ഗാമ- ആദ്യത്തെ ഗേ മലയാളി അസോസിയേഷൻ

കേരളത്തിൽ ആദ്യമായി മലയാളി ഗേ പുരുഷന്മാർക്ക് വേണ്ടി ഒരു സംഘടന : Gay Malayali Association - GAMA/ഗാമ. ആദ്യമായി എന്ന് കേൾക്കുമ്പോൾ ചിലർ നെറ്റിചുളിച്ചേക്കാം. പുരുഷനെ പ്രണയിക്കുന്ന പുരുഷന്മാർക്ക് വേണ്ടി പണ്ടും ഓൺലൈൻ കൂട്ടായ്മകൾ പല പേരിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അവയെല്ലാം പ്രൈവറ്റ് / സീക്രട്ട് ഗ്രൂപ്പുകൾ ആയിരുന്നു. ഗേ സ്വത്വം പരസ്യമായി വെളിപ്പെടുത്തിയവർക്ക് മാത്രമേ സമൂഹത്തിൽ ദൃശ്യതയുള്ള ഒരു സംഘടന നടത്തുവാൻ കഴിയൂ . അങ്ങനെയുള്ള ആറു സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ കലക്ടീവ് ആണ് ഗാമ. എന്റെ കൂടെ, കേരളത്തിലെ പരസ്യമായി പ്രഖ്യാപിച്ച ആദ്യത്തെ സ്വവർഗദമ്പതികളായ നികേഷ് പുഷ്‌കരൻ & സോനു എം.എസ്, മുസ്‌ലിം സമുദായത്തിൽ നിന്നും ഗേ സ്വത്വം ആദ്യമായി തുറന്നു പറഞ്ഞ ആക്ടിവിസ്റ്റായ മുഹമ്മദ് ഉനൈസ്, കമ്മ്യൂണിറ്റി ആക്ടിവിസ്റ്റായി മുൻപരിചയമുള്ള ആനന്ദ് അമ്പിത്തറ, ഗേ സ്വത്വം വെളിപ്പെടുത്തിയ അഖിൽ ജി. എന്നിവരാണ് ഗാമയുടെ ബോർഡ് മെമ്പർമാർ.

LGBT (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജന്റർ) എന്നീ നാല് പ്രബല വിഭാഗങ്ങൾ അടങ്ങിയ ന്യൂനപക്ഷങ്ങളെ മൊത്തമായി Queer/ക്വിയർ എന്ന് പറയാറുണ്ട്. എങ്കിലും ഈ ഓരോ ഐഡന്റിറ്റിയും, അവർ നേരിടുന്ന പ്രശ്‌നങ്ങളും വളരെ വ്യത്യസ്തമാണ്. ക്വിയർ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നു എന്നു പറയുന്നവർക്ക് പോലും പലപ്പോഴും ജന്റർ, സെക്ഷ്വാലിറ്റി എന്നിവ തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നതാണ് സത്യം. ഇതിനായി എന്താണ് ഹെറ്ററോസെക്ഷ്വാലിറ്റി, എന്താണ് സിസ്ജന്റർ എന്നൊക്കെ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ആൺ, പെൺ എന്നിവയാണല്ലോ പ്രബലമായ ജന്ററുകൾ. ആണും പെണ്ണും തമ്മിലുള്ള ലൈംഗികതയാണ് ഹെറ്ററോസെക്ഷ്വാലിറ്റി. ഒരേ ജന്ററിൽ പെടുന്നവർ തമ്മിലുള്ള ലൈംഗികതയാണ് ഹോമോസെക്ഷ്വാലിറ്റി. ജന്മനാ കല്പിക്കപ്പെട്ട ജന്ററിൽ തന്നെ തുടരുന്നവരെ സിസ്ജന്റർ എന്ന് പറയുന്നു. ജന്മനാ കല്പിക്കപ്പെട്ട ജന്ററിൽ നിന്ന് മാറാൻ ശ്രമിക്കുന്നവരാണ് ട്രാൻസ്ജന്റർ വ്യക്തികൾ. ക്വിയർ അല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന മനുഷ്യസമൂഹം സിസ്ജന്റർ & ഹെറ്ററോസെക്ഷ്വൽ ആണ്. ഇംഗ്ലീഷിൽ ഇതിനെ ചുരുക്കി straight എന്ന് പറയാറുണ്ട്. അതായത് straight അല്ലാത്ത വരാണ് queer. (ചിലർ straight എന്ന പദപ്രയോഗം ഇഷ്ടപ്പെടുന്നില്ല എന്നത് മറ്റൊരു ഇംഗ്ലീഷ്ഭാഷാ ചർച്ചയാണ് ).

ഗേ / ലെസ്ബിയൻ എന്ന സ്വവർഗാനുരാഗികൾ സിസ്ജന്റർ & ഹോമോസെക്ഷ്വൽ ആണ്. ട്രാൻസ്ജന്റർ വ്യക്തികൾ ഭൂരിപക്ഷവും ലൈംഗികതയുടെ കാര്യത്തിൽ ഹെറ്ററോസെക്ഷ്വൽ ആണ്.

ജന്മനാ കല്പിക്കപ്പെട്ട ജന്ററിൽ നിന്ന് മാറാൻ ശ്രമിക്കുന്നവരാണ് ട്രാൻസ്ജന്റർ വ്യക്തികൾ. ചിലർ അതിന്റെ ഭാഗമായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നു. അങ്ങനെയുള്ള മാറ്റങ്ങളൊന്നും ഇല്ലാത്തവരാണ് ഗേ / ലെസ്ബിയൻ എന്ന സ്വവർഗാനുരാഗികൾ. അതിനാൽതന്നെ സ്വവർഗാനുരാഗികൾ നേരിടുന്ന പ്രശ്‌നങ്ങൾ ട്രാൻസ്ജന്റർ വ്യക്തികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ട്രാൻസ്ജന്റർ വ്യക്തികൾക്കായി കേരളത്തിൽ പല സംഘടനകളും ഗവൺമെന്റ് പ്രോഗ്രാമുകളും ഉണ്ട്.

പുരുഷൻ, സ്ത്രീ എന്നിവർ തമ്മിലുള്ള വ്യത്യാസം ഗേ, ലെസ്ബിയൻ എന്നീ ഐഡന്റിറ്റികൾ തമ്മിലുണ്ട്. സാംസ്‌കാരികമായും സമൂഹം അവരെ നോക്കിക്കാണുന്ന രീതിയിലും ഒക്കെ ഈ വ്യത്യസ്തമുണ്ട്. കൂടാതെ ലെസ്ബിയൻ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ പുരുഷന്മാർക്ക് ഇടപെടാൻ വളരെയധികം പരിമിതികളുണ്ട്. സ്ത്രീകൾക്കായി LBT സംഘടനകൾ പണ്ടുമുതലേ കേരളത്തിലുണ്ട്. ബൈസെക്ഷ്വൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പരമ്പരാഗത ആൺ-പെൺ വിവാഹവുമായി പൊരുത്തപ്പെട്ടുപോകാൻ എളുപ്പമാണ്. ഈ കാരണങ്ങളാൽ ഒക്കെയാണ് ഗേ എന്ന ഐഡന്റിറ്റിയിലും അവർ നേരിടുന്ന പ്രശ്‌നങ്ങളിലും ഫോക്കസ് ചെയ്യാൻ പ്രത്യേകമായി സംഘടന ആവശ്യമാണ് എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്. ഗേ സ്വത്വം പരസ്യമായി വെളിപ്പെടുത്താത്തവർക്കും ഗാമയുടെ ഭാഗമാകാവുന്നതാണ്. അതിനാൽ തന്നെ സംഘടനയുടെ ചില പരിപാടികൾ പ്രൈവറ്റ് ഇടങ്ങളിൽ നടത്തേണ്ടതായിട്ടുണ്ട്.

സ്വവർഗരതി കുറ്റകൃത്യമല്ലെന്ന സപ്രീം കോടതി വിധി ആഘോഷിക്കാനായി കൊൽക്കത്തിയിൽ നടത്തിയ വിക്ടറി മാർച്ച് / Photo: Wikimedia Commons

സ്വവർഗലൈംഗികത മനോരോഗം അല്ല എന്ന് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ 1973ലും ലോകാരോഗ്യ സംഘടന 1990ലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി 2018ൽ മാത്രമാണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത്. അതേ വർഷം തന്നെ സ്വവർഗരതി കുറ്റകൃത്യം അല്ല എന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാന വിധിയും ഉണ്ടായി. കമ്മ്യൂണിറ്റിയുടെ രണ്ടു പ്രധാന ആവശ്യങ്ങൾ നേടിയെടുത്തതിനാൽ ഇനി മുന്നോട്ടുള്ള ക്വിയർ ആക്ടിവിസത്തിന്റെ ഫോക്കസ് അതിനനുസരിച്ച് മാറേണ്ടതുണ്ട്. സ്ത്രീയെ വിവാഹം ചെയ്യാതെ ജീവിക്കുന്ന പുരുഷ സ്വവർഗാനുരാഗികൾക്ക് കമ്മ്യൂണിറ്റി ഫീലിംങും ഇമോഷണൽ സപ്പോർട്ടും കൊടുക്കുന്ന തരത്തിലുള്ള സോഷ്യൽ-കൾച്ചറൽ സംഘടനകളാണ് ഇനി ഗേസിന് ആവശ്യം. സ്വവർഗവിവാഹത്തിന് നിയമസാധുത നേടിയെടുക്കുക എന്നതും ന്യായമായ ഒരു ആവശ്യമാണ്.

രജിസ്‌ട്രേഷനോ പുറത്തുനിന്നുള്ള ഫണ്ടിങോ ഒന്നുമില്ലാതെ ചെറിയ രീതിയിലുള്ള തുടക്കമാണ് ഗാമ. മാതൃഭാഷയെ അവഗണിച്ചുകൊണ്ട് നടത്തുന്ന സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു തരത്തിലുള്ള ആക്ടിവിസവും ഫലപ്രദമല്ല. കേരളത്തിലും മലയാളത്തിലും ഫോകസ് ചെയ്തുകൊണ്ട് പ്രവർത്തിക്കാനാണ് ഗാമയുടെ തീരുമാനം.

Comments