ബ്രസീൽ എന്ന ഫിലോസഫി

സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർ ഉയർന്നുവരണമെങ്കിൽ അവർക്ക് ടെക്‌സ്റ്റ് ബുക്കിനു പുറത്തു നിന്നുള്ള ആശയങ്ങൾ വേണമായിരുന്നു, അവർക്ക് ക്രീയേറ്റീവായ ഉത്തരങ്ങൾ വേണമായിരുന്നു. തന്നെക്കാളും ശക്തിയുള്ള, നീളമുള്ള, ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കി ലോജിക് ഫുട്‌ബോൾ പിന്തുടരുന്ന ആരോഗ്യവാൻമാരായ യൂറോപ്യൻ കാൽപ്പന്തുകളിയുടെ ആന്റി തീസിസ് ആണ് ബ്രസീലിന്റെ കാൽപ്പന്തുകളി.

1894 ൽ ഒരു സ്‌കോട്ട്‌ലാന്റ്കാരൻ, തോമസ് ആയിരുന്നു ആദ്യമായി കാല്പന്തുകളി ബ്രസീലിലെത്തിച്ചത്. തികച്ചും വെള്ളക്കാരാൽ മാത്രം കളിച്ച കളിയിൽ, പതിയെ ആളെ തികയ്ക്കാൻ മാത്രം ബ്രസീലിയൻ അടിമകളെ അവർ കളിപ്പിച്ചിരുന്നു. അങ്ങനെയാണ് ബ്രസീലിയൻ ജനത കാല്പന്തുകളിയെ അറിയുന്നത്. കാലക്രമേണ ഇത്തരം മാച്ചുകൾ വെള്ളക്കാരും ബ്രസീലുകാരും തമ്മിലുള്ള പോരാട്ടം തന്നെയായി മാറി. വാശിയേറിയ മത്സരങ്ങൾ പതിവായി. തങ്ങളും മികവുള്ള മനുഷ്യജീവികൾ തന്നെയാണ് എന്ന് തെളിയിക്കേണ്ടത് അടിമകൾ അഭിമാന പ്രശ്‌നമായി കണ്ടു, അതിനുമപ്പുറം അവരുടെ ആവലാതികളിൽ നിന്ന്അല്പസമയത്തേക്കുള്ള രക്ഷപ്പെടലും കൂടിയായിരുന്നു കാൽപ്പന്തുകളി. വളരെ പെട്ടെന്ന് കാൽപ്പന്തുകളിയിൽ ബ്രസീലിയൻ അടിമജനത അവരുടെ ഉടമകളേക്കാൾ മികവ് കാട്ടിത്തുടങ്ങി. കാൽപ്പന്തുകളി അവർക്ക് ജീവവായു പോലെയായി. അവർ അവരുടേതായ ശൈലിയിൽ കളിച്ചു. ബ്രസീലിയൻ ജനതയുടെ തനതായ മെയ്വഴക്കം, അവരിൽ അന്തർലീനമായ സാംബ താളം, നിർവ്യാജ സ്‌നേഹം, കൊടുക്കൽ- വാങ്ങലുകൾ... എല്ലാം കൊണ്ടും കാൽപ്പന്തുകളിയിൽ ബ്രസീലുകാർ ഒരു ശൈലി കണ്ടെത്തി. അച്ചടക്കമുള്ള യൂറോപ്യൻ ഫുട്ബാളിനെ അവർ എട്ടായി മടക്കി ഓരത്തുവെച്ചു . അച്ചടക്കമില്ലായ്മയുടെ മാന്ത്രികപ്പെട്ടി ബ്രസീലിയൻ അടിമ ജനത തുറന്നുവെച്ചു. കാൽപ്പന്തുകളിയെ ലോകത്താദ്യമായി ഒരു പറ്റം അടിമകൾ, താഴ്ന്നവർ, കറുത്തവർ, ഒരു കലാരൂപമായി ഉയർത്തിവെച്ചു. ആ കലയിൽ അവർ നിഷ്‌കളങ്കമായ പുഞ്ചിരിയും, സ്‌നേഹവും, ദയാവായ്പും കൊരുത്തുവെച്ചു, അനിർവചനീയമായ ആനന്ദത്തെ അവർ തുറന്നുവിട്ടു. ആദ്യമായി കാൽപ്പന്തുകളി, കളിയും കലയുമായി.

ആന്ത്രപ്പോളജിസ്റ്റ് ഗിൽബെർട്ടോ ഫ്രൈറെ ബ്രസീലിയൻ കാൽപ്പന്തുകളിയെ "മലൻഡ്രോ' എന്ന കൗശലക്കാരനോട് ഉപമിക്കുന്നു. തന്റെ കൗശലം കൊണ്ടുമാത്രം ഉടമയെ മറികടക്കുന്ന സൂത്രശാലി. റോബെർട്ട് ഡാ മാറ്റ പക്ഷെ "ജെയ്റ്റിഞ്ഞോ' എന്നാണ് കാൽപ്പന്തുകളിയിലെ ബ്രസീലിയൻ സ്വത്വത്തെ അടയാളപ്പെടുത്തിയത്. 1888 ൽ തന്നെ അടിമത്തം നിർത്തലാക്കി എങ്കിലും ബ്രസീലിയൻ നിയമങ്ങൾ പണക്കാരായ വെള്ളക്കാരെയും, സ്വാധീനമുള്ളവരെയും സംരക്ഷിക്കാൻവേണ്ടി മാത്രമുള്ളതായിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർ ഉയർന്നുവരണമെങ്കിൽ അവർക്ക് ടെക്‌സ്റ്റ് ബുക്കിനു പുറത്തു നിന്നുള്ള ആശയങ്ങൾ വേണമായിരുന്നു, അവർക്ക് ക്രീയേറ്റീവായ ഉത്തരങ്ങൾ വേണമായിരുന്നു. തന്നെക്കാളും ശക്തിയുള്ള, നീളമുള്ള, ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കി ലോജിക് ഫുട്‌ബോൾ പിന്തുടരുന്ന ആരോഗ്യവാൻമാരായ യൂറോപ്യൻ കാൽപ്പന്തുകളിയുടെ ആന്റി തീസിസ് ആണ് ബ്രസീലിന്റെ കാൽപ്പന്തുകളി.

1950 ലെ ലോകകപ്പിൽ ബ്രസീൽ ദേശീയ ടീം

അവരുടെ കളിയിൽ കൗശലവും ആശ്ചര്യവുമുണ്ടായിരുന്നു, പന്തിനോട് അസൂയയുളവാക്കുന്ന സ്‌നേഹവായ്പുണ്ടായിരുന്നു, ചുറുചുറുക്കുണ്ടായിരുന്നു, പ്രതിഭാവിലാസത്തിന്റെ ആയിരം സൂര്യതേജസുണ്ടായിരുന്നു, നിമിഷാർധങ്ങളിലെങ്ങോ അനായാസം രൂപപ്പെടാവുന്ന പ്രതിഭാവിസ്‌പോടനങ്ങളുണ്ടായിരുന്നു. കാൽപ്പന്തുകളിയിലെ തങ്ങളേക്കാളും ശക്തിയുള്ള, സ്വാധീനമുള്ള, ശാരീരിക ക്ഷമതയുള്ള, പണമുള്ള വെളുത്തവരെ തോൽപ്പിക്കുവാൻ തനതു ബ്രസീലുകാർ സ്വയം മലൻഡ്രോ ആയോ ജെയ്റ്റിഞ്ഞോ ആയി മാറുകയായിരുന്നു.

ബ്രസീൽ താരം പെലെയുടെ ബൈസിക്കിൾ കിക്ക്

1930 കളിൽ മലൻഡ്രോ സ്വത്വത്തിന്റെ മുറിപ്പാതിയായിരുന്നു ലിയോണിദാസും ഡോമിംഗോസും. ആദ്യത്തെ മലൻഡ്രോമാർ. മുപ്പതുകളിൽ അനായാസസുന്ദരമായ മലൻഡ്രോ കവിതകളുടെ മഹേന്ദ്രജാലം കാൽപ്പന്തുകളിയിലൂടെ കാണികൾക്ക് പകർന്നുനൽകിയ യുഗപുരുഷന്മാർ. പിൽക്കാലത്ത് കാൽപ്പന്തുകളിയുടെ രാജാവ് പെലെയും, "ജോയ് ഓഫ് ദി പീപ്പിൾ' എന്നറിയപ്പെടുന്ന അവരുടെ മാനേ ഗാരിഞ്ചായും എന്തിനേറെ അനുഗ്രഹീത ഗോൾകീപ്പർ ബർബോസയടക്കം പലരും മലൻഡ്രോയുടെ മാദകത്വം, സൗന്ദര്യം, കൗശലം, കാല്പനികത, ഭാവന എന്നിവയുടെ ആത്മാവിഷ്‌കാരമായി. സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങൾ ബ്രസീൽ ഫുട്‌ബോളിൽ മാറ്റങ്ങളുണ്ടാക്കിയെങ്കിലും ജോഗോ ബോണിറ്റൊ തന്നെയാണ് അവരുടെ എക്കാലത്തെയും ഫിലോസഫിയെന്ന് കാണാം.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് - 102 ൽ പ്രസീദ്ധീകിരകച്ച ലേഖനത്തിൻറെ പൂർണ്ണ രൂപം -കാൽപ്പന്തുകളിയുടെ ദേശകാല ചരിത്രം | ഹരികുമാർ സി.

Comments