ദുർബ്ബലമായ ടീമിനോടൊത്തു നിൽക്കാനേ എന്നെക്കൊണ്ടു പറ്റാറുള്ളൂ. അതുകൊണ്ടുതന്നെ പരാജയങ്ങൾ കണ്ടുകണ്ട് തഴമ്പിച്ച കണ്ണുകളാണ് എനിക്കുള്ളത്. മടുക്കാതെ ഇനിയും പരാജയങ്ങൾ കാണാനുള്ള ശേഷി അതിനുണ്ട്. ഈ ലോകകപ്പിൽ തലകുനിച്ച് പുറത്തുപോയ എല്ലാ ദുർബല ടീമുകളും എന്റെ ടീമുകളായിരുന്നു. പക്ഷേ ഈജിപ്തിന്റെ പരാജയം… അത് വേദനാജനകമായിരുന്നു.
ഈജിപ്ത് തോറ്റ ദിവസം ഉറക്കം വന്നില്ല. ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്നുവരെ ആരുമല്ലാതിരുന്ന ഒരു ടീം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചിടുന്ന ആഹ്ലാദനിമിഷം വന്നെത്തുമെന്നു തന്നെ കരുതി. ഞങ്ങൾ, ദുർബല ടീമിനെ പിന്തുണയ്ക്കുന്നവർ എപ്പോഴും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ചിത്രത്തിലും ചരിത്രത്തിലും ആരുമല്ലെന്നു തോന്നുന്ന ചെറിയ ആളുകൾ വലിയവരെ വാരി നിലത്തടിക്കുന്നത് സ്വപ്നം കാണുന്നു. അവരുടെ മുന്നേറ്റങ്ങൾ, അവരുടെ പോരാട്ടവീര്യം.. ജയിക്കാനായുള്ള അവരുടെ ആക്രോശങ്ങൾ.. അതിലൂടെ ഉണ്ടായിത്തീരുന്ന ചരിത്രങ്ങൾ..വിപ്ലവങ്ങൾ.. ഇങ്ങനെയുള്ള പ്രതീക്ഷകൾ ഉണർത്താത്തതൊന്നും ഞങ്ങളെ പ്രചോദിപ്പിക്കുന്നില്ല.

ഞാൻ കരുതി, ഇതാ ആ ചരിത്രം പിറക്കാൻ പോകുന്നു. പഴയ ചരിത്രങ്ങൾ ആവർത്തിച്ചാൽ മാത്രം പോരാ, പുതിയ ചരിത്രങ്ങൾ പിറക്കുകയും വേണം. ഗാലറിയുടെ ഒരു ഭാഗത്തെ വലിയ നിശ്ശബ്ദതയും മറുഭാഗത്തെ ചെറിയ ആരവവും ആ പേറ്റുനോവിന്റേതാണെന്നു തോന്നി. പിറക്കാൻ പോകുന്ന കുഞ്ഞിന്റെ കരച്ചിലിന് കാതോർത്ത് ഇടനാഴിയിൽ കാത്തുനിൽക്കുന്ന ബന്ധുജനങ്ങളിൽ ഒരാളായി മാറിയിരുന്നു ഞാനും.
കളികഴിഞ്ഞ് 2 മണി 3 മണി കഴിഞ്ഞിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഒരുപാടുനേരം ഉറക്കത്തേയും കാത്ത് ഞാൻ ഉണർന്നിരുന്നു. പിന്നെ കണ്ണടച്ച് കുറേനേരം കിടന്നപ്പോൾ ഉറക്കം പതിയെ വന്ന് തലോടി. നമ്മുടെ ശരീരത്തിൽ എവിടെയോ ആണ് ഉറക്കത്തിന്റെ വാസം. ചില സമയത്ത് നമ്മളോട് ചോദിക്കാതെതന്നെ അത് നമ്മെ മയക്കിക്കിടത്തുന്നു. ചിലപ്പോൾ എത്ര വേണ്ടെന്ന് എതിർത്താലും ബലമായി അതു നമ്മെ കീഴ്പ്പെടുത്തുന്നു, കണ്ണുകളെ വലിച്ചടയ്ക്കുന്നു. ചില സമയങ്ങളിൽ ഉറങ്ങണമെന്ന് എത്ര വിചാരിച്ചാലും അതിനൊത്ത് നിൽക്കാതെ നമ്മുടെ ശരീരത്തിൽ അത് കൂർക്കം വലിച്ചുറങ്ങുന്നു.
കേടുവന്നൊരു വലിയ യന്ത്രത്തെ പാതിയുറക്കിൽ ഞാൻ കിനാവു കണ്ടു. അന്നു രാവിലെ എപ്പഴോ വർക്ക് സൈറ്റിൽ ഒരു മോട്ടോർ കേടുവന്നതിനെപ്പറ്റി ഇ-മെയിലിൽ വായിച്ചതാവാം കാരണം. സ്വപ്നത്തിൽ എല്ലാം വേറൊരുതരത്തിലാണല്ലോ അവതരിക്കുക. ഒരു മോട്ടോറിനെ അതുമായി ബന്ധമില്ലാത്ത മറ്റൊരു യന്ത്രമായി മനസ്സ് പരിഭാഷപ്പെടുത്തുന്നുണ്ടാവാം. ഒരു വലിയ യന്ത്രമാണത് എന്നുമാത്രമേ എനിക്കിപ്പോൾ ഓർമ്മയുള്ളൂ. ഒരു വലിയ യന്ത്രം. ഉണർന്നയുടനേ ആ യന്ത്രത്തിന്റെ രൂപത്തിൽ പകുതിയും ഞാൻ മറന്നുപോയി. എങ്കിലും, അരിമില്ലിലെപ്പോലെ ഒരു വലിയ ചോർപ്പ് ആ മെഷീനിനു മുകളിൽ ഉണ്ടായിരുന്നു. അതിലൂടെ കറുത്ത പുക ഉയർന്നുകൊണ്ടിരിക്കുന്നു. എന്നെ ആരോ പിടിച്ച് ആ ചോർപ്പിനകത്തേക്ക് ഇട്ടു.
ഞാൻ ചുമച്ചു. ബെഡിൽ നിന്ന് എഴുന്നേറ്റു. രാത്രിയിൽ കഴിക്കേണ്ട ആന്റി ബയോട്ടിക്കും ആഹാരത്തിനു മുമ്പുള്ള ഗ്യാസിന്റെ ഗുളികയും കഴിച്ചില്ലല്ലോ എന്നോർത്തു. ഇപ്പോഴത്തെ പനിക്ക് ചുമയും ശരീരം വേദനയും മാത്രമേയുള്ളൂ. ചൂടും മൂക്കടപ്പുമൊന്നുമില്ല. എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ലൈറ്റിട്ട് മരുന്നുഷെൽഫ് തുറന്ന് ആന്റിബയോട്ടിക്ക് സ്ട്രിപ്പ് എടുത്തു. മൂന്ന് ദിവസങ്ങളിലെ ആറു ഗുളികൾ ഒഴിഞ്ഞുപോയിട്ടുണ്ട്. കൂടുപൊളിച്ചു പുറത്തു ചാടിയതുപോലെ അവയുടെ അറകൾ. ഇനി രണ്ടു ദിവസത്തേക്കുള്ള നാലു ഗുളികകളുണ്ട്. പുറത്തു ചാടാൻ വെമ്പുന്നതുപോലെ ഉള്ളിൽ അവ വലിഞ്ഞു മുറുകിയിരിക്കുന്നു. കവറ് പൊളിച്ച് ഒരെണ്ണം പുറത്തെടുത്തു.
ഇനിയുള്ളത് ഗ്യാസിന്റെ ഗുളികയാണ്. റാബിയ. ചെറിയ, ഓറഞ്ച് നിറത്തിലുള്ള വട്ടഗുളിക. അവയ്ക്ക് ആന്റിബയോട്ടിക്കിനെപ്പോലെ വീർപ്പുമുട്ടലില്ല. വേണ്ടതിനേക്കാൾ കൂടുതൽ സ്ഥലത്താണ് അവയുടെ ഇരിപ്പ്. സ്ട്രിപ്പ് ചെവിക്കടുത്തുവെച്ച് കുലുക്കിയാൽ കിലുങ്ങുന്ന ശബ്ദം കേൾക്കാം. ഞാൻ കിലുക്കി നോക്കി. കിലുങ്ങുന്നുണ്ട്. അതിന്റേയും പുറംതോട് തുരന്ന് ഒരെണ്ണമെടുത്തു. ആന്റിബയോട്ടിക്കും റാബിയയും ഒന്നിച്ച് വായിലിട്ട് വെള്ളമൊഴിച്ചു.
ചുമയുണ്ടെങ്കിൽ ചെറി കഫ് സിറപ്പ് കഴിക്കണം. കഠിനമായ ചുമയില്ല. ഉണ്ടെങ്കിലും ഞാനത് കഴിക്കാറില്ല. പണ്ടുവന്ന പനികളെയെല്ലാം അത് ഓർമ്മിപ്പിക്കും. ചെറുപ്പകാലത്തു വന്ന പനികളെപ്പോലും. ഇത്രയും മോശം മരുന്ന് ആയുർവേദത്തിൽ പോലും കാണുകയില്ല. എങ്കിലും അത് മയക്കത്തിന് നല്ലതാണ്. മരുന്നു ഷെൽഫ് ഒന്നുകൂടി തുറന്ന് ചെറി കഫ് എടുത്തു. 5മില്ലിയാണ് കഴിക്കേണ്ടത്, ഏതാണ്ട് 8 മില്ലിയോളം അടപ്പിലൊഴിച്ച് വായിലേക്ക് കമിഴ്ത്തി. ചെറി കഫ് തൊണ്ടയിൽ പടരുന്നതിന്റെ ഒരു രൂപം മനസ്സിൽ തെളിഞ്ഞുവന്നു. യാഥാർഥ്യവുമായി യാതൊരു ബന്ധവും അതിന് ഉണ്ടാവണമെന്നില്ല.
നാവിന്റെ അങ്ങേയറ്റം തൊണ്ടയിൽ മുട്ടിയപ്പോൾ കയ്പ്പും മധുരവും ചവർപ്പുമല്ലാത്ത, ഓക്കാനം വരുത്തുന്ന ടേസ്റ്റ്. അത്, പണ്ട് അഞ്ചാം ക്ലാസ്സിലായിരുന്ന കാലത്ത് കിടുകിടെ പനിച്ചുകിടന്നതിനെ ഓർമ്മിപ്പിച്ചു. ഉമ്മ എന്നെ കമ്പിളിയിൽ പൊതിഞ്ഞ് തോളത്തിട്ട് എം ഇ എസ് ആശുപത്രിയിൽ കൊണ്ടുപോയി. ഇടനാഴിയിൽ ഡോക്ടർ വിളിക്കുന്നതും കാത്ത് ഞാനും ഉമ്മയും. നഴ്സിംഗ് റൂമിൽ ഇഞ്ചക്ഷനേറ്റ് ഏതൊക്കെയോ കുട്ടികൾ കരയുന്നു. ഒരു കുട്ടി ഡോക്ടറേയും നഴ്സിനേയും തെറിപറഞ്ഞ് കരഞ്ഞപ്പോൾ ഇടനാഴിയിലെ കാത്തിരിപ്പുകാരിൽ ചിലർ ചിരിക്കുകയും ചിലർ മൂക്കത്ത് വിരൽ വെക്കുകയും ചെയ്തു. ഓരോ രോഗികൾ ഇറങ്ങിപ്പോകുമ്പോഴും ഡോക്ടറുടെ റൂമിലെ ഹാഫ് ഡോറിന്റെ പാളികൾ തനിയേ അടയുന്നതും തുറക്കുന്നതും നോക്കി ഞാനങ്ങനെ കിടന്നു. ഇടയ്ക്കിടെ ചുമച്ചു.

അടുക്കളയിലെ ലൈറ്റ് അണച്ച് ശബ്ദമുണ്ടാക്കാതെ ഞാൻ വീണ്ടും വന്നു കിടന്നു. ചെറി കഫിന്റെ കയ്പ്പ് പോകാൻ അല്പം പഞ്ചസാരകൂടി വായിലിടേണ്ടിയിരുന്നുവെന്ന് തോന്നി. പിന്നെ മടിയായി. അയോഗ്യത കല്പിച്ച ഗോളിന്റെ വഴിയിൽ ഈജിപ്ത് ഒരു കൊടുങ്കാറ്റുപോലെയാണ് വന്നത്. അതിന്റെ അവസാനം വലമാത്രമല്ല, ലോകം മുഴുവനുമാണ് കുലുങ്ങിയത്. ജയിച്ചിരുന്നെങ്കിൽ പിറ്റേ ദിവസത്തെ കളിസാഹിത്യമെഴുതുന്നവർ ആ ഗോളിനെ വിശേഷിപ്പിക്കാൻ പാടുപെടുമായിരുന്നു. തങ്ങളുടെ ശേഖരത്തിൽ നിന്ന് ഏറ്റവും നല്ല വാക്കുകളും വിശേഷണങ്ങളും എടുത്തുവെക്കുമ്പോഴും തൃപ്തിവരാതെ വെട്ടിയും തിരുത്തിയും സഹികെടുമായിരുന്നു.
ഈജിപ്ഷ്യന്മാരെ മിസരികൾ എന്നാണോ മസരികൾ എന്നാണോ വിളിക്കുന്നതെന്ന് എപ്പോഴും എനിക്ക് സംശയമാണ്. ആളുകൾ രണ്ടു രീതിയിലും വിളിക്കുന്നത് കേട്ടിട്ടുണ്ട്. കമ്പനിയിലെ സമായും സഅദും സൈദ് അൽ അറബിയും മിസ്രികളായിരുന്നു. അവരേക്കാൾ എന്റെ മനസ്സിലേക്ക് വന്നത് അബുദാബി മുസഫ്ഫയിലെ കാപ്പിക്കടകളാണ്. ആ കടകളിലെ വലിയ എൽ ഇ ഡി വാളുകളിൽ എപ്പോഴും ഫുട്ബോൾ ഓടിക്കൊണ്ടിരിക്കും. മൊറോക്കൻ പെണ്ണുങ്ങൾ സെർവ് ചെയ്യാനുള്ളിടത്ത് മറ്റിടങ്ങളിനേക്കാൾ തിരക്ക് കൂടുതലായിരിക്കും. ശീഷയുടെ പുകയ്ക്ക് ഉള്ളിലിരുന്ന് ഡൊമിനോസ് കളിച്ചുകൊണ്ട് ഫുട്ബോൾ കാണുന്നു ഈജിപ്ഷ്യന്മാർ. ജാപ്പനീസ് കിമോണ പോലെ വലിയ രാത്രിവസ്ത്രങ്ങൾ ധരിച്ച് നേരം വൈകുംവരേയും അവർ അവിടെയിരിക്കും.
ഇത്തരം കാപ്പിക്കടകൾ എല്ലായിടത്തും ഉണ്ടായിരുന്നു. ഫഹഹീലിലും ഖൈത്താനിലും ഷാർജയിലും അജ്മാനിലും മുസഫ്ഫയിലും സൊഹാറിലും ഖത്തറിലും എല്ലായിടത്തും അവർ ഉണ്ടായിരുന്നു. തങ്ങളുടെ ടീം ലോകത്തിന്റെ നെറുകയിലെത്തുന്നത് കാത്തുകാത്ത് വർഷങ്ങളോളം അവർ ആ കാപ്പിക്കടകളിൽ ശീഷ വലിച്ചുകൊണ്ടിരുന്നു. സമായും സഅദും സൈദ് അൽ അറബിയും അങ്ങനെ കാപ്പിക്കടകളിൽ രാത്രി വസ്ത്രങ്ങൾ ധരിച്ച് കാത്തിരുന്നവരാണ്. അവരാരും ഇപ്പോൾ എന്നെപ്പോലെ ഉറങ്ങിക്കാണുകയില്ല.

ചെറി കഫ് സിറപ്പ് എന്നെ ഉറക്കാൻ ശ്രമിക്കുന്നുണ്ടാവും. പക്ഷേ അതിനെ ചെറുക്കുന്ന ഏതെങ്കിലും ഹോർമോൺ എന്റെയുള്ളിൽ പമ്പ് ചെയ്യപ്പെടുന്നുണ്ടാവാം. നദിയിൽ നിന്ന് മുങ്ങിയുയർന്ന ഒരാളെപ്പോലെ ഞാൻ ഫ്രഷായും പച്ചയായുമിരിക്കുന്നു. ആദ്യത്തെ പെനാൽട്ടി അനുവദിച്ചത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
യാ അല്ലാഹ്!
നീതിയുടെ യന്ത്രം കേടാവുന്നതിന്റെ ലക്ഷണങ്ങളിൽ ആദ്യത്തേതായിരുന്നോ അത്? ചുമച്ചും കിതച്ചും ആ യന്ത്രം പിന്നെയും മുന്നോട്ടു പോയി. അവസാനമാകുമ്പോഴേക്ക് അത് നിലച്ചു.
ഉറങ്ങാനായി മറ്റെന്തു വിദ്യയാണ് പ്രയോഗിക്കാനാവുക എന്നു ചിന്തിച്ച് കുറേ നേരം ഞാൻ ഇടതുവശം ചരിഞ്ഞു കിടന്നു. കുറച്ചുനേരം കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് നിവർന്നിരുന്നു. പിന്നെ അവിടെ നിന്നിറങ്ങി ഹാളിൽ വന്ന് ടിവി ഓൺ ചെയ്ത് മുബിയിൽ ഒരു സ്ലോ മൂവി, Perfect Days കാണാൻ ആരംഭിച്ചു. നേരത്തേ ഒന്നു കണ്ടതാണ്. കുറേക്കാലങ്ങൾക്കിടയിൽ കണ്ട സ്ലോവെസ്റ്റ് മൂവിയാണത്. ടോക്യോയിലെ ഒരു ടോയിലറ്റ് ക്ലീനറുടെ ജീവിതത്തിലെ ആവർത്തനങ്ങളാണതിൽ. ജോലിയിൽ കൃത്യതയും കണിശതയും സത്യസന്ധതയും സൂക്ഷിക്കുന്നൊരാൾ. സിനിമയിൽ മുക്കാലും അയാളുടെ ജോലിയായ ടോയിലറ്റ് ക്ലീനിംഗ് ആണ്. ആവർത്തനങ്ങൾ മാത്രമുള്ള തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അയാളുടെ വലിയ ട്വിസ്റ്റുകൾ. ദു:ഖകരമാണെങ്കിൽക്കൂടി അയാൾ ആ ട്വിസ്റ്റുകൾ ആസ്വദിക്കുന്നു.

ഉറക്കത്തിന് ജോലി എളുപ്പമാക്കാൻ കണ്ണ് പകുതിമാത്രം തുറന്നുവെച്ചാണ് ഞാൻ ആ സിനിമ കണ്ടത്. കുറേ സമയത്തിനു ശേഷം ഉറക്കം കൺപോളകളിൽ വന്ന് തൂങ്ങിയാടി. ഞാനതിനെ ഒരു പളുങ്കുപാത്രം പോലെ ശ്രദ്ധിച്ചു കൊണ്ടുപോയി ബെഡിൽ ചെന്നു കിടന്നു. ഉറക്കം കണ്ണുകളിൽ നിന്ന് ശരീരമാകെ പടർന്നു.
ഉറക്കത്തിൽ ഞാൻ ഓടുകയായിരുന്നു. മരുഭൂമി, അത് കടക്കുമ്പോൾ ഒരു ഗ്രാമം, അതുകഴിഞ്ഞൊരു സൂക്ക്, കാപ്പിക്കടകൾ, അതുകഴിഞ്ഞ് മരുഭൂമി, ഗ്രാമം, സൂക്ക്, കാപ്പിക്കടകൾ.. അതുകഴിഞ്ഞും അങ്ങനെയങ്ങനെ..
ഒടുവിൽ എവിടെയോ തട്ടി ഞാൻ മറിഞ്ഞുവീണു. എന്റെ കാലുകളിൽ ആരോ പിടിച്ചിരിക്കുന്നു.
“വാപ്പീ, എണീക്ക്.. സ്കൂൾ ബസ്സ് ഇപ്പോൾ വരും.” - മകൻ ഹമാദി കാലിൽ പിടിച്ച് വലിക്കുന്നു.
ഞാൻ എഴുന്നേറ്റ് അവന്റെ തല ചീകി, ഷർട്ടിന്റെ കോളർ നേരേ വെച്ച്, ബെൽറ്റിന്റെ ബക്കിൾ നടുവിലേക്ക് നീക്കി, കവിളിൽ ഉമ്മകൊടുത്ത് യാത്രയാക്കി. തിരികെ ചാരുകസേരയിൽ വന്നിരുന്നു. സമായെയും സഅദിനേയും സൈദ് അൽ അറബിയേയും ഓർത്തു. എന്നാണ് അവർക്കിനി ഒന്ന് ഉറങ്ങാനാവുക?
