തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ആഹ്ളാദിക്കാം, പക്ഷേ...

ഇടതുപക്ഷ സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയതിൽ അതിയായി സന്തോഷിക്കുന്നു; എന്നാൽ നടപ്പാക്കാത്തവയിൽ ഭൂരിഭാഗവും പരിസ്ഥിതി ബന്ധിതമാണെന്നത് ഏറെ ദുഃഖിപ്പിക്കുന്നു. ജനങ്ങൾ പ്രാദേശികമായി കാര്യങ്ങൾ കണ്ട് ശരിയായ രീതയിൽ പ്രതികരിക്കുന്നതുപോലെ, സംസ്ഥാന അടിസ്ഥാനത്തിലും കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കും. കേരളത്തിലെ ജനങ്ങളുടെ മതേതര കൂട്ടായ്മയും ജനാധിപത്യ- പാരിസ്ഥിതിക വികേന്ദ്രീകരണ സാധ്യതകളും ചേർന്നുള്ള വിജയം നിയമസഭയിലേക്ക് നേടാൻ കഴിയണമെങ്കിൽ അതിനെതിരെ ഉരുണ്ടുകൂടുന്ന കറുത്ത ശക്തികളെ നേരിടാൻ സംസ്ഥാന സർക്കാറിനോ ഇടതുപക്ഷത്തിനോ മാത്രം കഴിയില്ല. എന്നാൽ, അതിന് കേരളത്തിലെ ജനങ്ങൾക്ക് കഴിയും എന്നാണ് ഈ തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്

ദ്ദേശ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത വിജയമാണ് എൽ.ഡി.എഫ് നേടിയത്. എന്നെപ്പോലുള്ള എത്രയോ പേർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ ഒരു വിജയമാണിത്.

ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾ നിലവിലുണ്ടായിരുന്നു. വിവിധതരം അന്വേഷണങ്ങളുടെ പേരിൽ പലതരം കേന്ദ്ര ഏജൻസികൾ നിരങ്ങിക്കൊണ്ടിരുന്നു. ഇതിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നതിനാൽ ഇടതുപക്ഷം vs മഹാപക്ഷം എന്നതായിരുന്നു ഒരർഥത്തിൽ സ്ഥിതി. ഇതിൽ ഹിന്ദു, മുസ്‌ലിം വർഗീയ കക്ഷികളെല്ലാം കൂടി. കൂടാതെ, പ്രതിപക്ഷ കക്ഷികൾക്ക് യാതൊരു സാമ്പത്തിക ചെലവുമില്ലാതെ രണ്ടുമൂന്ന് പ്രധാന പത്രങ്ങളും ചാനലുകളും അവർക്കായി വോട്ടുപിടിക്കുകയായിരുന്നു. സ്വന്തം പത്രങ്ങളും ചാനലുകളും പ്രതിപക്ഷ നേതാക്കൾ തന്നെ നോക്കാറില്ല. അതുകൊണ്ടുതന്നെ, തദ്ദേശ ഭരണത്തിലെ പോരായ്മകളോ ദേശീയ രാഷ്ട്രീയമോ ഒന്നുമല്ല പ്രതിപക്ഷം പ്രചാരണായുധമാക്കിയത്. ഇതുവരെ ഒന്നും തെളിയിക്കാത്ത, അതിനാൽ തന്നെ പലതരം പുകമറയിൽപെട്ട അഴിമതികളെപ്പറ്റിയാണ്. ഈ സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പായിട്ടും, പ്രതിപക്ഷ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘അപ്രതീക്ഷിത വിജയം' നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു, എന്തുകൊണ്ട്? പ്രധാന കാരണം, തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനങ്ങളും തമ്മിൽ താഴെ തട്ടിൽ കാൽനൂറ്റാണ്ടായി വളർന്നുകൊണ്ടിരിക്കുന്ന ജനകീയ ബന്ധം തന്നെയാണ്.

അവിടെ വളർന്നുവന്ന ഒരു ജനാധിപത്യ- മതേതര ഇടം ഉണ്ട്. അതാകട്ടെ, കഴിഞ്ഞ മൂന്നുവർഷങ്ങളിലെ പ്രളയം, കോവിഡ് എന്നിവക്കെതിരായ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഏറെ ശക്തിപ്പെട്ടിരിക്കുന്നു. രണ്ട്, ഈ ജനകീയ ബന്ധത്തിന്റെ മുറുക്കം കൂട്ടുന്ന രീതിയിലുള്ള പൂരകമായ നടപടികളാണ് ഇന്നത്തെ സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ. അതുകൊണ്ടാണ് ഭരണത്തിലെ പോരായ്മകൾ നിരത്തിക്കൊണ്ടുള്ള ഒരു എതിർ ഘടകം (ആന്റി ഇൻകുബൻസി ഫാക്ടർ) ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാതെ പോയത്. സംസ്ഥാന- പ്രാദേശിക സർക്കാറുകൾ ജനങ്ങൾക്കിടയിൽ ഒരു ആത്മവിശ്വാസം വളർത്തിക്കൊണ്ടുവന്നിരുന്നു. നിലവിലുള്ള നിയമം നോക്കിയല്ല, ആപത്തുകാലത്ത് ജനങ്ങൾ പഞ്ചായത്തിൽ ചെല്ലുന്നതും പഞ്ചായത്ത് അവരെ സഹായിക്കുന്നതും. അതിലുമപ്പുറം ജനങ്ങളെ കേൾക്കാൻ ഒരാളുണ്ടെന്ന ബോധ്യം അവരിൽ ഉണ്ടായിരിക്കുന്നു. മാത്രമല്ല, ജനങ്ങൾക്കൊരു പ്രശ്‌നം വരുമ്പോൾ മെയ്യിളകി പണിയെടുക്കാൻ ഇടതുപക്ഷക്കാരെപ്പോലെ മറ്റാരും ഇല്ലെന്നതും ഒരു വസ്തുതയാണ്.

കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച സമൂഹ അടുക്കളകളിലൊന്ന്‌

അവിടെയാണ് പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പുകളും കോവിഡ് കാലത്തെ സമൂഹ അടുക്കളയും ജീവിതത്തിന്റെ ഭാഗമായി മാറിയത്. അതുകൊണ്ടുതന്നെ മേലേക്കിടയിലെ രാഷ്ട്രീയ- വികസന നിലപാടുകളല്ല, മറിച്ച്, ജീവിതത്തിൽ തങ്ങൾക്കെന്തുണ്ടായി എന്ന അനുഭവമാണ് ജനങ്ങളെ ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

കണക്കുകൾ പറയുന്നത്

പട്ടികയിൽ 2015, 2020 വർഷങ്ങളിലെ ഫലങ്ങൾ ചേർത്തുവായിക്കാൻ ശ്രമിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ യു.ഡി.എഫ് എന്ന രാഷ്ട്രീയ സഖ്യം നാലു ജില്ലകളിൽ (മലപ്പുറം, എറണാകുളം, വയനാട്, കാസർകോട്) ഒതുങ്ങുന്നതായി കാണാം. അതിൽ വയനാട്, കാസർകോട് ജില്ലകളിൽ ഒപ്പത്തിനൊപ്പവും മലപ്പുറത്ത് ലീഗ് നിയന്ത്രണത്തിലുമാണ്. ആ അർഥത്തിൽ യു.ഡി.എഫ് എന്നു പറയാവുന്ന ഏക ജില്ല എറണാകുളം മാത്രമാണ്. അവിടെത്തന്നെ കൊച്ചിൻ കോർപറേഷനിൽ സമാസമമാണ്. ഇത് കാണിക്കുന്നത്, കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സ്വയം തകർച്ചയാണ്. ഇത് വരാൻ പാടില്ലായിരുന്നു; പക്ഷെ, ഇതൊരു സ്വഭാവിക പരിണതിയുമായിരുന്നു. കാരണം, കൃത്യമായൊരു ദേശീയ- സംസ്ഥാന രാഷ്ട്രീയം കോൺഗ്രസിന് ഇല്ല എന്നതുതന്നെ.

ഗ്യാസിന്റെയും പെട്രോളിയത്തിന്റെയും വില വർധന പോലും ചർച്ചയാക്കാതെ, ഒരർഥത്തിൽ അവർ ബി.ജെ.പിയെ സഹായിക്കുകയായിരുന്നു. ബി.ജെ.പിയാകട്ടെ, അഴിമതിയുടെ പേരിൽ നടത്തിയ കോലാഹലങ്ങൾക്കിടയിൽ പ്രാദേശികമായി ഉണ്ടാക്കിയ നീക്കുപോക്കുകൾ വഴി യു.ഡി.എഫ് വോട്ടുകൾ ചോർത്തിയെടുത്ത് തങ്ങളുടെ നില അൽപം മെച്ചപ്പെടുത്താൻ ശ്രമിച്ചു. യു.ഡി.എഫ് എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ വർഗീയ കക്ഷികളുമായി ചേർന്നതോടെ, പ്രവർത്തകരുടെ ചോദ്യങ്ങൾക്കുപോലും ഉത്തരം പറയാൻ കഴിയാതെ കോൺഗ്രസ് പകച്ചുനിൽക്കുന്നതാണ് കോഴിക്കോട്ടെ മലയോര പ്രദേശങ്ങളിലെങ്കിലും കണ്ടത്. എന്നാൽ, ജോസ് കെ. മാണി എൽ.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്താൻ സഹായിച്ചതായി മധ്യതിരുവിതാംകൂറിലെ ഫലങ്ങൾ കാണിക്കുന്നു. (ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗരസഭാ ഫലത്തിൽ സോഫ്റ്റ്വെയർ തകരാറുണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വാർഡുകളുടെ കൃത്യമായ കണക്ക് ഇനിയും ലഭ്യമല്ല).

‘സഹായ സമര'ങ്ങൾ കരുതിയിരിക്കണം

പ്രതിപക്ഷത്തിന്റെ പ്രതികാരം മുറ്റി നിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഇടതുവിജയം കേരളത്തിൽ കൂടുതൽ അപകടകരവും രാഷ്ട്രീയ പ്രക്ഷുബ്ദവുമായ അന്തരീക്ഷമുണ്ടാക്കുമെന്നുവേണം വിലയിരുത്താൻ. കാരണം, ഏതാനും മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ തുടർ ഭരണമുണ്ടാകുമോ എന്ന ഭയം ഇപ്പോഴത്തെ "മഹാപക്ഷ'ത്തിന്റെ പ്രവർത്തനങ്ങളെ വഴിവിട്ട രീതിയിൽ ഊർജിതപ്പെടുത്തും. സ്വഭാവികമായും അതിന് കേന്ദ്ര സർക്കാറിന്റെ പിന്തുണയുണ്ടാകും. അവർക്കിഷ്ടമല്ലാത്ത ആരെയും എന്തിനെയും നശിപ്പിക്കാൻ ശ്രമം നടക്കും. ഏതുതരം മഹാമാരിയും പരക്കാനുള്ള ‘സഹായ' സമരങ്ങളുണ്ടാകും. മാധ്യമങ്ങൾ ഇന്നത്തേതിനേക്കാൾ ഈ നീക്കത്തെ പിന്തുണക്കും, ഈ സാഹചര്യം നേരിടുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. പ്രധാന കാരണം, ഇതൊക്കെ പെട്ടെന്നുതന്നെ ഉണ്ടായേക്കാം എന്നതുതന്നെ.

ഈ അവസ്ഥ നേരിടാൻ തക്കവിധം ഉണർന്നുപ്രവർത്തിക്കാൻ ജനങ്ങളെ സജ്ജമാക്കാൻ ഇടതുപക്ഷത്തിന് കഴിയണം. അതിൽ ഇടതുപക്ഷത്തെ ദൗർബല്യങ്ങൾ ആദ്യം പരിഹരിക്കണം. ഇന്നത്തെ ഹാർഡ്‌കോർ ഇടതുപക്ഷത്തെക്കൊണ്ടുമാത്രം ഇക്കാര്യം നേരിടാൻ കഴിയില്ല. വിശാലമാം വിധം ഇടതുപക്ഷ മനസ്സുകളെ വിശ്വാസത്തിലെടുത്തും വസ്തുതകളുടെ പിൻബലത്തോടെ കാര്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളെ ഏകോപിപ്പിക്കാൻ കഴിയണം. അതിനുള്ള പുതിയ തരം ഇടപെടൽ രീതി തന്നെ ഉണ്ടാകണം.

ഫോർട്ട് കൊച്ചിയിലെ സി.പി..ഐ.എം ഓഫിസ്‌

മാർക്‌സ് തന്നെ പറഞ്ഞതുപോലെ, മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ഉള്ള ബന്ധം ഇന്നത്തേതിനേക്കാൾ സന്തോഷപ്രദവും സുഖകരവുമാകണം. ഇതിനായി എല്ലാ വിഭാഗത്തിലുംപെട്ട മതേതര, ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മ ഉണ്ടാക്കി പ്രവർത്തിപ്പിക്കണം. അതിനുള്ള മാനസികമായ തയാറെടുപ്പുകൾ ഇടതുപക്ഷ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം; ഇന്നത്തെ കേരളം അത് പ്രതീക്ഷിക്കുന്നു, അതുണ്ടാകണം.

വേണം, ചില പുനരാലോചനകൾ

ഇതിന്റെ ഭാഗമായി എൽ.ഡി.എഫ്, ചില കാര്യങ്ങളെപ്പറ്റി പുനരാലോചിക്കണം. അതിലൊന്നാണ്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങൾ. ഇതിൽ പ്രധാനം, ഇന്നത്തെ വിവാദപരമായ പല പദ്ധതികൾക്കും കേരളത്തിന്റെ വികസനത്തിൽ എന്ത് മുൻഗണനയാണുള്ളതതെന്ന് പരിശോധിക്കണം. ഉദാ: കെ- റെയിലിനെപ്പറ്റി ആശങ്ക വേണ്ട, ഒന്നര മണിക്കൂറുകൊണ്ട് എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താം എന്നൊക്കെ പറയുമ്പോൾ അതുതന്നെയാണോ ഇന്നത്തെ കേരളത്തിലെ ഗതാഗതപ്രശ്‌ന പരിഹാരത്തിൽ മുൻഗണനയാകേണ്ടതതെന്ന് പരിശോധിക്കണം. മധ്യവർഗത്തിന്റേതല്ല
കേരളം; മധ്യവർഗമാകാൻ ആഗ്രഹിക്കുന്ന ദരിദ്രപക്ഷത്തിന്റേതാണ്; അവർക്ക് വേണ്ടത് മധ്യവർഗത്തിന്റെ അനുകരണമല്ല; ശരിയായ വികസനത്തിന്റെ നേട്ടങ്ങളാണ്. അത് അവരെ രാഷ്ട്രീയമായി പഠിപ്പിക്കാൻ കഴിയണം.

ഇതേപോലെ തന്നെയാണ് ഉത്തരേന്ത്യയിൽ കർഷകർ ഐതിഹാസിക സമരം നടത്തുമ്പോൾ പോലും അതിനനുകൂലമായി ഒന്നും ചെയ്യാത്ത കേരളത്തിലെ ‘ബോഗസ്സായ' കർഷകർക്കും പാറമടക്കാർക്കും വേണ്ടി ഇ.എസ്.എൽ, ഇ.എഫ്.എൽ നിയമങ്ങൾ അവർ ആവശ്യപ്പെടുന്ന രീതിയിൽ മാറ്റിക്കൊടുക്കുകയും പൊതു(വന)ഭൂമി കൈയേറ്റങ്ങൾക്ക് അനുമതി നൽകിയതും. കാലാവസ്ഥാവ്യതിയാനം ഒരു വസ്തുതയാണ് എങ്കിൽ പ്രകൃതിക്ഷോഭങ്ങൾ ആവർത്തിക്കും, അവ ദുരന്തമാകാതിരിക്കണം. ഇതിനായി ശാസ്ത്രീയ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ തയാറാകണം.

ശാസ്ത്രീയമായ തീരുമാനങ്ങളാകട്ടെ, ഭൂരിപക്ഷ പ്രകാരം എടുക്കാൻ കഴിയുന്നതല്ല. ഇടതുപക്ഷ സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയതിൽ അതിയായി സന്തോഷിക്കുന്നു; എന്നാൽ നടപ്പാക്കാത്തവയിൽ ഭൂരിഭാഗവും പരിസ്ഥിതി ബന്ധിതമാണെന്നത് ഏറെ ദുഃഖിപ്പിക്കുന്നു. ജനങ്ങൾ പ്രാദേശികമായി കാര്യങ്ങൾ കണ്ട് ശരിയായ രീതയിൽ പ്രതികരിക്കുന്നതുപോലെ, സംസ്ഥാന അടിസ്ഥാനത്തിലും കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കും.

ഇന്നത്തെ ഇന്ത്യയിൽ ഒരു പച്ചത്തുരുത്താണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ. അതിനെ തകരാതെ സംരക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം അതിനെ നയിക്കുന്ന നേതൃത്വങ്ങൾക്കെല്ലാമുണ്ട്. അവർ ആ ഉത്തരവാദിത്തം നിറവഹിക്കുന്നു എന്ന് ബോധ്യപ്പെടുമ്പോൾ മാത്രമേ സർക്കാരിന് തുടരാനൂം പ്രവർത്തിക്കാനുമുള്ള പിന്തുണ ആർജിച്ചെടുക്കാൻ കഴിയൂ. അവശ്യജീവിതോപാധികൾ നടപ്പാക്കുന്നതിൽ വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിലെ അണികൾക്കിടയിൽ ഒരു പൊതുധാരണ ഉണ്ടാക്കാൻ കഴിയണം. ഉദാ: ഭക്ഷ്യ സുരക്ഷ, മാതൃഭാഷാ വിദ്യഭ്യാസം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിങ്ങനെ. അതിന് വിശാല ഇടതുപക്ഷ കൂട്ടായ്മയെ പ്രയോജനപ്പെടുത്താൻ കഴിയണം. ഒപ്പം, അഭ്യസ്തവിദ്യരും അസംതൃപ്തരുമായ യുവാക്കൾക്കിടയിൽ പരമാവധി തൊഴിലവസരങ്ങളുണ്ടാക്കാനുള്ള ശുഭാപ്തിവിശ്വാസം ജനിപ്പിക്കുന്ന നീക്കങ്ങൾ നടക്കണം. പുതിയ തദ്ദേശ സ്ഥാപനങ്ങൾ വഴി അതിന് തുടക്കമിടണം.

ഈ വിജയം ഏറെ മാറ്റുള്ളതാണ്, താനേ ജയിച്ചതല്ല; നേടിയെടുത്ത വിജയം തന്നെയാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ‘ഇത് ജനങ്ങളുടെ വിജയമാണ്' എന്ന് ഉറപ്പിക്കണം, ഒരിക്കലും മേനി നടിക്കുന്ന നേതാക്കളുടെ വിജയമല്ല എന്ന് കൂട്ടി വായിക്കുകയും വേണം.

ഇത് തദ്ദേശ ഭരണത്തെ ജനബന്ധം ഉപയോഗിച്ച് തദ്ദേശീയ സമിതികൾ നേടിയ വിജയമാണ്. ഇതുപോലെ, കേരളത്തിലെ ജനങ്ങളുടെ മതേതര കൂട്ടായ്മയും ജനാധിപത്യ- പാരിസ്ഥിതിക വികേന്ദ്രീകരണ സാധ്യതകളും ചേർന്നുള്ള വിജയം നിയമസഭയിലേക്ക് നേടാൻ കഴിയണമെങ്കിൽ അതിനെതിരെ ഉരുണ്ടുകൂടുന്ന കറുത്ത ശക്തികളെ നേരിടാൻ സംസ്ഥാന സർക്കാറിനോ ഇടതുപക്ഷത്തിനോ മാത്രം കഴിയില്ല. എന്നാൽ, അതിന് കേരളത്തിലെ ജനങ്ങൾക്ക് കഴിയും എന്നാണ് ഈ തെരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്.


ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യൂ

Comments