ഫുട്ബോൾ എന്ന മതമില്ലാത്ത ജീവൻ

ഫുട്ബോൾ ഗ്യാലറി ഒരു നിശ്ചല തടാകമല്ല. ഇരമ്പുന്ന കടലാണ്. ആവേശത്തിര, വേഗമുദ്രകൾ, അവരവർക്കു വേണ്ടിയല്ലാത്ത ഇളക്കങ്ങൾ. ഫുട്ബോൾ ഒരു രൂപകമായി എടുക്കുകയാണെങ്കിൽ, മതത്തിന്റെയോ വംശീയതയുടെയോ അച്ചുതണ്ടിലല്ല അതിന്റെ കറക്കം. ഫുട്ബോൾ ദൈവങ്ങൾക്ക് മതമുണ്ടായിരിക്കാം, ഫുട്ബോളിനില്ല.

രോ ലോകകപ്പും നമ്മുടെ ഉള്ളിലേക്ക് നിറയ്ക്കുന്ന ആവേശം, ഫുട്ബോൾ എന്ന "മതമില്ലാത്ത ജീവനാ'ണ്. ഫുട്ബോൾ ഗ്യാലറി ഒരു നിശ്ചല തടാകമല്ല. ഇരമ്പുന്ന കടലാണ്. ആവേശത്തിര, വേഗമുദ്രകൾ, അവരവർക്കു വേണ്ടിയല്ലാത്ത ഇളക്കങ്ങൾ. ഫുട്ബോൾ ഒരു രൂപകമായി എടുക്കുകയാണെങ്കിൽ, മതത്തിന്റെയോ വംശീയതയുടെയോ അച്ചുതണ്ടിലല്ല അതിന്റെ കറക്കം. ഫുട്ബോൾ ദൈവങ്ങൾക്ക് മതമുണ്ടായിരിക്കാം, ഫുട്ബോളിനില്ല. അർജന്റീന ജയിക്കാൻ "യാസീൻ 'ഓതിയ ചങ്ങാതിയെ ഞങ്ങൾക്കറിയാം.

സെവൻസ് ഫുട്ബോൾ മത്സരത്തിന് പോകുമ്പോൾ മാടായിയിലെ പഴയൊരു ടീം ക്യാപ്റ്റൻ , പന്ത് മന്ത്രിച്ചൂതാൻ ഒരു തങ്ങളുടെ അരികിൽ കൊണ്ടു പോയി. തങ്ങൾ വളരെ രസികമായ മറുപടി കൊണ്ട് ആ മനുഷ്യന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് പ്രകടിപ്പിച്ചു.

"മോനെ, പന്തിൽ മന്ത്രിച്ചൂതിയത് കൊണ്ടൊന്നും കാര്യമില്ല. പടച്ചോൻ നിറച്ച കാറ്റാണ് ഫുട്ബോളിൽ. അത് അങ്ങനെയങ്ങ് ഒരാൾക്ക് നിയന്ത്രിക്കാനാവോ? നീ കൊണ്ടു പോകുന്ന പന്തായിരിക്കില്ല അവിടെ നിന്ന് തരുക .'

അന്ധവിശ്വാസം ഫുട്ബോൾ എന്നല്ല, ഒരു കളിയും ജയിപ്പിക്കില്ല. നന്നായി കളിക്കുന്നവർ ജയിക്കുമായിരിക്കുമെന്ന് പറയാവുന്ന "ആയിരിക്കലി'ന്റെയും "ആയിത്തീരലിന്റെ'യും കായികത്വര അത്രയുമുണ്ട് ഫുട്ബോളിന്. "അനിശ്ചിതത്വ'മാണ് ഒരേയൊരു നിശ്ചിതത്വം.

എന്നാൽ, ഫുട്ബോൾ ആത്യന്തികമായി "ജീവൻ തുല്യ'മാണ് എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. മൈതാനത്തേക്ക് കുരിശു വരച്ചിറങ്ങുന്ന, ഓരോ ഗോളിലും കുരിശു വരക്കുന്ന മറഡോണ എന്ന ഇതിഹാസ താരത്തിന് എത്രയോ അധികം മുസ്‍‌ലിം ആരാധകരുണ്ട്. ഫുട്ബോളിൽ ദൈവം ഊതിയ "റൂഹി'ന് മതമില്ല. അത് സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകുന്ന റൂഹല്ല. ഗോൾ വലയിൽ ആര് വീഴ്ത്തുന്നുവോ, അപ്പോഴതിന് ജയം അർഥവത്തായ ഒരു മാനം നൽകുന്നു.

ആ നിലയിൽ, ലോകത്തെ പ്രചോദിപ്പിച്ച ഒരു ടീം, 1998 ലെ ഫ്രാൻസാണ്. അതിലെ സിദാൻ പോലും "കുടിയേറി 'യ ഒരു പൗരനാണ്. മിഷേൽ പ്ലാറ്റീനിയുടെ ത്രസിപ്പിക്കുന്ന കാലുകൾ നയിച്ച ടീമിന് സാധിക്കാതിരുന്നതാണ് ഫ്രാൻസിൽ സിനദിൻ സിദാൻ അടങ്ങിയ ഫ്രഞ്ച് ടീം 1998 ൽ നേടിയെടുത്തത്. ലോകകപ്പിന്റെ പിതാവ് യൂൾറിമെയുടെ ജന്മനാട്ടിൽ ആരവത്തോടെ വന്ന ടൂർണമെന്റിൽ ഫ്രാൻസ് ആദ്യമായി ചാമ്പ്യന്മാരായി. ഫ്രാൻസിന്റെ "സങ്കര ലോക മനുഷ്യ' സംസ്‌കാരത്തിന്റെ വിജയം കൂടിയായിരുന്നു, അത്. ആതിഥേയ ടീമിലെ 22 കളിക്കാരിൽ 14 പേരും ആഫ്രിക്കൻ വംശജരായിരുന്നു എന്നതാണ് സത്യം. ടീമിലെ ഡേവിഡ് ട്രസഗ്വെയുടെ മാതാപിതാക്കൾ അർജന്റീനക്കാരും. മൂന്നു ഗോളിമാരുൾപ്പെടെ ആറ് കളിക്കാർ മാത്രമായിരുന്നു വെള്ളക്കാർ.

മതം, സ്വത്വം, വംശീയത - എന്നിവയുടെ അച്ചുതണ്ടിൽ കറങ്ങുന്ന ഭൂമിയിൽ പന്ത് "മതമോ വംശമോ ഇല്ലാത്ത' ജീവവായു നിറച്ച ആവേശമായി മാറുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. അതുകൊണ്ട് ദുഃഖിതരായ മനുഷ്യർക്ക് അർജന്റീനയേയോ ബ്രസീലിനെയോ ഇഷ്ടപ്പെടാനുള്ള കാരണങ്ങളേക്കാൾ, ഹൃദയത്തിന്റെ ചൂട് അനുഭവപ്പെടുത്തുന്ന ടീം എന്ന നിലയിൽ, ഫ്രാൻസ്, സെനഗൽ തുടങ്ങിയ ടീമിനെയാണ് ഉദാത്തമായ മാനുഷികതയുടെ ഉൾക്കൊള്ളൽ എന്ന അവസ്ഥയിൽ കാണേണ്ടത്. സെനഗൽ, ഫുട്ബോളിലൂടെ വേറൊരു തരത്തിൽ വേഗത്തിന്റെ വെളുത്ത ലോകത്തെ പിന്നിലാക്കുന്നു.

സിനദീൻ സിദാൻ / Photo : FIFA World Cup, fb page
സിനദീൻ സിദാൻ / Photo : FIFA World Cup, fb page

അർജന്റീനയെ, ബ്രസീലിനെ ഇഷ്ടപ്പെടാനുള്ള കാരണത്തേക്കാൾ, പലായനത്തിന്റെ മുറിപ്പാടുകൾ പേറുന്ന ദുഃഖിതരായ മനുഷ്യർക്ക് ഫ്രാൻസിനെയും ജർമനിയേയും ഇഷ്ടപ്പെടാൻ ഉള്ള മാനവിക കാരണങ്ങളുണ്ട്. അവർ പല കരകളിലെയും ഫുട്ബോൾ താരങ്ങളുടെ കേന്ദ്രബിന്ദുവാണ്. പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ അഭയ കേന്ദ്രങ്ങളാണ് ഈ രാജ്യങ്ങൾ.

മാനുഷികമായ എല്ലാ ദുർവാസനകളും, ആരാധകരെ കരയിപ്പിച്ചു കളയും വിധമുള്ള അത്ഭുതകരമായ പരാജയങ്ങളും കാൽപ്പന്തുകളിക്കാരിൽ കാണാം. ജർമനിയോട് തോറ്റമ്പിയ ബ്രസീൽ മഹത്തായ പരാജയം കൊണ്ടാണ് ആ ലോകകപ്പിനെ അവിസ്മരണീയമാക്കിയത്.. ഒരു ചിരി കൊണ്ടല്ലാതെ ആ കളി ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല! സ്വന്തം ഗോൾ പോസ്റ്റ് എതിരാളികൾക്ക് മുന്നിൽ ഇത്രയും ഉദാരമായി തുറന്നു കൊടുക്കാൻ മറ്റാർക്കും കഴിയില്ല. "ബ്രസീലിനെന്താ കൊമ്പുണ്ടോ' എന്ന അർജന്റീനക്കാരുടെ, മറ്റു പലരുടെയും, ചോദ്യത്തെ ചരിത്രപരമായി ബ്രസീൽ മറികടന്നു.

ജർമനിയും ഫ്രാൻസും അർജന്റീനയും നേടുന്ന കയ്യടികളേക്കാൾ ബ്രസീൽ ആവേശക്കൊടുമുടിയിൽ ഗ്യാലറിയെ നിർത്തും. ഉജ്ജ്വലമായ പരാജയം കൊണ്ടെങ്കിലും കളി അവിസ്മരണീയമാക്കും.


Summary: ഫുട്ബോൾ ഗ്യാലറി ഒരു നിശ്ചല തടാകമല്ല. ഇരമ്പുന്ന കടലാണ്. ആവേശത്തിര, വേഗമുദ്രകൾ, അവരവർക്കു വേണ്ടിയല്ലാത്ത ഇളക്കങ്ങൾ. ഫുട്ബോൾ ഒരു രൂപകമായി എടുക്കുകയാണെങ്കിൽ, മതത്തിന്റെയോ വംശീയതയുടെയോ അച്ചുതണ്ടിലല്ല അതിന്റെ കറക്കം. ഫുട്ബോൾ ദൈവങ്ങൾക്ക് മതമുണ്ടായിരിക്കാം, ഫുട്ബോളിനില്ല.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments