ബാഴ്സലോണയെ ഇനി സാവി രക്ഷിക്കുമോ ?

ബാഴ്‌സലോണ ചരിത്രത്തിൽ ഈ കാലഘട്ടം രേഖപ്പെടുത്തേണ്ട ഒന്ന് തന്നെയാണ്. എല്ലാം നഷ്ടപ്പെട്ടതിൽ നിന്ന് ഒരുവൻ തന്റെ സാമ്രാജ്യം വെട്ടിപിടിക്കുന്നതിന്റെ, പടയൊരുക്കത്തിന്റെ, ആവേശകരമായ ചരിത്രം ഇവിടെ രചിക്കപ്പെടുകയാണ്. കളിയാക്കലിന്റെ, ചിതറി തെറിച്ച സ്വപ്നങ്ങളുടെ, കരഞ്ഞ രാത്രികളുടെ പകരം ചോദിക്കാനുള്ള അവസരത്തിന്റെ തുടക്കം...

രു ബാഴ്‌സലോണ ആരാധകൻ എന്ന നിലയിൽ Take the Ball, Pass the Ball എന്ന ഡോക്യുമെന്ററിക്ക് ശേഷം കാണുന്ന ഒന്നാണ് FC Barcelona: A New Era. ജനുവരി 2020 മുതൽ, ഓഗസ്റ്റ് 2022 വരെ മാത്രം ബാഴ്സിലോണ കാറ്റലോണിയൻ ഫുട്‌ബോൾ ക്ലബ്ബിൽ സംഭവിച്ച അനിശ്ചിതത്തങ്ങളുടെ നേർ കാഴ്ച്ചയാണ് അഞ്ച് എപ്പിസോഡുകളിലായി അവതരിപ്പിക്കുന്നത്.

ഈ കാലയളവിൽ ക്ലബ് നേരിടാൻ പോകുന്ന പ്രശ്നങ്ങൾക്ക് തുടക്കം ഇട്ടത്, മുൻ പരിശീലകനായ ഏണനെസ്റ്റോ വാൽവേർദേയുടെ പുറത്താകലിലൂടെയാണ്. തുടർച്ചയായി യൂറോപ്യൻ കോമ്പറ്റീഷനുകളിൽ ഉള്ള പരാജയം, നില നിന്നിരുന്നെങ്കിലും, ലാലിഗയിൽ റയൽ മാഡ്രിഡ് അടക്കം ഉള്ള ടീമുകൾക്ക് എതിരെ വ്യക്തമായ ആധിപത്യം നേടാൻ വാൽവേർദേ നയിച്ചിരുന്ന ടീമിന് സാധിച്ചിരുന്നു. സീസണിന്റെ പകുതിക്ക് വാൽവേർദേ പുറത്തായത്തോടെ, കരിയറിൽ ആദ്യമായി ബാഴ്സയുടെ പുതിയ കോച്ച് ആകാനുള്ള അവസരം സാവിയെ തേടിയെത്തുന്നു, പക്ഷേ സാവി അത് നിരാകരിക്കുന്നു. പിന്നീട് വാൽവേർദേക്ക് പകരക്കാരനായി യാതൊരു വിധ പ്ലാനിങ്ങും ഇല്ലാതെ, ഒരു യൂറോപ്യൻ ടീമുകളെയും പരിശീലിപ്പിച്ച എക്സ്പീരിയൻസ് ഇല്ലാതെ, ബാഴ്സിലോണ എന്ന വമ്പൻമാരെ പരിശീലിപ്പിക്കാൻ എത്തിയ സെറ്റിയൻ ആണ്. “ Yesterday I was riding next to cows in my hometown and today I am here and this won’t be easy for me.” എന്ന് പറഞ്ഞാണ് അയാൾ ടീമിനുള്ള ആദ്യ സ്പീച്ച് തുടങ്ങിയത്, ടീം പിന്നീട് വമ്പൻ വിജയങ്ങൾ സ്വന്തമാക്കിയിരുന്നെങ്കിൽ മോട്ടിവേഷണൽ കോട്ട് ആയി പിന്നീട് പലയിടങ്ങളിൽ കാണേണ്ടി വരുമായിരുന്ന ഒന്ന്, എന്നാൽ പിന്നീട് ബാഴ്‌സക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്, യൂറോപ്പിലെ ഏറ്റവും ഭീകരമായ രാത്രിക്കാണ്. ഇനി ഫുട്ബാൾ നില നിൽക്കുന്നിടത്തോളം കാലം, ആരാധകർ മറക്കാൻ ശ്രമിക്കുന്ന രാത്രി, ബയേണിന് മുന്നിലെ 8-2 ന് തോൽവി.

ഏണനെസ്റ്റോ വാൽവേർദെ
ഏണനെസ്റ്റോ വാൽവേർദെ

കൂടാതെ ലീഗിലെ തുടർ തോൽവികളും, കൈയിൽ ഇരുന്ന ലാലിഗ കിരീടം റയലിന് സമ്മാനിക്കുകയും ചെയ്തു. അന്ന് ബാഴ്‌സയുടെ നെഞ്ചത്ത് കിട്ടിയ തോൽവിയുടെ മുറിവ് ഇന്നും പകരം വീട്ടനാകാതെ നിലനില്ക്കുന്നു. മാരക തോൽവിയുടെ ആഘാതത്തോടെ ക്ലബ്‌ സെറ്റിയനെ പുറത്താക്കുന്നു. പിന്നീട് മെസ്സി ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്ന നീണ്ട അഭ്യൂഹങ്ങൾക്ക് കൂടി ആ തോൽവി വഴി വയ്ക്കുന്നു. സെറ്റിയന്റെ പുറത്താക്കൽ, ബാഴ്സയുടെ പുതിയ കോച്ച് ആകാനുള്ള അവസരം ക്ലബ്ബ് ലെജൻഡ് ആയ റൊണാൾഡ്‌ കൂമനെ തേടിയെത്തുന്നു. പ്രശ്നങ്ങൾ പലത് നില നിൽക്കെ തന്നെ ക്ലബ്ബ് പ്രസിഡന്റ് ബർട്ടോമ്യൂ ആ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്നു.

ക്ലബ്ബ് ഉടൻ തന്നെ പുതിയ ഇലക്ഷൻ നേരിടാൻ തയ്യാറാകുന്നു. അത് വരെ ക്ലബ്ബ് പ്രസിഡൻറ് ആകാൻ ഏറ്റവും ചാൻസ് കല്പിച്ചിരുന്ന വിക്ടർ ഫോണ്ടിന്, എതിരെ ക്ലബ്ബിന്റെ സുവർണ്ണകാലത്തെ പ്രസിഡന്റ് ആയ ലപോർട്ട നോമിനേഷൻ കൊടുക്കുന്നു. പല വിധ പാരാഡോക്സുകൾ നിലനിൽക്കെ തന്നെ ലപോർട്ട വീണ്ടും, അധികാരത്തിൽ എത്തുന്നു, അന്ന് അയാൾ പറഞ്ഞിരുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് മെസ്സി വീണ്ടും ക്ലബ്ബിൽ തുടരും എന്നും ബാഴ്‌സിലോണയെ പ്രതാപകാലത്തേക്ക് തിരിച്ച് എത്തിക്കും എന്നുമാണ്. ഇത് രണ്ടും ബാഴ്‌സക്ക് ഇതു വരെ നേടാൻ സാധിച്ചില്ല എന്നത് മറ്റൊരു വസ്തുത. അധികം ഒന്നും നേടാൻ ആവാതെ യൂറോപ്പിൽ പ്രീ കോർട്ടർ വരെയും, ലാലിഗയിൽ കിരീടം നേടാൻ ആകുമായിരുന്ന അവസരം അവസാന അഞ്ച് കളിയിൽ നിന്ൻ ഒന്നും നേടാൻ ആവാതെ അത്റ്റി‍ലറ്റികോക്ക് മുന്നിൽ അടിയറവ് വച്ച്, മൂന്നാം സ്ഥാനത്തിലും തൃപ്തിപ്പെടേണ്ടി വന്നു. ആശ്വാസമായത് കോപ്പ ഡെൽ റേ കിരീടം മാത്രമാണ്. ആ കിരീടം കൊണ്ട് അന്ത്യം കുറിക്കേണ്ടി വന്നത് മറ്റൊരു അധ്യയാത്തിനു കൂടിയാണ്.

മെസ്സിയുടെ contract renewal ഉറപ്പിച്ചിരുന്ന അടുത്ത വൃത്തങ്ങൾ പോലും, തരിച്ചിരുന്ന് പോയ ആ നിമിഷം മെസ്സി ബാഴ്സയിൽ തുടരില്ല എന്ന വാർത്ത ലോകത്ത് ആകെ അലയടിച്ചു കൊണ്ടിരുന്നു. സത്യമോ അസത്യമോ എന്ന് വിശ്വസിക്കാതെ ആരാധകർ ക്യാമ്പ്‌ന്യൂവിന് മുന്നിൽ തടിച്ചു കൂടി. ആരാധകരുടെ നൂറായിരം ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലെ വിവിധ പേജുകളിലൂടെ കയറി ഇറങ്ങി. ഒടുവിൽ ബാഴ്‌സിലോണയുടെ പ്രിയ പുത്രന്റെ, മറ്റ് താരങ്ങളെ സാക്ഷി നിർത്തിയുള്ള മീഡിയ മീറ്റിംഗ്, അതേ നീണ്ട പതിനേഴ്‌ വർഷത്തെ കരിയറിന് വിരാമം ഇട്ടു കൊണ്ട് അയാൾ പടി ഇറങ്ങി. ലപോർട്ട ജോർജെ മെസ്സിയോട് നടത്തിയ സംഭാഷണ ശകലത്തിലെ ഒരു ഭാഗം ഇങ്ങനെയാണ് "I want to take decisions for the future' ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ ടീം വിട്ട് പോയത് ആരുടെ കുറ്റം കൊണ്ടാണ് എന്ന തർക്കം ഇന്നും തുടരുന്നു.

ബാർസയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ പൊട്ടിക്കരയുന്ന ലയണൽ മെസി
ബാർസയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ പൊട്ടിക്കരയുന്ന ലയണൽ മെസി

സാമ്പത്തിക ഞെരുക്കത്തിനൊടുവിൽ ഫ്രീ ട്രാൻസ്‌ഫർ ആയി മാത്രം ക്ലബ്ബിൽ വന്നു ചേർന്ന പ്ലെയെഴ്സുമായി, പതിനേഴ് വർഷങ്ങൾക്കു ശേഷം മെസ്സി ഇല്ലാതെ ബാഴ്സ ഇറങ്ങി, ലാലിഗയിൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കം തന്നെ ബാഴ്സക്ക് ലഭിച്ചു, മെസ്സിയുടെ പിന്നാലെ ഗ്രീസ്മാനെ അത്‌ലെറ്റിക്കോയിലേക്ക് തിരിച്ച് അയച്ചതും, പകരം കൂമാന്റോയുടെ
മാനസപുത്രനായ ഡീ ജോങ്ങിനെ ബാഴ്സയിലേക്ക് കൊണ്ടുവന്നതും ഒന്നും ബാഴ്സക്ക് ഗുണകരമായില്ല. എൽ ക്ലാസിക്കോയിലെ അടക്കം തുടർച്ചയായ രണ്ട് തോൽവിയെയും പിൻപറ്റി, ഒടുവിൽ കൂമാനും പടിയിറങ്ങേണ്ടി വന്നു.
ഇനി ആര് എന്ൻ ചോദ്യം വീണ്ടും ഉയർന്നപ്പോൾ ബാഴ്സയിലെ എക്കാലത്തെയും മികച്ച മധ്യ നിരക്കാരനെ തേടി ബാഴ്സിലോണ വീണ്ടും എത്തി, ഇത്തവണ അയാൾ ആ വിളി വേണ്ടെന്ന് വച്ചില്ല.... ബാഴ്സയുടെ മണ്ണിലേക്ക് അയാൾ വീണ്ടും എത്തി സാവി ഹെർണാണ്ടസ്‌ (Xavi Hernandez). കാറ്റലോണിയുടെ പുതിയ അമരക്കാരനായി സാവി തുടങ്ങിയത് ടീമിന്റെ അച്ചടക്ക നിയമങ്ങളിൽ നിന്ൻ തന്നെയാണ്, ആദ്യം അയാൾ അന്വേഷിച്ചതും അതിനെ പറ്റിയാണ്. ഇവിടെ നിലവിൽ അനുസരിച്ച് വരുന്ന നിയമങ്ങൾ ഉണ്ടോ? എന്ന ചോദ്യത്തിന് ഒന്നും തന്നെ ഇല്ല എന്ന മറുപടി തന്നെ അത്ഭുതപ്പെടുത്തി എന്ൻ സാവി പറയുന്നുണ്ട്. ട്രെയിനിങ്ങിനു ഒരു മണിക്കൂർ മുൻപ് എത്തിച്ചേരുക, മോര്ണിംഗ് ബ്രേക്ക്‌ഫാസ്റ്റ് ടീം അംഗങ്ങൾ ഒരുമ്മിച്ചാക്കുക, തുടങ്ങിയ ചെറിയ നീക്കങ്ങളോടെ പതിയെ ടീമിന്റെ നിയന്ത്രണം സാവി ഏറ്റെടുത്തു. എന്നിട്ടും ബയേണിനോട്‌ തന്നെ വീണ്ടും തോറ്റ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സ്റ്റേജിൽ പുറത്താകനായിരുന്നു വിധി.

ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ ഫെറാൻ ടോറസ്, ആദ്മ ട്രവോറെ, ഓബമിയാംഗ്, ഡാനി അല്വേംസ് എന്നിവരെ കൂടാരത്തിൽ എത്തിച്ച് സാവി പടയൊരുക്കം നടത്തി. അത് ഫലം കണ്ടത് എൽ ക്ലാസിക്കോയിൽ സാന്റിനയോഗോയിൽ ചെന്ന് റയലിനെ 4-0 ന് മുട്ട് കുത്തിച്ചാണ്.ആ വിജയം ബാഴ്സ എന്ന ടീമിനും, ആരാധകർക്കും നൽകിയ ആവേശം വളരെ വലുതാണ്. സാവിയുടെ ആദ്യ സീസണിൽ ലാലിഗയിൽ ഏറ്റവും മോശം തുടക്കത്തിൽ നിന്ന് രണ്ടാം സ്ഥാനം നേടി അവസാനിപ്പിക്കേണ്ടി വന്നു.

ബാഴ്സയിൽ നടന്ന കഥകളുടെ ഒരു വേർഷൻ പറയുന്നുണ്ടെങ്കിലും, അതിനോടൊപ്പം പ്രാധാന്യം അർഹിക്കുന്നതാണ്, മെസ്സി യുഗത്തിന് ഒപ്പം ഉയർന്നു വന്ന അൻസു ഫാറ്റി, ഗാവി, പെഡ്രി എന്നിവരുടെ ഉദയം. ആൻസുവാന് തുടർച്ചയായി നേരിടേണ്ടി വരുന്ന പരിക്കും, മെസ്സിക്ക് ശേഷം ബാഴ്സയുടെ പത്താം നമ്പർ അൻസുവിന് കിട്ടുന്നതും, ദീർഘകാലത്തേയ്ക്ക് ബാഴ്സക്ക് ഇവരോട് ഉള്ള പ്രതീക്ഷയുടെ കഥ കൂടി ഇതിൽ ചേർത്ത് വയ്ക്കപ്പെടുന്നു.

അൻസു ഫാറ്റി
അൻസു ഫാറ്റി

ബാഴ്‌സലോണ ചരിത്രത്തിൽ ഈ കാലഘട്ടം രേഖപ്പെടുത്തേണ്ട ഒന്ന് തന്നെയാണ്. എല്ലാം നഷ്ടപ്പെട്ടതിൽ നിന്ന് ഒരുവൻ തന്റെ സാമ്രാജ്യം വെട്ടിപിടിക്കുന്നതിന്റെ, പടയൊരുക്കത്തിന്റെ, ആവേശകരമായ ചരിത്രം ഇവിടെ രചിക്കപ്പെടുകയാണ്. കളിയാക്കലിന്റെ, ചിതറി തെറിച്ച സ്വപ്നങ്ങളുടെ, കരഞ്ഞ രാത്രികളുടെ പകരം ചോദിക്കാനുള്ള അവസരത്തിന്റെ തുടക്കം...

സാവിയുടെ കീഴിൽ യൂറോപ്പിലെ പുതിയ മികച്ച കളിക്കാരുമായി സീസൺ തുടങ്ങുന്നയിടത്താണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. എന്നിട്ടും ശാപം പോലെ തുടർച്ചയായി രണ്ടാം കൊല്ലവും യൂറോപ്യൻ ഗ്രൂപ്പ്‌ സ്റ്റേജിൽ നിന്ൻ കര കയറാനാകാതെ ബാഴ്സക്ക് കാലിടറി. എൽ ക്ലാസിക്കോയിൽ തോറ്റെങ്കിലും പുതുവർഷത്തിൽ ലാലിഗയിൽ ഒന്നാം സ്ഥാനം നേടിയതാണ് ഏറ്റവും മികച്ച നേട്ടം...


Summary: ബാഴ്‌സലോണ ചരിത്രത്തിൽ ഈ കാലഘട്ടം രേഖപ്പെടുത്തേണ്ട ഒന്ന് തന്നെയാണ്. എല്ലാം നഷ്ടപ്പെട്ടതിൽ നിന്ന് ഒരുവൻ തന്റെ സാമ്രാജ്യം വെട്ടിപിടിക്കുന്നതിന്റെ, പടയൊരുക്കത്തിന്റെ, ആവേശകരമായ ചരിത്രം ഇവിടെ രചിക്കപ്പെടുകയാണ്. കളിയാക്കലിന്റെ, ചിതറി തെറിച്ച സ്വപ്നങ്ങളുടെ, കരഞ്ഞ രാത്രികളുടെ പകരം ചോദിക്കാനുള്ള അവസരത്തിന്റെ തുടക്കം...


Comments