ഫിഫയെയും ലോകകപ്പ് ഫുട്ബോളിനെയും വ്യാവസായിക ഭീമൻമാർക്ക് വിൽക്കാനുള്ള ജിയാനി ഇൻഫാൻ്റിനോയുടെ തീരുമാനം ഫുട്ബോൾ ലോകത്ത് നിന്ന് വലിയ വിമർശനങ്ങളാണ് വിളിച്ച് വരുത്തിയത്. യുവേഫ പോലുള്ള ഫുട്ബോൾ ഫെഡറേഷനുകൾ ഇൻഫാൻ്റിനോയുടെ തീരുമാനത്തെ അതിരൂക്ഷമായാണ് വിമർശിച്ചത്. ഒടുവിൽ പ്രൊപ്പോസലിൽ നിന്ന് പിൻമാറാൻ ഇൻഫൻറീനോ തീരുമാനിച്ചു. ഇതോടെ പ്രതിസന്ധി പരിഹരിക്കാൻ ഇപ്പോൾ ഫിഫയുടെ പ്രധാന ഭാരവാഹികളുടെയെല്ലാം എക്സിക്യൂട്ടീവ് യോഗം വിളിച്ചിരിക്കുകയാണ് ഇപ്പോൾ ഇൻഫാൻ്റിനോ. ഫിഫയുടെ പ്രസിഡൻറ് ഇൻഫാൻ്റിനോ മുന്നോട്ടുവെച്ച പ്രൊപ്പോസലിനോട് നിലവിലെ പ്രധാന ഭാരവാഹികൾക്കൊന്നും തന്നെ യോജിപ്പില്ല. ഫിഫ ഗ്ലോബൽ ഡെവലപ്മെൻറ് ചീഫ് ആൾസൺ വെങ്ങർ, സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം, ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് പ്രിൻസ് അലി തുടങ്ങിയവരെല്ലാം തന്നെ ഇൻഫാൻ്റിനോയുടെ പ്രൊപ്പോസലിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സമ്പൂർണമായ വാണിജ്യവൽക്കരണത്തിൻെറ ഭാഗമായി ലോകകപ്പിനെയും ഫിഫയെയും വിൽക്കാനുള്ള പദ്ധതി നടപ്പിലാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏതെല്ലാം കോൺഫെഡറേഷനുകൾ ഇൻഫാൻ്റിനോയെ ഇനിയും പ്രസിഡൻറ് സ്ഥാനത്ത് പിന്തുണയ്ക്കുമെന്നാണ് ഇനി കാണേണ്ടത്. ഫിഫ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഇൻഫാൻ്റിനോയെ പുറത്താക്കണമെന്ന് യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനായ യുവേഫ ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (AFC) വിൽപ്പന പദ്ധതിയോടുള്ള തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. നോർത്ത്, സെൻട്രൽ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ അടങ്ങിയ Concacaf ഇൻഫാൻ്റിനോയുടെ പദ്ധതിയോട് തുടക്കം മുതൽ തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളിൽ നിന്ന് പൊതുവിൽ ഇൻഫാൻ്റിനോയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. തെക്കേ അമേരിക്കൻ ഫുട്ബോൾ അസോസിയേഷനുകളുടെ സംഘടനയായ Conmebol ഇതുവരെ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. പൊതുവിൽ ഫിഫയ്ക്കുള്ളിൽ നിന്നും ഭൂരിപക്ഷം ഫുട്ബോൾ അസോസിയേഷനുകളിൽ നിന്നും ഇൻഫാൻ്റിനോയ്ക്കും വിൽപ്പന പദ്ധതിക്കും പിന്തുണ ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.
▮
ഇൻഫൻറിനോയും ട്രംപും കൊല്ലാൻ ശ്രമിച്ച ഫുട്ബോൾ - അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ സംസാരിക്കുന്നു. വീഡിയോ കാണാം:

