"മണ്ണിന്നടിയിൽ വേരുകൾകൊണ്ട്
കെട്ടിപ്പിടിക്കുന്നു
ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച്
അകത്തി നാം നട്ട മരങ്ങൾ'
എന്നാണ് ആർക്കും തടയാൻ പറ്റാത്ത സ്നേഹത്തെപ്പറ്റി വീരാൻകുട്ടി എഴുതിയത്.
ദേശം, വംശം, ഭാഷ, മതം, പ്രത്യയശാസ്ത്രം എന്നിങ്ങനെ പല കള്ളികളിൽ പരസ്പരം തൊടാതെ അകന്നുനിൽക്കുന്ന ഒറ്റമരങ്ങളാക്കി മനുഷ്യരെ മാറ്റുന്ന വിഭജനങ്ങളുടെ അതിരുഭേദിച്ച് ഉരുളുന്ന പന്തിനു പിന്നാലെയുള്ള ഓട്ടമാണ് ഫുട്ബോൾ. ഒളിമ്പിക്സ് പോലെ ഭൂഗോളത്തിലെ മനുഷ്യരെയൊന്നാകെ ഒന്നിപ്പിക്കുന്ന മറ്റൊരു വേദിയാണ് ലോകകപ്പ് ടൂർണമെൻറ്. വിവിധ ഭാഷകൾ സംസാരിക്കുന്നവരും പലദേശത്തുനിന്നുള്ളവരും ഒന്നിച്ച് ഒരു ഗ്രൗണ്ടിലേക്കുറ്റു നോക്കി ഗ്യാലറിയിൽ കൂടിയിരിക്കുമ്പോൾ അത് ലോകത്തെല്ലാമുള്ള മനുഷ്യരുടെ പരിഛേദം തന്നെയായി മാറുന്നു.
മനുഷ്യനിർമിതമായ എല്ലാ സാമൂഹിക വിഭജനങ്ങളുടേയും അതിരുകൾ മായ്ക്കുന്ന കളിയാണ് ഫുട്ബോൾ എന്ന വാദം അംഗീകരിച്ചുകൊണ്ടുതന്നെ ഫുട്ബോൾ ആരാധകർ സൃഷ്ടിക്കുന്ന മത-ദേശീയതാ പുനരാഖ്യാനങ്ങൾ വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. ഭൂപ്രദേശം, ഭാഷ, സംസ്കാരം എന്നിവയിലൂന്നിയ ദേശരാഷ്ട്ര സങ്കൽപത്തിന്റെ അതിരുകൾ ഫുട്ബോൾ സാർവദേശീയതയാൽ ലംഘിക്കപ്പെടുമ്പോൾ ഉണ്ടാവേണ്ട സാർവദേശിയഐക്യത്തിനു പകരം പലപ്പോഴും മറ്റൊരു സങ്കുചിത ദേശീയതയാണ് ഫാൻ ഫൈറ്റുകാരാൽ സൃഷ്ടിക്കപ്പെടുന്നത്. മതാതീത സാഹോദര്യം സൃഷ്ടിക്കപ്പെടുന്നതിനു പകരം മറ്റൊരു മതമാണ് രൂപപ്പെടുത്തുന്നത്.
ആരാധകരുടെ ‘ഫുട്ബോൾ ദേശീയത’
ലോകഫുട്ബോളിലെ ഇതിഹാസങ്ങളാണ് അർജന്റീനയും ബ്രസീലും. മഹാരഥൻമാരായ കളിക്കാർക്ക് ജന്മം നൽകിയ ദേശങ്ങൾ. ഡീഗോ മറഡോണയും ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയും മെസ്സിയും ഡീ മരിയയും... അങ്ങനെ നിരവധി മികച്ച കളിക്കാരുടെ രാജ്യം. പ്രതിഭകളുടെ പറുദീസയാണ് എല്ലാ കാലത്തും ബ്രസീൽ. സോക്രട്ടീസ്, സീക്കോ, പെലെ, ഗാരിഞ്ച, റൊണാൾഡോ, നെയ്മർ, വിനീഷ്യസ്... കളിക്കാരുടെ പട്ടിക നീളും. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ദേശീയ ടീമുകൾ ഇവ രണ്ടുമാണ്. ഇന്ത്യയിലും കേരളത്തിലും കൂടുതൽ ആരാധകർ ഇവർക്കു തന്നെ. ഫ്രാൻസ്, ജർമനി, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം, ഇംഗ്ലണ്ട്, മെക്സിക്കോ, സെനഗൽ, ക്രൊയേഷ്യ എന്നീ ടീമുകൾക്കും ആരാധകരുണ്ട്.
പല വൻകരകളിലായി വിവിധ ദേശീയതകളാൽ സ്വാധീനിക്കപ്പെട്ട മനുഷ്യരാണ് ലോകകപ്പ് ഗ്യാലറികളിലേക്ക് ജൻമം കൊണ്ടോ ജീവിതം കൊണ്ടോ അവരുടേതല്ലാത്ത മറ്റൊരു രാജ്യത്തിന്റെ പതാകയുമായി കടന്നുവരുന്നത്. ഇഷ്ട ടീമിന്റെ ദേശീയഗാനം മുഴങ്ങുമ്പോൾ സ്റ്റേഡിയത്തിലും കോടിക്കണക്കിന് സ്ക്രീനുകൾക്കു മുന്നിലും അവർ ആദരവോടെ നിശ്ശബ്ദരാകുന്നു. വായിക്കാനും ഉച്ചരിക്കാനും പ്രയാസമുള്ള ഫ്രഞ്ച്, ജർമൻ, പോർച്ചുഗീസ് പേരുകൾ ഏറ്റവുമടുത്ത സുഹൃത്തിന്റെ പേരുപോലെ തരളമായി ഉരുവിടുന്നു. റൊണാൾഡോയും മെസ്സിയും ഒരോരുത്തർക്കും കൂടെപ്പിറപ്പുകളെപ്പോലെ രക്തബന്ധിതരായി അനുഭവപ്പെടുന്നു. ജന്മനാട്ടിലെ മനുഷ്യരോടെന്ന പോലെ ഫേവറേറ്റ് ടീം മജ്ജയും മാംസവുമാകുന്നു. സ്വന്തം ടീം ജയിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയുന്നു. അവർ പരാജയപ്പെടുമ്പോൾ നമ്മുടെ ഇരവുപകലുകൾ മരണവീടുപോലെ മിണ്ടാട്ടം മുട്ടി നിൽക്കുന്നു.
ജീവിതത്തിലൊരിക്കലും തമ്മിൽ കാണാൻ സാധ്യതയില്ലാത്തവർ തമ്മിലുള്ള ഇഴയടുപ്പത്തിന് കാരണം കാറ്റുനിറച്ച പന്തിന് പുറകേയുള്ള പാച്ചിൽ മാത്രമാണ്. കളിയ്ക്കുന്നവരുടെ കാലുകളിലാണ് കാണികളുടെ കിനാവും കണ്ണീരും. ജനിയ്ക്കുകയും ജീവിക്കുകയും ചെയ്യുന്ന പ്രദേശത്തിന്റെ
ഭാഗമായ ദേശീയസ്വത്വത്തിൽ നിന്ന് പുറത്തുകടന്നാണ് ഒരോ ഫുട്ബോൾ ആസ്വാദകരും തന്റേതായ ഫുട്ബോൾ ദേശീയത തെരെഞ്ഞെടുക്കുന്നത്.
ദേശരാഷ്ട്രത്തിലധിഷ്ഠിതമായ ദേശീയതാ സങ്കൽപത്തെ ദേശത്തിനും ഭാഷയ്ക്കും സംസ്കാരത്തിനും അതീതമായി മറികടക്കുന്നു എന്നതാണ് ഫുട്ബോൾ ദേശീയതയുടെ ഹൃദയവിശാലത. അതേസമയം ഈ ഫുട്ബോൾ ദേശീയത അപര ഫുട്ബോൾ ദേശീയതകളോട് വിദ്വേഷം ജനിപ്പിക്കുന്ന വിധത്തിൽ സങ്കുചിതമായിത്തീരുന്നുണ്ട് എന്ന കാര്യമാണ് നാം വിമർശനാത്മകമായി പരിശോധിക്കേണ്ടതും തിരുത്തേണ്ടതും.
യുദ്ധവീരന്മാരുടെ കളിക്കളം
ആരാധകർ തമ്മിലുള്ള ഫാൻ ഫൈറ്റുകൾ പരസ്പര സംഘട്ടനങ്ങളായി മാറുന്ന വാർത്ത ലോകത്തിന്റെ പലഭാഗത്തു നിന്നും പലപ്പോഴായി കേൾക്കാറുണ്ട്. ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായും രാജ്യങ്ങൾ തമ്മിൽ മത്സരിക്കുമ്പോഴും ഗ്രൗണ്ടിനുപുറത്ത് സംഘട്ടനങ്ങൾ നടന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഖത്തർ ലോകപ്പ് ആരംഭിച്ചശേഷം കേരളത്തിലും ആരാധക സംഘങ്ങൾ ഏറ്റുമുട്ടിയതിന്റെ അസുഖകരമായ വാർത്തകൾ കേൾക്കേണ്ടിവന്നു. മികച്ച സ്പോർട്സ് താരങ്ങളെയും കലാ-സാഹിത്യ പ്രതിഭകളേയും ആദരിക്കുന്നതിനോ ആരാധിക്കുന്നതിനോ ദേശം, ഭാഷ, വർണം തുടങ്ങിയ ഘടകങ്ങൾ തടസമാകാറില്ല. മികവിനെ അംഗീകരിക്കുമ്പോൾ, മനുഷ്യനന്മയെ ആദരിക്കുമ്പോൾ നമ്മുടെ സങ്കുചിതത്വത്തിന്റെ വേലിക്കെട്ടുകൾ പൊളിയുകയും സാഹോദര്യത്തിന്റെ പറമ്പുകൾ വിശാലമാവുകയും ചെയ്യുന്നു.
രാഷ്ട്രത്തിൽ കുടുംബങ്ങൾ നിർവഹിക്കുന്ന ധർമം ഫുട്ബോൾ ദേശത്തിൽ ആരാധക സംഘങ്ങൾ നിർവഹിക്കുന്നു. ആളെക്കൂട്ടുന്നതും ഫുട്ബോൾ ജ്വരം ഒന്നിൽനിന്നടുത്ത തലമുറയിലേക്ക് പകരുന്നതും ആരാധകക്കൂട്ടങ്ങളാണ്. ഒരു പ്രത്യേക ടീമിനെ ഇഷ്ടപ്പെടുന്നവരെ ഒരു രാജ്യമായി കണക്കാക്കിയാൽ എല്ലാ വൻകരകളിലും ആ വലിയ രാജ്യം പരന്നുകിടക്കുന്നുണ്ട്. ഒരോ ആരാധകരാജ്യങ്ങൾക്കും അവരുടെ നാഷണൽ ഹീറോകളുണ്ട്. അർജൻറീനയ്ക്ക് മറഡോണയും മെസ്സിയുമാണത്. ബ്രസീലിന് പെലെയും ഗാരിഞ്ചയും റൊണാൾഡീഞ്ഞോയും നെയ്മറും. ഫ്രാൻസിന് സിദാനും എംബാപ്പെയും സഹകളിക്കാരും. പോർച്ചുഗലിന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇങ്ങനെ പലകാലങ്ങളിൽ പലരായിരിക്കുമത്.
ഒരു വീരനായകൻ കളമൊഴിയുമ്പോൾ അടുത്തയാൾ അരിയിട്ട് വാഴ്ത്തപ്പെടും. ഗോത്രങ്ങളിൽ നിന്ന് പരിണമിച്ച് രാജ്യങ്ങളുണ്ടായപ്പോൾ പലകാരണങ്ങളാൽ രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്തു. യുദ്ധത്തിന്റെ യുക്തി പലതരത്തിൽ ഫുട്ബോളിലേക്കും പടർന്നിട്ടുണ്ട്. ഗ്രൗണ്ടിലെ പൊസിഷനിങ് അറ്റാക്ക്, ഡിഫൻസ്, മിഡ് ഫീൽഡ്, ജനറൽ, ക്യാപ്റ്റൻ തുടങ്ങിയ പൊസിഷനുകളും ഒരോ പൊസിഷനുകളുടെ ധർമവും യുദ്ധത്തെ അനുസ്മരിപ്പിക്കുന്നു. ഉയർന്ന കായികക്ഷമതയും ഏത് പ്രതിസന്ധിയിലും തളരാത്ത മനോവീര്യവുമാണ് കളിക്കളത്തിലെ പടയാളികളെ യുദ്ധവീരൻമാരാക്കി മാറ്റുന്നത്. ശത്രുവിന്റെ പ്രതിരോധക്കോട്ടകൾ തകർക്കുന്ന അക്കില്ലസുമാരാണ് ഗോളടിച്ച് വിജയത്തിന്റെ നെറുകയിൽ ചുംബിക്കുന്നത്.
കളംനിറഞ്ഞാടുന്ന മെസ്സി, നെയ്മർ, എംബാപ്പെ, റൊണാൾഡോ എന്നിവരെ തളയ്ക്കാൻ മൈതാനത്ത് പരിശീലകർ പത്മവ്യൂഹങ്ങളൊരുക്കും. കൊളംബിയയുടെ ഡേവിഡ് സുനിഗയുടെ കടുത്ത പ്രയോഗത്തിൽ ഇടറി വീണ നെയ്മറിനെപ്പോലെ, ഇറ്റലിയുടെ കളിക്കാരൻ മാർകോ മറ്റൊരാസിയുടെ പ്രകോപനത്തിൽ പെട്ട് റെഡ് കാർഡ് കിട്ടി കളംവിടേണ്ടി വന്ന സിദാനെപ്പോലെ ചിലർ പത്മവ്യൂഹത്തിലകപ്പെടും. നൂറ്റാണ്ടിന്റെ ഗോൾ നേടിയ മറഡോണ, പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കുന്ന പെലെ, എതിർടീമിന്റെ കോട്ടവാതിൽ പൊളിക്കുന്ന ബുള്ളറ്റ് ഷോട്ടുതിർക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, ചീറ്റപ്പുലിയേക്കാൾ വേഗത്തിലോടി മിന്നലാക്രമണം നടത്തി ലക്ഷ്യം കാണാൻ കെൽപ്പുള്ള കിലിയൻ എംബാപ്പെ, റൊമേരു ലൂക്കാക്കു, ഏത് പൊസിഷനിൽനിന്നും നിമിഷാർദ്ധത്തിൽ പന്തുമായി ശത്രുനിരയിലേക്കോടിക്കയറി മറ്റാർക്കും കഴിയാത്ത വിധം സ്കോർ ചെയ്യുന്ന ലയണൽ മെസ്സി. ചൈനീസ് മതിലുയർത്തുന്ന പ്രതിരോധ നിരയും കോട്ടകാക്കുന്ന കാവൽ ഭൂതങ്ങളായ ഗോൾകീപ്പർമാരും. മൈതാനത്ത് നടക്കുന്നത് ആയുധങ്ങൾ വികസിപ്പിക്കുന്നതിനുമുൻപ് ഒരു പാട് തവണ നടന്നിരിക്കാൻ സാധ്യതയുള്ള കായികശേഷി മുൻനിർത്തിയുള്ള യുദ്ധത്തിന്റെ പതിപ്പുതന്നെ. പുരാതന റോമാസാമ്രാജ്യത്തിലെ കൊളോസിത്തിൽ നടന്നിട്ടുള്ള ഗ്ലാഡിയേറ്റർ യുദ്ധം കണ്ട് ആവേശഭരിതരായി അലറിവിളിച്ചിരുന്ന കാണികളെ അനുസ്മരിപ്പിക്കുന്നുണ്ട്, പലപ്പോഴും ഫുട്ബോൾ സ്റ്റേഡിയങ്ങൾ.
ദൈവം -ചക്രവർത്തി - ദൈവപുത്രൻ
ദൈവത്തിന്റെ പരമാധികാരം, ചക്രവർത്തിയുടെ സിംഹാസനം, ദൈവപുത്രന്റെ അവതാരം തുടങ്ങിയ സങ്കൽപങ്ങൾ മതവും പൗരോഹിത്യവും രാജാധികാരവും ചേർന്ന് സൃഷ്ടിച്ച ആധിപത്യയുക്തിയാണ്. മതങ്ങൾക്കതീതമായ ആസ്വാദനക്ഷമതയുള്ള കളിയാണ് ഫുട്ബോൾ എന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ അൾട്രാനാഷണലിസത്തിന് സമാനമായ ടീം ആരാധന അന്ധമായ മതയുക്തിയിലേക്ക് ആരാധക സംഘങ്ങളെ കണ്ണുകെട്ടി നയിക്കുന്നുണ്ട്. ആരാധകർക്ക് പെലെ ഫുട്ബോൾ ചക്രവർത്തിയാണ്. മറഡോണ ഫുട്ബോൾ ദൈവമാണ്. മറഡോണയെ വിശുദ്ധനാക്കി അർജൻറീനയിൽ ലഗേസിയ മറഡോണിയ എന്ന പാരഡി റിലീജിയനുണ്ടായത് യാദൃച്ഛികതയല്ല. മെസ്സി ദൈവപുത്രനാണ്. നെയ്മർ രാജകുമാരനാണ്. ഏത് യുദ്ധവും ഒറ്റയ്ക്ക് ജയിക്കാൻ കഴിയുന്ന പടനായകനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോൾ ലോകകപ്പിന്റെ ആരവമുയരുന്നതിനൊപ്പം പുഴയുടെ നടുവിലും കവലകളിലും മത്സരിച്ചുയർത്തുന്ന പടുകൂറ്റൻ ഫ്ലക്സ് ബോർഡുകളിലും താരങ്ങളുടെ രൂപങ്ങളിലും നിറയുന്ന വാചകങ്ങൾ തീർത്തും ജനാധിപത്യ വിരുദ്ധമാണ് എന്നുമാത്രമല്ല, നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ നാം പരാജയപ്പെടുത്തിയ മതയുക്തിയുടേയും സൂപ്പർ നാച്വറൽ പവറിന്റെയും പുനരാനയിക്കൽ കൂടിയാണത്.
ആരാധക ലോകം പെലെയ്ക്ക് നൽകിയത് ചക്രവർത്തിയുടെ സിംഹാസനമായിരുന്നെങ്കിൽ മറഡോണ അവർക്ക് ദൈവം തന്നെയായി. 1986 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫുട്ബോൾ നിയമങ്ങൾ ലംഘിച്ച് മറഡോണ നേടിയ ഗോൾ ‘ദൈവത്തിന്റെ കൈ’ ആയി വ്യാഖ്യാനിക്കപ്പെട്ടു. ഏറെ വാഴ്ത്തപ്പെട്ട നൂറ്റാണ്ടിന്റെ ഗോൾ പിറന്നതും അതേ മത്സരത്തിൽ. കുരിശുമരണത്തിനുശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുന്ന ദൈവപുത്രനാണ് കട്ടആരാധകരുടെ മനസിലെ മെസ്സി. അതിമാനുഷരെന്ന് ആരാധകർ വിശ്വസിക്കുന്ന ഒറ്റയാൻമാർക്ക് ഫുട്ബോളെന്ന ടോട്ടൽ ടീം ഗെയ്മിൽ കാര്യമായൊന്നും ചെയ്യാനില്ലെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. അർജൻറീനയ്ക്കും മെസിയ്ക്കും അനുകൂലമായി സോഷ്യൽ മീഡിയയിലും ഫ്ലക്സ് യുദ്ധങ്ങളിലും പ്രത്യക്ഷപ്പെടുന്ന വാചകങ്ങളിൽ ബൈബിൾ സ്വാധീനം പ്രകടമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സിക്സ് പാക്ക് ബോഡി കരുത്തിന്റെ പ്രതിനിധാനമായി ആഘോഷിക്കപ്പെടുന്നു. രാജാധികാരം, ആണത്തം, കരുത്ത്, അവതരിക്കപ്പെടുന്ന അത്ഭുതജന്മങ്ങൾ തുടങ്ങിയ കൾട്ട് ഇമേജുകളാണ് ആരാധക ദേശീയതയുടെ പ്രചോദനകേന്ദ്രം. ആണത്ത ഘോഷങ്ങളുടെ, ഫാൻസ് യുദ്ധങ്ങളുടെ ഉത്സവലഹരികളിൽ സ്ത്രീസാന്നിധ്യം വളരെ കുറവായത് പെണ്ണുങ്ങൾ പന്തുകളി ആസ്വദിക്കാത്തതു കൊണ്ടല്ല. ആക്രമണോത്സുകമായ ആരാധക സാമ്രാജ്യങ്ങളിൽ സ്ത്രീകൾക്കിടമില്ലത്തതുകൊണ്ടാണ്.
അരകളുടേയും ബ്രാകളുടേയും അൾട്രാ നാഷണലിസ്റ്റ് രാജ്യങ്ങൾ
സ്വന്തം രാജ്യത്തിന്റെ പതാക ലോകകപ്പ് വേദിയിൽ ഉയരും വരെ ഞാൻ എന്റെ ഫേവറേറ്റ് ടീമിന്റെ ആരാധകനായി തുടരും എന്ന നിലപാടും പ്രശ്നമാണ്. സ്വന്തം രാജ്യം എന്ന വികാരത്തിനാണോ നന്നായി കളിക്കുന്ന ടീമിനാണോ കയ്യടി കൊടുക്കേണ്ടത്?. പാകിസ്ഥാൻ നന്നായി കളിച്ചാൽപോലും കയ്യടിക്കാൻ കഴിയാത്ത സങ്കുചിത ദേശീയത സംഘപരിവാർ സൃഷ്ടിച്ചതുപോലെ, ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയുടെ പ്രതിഭയംഗീകരിക്കാൻ മറ്റ് ടീമുകളുടെ ആരാധകർക്ക് കഴിയുന്നില്ലെങ്കിൽ, അതിരുകൾ മായ്ക്കുന്ന ഫുട്ബോൾ അതിരിലെ മുള്ളുവേലിയിൽ കുരുങ്ങി അതിന്റെ ജീവശ്വാസം നഷ്ട്ടപ്പെടും. ഗതകാല സ്മരണയിൽ മുഴുകി, ‘ഞങ്ങൾ ഫൈനൽ കളിയ്ക്കും, കാരണം ഞങ്ങൾക്ക് രാജകുമാരനുണ്ട്, ദൈവപുത്രനുണ്ട്’ എന്ന യുക്തിയിൽ വിശ്വസിക്കുന്നവർ ഫുട്ബോളെന്ന ടീം ഗെയിമിനെ അറിയുന്നില്ല എന്നുമാത്രമല്ല ഫുട്ബോളിന്റെ സാർവദേശീയ മാനത്തെ ഉൾക്കൊള്ളുന്നുമില്ല.
ഫുട്ബോൾ എന്താണെന്ന് തിരിച്ചറിയുന്നതിന് മുൻപേ ഏതെങ്കിലുമൊരു ടീമിന്റെ ജേഴ്സിയണിയിച്ച് ജ്ഞാനസ്നാനം ചെയ്യിപ്പിച്ചെടുക്കുന്ന കുട്ടികളുടെ മനസിൽ അവരറിയാതെ മതവിശ്വാസത്തിന് തുല്യമായ ഒരചഞ്ചല വിശ്വാസം രൂപപ്പെടും. കണ്ണീരണിഞ്ഞും നിരാശയിലാണ്ടും എതിരാളികളുടെ പരാജയത്തിൽ സന്തോഷിക്കാൻ പരിശീലിപ്പിക്കപ്പെട്ടും അവർ ഈ ഫാൻസ് ഗോത്രങ്ങളുടെ ഭാഗമായി മാറും. ഫാൻസ് ഗ്രൂപ്പുകൾ കുട്ടികളെ വെറുതെ വിടണം, അവർ കളികണ്ടതിനുശേഷം അവർക്കിഷ്ടമുള്ള ടീം തെരെഞ്ഞെടുക്കട്ടെ. നല്ലൊരു മത്സരം കണ്ടാൽ വിജയികൾക്കും പരാജിതർക്കും വേണ്ടി കൈയ്യടിക്കാനാണ് അവരെ പരിശീലിപ്പിക്കേണ്ടത്.
കൈയ്യിൽ ചെഗുവേരയെ പച്ചകുത്തിയ മറഡോണയുടെ സാർവദേശീയ ബോധ്യമാണ് ഫുട്ബോൾ ആരാധകരുടെ കാഴ്ചയ്ക്ക് മിഴിവ് നൽകേണ്ടത്. സമ്പത്ത്-ദാരിദ്ര്യം, കറുപ്പ്-വെളുപ്പ് തുടങ്ങിയ വിരുദ്ധദ്വന്ദ്വങ്ങളില്ലാതാക്കുന്ന ഐക്യത്തിന്റെ കളിയാണ് ഫുട്ബോളെന്ന പെലെയുടെ വാക്കുകളുടെ ആഴമളക്കാൻ കഴിയാത്ത ആരാധകരെങ്ങനെ ഫുട്ബോളിന്റെ സൗന്ദര്യം നുകരും. സ്വന്തം ടീമിന്റെ വിജയത്തേക്കാൾ എതിർ ടീമിന്റെ പരാജയത്തിൽ ആനന്ദം കണ്ടെത്തുന്ന ആരാധനാമനോഭാവം അപകടകരമാണ്. ടീം തോറ്റു എന്നതിനേക്കാൾ നാളെയെങ്ങനെ മറ്റ് ഫാൻ ഗ്രൂപ്പുകളെ അഭിമുഖീകരിക്കും എന്ന ആശങ്കയിൽ തലകുനിക്കുമ്പോൾ വൈവിധ്യങ്ങളെ ഒരുമിപ്പിക്കുന്ന ഫുട്ബോളിന്റെ മന്ത്രികത നിഷ്ഫലമാകുന്നു. ലോകത്തിന്റെ മുഴുവൻ സമ്മർദ്ദവും പേറിനിൽക്കുന്ന ഒരു നിമിഷത്തിൽ മെസ്സിയുടെ കാലുകൾക്ക് ഒരു പെനാൽറ്റി കിക്കിന്റെ ഉന്നം പിഴയ്ക്കുമ്പോൾ, നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനെ ഹീനമായി അധിക്ഷേപിക്കുന്നതും നിരന്തരം കടുത്ത ടാക്ലിങ്ങിന് വിധേയമാകുന്ന നെയ്മർക്ക് നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുമ്പോൾ പ്ലാസ്റ്റിക് നട്ടെല്ലുമായി തെരുവിൽ സന്തോഷിക്കുന്നതും അര-ബ്രാ വിരുദ്ധ ദ്വന്ദ്വം ജന്മംനൽകിയ സങ്കുചിത മത-ദേശീയ ബോധത്തിന്റെ തരംതാഴ്ന്ന പ്രകടനങ്ങളാണ്. സിനിമാതാരങ്ങളും ജനപ്രതിനിധികളും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള എഴുത്തുകാരും കളിക്കാരും സോഷ്യൽ മീഡിയയിൽ അരയും തലയും മുറുക്കി അക്കപ്പോരിനിറങ്ങുന്ന കാഴ്ച ഒട്ടും പ്രതീക്ഷ നൽകുന്നതല്ല.
ഭൂമിയിൽ മനുഷ്യർ വരച്ച അതിരുകൾ അപ്രസക്തമാകുന്നത് മറുപാതിയിലുള്ള ഒരാൾക്കുവേണ്ടി മറ്റുള്ളവർ കൈയ്യടിക്കുകയും കണ്ണുനീർവീഴ്ത്തുകയും ചെയ്യുമ്പോഴാണ്. ഫുട്ബോളിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിലാണ് മികച്ച കളിക്കാർ നമുക്ക് സഹോദരതുല്യരായി മാറുന്നത്. ലോകത്തെ വലിയ സാമ്പത്തിക- സൈനിക ശക്തികളായ പല രാജ്യങ്ങൾക്കും ലോകകപ്പിൽ യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല. സമ്പത്തും വെടിക്കോപ്പുകളും നിഷ്ഫമാകുന്ന സന്ദർഭങ്ങളുണ്ടെന്ന ഓർമപ്പെടുത്തലാണത്. ബലോട്ടെല്ലിയും ലൂക്കാക്കുവും ഗോളടിച്ച ശേഷം നെഞ്ചുവിരിച്ച് വെല്ലുവിളിക്കുന്നത് വർണവെറിയുടെ ഭൂതങ്ങളെയാണ്. ഘാന, സെനഗൽ, കാമറൂൺ, ക്രൊയേഷ്യ തുടങ്ങിയവർ താരനിബിഡമായ ഏത് ടീമിനേയും അപ്രീതീക്ഷിത തോൽവിയിൽ കുരുക്കി കൂടാരം കയറ്റാൻ കെല്പുള്ളവർരാണ്. ഐക്യരാഷ്ട്ര സഭയിലോ സൈനിക സഖ്യങ്ങളിലോ ഒളിമ്പിക്സിലോ അത്‌ലറ്റിക്സിലോ നിർണായക സ്ഥാനമില്ലാത്ത ചില രാജ്യങ്ങൾ, ‘ഞങ്ങളിവിടെയുണ്ടെന്ന്’ ലോകത്തോട് വിളിച്ചുപറയുന്നത് ലോക ഫുട്ബോൾ മാമാങ്കത്തിന്റെ വേദികളിൽ പന്തുരുട്ടിക്കൊണ്ടാണ്.
കളിമികവ് മാത്രം യോഗ്യതയാകുന്ന കാൽപ്പന്തുകളിയുടെ സാർവദേശീയ സ്വഭാവത്തിന് വിരുദ്ധമാണ് നിരർത്ഥകമായ ഫാൻ ഫൈറ്റുകൾ. അരകളെന്നും ബ്രാ കളെന്നും പരസ്പരം അധിക്ഷേപിച്ചാത്മനിർവൃതിയടയുന്ന കോഴിപ്പോര് സംഘങ്ങൾ ഫുട്ബോളെന്ന ജോഗാ ബൊണീറ്റോയുടെ സർഗസൗന്ദര്യം തല്ലിക്കെടുത്തുകയാണ്. ഫാൻ ഫൈറ്റർമാർ സൃഷ്ടിക്കുന്ന സങ്കുചിത ദേശീയ-മതബോധം കുടഞ്ഞുകളഞ്ഞ് ഫുട്ബോളിന്റെ ആത്മാവായ സാർവദേശീയ സാഹോദര്യം ഈട്ടിയുറപ്പിക്കുകയാണ് വേണ്ടത്. മനോഹരമായ സംഗീതം പോലെ ഫുട്ബോൾ എന്നെന്നും മനുഷ്യരെ ആനന്ദിപ്പിക്കട്ടെ.