ഗൗതം അദാനി എന്ന
ക്രോണി കാപ്പിറ്റലിസ്റ്റിന്റെ
ഭാവിയെന്ത്?
ഗൗതം അദാനി എന്ന ക്രോണി കാപ്പിറ്റലിസ്റ്റിന്റെ ഭാവിയെന്ത്?
ഇതുവരെ റേറ്റിംഗ് ഏജന്‍സികള്‍ അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളെ ഡൗണ്‍ ഗ്രേഡ് ചെയ്‌തിട്ടില്ല എന്നതാണ് അവര്‍ക്ക് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്. എന്നാല്‍ ബോണ്ട് വിപണിയിലെ കനത്ത ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍ ഡൗണ്‍ഗ്രേഡിംഗിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നു. എ.ഡി.എ.ജി ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ തകര്‍ച്ച പൂര്‍ത്തിയായയത് ഡൗണ്‍ഗ്രേഡിംഗ് കൂടി സംഭവിച്ചപ്പോഴാണ് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
11 Feb 2023, 10:25 AM
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കടബാധ്യത ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം തകര്‍ന്നുപോയത് ഇന്ത്യയിലെ രണ്ട് ഡസനോളം കോര്‍പ്പറേറ്റ് ഗ്രൂപ്പുകളാണ്. 15 വര്‍ഷം മുമ്പ് ഇന്ത്യയിലെ അതിസമ്പന്നരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള എ.ഡി.എ.ജി (അനില്‍ ധിരുഭായി അംബായി ഗ്രൂപ്പ്)യും ഇതില്‍ ഉള്‍പ്പെടും. യു.എസിലെ അത്ര പ്രശസ്‌തമല്ലത്ത ഒരു ഇന്‍വെസ്റ്റ്‌മെൻറ് റിസര്‍ച്ച് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ വിപണിമൂല്യത്തിന്റെ 50 ശതമാനം നഷ്‌ടമായ അദാനി ഗ്രൂപ്പും നീങ്ങുന്നതും ആ വഴിയ്‌ക്കാണോ?
ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗൗതം അദാനി നേരിടുന്ന വെല്ലുവിളി ഒന്നര പതിറ്റാണ്ട് മുമ്പ് സമ്പന്നരില്‍ നമ്പര്‍ വണ്‍ ആകുന്നതിനായി സഹോദരന്‍ കൂടിയായ മുകേഷ് അംബാനിയുമായി മത്സരിച്ച അനില്‍ അംബാനി നേരിട്ട സ്ഥിതിവിശേഷവുമായി സമാനമാണ്. കഴിഞ്ഞ ജനുവരി 27ന് 20,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാൻ ആരംഭിച്ച അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറി (എഫ്.പി.ഒ) ന് തൊട്ടുമുമ്പായി അദാനി ഗ്രൂപ്പ് ഓഹരികളില്‍ തുടങ്ങിയ കനത്ത ഇടിവ്, 2008 ജനുവരിയില്‍ വിപണിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ റിലയന്‍സ് പവറിന്റെ ഐ.പിക്കുശേഷം അനില്‍ ധിരുഭായി അംബാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ആരംഭിച്ച കൂട്ടതകര്‍ച്ചയെയാണ് ഓര്‍മിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ നടത്തിയ വേറിട്ട പ്രകടനത്തിന് സമാനമായി 2007ല്‍ അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ഓഹരികളാണ് വിപണിയുടെ ഹോട്ട് സ്റ്റോക്കുകളായിരുന്നത്. പല മടങ്ങ് നേട്ടം നല്‍കിയ എ.ഡി.എ.ജി ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ മത്സരിക്കുന്ന കാഴ്‌ചയാണ് 2007ലെ ബുള്‍ മാര്‍ക്കറ്റില്‍ കണ്ടത്. അന്ന് അതിസമ്പന്നരില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെ ടെലികോം മുതല്‍ പവര്‍ വരെയുള്ള അടിസ്ഥാന സൗകര്യ വികസന രംഗത്തെ എല്ലാ മേഖലകളിലും കൈവെച്ച അനില്‍ അംബാനി വിപണിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.
2008 ജനുവരിയില്‍ നടത്തിയ റിലയന്‍സ് പവറിന്റെ ഐ.പി.ഒ അതുവരെ രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവായിരുന്നു. ഒട്ടേറെ നിക്ഷേപകര്‍ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയതു തന്നെ മറ്റ് എ.ഡി.എ.ജി ഓഹരികള്‍ പോലെ വലിയ നേട്ടം നല്‍കുമെന്ന പ്രതീക്ഷയില്‍ റിലയന്‍സ് പവറിന്റെ ഐ.പി.ഒ വഴിയായിരുന്നു. എന്നാല്‍ ലിസ്റ്റിംഗ് ദിവസം തന്നെ തകര്‍ച്ച നേരിട്ട റിലയന്‍സ് പവര്‍ എ.ഡി.എ.ജി ഓഹരികളുടെ പതനത്തിനു തന്നെ തുടക്കം കുറിക്കുകയാണ് ചെയ്‌തത്.

അമിതമായ കടബാധ്യത കൈകാര്യം ചെയ്യാനാകാതെ അനില്‍ അംബാനി ഓരോന്നായി കമ്പനികള്‍ വിറ്റൊഴിയുന്നതാണ് പിന്നീട് കണ്ടത്. കടക്കെണിയില്‍ നിന്ന് മുക്തി നേടാന്‍ റോഡ് മുതല്‍ റേഡിയോ സ്റ്റേഷന്‍ വരെയുള്ള ആസ്‌തികളുടെയും ടെലികോം മുതല്‍ ഇന്‍ഷുറന്‍സ് വരെയുമുള്ള ബിസിനസുകളുടെയും വില്‍പ്പന നടത്തേണ്ടി വന്നു. മികച്ച ലാഭക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന റിലയന്‍സ് കാപ്പിറ്റലിന് കീഴിലുള്ള സുസ്ഥിരമായ ബിസിനസ് പോലും കടബാധ്യത തീര്‍ക്കാന്‍ വിറ്റൊഴിഞ്ഞു.
വളരെ ഉയര്‍ന്ന മൂലധന നിക്ഷേപം ആവശ്യമായ അടിസ്ഥാന സൗകര്യ മേഖലയില്‍ ബിസിനസ് വിപുലീകരിക്കുന്നതിനായി കടബാധ്യതയുടെ കനത്ത ഭാരം തലയില്‍ വെക്കുകയാണ് ഗൗതം അദാനിയും ചെയ്‌തത്. ഒന്നര പതിറ്റാണ്ട് മുമ്പ് അനില്‍ അംബാനി ചെയ്‌തത് അല്‍പ്പം വ്യത്യസ്‌തമായ രീതിയില്‍ ഗൗതം അദാനി ചെയ്‌തു. തുറമുഖം മുതല്‍ മീഡിയ വരെയുള്ള മേഖലകളിലേക്ക് അദാനി ഗ്രൂപ്പ് പടര്‍ന്നുപിടിച്ചത് കടമെടുത്ത വലിയ തുക കൈമുതലാക്കിയാണ്. അനില്‍ അംബാനി കടത്തിന്റെ തിരിച്ചടവ് മുടക്കിയത് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചു. ഇന്ന് ഗൗതം അദാനിയുടെ വായ്‌പാ ബാധ്യതയുടെ 40 ശതമാനം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നാണെടുത്തിരിക്കുന്നത്.

ഗൗതം അദാനിയുടെ വിധി അനില്‍ അംബാനിയുടേത് പോലെയാകില്ല എന്ന് വാദിക്കുന്നവരുണ്ട്. ലോകത്തിലെ അതിസമ്പന്നരില്‍ രണ്ടാം സ്ഥാനത്തു വരെയെത്തിയെന്ന അപൂര്‍വനേട്ടം ആദ്യമായി ഒരു ഇന്ത്യക്കാരന്‍ കൈവരിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ അനുഗ്രഹാശിസുകളുമുണ്ടെന്നതാണ് അതിന് കാരണമായി പറയുന്നത്. മോദി തനിക്ക് തല്‍പ്പരരായ ബിസിനസ് ലീഡര്‍മാരോട് കാണിക്കുന്ന പ്രത്യേക ആഭിമുഖ്യം മറ്റു പല കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെയും തകര്‍ച്ചക്ക് ഒരു കാരണമായി എന്നത് കൗതുകരമായ മറ്റൊരു വസ്‌തുതയാണ്.
കിങ്‌ഫിഷര്‍, വീഡിയോകോണ്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്, ഭുഷന്‍ സ്റ്റീല്‍, ജെറ്റ് എയര്‍വേസ്, ഐ.എല്‍ & എഫ്.എസ്, കോഫീ ഡേ, സഹാറ, യൂണിടെക്, ജി.എം.ആര്‍, ജി.വി.കെ, ഐ.വി.ആര്‍.സി.എല്‍, യൂണിടെക്, ഗീതാജ്ഞലി ജെംസ്, കോക്‌സ് & കിങ്‌സ്, തോമസ് കുക്ക്, സിംപ്ലക്‌സ് ഇന്‍ഫ്ര, സിന്‍ടെക്‌സ്, ക്രോംപ്‌റ്റന്‍ ഗ്രീവ്‌സ്, യെസ് ബാങ്ക്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, എച്ച്.ഡി.ഐ.എല്‍, ഡി.എച്ച്.എഫ്.എല്‍ തുടങ്ങിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കടുത്ത പ്രതിസസന്ധിയിലകപ്പെട്ടത്. ഈ ഗ്രൂപ്പുകളുടെ പതനത്തിനൊപ്പം വിജയ് മല്യ, സുഭാഷ് ചന്ദ്ര, റാണാ സിംഗ്, സിംഗ് സഹോദരങ്ങള്‍, നരേഷ് ഗോയല്‍, സുബ്രതോ റോയ് തുടങ്ങിയ കോര്‍പ്പറേറ്റ് കുലപതികളുടെ പ്രതിച്ഛായയാണ് വീണുടഞ്ഞത്. ആത്മഹത്യയിലേക്കും പലായനങ്ങളിലേക്കും പൊലീസ് കസ്റ്റഡിയിലേക്കും ജയില്‍വാസത്തിലേക്കും ഈ വന്‍കിട സംരംഭകര്‍ നയിക്കപ്പെടുകയും ഇന്ത്യക്കാര്‍ക്ക് പരിചിതമായ ഒട്ടേറെ ബ്രാന്റുകള്‍ ഈ പതനത്തിന്റെ ഫലമായി ഇല്ലാതാകുകയും ചെയ്‌തു.

ഈ ഗ്രൂപ്പുകളുടെ തകര്‍ച്ചയില്‍ ഓരോന്നിനും അതിന്റേതായ കാരണങ്ങളുണ്ടെങ്കിലും പൊതുവായ ചില ഘടകങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ട്. സവിശേഷമായ രാഷ്‌ട്രീയ സാഹചര്യം അതിനൊരു കാരണം തന്നെയാണ്. 2014ഓടെ രാഷ്‌ട്രീയ അന്തരീക്ഷത്തിലുണ്ടായ മാറ്റം പല കമ്പനികളെയും സംബന്ധിച്ച് ഉപജാപങ്ങള്‍ അസാധ്യമാക്കി. മോദി സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കമ്പനികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സവിശേഷ സാഹചര്യത്തില്‍ നേരത്തെ മുന്‍ സര്‍ക്കാരുകളുമായും അതിലെ സഖ്യകക്ഷികളുമായുള്ള അതിരുവിട്ട രാഷ്‌ട്രീയ ബന്ധങ്ങളിലൂടെ തങ്ങള്‍ക്കുവേണ്ട നയങ്ങളും നടപടികളും ലൈസന്‍സുകളും നേടിയെടുത്തിരുന്ന മറ്റൊരു കൂട്ടം കമ്പനികള്‍ക്ക് അത് തുടര്‍ന്നും ലഭിക്കാതെ പോന്നതോടെ ബിസിനസില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു.
സഖ്യസര്‍ക്കാരുകള്‍ നിലനിന്നിരുന്ന സമയത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ ലോബീയിങ് വിജയകരമായി നിര്‍വഹിക്കാന്‍ അധികാരത്തില്‍ കൂട്ടാളിയായ ഏതെങ്കിലും പ്രാദേശിക കക്ഷിയുമായി മാത്രമുള്ള ചങ്ങാത്തം മതിയായിരുന്നു. രാഷ്‌ട്രീയനേതൃത്വങ്ങളുമായി മേശക്കടിയിലൂടെയും പിന്‍വാതിലിലൂടെയുമുള്ള ഇടപാടുകളിലൂടെ സദാ കൂട്ടുകെട്ടിലായിരുന്നതിനാല്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഈ ശക്തികള്‍ക്ക് തങ്ങളുടെ മേധാവിത്തം നിലനിര്‍ത്തുക എളുപ്പവുമായിരുന്നു. എന്നാല്‍, 2014 മുതല്‍ സുസ്ഥിര സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പഴയ രാഷ്‌ട്രീയ ബന്ധങ്ങളൊന്നും ഇത്തരം കമ്പനികളെ തുണച്ചില്ല. മോദിയുമായി ബന്ധമുള്ള ക്രോണികള്‍ക്കു മാത്രം സര്‍ക്കാരിന്റെ അനുഗ്രഹാശിസുകള്‍ ലഭിക്കുന്ന സ്ഥിതിയിലേക്ക് ഇന്ത്യയിലെ ക്രോണി കാപ്പിറ്റലിസം കേന്ദ്രീകരിക്കപ്പെട്ടതോടെ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കാനാകാതെ പോയ കോര്‍പ്പറ്റേറ്റ് ലീഡര്‍മാര്‍ തീര്‍ത്തും നിസ്സഹായരായി.
അതേസമയം, സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ പോലും അത്യന്തം നാടകീയമായി തകരുന്നതും നാം കണ്ടു. അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് തന്നെ പ്രധാന ഉദാഹരണം. മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ അഴിമതി ആരോപണം റഫേല്‍ വിമാന ഇടപാടുകളെ ചൊല്ലിയായിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന ആരോപണം വിമാന നിര്‍മാണ രംഗത്ത് മുന്‍ പരിചയമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കിയതിന്റെ പേരിലാണ്. അതേസമയം സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ കാരണമായ ആ കരാറൊന്നും അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുതകുന്നതായില്ല. അമിത കടബാധ്യതയുടെ ഭാരം മൂലമുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരുമായുള്ള ചങ്ങാത്തം മാത്രം പോരായിരുന്നു. മുങ്ങിത്താഴാന്‍ പോകുന്നവന് കച്ചിതുരുമ്പ് പോലുമായില്ല ആ കരാര്‍.
2014 മുതല്‍ ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം പുതിയ രൂപവും ഭാവവും ആര്‍ജിച്ചതിന്റെ ഫലമാണ് ഗൗതം അദാനിക്ക് ഒരു ഘട്ടത്തില്‍ ലഭിച്ച ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനം. എന്നാല്‍ ഇത് ഇന്ത്യയിലെ ഓഹരി വിപണി സംവിധാനത്തിന്റെ പഴുതുപയോഗിച്ച് കൃത്രിമമായി സൃഷ്‌ടിച്ചെടുത്ത മൂല്യപ്പെരുക്കത്തിന്റെ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നേട്ടം മാത്രമായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു വരെയെത്തിയ ഒരു ബിസിനസ് തലവന്റെ ഗ്രൂപ്പിന്റെ വിപണിമൂല്യം ഓഹരി വിപണിയിലെ കരടികളുടെ ഗാഢാലിംഗനത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അമ്പത് ശതമാനം ഇടിയുക എന്നത് അപൂര്‍വ സംഭവമാണ്. ഇന്ത്യയിലെ ക്രോണി കാപ്പിറ്റലിസത്തിന്റെ വികൃതമുഖവും ഓഹരി വിപണി സമ്പ്രദായത്തിന്റെ പഴുതുകളും ഒന്നുപോലെ ഇതുവഴി ലോകത്തിന് മുന്നില്‍ മറചീന്തി പുറത്തു വന്നു.

ഓഹരിവിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം (പി ഇ റേഷ്യോ) ആണ് ഓഹരികളുടെ മൂല്യം അളക്കുന്നതിന് ലോകത്ത് ഏറ്റവും വ്യാപകമായി സ്വീകരിക്കപ്പെടുന്ന മാനദണ്‌ഡം. ഈ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ അദാനി ഗ്രൂപ്പിലെ പല ഓഹരികളും അമിത മൂല്യത്തിന്റെ പരകോടിയിലായിരുന്നു വ്യാപാരം ചെയ്‌തിരുന്നത് എന്നു കാണാം. കമ്പനി കൈവരിക്കാനിരിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പി ഇ റേഷ്യോ കണക്കാക്കി ഓഹരിയുടെ മൂല്യം വിലയിരുത്തുന്നത് വ്യാപകമായ ഒരു രീതിയാണ്. സാധാരണ നിലയില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുശേഷം വരെ കൈവരിക്കാനിരിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍വേര്‍ഡഡ് ഏര്‍ണിംഗ്‌സ് കണക്കാക്കാറുണ്ട്. എന്നാല്‍ അദാനി ഗ്രൂപ്പിലെ പല ഓഹരികളും ഇരുപതും മുപ്പതും വര്‍ഷത്തിനപ്പുറം കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രതി ഓഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യത്തിലാണ് വ്യാപാരം ചെയ്‌തിരുന്നത്. നാലക്ക പി ഇയില്‍ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ ആഗോള വിപണിയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. വിലയിലുണ്ടായ കുതിപ്പില്‍ അദാനി ഗ്രൂപ്പിലെ ചില ഓഹരികള്‍ ഈ ‘അപൂര്‍വനേട്ടം' സ്വന്തമാക്കുകയും ചെയ്‌തു.
ഒരു തരത്തിലും നീതികരിക്കാനാകാത്ത മൂല്യത്തില്‍ വ്യാപാരം ചെയ്‌തിരുന്നതു കൊണ്ടാണ് യു.എസിലെ ഒരു ഇന്‍വെസ്റ്റ്‌മെൻറ് റിസര്‍ച്ച് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ കരടികളുടെ ഗാഢാലിംഗനത്തില്‍ അമര്‍ന്നത്. ഗൗതം അദാനിക്കൊപ്പം അതിസമ്പന്നരുടെ മുന്‍നിരയിലുള്ള വ്യക്തികളുടെ കമ്പനികളില്‍ ഇത്തരമൊരു ബെയര്‍ അറ്റാക്ക് ചിന്തനീയം പോലുമല്ല എന്നതാണ് കൗതുകകരം.

ഓഹരി വിപണിയില്‍ ചെറിയ തോതിലുള്ള കരകയറ്റം നടത്തിയെങ്കിലും അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് പൂര്‍ണ തോതിലുള്ള ഒരു അതിജീവനം സാധ്യമാകുമോ? ക്രെഡിറ്റ് റിസ്‌ക് ഒരു പരിധിക്ക് അപ്പുറമായാല്‍ ഒരു ബിസിനസ് ഗ്രൂപ്പിനും സര്‍ക്കാരിന്റെ പിന്തുണ കൊണ്ടുമാത്രം അതിജീവിക്കാനാകില്ല. യഥാര്‍ത്ഥത്തില്‍ ബോണ്ട് വിപണിയിലെ അനുരണനങ്ങളാണ് അദാനി ഗ്രൂപ്പിന്റെ ഭാവിയുടെ സൂചനകള്‍ നല്‍കുന്നത്. അദാനി ഗ്രൂപ്പ് ബോണ്ടുകള്‍ കൂപ്പണ്‍ വിലയില്‍ നിന്ന് 40 ശതമാനം വരെ ഇടിഞ്ഞപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഈ കോര്‍പ്പറേറ്റ് സാമ്രാജ്യത്തിന്റെ വായ്‌പാ തിരിച്ചടവ് ശേഷി തന്നെയാണ്. ബോണ്ടുകള്‍ ഡിഫോള്‍ട്ട് ആയി പോകുമെയന്ന ഭീതിയാണ് ഇത്ര കനത്ത വില്‍പ്പന ബോണ്ട് വിപണിയില്‍ ഉണ്ടായതിന് കാരണം.
അദാനി ഗ്രൂപ്പിന്റെ ഏകദേശം രണ്ട് ലക്ഷം കോടി രൂപ വരുന്ന വായ്‌പയുടെ 60 ശതമാനവും വിദേശ ബാങ്കുകളില്‍ നിന്നാണെടുത്തിരിക്കുന്നത്. 20,000 കോടി രൂപ സമാഹരിക്കുന്നതിനായി നടത്തിയ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ) ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ അദാനി ഗ്രൂപ്പിന് ബോണ്ട് വിപണിയിലെ തിരിച്ചടി മൂലം പുതിയ കടം കിട്ടുക ഒട്ടും എളുപ്പമല്ല. അദാനി പോര്‍ട്‌സ് & സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍, എസി, അംബുജാ സിമൻറ്സ് എന്നിവയൊഴികെയെയുള്ള എല്ലാ അദാനി ഗ്രൂപ്പ് കമ്പനികളും ബിസിനസ് പാകപ്പെടുത്തുന്ന ഘട്ടത്തിലാണ്. വന്‍തുക മൂലധന നിക്ഷേപമായി എത്തിയാല്‍ മാത്രമേ ഈ കമ്പനികളുടെ പല പദ്ധതികളും പൂര്‍ത്തികരിക്കാനാകൂ. ഇതിന് കടമല്ലാതെ മറ്റ് ആശ്രയമില്ല.
മൂല്യപെരുപ്പം സൃഷ്‌ടിച്ച് ഉണ്ടാക്കിയെടുത്ത അമിതവിലയുടെ അടിസ്ഥാനത്തില്‍ പണയപ്പെടുത്തിയ ഓഹരികളാണ് വായ്‌പയുടെ ഒരു സ്രോതസ്. വിലതകര്‍ച്ചയെ തുടര്‍ന്ന് കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്തേണ്ടി വന്ന അദാനി ഗ്രൂപ്പിന് ഇത്തരത്തിലുള്ള കൂടുതല്‍ വായ്‌പകളും ബുദ്ധിമുട്ടാകും.
ഇതുവരെ റേറ്റിംഗ് ഏജന്‍സികള്‍ അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളെ ഡൗണ്‍ ഗ്രേഡ് ചെയ്‌തിട്ടില്ല എന്നതാണ് അവര്‍ക്ക് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്. എന്നാല്‍ ബോണ്ട് വിപണിയിലെ കനത്ത ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍ ഡൗണ്‍ഗ്രേഡിംഗിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നു. എ.ഡി.എ.ജി ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ തകര്‍ച്ച പൂര്‍ത്തിയായയത് ഡൗണ്‍ഗ്രേഡിംഗ് കൂടി സംഭവിച്ചപ്പോഴാണ് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ഫിനാന്‍ഷ്യല്‍ ജേര്‍ണലിസ്റ്റ്, ധനകാര്യ ഓണ്‍ലൈന്‍ മാധ്യമമായ hedgeohari.com ന്റെ എഡിറ്റര്‍
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Feb 19, 2023
5 Minutes Read
Think
Feb 03, 2023
10 Minutes Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
കെ. സഹദേവന്‍
Jan 30, 2023
8 minutes read