ഈ വർഷം തുടക്കത്തിലാണ് അറ്റ്‌ലാന്റ ക്ലബ്ബിലേക്ക് രണ്ട് കോർപറേറ്റ് ഭീമൻമാർ പ്രവേശിച്ചത്. ഒന്ന് യു. എസിന്റെ ബെയിൻ ക്യാപിറ്റൽ. രണ്ട് അന്റോണിയോ പെർകാസി. 1500 കോടി ഡോളർ ഒഴുകിവന്നു. ഇറ്റാലിയൻ ഫുട്‌ബോളിലെ ഇടനിലക്കാരായ മാഫിയോസികളുടെ കൈകളിലേക്ക് അതിന്റെ ആറുശതമാനം എത്തിച്ചേരും.
മിലാനിലേക്ക് അമേരിക്കൻ കമ്പനി എലിയട്ടിന്റെ 430 കോടി ഡോളർ വന്നപ്പോൾ അവർ ശ്വാസം വിട്ടു. ഏറ്റവും കൂടുതൽ പണം വരുന്നത് യു. എസിൽ നിന്നാണ്. യൂറോ ചാമ്പ്യൻമാരായശേഷം ഇറ്റാലിയൻ ഫുട്‌ബോൾ വിപണിയുടെ വളർച്ച പണമിടപാടുകാരായ വൻ ഗ്രൂപ്പുകളും യു. എസ്. കോർപറേറ്റുകളും ചേർന്ന കച്ചവടമായി മാറി. ലോകകപ്പ് കൂടി വരുന്നതോടെ ഈ ഒഴുക്കിന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദേശീയ ടീം ആ സ്വപ്‌നങ്ങളെ മുഴുവൻ ഒറ്റയടിക്ക് തകർത്തുകളഞ്ഞു. രണ്ട് ലോകകപ്പുകളിൽ കളിക്കാൻ മോഹിച്ച പുതുതലമുറയിലെ കളിക്കാരും പറുദീസാ നഷ്ടത്തിലാണ്. അവരുടെ കരിയറിലെ എട്ടു വർഷങ്ങളാണ് ഒറ്റയടിക്ക് നിഷ്ഫലമായത്. അവസാന മത്സരത്തിൽ പരിക്കുമൂലം കളിക്കാൻ കഴിയാത്ത യൂറോ കപ്പിലെ ഹീറോ എൻറിക്കോ കിയേസയും ജിയോ സ്പിനസോളയും ഒരു സ്വപ്‌നഭംഗത്തിന്റെ നടുവിലായിരിക്കണം. കിയേസ സ്വയം വിചാരണ ചെയ്തിട്ടുണ്ടാകണം. 15 അറ്റംപ്റ്റിൽ നിന്ന് ഒരു ഗോളാണ് അയാൾ യോഗ്യതാ മത്സരങ്ങളിൽ ആകെ നേടിയത്.
ഫൈനൽ റൗണ്ടിലേയ്ക്കുള്ള വാതിൽ കൊട്ടിയടയ്ക്കപ്പെട്ടതിനെ പാലെർമോയിലെ കാണികൾ ശാപഗ്രസ്ഥമായ ഒരു പദം കൊണ്ടാണ് വിശേഷിപ്പിച്ചത്. ഫൈനൽ വിസിലൂതിയപ്പോൾ തലകുനിച്ചു നടന്ന ഇറ്റാലിയൻ കളിക്കാരുടെ നേരെ നോക്കി അവർ വിളിച്ചുകൂവി, വെർഗോഞ്ഞാ...
ഏറ്റവും നിന്ദ്യമായ അവമതിയെയാണ് അവർ ‘വെർഗോഞ്ഞ' എന്ന പദം കൊണ്ട് അർഥമാക്കിയത്. എട്ടുമാസം മുമ്പ് കടുപ്പമേറിയ യൂറോപ്യൻ ഫുട്‌ബോൾ ടൂർണമെന്റിൽ കിരീടം ചൂടിയ ടീമിന്റെ അവിശ്വസനീയമായ പതനം അവർ നേരിൽ കാണുകയായിരുന്നു. ഇന്നേവരെ ഒരു രാജ്യാന്തര ടൂർണമെന്റിൽ ഇറ്റലി പാലെർമോയിൽ തോറ്റിട്ടില്ല. അതും അവരെ ചൊടിപ്പിച്ചിരിക്കണം. ബ്രസീലിനെപ്പോലെ ലോകകപ്പ് ടൂർണമെന്റിൽ ആഭിജാത്യം നിറഞ്ഞൊരു ടീമാണ് ഇറ്റലി. നാല് ലോകകപ്പ് കിരീടങ്ങൾ അതിന്റെ സാക്ഷ്യപത്രമാണ്.
എന്താണ് പാലെർമോയിൽ സംഭവിച്ചത്?
ഈ സെക്കൻറ് റൗണ്ട് ക്വാളിഫിക്കേഷനുമുമ്പ് ഇറ്റലി സ്വിറ്റ്‌സർലൻഡുമായി സമനിലയിൽ വീണുപോയിരുന്നു. യൂറോ കപ്പിനുശേഷം വടക്കൻ അയർലൻഡുമായി ഗോളില്ലാ സമനില പിടിച്ചതാണ് അവരെ അനിവാര്യമായ പതനത്തിലെത്തിച്ചത്. പരിശീലകനായ മാൻചീനി ഈ മത്സരത്തെ ഗൗരവപൂർവം കണ്ടില്ലെന്ന് കടുത്ത ആക്ഷേപമുയർന്നു. പൊരുതാനുള്ള വാസന നഷ്ടപ്പെട്ട ടീമിനെക്കുറിച്ച് മാൻചീനി രണ്ടാമതൊന്നു ചിന്തിച്ചില്ല എന്നത് കുറ്റകരമായ വീഴ്ചയാകുന്നു.
ഇറ്റാലിയൻ ഫുട്‌ബോളിന്റെ യഥാർഥ പ്രശ്‌നം അവരുടെ മുന്നേറ്റനിരയുടെ മുർച്ചയില്ലാത്ത ഭാവനാ ശൂന്യതയാണ്. ഇറ്റാലിയൻ ടീമിന്റെ ശരാശരി പ്രായം തന്നെ 27.3 വയസ്സാണ്. 30 വയസ്സിനുമീതെയുള്ള എട്ടുപേർ കളിക്കുന്നുണ്ട്.
പാലെർമോയിൽ വടക്കൻ മാസിഡോണിയയുമായുള്ള മത്സരത്തിൽ ടീമിന്റെ പൊസഷൻ 65 ശതമാനം.
ഗോൾമുഖം ലക്ഷ്യമാക്കി അടിച്ചത് 32 ഷോട്ടുകൾ.
223നെതിരെ 471 കൃത്യമായ പാസുകൾ.
അവിശ്വസനീയമെന്ന് തോന്നാം- 16 കോർണർ കിക്കുകൾ.
എന്തുകൊണ്ടാണ് പിന്നെ ഇറ്റലി പിന്നിലേയ്ക്ക് പോയത്?
ഇറ്റാലിയൻ ഫുട്‌ബോളിന്റെ യഥാർഥ പ്രശ്‌നം അവരുടെ മുന്നേറ്റനിരയുടെ മുർച്ചയില്ലാത്ത ഭാവനാ ശൂന്യതയാണ്. ഇറ്റാലിയൻ ടീമിന്റെ ശരാശരി പ്രായം തന്നെ 27.3 വയസ്സാണ്. 30 വയസ്സിനുമീതെയുള്ള എട്ടുപേർ കളിക്കുന്നുണ്ട്. അതേസമയം, ഇംഗ്ലണ്ട് ടീമിനെയെടുത്താൽ അതേ ശരാശരി 25 വയസ്സാണ്. വയസ്സ് മാത്രമല്ല പ്രശ്‌നം. വടക്കൻ അയർലൻഡുമായി കളിച്ചപ്പോൾ 72 ശതമാനം പൊസഷൻ ആയിരുന്നു. മൂന്നിനെതിരെ 12 കോർണർ ഇറ്റലിക്ക് കിട്ടി. സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കുമ്പോൾ ഇറ്റലിയുടെ പൊസഷൻ 68 ശതമാനമാണ്. 11 ഷോട്ടുകൾ ടീം ഉതിർത്തു. എന്നിട്ടും സമനില തന്നെ.
ഒമ്പത് യോഗ്യതാ മത്സരങ്ങളിൽ അടിച്ചത് 178 ഷോട്ടുകളാണ്.
ഗോൾ ആയത് 13 മാത്രം. അതിൽ ഫോർവേഡുകൾ നേടിയത് 8 ഗോൾ എന്നുകൂടി ഓർക്കുക. ഇംഗ്ലണ്ട് ഇത്രയും മത്സരങ്ങളിൽ കളിച്ചപ്പോൾ 182 ഷോട്ടുകളിൽ നിന്ന് 39 ഗോൾ നേടി! ഹാരി കെയിൻ മാത്രം 12 ഗോളുകളാണ് നേടിയത്. നാല് ശ്രമങ്ങളിൽ നിന്ന് സിലോറൻസോ രണ്ടുഗോൾ നേടി. സിറോ ഇമൊബീൽ, ലോറൻസോ ഇൻസീഞ്ഞെ, ഡൊമനിക്കോ ബെറർസി എന്നിവരൊക്കെ എണ്ണം പറഞ്ഞ ഷോട്ടുകൾ പാഴാക്കി. ഇമൊബീൽ തനിക്ക് കിട്ടിയ 26 തുറന്ന അവസരങ്ങളിൽ നിന്ന് നേടിയത് വെറും രണ്ട് ഗോളാണ്. ഇതിലുണ്ട് ഇറ്റലിയുടെ പതനത്തിന്റെ സൂചനകൾ. അവസരങ്ങൾ, ഒരു ചീറ്റപ്പുലിയുടെ ക്രൗര്യത്തോടെ നിറയൊഴിക്കേണ്ടതിനുപകരം അലസമായി, അലക്ഷ്യമായി ഉപയോഗിച്ചതിന്റെ ദുരന്തമാണ് ഇറ്റലി അനുഭവിച്ചത്. നിർണായക മത്സരങ്ങളിൽ ബെറാർഡി, ജോർഗീഞ്ഞോ എന്നിവർ പെനാൾറ്റികളും പാഴാക്കി. ഇറ്റാലിയൻ കളിക്കാരിൽ അലസാന്ദ്രോ ടോട്ടി, ഡെൽപീറോ, പിർലോ എന്നിങ്ങനെ ഇറ്റലിയെ മുന്നിൽ നിന്നു നയിച്ച ഗോൾനേട്ടക്കാരില്ലായിരുന്നു. മോയ്‌സ്‌കീൻ, റാസ് പഡോരി എന്നിങ്ങനെയുള്ള യുവതാരങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചതുമില്ല. ഇറ്റാലിയൻ കളിക്കാർക്ക് പെനാൽറ്റി ബോക്‌സിൽ എത്തുമ്പോഴുള്ള സാങ്കേതികവും ശാരീരികവുമായ സൂത്രശാലിത്വം (കാറ്റിവെറിയ) തീരെ ഇല്ലാതെപോയി.
ഇറ്റലിയിലെ സെരി എയിൽ ഇറ്റാലിയൻ കളിക്കാർക്ക് കളിക്കാനുള്ള സമയം വേണ്ടത്ര കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. അതിന്റെ ശരാശരിയെടുത്താൽ 35.5 മിനിറ്റ് എന്നതാണ് ഉത്തരം. പക്ഷെ സ്‌പെയിനിൽ ഈ ശരാശരി 60 മിനിറ്റാണ്. ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിൽ 40 മിനിറ്റ് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇറ്റാലിയൻ കളിക്കാരുടെ കേളീശൈലിയിൽ തീക്ഷ്ണത കുറഞ്ഞുകുറഞ്ഞുവരുന്നു. ഈ യാഥാർഥ്യം അവരുടെ കോച്ച് പോലും ഉൾക്കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ശാരീരിക ക്ഷമതയിലും അവർ പിന്നിലാണ്. കിയല്ലീനി, ഇമൊബീൽ, ബൊനുച്ചി ഇൻസിഞ്ഞെ എന്നിവരൊക്കെ നല്ലകാലം പിന്നിട്ടുകഴിഞ്ഞു. കിയല്ലിനിക്ക് 37 വയസ്സാണ് പ്രായം. എന്നിട്ടും മികച്ചൊരു പകരക്കാരനെ കിട്ടാനുമില്ല.
ഇറ്റലിയുടെ കളി അതിദയനീയമാംവണ്ണം വേഗതയില്ലാത്തതായിരുന്നു.
മധ്യനിര നിയന്ത്രിച്ചിരുന്ന ജോർഗീഞ്ഞോ തികച്ചും സാവധാനം പന്ത് നീക്കുന്നത് വിങ്ങർമാർക്ക് വിനയായി. അയാൾ ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞു എന്നായിരുന്നു വിമർശനം. പരിശീലകൻ ഇത് അവഗണിച്ചതാണ് അവിശ്വസനീയമായി തോന്നുന്നത്. കളിയ്ക്കുശേഷം ആ കളി വിലയിരുത്തിയവർ പത്തിൽ നാല് പോയിന്റ് മാത്രമാണ് ജോർഗീഞ്ഞോയ്ക്ക് നൽകിയത്.
അവിശ്വസനീയമായ തോൽവി ഇറ്റലിയുടെ ഫുട്‌ബോൾ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. റഷ്യൻ ലോകകപ്പിൽ യോഗ്യത നേടാനാകാതെ വലഞ്ഞ ഇറ്റലി, യൂറോ കപ്പിലൂടെയാണ് അതിന്റെ സാമ്പത്തിക മുഖം തെല്ലെങ്കിലും മെച്ചപ്പെടുത്തിയത്. അവരുടെ പ്രശസ്തമായ ഭൂതകാലം തിരിച്ചുവന്നതായി വിദഗ്ധർ ദീർഘദർശനം ചെയ്തു. ക്ലബ് ഫുട്‌ബോളിലും അതിന്റെ പ്രതിഫലനമുണ്ടായി. ആഗോള കോർപറേറ്റുകൾ ഇറ്റാലിയൻ ക്ലബ്ബുകളുടെ സീസൺ സ്‌പോൺസർഷിപ്പിന് തയ്യാറായി. ഇത്തരം ഉണർവുകൾ ഓരോ ക്ലബ്ബിനും, കോവിഡ് ഭീതിക്കിടയിലും നിലനിൽക്കാൻ സഹായകമായി. ഈ തോൽവിയോടെ അതെല്ലാം തകർന്നുവീണിരിക്കുന്നു. പത്തുവർഷം മുമ്പുവരെ ഇറ്റാലിയൻ ലീഗ് വരുമാനത്തിന്റെ കാര്യത്തിലും ടി.വി. സംപ്രേഷണത്തിലുമൊക്കെ സ്പാനിഷ് ലാലിഗയുടെ ഒപ്പം നിന്നിരുന്നു. എന്നാൽ കൂടുതൽ ആകർഷകമായ പ്രീമിയർ ലീഗ് ലോകോത്തര താരങ്ങളെ റാഞ്ചുകയും വൻകിട കോർപറേറ്റുകൾ ക്ലബ്ബുകൾ ഏറ്റെടുക്കാൻ മുന്നോട്ടുവരികയും ചെയ്തതോടെ വരുമാനത്തിലും ജനപ്രീതിയിലും അവർ മുന്നാക്കം പോയി. ഇത് ഇറ്റാലിയൻ ലീഗിനെയാണ് ബാധിച്ചത്.
ഇറ്റലിക്ക് യുദ്ധാനന്തര കാലത്തിനുശേഷം വലിയ നേട്ടമുണ്ടായത് ടൂറിസത്തിലും ഫുട്‌ബോളിലുമായിരുന്നു. അതിനു വഴിയൊരുക്കിയത് 1936-ലെ ഒളിമ്പിക്‌സിലെ ഫുട്‌ബോൾ സ്വർണം നേടിയതാണ്. അതിനുമുമ്പ് പരിശീലകൻ വിറ്റോറിയോ പോസോ അവരെ ലോകചാമ്പ്യൻമാരാക്കിയിരുന്നു. 1938-ൽ മുസോളിനി ഇറ്റലിയുടെ ലോകകപ്പ് വിജയത്തിനായി വിറ്റോറിയോ പോസോയ്ക്ക് പ്രത്യേക അധികാരം തന്നെ നൽകി. അക്കാലത്തെ ഏറ്റവും മികച്ച ആസ്ട്രിയൻ ടീമിനെ, ജർമനി സ്വന്തം രാജ്യത്തോട് കൂട്ടിച്ചേർത്ത് ഫാസിസത്തിന്റെ ശക്തി വെളിവാക്കി.
1938-ലെ സെമിയിൽ ബ്രസീലിന്റെ ലിയോണി ദാസ്, ടിം എന്നിവർ കളിക്കാത്തതുമൂലം ഇറ്റലി ഫൈനലിൽ കടന്നു. ഈ രണ്ട് കളിക്കാരെയും ബ്രസീൽ ഫൈനലിലേയ്ക്ക് കരുതിവെച്ചിരിക്കുകയായിരുന്നു. ഫൈനലിൽ ഇറ്റലി ഹംഗറിയെ തോൽപ്പിച്ച് രണ്ടാം തവണയും ഫുട്‌ബോൾ രാജാക്കൻമാരായി.
പ്രത്യക്ഷത്തിൽ ഈ വിജയമാണ് ഇറ്റാലിയൻ ക്ലബ് ഫുട്‌ബോളിലേയ്ക്ക് പണം കൊണ്ടുവന്നത്. ഫുട്‌ബോളിലും സിനിമയിലും രാഷ്ട്രീയ വ്യവഹാരത്തിലുമൊക്കെ മാഫിസോയികളുടെ ഭാവനാതന്ത്രങ്ങൾ വ്യാപിച്ചുകിടക്കുന്നതിനാൽ സാമ്പത്തിക ഒഴുക്ക് കൂടുതലും ക്ലബ് ഫുട്‌ബോളിലായി. അതിന്റെ തലപ്പത്ത് അവർ എത്തിച്ചേരുകയും ചെയ്തു. യുവന്തസ്, മിലാൻ, ഇന്റർ മിലാൻ, ടോറിനോ, റോമ, ലാസിയോ, ഫിയറിന്റീന, നാപ്പോളി എന്നീ ക്ലബ്ബുകളെല്ലാം യൂറോപ്യൻ ഫുട്‌ബോളിലെ ശക്തികളുമായി.
അമ്പതുകൾക്കുശേഷം വലന്റീന മസോള, അലസാന്ദ്രോ മസോള, യൂജിറിവ, റിവേറ, ഫാച്ചെറ്റി, ഷിറയ, ദിനോവോഫ്, പാവലോറോസി എന്നിവരൊക്കെ മഹാന്മാരായ കളിക്കാരായി ഉയർന്നുവന്നു. പക്ഷെ വിദേശ താരങ്ങളുടെ ഒഴുക്ക് എഴുപതുകൾക്കുശേഷം ശക്തമായി. സീക്കോ, സോക്രട്ടീസ്, മറഡോണ, പ്ലാറ്റീനി, വാൻബാസ്റ്റൻ, ലാഡ്രൂവ്, റൂമനിഗെ, ബൊണ്യാക്ക്, കരേക്ക, ഇയാന്റഷ്, ഗുള്ളിറ്റ്, പ്രബൻ എൽക്ജായർ എന്നിവരൊക്കെ ഇറ്റലിയിൽ എത്തിയതോടെ ക്ലബ് ഫുട്‌ബോൾ ശക്തമായി. ലീഗിലേക്ക് ലോകജനതയുടെ കണ്ണുകൾ തിരിഞ്ഞു. പിൽക്കാലത്ത് സിദാനും കക്കയും റൊണാൾഡോയുമൊക്കെ ഇറ്റലിയിലെത്തി. ലിബിയൻ ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി പോലും ഇറ്റാലിയൻ ഫുട്‌ബോളിൽ നിക്ഷേപം നടത്തി.
1990കളായിരുന്നു ഇറ്റാലിയൻ ക്ലബ് ഫുട്‌ബോളിന്റെ സുവർണ കാലം. കോവിഡനന്തര കാലഘട്ടത്തിൽ ഇറ്റാലിയൻ സാമ്പത്തിക ദല്ലാൾമാർ കൈകോർത്തതോടെ അമേരിക്കൻ കോർപറേറ്റുകളുടെ ഗ്രൂപ്പുകൾ വീണ്ടും ഇറ്റലിയിലെത്തി. ഇന്റർ മിലാനും യുവന്തസും പിന്നീടം നഷ്ടം നികത്താൻ പരിശ്രമിച്ചത് ഇതോടെയാണ്. പക്ഷെ ലോകകപ്പ് ഇറ്റലിയുടെ ഫുട്‌ബോൾ വിപണിയ്ക്കും, പുതിയ യുവതാരങ്ങൾക്കും, ‘അസൂറി'കളുടെ വിഖ്യാതമായ ഫുട്‌ബോൾ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.