ഒരു പൊതുപ്രവര്‍ത്തക എന്ന നിര്‍വചനത്തിനപ്പുറത്ത്, കുടുംബിനിയെന്ന നിര്‍വചനത്തിനപ്പുറത്ത്, അമ്മയുടെയും മുത്തശ്ശിയുടെയും റോളിനപ്പുറത്ത്, ഭാര്യയുടെ റോളിനപ്പുറത്ത് ഒക്കെ; അതായിരിക്കെത്തന്നെ അതിനെ മുറിച്ചു കടക്കുന്ന ഒരുവളായി നമ്മള്‍ കെ.ആര്‍. ഗൗരിയമ്മയെ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും പറയട്ടെ, നെട്ടൂരാന്‍ വിളിച്ചതിലേക്കാളും എത്രയോ ഏറെ മുദ്രാവാക്യങ്ങള്‍ സേതുലക്ഷ്മി വിളിച്ചിട്ടുണ്ട്. അത് നിങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാഞ്ഞിട്ടാണ്. ഞങ്ങള്‍ സ്ത്രീകളത് കേട്ടിട്ടുണ്ട്.
12 May 2021, 04:50 PM
ഭാഷക്ക് ചില ചതിക്കുഴികളുണ്ട്.
വിപ്ലവകാരിക്ക്, രക്തസാക്ഷിക്ക്, നേതാവിന് ഒന്നും സ്ത്രീലിംഗ ശബ്ദങ്ങളില്ല.
അത് കാലമോ സ്ഥലമോ അത്തരത്തില്‍ ഉദ്ദേശിക്കുന്നില്ല എന്നതുകൊണ്ടാണ്. വിപ്ലവകാരി ഒരു പുരുഷനായിരിക്കുന്നു, രക്തസാക്ഷി ഒരു പുരുഷനായിരിക്കുന്നു, നേതാവും ഒരു പുരുഷനാണ്. ഈ നേതാവാണ് വിപ്ലവകാരിയും രക്തസാക്ഷിയുമായി മാറേണ്ടത് എന്നതാണ് നമ്മുടെ പൊതുവായ സങ്കല്പം. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട കെ.ആര്‍. ഗൗരിയമ്മയെ വിശേഷിപ്പിക്കാനുള്ള വാക്കുകളൊന്നും പര്യാപ്തമല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സഖാവ് എന്നതില്‍ പോലും ഒരു പുരുഷഛായയുള്ളതുകൊണ്ട് സഖിയേ എന്നോ മറ്റോ സംബോധന ചെയ്യുന്ന തരത്തിലുള്ള ശീലത്തിലേക്ക് മലയാളി മാറേണ്ടതുണ്ട്.
പുരുഷനായ ഒരു വിപ്ലവകാരിക്കും നേതാവിനും സഖാവിനും സങ്കല്പിക്കാന്‍ കഴിയാത്ത വഴികളിലൂടെ നടന്നുതീര്‍ത്ത ഒരാളെ, ഒരു മഹായാത്ര കഴിഞ്ഞ് മടങ്ങിപ്പോയ ഒരാളെ, വിശേഷിപ്പിക്കണമെങ്കില്‍ ഉപയോഗിച്ച് പരിചയിച്ചിട്ടില്ലാത്ത ചില വാക്കുകള്‍ നമുക്ക് ഉപയോഗിക്കേണ്ടിവരും.
എത്ര വാഴ്ത്തിയാലും പാടിയാലും തീരാത്തത്ര ബാക്കി വെച്ചുകൊണ്ടാണവര്‍ തന്റെ യാത്ര അവസാനിപ്പിച്ചത്. ബോധമുറച്ച് പ്രവര്‍ത്തന നിരതമായ കാലഘട്ടം മുതല്‍ 102 വര്‍ഷവും ഒരു നാടിന്റെ ജനതയുടെ ചിന്തകളില്‍ സജീവമായിരിക്കാന്‍ കഴിയുക എന്നത് നിസാരമല്ല.
1948 ല്‍ തിരുവിതാംകൂറില്‍ അവര്‍ മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. 52 മുതല്‍ നിയമസഭാംഗമാണ്. തിരു- കൊച്ചി നിയമസഭാംഗമാണ്. ഐക്യകേരളം രൂപപ്പെട്ടശേഷം വോട്ടെടുപ്പിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരേയൊരു വനിതാ മന്ത്രിയാണ്. ഒരുപാട് വകുപ്പുകള്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരുപാട് നിയമങ്ങള്‍, നിയമഭേദഗതികള്‍ കരട് തയ്യാറാക്കി അവതരിപ്പിച്ച് പാസാക്കിയെടുത്തിട്ടുണ്ട്. വ്യാവസായിക സ്ഥാപനങ്ങള്‍- മില്‍മ പോലെയുള്ളവ- അവര്‍ സ്ഥാപിച്ചിട്ടുണ്ട്.
ശരാശരി രാഷ്ട്രീയ പ്രവര്‍ത്തകയാണോ അവര്‍?
ശരാശരി സ്ത്രീയാണോ അവര്‍?.
ദൈനംദിന ജീവിതത്തിലാവട്ടെ, രാഷ്ട്രീയ ജീവിതത്തിലാവട്ടെ, അവരറിയാതെ അവരുടെ പ്രവൃത്തികളും മറ്റെല്ലാ സംഗതികളും ശരാശരിയെ റദ്ദാക്കി കടന്നുപോകുന്നതായി നമുക്ക് കാണാന്‍ പറ്റും. വയലാര്‍ സമരറാണിയെന്ന് തന്നെ വിളിക്കരുത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. വയലാര്‍ സമരം എന്താണെന്ന് അവര്‍ക്ക് അറിയാം. അതിലെ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് ഞാനുമായി നടത്തിയ ദീര്‍ഘ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്; ‘‘പുന്നപ്ര വയലാര്‍ സമരത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളല്ല ഞാന്‍. അതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ നടന്ന പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിക്കുന്ന യോഗത്തിലാണ് ഞാനാദ്യമായി പങ്കെടുക്കുന്നത്. അതാണ് പുന്നപ്ര വയലാര്‍ സമരത്തില്‍ എന്റെ പങ്കാളിത്തം.''
പിന്നീട് 1948ലെ കല്‍ക്കത്താ തീസിസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം ഇതെല്ലാം കടന്നുവരികയാണ്. ആ സമയത്ത്, ഇത്രമാത്രം മാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് കേരളത്തിന്റെ മനസിലേക്ക് കടന്നുവന്ന ഒരു പൊതുനേതാവാണ്, പൊതുപ്രവര്‍ത്തകയാണ് കെ.ആര്‍. ഗൗരിയമ്മ.
‘ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ആയിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിച്ചേനെ’ എന്ന അവരുടെ പ്രസ്താവന, അവര്‍ അനുഭവിച്ച മര്‍ദ്ദനങ്ങളുടെ തീക്ഷ്ണതയും സ്വഭാവവും വ്യക്തമാക്കുന്നു. ആ കാലഘട്ടത്തില്‍ പോലും അതിനെ മറച്ചുവെച്ച് ‘മാന്യ'യാകാന്‍ കൂട്ടാക്കാതിരുന്നു അവര്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എവിടെയാണ് ലാത്തി കയറ്റിയത്, എങ്ങനെയാണ് പൊലീസ് മര്‍ദ്ദിച്ചത് എന്നെല്ലാം അവര്‍ പറയുന്നുണ്ട്. ലക്ഷ്മിക്കുട്ടിയമ്മ, ജാനകിയമ്മ തുടങ്ങിയ പെണ്‍പൊലീസുകാരെക്കുറിച്ചുള്ള അവരുടെ റഫറന്‍സ് നമ്മള്‍ കാണുന്നുണ്ട്. ഈ പൊലീസുകാരികളൊക്കെ പുരുഷന്മാര്‍ക്കൊപ്പം എങ്ങനെയാണവരെ മര്‍ദ്ദിച്ചൊതുക്കിയത് എന്നത് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. അതോടൊപ്പം, തന്റെ കൂടെ തടവില്‍ കഴിഞ്ഞിരുന്ന കൂത്താട്ടുകുളം മേരി, വി.സി. മേരി, സുഭ്രദാമ്മ തങ്കച്ചി, രാധം തങ്കച്ചി തുടങ്ങിയ സ്ത്രീകളെക്കുറിച്ച് അവര്‍ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഞാനുമായുള്ള അഭിമുഖത്തില്‍ അവര്‍ പറയുന്നു: ‘‘എനിക്ക് ഒരു ദിവസം മാത്രമേ മര്‍ദ്ദനമേറ്റിട്ടുള്ളൂ. ആണുങ്ങളെ കിടത്തിയ സെല്ലില്‍നിന്ന് നിലവിളി കേട്ടപ്പോള്‍ ആണ്‍സഖാക്കളെയൊക്കെ ശരിപ്പെടുത്തുകയാണോയെന്ന ഭയപ്പാടോടെയാണ് ഞാന്‍ ഓടിച്ചെന്നത്. എന്നെ പിടിച്ചുതടഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയെ തട്ടി അവരുടെ കയ്യില്‍ ഞാന്‍ കടിച്ചു. അങ്ങനെ പിടിയും വലിയുമായി. ആണ്‍പൊലീസും വന്നു. അങ്ങനെ തുടങ്ങിയ മര്‍ദ്ദനമായിരുന്നു. പൊലീസുകാര്‍ ബൂട്ട്സിട്ട് വയറ്റത്തു കയറിനിന്ന് ചവിട്ടി. അവരടിച്ചപ്പോള്‍ ഞാനും അടിച്ചു. അവരെ കടിച്ചു. ബോധം പോകുന്നതുവരെ അവരെന്നെ മര്‍ദ്ദിച്ചു. ബോധം തെളിഞ്ഞപ്പോള്‍ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ ആരോടും ചോദിക്കാതെ ജയിലില്‍ നിരാഹാരം കിടന്നു. ചത്തെന്നാ പുറത്ത് വാര്‍ത്ത പരന്നത്. 17 ദിവസമാ നിരാഹാരം കിടന്നത്. എനിക്ക് ഭയങ്കര വാശി. അത്രയ്ക്ക് അപമാനിച്ചില്ലേ. എന്റെ ബ്ലഡ് ക്ലോട്ട് ചെയ്തു. രക്തം കയറ്റാന്‍ നോക്കിയിട്ട് കയറുന്നില്ല. എന്റെ അവസ്ഥ മനസിലാക്കാന്‍ അന്നത്തെ മന്ത്രി ആനിമസ്‌ക്രീന്‍ ജയില്‍ സന്ദര്‍ശിച്ചു. ‘അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഞാന്‍ സസ്പെൻറ് ചെയ്യുമെന്ന്' ഡോക്ടറോട് പറഞ്ഞു. അന്ന് വൈകീട്ട് ജയില്‍ സൂപ്രണ്ട് വന്ന് എന്റെ ആവശ്യങ്ങളൊക്കെ അംഗീകരിക്കുന്നുവെന്ന് എഴുതി ഒപ്പിട്ടുതന്നു.''
സംഭവബഹുലമായ ജീവിതത്തോട് എങ്ങനെയാണ് പ്രതികരിച്ചത്, ആ ജീവിതത്തിലെ അനീതികളോട് എങ്ങനെയാണ് കലഹിച്ചത് എന്നതിന്റെ രത്നച്ചുരുക്കമാണ് ഈ വാക്കുകളില്‍ തെളിയുന്നത്. കാരണം, അക്കാലത്തുപോലും തന്നെ തടയുന്ന പൊലീസുകാരോട് പ്രതിരോധിച്ച് നില്‍ക്കാന്‍ ശേഷിയുള്ള ഒറ്റയ്ക്കൊരുത്തിയായിരുന്നു അവര്‍. ഇങ്ങനെയാണ് ഒരു ചരിത്രം ഒരാളുടെ മാത്രം ചരിത്രമല്ലാതാവുന്നത്. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിലൂടെ വരികയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുകയും ചെയ്ത സ്ത്രീയാണ് ഗൗരിയമ്മ. പക്ഷേ, ആ വരവിന്റെ ഓര്‍മകള്‍ രേഖപ്പെടുത്തുമ്പോള്‍ അവിടെയും തന്നെ സ്വാധീനിച്ച രണ്ട് പാര്‍വ്വതിയമ്മമാരെക്കുറിച്ച് അവര്‍ സൂചിപ്പിക്കുന്നു. ഒന്ന്, പ്രസിദ്ധ കവയിത്രി മുതുകുളം പാര്‍വ്വതിയമ്മ. ബ്ലൗസും മുണ്ടും നേരിയതുമായിട്ടാണ് അവരെ കണ്ട ഓര്‍മ രേഖപ്പെടുത്തുന്നത്. അവരുടെ കവിതകള്‍ ഇവര്‍ വായിച്ചിട്ടുണ്ട്. രണ്ട്, തണ്ണീര്‍മുക്കം പാര്‍വ്വതിയമ്മ. അവര്‍ ബ്ലൗസിട്ടിരുന്നില്ല. നേരിയതുകൊണ്ട് മുണ്ടിനുമീതെ പുതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇരുവരും നന്നായി പ്രസംഗിച്ചിരുന്നു. എസ്.എന്‍.ഡി.പി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങി പ്രസംഗിച്ചിട്ടുള്ളവരാണ് ഈ സ്ത്രീകള്‍ എന്നതാണ് ഇവരുടെ ചരിത്രപരമായ പ്രാധാന്യം. ഇവരുടെ കവിതയും പ്രസംഗവും എങ്ങനെയാണ് തന്റെ ജീവിതത്തിലേക്ക് കയറിവന്നത് എന്നത് അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അവര് പറയുന്നു; ‘‘അച്ഛന്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായിരുന്നു. ആളെ വിളിച്ചുകൊണ്ടുവന്ന് എല്ലാ വൈകുന്നേരവും ആശാന്റെ ‘ദുരവസ്ഥ'യും ‘നളിനി'യും ‘ലീല'യുമൊക്കെ വായിപ്പിക്കുന്ന പതിവ് എന്റെ വീട്ടിലുണ്ടായിരുന്നു.''
‘ദുരവസ്ഥ' അത്ര ഗംഭീരമായ കൃതിയായി എന്നോട് അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആശാന്റെ കാവ്യങ്ങള്‍ വരുന്നതുവരെ, യഥാര്‍ത്ഥ ജീവിതത്തില്‍ നളിനിയും ലീലയുമൊന്നുമില്ലല്ലോ എന്നാണവര്‍ പറയുന്നത്. ‘നളിനി'യും ‘ലീല'യുമൊകക്കെ വന്നശേഷം ഈഴവ പെണ്‍കിടാങ്ങള്‍ പ്രണയിച്ചു വിവാഹം കഴിച്ചു തുടങ്ങി എന്നുകൂടി അവര്‍ പറയുന്നുണ്ട്. അവരുടെ അച്ഛന്‍, അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ചിരുന്നില്ല. വക്കീലായി പ്രാക്ടീസ് ചെയ്ത് ജഡ്ജിയാവണമെന്നൊക്കെയായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛന്‍ മരിക്കുന്നതുവരെ അവര്‍ പ്രത്യക്ഷമായി രാഷ്ട്രീയത്തിലേക്ക് പോയിട്ടുമില്ല. രഹസ്യമായ ചില രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് അതുവരെ ചെയ്തുകൊണ്ടിരുന്നത്. അച്ഛന്‍ മരിച്ചശേഷമാണ് അവര്‍ പ്രത്യക്ഷ രാഷ്ട്രീയത്തിലെത്തുന്നത്. തന്നെ സ്വാധീനിച്ച അതിശക്തമായ പിതൃബിംബത്തിന്റെ സൂചന തന്റെ തുറന്നുപറച്ചിലുടനീളം അവര്‍ തരുന്നുണ്ട്.
അച്ഛന്‍ എങ്ങനെയാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തകനായത്, തന്റെ രാഷ്ട്രീയ ജീവിതം നിയന്ത്രിക്കാന്‍ എങ്ങനെയാണ് ശ്രമിച്ചത്, മരണാനന്തരം എങ്ങനെയാണ് താന്‍ അദ്ദേഹം നിഷേധിച്ച വഴികളിലേക്കുതന്നെ കയറി വന്നത് എന്നതിനെക്കുറിച്ച് അവര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സഹോദരന്‍ കെ.ആര്‍. സുകുമാരന് ഒരുപാട് മര്‍ദ്ദനമേല്‍ക്കുകയും ഒളിവിലാകുകയുമൊക്കെ ചെയ്തു. അതിനെ തുടര്‍ന്ന് അച്ഛന്‍ അയാളെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട്, എസ്.എന്‍.ഡി.പിയില്‍ മെമ്പര്‍ഷിപ്പ് ചോദിക്കുമ്പോള്‍, സ്വന്തമായി സമ്പാദിച്ചശേഷം ആ കാശുകൊണ്ട് മെമ്പര്‍ഷിപ്പ് എടുത്താല്‍ മതി എന്ന് അച്ഛന്‍ മകളോട് പറയുന്നുണ്ട്. സഹോദരനെ വീട്ടില്‍നിന്ന് പുറത്താക്കിയശേഷം വീട്ടില്‍ ലഹളയായിരുന്നു എന്ന് അവര്‍ പറയുന്നുണ്ട്. അമ്മയുമായി അച്ഛന്‍ എന്നും വഴക്കായിരുന്നു. ‘നിന്റെ മക്കള്‍, നിന്റെ മക്കള്‍' എന്നു പറഞ്ഞായിരുന്നു വഴക്ക്. ‘എനിക്കു മാത്രമായി എങ്ങനെയാണ് മക്കള്‍' എന്ന് അമ്മ അച്ഛനോട് ചോദിക്കുന്നുണ്ട്.
കൃത്യമായിട്ടും ഫെമിനിസ്റ്റ് ആയിരുന്നില്ല ഒരു ഘട്ടത്തില്‍ അവര്‍. പക്ഷെ, എങ്ങനെയാണ് ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും മുഴുവന്‍ കുറ്റപ്പെടുത്തലും അമ്മയിലേക്ക് മാറ്റിനിര്‍ത്തുന്നത് എന്ന് സ്വന്തം ജീവിതം കൊണ്ട് അവര്‍ നിരീക്ഷിക്കുന്നു. മകന്‍ തനിക്കിഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്തപ്പോള്‍, ‘നിന്റെ മക്കള്‍' എന്ന വാക്ക് ഉപയോഗിച്ച്, തന്റെ അനിഷ്ടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എങ്ങനെയാണ് ഒരു സ്ത്രീയിലേക്ക് ഒരാള്‍ കൊടുക്കുന്നത് എന്നത് ആ കാലത്തുതന്നെ അവര്‍ നിരീക്ഷിച്ചതായി നമുക്ക് കാണാന്‍ പറ്റും.

അവര്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം, തന്റെ അച്ഛന്റെ അമ്മ, അച്ഛന്‍ പുതുതായി പണിത വീട്ടിലേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ചു. അമ്മൂമ്മ ഒരു സ്ത്രീയെ കണ്ടെത്തി അപ്പൂപ്പനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് അപ്പൂപ്പന്റെ വീട്ടില്‍ താമസിപ്പിച്ചശേഷമാണ് അമ്മൂമ്മ വേറെ താമസിക്കാന്‍ വരുന്നത്. തന്റെ അച്ഛന്റെ അമ്മ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാന്‍, ഒരു സ്ത്രീയെ തന്റെ ഭര്‍ത്താവിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കേണ്ട സാഹചര്യം എങ്ങനെയാണ് ഉണ്ടാവുന്നത്, അതിനെ അവര്‍ എങ്ങനെയാണ് നോട്ടീസ് ചെയ്തത് എന്നതൊക്കെ പ്രധാനമാണ്. സഹോദരന്‍ കെ.ആര്‍. സുകുമാരനും അച്ഛന്‍ കളത്തില്‍ രാമനും ഒക്കെ അതിശക്തമായ പിതൃബിംബങ്ങളായി നില്‍ക്കെത്തന്നെ അവരുടെ വൈകാരിക സംസ്‌കാരത്തെ സ്വാധീനിക്കുന്നത് അവരുടെ അമ്മൂമ്മയും അവരുടെ അമ്മയും വീട്ടില്‍ കവിത ചൊല്ലാനും പ്രസംഗിക്കാനും വരുന്ന മുതുകളും പാര്‍വ്വതിയമ്മയും തണ്ണീര്‍മുക്കം പാര്‍വ്വതിയമ്മയും ഒക്കെയായിരുന്നുവെന്നത് നമ്മള്‍ കാണാതിരുന്നുകൂടാ. അമ്മയ്ക്ക് പൊതുപ്രവര്‍ത്തനമുണ്ടായിരുന്നോ എന്ന എന്റെ ചോദ്യത്തിന് അവര്‍ പറഞ്ഞത്; അമ്മയ്ക്ക് സ്വന്തമായിട്ടുള്ള പ്രവര്‍ത്തനമുണ്ടായിരുന്നില്ല, അച്ഛന്റെ പ്രവര്‍ത്തനത്തില്‍ സഹായിക്കും എന്നായിരുന്നു. ഗൗരിയമ്മയുടെ വ്യക്തി- സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് വളരെയധികം പ്രസക്തമാണ് ഇക്കാര്യങ്ങളെല്ലാം.
അവരുടെ രാഷ്ട്രീയ ജീവിതവും കുടുംബ ജീവിതവും രണ്ട് ധാരയായിട്ടാണോ പോയത് എന്നത് മറ്റൊരു കാര്യമാണ്. സിനിമകളില്‍ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്. ഭര്‍ത്താവിനോട് നീതികേടു ചെയ്യുന്ന ഒരു സ്ത്രീയായി മാറുവാന്‍ അവരെ പ്രേരിപ്പിച്ചതിന്റെ സൂചനകള്‍ ഇത്തരം സിനിമകളിലുള്ളതായി കാണാം. ‘ലാല്‍ സലാം', ‘ചീഫ് മിനിസ്റ്റര്‍ ഗൗതമി', ‘സ്റ്റാലിന്‍ ശിവദാസ്' തുടങ്ങിയ സിനിമകളിലും ‘പുന്നപ്ര വയലാര്‍' പോലുള്ള ആദ്യകാല സിനിമകളിലും ഗൗരിയമ്മയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഒളിവിലിരുന്ന പുരുഷന്മാരും അതിനോട് തുല്യമായ രീതിയില്‍ അവരോടൊപ്പം ചേര്‍ന്ന് നടന്ന് മുദ്രാവാക്യം വിളിച്ച സ്ത്രീകളുമുണ്ട്, അതില്‍ സ്ത്രീകള്‍ എങ്ങനെയാണ് സൈഡ് ലൈന്‍ ചെയ്യപ്പെടുന്നത് എന്ന കാര്യം ആലോചിക്കണം. പ്രസിദ്ധമായ ഡയലോഗുണ്ട്; ‘നെട്ടൂരാന്‍ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും സേതുലക്ഷ്മി വിളിച്ചിട്ടില്ല'.
വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്? നെട്ടൂരാനാണോ സേതുലക്ഷ്മിയാണോ- ആരാണ് അധികം മുദ്രാവാക്യം വിളിച്ചിട്ടുള്ളത്? 1948ല്‍ ഗൗരിയമ്മ പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭയിലായിരുന്ന സമയത്ത് നാട്ടില്‍ മുഴുവന്‍ കോളറ ബാധിച്ചു. അന്ന് അവര്‍ നടത്തിയ ഒരു വലിയ സ്റ്റേറ്റ്മെന്റുണ്ട്; ‘നിങ്ങള്‍ക്ക് അറിയുമോ, മിഡ് വൈഫുമാര്‍ എങ്ങനെയാണ് മന്തുള്ള രോഗികളെ ചികിത്സിക്കാന്‍ പോകുന്നത്, കോളറ ബാധിച്ചവരെ ചികിത്സിക്കാന്‍ പോകുന്നത്?'
കാരണം ആ കാലത്തും പ്രസവം നടക്കും, ഈ കൊറോണ കാലത്തെന്നപോലെ. അത്തരം ആള്‍ക്കാരെ ചികിത്സിക്കാന്‍, പ്രസവമെടുക്കാന്‍, കുട്ടികളെ ശ്രുശ്രൂഷിക്കാന്‍, ഗര്‍ഭിണികളെ പരിചരിക്കാന്‍ അന്ന് മിഡ് വൈഫുമാര്‍ പോയിരുന്നതിനെക്കുറിച്ച് ഒരു സ്ത്രീയ്ക്കുമാത്രം ചിന്തിക്കാനും പറയാനും കഴിയുന്ന രീതിയില്‍ അവര്‍ സംസാരിക്കുകയും വിഷയം പനമ്പിള്ളിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ‘‘വലിയ മൈക്ക് കെട്ടി, വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ആളുകളോട് പറയണം. അവരുടെ വീട്ടില്‍ അരിയെത്തിക്കണം.’’
കേരളത്തിലെ ഔദ്യോഗികമായ ആദ്യ ലോക്ക്ഡൗണ്‍ ആണ്. പനമ്പിള്ളി ഗോവിന്ദമേനോന്‍ ആ നിര്‍ദേശം സ്വീകരിക്കുകയാണ്. അതിനുള്ള ജനാധിപത്യ മര്യാദയും സഹിഷ്ണുതയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിപക്ഷത്തുനിന്ന് ഒരാള്‍ പറഞ്ഞാലും അത് നാടിനു ഗുണകരമാണെങ്കില്‍ അതിനെ സ്വീകരിക്കാനള്ള സഹിഷ്ണുതയുള്ളതുകൊണ്ട് അദ്ദേഹം അത് സ്വീകരിച്ചു. ഈ ശബ്ദം അത്രയും ശക്തമായതുകൊണ്ടാണ് അത് സ്വീകാര്യമായത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്.
ഔദ്യോഗികമായി ഒരു ആനുകൂല്യവും ലഭിക്കാത്ത മിഡ് വൈഫുമാരുടെ വലിയ നിര അന്ന് നാട്ടിലുണ്ട്. അന്ന് വീട്ടില്‍ വന്ന് പ്രസവം എടുക്കുന്ന സമയമാണ്. അത്തരം ആള്‍ക്കാരെക്കൂടി ഔദ്യോഗിക സംവിധാനത്തിന്റെ, ഭരണ സംവിധാനത്തിന്റെ ഉള്ളിലേക്ക് കൊണ്ടുവരികയെന്നതുകൂടിയാണ് ആ മഹാമാരിയുടെ കാലത്ത് ഗൗരിയമ്മ ചെയ്തത്. ആ സ്ത്രീ വിഭാഗത്തിന്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ വേണ്ടിയുള്ള ഓര്‍മിപ്പിക്കല്‍ കൂടിയായിരുന്നു അന്ന് ഗൗരിയമ്മ നടത്തിയത്. മറ്റൊന്ന്, 57ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുമായി ബന്ധപ്പെട്ട കാര്‍ഷിക ഭൂമി സംബന്ധിക്കുന്ന ബില്‍. ഒരു പക്ഷെ ഇന്ന് നമ്മള്‍ കാണുന്ന കേരളം അതിന്റെ എല്ലാ പരിമിതികളോടെയും, ഒരു പക്ഷെ ബംഗാളില്‍ നിന്ന് വ്യത്യസ്തമായി രൂപപ്പെടാനിടയാക്കിയ ബില്ലുകളെല്ലാം ഗൗരിയമ്മയുടെ കൈകൊണ്ട് എഴുതിയുണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ബംഗാളില്‍ ഇപ്പോള്‍ പോലും ഭൂപ്രഭുക്കളും കുടിയായ്മ ബന്ധവും ഒക്കെ നിലനില്‍ക്കുന്ന ചില പ്രദേശങ്ങളെങ്കിലുമുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങനെയുള്ള പ്രദേശങ്ങളില്ല. അതിന്റെ ആനുകൂല്യം ആര്‍ക്കൊക്കെ ലഭിച്ചുവെന്നത് ചര്‍ച്ചാ വിഷയവും തര്‍ക്ക വിഷയവുമായിരിക്കുമ്പോള്‍ തന്നെ ഇന്നു കാണുന്ന രീതിയിലുള്ള ആനുകൂല്യം, ഇന്നുകാണുന്ന രീതിയിലുള്ള പുരോഗമനം അതിന്റെ എല്ലാ പരിമിതികളോടെയും എന്നുതന്നെ ഞാന്‍ പറയുന്നു- അത്തരം പുരോഗമനത്തിലേക്ക് നയിക്കാന്‍ പ്രേരകമായ ബില്ലുകളെല്ലാം ഗൗരിയമ്മയുടെ കൈകൊണ്ട് എഴുതിയുണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഗൗരിയമ്മയുടെ കഴിവൊന്നുമല്ല, അത് ഞാന്‍ പറഞ്ഞുകൊടുത്ത് എഴുതിയാണ് എന്ന് പിന്നീട് വി.ആര്‍. കൃഷ്ണയ്യരെപ്പോലുള്ളയാളുകള്‍ അവകാശവാദമുന്നയിച്ചത് നമ്മള്‍ കേട്ടിട്ടുണ്ട്.

പുരോഗമന കാരികളെന്ന് നമ്മള്‍ ഇന്ന് അഡ്രസ് ചെയ്യുന്ന കൃഷ്ണയ്യരെയും തേറ്റമല കൃഷ്ണന്‍കുട്ടിയെയും പോലുള്ളവര്‍ പോലും സഹപ്രവര്‍ത്തകകളായിരിക്കുന്ന സ്ത്രീകളെ എങ്ങനെയാണ് വരവുവെച്ചത് എന്നത് നിര്‍ണായകമാണ് (തന്നോടൊപ്പം ഒളിവില്‍ വിപ്ലവ പ്രവര്‍ത്തനം നടത്തിയ അജിത എന്ന സ്ത്രീയെക്കുറിച്ചാണ്, അവര്‍ക്ക് വേറെയാരോടോ ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചാണ് ആത്മകഥയില്‍ കൃഷ്ണന്‍കുട്ടി രേഖപ്പെടുത്തിയത്). ചരിത്രത്തില്‍ അത്തരത്തിലുള്ള ചില സംഗതികളെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ നിലയ്ക്കും സാമൂഹികമായ സമത്വത്തെക്കുറിച്ച് മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ എത്രമാത്രം പുരുഷാധിപത്യപരമായിരുന്നു സഹപ്രവര്‍ത്തകകളോടുള്ള നിലപാടെന്നും അവരെക്കുറിച്ചുള്ള അഭിപ്രായമെന്നും നമ്മള്‍ നിരീക്ഷിച്ചാല്‍ മാത്രമേ തിരുത്തുകള്‍ നടക്കൂ. അതാരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനോ അവരെ വിലകുറച്ചു കാണാനോ വേണ്ടിയല്ല. മറിച്ച്, ഇപ്പോഴും തുടരുന്ന, യാതൊരു ബാലന്‍സുമില്ലാത്ത ഒരു പാറ്റേണുണ്ടല്ലോ, വിലയിരുത്തലിന്റെ പാറ്റേണ്‍, ആ പാറ്റേണിന് ഏറ്റവും വിധേയപ്പെടുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നേരിടുകയും ചെയ്യേണ്ടിവരുന്ന ഒരാള്‍ എന്നുകൂടി വേണം നമ്മള്‍ ഗൗരിയമ്മയെ അടയാളപ്പെടുത്താന്‍ എന്നതുകൊണ്ടാണ് ഞാനിത് എടുത്തുപറയുന്നത്. അയിത്തവും മറ്റ് സംഗതികളുമൊക്കെ ഒരു പരിധിവരെ മാറിയെങ്കിലും, അടിയാളരും ജന്മിയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പരിധിവരെ മാറ്റമുണ്ടായെങ്കിലും, ഈയൊരു ബന്ധത്തില്‍ യാതൊരു മാറ്റവും വരാതെ തന്നെയാണ് ഇത്രകാലം അതിനെ സേഫ് സോണില്‍ കൂടി കടത്തിവിട്ടത് എന്നതുകൂടി ഗൗരിയമ്മയെക്കുറിച്ചുള്ള വായനയില്‍ പ്രസക്തമാണ്.
ടി.വി. തോമസും ഗൗരിയമ്മയും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍, ആശാന്റെ പ്രണയിനിമാരെക്കാള്‍ ദുരന്തപൂര്‍ണമായൊരു പ്രണയജീവിതത്തിന്റെ അവകാശിയാണ് ഗൗരിയമ്മ എന്ന് വേണമെങ്കില്‍ അടയാളപ്പെടുത്താമെന്ന് ഞാന്‍ വിചാരിക്കുന്നു. അതിന് എനിക്ക് വ്യക്തിപരമായ ഒരു അനുഭവം കൂടിയുണ്ട്. ഞാന്‍ അവരുമായി ആഴ്ചകള്‍ നീണ്ട സംഭാഷണം നടത്തിയിട്ടുണ്ട്. അഭിമുഖത്തിന്റെ ഒരു ഘട്ടത്തില്‍ അവരെന്നെ വിളിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ചുമരില്‍ നിറയെ അവരുടെ വിവാഹഫോട്ടോയുള്‍പ്പെടെ ടി.വിയുമായി ഒന്നിച്ചുള്ളതും ടി.വിയുടെ ഒറ്റയ്ക്കുമുള്ള നിരവധി ഫോട്ടോകള്‍ തൂക്കിയിട്ടുണ്ട്. ആ ഫോട്ടോകളിലേക്ക് നോക്കി അവര്‍ എന്നോട് ചോദിച്ചത്, ഇത്ര സുന്ദരനായൊരു പുരുഷനെ കണ്ടിട്ടുണ്ടോ എന്നാണ്. ഇത് ആശാന്റെ പ്രണയസങ്കല്പമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്.
‘സമജാതികളാം സുമങ്ങളിലൊ-
ന്നിനോടുമാത്രം തോന്നിയിട്ടുള്ള
ഈ വിശേഷ സുഭഗത്വം' തന്നെയാണ് ഗൗരിയമ്മയില്‍ പ്രണയമായി വികസിച്ചിരുന്നത്. അവരില്‍ അത് അവസാന നിമിഷം വരെ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ക്ക് ആശാന്റെ നായികാനായകന്മാരുടെ ഗതി തന്നെയായിരുന്നു.

ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിടത്തുനിന്ന് അവര്‍ക്ക് പിരിഞ്ഞുപോകേണ്ടി വന്നു. അവരുടെ കിടപ്പുമുറിയിലേക്കും, ഉമ്മറത്തേക്കുമൊക്കെ ഒളിഞ്ഞുനോക്കി ഇവിടെയുള്ള പുരുഷന്മാര്‍ പലതും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതില്‍ മുഖ്യമായ സംഗതി, സ്ത്രീയെന്ന രീതിയില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്തവളായിരുന്നു ഗൗരിയമ്മ എന്നതാണ്. ഇ.എം.എസ് അങ്ങനെ വാഗ്ദാനം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയാകാനുള്ള മോഹം കൊണ്ട് ഭര്‍ത്താവിനെ വിട്ടുപോയവളാണെന്നും അതുകാരണം ടി.വി. തോമസിന് വലിയ മനഃപ്രയാസമുണ്ടായെന്നും ഒക്കെയുള്ള നരേറ്റീവാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്. കാരണം അത് മലയാളിക്ക് വളരെ ഇഷ്ടമുള്ള നരേറ്റീവാണ്.
തുല്യനിലകളിലുള്ള സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ പെട്ടെന്ന് പുരുഷനെ രക്തസാക്ഷിയാക്കിക്കളയുകയെന്ന രീതി മലയാളിയുടെ പൊതുബോധവുമായി ബന്ധപ്പെട്ടതാണ്. വളരെ പാട്രിയാര്‍ക്കലായ പൊതുബോധത്തെ സ്വയം തിരിച്ചറിയാന്‍ ശേഷിയുള്ളവരല്ല മലയാളികള്‍ എന്നാണ് തോന്നുന്നത്. അത്തരം ഒരു നരേറ്റീവ് തന്നെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ചും ഉണ്ടായത്. പാര്‍ട്ടി പിളര്‍പ്പിനുശേഷം, ടി.വി. വാങ്ങിക്കൊടുത്ത ചാരക്കളറുള്ള പട്ടുസാരിയുടുത്ത്, പൂ ചൂടി ടി.വിയോടൊപ്പം ‘കടമറ്റത്തു കത്തനാര്‍' എന്ന നാടകം കാണാന്‍ പോയ അനുഭവം എന്നോടുള്ള അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തുന്നുണ്ട്.
അവരെ അകറ്റേണ്ടത് ആരുടെ താല്‍പര്യമായിരുന്നു?. രാഷ്ട്രീയമായി രണ്ട് ചേരികളിലുള്ള സ്ത്രീ- പുരുഷന്മാര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ അനുവാദം നിഷേധിക്കാന്‍ തക്ക പാട്രിയാര്‍ക്കലായ ബോധമാന്ന് ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നത് എന്നുവേണം തിരിച്ചറിയാന്‍. അതൊരു മഹാപരാധമായിട്ടാണ് കാണുന്നത്. പാര്‍ട്ടി പിളര്‍പ്പ് കുടുംബത്തിന്റെ പിളര്‍പ്പായി മാറുന്ന സാഹചര്യം, മുമ്പില്ലാത്തതും പിന്നീട് അങ്ങനെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതുമായ ഒരു സാഹചര്യം അവരുടെ ജീവിതത്തിലുണ്ടാവുന്നു.
സ്ത്രീയെന്ന രീതിയില്‍ അമ്മയ്ക്ക് വിഷമങ്ങളുണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അതിന് ആരാണ് എന്നെ സ്ത്രീയായി കണക്കാക്കിയിട്ടുള്ളത് എന്ന് ചോദിക്കുന്നുണ്ട് അവര്‍. സ്ത്രീയെന്ന രീതിയിലല്ല അവരെ ആരും കണക്കാക്കിയിട്ടുള്ളത്. അതവര്‍ക്ക് അറിയാം. നല്ലപോലെ പണിയെടുക്കുന്ന, നന്നായി ഹോം വര്‍ക്കും കഠിനാധ്വാനവും ചെയ്യുന്ന മന്ത്രിയും നിയമസഭാ സാമാജികയും രാഷ്ട്രീയ പ്രവര്‍ത്തകയും ഒക്കെയായിരുന്നു അവര്‍. അങ്ങനെയൊരാളെ സ്ത്രീചാപല്യത്തോടുകൂടി കാണാന്‍ സാധ്യമല്ല. എന്നാല്‍, ഒരു പുരുഷനുമായിട്ടുള്ള അവരുടെ ബന്ധത്തില്‍ ഇടപെടുകയും അതിനെ വിധിക്കുകയും ചെയ്യാനുള്ള അധികാരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വളരെ മോശം രീതിയില്‍ കൈകാര്യം ചെയ്തതിന്റെ ചരിത്രം കൂടി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവകാശപ്പെടാം എന്നാണ് ഗൗരിയമ്മ- ടി.വി. തോമസ് ബന്ധത്തെക്കുറിച്ച് അവര്‍ പറഞ്ഞതില്‍ നിന്ന് എനിക്ക് മനസിലായത്.

താനുമായുള്ള ബന്ധത്തിന്റെ ആദ്യഘട്ടത്തില്‍, ടി.വിയ്ക്കുണ്ടായിരുന്ന മറ്റൊരു ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ ഒരു വാചകം ഗൗരിയമ്മ പറയുന്നത് ഇങ്ങനെയാണ്: ‘‘ടി.വിയന്നുപറഞ്ഞ വാചകം ഇന്ന് എനിക്ക് നല്ല ഓര്‍മയാ. ലോകത്തുള്ളോരോടൊക്കെ കല്ല്യാണം കഴിക്കുമോ എന്നു ചോദിക്കുന്ന മുളകുപെറുക്കി ചെക്കനാണ് ഞാനെന്നാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരാളെ മാത്രമേ കല്ല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. നിങ്ങളോട് മാത്രമേ ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. എനിക്ക് ആ വാചകം നല്ല ഓര്‍മയാ. എന്നെ ഗൗരി എന്ന് ഒരിക്കലും വിളിച്ചിട്ടില്ല. വിവാഹശേഷവും ഗൗരിയമ്മ എന്നാണ് പറയുക. വിളിക്കുമ്പോള്‍ ഹേയ് എന്നും. ഞാനങ്ങോട്ട് ടി.വി. എന്നു വിളിച്ചു. ’’
ഏറ്റവും പുതിയത് എന്നുവേണമെങ്കില്‍ നമുക്ക് അടയാളപ്പെടുത്താന്‍ കഴിയാവുന്ന ബന്ധത്തെ ഉള്‍ക്കൊള്ളുന്നതില്‍ കാലവും സ്ഥലവും പ്രസ്ഥാനവുമൊക്കെ പരാജയപ്പെട്ടതിന്റെ ദുരന്തം ഏറ്റുവാങ്ങിയവരായി ചിലപ്പോള്‍ നമുക്ക് മാറേണ്ടിവരാറുണ്ടല്ലോ, അങ്ങനെയൊരു അനുഭവിക്കേണ്ടിവരല്‍ ഇക്കാര്യത്തിലുണ്ടായി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
സി.പി.എമ്മുമായി അവര്‍ അഭിപ്രായ വ്യത്യാസത്തിലെത്തുകയും പുറത്തുവന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ. എസ്.എസ്) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്നത് എന്ന ചോദ്യത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്; ‘‘ആരോപണങ്ങളൊക്കെ ഒരു പുകമറ മാത്രമായിരുന്നു. പാര്‍ട്ടി പൊതുവില്‍ തീരുമാനിച്ച നയപരിപാടികള്‍ ഞാനെന്നും അതേപടി അംഗീകരിച്ചിരുന്നു. മന്ത്രിയായിരിക്കുമ്പോള്‍ പാര്‍ട്ടി പോളിസിക്കു വിധേയമായിട്ടേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. പക്ഷേ പാര്‍ട്ടി തീരുമാനം എന്ന പേരില്‍ ചില നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും താല്‍പര്യങ്ങളും ട്രേഡ് യൂണിയന്‍ നേതാക്കളുടെ വ്യക്തിതാല്‍പര്യ സംരക്ഷണാര്‍ത്ഥമുള്ള തീരുമാനങ്ങളും എന്നില്‍ അിടച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാനതിനെ എതിര്‍ത്തിരുന്നു. പാര്‍ട്ടി നയവും തീരുമാനങ്ങളും ട്രേഡ് യൂണിയന്‍ നേതാക്കളുടെ വ്യക്തിതാല്‍പര്യങ്ങളും രണ്ടായി കാണാന്‍ എനിക്കു കഴിയുകയും രണ്ടാമത്തേതിനെ എതിര്‍ക്കാന്‍ ഞാനെന്നും ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ അവര്‍ അച്ചടക്കലംഘനമെന്നും അഹന്തയെന്നും താന്‍പോരിമയെന്നും താന്‍ പ്രമാണിത്തമെന്നും ഇഷ്ടംപോലെ വിളിച്ച് അധിക്ഷേപിച്ച് എന്നെ പുറത്താക്കിയതാണ്. ശരി- തെറ്റ്; ഇവയെ വ്യക്തമായി തിരിച്ചറിയുകയും തെറ്റായതിനെ തള്ളുകയും ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് താന്‍പ്രമാണിത്തവും അച്ചടക്ക ലംഘനവും അഹന്തയുമാണെങ്കില്‍ ഞാന്‍ അഹങ്കാരിയാണ്, താന്‍ പ്രമാണിത്തമുള്ളവളാണ്.''
നോക്കൂ, ഗൗരിയമ്മ എന്ന സ്ത്രീയുടെ, ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുടെ ഇത്തരമൊരു സ്വഭാവഘടന ജയിലില്‍ വെച്ച് നാം കാണുന്നുണ്ട്. ഒരുപക്ഷേ തന്റെ ആദര്‍ശബിംബമായ പിതാവിനോടു പോലും മെമ്പര്‍ഷിപ്പ് ചോദിക്കുന്ന ഒരവസ്ഥ അവര്‍ക്കുണ്ട്. ജയിലില്‍ തന്നെ മര്‍ദ്ദിക്കുന്നവരെ കടിച്ചും അടിച്ചും പ്രതിരോധിക്കുന്ന രീതി അവരുടെ പ്രകൃതത്തിലുണ്ട്. ഈ ധാര്‍ഷ്ട്യം, ഈ താന്‍പോരിമ തന്നെയായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആവശ്യം. ഇത്തരം താന്‍പോരിമയുള്ളവരായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുമ്പോട്ട് നയിച്ചത്. ഒന്നിനെയും പേടിക്കാതെ, അധികാരത്തെ പേടിക്കാതെ ഇതിനെ മുന്നോട്ടു നയിച്ചതു മുഴുവന്‍ ഇത്തരത്തില്‍ താന്‍പോരിമയുള്ളവരായിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ തന്നെ ഈ താന്‍പോരിമ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് അത് ധിക്കാരമായും അഹങ്കാരമായും മാറുന്നത്. ശരി- തെറ്റ്; ഇവയെ വ്യക്തമായി തിരിച്ചറിയുകയും തെറ്റായതിനെ തള്ളുകയും ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി ഉറച്ചു നില്‍ക്കുകയും ചെയ്യുന്നത് താന്‍പ്രമാണിത്തമാണെങ്കില്‍ താന്‍, താന്‍പ്രമാണിത്തമുള്ളവളാണ്, അഹങ്കാരിയാണ് എന്ന് അവര്‍ പറയാന്‍ കാരണം ഇതാണ്. ഭയങ്കര ബോള്‍ഡായ സ്റ്റേറ്റ്മെന്റാണിത്. കാരണം അവര്‍ നിന്നിടത്ത് ഉറച്ചാണ് നില്‍ക്കുന്നത്. വ്യക്തിയുടെ താല്‍പര്യവും പാര്‍ട്ടിനയവും എങ്ങനെയാണ് രണ്ടാവുന്നത് എന്നും പാര്‍ട്ടി നയത്തിന്റെ ഭാഗത്താണോ വ്യക്തികളുടെ താല്‍പര്യത്തിന്റെ ഭാഗത്താണോ നില്‍ക്കേണ്ടത് എന്നുമുള്ള ചോദ്യത്തില്‍, പാര്‍ട്ടി നയത്തിന്റെ ഭാഗത്താണ് നില്‍ക്കുന്നത് ശരിയെന്ന് ബോധ്യപ്പെട്ടിട്ടുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തക തന്റെ ശരിബോധ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതാണ് വര്‍ഷങ്ങള്‍ക്കുശേഷവും കാണുന്നത്. ഇതേ സംഗതി തന്നെയാണ് താന്‍പോരിമയും അഹങ്കാരവുമായി ജെ.എസ്.എസില്‍ നിന്നും അവരെ അകറ്റുന്നത്.
പി. കൃഷ്ണപ്പിള്ളയുടെ കയ്യില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചയാളാണ് ഗൗരിയമ്മ. കൃഷ്ണപ്പിള്ളയുമായി ഹൃദബന്ധമായിരുന്നു അവര്‍ക്ക്, അദ്ദേഹത്തിന്റെ പങ്കാളിയായിരുന്ന തങ്കമ്മ ചേച്ചിയെക്കുറിച്ച് അവര്‍ ഒരുപാട് പറയുന്നുണ്ട്. കൃഷ്ണപ്പിള്ള ജയിലിലായിരുന്നപ്പോള്‍ പുറത്തുള്ള വിവരങ്ങള്‍ കൃഷ്ണപ്പിള്ളയ്ക്ക് എത്തിച്ചുകൊടുത്തിരുന്ന ആളാണ് തങ്കമ്മചേച്ചി. പിന്നീട് ചേര്‍ത്തലയിലെ ഗൗരിയമ്മയുടെ വീട്ടിലാണ് ജയിലിലാകുന്നതുവരെ കൃഷ്ണപിള്ളയും തങ്കമ്മചേച്ചിയും താമസിക്കുന്നത്. കൃഷ്ണപ്പിള്ള ജയിലിലായി, അതിനുശേഷം ഗൗരിയമ്മ ജയിലിലാകുന്നതുവരെ അവര്‍ക്കൊപ്പം തങ്കമ്മ ചേച്ചിയുമുണ്ടായിരുന്നു. തങ്കമ്മയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒരു എഴുത്തുകൂടിയാണ് ഗൗരിയമ്മയുടെ പറച്ചില്‍. എത്ര വെല്ലുവിളി നിറഞ്ഞ ടാസ്‌കായിരുന്നു പാര്‍ട്ടി നിരോധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ ഏറ്റെടുത്തത്. തിരുവിതാംകൂറിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ് ഗൗരിയമ്മയിലൂടെ എനിക്ക് വായിക്കാന്‍ പറ്റിയത്. അങ്ങനെയുള്ള ഒരു താന്‍പ്രമാണിത്തം തിരുത്താന്‍ അവര്‍ തയ്യാറാവുന്നില്ല, അവസാനഘട്ടംവരെ. മരണക്കിടക്കയിലായിരുന്നപ്പോള്‍ പോലും മരണത്തോട് പോരടിക്കുന്ന ഒരു ഗൗരിയമ്മയെ എനിക്ക് മനസില്‍ സങ്കല്‍പ്പിക്കാമായിരുന്നു. കാരണം അവര്‍ ഒന്നിനും പെട്ടെന്ന് കീഴടങ്ങിക്കൊടുക്കുന്നയാളല്ല.

അവരുടെ രണ്ട് അവതരണങ്ങള്‍ ഓര്‍മയിലുണ്ട്. ഒന്ന്, ആദിവാസി ബില്ലിനെതിരായുള്ളത്. ‘നിങ്ങള്‍ക്ക് സാമൂഹിക നീതിയല്ല, വോട്ടാണ് പ്രശ്നം' എന്ന് ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുമിച്ച് വിളിച്ച് പറഞ്ഞ ഒരേയൊരു നിയമസഭാ സാമാജികയാണവര്‍, 1996ല്‍. ‘ആദിവാസി നിയമം ആദിവാസികളെ വംശനാശത്തിലെത്തിക്കും, അതുകൊണ്ട് ഇത് നടപ്പാക്കാന്‍ പാടില്ല' എന്നാണവര്‍ പറഞ്ഞത്. കുടിയേറ്റ കര്‍ഷകനെയും ആദിവാസിയെയും തമ്മില്‍ തിരിച്ചറിയാതെ കൊണ്ടുവന്ന, കുടിയേറ്റ കര്‍ഷകന്റെ ഭാഗത്തുനിന്ന് കൊണ്ടുവന്ന നിയമങ്ങളോ നിയമഭേദഗതികളോ ഒന്നും കാടിനോ ആദിവാസികള്‍ക്കോ ഗുണം ചെയ്യില്ല എന്ന അടിസ്ഥാനപരമായ തിരിച്ചറിവില്‍നിന്ന് ആ ശരിയാണ് അവര്‍ വിളിച്ചുപറയുന്നത്. ഒരേസമയം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ധിക്കാരിയും അഹങ്കാരിയുമായി മാറുന്ന ഒരു അവസരം കൂടിയായിരുന്നു അത്.
ജെ.എസ്.എസ് 1996ല്‍ ഒറ്റയ്ക്ക് മത്സരിച്ചു, 2014 വരെ ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്നു. 2014ല്‍ ഈ ചെറിയ പാര്‍ട്ടി, തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയിലോ നിയമസഭയിലോ ഇല്ല എന്നു പറഞ്ഞ് ഇടതുപക്ഷ മുന്നണിയുമായി വീണ്ടും സഹകരിക്കുന്നു. ചാനലുകാര്‍ വൈകാരികമായി പറയുന്നതുപോലെ, അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള ചുവന്ന പുതപ്പ് പുതച്ച് മരിച്ചുപോകാനുള്ള ആഗ്രഹമായിരുന്നില്ല അത്, മറിച്ച് താന്‍പോരിമയോടെ തന്റേടത്തോടെ ജീവിച്ച ഒരു സ്ത്രീയെടുക്കുന്ന തീരുമാനമാണ്. അതിന്റെ ഭാഗമായിട്ടാണ് അവര്‍ വീണ്ടും ഇടതുപക്ഷത്ത് എത്തുന്നത്.
നമുക്കുതോന്നും, ഒട്ടും നിശ്ചലമല്ലാത്ത ജീവിതത്തിലൂടെയാണ് ഗൗരിയമ്മയുടെ ജീവിതം സഞ്ചരിക്കുന്നത് എന്ന്. ആ നിശ്ചലമല്ലാത്ത ജീവിതമാവട്ടെ, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ ചരിത്രവുമാണ്. എങ്ങനെയാണ് സാമുദായിക നീതി സാമൂഹ്യനീതിയായി മാറുന്നത്, ആ സാമൂഹ്യനീതിയില്‍ തന്നെ എങ്ങനെയാണ് കള്ളനാണയങ്ങള്‍ കടന്നുവരികയും അതിന്റേതായ അനുരണനങ്ങള്‍ നിയമസഭയിലും മന്ത്രിസഭയിലുമൊക്കെ ഉണ്ടാവുകയും ചെയ്യുന്നത്, അതിനോട് എങ്ങനെയാണ് ഒരാള്‍ ഒറ്റയ്ക്ക് പോരാടുന്നത് തുടങ്ങി നമ്മുടെ കാലത്തെ കേരളത്തെ മുന്നോട്ടു നയിച്ച പുരോഗമനാത്മകമായ എല്ലാ ശബ്ദങ്ങളും ചേര്‍ന്നതാണ് ഗൗരിയമ്മയുടെ ജീവിതം. ഒരു ഫെമിനിസ്റ്റ് എന്ന് ഗൗരിയമ്മയെ വിശേഷിപ്പിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചാല്‍, എവിടെയോ എഴുതിവെച്ച തിയറിയുടെ അടിസ്ഥാനത്തിലുള്ള ഒരു ടിപ്പിക്കല്‍ ഫെമിനസ്റ്റല്ല അവര്‍. 1977ല്‍ ടി.വി മരിച്ചതിനെക്കുറിച്ച് അവര്‍ പറയുന്നുണ്ട്; ‘‘എനിക്ക് ഭാര്യയെന്ന നിലയില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കഴിഞ്ഞില്ല, എനിക്കതില്‍ വലിയ സങ്കടമുണ്ട്, എന്നെ പാര്‍ട്ടി അതിന് അനുവദിച്ചില്ല. എല്ലാ ദിവസും ഞാന്‍ പോയി കാണുമായിരുന്നു. പക്ഷേ ഒരു ദിവസം മുഴുവന്‍ നില്‍ക്കാന്‍ പോലും പാര്‍ട്ടി എന്നെ അനുവദിച്ചില്ല''.

ഭാര്യയെന്ന നിലയ്ക്ക് താന്‍ ചെയ്യേണ്ട കടമകളെക്കുറിച്ചുള്ള ഒരു ബോധം- അതൊരു ഫെമിനിസ്റ്റിന്റെ ബോധമല്ല എന്നാണല്ലോ നമ്മള്‍ പറയുക. പിന്നീട്, ടി.വിക്കുതന്നെ മറ്റൊരു സ്ത്രീയിലുണ്ടായ മകനുവേണ്ടി സ്വന്തം പുത്രനോടെന്ന പോലെ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍. തന്റെ സഹോദരീ പുത്രര്‍ക്കുവേണ്ടി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍- കുഞ്ഞമ്മയും വലിയമ്മയുമൊക്കെ ആയി, ആ പേരിലൊക്കെ വിളിക്കപ്പെടുന്ന അമ്മയായി മാറുന്ന പ്രത്യേകത അവരുടെ ജീവിതത്തില്‍ കാണാനാവും. അമ്മയെന്നോ മുത്തശ്ശിയെന്നോ വിളിച്ച് അവിടെ ചെന്നാല്‍ അവര്‍ നമ്മളെ കുടഞ്ഞെറിയും. ‘ആരു പറഞ്ഞു ഞാനമ്മയാണ്’ എന്ന്, ‘ആരു പറഞ്ഞു ഞാന്‍ മുത്തശ്ശിയാണ്’ എന്ന് ചോദിക്കും. നിങ്ങള്‍ കൊടുക്കുന്ന, അതായത് നമ്മള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പരമ്പരാഗത നിര്‍വചനങ്ങളുടെയും ഉള്ളില്‍ തളച്ചിടപ്പെടാന്‍ അവര്‍ തയ്യാറായില്ല.
അതുതന്നെയാണ് പ്രസ്ഥാനങ്ങളുമായിട്ടും അവര്‍ക്കുണ്ടായിരുന്ന പ്രശ്നം. നിങ്ങള്‍ ഒരു നേതാവാണോ എങ്കില്‍ നേതാവിനെപ്പോലെ പെരുമാറൂ. ‘നേതാവോ’ എന്നവര്‍ ചോദിക്കും. നിങ്ങള്‍ ഒരു അനുയായിയാണോ എങ്കില്‍ അനുയായിയെപ്പോലെ പെരുമാറൂ. ‘ഞാന്‍ ഒരു അനുയായിയാണെന്ന് ആരുപറഞ്ഞു?'- ഇങ്ങനെ എല്ലാ പൊസിഷനുകളോടും അത് നിര്‍ണയിച്ചുവെച്ചിരിക്കുന്ന, അല്ലെങ്കില്‍ നമ്മള്‍ നിര്‍മ്മിച്ചുവെച്ചിരിക്കുന്ന പരമ്പരാഗതമായ എല്ലാ പദവികളോടും പ്രത്യക്ഷകലാപം അവര്‍ അറിഞ്ഞോ അറിയാതെയോ നടത്തിയിട്ടുണ്ട്. ബോധപൂര്‍വ്വം താന്‍ അതിനോട് കലഹിക്കുന്നുവെന്ന മട്ടിലല്ല, ഏത് സഭയിലും ഏത് സദസിലും ഏത് ജനക്കൂട്ടത്തിലും ഒറ്റയ്ക്ക് തലയുയര്‍ത്തി നെഞ്ചുവിരിച്ച് നില്‍ക്കാന്‍ പേടിയില്ലാത്ത ഒരുത്തിയെന്ന നിലയ്ക്ക്, എത്ര ആരോപണങ്ങള്‍ തനിക്കു നേരെ വരുമ്പോഴും അതിനെയൊക്കെ തന്റേതായ ന്യായങ്ങള്‍ നിരത്തി, നിങ്ങളെന്നെ എന്തുവേണമെങ്കിലും വിളിച്ചോളൂ, അഹങ്കാരിയെന്നോ തന്റേടിയെന്നോ എന്തുവേണമെങ്കില്‍ വിളിച്ചോളൂ, പക്ഷെ ഞാനിങ്ങനെയാണ് എന്ന ഒരു തന്റേടം
അത് ഒരുപക്ഷെ കാലത്തിനുമുമ്പേ നടന്ന ഏതൊരാള്‍ക്കും, ഏത് സ്ത്രീയ്ക്കും അനുഭവിക്കേണ്ടിവരുന്ന ഒരവസ്ഥയാണ്. ആ നിലയ്ക്ക് അവരൊരു ഫെമിനിസ്റ്റാണ്. ഈ പറയുന്ന നിര്‍വചനങ്ങളുടെ ഉള്ളില്‍, വ്യാഖ്യാനങ്ങള്‍ക്കുള്ളില്‍, പുതിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ ഒന്നും അവര്‍ പൊരുത്തപ്പെടുകയോ അംഗമാവുകയോ ചെയ്തിട്ടില്ലെങ്കിലും അവര്‍ക്ക് എന്നും വലിയ പ്രസ്ഥാനങ്ങളുമായി, മുഖ്യധാരയിലുള്ള വലിയ സ്ഥാപനങ്ങളുമായിട്ടായിരുന്നു ഡയലോഗുകള്‍. മില്‍മ സ്ഥാപിക്കുന്നു, ബിവറേജസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട സംഗതികള്‍, തൊഴിലാളി പ്രശ്നങ്ങള്‍, കയര്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍... സാമൂഹ്യക്ഷേമ വകുപ്പ് മാത്രമല്ല അവര്‍ കൈകാര്യം ചെയ്യുന്നത്. കേരളത്തെ ഏറെ മാറ്റിമറിച്ച കേരള വനിതാ കമ്മീഷന്‍ നിയമം കൊണ്ടുവരുന്നത് ഗൗരിയമ്മയാണ്. ഭൂപരിഷ്‌കരണ നിയമം പോലെ തന്നെ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സഹായിച്ച നിയമമാണിത്.
അത്തരത്തില്‍, എത്ര അടയാളപ്പെടുത്തിയാലും പിന്നെയും ബാക്കിയാവുന്ന എന്നോ ഒന്നാണ് ഗൗരിയമ്മ എന്നാണ് എനിക്കു തോന്നുന്നത്. സമാന്തര ധാരകളില്‍, ഒഴിഞ്ഞുപോയ പറമ്പില്‍ ഒക്കെ നടക്കേണ്ട ഒന്നല്ല വിപ്ലവം എന്നാണ് അവര്‍ പറഞ്ഞത്. ജനപ്രതിനിധികള്‍ക്കിടയിലും ജനക്കൂട്ടങ്ങള്‍ക്കിടയിലും ഒളിവില്‍ മാത്രമല്ല തെളിവിലും എല്ലാവര്‍ക്കും മുമ്പാകെയും സംഭവിക്കേണ്ടതാണ് വിപ്ലവം എന്ന് എല്ലായ്പ്പോഴും അവര്‍ ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. അത്ര വലിയൊരു യാത്രയാണ് ഒരു നൂറ്റാണ്ട് യാത്ര. സ്ഥലകാലങ്ങളെ കയ്യിലെടുത്ത് അമ്മാനമാടിയ ഒരു നൂറ്റാണ്ടിന്റെ യാത്ര.
എല്ലാ നിര്‍വചനങ്ങളുടെയും അപ്പുറത്ത്, ഒരു പൊതുപ്രവര്‍ത്തക എന്ന നിര്‍വചനത്തിനപ്പുറത്ത്, കുടുംബിനിയെന്ന നിര്‍വചനത്തിനപ്പുറത്ത്, അമ്മയുടെ റോളിനപ്പുറത്ത്, മുത്തശ്ശിയുടെ റോളിനപ്പുറത്ത്, ഭാര്യയുടെ റോളിനപ്പുറത്ത് ഒക്കെ; അതായിരിക്കെത്തന്നെ അതിനെ മുറിച്ചു കടക്കുന്ന ഒരുവളായി നമ്മള്‍ കെ.ആര്‍. ഗൗരിയമ്മയെ കാണേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ വീണ്ടും പറയട്ടെ, നെട്ടൂരാന്‍ വിളിച്ചതിനേക്കാളും എത്രയോ ഏറെ മുദ്രാവാക്യങ്ങള്‍ സേതുലക്ഷ്മി വിളിച്ചിട്ടുണ്ട്. അത് നിങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാഞ്ഞിട്ടാണ്. ഞങ്ങള്‍ സ്ത്രീകളത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ആ മഹാപ്രണയിനിയുടെ, വലിയ രാഷ്ട്രീയക്കാരിയുടെ, സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തകയുടെ ആ സാന്നിധ്യത്തിനു മുന്നില്‍ പ്രണാമം.
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
ടി.ആര്‍. സുശീല
Apr 18, 2022
3 Minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
സിവിക് ചന്ദ്രൻ
Mar 19, 2022
3 Minutes Read
ജോയ് മാത്യു
Mar 19, 2022
3 Minutes Read
ജയന്‍ ചെറിയാന്‍
Mar 10, 2022
3 minutes read
ഡോ. എം.കെ. മുനീർ
Mar 06, 2022
4 Minutes Read
Gandharvan pdc
14 May 2021, 11:59 AM
ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ആയിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിച്ചേനെ’ എന്ന അവരുടെ പ്രസ്താവന, അവര്‍ അനുഭവിച്ച മര്‍ദ്ദനങ്ങളുടെ തീക്ഷ്ണതയും സ്വഭാവവും വ്യക്തമാക്കുന്നു. ഇതൊന്നും ഗൗരിയമ്മ അവരുടെ ആത്മകഥയില് എഴുതുന്നില്ല. മറിച്ച് പോലീസൂകാര് മാന്യമായി പെരുമാറിയെന്നാണ് എഴുതുന്നത്. ഇത്തരം കഥകളൊക്കെ അവരില് ആരോപിക്കപ്പെടുകയും പിന്നീട് അവര് തന്നെ ഏറ്റെടുക്കുകയും ചെയ്തതാണെന്ന് തോന്നുന്നു