രാഷ്ട്രീയജീവിതത്തിനുള്ള തയ്യാറെടുപ്പിന്​ അവസരമോ സമയമോ ലഭിക്കുന്നില്ല

ജാതിയും മതവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം സ്ത്രീകളുടെ പ്രവർത്തനങ്ങളെ വലിയതോതിൽ കടിഞ്ഞാണിടുന്നുണ്ട്- ശാസ്​ത്രസാഹിത്യ പരിഷത്ത്​ മുൻ ജന. സെക്രട്ടറി ടി.കെ. മീരാഭായ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത് ? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ടി.കെ. മീരാഭായ്​:കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അമ്പതു ശതമാനം സ്ത്രീസംവരണം നിലവിൽ വന്നിട്ട് ഒരു ദശകം പിന്നിടുമ്പോൾ ഭരണ നിർവഹണ രംഗത്ത് അവഗണിക്കപ്പെടാൻ കഴിയാത്ത ശക്തിയായി സ്ത്രീകൾ മാറിയിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. കുടുംബത്തിനകത്തെ ഉത്തരവാദിത്തങ്ങൾ മാത്രം നിർവഹിച്ചു കൊണ്ടിരുന്ന സ്ത്രീകളെ രാഷ്ടീയ രംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിനും തങ്ങളുടെ നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സാമൂഹ്യ- സാംസ്‌കാരിക മണ്ഡലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും ഇതുവഴി സ്ത്രീകൾക്ക് കഴിഞ്ഞു.

ഇത്തരത്തിൽ അത് സമൂഹത്തിൽ വലിയ തോതിലുള്ള ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും നാം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മുന്നേറ്റം ഇനിയും ഉണ്ടായിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഒരിക്കൽ പൊതുരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളിൽ കുറേ പേരെങ്കിലും തങ്ങളുടെ കാലാവധി കഴിയുന്നതോടെ അദൃശ്യരായി പോകുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ പൊതുരംഗത്ത് പിടിച്ചുനിർത്തുന്നതിനുള്ള അനുകൂലമായ അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും ഇനിയും രൂപപ്പെടേണ്ടതായിട്ടുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

മാത്രമല്ല, പ്രാദേശിക ഭരണത്തിൽ പങ്കാളികളാകുന്നതിന് ആനുപാതികമായ പ്രാതിനിധ്യം സ്ത്രീകൾക്ക് രാഷ്ട്രീയ പാർട്ടികളിൽനിന്ന് ലഭിക്കുന്നില്ല. നേതൃപരമായി കഴിവു തെളിയിച്ച, ഭരണപാടവമുള്ള സ്ത്രീകൾക്കുപോലും പൊതു സീറ്റിൽ മത്സരിക്കുന്നതിന്​ അവസരം കിട്ടുന്നില്ല എന്നതും ചേർത്തുവായിക്കേണ്ടതാണ്.

2) നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

വനിതാസംവരണവും സ്ത്രീസമത്വവും സാമൂഹികനീതിയുമെല്ലാം ഏറ്റവും ശക്തമായി ചർച്ചചെയ്യപ്പെടുന്ന കാലമായിരുന്നിട്ടുകൂടി കേരള നിയമസഭയിലെ സ്ത്രീപ്രാതിനിധ്യം 9 മാത്രമാണ് - 5.7%. 118 പേർ മത്സരിച്ചുവെന്നോർക്കണം. ഇതുവരെ 10 സ്ത്രീകൾ മാത്രമാണ് കേരളത്തിൽനിന്ന് പാർലമെന്റിൽ എത്തിയിട്ടുള്ളത്.

നിയമനിർമാണ സഭകളെ മാറ്റിനിർത്തി സാംസ്‌കാരിക സ്ഥാപനങ്ങളിലെ അവസ്ഥ വിശകലനം ചെയ്താലും സ്ഥിതി ഭിന്നമല്ല. മറ്റ് സാംസ്‌കാരിക സംഘടനകൾ, ട്രേഡ് യൂണിയനുകൾ, ഗ്രന്ഥശാലകൾ, സ്‌കൂൾ പി.ടി.എകൾ തുടങ്ങിയവയിലും നേതൃസ്ഥാനത്ത് സ്ത്രീകൾ വിരളമാണ്. ജോയിന്റ് അല്ലെങ്കിൽ വൈസ് എന്ന പദവികൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടിവരുന്നു. ഈ മേഖലകളിലെല്ലാം കഴിവും ശേഷിയുമുള്ള സ്ത്രീകളുടെ കുറവുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. പൊതു സാമൂഹ്യ-രാഷ്ട്രീയരംഗത്ത് മുഖ്യധാരയിലേക്ക് സ്ത്രീകൾ കടന്നുവരുന്നതിന് വിഘാതമായ ആണധികാരവ്യവസ്ഥ ഇന്നും ഇവിടെ നിലനിൽക്കുന്നു.

3) ഒരു സ്ത്രീയെ സംബന്ധിച്ച്​ കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

ഓരോ സ്ഥലവും കാലവും ചില സാമൂഹിക- സാംസ്‌കാരിക പ്രക്രിയയിലൂടെ അറിഞ്ഞോ അറിയാതെയോ ഓരോരുത്തരേയും മാതൃക സ്ത്രീയോ പുരുഷനോ ആയി ചിട്ടപ്പെടുത്തുന്നുണ്ട്. വിഭിന്ന ലൈംഗികതയുള്ളവരാണെങ്കിൽ പോലും ഈ രണ്ട്​ കള്ളികൾക്കുള്ളിൽ ഉൾക്കൊള്ളുന്നു. നാം അറിയാതെ അവരുടെ ഒരു പൊതുബോധം രൂപപ്പെട്ടുവരുന്നുണ്ട്. ആ വ്യവസ്ഥിതിയിൽ സ്ത്രീക്ക് എന്നും അധമസ്ഥാനം മാത്രമേയുള്ളു. അതുകൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ ഈ പൊതുബോധത്തെ ശാസ്ത്രബോധമാക്കി മാറ്റണമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇന്നും കുടുംബത്തിനകത്തുപോലും സ്ത്രീകൾക്ക് തീരുമാനമെടുക്കുന്നതിനോ സാമ്പത്തികാവസ്ഥ കൈകാര്യംചെയ്യുന്നതിനോ അനുകൂലമായ ഒരു പ്രതലം നിലനിൽക്കുന്നില്ല. സ്ത്രീകളുടെ പേരിലുള്ള സ്വത്തുടമസ്ഥതയിലും ഇത് കൃത്യമായി പ്രകടമാണ്. വിവാഹാനന്തരം മറ്റൊരു വീട്ടിലേക്ക് പറിച്ചുനടപ്പെടുന്ന സ്ത്രീക്ക് അവിടെ വേരുറപ്പിക്കാൻപോലും കുറച്ചുകാലം വേണ്ടിവരും. പിന്നീട് അവഗണിക്കാൻ പറ്റാത്ത ഒരു സ്ഥിതി വരുമ്പോൾ മാത്രമാണ് അവളുടെ ശബ്ദം മറ്റുള്ളവർ കേൾക്കാൻ തുടങ്ങുന്നത്. ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ സാമാന്യേന ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

4) രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയിൽ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) യൂണിറ്റ് സെക്രട്ടറി മുതൽ ജനറൽ സെക്രട്ടറി വരെയുള്ള സ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. സ്ത്രീയെന്ന നിലയിലുള്ള ഒരു വിവേചനവും സംഘടനയിൽനിന്ന്​ വ്യക്തിപരമായി ഉണ്ടായിട്ടില്ല. മാത്രമല്ല, സംഘടനയുടെ എല്ലാ തലങ്ങളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് ഭരണഘടനാ ഭേദഗതി നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീശേഷി പൂർണമായും ഉപയോഗപ്പെടുത്തുന്നതിൽ സംഘടന ഇനിയും മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്.

തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികളാകണമെന്നുണ്ടെങ്കിൽ അത്തരം വേദികളിൽ അർഹമായ പ്രാതിനിധ്യവും അധികാര പങ്കാളിത്തവും ഉണ്ടായേ തീരൂ. നിർഭാഗ്യവശാൽ നമുക്കിനിയും അതിനു കഴിഞ്ഞിട്ടില്ല. അതിനായി രാഷ്ട്രീയപ്രസ്ഥാനങ്ങളടക്കമുള്ള ഓരോ സംഘടനയിലും മേഖലയിലും സ്ത്രീപ്രാതിനിധ്യത്തിലുള്ള ഘടനാപരമായ കുറവ് പരിഹരിച്ചു കൊണ്ടുവരണം. തൊഴിൽസ്ഥാപനങ്ങളിലെ സുരക്ഷയ്ക്കു വേണ്ടി രൂപീകരിക്കേണ്ട ഐ.സി.സി എത്ര തൊഴിൽസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്? g

5) വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്നു പറയുമ്പോൾ തന്നെ തൊഴിൽ പങ്കാളിത്ത നിരക്കിൽ (24.8%) കേരളം വളരെ പുറകിലാണെന്നു കാണാം. ഇതിൽതന്നെ മധ്യവർഗത്തിന്റെ പ്രാതിനിധ്യം വളരെ കുറച്ചുമാത്രമേ ഉള്ളൂ. സ്ത്രീയുടെ ജീവിതം വീട്, ഭർത്താവ്, കുട്ടികൾ, വീട്ടിലെ പ്രായമുള്ളവർ തുടങ്ങിയവരുടെ ചുറ്റിലുമായി കറങ്ങിക്കൊണ്ടിരിക്കുകയാണ്.

കുടുംബപരിപാലനത്തിനുള്ള മുഴുവൻ ചുമതലകളും സ്ത്രീകളിലാണ് നിക്ഷിപ്തമായിട്ടുള്ളത്. പുരുഷനിയന്ത്രിത വ്യവസ്ഥിതിയിൽ ഗാർഹിക ജോലികളുടെ അടിച്ചേൽപ്പിക്കലും അല്ലെങ്കിൽ സ്വാഭാവികമായി പരുവപ്പെട്ടു വന്ന പ്രതിബദ്ധതയും പൊതുരംഗത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന്​ അവളെ പിൻവലിക്കുന്നു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളിൽ 72.9% വും വീട്ടിൽ പാചകം ചെയ്തുവച്ചാണ് പൊതുപ്രവർത്തനത്തിനു പോകുന്നതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് 2013-ൽ നടത്തിയ സ്ത്രീപദവി പഠനം സൂചിപ്പിക്കുന്നത്. ഇതിനിടയിൽ അവർക്ക് രാഷ്ട്രീയ ജീവിതത്തിനുള്ള തയ്യാറെടുപ്പിന്​ അവസരമോ സമയമോ ലഭിക്കുന്നില്ല.

സ്ത്രീകളുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് അവൾക്ക് മറ്റുള്ളവർ അനുവദിച്ചുകൊടുക്കേണ്ട ഒന്നാണ്. ഇതോടൊപ്പം ജാതിയും മതവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം സ്ത്രീകളുടെ പ്രവർത്തനങ്ങളെ വലിയതോതിൽ കടിഞ്ഞാണിടുന്നു. സാംസ്‌കാരിക ഇടങ്ങളും പൊതു ഇടങ്ങളും വർധിപ്പിച്ചും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയനുകളിലും നേതൃത്വത്തിലടക്കം സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിച്ചും മാത്രമേ സംവരണം ഒഴിവാക്കി മുഖ്യധാരയിലേക്ക് അവരെ മാറ്റാൻ കഴിയൂ. നാം ലക്ഷ്യമിടേണ്ടതും അതുതന്നെയാണ്.


Comments