രാഹുൽ–പ്രിയങ്കാ ഗാന്ധിമാർ
കേട്ടിരിക്കാനിടയില്ലാത്ത
മൂന്നു കർഷകരെക്കുറിച്ച്
രാഹുൽ–പ്രിയങ്കാ ഗാന്ധിമാർ കേട്ടിരിക്കാനിടയില്ലാത്ത മൂന്നു കർഷകരെക്കുറിച്ച്
കവാസി വാഘ, കോര്‍സ ഭീമ, ഉയ്‌കെ മുര്‍ളി. രാഹുല്‍-പ്രിയങ്കാ ഗാന്ധിമാര്‍ക്ക് ഈ മൂന്ന് പേരുകള്‍ അറിയാമോ? യു.പിയില്‍ കൊല്ലപ്പെട്ട കര്‍ഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തുകയും അവിടെ വെച്ചുതന്നെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50ലക്ഷം വീതം ദുരിതാശ്വാസം നല്‍കാനും തയ്യാറായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് ഈ പേരുകള്‍ അറിയാതെ പോകാന്‍ തരമില്ല. അദ്ദേഹത്തിന്റെ പോലീസ് സേനയാണ് ഈ മൂന്ന് പേരെയും യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്നത്.
7 Oct 2021, 05:52 PM
കവാസി വാഘ, കോര്‍സ ഭീമ, ഉയ്‌കെ മുര്‍ളി. രാഹുല്‍-പ്രിയങ്കാ ഗാന്ധിമാര്‍ക്ക് ഈ മൂന്ന് പേരുകള്‍ അറിയാമോ? ഇവര്‍ മൂന്ന് പേരും കര്‍ഷകരാണ്. കഴിഞ്ഞ മെയ് 17നാണ് ഛത്തീസ്ഢിലെ സില്‍ഗേറില്‍ വെച്ച് ഈ മൂന്ന് ആദിവാസി കര്‍ഷകരും വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ കൊല്ലപ്പെട്ട കര്‍ഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാനും കെട്ടിപ്പിടിക്കാനും വ്യഗ്രത കാണിച്ച രാഹുല്‍-പ്രിയങ്കമാര്‍ ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സില്‍ഗേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആദിവാസി കര്‍ഷകരെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാകില്ല.
പക്ഷേ, യു.പിയില്‍ കൊല്ലപ്പെട്ട കര്‍ഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തുകയും അവിടെ വെച്ചുതന്നെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50ലക്ഷം വീതം ദുരിതാശ്വാസം നല്‍കാനും തയ്യാറായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് ഈ പേരുകള്‍ അറിയാതെ പോകാന്‍ തരമില്ല. അദ്ദേഹത്തിന്റെ പോലീസ് സേനയാണ് ഈ മുന്ന് പേരെയും യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്നത്. ആ മൂന്ന് കര്‍ഷകരുടെയും കുടുംബങ്ങള്‍ ഇന്ന് അനാഥമാണ്. ഒരു രാഷ്ട്രീയ നേതാവും അവരുടെ വീടുകള്‍ തേടിച്ചെന്നില്ല. ഒരു സര്‍ക്കാരും അവര്‍ക്കുള്ള നഷ്ടപരിഹാരങ്ങളോ ദുരിതാശ്വാസങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സില്‍ഗേറില്‍ വെടിവെപ്പിനാധാരമായ സംഭവങ്ങള്‍ ആരംഭിക്കുന്നത് മെയ് മാസം രണ്ടാമത്തെ ആഴ്ചയോടെയാണ്. സില്‍ഗേര്‍ ഗ്രാമത്തില്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെ കര്‍ഷക ഭൂമിയില്‍ സിആര്‍പിഎഫ് ക്യാമ്പ് ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. നിലവിലുള്ള പെസ നിയമമനുസരിച്ച് ആദിവാസി മേഖലകളില്‍ ഏത് വിധത്തിലുള്ള ഔദ്യോഗിക ഇടപെടലുകള്‍ക്കും ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമാണെന്ന നിയമം ലംഘിച്ചുകൊണ്ടായിരുന്നു പോലീസ് സേനയുടെ ഈ കയ്യേറ്റം. ഇതിനെ ചോദ്യം ചെയ്യാനെത്തിയ ചെറിയ ജനക്കൂട്ടത്തെ പോലീസ് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു.
പിന്നീട് ഏതാണ്ട് 5000-ത്തിലധികം വരുന്ന ആദിവാസി കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ നിന്നും സിആര്‍പിഎഫ് ക്യാമ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നു. ബിജാപൂര്‍, സുക്മ ജില്ലകളില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കെതിരായി ആദിവാസികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ സാധാരണഗതിയില്‍ നടന്നുവരുന്നതാണ്. ഇത്തരം പോലീസ് ക്യാമ്പുകളില്‍ നിന്ന് ആദിവാസികള്‍ക്കെതിരായി നടക്കുന്ന ലൈംഗികാതിക്രമമടക്കമുള്ള ആക്രമണങ്ങളുടെ അനുഭവത്തില്‍ നിന്നാണ് അവയ്‌ക്കെതിരായി പ്രതികരിക്കാന്‍ പ്രദേശവാസികള്‍ തയ്യാറാകുന്നത്.
മെയ് 17ന് നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് സേന യാതൊരു പ്രകോപനവും കൂടാതെ വെടിവെപ്പ് നടത്തുകയും കവാസി വാഘയും കോര്‍സ ഭീമയും ഉയ്‌കെ മുര്‍ളിയും വെടിയേറ്റ് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഢ് പോലീസ് സേനയുടെ ഭാഗമായ ഡിസ്ട്രിക് റിസര്‍വ്വ് ഗാര്‍ഡുകളാണ് വെടിവെപ്പ് നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.
ആദിവാസികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ മാവോയിസ്റ്റ് പ്രവര്‍ത്തകരിലൊരാള്‍ പോലീസിന് നേരെ വെടിവെച്ചതോടെയാണ് പോലീസിന് വെടിവെപ്പ് നടത്തേണ്ടിവന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ സില്‍ഗേര്‍ സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തിയ ബേല ഭാട്യ, പ്രൊഫ. ഴാങ് ഡ്രീസ് എന്നിവര്‍ ഇത് തികച്ചും കെട്ടിച്ചമച്ച കഥയാണെന്ന് തങ്ങളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സി.ആര്‍.പി.എഫ്. ക്യാമ്പുകളിലേക്കുള്ള റോഡുകള്‍ ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധമായിരുന്നു ആദിവാസികളുടേത്. ബസ്തര്‍ മേഖലകളില്‍ നടക്കുന്ന ഏതൊരു പ്രതിഷേധത്തെയും മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി തല്ലിത്തകര്‍ക്കാന്‍ എളുപ്പമാണെന്നതുകൊണ്ടുതന്നെ പോലീസ് നടപടികളെക്കുറിച്ച് വ്യാപകമായ അന്വേഷണങ്ങള്‍ ഉണ്ടാകാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ആയിരക്കണക്കിന് ആദിവാസികള്‍ നാല് ദിവസങ്ങളായി (മെയ് 13-17) സമാധാനപരമായി തുടര്‍ന്നുപോന്ന പ്രതിഷേധത്തിന് നേരെ കണ്ണീര്‍വാതകം, ജലപീരങ്കി തുടങ്ങിയവയൊന്നും പ്രയോഗിക്കാതെ നേരിട്ട് വെടിവെപ്പ് നടത്തുകയായിരുന്നു ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സില്‍ഗേര്‍ വെടിവെപ്പില്‍ ഖേദം പ്രകടിപ്പിക്കാനോ കൊല്ലപ്പെട്ട ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ നാളിതുവരെയും ഛത്തീസ്ഗഢ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇക്കഴിഞ്ഞ സെപ്തംബര്‍ 27ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് സുക്മ ജില്ലയിലെ ആയിരക്കണക്കിന് ആദിവാസി കര്‍ഷകര്‍ സില്‍ഗറിലേക്ക് കാല്‍നടയായി മാര്‍ച്ചു ചെയ്യുകയുണ്ടായി. ആദിവാസി കര്‍ഷകരുടെ ഭൂമി പ്രശ്‌നം അടക്കം ഉന്നയിച്ചുകൊണ്ട് കര്‍ഷക സമരം പുതിയ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുകയാണ്. കൂടുതല്‍ അടിത്തട്ടിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സമരത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാതെ, രാഷ്ട്രീയ ലാഭചേതക്കണക്കുകള്‍ നോക്കി മാത്രം പ്രതികരിക്കുകയും രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറ്റുകയും ചെയ്യുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തെ സഹായിക്കാനല്ലാതെ മറ്റൊന്നിനും ഉതകുകയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം എന്നാണ് തിരിച്ചറിയുക?
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
ഇ.കെ. ദിനേശന്‍
Mar 25, 2023
3 Minutes Read
പി.ബി. ജിജീഷ്
Mar 25, 2023
4 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read