വൊസീഞ്ഞ; കാൽപ്പന്തുകളിയുടെ അനിശ്ചിതത്വത്തിന്റെയും അപ്രവചനീയതയുടെയും പേരാകുന്നു.
എന്തുകൊണ്ടാണ് സോക്കർ സൗന്ദര്യത്തിന്റെയും ദാർശനികതയുടെയും രൂപാന്തരമാകുന്നത്? കായികമായിരിക്കുമ്പോഴും അത് അങ്ങേയറ്റം കലാത്മകമാകുന്നതിൻ്റെ പൊരുളെന്ത്? പച്ചപ്പുൽപ്പരപ്പിൽ കളിയഴകിൻ്റെ അന്വയങ്ങൾ തീർക്കുന്ന ദൃഷ്ടാന്തങ്ങൾക്ക് ഭാഷാന്തരങ്ങളുണ്ടോ?
എന്തുകൊണ്ടാണ് കാല്പന്തിലെ കാല്പനികവിന്യാസങ്ങൾ എന്നതിൻ്റെ മനുഷ്യാകാരമാണ് വൊസീഞ്ഞ എന്ന വൃദ്ധകായം. 40 സോക്കറിലെ വാർദ്ധക്യകാലമാണ്. വൊസീഞ്ഞ എന്നാൽ പോർച്ചുഗീസിൽ അമ്മൂമ്മയെന്നാണ്.
ലോകത്താകമാനമുള്ള മനുഷ്യർ കാല്പന്തിനെ സ്നേഹിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഫുട്ബോളിന് മാത്രം പകർന്നുനല്കാനാകുന്ന ചിലതുണ്ട്. കളിക്കുമപ്പുറമുള്ള ജീവിതത്തോളം സൗന്ദര്യവും ആന്തരികവിക്ഷുബ്ധതകളും കളിക്കളത്തിൻ്റെ പാഠാന്തരങ്ങളാണ്. ജയ പരാജയങ്ങളുടെ ആത്മീയസഞ്ചാരങ്ങൾ കാൽപന്തുകളിയോളം മറ്റെന്തിലാണ് നമുക്ക് കാണാൻ സാധിക്കുക.
ഇതാ ഇവിടെ നാല്പതുകാരനായ വെറ്ററാൻ ഗോൾകീപ്പറിലാണ് അതിൻ്റെ എല്ലാ ആന്തരികസൗന്ദര്യവും ദാർശനിക ഗഹനതകളും വിന്യസിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഫുട്ബോൾ കവിതയേയും കടന്നുപോകുന്ന ഒരു മഴവിൽക്കിക്കായിത്തീരുന്നത്?
ഒരിക്കൽക്കൂടി വൊസീഞ്ഞ.
ശാരീരികേച്ഛകളുടെ അനിർവചനീയമായ റിഫ്ലക്സുകളാൽ ആ സൗന്ദര്യത്തെ അന്വയിക്കുകയായിരുന്നു. ദുരന്തങ്ങൾ പതിയിരിക്കുന്ന ഗോൾപോസ്റ്റിനുകീഴിലെ പൊറങ്കടൽപ്പരപ്പിലെ ഏകാകി.
കളിപ്പന്തിലെ പരികല്പനകളുടെ എല്ലാ സൗന്ദര്യത്തെയും ഉള്ളിലേക്ക് ആവാഹിക്കുകയായിരുന്നു.
കളിക്കാഴ്ച്ചകളിലെ വാചാലമായ ആലങ്കാരികതകൾക്കപ്പുറം ആത്മനിശ്ചയത്തിൻ്റെ പോരാട്ടവീര്യത്തിൻ്റെ അചഞ്ചലത്വവും അക്ഷോഭ്യതയും കൊണ്ടാണ് ഗോളിയെന്ന പടുത ചായ്ച്ചുകെട്ടിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ലോകകപ്പിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കളിക്കാരനായി വൊസീഞ്ഞ മാറിയിരിക്കുന്നത്.
മറ്റൊന്നുമല്ല, എല്ലാ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കി, കരുത്തിന്റെയും പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഉള്ളുറപ്പായി, അങ്ങനെയാകാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രചോദനകേന്ദ്രമായി വൊസീഞ്ഞോ മാറുകയായിരുന്നു.
കളികളക്കുറിച്ച് വലിയവായിൽ പുലമ്പുന്ന എല്ലാ പ്രമാണികളെയും ത്രികാല പ്രവാചക ജ്ഞാനികളെയുമാണ് വൊസീഞ്ഞ ചുരുട്ടിക്കൂട്ടിയെറിഞ്ഞത്. സ്പെയിനിന്റെ പടക്കപ്പലുകളിൽ ആവശ്യത്തിന് ഇന്ധനങ്ങളും പടക്കോപ്പുകളും നിറച്ചുകെട്ടിക്കൊടുക്കുന്ന പണിയിൽ വ്യാപൃതരായിരുന്നു സോക്കർ പണ്ഡിതപ്രഭുക്കമാർ. നിങ്ങളുടെ പ്രവചനങ്ങളിലും മുൻവിധികളിലുമല്ല ഞങ്ങളുടെ അതിജീവന പാഠങ്ങൾ. എല്ലാ കവിതയെഴുത്തുകാരെയും പ്രവാചകന്മാരെയും വായ മൂടിക്കെട്ടുന്നതായിരുന്നു വൊസീഞ്ഞയുടെ നിശ്ചയദാർഢ്യം.

കോപ് വെർദെ അങ്ങനെയും ഒന്നുണ്ട്. കളിപ്പന്തിൻ്റെ മറ്റൊരു ഭൂഖണ്ഡം.
ജോസിമർ ജോസെ എവോറ ഡയസ്.
വോസീഞ്ഞ എന്ന ജഴ്സിയണിയുന്നതിനുമുൻപ് അയാൾ അങ്ങനെയായിരുന്നു. കുട്ടിക്കാലത്ത് തെരുവിൽ ഫുട്ബോൾ തട്ടി പരിക്കുകളുമായി വീട്ടിൽ മടങ്ങുമ്പോൾ സംരക്ഷണം നൽകിയത് അമ്മൂമ്മയായിരുന്നു. അമ്മൂമ്മച്ചിറകിൽ വളർന്ന ചെക്കനെ വൊസീഞ്ഞോ എന്ന് കുറ്റപ്പേരിട്ടു വിളിച്ചു. അതുകൊണ്ടായിരിക്കാം ഒരുപാട് കാലങ്ങൾ താണ്ടിയ ജീവിതത്തിൻ്റെ പരുക്കൻ പ്രതലത്തിൽ നിൽക്കുന്ന ഒരാളെപ്പോലെ അയാളുടെ രൂപവും ഭാവവും കലുഷിതകുന്നത്. ആദ്യമേ ശ്രദ്ധിച്ചത് ആമുഖമായിരുന്നു. അതിലെ ഇരുണ്ടുറച്ച നിശ്ചയദാർഢ്യവും എന്തിനെയും നിഷ്പ്രഭമാക്കുന്ന ഇച്ഛാശക്തിയുമായിരുന്നു. ഇത്രമാത്രം ദൃഢതയും കാഠിന്യവും മുറ്റിയ മറ്റൊരു കളിമുഖം കാണാനാകില്ല.
വൊസീഞ്ഞ; അമ്മൂമ്മ എന്ന കുറ്റപ്പേര് തെരുവിലെ കാൽപന്തുകളിക്കാരനിൽ ഉറച്ചു. നാല്പതുവയസ്സുവരെ ആ ദിനത്തിനുവേണ്ടി വൊസീഞ്ഞോ കാത്തിരിക്കുകയായിരുന്നു.
താൻ ജീവിതത്തിൽ ഇന്നോളം ആർജിച്ചെടുത്ത കളിയുടെ എല്ലാ മസ്മരികതയും അതീന്ദ്രിയ ജ്ഞാനങ്ങളും ഐന്ദ്രജാലികവിദ്യകളും പുറത്തെടുക്കുന്ന ആ ദിനത്തിനുവേണ്ടി. തന്നെക്കുറിച്ച് എഴുതാനിരിക്കുന്ന എല്ലാ കവിതകളെയും തൻ്റെ കളിയഴകിനെ വർണ്ണിക്കുന്ന എല്ലാ അലങ്കാരങ്ങളെയും അയാൾ രോഷത്തോടെ തട്ടിയകറ്റി.
തന്റെ ഗോൾപോസ്റ്റ് തന്റേതുമാത്രമെന്ന് അട്ടഹസിച്ചു.
ദേവർഷിശാപം കിട്ടിയ രാക്ഷസനെപ്പോലെ അയാൾ ആർക്കും കീഴടക്കാനാകാതെ മഞ്ഞുമല പോലെ വളർന്നു. ഇരുളിലോ പകലിലോ ത്രിസന്ധ്യയിലോ സംഹരിക്കാനാകാത്ത രാക്ഷസവീരവുമായി അയാൾ ഗോൾവലയിലെ നേരിനെക്കാത്തു. പോരിനായി വന്നവർ വന്നവർ പേടിച്ചു പേടിച്ചു പിൻവാങ്ങി.
അവൻ്റെ തോണിയിൽ മറ്റാരുമുണ്ടായിരുന്നില്ല. സ്പാനിഷ് അർമാഡ എന്ന ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പലിനെ ഒറ്റയ്ക്ക് തുഴഞ്ഞുപോയി നടുക്കടലിൽ മുക്കി.
ഗോളെന്നുറച്ച് തന്റെ ഹെഡ്ഡറിന്റെ ഊറ്റത്തിൽ അയാൾ ചുറ്റും നോക്കി. ആർത്തുവിളിക്കുന്ന സ്പെയിൻ കപ്പൽപ്പടയുടെ അമരക്കാരൻ മൈക്കൽ ഒയർസബാൾ.
ആ നിമിഷത്തിൽത്തന്നെ തലയിൽ കൈവച്ച് മൈതാനത്ത് നിസ്സംഗമായിരിക്കുന്ന കാഴ്ചയാണ് പിന്നെക്കണ്ടത്. വൊസീഞ്ഞയ്ക്കല്ലാതെ ആ ഹെഡറിന്റെ പ്രഹരശേഷിയെ തകർക്കാൻ മറ്റാർക്കുമാവില്ല. തൊട്ടടുത്ത നിമിഷം വന്ന ടോറസിന്റെ മറ്റൊരു ഹെഡറിനെയും വൊസീഞ്ഞയുടെ പരുക്കൻ കൈകൾ തച്ചുതകർത്തു.
കാൽപന്തുകളിയുടെ ആചാര്യനായ ലൂയിസ് ഫ്യൂന്തെ ഇനിയെന്ത് എന്ന് ലാമേൻ യമാലിന്റെ മുഖത്തുനോക്കി. ദ്രോണർക്ക് അർജുനൻ എന്നപോലെയാണ് സ്പാനിഷ് കളിയാശാന് യമാൽ. എല്ലാം ഭസ്മമാക്കുന്നതിനായി ഇരുകാലുകളിലും ആഗ്നേയാസ്ത്രവുമായാണ് അവൻ യുദ്ധക്കളത്തിലിറങ്ങിയത്. സ്പാനിഷ് യൗവ്വന വീര്യത്തിലെ ആഗ്നേയസ്ഫോടനങ്ങളും വൊസീഞ്ഞയുടെ മൂന്നാംകണ്ണിലെ തീയിൽ ഒരുപിടിചാരമായി.

വോസിഞ്ഞോ തട്ടിയകറ്റിയത് എതിർ കളിക്കാരുടെ ഗോളെന്നുറച്ച ലക്ഷ്യങ്ങളെ മാത്രമല്ല, പല തീർപ്പുകളെയും പല മുൻവിധികളെയും പാരമ്പര്യമായി നിലനിൽക്കുന്ന സോക്കറിലെ അടിയുറച്ച സൗന്ദര്യസങ്കല്പങ്ങളെയുമാണ്. തന്നെപ്പോലുള്ള മനുഷ്യരെ എന്നെന്നേക്കുമായി തീർത്തുകളയുന്ന എത്രയോ മുന്നേറ്റങ്ങളെയുമാണ് വൊസീഞ്ഞ തടുത്തിട്ടത്. തന്നെക്കുറിച്ച് കെട്ടാനിരിക്കുന്ന എല്ലാ പാട്ടുകളെയും എല്ലാ അതിവർണ്ണനകളെയും തട്ടിയകറ്റിയാണ് ഈ ഭൂമിയിലെ ഏറ്റവും ഏകാകിയായ ഗോളി സ്വന്തം ഗോൾവല എന്നന്നേക്കുമായി സുരക്ഷിതമാക്കി വെക്കുന്നത്.
കാനനങ്ങളിൽപ്പടർന്ന ആദിമവിഭ്രാന്തികളെ ചങ്ങലക്കിടുക എളുപ്പമല്ല. ഒന്നും നഷ്ടപ്പെടാനില്ലാത്തവനെ, മനസ്സിലും ശരീരത്തിലും പോരാട്ടത്തീമാത്രം കത്തിക്കൊണ്ടിരിക്കുന്നവനെ, നിങ്ങൾ എങ്ങനെ മയക്കുവെടിവെച്ചുവീഴ്ത്തും?
