ലയണൽ മെസ്സി / Photo: Facebook, Leo Messi

വിശ്വാസിയല്ലാത്ത എന്നെ​വിശ്വാസിയാക്കിയ ദൈവം

മെസ്സീ, നിങ്ങൾ വേൾഡ് കപ്പിൽ മുത്തമിട്ടപ്പോൾ ഇന്ന് ഈ നിമിഷം മരിച്ചുപോയാൽ പോലും സായൂജ്യം എന്ന നിലയിൽ കരയുകയായിരുന്നു ഞാനും പാർട്‌നറും.

ലോകത്ത് പല വിശ്വാസങ്ങളിൽപെടുന്ന നാനാ ജാതി മതസ്ഥരുണ്ടെങ്കിലും ഇവരെയെല്ലാം ഒരു ബിന്ദുവിലേക്ക് ചുരുക്കുകയല്ലാതെ, നിറയ്ക്കുന്ന മനോഹരമായ മതമാണ് ഫുട്‌ബോൾ. അവിടെ ‘മിശിഹാ' എന്ന് വിളിപ്പേരുള്ള ഒരു അഭിഷിക്ത രാജകുമാരനാണ് വിശ്വസിയല്ലാത്ത എന്നെ വിശ്വാസിയാക്കി മാറ്റിയത്.

ഒരേയൊരു മെസ്സി.

‘ഇഡിയോപ്പതിക് ഷോർട് സ്റ്റാച്വർ’ എന്ന രോഗം തന്റെ ഫുട്‌ബോൾ കരിയർ എന്ന സ്വപ്നം തന്നെ ഇല്ലാതാക്കും എന്ന് എല്ലാവരും വിശ്വസിച്ചപ്പോഴും ആ അവസ്ഥയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ മിശിഹാ.

ചിത്രീകരണം: ദേവപ്രകാശ്

എന്റെ ഏട്ടൻമാരിൽ നിന്നാണ് അർജന്റീന എന്ന ടീമിനെ ഞാനറിയുന്നത്. അന്ന് അവരാണ് എന്റെ ഹീറോസ്. അവർ ആരാധിക്കുന്നവരെ, അതിപ്പോൾ ഫുട്ബാൾ ആണെങ്കിലും, സിനിമ ആണെങ്കിലും, ആരെയാണെങ്കിലും, അന്ധമായി ആരാധിക്കുക എന്ന രീതിയായിരുന്നു എന്റേത്. എന്നാൽ പിന്നീട് അച്ഛന്റെയും കൂടെ ഇഷ്ടം അവരാണെന്ന് തിരിച്ചറിഞ്ഞതോടെ പൂർണമായും ഞാനൊരു അർജന്റീനൻ ഫാൻ ആയി മാറുകയായിരുന്നു.

മെസ്സിയെന്ന പ്രതിഭയെക്കുറിച്ച്​ വർണിക്കാൻ തുടങ്ങിയാൽ ചില നേരങ്ങളിൽ വർണനയുടെ ആ വാക്കുകൾക്കുപോലും നീതി പുലർത്താനാകാതെ വന്നേക്കാം.

‘മറ്റാരേക്കാളും മുകളിലാണ് മെസ്സി, അത് തിരിച്ചറിയാതെ പോകുന്നവർ അന്ധരാണെന്നെ പറയാനാകൂ' എന്ന്​ പറഞ്ഞത്​ സാവി.

‘ഫുട്‌ബോളിനൊരു ദൈവമുണ്ടെങ്കിലത് മെസ്സിയാണ്​' എന്നു പറഞ്ഞത് ഹോസേ മൊറീഞ്ഞ്യോ.

‘രതിമൂർച്ഛ പോലൊരു ആനന്ദമാണ് മെസ്സി ഫുട്‌ബോൾ കളിക്കുന്നത് കാണുമ്പോൾ എനിക്കു ലഭിക്കുന്നത്​' എന്നു പറഞ്ഞതാകട്ടെ സാക്ഷാൽ ലൂയി ഫിഗോ.

‘എപ്പോഴും ഫോർവേഡ് മാത്രം പോകുന്നവനാണ് മെസ്സി. അദ്ദേഹത്തിന് ഒരേയൊരു ഉന്നമേയുള്ളൂ. അത് ഗോളിനുനേരെ പായുക എന്നത് മാത്രമാണ്. അതുകാരണം ഒരു ഫുട്ബാൾ ആരാധകൻ എന്ന നിലയിൽ അത് ചുമ്മാ ഇരുന്ന്​ആസ്വദിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ’ എന്ന് പറഞ്ഞത് സിദാൻ.

പ്രിയ മെസ്സി, നിങ്ങൾ മനുഷ്യനല്ല. മനുഷ്യരൂപത്തിൽ അവതരിച്ച ഫുട്‌ബോളിന്റെ ദൈവം തന്നെയാണ്. ഈ ചിന്ത ഒന്നൂകൂടെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ വേൾഡ് കപ്പ് ഫൈനൽസ്.

‘മെസ്സിക്ക് വലതുകാലിന്റെ ആവശ്യം വരാറേയില്ല. അദ്ദേഹം ആ ഇടതുകാൽ മാത്രമാണ് ഉപയോഗിക്കുന്നത്. അപ്പോൾ അദ്ദേഹം വലതുകാൽ കൂടി ഉപയോഗിക്കുന്നത് ഒന്നോർത്തുനോക്കൂ. ഞങ്ങളെ സംബന്ധിച്ച് വലിയ പ്രശ്‌നങ്ങൾ തന്നെ അദ്ദേഹം ഉണ്ടാക്കിയേനെ’ എന്നു പറഞ്ഞത്​ സ്ലാറ്റൻ ഇബ്രാഹിമോവിച്ച്​.

‘മെസ്സി സ്വയം മനുഷ്യനെന്ന് വിചാരിക്കുന്നതാണ് നല്ലത്​, എന്നാൽ സത്യം മറ്റൊന്നാണ്’ എന്നു പറഞ്ഞത്​ മഷെറാനോ.

ചിത്രീകരണം: ദേവപ്രകാശ്

2022-ലെ വേൾഡ് കപ്പ് നിങ്ങളുടെ അവസാന വേൾഡ് കപ്പ് ആയിരുന്നു. അത് നിങ്ങൾക്കും അർജന്റീന എന്ന രാജ്യത്തിനും എത്രമാത്രം പ്രധാനമാണെന്ന് നിങ്ങളുടെ ഓരോ ആരാധകനും അറിയാമായിരുന്നു.

പക്ഷെ പ്രിയ മെസ്സി, നിങ്ങൾ മനുഷ്യനല്ല. മനുഷ്യരൂപത്തിൽ അവതരിച്ച ഫുട്‌ബോളിന്റെ ദൈവം തന്നെയാണ്. ഈ ചിന്ത ഒന്നൂകൂടെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ വേൾഡ് കപ്പ് ഫൈനൽസ്.

നിങ്ങൾ വേൾഡ് കപ്പിൽ മുത്തമിട്ടപ്പോൾ ഇന്ന് ഈ നിമിഷം മരിച്ചുപോയാൽ പോലും സായൂജ്യം എന്ന നിലയിൽ കരഞ്ഞതാണ് ഞാനും എന്റെ പാർട്‌നറും.

ഈ കളിക്കുശേഷം ഞാൻ ഉറപ്പിച്ചുപറയുന്നു മെസ്സി, നിങ്ങൾ ഒരു മിശിഹാ തന്നെയാണ്, അതിനാൽ തന്നെ ആ മിശിഹായാണെന്റെ ദൈവം.

എന്നെ വിശ്വാസിയാക്കിയ എന്റെ ദൈവം. ▮

Comments