അന്നെനിക്ക് മറഡോണയാണ്
ചെറുപ്പകാലത്തെ ഫുട്‌ബോൾ ഓർമ്മകളിൽ ഒട്ടേറെ അധ്യായങ്ങളുണ്ട്. കുട്ടിക്കാലത്ത്, വീടിന്റെ അടുത്ത് തന്നെയുള്ള പൂനൂർ പുഴയുടെ തീരത്താണ് ഞങ്ങൾ പന്തുതട്ടി കളിച്ചിരുന്നത്. വടി നാട്ടി ഗോൾ പോസ്റ്റ് ഉണ്ടാക്കി ഉറപ്പിച്ച് വെച്ച്, മണൽ തിട്ടയിൽ പന്തുരുട്ടി കളി തീരുമ്പോഴേക്കും കാലൊരു പരുവമായിക്കാണും. കളിയൊക്കെ കഴിഞ്ഞ് പുഴയിൽ നിന്നുതന്നെ കുളിച്ച് വീട്ടിലേക്ക് എല്ലാവരും തിരിക്കും.
ഡോൾഫിൻ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ് എന്ന പേരിൽ നാട്ടിലൊരു ക്ലബ് ഉണ്ടായിരുന്നു. മണൽ ഗ്രൗണ്ടിൽ, സൗകര്യങ്ങളുടെ പരിമിതികൾ ആസ്വദിച്ച് തന്നെ പ്രാദേശിക ടൂർണമെന്റുകൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുമായിരുന്നു. മണലിലുരഞ്ഞ് മുറിവുണ്ടാകുന്നത് തടയാൻ തുണിയൊക്കെ കാലിൽ വലിച്ചുവാരിക്കെട്ടിയാണ് പലരും കളിക്കാനിറങ്ങുക. കാശുള്ളവർ ആംഗിൾ ക്യാപൊക്കെ വാങ്ങി ധരിക്കും.
അർജന്റീനയുടെ തോൽവിയും മറഡോണയുടെ മയക്കുമരുന്നുകേസും എല്ലാമായയപ്പോൾ കുറേ കാലത്തേക്ക് ഈ മാമാങ്കത്തോടുള്ള ആവേശവും ചോർന്നുപോയി എന്ന് പറയുന്നതാണ് സത്യം.
പ്രത്യേക പൊസിഷനിലൊന്നുമായിരുന്നില്ല അന്നു കളിച്ചിരുന്നത്. ഇടക്ക് മിഡ്ഫീൽഡറാവും, അല്ലെങ്കിൽ ഫോർവാർഡ് അതുമല്ലെങ്കിൽ ഡിഫൻസോ ഗോളിയോ ആവും. നാട്ടിലെ സാധാരണ കളിക്ക് ഫിഫയുടെ നിയമങ്ങളും നൂലാമാലകളും ബാധകമല്ലാത്തതുകൊണ്ട് കളിക്കുന്നവർ തീരുമാനിക്കുന്നതാണ് നിയമം.
ക്ലബിന്റെ ഭാഗമായി ടൂർണമെന്റും മറ്റും പങ്കെടുക്കാൻ പോകുന്ന ദിവസം വളരെ അവേശത്തിലായിരിക്കും. കളിക്കാർക്ക് ഇടവേളയിൽ കൊടുക്കുന്ന ഗ്ലൂക്കോസ് പൗഡർ ഒരു പ്രിവിലേജോടെയാണ് വാങ്ങിക്കഴിച്ചിരുന്നത്.
ഒരിക്കൽ നാട്ടിലേക്ക് ഗൾഫിൽ നിന്നൊരാൾ മടങ്ങിവന്നു. പെർഫ്യൂമെല്ലാം പൂശി ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ച് ഒരു ഗൾഫുകാരന്റെ എല്ലാ പത്രാസും കാണിച്ചായിരുന്നു ആഗമനം. ഞങ്ങളുടെ കളിയുടെ അടിസ്ഥാന സൗകര്യങ്ങൾ കണ്ട അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. പത്രാസിനകത്ത് നിന്ന് ആദ്ദേഹം പറയുകയുണ്ടായി
നമ്മുടെ നാട്ടിലെ ടൂർണമെൻറ് ഇങ്ങനെ അരികൊപ്പിച്ച് നടന്നാൽ പോര. ഗംഭീരമാക്കി നടത്തണം. ഗ്ലൂക്കോസ് പൊടി മാത്രമല്ല, ടീം അംഗങ്ങൾക്ക് സോഡ വേണം. വെറുതെ നാല് കവുങ്ങ് നാട്ടിയാൽ പോര. നെറ്റിട്ട പോസ്റ്റ് വേണം. മൈക്ക് വേണം. കളിക്കിടയിൽ കമന്ററി വേണം. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ഞങ്ങൾ ഒഴിഞ്ഞപ്പോൾ പണത്തെ കുറിച്ച് നിങ്ങൾ വേവലാതി കൊള്ളേണ്ട കാര്യമില്ല. അതെല്ലാം ഞാൻ ഏറ്റെടുക്കാം എന്നദ്ദേഹം വാഗ്ദാനം ചെയ്തു.
മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, എംബാപ്പേ, ലൂക്ക, ഏയ്ഞ്ചൽ ഡി മരിയ അങ്ങിനെ വലിയൊരു പ്രതിഭാ നിരതന്നെയുണ്ട്. അവരുടെയെല്ലാം കളി കാണാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഞങ്ങളെ സംബന്ധിച്ച് അതുവരെ കണ്ടിട്ടില്ലാത്ത ഒരുക്കങ്ങളാണ് അന്നവിടെ സംഘടിപ്പിച്ചത്. വളരെ വലിയൊരു സഹായവും പിന്തുണയുമാണ് അന്നദ്ദേഹം നൽകിയത്. ടൂർണമെന്റെല്ലാം ഭംഗിയായി പുരോഗമിച്ചു. പക്ഷേ, ഫൈനലിന്റെ തലേദിവസം പലരും പണം ചോദിച്ചു വന്നപ്പോൾ അദ്ദേഹത്തെ കാണാനില്ല. അന്വേഷിച്ചപ്പോൾ ഗൾഫിലേക്ക് തിരികെപ്പോയെന്നറിഞ്ഞു. നാല് പാക്ക് ഗ്ലൂക്കോസ് പൊടി മാത്രം കളിക്കാർക്ക് നൽകിയുള്ള ടൂർണമെന്റ് മാത്രം നടത്തി പരിചയമുള്ള അവസ്ഥയിൽ നിന്ന് ഒറ്റയടിക്ക് ഇത്രയും സജ്ജീകരണങ്ങൾ ഒരുക്കിയുള്ള മത്സരം നടത്താൻ മാത്രമുള്ള സാമ്പത്തിക ഒരുക്കങ്ങൾക്ക് നേതൃത്വം നൽകാൻ പോന്ന ആരും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. സാഹചര്യങ്ങൾ മനുഷ്യന്റെ കഴിവ് നിർമിക്കും എന്നാണല്ലോ. ബാധ്യതകൾ തീർക്കാൻ ഒരുപാട് ബുദ്ധിമുട്ടി, അന്നു പലരും.
വേൾഡ് കപ്പെന്നാൽ അന്നെനിക്ക് മറഡോണയാണ്. അതുകൊണ്ട് ഇഷ്ട ടീമും അർജന്റീനയായിരുന്നു. അർജന്റീനയുടെ തോൽവിയും മറഡോണയുടെ മയക്കുമരുന്നുകേസും എല്ലാമായയപ്പോൾ കുറേ കാലത്തേക്ക് ഈ മാമാങ്കത്തോടുള്ള ആവേശവും ചോർന്നുപോയി എന്ന് പറയുന്നതാണ് സത്യം. ഇന്നിപ്പോൾ സ്വന്തമായി ടീം ഉണ്ടോയെന്ന് ചോദിച്ചാൽ അങ്ങനെയൊന്നില്ലെങ്കിലും പഴയ ആ ഇഷ്ടത്തിന്റെ ലാഞ്ചന ഇപ്പോഴും അർജന്റീനയോടുണ്ട്. പക്ഷേ, നന്നായി കളിക്കുന്ന എല്ലാവരോടും ഇഷ്ടമാണ്. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, എംബാപ്പേ, ലൂക്ക, ഏയ്ഞ്ചൽ ഡി മരിയ അങ്ങിനെ വലിയൊരു പ്രതിഭാ നിരതന്നെയുണ്ട്. അവരുടെയെല്ലാം കളി കാണാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇന്നൊക്കെ വലിയ സ്‌ക്രീനിൽ കാണാനുള്ള സൗകര്യം നമുക്കുണ്ട്. പരിമിതിയും ആവേശവും ഒരേയളവിൽ നിന്നിരുന്ന കാലത്ത് അടുത്ത വീടുകളിലെ ടിവിയായിരിക്കും ആശ്വാസം. സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ചെറിയ ടിവിക്ക് മുന്നിൽ ആർപ്പു വിളികളോടെ കണ്ടിരുന്നൊരു കാലമുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ക്ലബുകൾ സൗകര്യം ചെയ്തുള്ള വലിയ സ്‌ക്രീനുകളും ഇന്നുണ്ട്.
ഏഷ്യൻ രാജ്യമായ നമ്മുടെ തൊട്ടടുത്ത ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്. അതിന്റെ അലയൊലികൾ ഇവിടെ നമ്മുടെ നാട്ടിലും അടിച്ചുതുടങ്ങി. ഫിഫ വരെ ഷെയർ ചെയ്ത, പുഴയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകളുടെ ചിത്രം നിങ്ങളെല്ലാവരും കണ്ടുകാണും. അത് എന്റെ നാടിനടുത്തുള്ള ചാത്തമംഗലത്തെ പുഴയിലാണ്. മലപ്പുറവും കോഴിക്കോടും മറ്റു ജില്ലകളുമെല്ലാം ആവേശത്തിന്റെ വേലിയേറ്റത്തിൽ നനഞ്ഞുതുടങ്ങി.
ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത നേടാതെ ഇറ്റലി പുറത്തായ സങ്കടം കളിയെ സ്‌നേഹിക്കുന്ന എല്ലാവർക്കും ഉള്ളപോലെ എനിക്കുമുണ്ട്. ഇതിഹാസ താരം ലയണൽ മെസ്സിയുടെ അവസാന മൽസരമായിരിക്കും ഈ ലോകകപ്പ്. അങ്ങനെ പല ഘടകങ്ങൾ കൊണ്ടും ഈ ലോകകപ്പ് കാണാൻ എല്ലാവരെയും പോലെ ഞാനും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എല്ലാ താരങ്ങൾക്കും അവരുടെ മികച്ച പെർഫോമൻസ് കാഴ്ച്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ▮