രണ്ടാഴ്ച മുൻപ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിൽ നടന്ന ദേശീയ തെരഞ്ഞെടുപ്പിലെ പ്രധാന മത്സരം, നിലവിലെ പ്രസിഡൻറ് ജെയ്ർ ബോൾസനാരോയും ഇടതുപക്ഷക്കാരനായ മുൻ പ്രസിഡൻറ് ലൂല ദ സിൽവയും തമ്മിലായിരുന്നു. നാലുവർഷം മുൻപ് 2018 ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന മുൻ സൈനിക ഉദ്യോഗസ്ഥനാണ് ബോൾസനാരോ. അപ്പോൾ ലൂല അഴിമതിക്കേസിൽ പ്രതിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെ പത്ത് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച് ജയിലിലാണ്. അന്ന് അദ്ദേഹത്തെ തികച്ചും അന്യായമായി ശിക്ഷിച്ച് ജയിലിലടച്ച ജഡ്ജിനെ ബോൾസനാരോ തന്റെ ക്യാബിനറ്റിൽ നിയമമന്ത്രിയുടെ കസേര നൽകി ആദരിച്ചു.
തന്റെ പ്രതിയോഗിയും മറ്റൊരു മുൻ പ്രസിഡന്റുമായിരുന്ന ദിൽമാ റൂസെഫിനെ ജയിലിൽ വെച്ച് ക്രൂരമായി ഭേദ്യം ചെയ്ത പൊലീസുദ്യോഗസ്ഥനെ അദ്ദേഹം പരസ്യമായി ആദരിക്കുകയും രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ച് സ്ഥാനക്കയറ്റം കൊടുക്കുകയും ചെയ്തു. എന്നാൽ, അധികം താമസിയാതെ ബ്രസീലിയൻ സുപ്രീം കോർട്ട് നേരിട്ട് ഇടപെട്ട് ലൂലയെ കുറ്റവിമുക്തനാക്കി. പട്ടാളത്തിന്റെ പിൻബലത്തോടെ അദ്ദേഹത്തിനെതിരെ നിർമിക്കപ്പെട്ട വ്യാജമായ അഴിമതി ആരോപണങ്ങളെല്ലാം സുപ്രീംകോടതി തള്ളിക്കളഞ്ഞു.
2019 ൽ ലൂലയും അയ്യായിരം അനുയായികളും ജയിൽ മോചിതരായി. എന്നാൽ ലൂല ജയിലിൽ നിന്നിറങ്ങി വന്നത്, ഒരു കൈയിൽ ബൈബിളും മറ്റെക്കൈയിൽ മെഷിൻഗണ്ണും മനസ്സ് നിറയെ വംശവിദ്വേഷവുമായി ആമസോൺ കാടുകൾ ചുട്ടെരിച്ചും തദ്ദേശഗോത്രങ്ങളെ കൂട്ടക്കൊല ചെയ്തും ശാസ്ത്ര സത്യങ്ങളെ പരിഹസിച്ചും സാമാന്യ ബുദ്ധിയെ വെല്ലുവിളിച്ചും മദമിളകി നിൽക്കുന്ന ജെയ്ർ ബോൾസനാരോയുടെ ബ്രസീലിലേക്കായിരുന്നു. സ്വാഭാവികമായും അത്തരമൊരു പ്രസിഡന്റിനെ ലോകത്തെ മഹാ ഭൂരിപക്ഷം രാജ്യങ്ങളും ആശങ്കയോടെ കണ്ടപ്പോൾ അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ ശക്തനായ നേതാവ് എന്ന് പരസ്യമായി പ്രശംസിച്ചു. അമേരിക്കയുടെ ഉറ്റ സുഹൃത്തെന്ന് വിശേഷിപ്പിച്ചു. പ്രത്യുപകാരമായി ബോൾസനാരോ ട്രംപിന്റെ പാമര ജല്പനങ്ങൾ സുവിശേഷം പോലെ ഏറ്റുവിളിച്ചു. ‘ട്രംപ് ഓഫ് ദ് ട്രോപിക്‌സ്’ എന്ന് ലോകം പരിഹസിച്ചപ്പോൾ അദ്ദേഹമത് ഭൂഷണമായിക്കണ്ടു. പിന്നീട് അമേരിക്കയോടൊപ്പം സഞ്ചരിച്ച് കോവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയ്ക്ക് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്തെത്തുകയും ബോൾസനാരോ തന്റെ പുതിയ സ്ഥാനപ്പേരിന് ഏറ്റവും അനുയോജ്യനാണെന്ന് സ്വയം തെളിയിക്കുകയും ചെയ്തു.
ലോകത്തെ ഒന്നാം നമ്പർ ടീമായ ബ്രസീൽ ആറാമതൊരു കപ്പ് നേടുമെന്നും ആ കപ്പ് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വെച്ച് രാജ്യത്തിനു വേണ്ടി താൻ ഏറ്റുവാങ്ങുമെന്നും അദ്ദേഹം ജനങ്ങളെ പറഞ്ഞ് ധരിപ്പിച്ചു. അതായിരുന്നു ബോൾസനാരോയുടെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം.
അതിനിടയിൽ, വംശവെറുപ്പിന്റെയും അധികാരാഹന്തയുടേയും അശാസ്ത്രീയതയുടേയും അല്പത്തരത്തിന്റെയും ഏറ്റവും പുതിയ അവതാരമായ ഈ മനുഷ്യൻ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ സ്ഥാപകദിനത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നതും, ഇന്ത്യൻ ഭരണാധികാരികളോടൊപ്പം ഇരുന്ന് നമ്മുടെ രാജ്യത്തിന്റെ നാലായിരം വർഷത്തെ സാംസാരിക ചരിത്രത്തിന്റെയും ആധുനിക സാങ്കേതിക മികവിന്റെയും സൈനിക ശക്തിയുടേയും പ്രതീകങ്ങൾ അലസമായി വീക്ഷിക്കുന്നതും ട്രംപിന്റെ ഭാഷയിൽ ഇന്ത്യയെ പുകഴ്ത്തുന്നതും പുതിയൊരു അച്ചുതണ്ടിന്റെ ആരംഭമായി അയൽരാജ്യങ്ങൾ കണ്ടു. 2022 ലെ തെരഞ്ഞെടുപ്പിൽ ലൂലയെ പരാജയപ്പെടുത്തി വീണ്ടും ജയിലിലടക്കാമെന്ന് ബോൾസനാരോ പ്രതീക്ഷിച്ചു.
ഫുട്‌ബോൾ ലോകകപ്പിന്റെ വർഷമാണ് 2022. ലോകത്തെ ഒന്നാം നമ്പർ ടീമായ ബ്രസീൽ ആറാമതൊരു കപ്പ് നേടുമെന്നും ആ കപ്പ് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വെച്ച് രാജ്യത്തിനുവേണ്ടി താൻ ഏറ്റ് വാങ്ങുമെന്നും അദ്ദേഹം ജനങ്ങളെ പറഞ്ഞ് ധരിപ്പിച്ചു. അതായിരുന്നു ബോൾസനാരോയുടെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം. ഇതിനകം ബ്രസീലിന്റെ ലോകപ്രസിദ്ധമായ മഞ്ഞ ജേഴ്‌സിയുടെ ഉടമസ്ഥാവകാശം ബോൾസനാരോ മിക്കവാറും സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. തന്റെ ഇലക്ഷൻ റാലികൾ അദ്ദേഹം മഞ്ഞക്കുപ്പായങ്ങൾ കൊണ്ട് നിറച്ചു. ബ്രസീൽ ജേഴ്‌സി എന്നാൽ ബോൾസനാരോ എന്ന മാനസികാവസ്ഥയിലേക്ക്, ഫുട്‌ബോളിനുവേണ്ടി മരിക്കാൻ തയാറായി നിൽക്കുന്ന ഒരു ജനതയെ മെരുക്കിയെടുക്കാൻ അദ്ദേഹം കഴിയുന്നതെല്ലാം ചെയ്തു. എങ്കിലും അദ്ദേഹം കരുതിയതു പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.
തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് ഫലം വന്നപ്പോൾ ലൂല മുന്നിലായി. എങ്കിലും ലൂലയുടെ ജയം ഉറപ്പാക്കാൻ വീണ്ടുമൊരു റൗണ്ട് വോട്ടിംഗ് വേണ്ടി വരും. രണ്ടാം റൗണ്ടിൽ 50% വോട്ട് നേടുന്നയാൾ പ്രസിഡന്റാകും. ബോൾസനാരോയ്ക്ക് ഇനിയൊരു പരാജയം അചിന്ത്യമാണ്. എങ്ങനെയും വിജയിക്കണം. അതിന് ബ്രസീലിൽ ഫുട്‌ബോളിനേക്കാൻ മികച്ച ആയുധമില്ല. ബ്രസീലിന്റെയും അർജന്റീനയുടേയും പട്ടാള ഭരണാധികളും ഏകാധിപതിമാരും തങ്ങളുടെ രക്തം പുരണ്ട കൈകൾ തുടച്ച് വൃത്തിയാക്കാൻ എപ്പോഴും പോക്കറ്റിൽ കരുതിവെച്ചിരിക്കേണ്ട തൂവാലയാണ് ഫുട്‌ബോൾ എന്ന്, തികഞ്ഞ ഫാഷിസ്റ്റായ ബോൾസനാരോക്ക് നന്നായറിയാം. 2018ൽ അദ്ദേഹമത് ഉപയോഗിച്ചതുമാണ്. 2022 ലും അത് തന്നെയായിരുന്നു തന്ത്രം. ഇത്തവണ തന്റെ കൈകളിലെ മനുഷ്യരക്തം തുടച്ചുമാറ്റാൻ അദ്ദേഹം പോക്കറ്റിൽ നിന്ന് ആദ്യം വലിച്ചെടുത്ത തൂവാലയുടെ പേര് നെയ്‍മർ ജൂനിയർ എന്നായിരുന്നു.
രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിന് വെറും ഒരാഴ്ച മുൻപ് ബോൾസനാരോയുടെ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ, ഇത്തവണ ബോൾസനാരോയ്ക്ക് വേണ്ടി ബ്രസീൽ ലോകകപ്പ് നേടുമെന്നും ദോഹയിൽ താൻ നേടുന്ന ആദ്യത്തെ ഗോൾ അദ്ദേഹത്തിനായി സമർപ്പിക്കുമെന്നും നെയ്‍മർ സ്വാഭിമാനം പറയുന്നത് ലോകം കണ്ടു. എന്നാൽ ലാറ്റിനമേരിക്കയിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളും ഫുട്‌ബോളും തമ്മിലുള്ള ക്രിമിനൽ കൂട്ടുകെട്ടുകളുടെ നീണ്ട ചരിത്രം അറിയുന്നവർക്ക് അതിൽ വലിയ അത്ഭുതമൊന്നും തോന്നിയിരിക്കാൻ വഴിയില്ല.
1970 നുശേഷം ഫുട്‌ബോൾ മൈതാനത്ത് നിന്ന് വീണ്ടുമൊരു പ്രതിഷേധ ശബ്ദം കേൾക്കാൻ ബ്രസീലിന് പിന്നെയും 14 കൊല്ലം കാത്തിരിക്കേണ്ടി വന്നു. ഉടൻ തെരഞ്ഞെടുപ്പ് നടത്തുക എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ ലോകോത്തര താരം സോക്രട്ടിസിന്റെ ശബ്ദമായിരുന്നു അത്.
1970 ലെ ബ്രസീൽ ടീം ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതെന്നാണ് കരുതപ്പെടുന്നത്. പെലെ, ജെയ്ർസിഞ്ഞോ, റിവലിനോ തുടങ്ങിയവരടങ്ങിയ ആ ടീം ലോകകപ്പുമായി മടങ്ങി വന്നത് ബ്രസീലിനെ മിലിട്ടറി ബൂട്ടുകൾ കൊണ്ട്
ചവിട്ടിമെതിച്ച് ജയിലുകൾ നിറച്ച് നാട് വാണിരുന്ന കുപ്രസിദ്ധ സൈനിക സ്വേച്ഛാധിപപതി ജനറൽ എമിലിയോ മെഡിച്ചിയുടെ കൊട്ടാര വാതിലിലേക്കായിരുന്നു. മാത്രമല്ല, ബ്രസീൽ ടീമിനായി രചിക്കപ്പെട്ട ഒൻപത് കോടി ഒന്നിച്ച് എന്ന പാട്ട് മെഡിച്ചി സ്വന്തമാക്കി തന്റെ പിന്തുണക്കുവേണ്ടി ഉപയോഗിക്കാനും തുടങ്ങി. തന്റെ ഗോൾ ആഘോഷിക്കുന്ന പെലെയുടെ ചിത്രവും മെഡിച്ചിയുടെ കിരാത നയങ്ങളെ പുകഴ്ത്തി നാടെങ്ങും നിറഞ്ഞു. ഇതിനെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ട ഒരേയൊരാൾ മുൻകോച്ച് ഹാവോ സൽദാന മാത്രമായിരുന്നു. പ്രസിഡൻറ് രാജ്യം ഭരിക്കട്ടെ, ഫുട്‌ബോൾ ഭരിക്കണ്ട എന്ന് സൽദാനോ പരസ്യമായി പറയാൻ ധൈര്യം കാണിച്ചു. ബ്രസീലിയൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന സൽദാനയുടെ ജീവൻ നഷ്‌പ്പെടാതിരുന്നത് പലരേയും അതിശയിപ്പിച്ചു. അതേസമയം ജനറൽ മെഡിച്ചി, അമേരിക്കൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സനുമായി ചേർന്ന് അയൽ രാജ്യമായ ചിലിയിലെ ഇടതുപക്ഷ പ്രസിഡൻറ് സാൽവദോർ അയൻഡെയെ വധിക്കാനുള്ള നീണ്ട ഗൂഢാലോചനയുടെ തിരക്കിലായിരുന്നു. അതിനായി ചിലിയൻ പട്ടാള മേധാവി അഗസ്റ്റോ പിനോഷെയെ പ്രേരിപ്പിച്ചതും വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തതും മെഡിച്ചി ആയിരുന്നു. പ്രശസ്ത കവി പാബ്‌ളോ നെരൂദയുടെ മരണത്തിനുപിന്നിലും പിനോഷെ ആയിരുന്നു എന്ന് പലരും സംശയിച്ചു.
1970 നുശേഷം ഫുട്‌ബോൾ മൈതാനത്ത് നിന്ന് വീണ്ടുമൊരു പ്രതിഷേധ ശബ്ദം കേൾക്കാൻ ബ്രസീലിന് പിന്നെയും 14 കൊല്ലം കാത്തിരിക്കേണ്ടി വന്നു.
ഉടൻ തെരഞ്ഞെടുപ്പ് നടത്തുക എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ ലോകോത്തരതാരം സോക്രട്ടിസിന്റെ ശബ്ദമായിരുന്നു അത്. അന്ന് സോക്രട്ടിസ് ബ്രസീലിന്റെയും കൊറിന്തിയൻസിന്റെയും മിന്നുന്ന ഫുട്‌ബോൾ താരം മാത്രമായിരുന്നില്ല, വൈദ്യശാസ്ത്രത്തിൽ ബിരുദധാരിയായ, അറിയപ്പെടുന്ന ഡോക്ടർ കൂടി ആയിരുന്നു. അക്കാലത്ത് തൊഴിലാളി വർഗത്തിന്റെ ക്ലബ്ബായി അറിയപ്പെട്ടിരുന്ന കൊറിന്തിയൻസിന്റെ ആരാധകർക്ക് സ്വേച്ഛാധിപത്യത്തിനെതിരായി ശബ്ദമുയർത്താനുള്ള ആത്മ വിശ്വാസം കൊടുത്ത ഏക ഫുട്‌ബോൾ താരം സോക്രട്ടിസ് ആയിരുന്നു.
നെയ്‌മറിനെപ്പോലെയുള്ള താരങ്ങൾ സ്വേച്ഛാധിപത്യത്തെയും വംശ വെറുപ്പിനെയും അശാസ്ത്രീയതയെയും മഹത്വവൽകരിക്കുന്ന ബോൾസനാരോയെ കണ്ണടച്ച് പിൻതാങ്ങുന്നത് എന്തുകൊണ്ടാണ് എന്നതിന് വരുമാനനികുതി വെട്ടിപ്പ് അടക്കമുള്ള വ്യാഖ്യാനങ്ങൾ പലതുമുണ്ട്.
കൊറിന്തിയൻ ഡെമോക്രസി എന്നറിയപ്പെട്ട ആ മുന്നേറ്റം മെഡിച്ചിയുടെ പട്ടാളം അടിച്ചമർത്തി. തന്റെ പ്രിയപ്പെട്ട ക്ലബ് ഉപേക്ഷിച്ച് സോക്രട്ടിസ് ഇറ്റലിയിലേക്ക് പോയി. ഫുട്‌ബോളിൽ നിന്ന് വിരമിച്ചശേഷം സാവോ പോളോയിലെ ചേരികളിൽ നിർധനർക്കുവേണ്ടി നീണ്ട കാലം സൗജന്യ ചികിത്സ നടത്തി പാവങ്ങളുടെ ഡോക്ടറായി ജിവിച്ച സോക്രട്ടിസ്, 2011 ൽ തന്റെ 57-ാമത്തെ വയസ്സിൽ മരിച്ചു. ഇക്കൊല്ലം മുതൽ ഫിഫ അദ്ദേഹത്തിന്റെ പേരിൽ സാമൂഹ്യസേവന രംഗത്ത് മികവ് പുലർത്തുന്ന ഫുട്‌ബോൾ കളിക്കാർക്കായി ഏർപ്പെടുത്തിയ സോക്രട്ടിസ് അവാർഡിന്റെ പ്രഥമ ജേതാവ് സെനഗൽ താരം സാദിയോ മാനെ ആയിരുന്നു. സോക്രട്ടിസിന്റെ സഹോദരനും മുൻ ബ്രസീലിയൻ മിഡ് ഫിൽഡറുമായ റായി ആയിരുന്നു ഫിഫയ്ക്ക് വേണ്ടി സാദിയോ മാനെയ്ക്ക് പുരസ്‌ക്കാരം സമർപ്പിച്ചത്. ചടങ്ങിൽ റായി കൈമുട്ട് മടക്കി ഉയർത്തിപ്പിടിച്ചതിന്റെ സാരം യൂറോപ്പ് ആദ്യം മനസ്സിലാക്കിയില്ല. എന്നാൽ ബ്രസീലിൽ അത്, ലുലയുടെ പേരിന്റെ ആദ്യാക്ഷരമായ L ആയി വ്യാഖ്യാനിക്കപ്പെട്ടു. അത് താൻ ശ്രദ്ധിച്ചുവെന്നും നന്ദി എന്നും ഇൻസ്റ്റഗ്രാമിൽ ലൂല പോസ്റ്റ് ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ലൂലായ്ക്ക് ലഭിച്ച ചുരുക്കം ഫുട്‌ബോൾ പിന്തുണകളിലൊന്നായിരുന്നു അത്.
നെയ്‌മറിനെപ്പോലെയുള്ള താരങ്ങൾ സ്വേച്ഛാധിപത്യത്തെയും വംശവെറുപ്പിനെയും അശാസ്ത്രീയതയെയും മഹത്വവൽകരിക്കുന്ന ബോൾസനാരോയെ കണ്ണടച്ച് പിൻതാങ്ങുന്നത് എന്തുകൊണ്ടാണ് എന്നതിന് വരുമാനനികുതി വെട്ടിപ്പ് അടക്കമുള്ള വ്യാഖ്യാനങ്ങൾ പലതുമുണ്ട്. അതെന്തായാലും ഈ വിഷയത്തിൽ നെയ്‍മർ തനിച്ചല്ല. ആ പട്ടികയുടെ ദൈർഘ്യം അമ്പരപ്പിക്കുന്നതാണ്. റൊണാൾഡോ, റിവാൾഡോ, റൊമാറിയോ, കക്കാ, കഫു, റൊണാൾഡിനിയോ, എഡ്മുണ്ടോ, ടാഫെറൽ, തിയാഗോ സിൽവ, ഗബ്രിയൽ ജെസുസ്, ആലിസൺ ബേക്കർ - എല്ലാവരും ആഗ്രഹിക്കുന്നത് സ്വേച്ഛാധിപതിയുടെ വിജയമാണ്.
ദോഹയിലെ തന്റെ ആദ്യത്തെ ഗോൾ നെയ്‍മർ ബോൾസനാരോയ്ക്ക് സമർപ്പിക്കാൻ ഇനി സാധ്യത കുറവാണ്. കാരണം ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ആയി ജനങ്ങൾ തെരഞ്ഞെടുത്തത് ബോൾസനാരോയെയല്ല, ലൂല ദ സിൽവയെയാണ്.
ഈ പേരുകാരെല്ലാം തന്നെ ഏറ്റവും ദരിദ്രമായ ചേരികളിൽ നിന്ന് അതിസമ്പന്നതയുടെ കൊടിമുടികൾ കണ്ണടച്ച് തുറക്കുന്നതിന് മുൻപ് കയറിപ്പറ്റിയവരാണ്. ബോൾസനാരോയുടെ നയങ്ങൾ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന ജനവിഭാഗങ്ങളിൽ ജനിച്ച് വളർന്നവരാണിവർ മിക്കവരും. എന്താണവർക്കിതൊന്നും മനസ്സിലാകാത്തത്. ഒരു കാരണം വിദ്യാഭ്യാസമില്ലായ്മയും ലോക കാര്യങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയുമായിരിക്കാം. സാമൂഹ്യനീതി എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞിരിക്കാൻ ഒരിക്കലെങ്കിലും സാധിക്കാതെ പോയ ദുരിതബാല്യങ്ങളാകാം. അധികസമ്പത്തും അന്ധമായ ആരാധകരും അപക്വമനസ്സുകളിൽ അസത്യങ്ങൾ നിറയ്ക്കുന്നത് കൊണ്ടാകാം. ബ്രസീലിന്റെ കോച്ച് ടെറ്റെ തന്റെ ഏറ്റവും പ്രധാന കളിക്കാരനായ നെയ്‍മർ പറഞ്ഞ അഭിപ്രായങ്ങളെ ഉടൻ തന്നെ തള്ളിക്കളഞ്ഞിരുന്നു. ആർക്ക് സമർപ്പിക്കണമെന്നൊക്കെ ഇപ്പോൾ ആലോചിക്കണ്ട സമയമല്ല എന്നും അതൊക്കെ തീരുമാനിക്കാൻ ആർക്കും അധികാരം കൊടുത്തിട്ടില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമായി പ്രതികരിച്ചിരുന്നു. എന്തായാലും ബ്രസീലിയൻ ഫുട്‌ബോളിൽ ഒരു സോക്രട്ടിസിന് ഒരു കോടി നെയ്‍മർമാരാണുള്ളത് എന്നത് ഒരു സത്യമാണ്.
ദോഹയിലെ തന്റെ ആദ്യത്തെ ഗോൾ നെയ്‍മർ ബോൾസനാരോയ്ക്ക് സമർപ്പിക്കാൻ ഇനി സാധ്യത കുറവാണ്. കാരണം ബ്രസീലിന്റെ പുതിയ പ്രസിഡൻറ് ആയി ജനങ്ങൾ തെരഞ്ഞെടുത്തത് ബോൾസനാരോയെയല്ല, ലൂല ദ സിൽവയെയാണ്. ആര് ആർക്ക് സമർപ്പിച്ചാലും സമർപ്പിച്ചില്ലെങ്കിലും, ബ്രസീൽ ദോഹയിൽ ആദ്യത്തെ ഗോൾ നേടുമ്പോൾ ബ്രസീലിയൻ ജനതയും ലോകമെമ്പാടുമുള്ള ബ്രസീലിയൻ ആരാധകരും ഒന്നിച്ചെഴുന്നേറ്റ് നിന്ന് ആർത്തുവിളിക്കും എന്നതിന് സംശയമില്ല. അക്കൂട്ടത്തിൽ നിയുക്ത പ്രസിഡൻറ് ലൂല ദ സിൽവയും റായിയും ടെറ്റെയും ഉറപ്പായി ഉണ്ടാകും. അതാണ് ഫുട്‌ബോളിന്റെ മാജിക്. അതുകൊണ്ടാണ് അതിനെ ബ്യൂട്ടിഫുൾ ഗെയിം എന്ന് ലോകം വാഴ്ത്തുന്നത്.
അതുകൊണ്ടാണ് മെസ്സിയും നെയ്‍മറും റൊണാൾഡോയും ഡി മരിയയും
ആകാശം മുട്ടുന്ന കട്ടൗട്ടുകളായി ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്നത്. ▮