സുനിൽ ഛേത്രി, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബാളർമാരിൽ ഏറ്റവും മുൻനിരയിലാണ് ഛേത്രിയുടെ സ്ഥാനം, ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കരുത്തനായ ക്യാപ്റ്റൻ. ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ ആരാധാനപാത്രം. പക്ഷെ ഇത്തവണത്തെ ഐ.എസ്.എൽ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഗോളിന്റെ പേരിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികളുടെ വിമർശനം നേരിടേണ്ടി വരികയാണ്.
ഫിഫ നിയമങ്ങൾ നോക്കിയാൽ ആ ഗോൾ പിറന്നത് നൂറു ശതമാനം ലീഗൽ ക്വിക്ക് ഫ്രീകിക്കിൽ നിന്നാണ്. അതിന് നിയമപ്രകാരം റഫറി വിസിൽ കൊടുക്കേണ്ടതിന്റെ ആവശ്യവുമില്ല. എന്നാൽ ഗോളിയടക്കമുള്ള മറ്റു താരങ്ങൾ ആ ഫ്രീ കിക്കിനെ നേരിടാൻ തയ്യാറായിരുന്നില്ല എന്നത് സത്യം തന്നെയാണ്, പക്ഷെ അതൊന്നും ഛേത്രിയുടെ ഗോൾ അനുവദിക്കാതിരിക്കാനുള്ള കാരണങ്ങൾ അല്ല. ആ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലിൽ നിന്ന് പുറത്താകുകയും ബംഗളൂരു എഫ് സി സെമിയിലേക്ക് കടക്കുകയും ചെയ്തു. പക്ഷെ ആ വിജയത്തിന്റെയും അത് നേടിയ സുനിൽ ഛേത്രിയുടെയും ശോഭ കെട്ടു പോയത് ആ ഒരൊറ്റ വിജയഗോളിലൂടെ തന്നെയായിരുന്നു.
വിജയകിരീടം ചൂടുന്നവരാണ് നേടിയവരാണ് എന്നും ആഘോഷിക്കപ്പെടുന്നത്, പക്ഷെ വിജയിക്കാമായിരുന്നിട്ടും കളിക്കളത്തിലെ മാന്യത കൊണ്ട് തോറ്റു പോയവരെയും നമ്മൾ വിസ്മരിക്കാറില്ല. അത്തരമൊരു പേരാണ് വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറും കാപ്റ്റനുമായിരുന്ന കോർട്നി വാൽഷ്. പാകിസ്താനെതിരെ നടന്ന ഒരു ലോകകപ്പ് മാച്ചിലെ അവസാന ഓവറിൽ കോർട്നി വാൽഷ് ചെയ്ത ഒരു കാര്യം ഇപ്പോഴും ക്രിക്കറ്റ് പ്രേമികൾ അഭിമാനത്തോടെ ഓർത്തിരിക്കുന്നുണ്ടാകും. ജയിക്കാൻ ആറു ബോളിൽ നിന്ന് പതിനാല് റൺസ് വേണമായിരുന്നു പാകിസ്ഥാന്. ബാറ്റ് ചെയ്യുന്നത് സലിം ജാഫറും അബ്‍ദുൾ കാദിറും. വാലറ്റക്കാരനായ ലെഗ് സ്പിന്നർ അബ്ദുൾ കാദിറിന്റെ ഒരു കൂറ്റൻ സിക്സ് കളിയുടെ ഗതി മാറ്റി മറിച്ചു. അവസാനത്തെ രണ്ടു പന്തുകളിൽ നിന്നായി പാകിസ്ഥാന് ജയിക്കാൻ വേണ്ടത് വെറും രണ്ട് റൺസ് മാത്രമെന്ന നിലയിൽ നിൽക്കുമ്പോഴാണ് വാൽഷ് പന്തെറിയാൻ ഓടിയടുക്കുന്നതും എറിയാതെ നിൽക്കുന്നതും, പന്ത് എറിഞ്ഞു എന്നുള്ള ധാരണയിൽ നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന് സലിം ജാഫർ ഓടി ക്രീസിന് പുറത്തു എത്തിയെങ്കിലും വാൽഷ് അദ്ദേഹത്തെ റൺ ഔട്ട് ആക്കിയില്ല, മങ്കാഡിങ് എന്ന ഒരു കുപ്രസിദ്ധി രീതിയുടെ പിൻബലത്തിൽ വാൽഷിന് സലിം ജാഫറിനെ ഈസിയായി പുറത്താക്കാമായിരുന്നു. ഔട്ട് ആക്കിയിരുന്നെങ്കിൽ വെസ്റ്റ് ഇൻഡീസ് ജയിച്ചേനെ, പക്ഷെ വാൽഷ് ആ ബോള് കയ്യിൽ പിടിച്ചു സലിം ജാഫറിനെ നോക്കി. അതൊരു വാണിംഗ് ആയിരുന്നു. ക്രിക്കറ്റിനെ ജന്റിൽ മാൻസ് ഗെയിം എന്ന് വിശേഷിപ്പിച്ചതിനോട് നീതി പുലർത്തുന്ന ഒരു മുന്നറിയിപ്പ്. ഇനിയൊരു തവണ കൂടി ആവർത്തിച്ചാൽ നിങ്ങളെ ഞാൻ ഔട്ട് ആക്കും എന്നായിരുന്നു ആ നോട്ടത്തിന്റെ അർഥം.
അവസാന ബോളിൽ ജയിക്കാൻ വേണ്ട രണ്ട് റൺസ് പാകിസ്ഥാൻ നേടി, വെസ്റ്റ് ഇൻഡീസ് ലോകകപ്പിൽ നിന്ന് പുറത്തായി, പാകിസ്ഥാൻ സെമി ഫൈനിലെത്തി. പക്ഷെ അവസാന ഓവറിൽ അവസാന വിക്കറ്റ് എടുക്കാൻ നിയമപരമായി എല്ലാ അവസരങ്ങളുമുണ്ടായിട്ടും അത് ചെയ്യാതിരുന്ന ഇരുപത്തേഴു വയസുകാരനായ കോർട്നി വാൽഷിനെ ആ തോൽവിയുടെ പേരിലും കായികലോകം ഇന്നും അഭിമാനത്തോടെ ഓർക്കുന്നു, എന്നാൽ സ്വന്തം ടീമിനെ വിജയത്തിലെത്തിച്ചിട്ടും ആരാധകഹൃദയങ്ങളിൽ തോറ്റു പോകുകയാണ് സുനിൽ ഛേത്രി.