കേരളത്തിന്റെ സ്വന്തം നാടായ ഖത്തറിൽ ഫുട്ബോൾ ലോകോത്സവത്തിന് തുടക്കം കുറിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ, ആധുനിക ഫുട്ബോളിലെ കോച്ചുകളിൽ എക്കാലത്തെയും വലിയ ആ ദീർഘദർശിയുടെ വാക്കുകൾ കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രണയികളുടെ മനസ്സിൽ പ്രതിഫലിക്കും. എ.സി. മിലാൻ എന്ന മഹത്തായ ഫുട്ബോൾ ക്ലബ്ബിന് ഏറ്റവും മികച്ച ടീമിനെ വാർത്തുകൊടുത്ത, 1994ലെ ലോക ഫൈനലിലേക്ക് ഇറ്റലിയെ എത്തിച്ച അരിഗോ സാച്ചിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: ജീവിതത്തിൽ അപ്രധാനമായ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫുട്ബോൾ!
കേരളത്തിലെ കളിപ്രേമികളുടെ പ്രതീക്ഷകൾ ബ്രസീലിന്റെയും അർജന്റീനയുടെയും പെർഫോർമൻസിലാണ്, പക്ഷേ, ഒഴുക്ക് തെക്കേ അമേരിക്കയിലേക്കാവുമോ ഇത്തവണ? ഈ നൂറ്റാണ്ട് പിറക്കുമ്പോൾ ലോക ജയത്തിൽ യൂറോപ്പും സൗത്ത് അമേരിക്കയും 8-8 എന്ന നിലയിയിൽ കട്ടയ്ക്കുനിൽക്കുകയായിരുന്നു. 2002-ൽ ബ്രസീൽ അത് തെക്കേ അമേരിക്കക്ക് അനുകൂലമായി 9-8 എന്നാക്കി. എന്നാൽ പിന്നീട് നടന്ന നാല് ലോകകപ്പ് ജയങ്ങളും യൂറോപ്യൻ ആധിപത്യത്തിന്റെ ചരിത്രമാണെഴുതിയത്. എട്ടിൽ ഏഴു ഫൈനലിസ്റ്റുകളും നാല് ചാമ്പ്യന്മാരും യൂറോപ്പിൽ നിന്ന്.
ലോകോത്സവത്തിൽ ശ്രദ്ധിക്കപ്പെടാൻ പോവുന്ന ടീമുകൾ ഏതൊക്കെയാവും? ഇപ്പോഴത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് തന്നെയാണ് ഒന്നാമത്തേത്.
യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ അനിഷേധ്യമായ ആധിപത്യത്തെ ചിലർ കാരണമായി പറയും. പക്ഷേ, 1950 കളിൽത്തന്നെ സൗത്ത് അമേരിക്കയിലെ മുൻനിര കളിക്കാരിൽ പലരും പണത്തിനും പ്രശസ്തിക്കും വേണ്ടി അറ്റ്‌ലാന്റിക് കടന്നിട്ടുണ്ട്. ബ്രസീൽ, അതിൽ തന്നെ പെലെയും ഗരിഞ്ചയുമായിരുന്നു വേറിട്ടുനിന്നത്. 1982-ൽ സെമിഫൈനൽ കാണാതെ ബ്രസീൽ പുറത്തായപ്പോൾ പ്രധാനപ്പെട്ട ഒരൊറ്റ കളിക്കാരൻ, പൗലോ റൊബേർട്ടോ ഫൽക്കാവോ മാത്രമായിരുന്നു യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ചിരുന്നത്. യൂറോപ്യൻ ആധിപത്യത്തിന്റെ യുക്തികൾ വളരെ സങ്കീർണമാണ്.
1966-ൽ നോർത്ത് കൊറിയ ഇറ്റലിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചപ്പോഴും 1990-ൽ കാമറൂൺ ക്വാർട്ടറിൽ പ്രവേശിച്ചപ്പോഴും അവർ അറിയപ്പെടാത്ത അദൃശ്യ ശക്തികളായിരുന്നു. അതിനുശേഷം, സാറ്റലൈറ്റ് ടെലിവിഷന്റെ വരവും വീഡിയോ വിശകലനങ്ങളുടെ ആധിക്യവും സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയുടെ അതിവ്യാപകമായ ഉപയോഗവും കളിക്കളത്തിലെ നിഗൂഢത ഇല്ലാതാക്കിക്കളഞ്ഞു. അഥവാ, തയ്യാറെടുപ്പിൽ അത്രയ്ക്ക് മോശമല്ലെങ്കിൽ ഒരു പ്രധാന ടീമിനെയും സംഭ്രമിപ്പിക്കാൻ എളുപ്പമല്ല ഇന്ന്.
അരങ്ങേറ്റക്കാരും ആതിഥേയുമായ ഖത്തർ കരുത്തരായ നെതർലാൻഡ്സിനെ ഒന്നാം ഘട്ടത്തിലെ ഫൈനൽ ഗ്രൂപ്പ് ഗെയിമിൽ നേരിടുന്നതിന് മുമ്പ് ലൂയീ വാൻ ഗാലും മറ്റ് ഡച്ച് കോച്ചുമാരും ഖത്തറിന്റെ പല കളികളുടെയും മണിക്കൂറുകൾ നീണ്ട ഫൂട്ടേജുകൾ കണ്ടിരിക്കും എന്ന കാര്യം ഉറപ്പാണ്, ഫീൽഡിൽ ഇറങ്ങും മുമ്പ് കളിക്കാർക്ക് ഈ വിശകലനങ്ങളിൽ നിന്നുള്ള ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യും. ഖത്തറിന്റെ സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചെസും വെറുതെയിരിക്കില്ല, മൂന്നു തവണ ഫൈനലിൽ തോറ്റ ഡച്ചു ടീമിന്റെ ശക്തി ദൗർബല്യങ്ങൾ സാഞ്ചെസും മനഃപാഠമാക്കും.
ഇപ്പോഴത്തെ ഫ്രഞ്ച് ടീം ഒരു ഈഗോ കൂടാരമാണ് എന്നു പറഞ്ഞാൽ ചെറുതായിപ്പോകും, ഈഗോ കൊട്ടാരമാണത്. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ മാനേജർ ദിദിയർ ഡെഷാമ്പിന് കഴിഞ്ഞു എന്നുവെക്കുക: തുടർച്ചയായ രണ്ടാം കിരീടം ഫ്രാൻസിന് അസാധ്യമാവില്ല.
അപ്പോൾ, ഈ ലോകോത്സവത്തിൽ ശ്രദ്ധിക്കപ്പെടാൻ പോവുന്ന ടീമുകൾ ഏതൊക്കെയാവും? ഇപ്പോഴത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് തന്നെയാണ് ഒന്നാമത്തേത്. അടുത്ത കാലത്തെ യുഏഫാ നാഷൻസ് ലീഗ് മത്സരങ്ങളിൽ അത്ര നല്ല പ്രകടനമല്ല, ഫ്രാൻസിന്റേത്, പക്ഷേ, ഫ്രഞ്ച് ടീമിന് പ്രത്യക്ഷത്തിൽ ദൗർബല്യങ്ങളൊന്നുമില്ല. കിലിയൻ എംബാപ്പേയും കരീം ബെൻസീമയും നേതാക്കളായ താരമുൻനിരയാണ് ഫ്രാൻസിന്റേത്. അവരവരുടെ ദിവസം സ്വന്തം നിലയ്ക്ക് കളി ജയിപ്പിക്കാൻ പ്രാപ്തർ. മധ്യനിരയാലാവട്ടെ, റഫൈൽ വറാന്റെ ഫിറ്റ്നെസ് ഓക്കെയല്ല. പക്ഷേ, ഉയർന്ന ക്ലബ് ഫുട്ബോൾ ലെവലിൽ അത്യന്തം പരിചയസമ്പന്നരായ കളിക്കാരാണ് മധ്യബലം. നിസ്തുല ഡിഫൻഡർ ങ്കോളോ കാന്തേയുടെ പരിക്കും അതുകൊണ്ടുള്ള അസാന്നിധ്യവും സത്യം തന്നെ- പക്ഷേ, അവിടേക്ക് ഉയർന്നുവരും റയാൽ മാഡ്രിഡ് ഇരട്ടകളായ ഉറീലിയൻ ചൊമേനിയും എഡ്വാർഡോ കമവിംഗയും.
2010-ൽ റെയ്മോണ്ട് ഡൊമെനെക്കിനെപ്പോലെ, പല ഫ്രഞ്ച് മാനേജർമാരും, ടീമിലൊരു സമവായം ഉണ്ടാക്കാൻ മിനക്കെട്ടതിന് കയ്യും കണക്കുമില്ല. ഇപ്പോഴത്തെ ഫ്രഞ്ച് ടീം ഒരു ഈഗോ കൂടാരമാണ് എന്നു പറഞ്ഞാൽ ചെറുതായിപ്പോകും, ഈഗോ കൊട്ടാരമാണത്. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ മാനേജർ ദിദിയർ ഡെഷാമ്പിന് കഴിഞ്ഞു എന്നുവെക്കുക: തുടർച്ചയായ രണ്ടാം കിരീടം ഫ്രാൻസിന് അസാധ്യമാവില്ല.
ആരായിരിക്കും ഒന്നാം റൗണ്ട് ഗ്രൂപ്പിൽ ഫ്രാൻസിനൊരു പോരാളി?
ഡെൻമാർക്ക്. 2020 യൂറോകപ്പിൽ നാം കണ്ടതാണ്. ഫിൻലാൻഡുമായുള്ള മത്സരത്തിൽ അവരുടെ മധ്യനിര കാഞ്ഞിരമരമായ ക്രിസ്റ്റ്യൻ എറിക്സണ് നെഞ്ചുവേദന ഉണ്ടാകുന്നു. ആദ്യ രണ്ടു കളിയും ഡെൻമാർക്ക് തോൽക്കുകയാണ്. പിന്നീടെന്താ നടന്നത്? ചില തകർപ്പൻ വിജയങ്ങൾ. റഷ്യയോട് നാലേ ഒന്ന്, വെയിൽസിനോട് നാലേ പൂജ്യം, ചെക്ക് റിപ്പബ്ലിക്കിനോട് രണ്ടേ ഒന്ന്. സെമിഫൈനലിൽ, എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിനോട് തോൽക്കുന്നതുവരെ നീണ്ട പടയോട്ടം.
നാഷൻസ് ലീഗിലെ രണ്ടു കളിയിലും, ഹോം ആൻഡ് എവേ, ഡെൻമാർക്ക് ഫ്രാൻസിനെ തോൽപ്പിച്ചതാണ് എന്നോർക്കണം. ലോകകപ്പ് മത്സരങ്ങളിൽ ഡെൻമാർക്കിന്റെ ഇതപര്യന്തമുള്ള കളികളിൽ 1998 ലെ ക്വാർട്ടർ ഫൈനലാണ് ബെസ്റ്റ്. എന്നാൽ, ക്രിസ്റ്റ്യൻ എറിക്സൺ നെഞ്ചിൽ ഉറപ്പിച്ച ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്ററുമായി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.1986-ൽ ആവേശോജ്വലമായ ഡാനിഷ് ഡൈനമിറ്റ് ഫുട്ബോൾ കളിച്ച ഡെൻമാർക്കായിരിക്കും ഖത്തറിലെ കറുത്ത കുതിരകളിലൊന്ന്.
കപ്പ് ഡിഫൻഡ് ചെയ്യാൻ റഷ്യയിലെത്തിയ ജർമനി ഒരു സാഡ് ദുരന്തമായിരുന്നു. അവർക്ക് ഒരു പാട് തെളിയിക്കാനുണ്ട് ഇപ്പോൾ ഗൾഫിലെത്തുമ്പോൾ. ഫൈനൽ ലിസ്റ്റിൽ മുകളിലത്തെ എട്ടിലെത്താതെ ജർമനി ആദ്യമായി പുറത്താവുന്നത് 2018ൽ ആണ്. എൺപതു വർഷത്തെ കളിചരിത്രമെടുത്താൽ ആദ്യം (1950ൽ അവരെ കളിക്കാൻ അനുവദിച്ചിരുന്നില്ല) റയാൽ മാഡ്രിഡിന്റെ ക്ലാസ് മിഡ്ഫീൽഡർ ടോണി ക്രൂസിന്റെ പ്രതിഭയൊന്നും അവകാശപ്പെടാനില്ലാത്ത ജർമൻ മധ്യനിരക്ക് കടുത്ത ഒന്നാം റൗണ്ട് പരീക്ഷണങ്ങളാണ് കാത്തിരിക്കുന്നത്.
സ്പെയിൻ ലൂയീ എന്റിക്കിനുകീഴിൽ പുനർനിർമാണത്തിലാണ്. 2014 ലും 2018 ലും ദുഃഖഭരിതമായിരുന്നു അവസ്ഥ. 2014 ൽ ഇറ്റലിയും ഇംഗ്ലണ്ടും ഉണ്ടായിരുന്നിട്ടും ടേബിളിൽ ടോപ്പിലെത്തിയ കോസ്റ്ററിക്കയും ഉറുഗ്വയുമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. ജർമനി ഒരിക്കലും, ജപ്പാന്റെ ബ്ലൂ സാമുറായിയെ ലഘുവായി കാണില്ല, നാലു കൊല്ലം മുമ്പ് റഷ്യയിൽ സൗത്ത് കൊറിയയോട് അപമാനിതമായതിന്റെ കയ്പുനിറഞ്ഞ ഓർമ്മകൾ ജർമനിക്കുണ്ട്.
അനുഭവജ്ഞാനത്തിന്റെ ചാക്കാണ് ജർമനി. ക്യാപ്റ്റനും ഗോൾകീപ്പറുമായ മാനുവൽ നോയ കളിച്ചത് 113 കളികൾ, തോമസ് മ്യൂല 118. പക്ഷേ, കയ്യടി വാങ്ങാൻ പോകുന്നത് അഭയാർത്ഥി കാലത്തെ മക്കളെക്കൊണ്ടായിരിക്കും. 19 വയസിനിടയിൽ 17 കളി കളിച്ച മധ്യനിരയുവാവ് ജമാൽ മ്യൂസിയാള, മുൻനിരയിലെ യൂസൗഫ മൗകോക്കോ, കരീം അദിയേമി.
സ്പെയിനും മുന്നോട്ടു പോവാതിരിക്കില്ല. ബാഴ്സലോണയുടെ പെദ്രിയും ഗവിയും ആരാധകരെ ത്രില്ലടിപ്പിക്കും എന്ന കാര്യം ഉറപ്പ്. എന്നാൽ ക്ലിനിക്കലായ ഒരു അറ്റാക്കിംഗ് ഓപ്ഷൻ ഇല്ലാത്തതു കൊണ്ടു തന്നെ സ്പെയിൻ ഇത്തവണ വലിയ വില കൊടുക്കേണ്ടി വരും. ശരിയാണ്, അൽവാരോ മൊറാട്ട സ്പെയിന്നു വേണ്ടി 27 ഗോൾ നേടിയിട്ടുണ്ട്. പക്ഷേ, മൊറാട്ടയെ ആരും ഫെർനാണ്ടോ ടോറസ്സിനോടോ ഡേവിഡ് വിയ യോടോ റാഊളിനോടോ എമിലിയോ ബൂത്രഗെനിയോടോ ഉപമിക്കാൻ ഇടയില്ല.
2018-ൽ സെമിഫൈനലിൽ ഫ്രാൻസിനോട് തോറ്റ ബെൽജിയമാണ് ഇത്തവണത്തെ യഥാർത്ഥ കറുത്ത കുതിരകൾ. റോമേലു ലൂക്കാക്കുവൊഴികെ അവരുടെ സുവർണ തലമുറയിലെ എല്ലാവരും മുപ്പത്തിലേക്ക് കടന്നു കഴിഞ്ഞു. തിബോൾട്ട് കോർട്ടോയിസ്, കെവിൻ ഡി ബ്രയ്നെ, ഈഡൻ ഹസാർഡ്, അലക്സ്വിറ്റ്സൽ, ഡ്രൈസ് മെർട്ടിൻസ് : എല്ലാരും മുപ്പതുകളിൽ. പ്രായമാകുന്ന പ്രതിരോധത്തിലേക്ക് വൗട്ട് ഫയസ് കനത്ത കൂട്ടിച്ചേർക്കലാണ്. ലിയാൺട്രോ ട്രൊസ്സാർഡും യൂറി ടെയ്ലെമെൻസും ചാൾസ് ഡി കെറ്റലെയ്റും മധ്യനിരയിൽ നിന്നുതന്നെ ഗോളുകൾ കണ്ടെത്തും. ജെറെമി ഡോക്കുവും ലൂയി ഒപ്പൻഡയും റൊബർട്ടോ മാർട്ടിനെസ്സിന്റെ ടീമിന് അത്യുഗ്രൻ അറ്റാക്കിംഗ് സാധ്യതകൾ നൽകും. നാലു കൊല്ലം മുമ്പത്തെ സമ്മർദ്ദമൊന്നും നാലയലത്തില്ലാത്തതുകൊണ്ടുതന്നെ, ഇത്തവണ കാണേണ്ട കളികൾ ബെൽജിയത്തിന്റേതായിരിക്കും.
കഴിഞ്ഞ വർഷം യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ടിന്റെ സ്ഥിതി എന്തായിരിക്കും? ഹാരി കെയിൻ എന്ന മുടിഞ്ഞ സെന്റർ ഫോർവേഡ് ഇംഗ്ലണ്ടിനുണ്ട്. ഫിൽ ഫോഡനും റഹീം സ്റ്റെർലിംഗും ജെയിംസ് മാഡിസണും കൂടെ ചേരുമ്പോൾ അക്രമണ മുന്നേറ്റങ്ങളിൽ സർഗാത്മകതയ്ക്ക് അതീവ സാധ്യതകളാണ്. പക്ഷേ, ഇംഗ്ലണ്ടിന്റെ കളി നിശ്ചയിക്കാൻ പോകുന്നത് മറ്റൊരാളായിരിക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ ദ്രുതപാദനായ ജാക്ക് ഗ്രീലിഷിന്റെ സാമ്പാ താരത്തെപ്പോലുള്ള ഡ്രിബ്ളിംഗ് ഇംഗ്ലണ്ടിന്റെ കളിയിലെ നിർണയ ഘടകമായിരിക്കും. അടുത്ത കാലത്തായി വളരെയടുത്ത് എന്നു തോന്നിപ്പിക്കുമെങ്കിലും കപ്പിന് കയ്യെത്താ ദൂരത്തു തന്നെയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ കേന്ദ്ര പ്രതിരോധ യൂണിറ്റിന് വേണ്ടത്ര ആത്മബലം പോരാ. പ്രധാന പ്രതിരോധക്കാരൻ ഹാരി മഗ്വയറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബെഞ്ചിൽ തന്നെ ഇരുത്തകയായിരുന്നു എന്ന കാര്യമാലോചിക്കുമ്പോൾ നല്ല ടീമുകളോട് ഇംഗ്ലണ്ട് എന്തു ചെയ്യും എന്ന് ആശങ്കപ്പെടാതിരിക്കാൻ കഴിയില്ല. പോരെങ്കിൽ ഒരു കനിവുമില്ലാത്ത ഗ്രൂപ്പിലാണ് ഇംഗ്ലണ്ട് പെട്ടതും. അപകടകാരികളായ അമേരിക്കയും തഞ്ചം കിട്ടിയാൽ വല്യേട്ടനെ തോൽപ്പിക്കാൻ തക്കം പാർത്തു നടക്കുന്ന വെൽഷ് ടീമും ഗ്രൂപ്പിലുണ്ട് എന്നത് ഇംഗ്ലണ്ടിനെങ്കിലും മനസ്സമാധാനം തരില്ല. നാട്ടിലാകെ പ്രതിഷേധവും അസമാധാനവുമാണെന്നും പറഞ്ഞ് ഇറാനെ ചെറുതായി കാണുകയും വേണ്ട.
പ്രതിഷേധങ്ങളുടെ കാര്യം പറയുമ്പോൾ ബ്രസീലിനെ മറക്കരുത്. ഇപ്പോഴുണ്ടായ രാഷ്ട്രീയ ധ്രുവീകരണം എല്ലാ ബ്രസീലുകാരുടെയും വിഭാഗീയതയില്ലാത്ത പിന്തുണ ലോകകപ്പ് ടീമിന്, എക്കാലത്തെയും പോലെ, ഉണ്ടാവാനുള്ള സാധ്യതയാണ് തന്നത്. തോറ്റ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബോൾസൊനാരോ ബ്രസീലിന്റെ ദേശീയ ജഴ്സിയെ രാഷ്ട്രീയവൽക്കരിച്ചു. പക്ഷേ, ജയിച്ച സ്ഥാനാർത്ഥി ലൂല നയം വ്യക്തമാക്കിയിട്ടുണ്ട്: മഞ്ഞക്കുപ്പായം എല്ലാ ബ്രസീലുകാരന്റേതുമാണ്, ആരാധാകരുടെ രാഷ്ട്രീയക്കൂറ് എന്തായാലും.
2018ലെ ക്വാർട്ടർ ഫൈനലിൽ ബെൽജിയം തോൽപ്പിച്ച ബ്രസീൽ ക്വാളിഫൈയിംഗ് റൗണ്ടിലെ പ്രൗഢഗംഭീര പ്രകടനത്തോടെയാണ് ഖത്തറിലെത്തുന്നത്. അപരാജിതർ. 40 ഗോളുകൾ. സെലെസാവോയ്ക്ക് വേണ്ടി 75 ഗോളുകൾ അടിച്ച നെയ്മർ തന്നെയാണ് ടീമിലെ നക്ഷത്രം. പക്ഷേ, ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ വിജയഗോൾ നേടിയ റയാൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും അതേ ക്ലബിന്റെ റൊഡ്രീഗോയും ഇത്തവണത്തെ യുവരക്തങ്ങളാണ്. മുൻ നിരയിൽ റിച്ചാർലിസണും ഗബ്രിയേൽ ജീസസും റഫീനിയയും കൂടെയാവുമ്പോൾ ബ്രസീലിന് ഗോളടി ഇത്തവണ വിഷയമാവില്ല.
മധ്യനിരയിലാണിത്തിരി കോൺഫിഡൻസ് കുറവ്. വർഷങ്ങളായി ലോകത്തിലെ തന്നെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരാണ് കസെമിറോയും ഫെബീനിയോയും. പഴയ ദശകങ്ങളിലെ ബ്രസീലിയൻ മധ്യനിരയിലെപ്പോലെ ക്രിയേറ്റീവ് സാധ്യതകൾ അധികമില്ലെന്നതാണ് പ്രശ്നം. ദീദി, ജെർസൺ, സോക്രട്ടീസ് അല്ലെങ്കിൽ ഫൽക്കാവോ ഉണ്ടായിരുന്ന ഒരു മധ്യനിര കപ്പും കൊണ്ടേ പോവൂ. ബ്രൂണോ ഗീമെറയസും ലൂക്കാസ് പക്വിറ്റയും കളിയെ അത്തരം വിതാനങ്ങളിലേക്ക് ഉയർത്തി അവരും ലെജണ്ടുകളായി മാറുമോ എന്ന് കളി കണ്ടാലേ അറിയാൻ പറ്റൂ.
റൊണാൾഡോ കളി തുടങ്ങിയേടത്തു തന്നെ കളിക്കുകയാണ്. ഗോളടിക്കുക മാത്രമാണ് തന്നെ ഏൽപ്പിച്ച ജോലി എന്ന മട്ടിൽ. റയാൽ മാഡ്രിഡിൽ നിന്നും നിരാശാജനകമായ യുവന്തസ് ഏടും താണ്ടി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ എത്തി നിൽക്കുകയാണ് റൊണാൾഡോ ഇപ്പോൾ.
അർജന്റീനയുടെയും സ്ഥിതി സമാനമാണ്. ലയണൽ മെസ്സിയും ഏഞ്ചൽ ഡി മരിയായും ലോത്താരോ മാർട്ടിനെസും പൗലോ ഡി ബാലയും കിടിലോൽ കിടിലന്മാർ. വേണ്ടിവന്നാൽ റിവർ പ്ലേറ്റിൽ ഖ്യാതി തെളിയിച്ച് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലെത്തി നിൽക്കുന്ന ജൂലിയൻ അൽവാരസുമുണ്ട്. പക്ഷേ, ഇമ്മാതിരി പേരുകളൊന്നും മിഡ്ഫീൽഡിൽ എടുത്തുകാണിക്കാനില്ല. റൊഡ്രീഗോ ഡി പോളും ലിയാൻഡ്രോ പാരഡിസും കേമൻമാർ. പക്ഷേ, മധ്യനിരയിൽ അർജന്റീനയുടെ തുറുപ്പുചീട്ട് വയസ്സു മുപ്പതു കഴിഞ്ഞ ശേഷം മാനേജർമാർ കണ്ടു പിടിച്ച അലക്സാണ്ടർ ഗോമസ് എന്ന പാപ്പു ആണ്. നല്ല ഐഡിയ ഉള്ള കളിക്കാരൻ. ഇയാളും യുവാവായ എൻസോ ഫെർനാണ്ടസും ഉള്ളുണർന്നു കളിക്കേണ്ടി വരും അർജന്റീനയുടെ 36 കൊല്ലമായ കാത്തിരിപ്പ് അവസാനിപ്പിക്കാൻ.
മെസ്സിയുടെ പ്രധാന പ്രതിയോഗി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇത്തവണയും വിലപിക്കാൻ തന്നെയാകും യോഗം! റൊണാൾഡോയുടെ ദിവസത്തിൽ റൊണാൾഡോ ഗോളൊക്കെ അടിച്ചേക്കും, തർക്കമില്ല. 2018ൽ റയൽ മാഡ്രിഡിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് ടൈററിൽ നേടിയ ശേഷം ക്ലബ്ബ് വിട്ട റൊണാൾഡോ വിമർശനങ്ങളുടെ അമ്പുകൾക്കു മുന്നിൽ പരുങ്ങുകയാണിപ്പോഴും.
ഡീഗോ ജോട്ടാ പരിക്കുമൂലം പുറത്താവുക കൂടെ ചെയ്തതോടെ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി പോർച്ചുഗൽ കളിച്ചു വരുന്ന പെഡസ്ട്രിയൻ ഫുട്ബോളിനപ്പുറം മറ്റൊന്നും സംഭവിക്കാൻ സാധ്യതയില്ല.
മുൻനിരയിലുള്ള ടീമുകളെല്ലാം ഇപ്പോൾ എടുക്കുന്ന തന്ത്രങ്ങൾ റൊണാൾഡോയുടെ കളിരീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പന്ത് തിരിച്ചു കൊടുക്കുന്നതിലും വേണമെങ്കിൽ ഫോർവേഡുകളെക്കൊണ്ടു തന്നെ ഡിഫൻസ് കളിപ്പിക്കുന്നതിലുമൊക്കെയാണ് ഇന്നത്തെ മികച്ച ടീമുകൾ പുതിയ കളിയടവുകളിലൂടെ ശ്രദ്ധിക്കുന്നത്. എന്നാൽ, റൊണാൾഡോ കളി തുടങ്ങിയേടത്തു തന്നെ കളിക്കുകയാണ്. ഗോളടിക്കുക മാത്രമാണ് തന്നെ ഏൽപ്പിച്ച ജോലി എന്ന മട്ടിൽ. റയാൽ മാഡ്രിഡിൽ നിന്നും നിരാശാജനകമായ യുവന്തസ് ഏടും താണ്ടി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ എത്തി നിൽക്കുകയാണ് റൊണാൾഡോ ഇപ്പോൾ.
റൊണാൾഡോ ഫോക്കൽ പോയിൻറ് ആവുമ്പോൾ ടീമിന്റെ കളി മന്ദീഭവിക്കുന്നതായി കാണാം. കഠിനാധ്വാനിയും പ്രതിഭാശാലിയുമായ ഡീഗോ ജോട്ടാ പരിക്കുമൂലം പുറത്താവുക കൂടെ ചെയ്തതോടെ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി പോർച്ചുഗൽ കളിച്ചു വരുന്ന പെഡസ്ട്രിയൻ ഫുട്ബോളിനപ്പുറം മറ്റൊന്നും സംഭവിക്കാൻ സാധ്യതയില്ല.
ഈ മാസം 28ന് പോർച്ചുഗലിന് ഉറുഗ്വയെ നേരിടണം ആദ്യ റൗണ്ടിൽ. ഒരു കാലത്ത് ബാഴ്സലോണയിൽ മെസ്സിയുടെ സഖാവായിരുന്ന ലൂയീ സുവാരസ്സാണ് യഥാർത്ഥത്തിൽ ഉറുഗ്വയുടെ പ്രായത്തിന്റെ മുഖം. സുവാരസ്സിനു പുറമെ, എഡിൻസൺ കവാനി, ക്യാപ്റ്റനും പ്രതിരോധ മതിലുമായ ദീഗോ റോഡിൻ, ഗോൾകീപ്പർ ഫെർണാണ്ടോ മസ്ലേര, മുപ്പത്തഞ്ച് കഴിഞ്ഞ കളിക്കാർ അനവധി. പക്ഷേ, എഴുതിത്തള്ളണ്ട. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡർ എന്ന പറയാവുന്ന ഫെഡറിക്കോ വാൽവേർഡെ(വയസ് 24) യും റൊഡ്രീഗോ ബെന്റാൻകു (25) റും ചേരുമ്പോൾ പ്രധാനപ്പെട്ട കളികളിൽ ഉറുഗ്വക്ക് മധ്യനിരയിൽ മുൻതൂക്കം കിട്ടും. ലിവർപൂളിന്റെ 23 വയസുകാരൻ ഡാർവിൻ ന്യൂനെസ് പ്രായം ചെന്ന പരിചയപ്രാപ്തിയുള്ള രണ്ടു സ്ട്രൈക്കേഴ്സിന് ഒപ്പം ചേരുമ്പോൾ ഉറുഗ്വൻ മുൻനിര ഉയർത്തുന്ന ഭീഷണി ചെറുതായിരിക്കില്ല. പരിചയസമ്പന്നനായ കോച്ച് ഓസ്‌കാർ ടബാരെസിനെ കഴിഞ്ഞ വർഷമാണ് ഉറുഗ്വ പുറത്താക്കിയത്. പക്ഷേ, ഈ ടീമിന്റെ ഫുട്ബോൾ ജ്ഞാനം അതിനെയൊക്കെ മറികടക്കാൻ കഴിവുള്ളതാണ്. ലൂക്കാ മോഡ്രിക്കിനെപ്പോലെ പ്രായംചെന്നവരുമായി ഇറങ്ങിയിട്ടാണ് 2018ൽ ക്രൊയേഷ്യ റണ്ണേഴ്സ് അപ്പ് ആയത് എന്നോർക്കുന്ന ആരും ഉറുഗ്വയെ തള്ളിക്കളയില്ല.
ഫുട്ബോളിലെ പുതിയ ലോകത്തിന്റെ സ്ഥിതി എന്താണ്? 1990ലെ കാമറൂൺ ഇന്ദ്രജാലം കണ്ട സാക്ഷാൽ പെലെ പോലും പ്രവചിച്ചതാണ്. 20-ാം നൂറ്റാണ്ടിൽ തന്നെ ഒരു ആഫ്രിക്കൻ ലോകകപ്പ് ജേതാവ് ഉണ്ടാവുമെന്ന്. മൂന്നു ദശകങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ ആഫ്രിക്കൻ ടീമിനും സെമിയിൽ പോലും എത്താൻ കഴിഞ്ഞിട്ടില്ല. പരിക്ക് മാറ്റാൻ മന്ത്രവാദിയെ വരെ രംഗത്തിറക്കിയിട്ടും സാദിയോ മാനേയെ ടീമിലെത്തിക്കാൻ കഴിയാത്തത് സെനഗലിലൂടെയുള്ള ആഫ്രിക്കൻ സ്വപ്നങ്ങളെയും അസ്ഥാനത്താക്കുന്നു. ഘാനയും കാമറൂണും മൊറോക്കോയും ഭൂതകാലത്തിന്റെ കരുത്തുപേറുന്ന ടീമുകളല്ല.
സ്വന്തം നാട്ടിൽ ഭ്രാന്തമായ പിന്തുണയായിരിക്കും ഖത്തറിന്. അക്രം ആ ഫിഫും അൽമോസ് അലിയും കഴിവുറ്റ കളിക്കാർ. അടുത്ത റൗണ്ടിലേക്ക് കടക്കുകയെന്നത് ബസാം അൽ റാവി കോട്ട കാക്കുന്നതിൽ എത്ര മാത്രം മിടുക്ക് കാണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും.
ഇറാന്റെ പ്രശ്നം ഒത്തൊരുമയില്ലായ്മയാണ്. ചില കളിക്കാർ ഇപ്പോൾ ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് അനുകൂലമായും ചിലർ എതിർത്തും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. സൗദി അറേബ്യയും ആസ്ട്രേലിയയും ടീം റീബിൽഡിംഗിന്റെ വഴിയിലാണ്. സോൺ ഹ്യൂംഗ് മിന്നിന്റെ ഫിറ്റ്നസിലാണ് സൗത്ത്കൊറിയയുടെ പ്രതീക്ഷ. ഹിദെതോഷി നകാത്തയും കെയ്സുകൊ ഹോണ്ടയും തെല്ലഹങ്കാരത്തോടെ സ്വന്തം കഴിവുകൾ യൂറോപ്യൻ ക്ലബ്ബുകൾക്ക് വിറ്റ കാലത്തെ ജപ്പാൻ അല്ല ഇന്നത്തെ ജപ്പാൻ. അമേരിക്കയുടെതും മെക്സിക്കോവിന്റേതും പതിവുപോലെ നല്ല ചെറുത്തുനിൽപ്പായിരിക്കും. വെയിൽസും പോളണ്ടും സ്വിറ്റ്സർലന്റും ചില കളിക്കാരുടെ പ്രഭയിൽ ചില ദിവസം മിന്നിയേക്കാം. നിരാശയുടെ രണ്ടു ദശാബ്ദങ്ങൾക്കു ശേഷം ഇത് സൗത്ത് അമേരിക്കയുടെ സമയമാകാം. ലോകോത്സവത്തിലെ വലിയ സമ്മാനം ആരായിരിക്കും ഉയർത്തിപ്പിടിക്കുക? ബാഴ്സലോണയിൽ ടീം മേററുകളായിരുന്ന മെസ്സിയോ നെയ്മാറോ? അതോ, ഫുട്ബോൾ യുവതലമുറയുടെ പ്രതിരൂപമായ എംബാപ്പയോ?
ആരു ജയിച്ചാലും ഫുട്ബോൾ ജയിക്കട്ടെ.
തിയറി പ്രകാരമാണെങ്കിൽ 1-0 സ്‌കോറിൽ ഏഴു ജയം മതി കപ്പ് നേടാൻ. അങ്ങനെ പറയുമ്പോൾ നമുക്ക് വീണ്ടും സാച്ചിയിലേക്ക് പോകാം.
‘‘എനിക്ക് വളരെ ലളിതമായ ഐഡിയകളേ ഉള്ളൂ. ശുഭാപ്തി വിശ്വാസമാണ് അശുഭ പ്രതീക്ഷയേക്കാൾ നല്ലത്.’’
സാച്ചി പറയുകയാണ്.‘‘ലയത്തിന്റെയും ചലനത്തിന്റെയും കളിയാണ് ഫുട്ബോൾ.ബാളിൽ ആധിപത്യമുള്ള ഒരു ടീം. ആ ടീം കഴിവുകൊണ്ടും കലകൊണ്ടും ജയിക്കണം. ഹർഷാതിരേകത്തോടെയും വികാരാഭിനിവേശത്തോടെയും കളിക്കണം.’’
പുതിയ കാല ജീവിതം ഹൃദയത്തിലേറ്റിയ ഫിലോസഫി പക്ഷേ, അതല്ല. വിജയിക്കുക എന്നതാണ് എല്ലാം എന്നതാണ് പൊതു സ്വീകാര്യതയുടെ ദർശനം. ഭൗമികമായ ഇത്തരം വാദങ്ങളെ മാറ്റുന്നതാണ് സ്പോർട്സ്. അവസാനമായി ഒന്നുകൂടി സാച്ചിയെ ഉദ്ധരിക്കട്ടെ: ‘റെക്കോർഡ് ബുക്കുകളിൽ വിജയം നിലനിൽക്കും. പക്ഷേ, നിങ്ങൾ അത് എങ്ങനെ നേടി എന്നത് ജനഹൃദയങ്ങളിലാണ് നിലനിൽക്കുക.'
ഖത്തറും അഴകുള്ള ഈ കളിയിലെ മിന്നുന്ന നക്ഷത്രങ്ങളും നമുക്ക് അവിസ്മരണീയമായ ഓർമകൾ നൽകുമെന്ന് പ്രതീക്ഷിക്കാം.
▮