ബ്രസീൽ ഗോൾകീപ്പറായിരുന്ന ബർബോസ.

കളികാണുംനേരം...

യാഥാർഥ്യത്തിന് കെട്ടുകഥകളുടെ ചന്തംവെക്കുന്ന ചില സമ്മോഹന നിമിഷങ്ങൾ. ജീവിതത്തെ അതിശയിപ്പിക്കുന്ന മാന്ത്രികയാഥാർഥ്യത്തിന്റെ നിമിഷങ്ങളിലൂടെ, വി. പ്രവീണ.

വിശ്വസാഹിത്യം പിറക്കുന്ന ഭൂമികകളാണ് ഫുട്‌ബോൾ മൈതാനങ്ങൾ. പാദത്തെ പുണരുന്ന കാൽപ്പന്തും മഷി കുടിക്കുന്ന പേനയും രചിക്കുന്നതൊന്നുതന്നെ- ഇതിഹാസം.

ഇന്നോളം കണ്ടും വായിച്ചുമറിഞ്ഞ കളികളിലത്രയും നിറഞ്ഞിരിപ്പുണ്ട്, ഭാവനയുടെ മൂർച്ചയറിഞ്ഞ് മുനകൂർത്ത നിമിഷങ്ങളുടെ സൗന്ദര്യം. യാഥാർഥ്യത്തിന് കെട്ടുകഥകളുടെ ചന്തംവെക്കുന്ന ജീവിതത്തിലെ ചില സമ്മോഹന നിമിഷങ്ങൾ ചേർന്നുരുണ്ടുകൂടിയതാണ് കാൽപ്പന്ത്. ജീവിതത്തെ അതിശയിപ്പിക്കുന്ന മാന്ത്രികയാഥാർഥ്യത്തിന്റെ എത്രയെത്ര നിമിഷങ്ങളാണ് അതിന്റെ ചലനത്തിൽ മൈതാനങ്ങളിൽ മഷി പുരളാതെ പിറന്നത്.

പെഡ്രോ പരാമയോളം, ഏകാന്തതയുടെ നൂറുവർഷങ്ങളോളം തന്നെ മാന്ത്രിക ചാരുതയുള്ള എത്രയെത്ര മത്സരങ്ങൾ. വായിച്ചറിയുന്നതുമാത്രമല്ല സാഹിത്യം. ഉരുളുന്ന കാൽപ്പന്ത് അതിന്റെ സഞ്ചാരപാതയിൽ രചിക്കുന്നതും സാഹിത്യമാണ്. കൈകൊണ്ടുമാത്രമല്ല കാൽകൊണ്ടും കവിത കുറിക്കാം. കാണിയെ സംബന്ധിച്ച് കാഴ്ചയുടെ ഖനനത്താൽ അതിൽ കണ്ടെടുക്കാം ജീവിതത്തിന്റെയും തത്വചിന്തയുടെയും സത്ത. ഭഗവതിക്കുടിലിൽ പരമേശ്വരനും അന്തിമഹാകാളനുമൊപ്പം രാവണവധം കാണാനിരിക്കുന്ന ഭഗവതീസങ്കല്പം തോൽപ്പാവക്കൂത്തിലുണ്ട്. സകലനിശ്ചലതകൾക്കും ചലനങ്ങൾക്കും സാക്ഷിയാകുന്ന പരമാധികാരിയായ കാണി. കാൽപന്തിലെ കാണിയും പരമാധികാരിയാണ്. കാൽപന്തിൽ കാഴ്ച വിശ്വസാഹിത്യത്തിന്റെ വായനകൂടിയാണ്.

അദ്ഭുതകരമായ പാസുകളിലാണ് കളിയുടെയും ജീവിതത്തിന്റെയും സൗന്ദര്യം. വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല.

മാരക്കാന എന്ന ഒന്നാം അധ്യായം

1950 ജൂലായ് 16.
ലാറ്റിനമേരിക്കയുടെ, സവിശേഷമായും ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം അരങ്ങേറിയ ദിനം. അതിവൈകാരികതയോളം അപകടകരമാണ് അമിതാത്മവിശ്വാസമെന്ന പാഠം പകർന്നദിനം. ഫുട്‌ബോൾ ലോകപ്പ് ഫൈനലിൽ ആതിഥേയരായ ബ്രസീൽ യുറഗ്വേയോട് ഏറ്റുമുട്ടുന്നു. രാജ്യത്തെ സകല പത്രങ്ങളും വിശ്വകിരീടം ബ്രസീലിനെന്ന ഉറപ്പിൽ. തലക്കെട്ടുകളും വിജയശില്പികൾക്കുള്ള മെഡലുകളും തയ്യാർ. ടൂർണമെന്റിലുടനീളം ആർക്കും തടയിടാനാവാത്ത കുതിപ്പാണ് ബ്രസീൽ നടത്തിയത്. കപ്പുയർത്താൻ ബ്രസീലിന് വേണ്ടതൊരു സമനില മാത്രം. 47-ാം മിനിറ്റിൽ ബ്രസീലിന്റെ ആദ്യ ഗോൾ പിറന്നു. മാരക്കാനയിൽ തിങ്ങിനിറഞ്ഞ രണ്ടരലക്ഷം കാണികൾ ഉന്മാദത്തെ തൊട്ടറിഞ്ഞ നിമിഷം. റിയോ ഡി ജനേറോയിലെ ആ പുതിയ മൈതാനത്ത് ബ്രസീൽ കപ്പുയർത്തുകതന്നെചെയ്യും. മറിച്ചുചിന്തിച്ചവരാരുമുണ്ടായിരുന്നില്ല.

1950 ജൂലായ് 16. ലാറ്റിനമേരിക്കയുടെ, സവിശേഷമായും ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം അരങ്ങേറിയ ദിനം. അതിവൈകാരികതയോളം അപകടകരമാണ് അമിതാത്മവിശ്വാസമെന്ന പാഠം പകർന്നദിനം.
1950 ജൂലായ് 16. ലാറ്റിനമേരിക്കയുടെ, സവിശേഷമായും ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം അരങ്ങേറിയ ദിനം. അതിവൈകാരികതയോളം അപകടകരമാണ് അമിതാത്മവിശ്വാസമെന്ന പാഠം പകർന്നദിനം.

പക്ഷേ, 47-ാം മിനിറ്റിലെ ബ്രസീലിൻ കുതിപ്പിന് യുറഗ്വേ കനത്ത തിരിച്ചടിതന്നെ നൽകി. 66-ാം മിനിറ്റിലും 79-ാം മിനിറ്റിലും പിറന്ന അദ്ഭുത ഗോളുകൾ. ഒടുവിൽ 2-1ന് ബ്രസീലിന്റെ തോൽവി. രണ്ടാം ഗോളിന് പഴുതൊരുക്കിയ ഗോൾകീപ്പർ ബർബോസയ്ക്ക് എന്നേക്കുമായി മാരക്കാന അന്യമായി. അയാളുടെ കരിയർ അവിടെ അവസാനിച്ചു. ഒരു ദേശത്തിന്റെ അമിതപ്രതീക്ഷയും അത്രത്തോളംതന്നെയുള്ള അമിത ആത്മവിശ്വാസവും ഒരു പന്തിന്റെ ചലനത്തിൽ കീഴ്‌മേൽമറിഞ്ഞ മാരക്കാന. വൃത്താകാരമായൊരു ശ്മശാനമായി മാരക്കാന.

കരഞ്ഞു കണ്ണീർ വറ്റിയ പരശതം ബ്രസീസിലുകാരിൽ ഒരുവനായ ഡൊഡീഞ്ഞോയെപ്പറ്റി വായിച്ചറിഞ്ഞ നിമിഷത്തിൽ മാരക്കാന ഇന്നോളം വായിച്ചുതീരാത്ത, വായന തുടരുന്ന ത്രസിപ്പിക്കുന്നൊരു സൃഷ്ടിയുടെ ആദ്യ അധ്യായമായി. റേഡിയോയിലൂടെ തോൽവിയെ പറ്റി കേട്ടറിഞ്ഞ ഡൊഡീഞ്ഞോ. അയാളുടെ കണ്ണീര് നനച്ച കവിളുകളിൽ പത്തുവയസ്സു തികയാത്ത മകന്റെ കുഞ്ഞുകൈ അലിവോടെ പതിഞ്ഞു. കരയരുത് പപ്പാ. പപ്പയ്ക്കായി ഒരുനാൾ ലോകകപ്പ് ഞാൻ നേടും. ഡീക്കോ എന്ന് വിളിപ്പേരുള്ള ആ കൊച്ചുബാലകൻ നിരാശയറിഞ്ഞ തന്റെ പിതാവിനു നൽകിയ വാഗ്ദാനം.

പെലെ. 1950-ലെ ബ്രസീലിന്റെ മഹാദുരന്തത്തിന്റെ എട്ടാംവർഷം പെലെ വാക്കുപാലിച്ചു. ബ്രസീൽ വിശ്വകിരീടമുയർത്തി. ഡൊഡീഞ്ഞോയുടെ മകൻ, ഡീക്കോ എന്ന് വിളിപ്പേരുള്ള സാക്ഷാൽ പെലെ ബ്രസീലിന് വിജയോന്മാദത്തിന്റെ ചഷകം തുറന്നുകൊടുത്തു.
പെലെ. 1950-ലെ ബ്രസീലിന്റെ മഹാദുരന്തത്തിന്റെ എട്ടാംവർഷം പെലെ വാക്കുപാലിച്ചു. ബ്രസീൽ വിശ്വകിരീടമുയർത്തി. ഡൊഡീഞ്ഞോയുടെ മകൻ, ഡീക്കോ എന്ന് വിളിപ്പേരുള്ള സാക്ഷാൽ പെലെ ബ്രസീലിന് വിജയോന്മാദത്തിന്റെ ചഷകം തുറന്നുകൊടുത്തു.

കുട്ടിക്കാലത്തെപ്പോഴോ വായിച്ച ചിത്രകഥാ പുസ്തകത്തിലാണ് മാരക്കാനാ ദുരന്തത്തിന്റെ വിവരണത്തിലേക്ക് ഡൊഡീഞ്ഞോയും ഡീക്കോയും കയറിവന്നത്. ചിത്രങ്ങൾക്കൊപ്പം സംഭാഷണങ്ങളടുക്കിയ ബലൂണുകളും നിറഞ്ഞ ചിത്രകഥയുടെ പാനലുകൾ. എട്ടോ പത്തോ പാനലുകൾക്കും രണ്ടോ മൂന്നോ താളുകൾക്കുമപ്പുറം ഡീക്കോ യുവാവായി വളർന്നു. ബ്രസീലിന്റെ മഹാദുരന്തത്തിന്റെ എട്ടാംവർഷം അവൻ വാക്കുപാലിച്ചു. ബ്രസീൽ വിശ്വകിരീടമുയർത്തി. ഡൊഡീഞ്ഞോയുടെ മകൻ, ഡീക്കോ എന്ന് വിളിപ്പേരുള്ള സാക്ഷാൽ പെലെ ബ്രസീലിന് വിജയോന്മാദത്തിന്റെ ചഷകം തുറന്നുകൊടുത്തു. ഉന്മാദം മൊത്തിക്കുടിച്ച ദേശത്തിന് അവൻ ദൈവമായി. ആ പതിനേഴുകാരന്റെ പാദബലത്തിൽ ഒരുരാജ്യം തകർച്ചയിൽ നിന്ന് കരകയറുന്നത് വായിച്ച് ത്രസിച്ചുപോയവരെത്ര. അതേ പെലെ 62ലും 70ലും ബ്രസീലിനെ വിശ്വകിരീടമണിയിച്ചു. കാൽപ്പന്തിന്റെ മഹാസാഹിത്യത്തിൽ മായികസൗന്ദര്യം പകർന്ന ആദ്യ അധ്യായം അതായിരുന്നു. ലോകം മെക്‌സിക്കൻ തിരമാലകളുയരുന്ന, ഗോൾ ഗോൾ എന്ന മാറ്റൊലികൾ നിലയ്ക്കാത്ത മാന്ത്രികദേശംകൂടിയാണെന്ന തിരിച്ചറിവ് പകർന്ന ഒന്നാം അധ്യായം.

ജയിക്കാനിടയുള്ള മത്സരത്തിൽ ചുവപ്പുകാർഡ് നീട്ടാൻ വരുന്ന പ്രലോഭനകരമായ പ്രകോപനങ്ങൾക്കുമുന്നിൽ സിദാനെപ്പോലെ തോറ്റുമടങ്ങേണ്ടിവരും. ഇടിയേറ്റുവീണ് വേദനയറിയുമ്പോൾ പരിഹാസത്തിന്റെ മുനയേറ്റ് തളരേണ്ടിവരും, പാട്രിക് ബാറ്റിസ്റ്റണെപ്പോലെ ജീവിതത്തിലും.

ഇതിഹാസത്തിന്റെ ഏടുകൾ

വിജയലഹരി പകർന്ന, വേദനയുടെ ചവർപ്പറിയിച്ച എത്രയെത്ര നിമിഷങ്ങൾ പിന്നേക്കുള്ള അധ്യായങ്ങൾ നിറച്ചുവച്ചു.

ലുസൈയ്ൽ മൈതാനത്ത് മിശിഹയും കൂട്ടരും കപ്പുയർത്തിയ 2022. ഫ്രഞ്ച് പക്ഷത്ത് പെലെ പുനരവതരിച്ചതുപോലെ കിലിയൻ മ്പാപ്പെ മായാജാലം കാട്ടിയ 2018-ലെ ഫൈനൽ. മാരക്കാനയിൽ പിന്നാലേകൂടിയ ഒഴിയാബാധയേറ്റ് സെമിയിൽ 7-1ന് ജർമനിയോട് അടിയറവ് പറഞ്ഞ് ബ്രസീൽ പുറത്തുപോയ 2014-ലെ ലോകകപ്പ്. ക്വാർട്ടറിൽ കൊളംബിയയുടെ ജുവാൻ സുനിഗയുടെ മുട്ടുകൊണ്ടുള്ള ഇടിയേറ്റ് നട്ടെല്ലിന് പരിക്കേറ്റ് നെയ്മർ പുറത്തേക്കുപോയ അതേ ലോകകപ്പ്.

വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല.
വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല.

2010 സ്പാനിഷ് അർമേഡയുടേതായിരുന്നു. എക്സ്ട്രാ ടൈമിൽ 116-ാം മിനിറ്റിൽ ഇനിയേസ്റ്റ ഹോളണ്ടിന്റെ വലകുലുക്കി സ്പെയിനിന് ആദ്യ വിശ്വകിരീടം നേടിക്കൊടുത്ത ലോകകപ്പ്. വുവുസുലേയുടെ മാന്ത്രിസംഗീതത്തൊപ്പം ടിക്കിടാക്കയുടെ മായാചലനങ്ങളുയർന്ന നിമിഷങ്ങൾ. ഇറ്റലിക്ക് നാലാംകിരീടം നേടിക്കൊടുത്ത 2006- ലെ ലോകകപ്പ്. ഇറ്റലിപ്പടയിൽ 23 അംഗ ടീമിൽ 21 പേരും മൈതാനത്തിറങ്ങിയ, അതിൽ 10 പേരും ഗോൾനേടിയ സംഘബലത്തിന്റെ കാഴ്ചകളാണ് ലോകകപ്പിലുടനീളം ഇറ്റലി സമ്മാനിച്ചത്. പക്ഷേ, മറ്റരസിയുടെ നെഞ്ചിൽ സിദാന്റെ തല പതിഞ്ഞതോടെ ഇറ്റാലിയൻ വിജയഗാഥയിൽ കുപ്രസിദ്ധിയുടെ കറ പുരണ്ടു. സിദാന്റെ മടക്കം ദുരന്തപൂർണമായൊരധ്യായമായി.

ലാവാപ്രവാഹംപോലെ മൈതാനങ്ങളെ ഉത്തേജിപ്പിച്ച ഡീഗോ മാറഡോണ, നൃത്തച്ചുവടുകളാൽ പന്തിനെ നേരിട്ട യൊഹാൻ ക്രൈഫ്, അതിശയചലനങ്ങളുടെ കാൾ മായി, ഇലപൊഴിയും കിക്കുകളുടെ സൗന്ദര്യംപകർന്ന ദിദി, കാൽപ്പന്തിന് സൗന്ദര്യലഹരി കുറിച്ച ഗാരിഞ്ച…

21-ാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പ് അട്ടിമറികളുടേതായിരുന്നു. ആദ്യമായി ലോകകപ്പിനെത്തിയ സെനെഗൽ അപ്പോഴത്തെ ലോകചാമ്പ്യനായ ഫ്രാൻസിനെ മുട്ടികുത്തിച്ച് തുടക്കംകുറിച്ച ഉദ്ഘാടനമത്സരം. അട്ടിമറികളുടെ പരമ്പരയായിരുന്നുപിന്നെ. പോർച്ചുഗലിനെ തറപറ്റിച്ച യു എസ് എ. നൈജീരിയയ്ക്കൊപ്പം പുറത്തായ അർജന്റീന, ക്വാർട്ടറിൽ സ്പെയിനിനെ കീഴടക്കി സെമിയിലെത്തിയ കൊറിയ. ഒടുവിൽ ജർമ്മനിയെ തോൽപ്പിച്ച് ബ്രസീൽ അഞ്ചാം തവണ കിരീടമുയർത്തി. ജന്മനാട്ടിൽ ഫ്രാൻസ് കപ്പുയർത്തിയ 1998ലെ ലോകകപ്പിൽ മൈതാനം കീഴടക്കിയ സിദാന്റെ ഹെഡ്ഡറുകളുടെ ചന്തം. 141 ഗോളുകൾ പിറന്ന 94-ലെ ലോകകപ്പിലേക്ക് ചെന്നെത്താനുള്ള കെല്പ് ഓർമ്മകൾക്കില്ല. ദൈർഘ്യമുള്ളൊരു ഇതിഹാസ ഗ്രന്ഥത്തിന്റെ മാഞ്ഞുപോയ താളായത് മങ്ങിനിൽപ്പുണ്ട്.

പുളകം പകർന്ന കഥാപാത്രങ്ങൾ

ഉരുളുന്ന പന്തിന്റെ വേഗത്തിനൊത്താണ് കളിയുടെ ലഹരി പടരുക. പതിഞ്ഞമട്ടിൽ തുടങ്ങുന്നൊരു വൃന്ദവാദ്യം പോലെയാകാമത്. ഉച്ചസ്ഥായിയിലത് നാഡികളെ ത്രസിപ്പിക്കും. വാദകരുടെ കാൽചലനങ്ങളിലാണ് തന്ത്രികളുടെ അയച്ചിലും മുറുക്കവും. സിരകളിലൂടൊഴുകുന്ന വൈദ്യുതധാര. ഒക്ടേവുകളുടെ മുഴക്കമായി സിംഫണികളുടെ നാദമായി മദിപ്പിച്ച മുഹൂർത്തങ്ങൾ. ഓരോ ചലനത്തിലുമുണ്ട് അദ്ഭുതവാദകരുടെ കാൽക്കരുത്തും കലയുടെ കരുത്തും. ഇത്താക്കയിലെ രാജാവിന്റെ പുറപ്പാടുപോലെ കോളിളക്കങ്ങളും കലഹങ്ങളും കോലാഹലങ്ങളും നിറഞ്ഞ സമുദ്രമാകും മൈതാനങ്ങൾ. അവിടെ താമരതീനികളും പറക്കുംകുതിരകളും മനുഷ്യപ്പറവകളും കിനാവള്ളികളും വന്നെത്തും. ഓരോ ലോകകപ്പിലും ഉയിർക്കുന്ന അദ്ഭുതാകാരങ്ങൾ.

പൊയറ്റിക് ജസ്റ്റിസ് കാൽപന്തിലുണ്ട്, ജീവിതത്തിലും. 2022ൽ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോൾ ആ കാവ്യനീതി ലോകംകണ്ടറിഞ്ഞതാണ്.
പൊയറ്റിക് ജസ്റ്റിസ് കാൽപന്തിലുണ്ട്, ജീവിതത്തിലും. 2022ൽ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോൾ ആ കാവ്യനീതി ലോകംകണ്ടറിഞ്ഞതാണ്.

ലാവാപ്രവാഹംപോലെ മൈതാനങ്ങളെ ഉത്തേജിപ്പിച്ച ഡീഗോ മാറഡോണ, നൃത്തച്ചുവടുകളാൽ പന്തിനെ നേരിട്ട യൊഹാൻ ക്രൈഫ്, അതിശയചലനങ്ങളുടെ കാൾ മായി, ഇലപൊഴിയും കിക്കുകളുടെ സൗന്ദര്യംപകർന്ന ദിദി, കാൽപ്പന്തിന് സൗന്ദര്യലഹരി കുറിച്ച ഗാരിഞ്ച, വിശുദ്ധ ചെകുത്താനെന്ന് പോർച്ചുഗീസുകാർ ഓമനപ്പേരിട്ടുവിളിച്ച മരിയോ എസ്റ്റവസ് കൊലൂണ, ജോജിയോ കിലേനിയെ മുയൽപ്പല്ലുകളുടെ മൂർച്ചയറിയിച്ച ആൻഫീൽഡിലെ നരഭോജി ലൂയി സുവാരസ്, ക്രോയേഷ്യൻ മധ്യനിരയുടെ നട്ടെല്ലായ ലൂക്കാ മൊഡ്രിച്ച്, ക്ഷിപ്രകോപിയായ ലുക്കാക്കു... ഓർത്തുപറയാൻ അവരെത്രപേർ.

ജീവിതത്തിന്റെ അപരൻ

പിറവിസങ്കല്പത്തിലെങ്കിലും സാഹിത്യം ജീവിതത്തിന്റെ അപരനാണ്, കാൽപന്തുമതേ. കാൽപന്തിന്റെ മൈതാനത്ത് നടക്കുന്നതൊക്കെയേ ജീവിതത്തിലും ആവർത്തിക്കുന്നുള്ളൂ. ദൈവത്തിന്റെ കൈയെന്ന് പേരിട്ടുവിളിക്കാവുന്നൊരു കൈയബദ്ധത്തിന്റെ കറ തുടച്ചുമാറ്റാനൊരായുസ്സു മുഴുവനും നൂറ്റാണ്ടിന്റെ ഗോളിനായി കാത്തിരിക്കേണ്ടിവരാറുണ്ട് ജീവിതത്തിൽ. പക്ഷേ, മൈതാനത്തതിന് മാറഡോണയ്ക്ക് കാത്തിരിക്കേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. മെഡലിനിലെ നിശാക്ലബ്ബിനു മുന്നിലെന്നപോലെ ഒരു പിഴമാത്രം മതിയാകും ജീവിതത്തിൽ വെടിയുണ്ടകളേറ്റുവാങ്ങാൻ. പീറ്റർ ഷെൽട്ടൻ നിസ്സഹായതയറിഞ്ഞ ആ ഗോൾപോസ്റ്റുകൂടിയാണ് ജീവിതം. കബളിപ്പിക്കപ്പെടുമ്പോഴും നിസഹായനായി നോക്കിനിൽക്കേണ്ടിവരും. ഖ്യാതിയുടെ ഉയരങ്ങൾ കീഴടക്കുന്നവരെ നോക്കി ഇതെന്ത് നീതിയെന്ന് അതിശയിക്കേണ്ടിവരും. ജയിക്കാനിടയുള്ള മത്സരത്തിൽ ചുവപ്പുകാർഡ് നീട്ടാൻ വരുന്ന പ്രലോഭനകരമായ പ്രകോപനങ്ങൾക്കുമുന്നിൽ സിദാനെപ്പോലെ തോറ്റുമടങ്ങേണ്ടിവരും. ഇടിയേറ്റുവീണ് വേദനയറിയുമ്പോൾ പരിഹാസത്തിന്റെ മുനയേറ്റ് തളരേണ്ടിവരും പാട്രിക് ബാറ്റിസ്റ്റണെപ്പോലെ ജീവിതത്തിലും. എങ്കിലും പൊയറ്റിക് ജസ്റ്റിസ് കാൽപന്തിലുണ്ട്, ജീവിതത്തിലും. 2022ൽ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോൾ ആ കാവ്യനീതി ലോകംകണ്ടറിഞ്ഞതാണ്. വീഴ്ചയും മടങ്ങിവരവും ജീവിതത്തിലെന്നപോലെ മൈതാനത്തിലുമുണ്ട്. അദ്ഭുതകരമായ പാസുകളിലാണ് കളിയുടെയും ജീവിതത്തിന്റെയും സൗന്ദര്യം. വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല.

Comments