീതിയിൽ ഡയനാമിക് പ്രൈസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഉസ്‌ബെക്കിസ്ഥാൻ ദേശീയ ടീമിനെ ബോംബ് കണ്ടെത്തുന്ന നായകളുടെ സഹായത്തോടെ പരിശോധിക്കുന്നു.
ഉസ്‌ബെക്കിസ്ഥാൻ ദേശീയ ടീമിനെ ബോംബ് കണ്ടെത്തുന്ന നായകളുടെ സഹായത്തോടെ പരിശോധിക്കുന്നു.

ലോകം പ്രതികരിക്കുന്നു

ഇത്തരം സംഭവവികാസങ്ങൾ നടക്കുമ്പോൾ എന്താണ് ജനങ്ങളുടെ പ്രതികരണം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി (CPB)യുടെ മാസികയായ മോണിംഗ് സ്റ്റാർ ശക്തമായ ഭാഷയിൽ ഈ വിഷയങ്ങളെ അപലപിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പ്രവർത്തിക്കുന്ന BDS മൂവ്മെൻ്റും പ്രതിഷേധം രേഖപ്പെടുത്തി.

ഫാഷിസ്റ്റ് വിരുദ്ധ ഫുട്ബോൾ കൂട്ടായ്മയും (Anti-Fascist Football Coalition) BAP (ബ്ലാക്ക് സമാധാന സഖ്യം)-യുടെ കാലാവസ്ഥ, പരിസ്ഥിതി, സൈനികവൽക്കരണ പ്രവർത്തക സംഘവും (Climate, Environment and Militarism Working Group) ഏപ്രിലിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയാണ്:

“കുടിയേറ്റനിയമം നടപ്പാക്കുന്നതിന്റെ പേരിൽ സൈനികവൽകൃതമായ ICE ഏജന്റുമാരും ഭരണകൂടത്തിൻ്റെ ഗുണ്ടാസംഘങ്ങളും ഇപ്പോൾ വിദേശ പൗരരെ പതിവായി തടയുകയും കസ്റ്റഡിയിലെടുക്കുകയും അപ്രത്യക്ഷരാക്കുകയും ചെയ്യുന്നു. വംശീയ പ്രൊഫൈലിംഗ് തന്നെ നിയമപ്രവർത്തനത്തിന്റെ രീതിയായി മാറിയിരിക്കുന്നു. ആഫ്രിക്കയിൽ നിന്നോ പശ്ചിമേഷ്യയിൽ നിന്നോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിൽ നിന്നോ വരുന്ന ഒരു സന്ദർശക ആരാധകനും അമേരിക്കൻ മണ്ണിൽ തങ്ങളുടെ സുരക്ഷ ഉറപ്പാണെന്ന് വിശ്വസിക്കാൻ കഴിയില്ല.”

റിലീജിയൻ ന്യൂസ് സർവീസ് (RNS) എന്ന മാധ്യമത്തിൽ വന്ന ഒരു ലേഖനത്തിൽ ക്രിക് ബോമാൻ എന്ന പ്രൊഫസർ പറയുന്നത് ഇങ്ങനെയാണ്:

“ഇത് കേവലം രാഷ്ട്രീയത്തിന്റെ പ്രശ്നമല്ല. ഫിഫ വലിയ പിഴവാണ് നടത്തുന്നത്. കാണികളെയും ആരാധകരെയും ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നത്”- ബോമാൻ പറഞ്ഞു.

ലോകകപ്പിലെ ആദ്യ മത്സരവും ഉദ്ഘാടനവും മെക്സിക്കോയിലാണ് നടന്നത്. സ്റ്റേഡിയത്തിന് പുറത്ത് വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. സാധാരണക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത മെക്സിക്കോ സിറ്റി ലോകകപ്പിന് വേണ്ടി അമിതമായി മോടി പിടിപ്പിക്കുന്നു, ലോകകപ്പ് ടിക്കറ്റ് വില വർധനവ് തുടങ്ങിയ വിഷയങ്ങളൊക്കെ പ്രതിഷേധത്തിൽ ഉന്നയിക്കപ്പെട്ടു. കാനഡയിൽ മത്സരം നടന്ന വേദിയിൽ പലസ്തീൻ ഐക്യദാർഢ്യം ഉണ്ടായിരുന്നു. ഇസ്രായേലിനെതിരെ പ്രതികരിച്ച പ്രതിഷേധക്കാർ പലസ്തീൻ ഫുട്ബോൾ ചീഫ് ജിബ്രിൽ റജൂബിന് വിസ നിഷേധിച്ചതും ഉന്നയിച്ചു.

ലോകകപ്പ് മുന്നോട്ട് പോവുമ്പോൾ…

ലോകത്ത് ആദ്യമായിട്ടല്ല യുദ്ധവെറിയരും ഫാഷിസ്റ്റുകളും ഇത്തരം കായിക മത്സരങ്ങളുടെ ആതിഥേയരാകുന്നത്. 1934-ൽ ഇറ്റലിയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പ് തൻ്റെ പ്രചരണായുധമായി മുസോളിനി ഉപയോഗിച്ചതും ജനം അതിനെതിരെ ശബ്ദമുയർത്തിയതും ചരിത്രമാണ്. നാസി ജർമ്മനിയിൽ 1936-ൽ നടത്താനിരുന്ന ഒളിമ്പിക്സിൽ പ്രതിഷേധിച്ച് സോവിയറ്റ് യൂണിയൻ്റെയും കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷണലിൻ്റെയും (കോമിൻ്റേൺ) പിന്തുണയോടെ സ്പെയിനിലെ ബാഴ്സലോണയിൽ പീപ്പിൾസ് ഒളിമ്പ്യാഡ് എന്ന ഒരു സമാന്തര ഒളിമ്പിക്സ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സ്പെയിനിൽ ആഭ്യന്തരയുദ്ധം പൊട്ടി പുറപ്പെട്ടതിനാലാണ് പിന്നീട് ഇത് റദ്ദാക്കിയത്.

പല കായികവേദികളിലും തങ്ങളുടെ രാഷ്ട്രീയ പ്രസ്താവനകളും ചെറുത്ത് നിൽപ്പുകളും പ്രതീകാത്മകമായി മുന്നോട്ടുവച്ച നിരവധി ഉദാഹരണങ്ങളും ചരിത്രത്തിലുണ്ട്. 1968 ഒളിമ്പിക്സിൽ വംശീയതയ്ക്ക് എതിരെ ടോമി സ്മിത്തും ജോൺ കാർലോസും നടത്തിയ ബ്ലാക്ക് സല്യൂട്ട്, 2022-ൽ ഇറാനിലെ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായി അവരുടെ ദേശീയഗാനം ചൊല്ലാൻ കളിക്കാർ തന്നെ വിസമ്മതിച്ചത്, ജസ്റ്റ് സ്റ്റോപ്പ് ഓയിൽ (JSO) എന്ന സംഘടന ബ്രിട്ടണിൽ നടത്തിയ അനവധി പരിസ്ഥിതി സംരക്ഷണ പ്രതിഷേധങ്ങൾ, എന്നിങ്ങനെ അനവധി ഉദാഹരണങ്ങളുണ്ട്.

1968 ഒളിമ്പിക്സിൽ വംശീയതയ്ക്ക് എതിരെ ടോമി സ്മിത്തും ജോൺ കാർലോസും നടത്തിയ ബ്ലാക്ക് സല്യൂട്ട്.
1968 ഒളിമ്പിക്സിൽ വംശീയതയ്ക്ക് എതിരെ ടോമി സ്മിത്തും ജോൺ കാർലോസും നടത്തിയ ബ്ലാക്ക് സല്യൂട്ട്.

ഈ ലോകകപ്പിൽ ഇറാൻ കളിക്കുന്നത് വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ്. അന്ന് ഇറാനിലെ ഭരണകൂടം ആയിരുന്നു അവരുടെ മുഖ്യ വൈരി എങ്കിൽ ഇന്ന് അത് യുഎസും ഇസ്രായേലും ആണ്. ഇറാൻെറ പ്രതിഷേധങ്ങൾ ലോകകപ്പ് വേദിയിൽ ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്.

മുമ്പ് ഫാഷിസ്റ്റ് വാഴ്ചയ്ക്കെതിരെ ലോകം ഉറ്റു നോക്കിയിരുന്നത് സോവിയറ്റ് യൂണിയനേയും കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷണലിനേയും ആയിരുന്നു എങ്കിൽ ഇന്ന് അതിനെതിരെ സന്ധിയില്ലാത്ത സമരം ചെയ്യാൻ ഇറാൻ മുന്നിലുണ്ട്. അവരുടെ ശബ്ദം ലോകജനതയ്ക്ക് ഇന്ന് ഒരു പ്രതീക്ഷയുടെ കിരണമാണ്. ഒരു വലിയ പോരാട്ടത്തിൻ്റെ ഫലമായാണ് അവർ ഈ ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിയത്. അവരുടെ കളിക്കാർ നടത്തുന്ന ഓരോ ചലനങ്ങൾക്കും ജനങ്ങൾക്കിടയിൽ ഊർജ്ജം പകരാൻ ഉള്ള കഴിവുണ്ട്, നവഫാഷിസ്റ്റുകളിൽ ഭീതിയും. അമേരിക്കയുടെ തെറ്റായ നടപടികളെ വെളുപ്പിക്കാനുള്ള ‘സ്പോർട്സ് വാഷിംഗ്’ (Sportswashing) ശ്രമം ലോകകപ്പിൻെറ ഭാഗമായി നടക്കുന്നുണ്ട്. അതിനെതിരെ ലോകകപ്പ് വേദികളിൽ തന്നെ വ്യത്യസ്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

Comments