ഐശ്വര്യ കമല

വാട്ട്ഫോഡ് എഫ്​.സി മൈതാനത്ത്​
ഞാനൊരു പന്തായി വട്ടം കറങ്ങി…

പത്താം ക്ലാസ്​ കഴിഞ്ഞശേഷം പിന്നെ എന്റെ ജീവിതത്തിൽ മൈതാനങ്ങളോ സ്പോർട്സോ ആരവങ്ങളോ ഉണ്ടായിട്ടേയില്ല. കഴിഞ്ഞദിവസം, ഒരു പ്രോഗ്രാമിന്റെ ഭാഗമായി വാട്ട്ഫോ​ർഡ് എഫ്.സിക്കുള്ളിൽ കയറിയതും വർഷങ്ങൾക്കുമുൻപ് എങ്ങോ മറന്നുവച്ച ആരവങ്ങൾ ഉള്ളിലുയർന്നു. ഒരു വലിയ മൈതാനത്തിന് എത്ര വേഗമാണ് നമ്മെ ഒരു വികൃതിക്കുട്ടിയാക്കി മാറ്റാൻ കഴിയുന്നത്.

സ്കൂൾക്കാലത്ത് ഞാൻ പന്തുപോലെ ഉരുണ്ടൊരു തക്കുടു താറാവായിരുന്നതിനാൽ എനിക്ക് സ്പോർട്സുമായി ഗാലറിബന്ധമേയുണ്ടായിരുന്നുള്ളു. ഓട്ടക്കാരിയായൊരു കൂട്ടുകാരിക്ക് മുള്ളുള്ള സ്പോർട്സ് ഷൂ വാങ്ങാൻ തുണ പോയതും, റിലേക്കൊടുവിൽ അവളുടെ കൈയിൽനിന്ന് കോല് നിലത്ത് പോയുണ്ടായ തോൽവിയിൽ അവളുടെ കരച്ചിലിന് മൂന്നു നാൾ കൂട്ടിരുന്നതും മാത്രമാണ് ആവേശം നിറഞ്ഞ എന്റെ ബാല്യകാല സ്പോർട്സ് ഓർമ്മകൾ.

സ്റ്റേഡിയങ്ങളുടെ കാര്യം പറഞ്ഞാൽ സ്കൂളിന്റെ സ്‌പോർട്സ് ദിനങ്ങൾ നടന്നിരുന്ന സെൻട്രൽ സ്റ്റേഡിയം കഴിഞ്ഞാൽ പിന്നെ എന്റെ ഓർമ്മയിലുള്ളത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ്. ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത് അത് ഏതോ വലിയ നായർ പ്രമാണിയുടേതാണെന്നും കരയോഗം വകയാണെന്നുമൊക്കെയായിരുന്നു. എല്ലാ വർഷവും സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ഡേ, പിന്നെ ക്വിറ്റ് ഇന്ത്യ ദിനം എന്നീ മൂന്നു ദിവസങ്ങളിൽ ഞങ്ങളെ സ്കൂളിൽ നിന്ന് ഈ സ്റ്റേഡിയത്തിൽ കൊണ്ടുപോകും. എല്ലാ തവണയും നല്ല നല്ല നൃത്തങ്ങൾ അതിന്റെതായ പാട്ടിനു ചുവടുകളിട്ട് ഞങ്ങളെ പഠിപ്പിക്കും. ഒടുവിൽ സ്റ്റേഡിയത്തിൽ കൊണ്ടുപോയി നിരത്തിനിർത്തി "ഹോഗേ കാമിയാഭ്", "വരിക വരിക സഹജരേ…" പോലുള്ള സമൂഹഗാനങ്ങൾക്ക്​ നൃത്തം വെപ്പിക്കും. കഥകളി മുതൽ നാടോടി നൃത്തം വരെ "ഹോഗേ കാമിയാബ് ഏക്ക് ദിൻ" നു ചുവടുവെക്കുന്ന അത്തരം ദിനങ്ങളിലാണ് ഞങ്ങൾ സ്റ്റേഡിയത്തിൽ സ്വതന്ത്രമായി വിഹരിക്കുക. സ്വതവേ ക്ലാസിലിരിക്കാൻ മടിയുള്ള ഞാനും കൂട്ടുകാരും എക്സിഹിബിഷനെന്ന പേരിൽ രണ്ട് ചാർട്ടും വരച്ചു സ്കൂളിൽനിന്ന് ചാടിപ്പോയി സ്റ്റേഡിയങ്ങളിൽ അലഞ്ഞ അനുഭവങ്ങളുമുണ്ട്.

മാച്ച് നടക്കുന്ന ദിവസം 22,000 മനുഷ്യരെ വഹിക്കാറുള്ള ഈ സ്റ്റേഡിയത്തിന്റെ നാലതിരിലും ഇത്രയുമധികം വാതിലുകളുണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയാത്തത്ര ആവേശമാണത്രെ ഉണ്ടാവുക.

പത്താം ക്ലാസ്​ കഴിഞ്ഞശേഷം പിന്നെ എന്റെ ജീവിതത്തിൽ മൈതാനങ്ങളോ സ്പോർട്സോ ആരവങ്ങളോ ഉണ്ടായിട്ടേയില്ല. സ്റ്റോപ്പും കടന്ന്​ പത്തടി ദൂരെ നിർത്തിയിരുന്ന ചില കുരുത്തംകെട്ട ബസുകൾക്കുപിന്നാലെ ഓടിയതൊഴിച്ചാൽ മനസ്സും ശരീരവും ചലനമറ്റ ഉദാസീനതയിൽ മുഴുകി കഴിഞ്ഞു. മൈതാനങ്ങളുടെ തുറസ്സുകളെയും കായികാവേശങ്ങളെയും എന്നോ ഉപേക്ഷിച്ച് ജീവിതം ഇടുങ്ങിയ വരാന്തകളിലൊതുങ്ങി പോയിരിക്കുന്നു.

കഴിഞ്ഞദിവസം, ഒരു പ്രോഗ്രാമിന്റെ ഭാഗമായി വാട്ട്ഫോ​ർഡ് എഫ്.സിക്കുള്ളിൽ കയറിയതും വർഷങ്ങൾക്കുമുൻപ് എങ്ങോ മറന്നുവച്ച ആരവങ്ങൾ ഉള്ളിലുയർന്നു. ഒരു വലിയ മൈതാനത്തിന് എത്ര വേഗമാണ് നമ്മെ ഒരു വികൃതിക്കുട്ടിയാക്കി മാറ്റാൻ കഴിയുന്നത്. കൗതുകത്തോടെ ഞാൻ വാട്ട് ഫോഡ് എഫ്.സിയുടെ ഉള്ളിലേക്ക് നടന്നു.

വാട്ട്ഫോർഡ് ക്ലബ്‌ കാട്ടിത്തരാൻ ഒപ്പം വന്ന ബെൻ എന്ന മനുഷ്യൻ കാട്ടിയ വരാന്തയിലൂടെ നടന്നതും ഒരു വശം മുഴുവൻ ടേൺസ്റ്റിൽ വാതിലുകൾ. ഒരു സമയം ഒരാൾക്കുമാത്രം കടക്കാവുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയവയാണ് അവ. അന്തമറ്റു നോക്കുന്ന എന്നോടായി ബെൻ ഫുട്ബോൾ ക്ലബ്ബുകൾക്കും സ്റ്റേഡിയങ്ങൾക്കും വേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ചും ടേൺസ്റ്റിൽ വാതിലുകളെ പറ്റിയും വാചാലനായി. മാച്ച് നടക്കുന്ന ദിവസം 22,000 മനുഷ്യരെ വഹിക്കാറുള്ള ഈ സ്റ്റേഡിയത്തിന്റെ നാലതിരിലും ഇത്രയുമധികം വാതിലുകളുണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയാത്തത്ര ആവേശമാണത്രെ ഉണ്ടാവുക. പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന ദിനങ്ങളിലെ ഏറ്റവും വലിയ പേടി "massive crush and disaster" അഥവാ അപാരമായ തിരക്കിനാലുണ്ടാകുന്ന അപകടങ്ങളാണ്. അത് പറയുമ്പോൾ തന്നെ ബെന്നിന്റെ കുഞ്ഞുനീലക്കണ്ണുകൾ പകപ്പോടെ വികസിക്കുന്നുണ്ട്.

അമിതമായ ശബ്ദവും പ്രകാശവും അപകടമുണ്ടാക്കാനിടയുള്ള ഹൃദ്രോഗം, അന്യൂറിസം പോലുള്ള രോഗങ്ങളുള്ളവർ, ഓട്ടിസം, ലേണിംഗ് ഡിസബിലിറ്റി പോലുള്ള ബുദ്ധിമുട്ടുകളുള്ള കുഞ്ഞുങ്ങളുമായി വരുന്ന രക്ഷിതാക്കൾ എന്നിവർക്ക് കളി കാണാൻ വേണ്ടിയാണ് സെൻസറി റൂം.

മാച്ചിനുശേഷം നൂറു കണക്കിന് മനുഷ്യർ ഒന്നിച്ചു പുറത്തേക്കോടുന്നതിന്റെ ആവേശത്തിൽ എത്രയോ മരണങ്ങൾ നടന്ന ചരിത്രം ലീഗ് മത്സരങ്ങൾക്കുണ്ടത്രേ. ഒരു കുഞ്ഞു പന്തിന് മനുഷ്യരിൽ ഇത്രമാത്രം ആവേശം നിറക്കാനാവുന്നതോർത്ത് എനിക്ക് അത്ഭുതം തോന്നി. ഇരുമ്പഴികൾ നിയന്ത്രിക്കുന്ന ടേൺസ്റ്റിൽ വാതിലുകളെ നോക്കി ഞാൻ മുന്നിലേക്കുനടന്നു. മാച്ച് അവസാനിക്കുമ്പോഴേക്കും കാണികൾ ഫുട്ബോൾ എന്ന മാസ്മരികനൃത്തത്തിൽ സ്വയം മറന്ന് കായികലഹരിയുടെ കൊടും ഓവർഡോസിൽ ഒരു മഹാജനപ്രളയമായി മാറി ഈ ടേൺസ്റ്റിൽ വാതിലുകളിലേയ്ക്ക് ഒഴുകുന്നത് ഞാൻ ഒരു നിമിഷം സങ്കല്പിച്ചുനോക്കി. ആയിരം കൈകളും കാലുകളുമായി ചീറിപ്പാഞ്ഞുവരുന്നൊരു ഭീമൻ ഫുട്ബോൾ!

ടേൺസ്റ്റിൽ വാതിലുകൾ കൊണ്ട് ജനപ്രളയം നിയന്ത്രിക്കുന്ന ആ സ്റ്റേഡിയത്തിന്റെ വരാന്ത കടന്നതും മെസ്സിയുടെയും റൊണാൾഡോയുടെയുമൊക്കെ വലിയ ചിത്രങ്ങൾ നിറഞ്ഞ വിശാലമായ വഴികൾ. കളിക്കാർ, ഓഫീസ് സ്റ്റാഫുകൾ, സ്പെഷ്യൽ ഗസ്റ്റുകൾ, ചെയർമാൻ എന്നിങ്ങനെ പല വിഭാഗത്തിൽപ്പെട്ടവർക്കായുള്ള വിശാലമായ ലോഞ്ചുകൾ. സ്യൂട്ട് റൂമുകൾ തോറ്റു പോകുന്ന സൗകര്യങ്ങളുള്ള ലോഞ്ചുകൾ കണ്ട് അന്തം വിട്ടുനിന്ന എന്നെ ബെൻ ഓഫീസിന്റെ മുന്നിലൂടെ താഴേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പോകുന്ന വഴിയിൽ ഒരു കോണിൽ ആധുനിക സൗണ്ട് പ്രൂഫ് ടെക്നോളജിയിൽ പണിത ‘സെൻസറി റൂം’ കണ്ടു.

സ്റ്റേഡിയത്തിൽ മാച്ച് നടക്കുന്ന ദിവസം 90 ടെസിബെല്ലിനുമുകളിൽ ശബ്ദമുണ്ടാകാനിടയുണ്ട്. മാത്രമല്ല, സ്റ്റേഡിയത്തിന്റെ നാലതിരിലെ ഗ്രാൻഡ് സ്റ്റാൻഡിലുമായി 170 ഭീമൻ ഫ്ലഡ് ലൈറ്റുകളാണുള്ളത്. നമ്മുടെ പൂരത്തിനുണ്ടാകുന്നത്ര അതിഘോരമായ ശബ്ദവും പ്രകാശവും നിറഞ്ഞൊരു കലുഷിത അന്തരീക്ഷമാണ് ഇവിടെ മാച്ച് ദിനത്തിലുണ്ടാവുക. അമിതമായ ശബ്ദവും പ്രകാശവും അപകടമുണ്ടാക്കാനിടയുള്ള ഹൃദ്രോഗം, അന്യൂറിസം പോലുള്ള രോഗങ്ങളുള്ളവർ, ഓട്ടിസം, ലേണിംഗ് ഡിസബിലിറ്റി പോലുള്ള ബുദ്ധിമുട്ടുകളുള്ള കുഞ്ഞുങ്ങളുമായി വരുന്ന രക്ഷിതാക്കൾ എന്നിവർക്ക് കളി കാണാൻ വേണ്ടിയാണ് ഈ സെൻസറി റൂം. അത്തരം കുഞ്ഞുങ്ങൾക്കുവേണ്ട കളിപ്പാട്ടങ്ങളും വിനോദസാമഗ്രികളും ഈ മുറിയിൽ കരുതിയിട്ടുണ്ട്. മൂന്നു വശത്തേക്കും നീണ്ട വലിയ ചില്ലുഭിത്തിയിലൂടെ ഈ മുറിയിലുള്ളവർക്ക് നിശ്ശബ്ദമായിരുന്ന് കളി കാണാം. അവിടെ നിന്ന് പുറത്തിറങ്ങിയതും അതിവിശാലമായൊരു റീടെയ്​ൽ ഷോപ്പ്. ജേഴ്‌സിയൊ കീ ചെയിനോ ഒരോർമ്മയ്ക്ക് വാങ്ങാമെന്നുവച്ചാൽ ഷോപ്പ് തുറന്നിട്ടില്ല.

സ്റ്റാർട്ടിങ് സ്‌ക്വാഡ് നിരക്കുന്ന ലൈനപ്പിൽ നിന്ന് ചുറ്റും നോക്കിയതും അക്ഷരാർത്ഥത്തിൽ പേടിച്ചുപോയി. കളിയുടെ മാസ്​ ഹിസ്​റ്റീരിയ പടർന്നൊരു ജനപ്രളയത്തെ തടഞ്ഞുനിർത്തിയ ചുറ്റുവളയങ്ങൾക്കുനടുവിൽ പച്ചമൈതാനത്തിന്റെ വട്ടത്തിലൊരു പന്തും പന്ത്രണ്ടു മനുഷ്യരും…

ബെന്നിന്റെ പിന്നാലെ നടന്നൊടുവിൽ ഏറ്റവും താഴെത്തെ നിലയിൽ ഓഫീസിനു മുന്നിലെത്തിയതും നെഞ്ചിടിക്കാൻ തുടങ്ങി. ഓഫീസിനു മുന്നിലെ ഗ്ലാസ്​ ഡോർ തുറന്ന്​ താഴെക്കിറങ്ങിയാൽ ഗ്രൗണ്ടായി. ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത തരം പകപ്പ്. സ്റ്റേജിൽ ഒരായിരം തവണ കയറിയിട്ടുണ്ട്. പക്ഷെ 90 ഡെസിബല്ലിനുമുകളിൽ ശബ്ദം മുഴുങ്ങുന്ന, 20,000-നു മുകളിൽ മനുഷ്യർ ആർത്തലയ്ക്കുന്ന സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലേക്ക് കുഞ്ഞൊരു ഇടനാഴിയിലൂടെ കടക്കുന്ന ആ കളിക്കാരന്റെ മാനസികാവസ്ഥ. വെറുതെ അതാലോചിച്ചൊരു കാര്യവുമില്ലാതെ എനിക്ക് മുള്ളാൻ മുട്ടി. ഓരോ പടവിറങ്ങമ്പോഴും തണുപ്പും പ്രകാശവും കൂടി വന്നു. സിമന്റ്‌ വരാന്ത അവസാനിക്കുന്ന ആ ചെറിയ ചതുരക്കാഴ്​ചയിൽ പച്ച നിറത്തിന്റെ മാസ്മരികത. ഇടതുവശത്ത് കളിക്കാരുടെ ഡ്രസിങ് റൂം. മുന്നിൽ ഗ്രൗണ്ടിലേക്കുള്ള എൻട്രി പോയിന്റ്. ഒരു പന്തിന്റെ ചലനം മാത്രം മനസ്സിലുറപ്പിച്ചു ആ കവാടം കടക്കുന്ന കളിക്കാരന്റെ മനസ്സിന്റെ അപാരമായ ആകാംഷ എത്രമേൽ ഘനപ്പെട്ട ഒന്നായിരിക്കും ദൈവമേ?...

ശ്വാസമടക്കിപ്പിടിച്ച്​ ആ എൻട്രി പോയിന്റിലൂടെ നടന്നതും മുന്നിൽ പച്ച നിറത്തിൽ ഫുട്ബോൾ ഗ്രൗണ്ട്. സ്റ്റാർട്ടിങ് സ്‌ക്വാഡ് നിരക്കുന്ന ലൈനപ്പിൽ നിന്ന് ചുറ്റും നോക്കിയതും അക്ഷരാർത്ഥത്തിൽ പേടിച്ചുപോയി. കളിയുടെ മാസ്​ ഹിസ്​റ്റീരിയ പടർന്നൊരു ജനപ്രളയത്തെ തടഞ്ഞുനിർത്തിയ ചുറ്റുവളയങ്ങൾക്കുനടുവിൽ പച്ചമൈതാനത്തിന്റെ വട്ടത്തിലൊരു പന്തും പന്ത്രണ്ടു മനുഷ്യരും…

നിശ്ശബ്ദമായ ആ സ്റ്റേഡിയത്തിന്റെ ആളൊഴിഞ്ഞ ഗാലറിയിലൂടെ വെറുതെ നടന്നു. ഓരോ കളിക്കു ശേഷവും കളിയുടെ ലഹരിയിൽ ഒടിഞ്ഞുപോകുന്ന കസേരകളെ കുറിച്ചും മറ്റു നാശനഷ്ടങ്ങളെ കുറിച്ചും ബെൻ വിവരിച്ചു. നാലതിരിലും അണകെട്ടി തടഞ്ഞുനിർത്തിയ ഫുട്ബോൾ ഭ്രാന്തിന്റെ തിരുശേഷിപ്പുകൾ.

പ്രോഗ്രാമിന്റെ രണ്ടാം സെഷൻ തുടങ്ങാറായി എന്ന സന്ദേശം എന്റെ ഫോണിൽ വന്നു. അരികുകൾ നശിച്ചൊഴുകുന്ന സമയത്തിന്റെയൊരു ചാക്രികമായ തുരുത്തിൽ ഞാൻ കുടുങ്ങിപ്പോയതായി എനിക്ക് തോന്നി. തിരിച്ചു പോരാനാവാതെ ഞാനവിടെ വട്ടം കറങ്ങി. ജയത്തിനും തോൽവിക്കുമപ്പുറം എന്തിനാവും മനുഷ്യർ മൈതാനങ്ങളിലേയ്ക്ക് ഭ്രാന്തമായി ഇങ്ങനെ ഒഴുകുന്നത്? ഞാൻ കണ്ണുകളടച്ചു. എന്നെ വഹിച്ച്​ വട്ടംചുറ്റുന്നൊരു നീലഗ്രഹമുള്ളിൽ തെളിഞ്ഞു.
അതുതന്നെയാണ് ഉത്തരം.
ഫിനിഷിങ് പോയിന്റുകൾക്കും ഗോൾ വലയങ്ങൾക്കുമപ്പുറം, സമയത്തിനും ദൂരത്തിനും മുകളിൽ ശാശ്വതവും സ്വച്ഛന്ദവുമായി നീളുന്ന ചലനമെന്ന പരമസത്യത്തോടുള്ള അപാരമായ ആസക്തി. ഭ്രമണപഥങ്ങളിലൂടെ പ്രകാശവർഷങ്ങൾ താണ്ടുന്ന ഉരുളൻ ഗോളങ്ങളുടെയും നക്ഷത്രസഹസ്രങ്ങളുടെയും ചലനമെന്ന ചിരന്തനമായ ധ്യാനത്തോടുള്ള മനുഷ്യപ്രാണന്റെ അടങ്ങാത്ത ആവേശം!

പോരുന്നതിനുമുൻപ് സ്റ്റേഡിയത്തിന്റെ ഏറ്റവും ഉയരത്തിലെ സ്കൈ ലോഞ്ചിൽ വലിഞ്ഞുകയറി ഞാൻ ആവേശത്തോടെ താഴേക്ക് നോക്കി. അവസാനമായി ഒരു നോക്കു കൂടി…

നൂറായിരം ഇതൾച്ചുറ്റുകളുള്ള ഒരു പച്ച ഡാലിയ പൂവുപോലെ നിറയെ പടിക്കെട്ടുകൾ ഇതളിട്ട വട്ടത്തിൽ വിടർന്ന മൈതാനം!

Comments