ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒമ്പത് ആഫ്രിക്കൻ ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക്.
പത്ത് ആഫ്രിക്കൻ ടീമുകളിൽ ഒമ്പതും നോക്കൗട്ട് റൗണ്ടിലെത്തിയത് ആഫ്രിക്കൻ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ കൂട്ടായ മുന്നേറ്റമാണ്. പുനരുജ്ജീവനമാണ്. ഇത് വെറും എണ്ണം കൊണ്ടുള്ള നേട്ടമല്ല, ഓരോ ടീമിന്റെ കഥയും വ്യത്യസ്തമാണ്. ആഴമേറിയതുമാണ്.
2022 ഖത്തർ ലോകകപ്പിൽ സെമിഫൈനലിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായി ലോകത്തെ ഞെട്ടിച്ച മൊറോക്കോ ആ ആത്മവിശ്വാസത്തിന്റെ തുടർച്ചയോടെ ഇത്തവണയും ഉറച്ചുനിൽക്കുന്നു. നെതർലൻഡ്സിനെതിരായ അവരുടെ നോക്കൗട്ട് ഏറ്റുമുട്ടൽ ഒരു ഫുട്ബോൾ മത്സരം മാത്രമല്ല, ആഫ്രിക്കൻ ഫുട്ബോളിന്റെ പുതിയ ആത്മവിശ്വാസത്തിന്റെ പരീക്ഷണവേദി കൂടിയാണ്.
കേപ്പ് വേർഡിന്റെ കഥ ഏറ്റവും മനോഹരമാണ്. ലോകകപ്പ് ചരിത്രത്തിലാദ്യമായി കളിക്കുന്ന ഈ ചെറിയ ദ്വീപ് രാഷ്ട്രം, സ്പെയിനും ഉറുഗ്വേയും അടങ്ങുന്ന ഗ്രൂപ്പ് തരണംചെയ്ത് ലോക ചാമ്പ്യൻ അർജന്റീനയെ നേരിടുകയാണ്. ഫുട്ബോളിൽ ജനസംഖ്യയോ ഭൂപ്രദേശമോ നിർണ്ണായകമല്ല- സംഘടന, മനോബലം, കഴിവ് ഇവ ചേർന്നാണ് ഫലം നിർണ്ണയിക്കുന്നതെന്ന് അവർ ലോകത്തിന് കാണിച്ചുതന്നു.
ദീർഘകാല ഇടവേളയ്ക്കുശേഷം ലോകകപ്പ് വേദിയിലെത്തിയ ഡി.ആർ. കോംഗോ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ദക്ഷിണാഫ്രിക്ക സ്വന്തം ചരിത്രത്തിലെ ഏറ്റവും ദൂരം സഞ്ചരിച്ച ടീമുകളിൽ ഒന്നായി ഉയർന്ന് ഒടുവിൽ അവസാന നിമിഷമാണ് ഒരു ഗോളിന് കാനഡയോട് അടിയറവ് പറഞ്ഞത്.

ഫോർമാറ്റും ശക്തിയും
48 ടീമുള്ള പുതിയ ലോകകപ്പ് ഫോർമാറ്റ് ആഫ്രിക്കയ്ക്ക് കൂടുതൽ അവസരം നൽകി:
12 ഗ്രൂപ്പുകൾ, ഓരോ ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾക്കൊപ്പം മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും അവസാന 32-ലേക്ക് കടക്കുന്നു. എന്നാൽ ഈ മുന്നേറ്റത്തെ ഫോർമാറ്റ് ഭേദഗതിയുടെ മാറ്റമായി മാത്രം ഒതുക്കരുത്. അവസരം ലഭിച്ചപ്പോൾ ആഫ്രിക്കൻ ടീമുകൾ ആ അവസരം ദൃഢമായി ഉപയോഗിച്ചു; ഇതാണ് ഈ ലോകകപ്പ് ഏറ്റവും വ്യക്തമായി തെളിയിക്കുന്നത്.
ഒരു ഭൂഖണ്ഡത്തിന്റെ പരിണാമം
വർഷങ്ങളായി ആഫ്രിക്കൻ ഫുട്ബോളിനെ പറ്റി ആവർത്തിച്ചു കേട്ടിരുന്ന ആരോപണം ഇതായിരുന്നു: "പ്രതിഭയുണ്ട്, പക്ഷേ സ്ഥിരതയില്ല." ഇത്തവണ ആ ആരോപണം അടിയറ വെക്കുന്ന പ്രകടനമാണ് കണ്ടത്.
ആഫ്രിക്കൻ ടീമുകൾ ഇനി വെറും ശാരീരിക ശക്തിയുടെയും അതിവേഗത്തിന്റെയും ചിഹ്നങ്ങൾ മാത്രമല്ല. സംഘടനാഭദ്രതയും പ്രതിരോധ കൃത്യതയും മിഡ്ഫീൽഡ് നിയന്ത്രണശക്തിയും ഇന്ന് അവരുടെ ഭാഗമാണ്. യൂറോപ്യൻ ലീഗുകളിൽ ഉരുക്കിയെടുത്ത പരിചയം, ആഭ്യന്തര അക്കാദമികളിൽ വളർന്ന് ഉയർന്ന പുതുതലമുറ; ഇവ ചേർന്ന് ഒരു പുതിയ ഫുട്ബോൾ ഭാഷ ആഫ്രിക്ക സൃഷ്ടിക്കുന്നു.

മൊറോക്കോയിലെ മുഹമ്മദ് ആറാമൻ ഫുട്ബോൾ അക്കാദമി, സെനഗലിന്റെയും ഘാനയുടെയും യുവതാരങ്ങളെ വാർത്തെടുക്കാനുള്ള ദീർഘകാല പദ്ധതികൾ, ഐവറി കോസ്റ്റിന്റെയും അൾജീരിയയുടെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന യൂറോപ്യൻ ക്ലബ് അനുഭവം, ഈജിപ്തിന്റെയും ദക്ഷിണാഫ്രിക്കയുടെയും മത്സരബോധം (Match Awareness) - ഇവ ഒന്നായി ലയിച്ചാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചേർന്നത്. 2022-ൽ മൊറോക്കോ തുറന്ന ആ വാതിലിലൂടെ 2026-ൽ ആഫ്രിക്ക ഒന്നടങ്കം കടന്നുവരുന്നു.
ഇനി യഥാർഥ പരീക്ഷണം
ഗ്രൂപ്പ് ഘട്ടം ജയിക്കുന്നതിലും വലുതാണ് ഇനി വരാനിരിക്കുന്ന വെല്ലുവിളി. അവസാന 32-ൽ ആഫ്രിക്കൻ ടീമുകൾ നേരിടുന്ന എതിരാളികൾ ലോകോത്തര ശക്തികളാണ്: നെതർലൻഡ്സ്, ബെൽജിയം, അർജന്റീന, ഇംഗ്ലണ്ട്, കൊളംബിയ. രണ്ടോ മൂന്നോ ടീമുകൾ ക്വാർട്ടർഫൈനലിലെത്തിയാൽ അത് ലോക ഫുട്ബോളിലെ അധികാരഘടനയെ തന്നെ തകിടം മറിച്ചേക്കും.
