സെർബിയയുടെ ഗോൾമുഖത്ത് തുടക്കം മുതലുണ്ടായ തുടർച്ചയായ നീക്കങ്ങൾക്ക് തീർപ്പ് കൽപ്പിച്ച്, എഴുപത്തി മൂന്നാം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ആ ക്രോസ് റിച്ചാലിസൺ, ഈ ലോകകപ്പിലെ ഏറ്റവും മികച്ചതെന്ന് ഹെയ്‌റ്റേഴ്‌സ് വരെ വിശേഷിപ്പിച്ച ഷോട്ടിലൂടെ, പോസ്റ്റിന്റെ വലത് മൂലയിൽ ഇടിവെട്ടുപോലെ എത്തിച്ച ആ നിമിഷത്തിലാണ് ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ബ്രസീലിയൻ ഫാൻ വിടരെ ഒന്ന് ചിരിച്ചത്. ഒ ചോഗോ ബനീതോ - ആ അഴകേറിയ കളി. മഞ്ഞ മന്ദാരത്തിന്റെ വിടരൽ.
1994, 1998, 2002 എന്നീ വർഷങ്ങളായിരുന്ന സമകാലിക ഫിഫ ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിന്റെ നല്ല വർഷങ്ങൾ. കൗമാരത്തിന്റെ അവസാന വർഷങ്ങൾ മുതൽ കൂട്ടുകാരിയുമൊത്ത് ഒരുമിച്ച് പൊറുക്കാൻ ആരംഭിക്കുന്ന വർഷം വരെ നീണ്ട യൗവനതീഷ്ണ വർഷങ്ങളിലെ സ്‌നേഹം, ആരാധന. അതിന് മുമ്പ് മറ്റൊന്നിനോടേ ആരാധന തോന്നിയിട്ടുള്ളൂ. മമ്മൂട്ടിയെന്ന ആസമാന്യ സൗന്ദര്യത്തോട്. ആ ശബ്ദത്തോട്, അതുമായി ബന്ധപ്പെട്ട എന്തിനോടും. അതും ഇപ്പോഴുമുണ്ട്, ബ്രസീൽ ആരാധന പോലെ കൂടുതൽ തീഷ്ണവും ഉറച്ചതുമായി.
കളിയാരംഭിക്കുന്ന സമയം മുതൽ നിയന്ത്രണം ബ്രസീലിനായിരുന്നുവെങ്കിലും തൃപ്തിയുടെ ഒരംശവും എത്തിനോക്കിയില്ല. അറ്റാക്കിങ് നിരയിൽ നെയ്മറും വിനീഷ്യസ് ജൂനിയറും റഫീന്യയും തമ്മിൽ ഒരു കോ ഓർഡിനേഷൻ ഇല്ലെന്നും റിച്ചാലിസൺ പതിവ് പോലെ അന്തം വിട്ട് ഓടുകയാണെന്നും തോന്നി. ഡിഫൻസല്ലാതെ മറ്റൊരു തന്ത്രവും ഇല്ലാത്ത സെർബിയ ഒരു മത്സരവും നൽകിയില്ലെങ്കിലും ഇടത്‌വിങ്ങിൽ നിന്നുള്ള ക്രോസുകളൊന്നും എങ്ങും എത്തുന്നില്ല എന്ന് തോന്നി. പന്തിന് വേഗത പോരെന്നും കളിയുടെ സമയം പോരന്നും എല്ലാം തകരാറിലാണെന്നും പേടിച്ചു. ലോകത്തിന്റെ വിവിധ മൂലകളിലിരുന്ന് നെടുവീർപ്പിടുന്ന ചങ്ങാതിമാർ പരസ്പരം മെസേജുകൾ അയച്ചു. അർജന്റീനയുടേയും ജർമ്മനിയുടേയും അപ്രതീക്ഷിത തോൽവികൾ മുന്നിലുണ്ട്. സൗദിയോ ജപ്പാനോ മരണപ്പിടച്ചിൽ നടത്തിയത് പോലെ സെർബിയ കളിക്കുന്നില്ലായിരുന്നുവെന്നതാണ് ഒരു തരത്തിൽ തുണയായത്. അതേ സമയം സൗദിയേക്കാൾ, ജപ്പാനേക്കാൾ എത്രയോ മെച്ചപ്പെട്ട ടീമാണ് സെർബിയ. ക്വാളിഫിക്കേഷനിൽ പോർചുഗൽ അടങ്ങുന്ന ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനത്ത് വന്നവരാണ്. അലക്‌സാണ്ടർ മിത്രോവിച്ചും സെർറ്യേ മിലിങ്കോവിച്ച് സാവ്യകും ലോകത്തിലെ മികച്ച സ്‌ട്രൈക്കർമാരുടെ ഗണത്തിൽ പെടുന്നവരാണ്.
പക്ഷേ ഒന്നാം പകുതിയിൽ യാതൊരു ധൃതിയും കാണിക്കാതെ എതിരാളികളുടെ നീക്കവും രീതിയും മനസിലാക്കുകയാണ് ബ്രസീൽ ചെയ്തത്. രണ്ടാം പകുതിയിൽ കളി വേറെയായി. വേറെ ടീം ഇറങ്ങിയതു പോലെ തോന്നി. ഒന്നാം പകുതിയിൽ കനാറിന്യേയെ കുടിക്കിയിട്ട തന്ത്രം രണ്ടാം പകുതിയിൽ ഫലിച്ചില്ല. 62-ാം മിനുട്ടിൽ നെയ്മറിൽ നിന്ന് വിനിജൂനിയറിലേയ്ക്കും അവിടെ നിന്ന് അപ്രതീക്ഷിതമായി റിച്ചാലിസണിന്റെ കാലിലേയ്ക്കും എത്തിയ പന്ത് സെർബിയയുടെ ഗോൾ വലയിൽ കുടുങ്ങി. പിന്നെ പതിനെട്ട് മിനുട്ടുകൾ മതിയായിരുന്നു ഈ ലോകകപ്പിലെ ഇതുവരേയ്ക്കുമുള്ള ക്ലാസിക് ഗോൾ പിറക്കാൻ.
അതോട് കൂടി ആധിപത്യത്തിലേയ്‌ക്കെത്തി ബ്രസീൽ. ഡിഫെൻസല്ലാതെ മറ്റൊരു ആശയവും ഇല്ലാതിരുന്ന സെർബിയയ്ക്ക് പെട്ടന്ന് അറ്റാക്കിങ്ങിലേയ്ക്ക് മാറേണ്ടി വന്നപ്പോൾ കൗണ്ടർ അറ്റാക്കുകൾക്ക് തുടരെ തുടരെ അവസരം കിട്ടി. അപ്പോൾ റിസർവ്വ് ബഞ്ചിലുള്ള, ഇതിലും മികച്ച ഫോമിലുള്ള മിടുക്കന്മാരെ കോച്ച് രംഗത്തിറക്കി. പുറകോട്ടായിരുന്ന റഫീൻന്യയ്ക്ക് പകരം ഗാബ്രിയേൽ മാർട്ടിലീനി, നെയ്മറിന് പകരം ആന്റണി, വിനി ജൂനിയറിന് പകരം റോഡ്രിഗോ, റിച്ചാലിസണിന് പകരം സാക്ഷാൽ ഗ്രാബ്രിയേൽ ജെസൂസ്. മിഡ്ഫീൽഡിൽ പഖേറ്റയ്ക്ക് പകരം ഫ്രെഡ്. അതോടെ കളിമാറി. 22 ഷോട്ടുകളാണ് സെർബിൻ പോസ്റ്റിന് നേരെ ബ്രസീൽ പായിച്ചത്. ഉറപ്പിച്ച മൂന്നെണ്ണം പോസ്റ്റിൽ തട്ടി മടങ്ങി. സെർബിയൻ ഗോളി മിലിങ്കോവിച്ച് സാവ്യക് ആറെണ്ണം രക്ഷപ്പെടുത്തി.
ഇത്രയൊക്കെയാണെങ്കിലും ബ്രസീൽ ഫാനിന് ആശങ്കകൾ ഒഴിയുന്നില്ല. ടീമിന്റെ സാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇനിയും മെച്ചപ്പെടണം. നെയ്മർ ശരിയായ ഫോമിലേയ്ക്ക് എത്തിയില്ല എന്നുള്ളതും റഫീൻന്യ വല്ലാതെ പുറകോട്ട് പോയെന്നതും ആശങ്കയാണ്. പക്ഷേ ജർമ്മനിയും അർജന്റീനയും തട്ടിവീണ ഒന്നാം പടിയിൽ സാംബാനൃത്തം ചെയ്ത് തന്നെയാണ് ആ സുന്ദരപന്ത്കളി സംഘം മുകളിലേയ്ക്ക് കയറിയിരിക്കുന്നത്. പ്രതീക്ഷയ്ക്ക് ഇനി മഞ്ഞ നിറമാണ്. കാത്തിരിപ്പിനും.