നേഹ ബോറയുടെ
നോൺ- ബൈനറിയും
എന്റെ രാമൻകല്യാണിയും

‘‘ഞാൻ നോൺ ബൈനറിയാണ്. പക്ഷേ, നോൺ ബൈനറി മാത്രമല്ല ഞാൻ. എന്റെ ശരീരത്തിന് വേറെയും ചരിത്രങ്ങളുണ്ട്. അതിന് വേറെയും പേരുകളുണ്ട്. നോൺ-ബൈനറിക്കും ക്വിയറിനും എൻ്റെ ശരീരം അർത്ഥവത്താക്കാൻ സഹായിച്ച ചരിത്രങ്ങളെ ഉൾകൊള്ളാൻ കഴിയുമോ എന്നതാണ് ചോദ്യം. എൻ്റെ ശരീരം നോൺ ബൈനറിയേക്കാൾ കൂടുതലാണ്. എൻ്റെ ശരീരം കൂടുതൽ രാമൻകല്ല്യാണിയാണ്’’- ആദി എഴുതുന്നു.

ആദി⠀

എനിക്ക് കണ്ണാടിയിൽ പ്രതിഫലനമില്ലായിരുന്നു. എന്നെപ്പോലെ ഭൂമിയിൽ മറ്റൊരാളുമില്ലെന്ന് ഞാൻ കരുതി. എൻ്റെ തോന്നലുകൾ മറ്റൊരാൾക്കുമില്ല. എനിക്ക് വല്ലാത്ത അനാഥത്വം തോന്നി. അങ്ങനെയിരിക്കെയാണ് ഞാനാ കഥ കേൾക്കുന്നത്.

ചില കഥകൾ അങ്ങനെയാണ്. അപ്രതീക്ഷിതമായി നമ്മുടെ മുന്നിൽ അവതരിക്കും. രാമൻകല്ല്യാണിയുടെ കഥ ആദ്യമായി ഞാനെപ്പോഴാണ് കേൾക്കുന്നതെന്ന് എനിക്കോർമ്മയില്ല. അച്ഛൻ്റെ വായിൽ നിന്നാണ് ആ പേര് ആദ്യം പുറത്തുചാടിയതെന്നാണ് ഓർമ്മ. എന്റെ അച്ഛൻ അവരുടെ പേര് പറയുമ്പോഴെല്ലാം എനിക്കത് എന്നെക്കുറിച്ചാണെന്ന് തോന്നി. കടമെടുത്ത ആ പേരിൽ എൻ്റെ സത്യം ഉള്ളതുപോലെ തോന്നി.  

എവിടെയും സ്വയം കാണാത്തതിൽ നിന്ന് വരുന്ന ഒരു തരം ഏകാന്തതയുണ്ട്. കണ്ണാടികൾ നിങ്ങളെ ഒരിക്കലും കാണിക്കില്ല. ഒരിടത്ത് ഒരിടത്ത് എന്ന് തുടങ്ങുന്ന ഒരു കഥയും നിങ്ങളെ കുറിച്ചാകില്ല. അങ്ങനെയിരിക്കെയാണ്, എനിക്ക് ഒരു രാമൻകല്യാണിയെ കിട്ടിയത്. ആ പേരിൽ അപകടമുണ്ടെന്ന് എനിക്ക് എളുപ്പം മനസ്സിലായി. എങ്കിലും രാമൻകല്ല്യാണി പരിചയമുള്ള ഒരാളായി തോന്നിപ്പിച്ചു. ഞാൻ അവരെ കണ്ടിട്ടില്ല. പക്ഷേ  രാമൻകല്ല്യാണിയെ കുറിച്ചുള്ള കഥകളിൽ ഞാൻ എന്നെ കണ്ടു. ആ പേരിൽ എനിക്ക് ആശ്വാസം തോന്നി. ആ പേരിൽ പരിഹാസവും അധിക്ഷേപവുമുണ്ടായിരുന്നു. പക്ഷേ, എനിക്ക് എന്നെ മനസ്സിലാക്കാൻ ആദ്യം ലഭിച്ച വാക്കായിരുന്നു അത്.  

ടെലിവിഷനിൽ ഏതെങ്കിലും ഒരു ട്രാൻസ്ജെൻഡർ വ്യക്തിയെ കാണിക്കുമ്പോൾ ഇപ്പോഴും അച്ഛൻ പറയും, "അത് ഒരു രാമൻകല്യാണിയാണ്."

പരമ്പരാഗത ലിംഗപ്രതീക്ഷകൾക്ക് പുറത്തുള്ള ശരീരങ്ങൾ നിലവിലുണ്ടെന്ന് തിരിച്ചറിയാൻ എൻ്റെ അച്ഛന് ട്രാൻസ്‌ജെൻഡർ, നോൺ- ബൈനറി എന്നീ പേരുകളോ ക്വിയർ സിദ്ധാന്തങ്ങളുടെ വാക്കുകളോ ആവശ്യമില്ലായിരുന്നു. അതേസമയം, വിദ്യാഭ്യാസം, ക്വിയർ ആക്ടിവിസം, അക്കാദമിക് വ്യവഹാരം എന്നിവയിലൂടെ ഞാൻ നോൺ- ബൈനറിയെ കണ്ടുമുട്ടി. രാമൻകല്യാണിയേക്കാൾ മൂല്യവും മാന്യതയുമുള്ള പേരായിരുന്നു നോൺ ബൈനറി. നോൺ ബൈനറിക്ക് എളുപ്പത്തിൽ സാർവത്രികത അവകാശപ്പെടാനാകുമായിരുന്നു. രാമൻ കല്യാണിയുടെ ജീവിതമാകട്ടെ പ്രാദേശികമായ കൈ വഴികളിലൂടെയായിരുന്നു.

അച്ഛൻ്റെ പറച്ചിലിൽ പരിഹാസവും കൗതുകവും ഉണ്ടാകും. എനിക്ക്, പക്ഷേ രാമൻകല്യാണി മറ്റൊന്നായി മാറി. രാമൻകല്യാണി എൻ്റെ തൊട്ടടുത്ത് എവിടെയോ ജീവിച്ചിരുന്നു. മരങ്ങൾ കയറുന്ന ഒരാളായി. ആണായും പെണ്ണായും തരാതരം മാറുന്ന ഒരാളായി. ശരീരത്തിൻ്റെ അതിരുകളെയും സമൂഹത്തിൻ്റെ അരുതുകളെയും മറികടക്കുന്ന ഒരാളായി…. ഞാൻ ഒരിക്കലും അവരെ കണ്ടില്ല. ആരും അവരെ എനിക്ക് കാണിച്ചുതന്നില്ല. ആരും അവരുടെ കഥ മുഴുവനായി എന്നോട് പറഞ്ഞുതന്നില്ല. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ രാമൻകല്യാണിയെ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. പക്ഷേ എൻ്റെ ചുറ്റുപാടിൽ അവരുടെ പേരിന്റെ സാമൂഹിക അർത്ഥം എന്തെന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്. ഞാനവരെ എപ്പോഴും ഓർമ്മിച്ചു.  

കുട്ടിക്കാലം മൊത്തം ഞാൻ രാമൻകല്യാണിയെ കൂടെക്കൂട്ടി. ആ പേര് ആദ്യമായി ഉച്ചരിക്കുമ്പോൾ എനിക്ക് എന്താണ് അനുഭവപ്പെട്ടതെന്ന് എന്റെ അച്ഛൻ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല.  

എനിക്ക് എന്നെ കാണാനായി.

കേരളത്തിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളുടെ വേരുകൾ ദലിത്-ആദിവാസി-ബഹുജൻ- ലൈംഗികതൊഴിലാളി ശരീരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.
കേരളത്തിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളുടെ വേരുകൾ ദലിത്-ആദിവാസി-ബഹുജൻ- ലൈംഗികതൊഴിലാളി ശരീരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.

അവർ മരങ്ങൾ കയറുന്നത് ഞാൻ സങ്കൽപ്പിച്ചു.  ആ കാലുകൾ ശക്തമാണ്. എനിക്ക് എന്നെത്തന്നെ മനസ്സിലാകാത്തപ്പോൾ, ഇങ്ങനെയൊരു ശരീരം സാധ്യമാണെന്ന് പറഞ്ഞ് രാമൻകല്യാണി ദൂരെ എവിടെയോ ഉണ്ടായിരുന്നു. ഞാനെൻ്റെ ശരീരത്തെ ആദ്യം മനസ്സിലാക്കിയത് ആ പേരിലൂടെയാണ്. എനിക്ക് ഗേയും ക്വിയറും നോൺ ബൈനറിയും ഒന്നുമുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത്, രാമൻകല്യാണിയാണ്. പയ്യെ പയ്യെ എനിക്ക് പുതിയ പേരുകൾ കിട്ടി. കുണ്ടനെന്നും ഒമ്പതെന്നും ചാന്തുപൊട്ടെന്നും പെണ്ണുങ്ങളമ്മായി എന്നും എന്നെ പലരും യാതൊരു സങ്കോചവുമില്ലാതെ വിളിച്ചു. ഞാനൊരു കുട്ടിയായിരുന്നു. പക്ഷേ, എന്നെപ്പോലുള്ള കുട്ടികളോട് ലോകം തെല്ലും ദയ കാണിക്കുന്നില്ല.  

നോൺ- ബൈനറി എന്ന പദം പരിചയപ്പെടുന്നതിന് വർഷങ്ങൾക്കുമുന്നേ എനിക്ക് രാമൻകല്യാണിയെ കിട്ടി. ആ പേരാകട്ടെ അക്കാദമിക് അറിവിലൂടെയോ, രാഷ്ട്രീയമായ സ്വയംതിരിച്ചറിയലിലൂടെയോ ഉയർന്നുവന്നതല്ല. 'ക്വിയർ’ എന്ന് ശരിയായി ഉച്ചരിക്കാൻ പോലും അറിയാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. ഇപ്പോഴും എൻ്റെ ഉച്ചാരണം നേരെയായിട്ടുണ്ടോന്ന് എനിക്ക് സംശയമുണ്ട്. ‘ഞാൻ ഒരു ക്വിയർ വ്യക്തിയാണ്’ എന്ന് പറയുമ്പോൾ, എൻ്റെ ചില സുഹൃത്തുക്കൾ ഞാനാ വാക്ക് ഉച്ചരിക്കുന്നത് തെറ്റാണെന്ന് എന്നെ തിരുത്താറുണ്ട്.

എൻ്റെ നാവ് ഈ തിരുത്തലുകളെ കൂട്ടാക്കില്ല.  നാക്കിനും വാക്കിനും ചരിത്രമുണ്ട്. അതുകൊണ്ട് ഒരിക്കലും ഞാൻ ഉച്ചാരണത്തിൽ ശ്രദ്ധിച്ചില്ല. എൻ്റെ ചുറ്റുപാടുകളോട് ഒട്ടും ഇണങ്ങാത്ത ഈ മട്ടിലുള്ള വലിയ വാക്കുകളാൽ വിശദീകരിക്കപ്പെടാൻ മാത്രം മൂല്യം എൻ്റെ ശരീരത്തിന് ഉണ്ടായിരുന്നെന്ന്  ഞാൻ വിശ്വസിച്ചിരുന്നില്ല. ചാന്തുപൊട്ട്, പെണ്ണാച്ചി, കരിവണ്ട്, അണ്ണാച്ചി എന്നൊക്കെയാണ് എൻ്റെ ശരീരം പൊതുവേ വിളിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് എൻ്റെ ശരീരത്തെ ചരിത്രപരമായി അടുക്കിയ സാമൂഹിക ക്രമീകരണങ്ങളിൽ നിന്ന് ഈ പുതിയ വാക്കുകൾ എന്നെ രക്ഷിക്കുമെന്നൊന്നും എനിക്ക് തോന്നിയില്ല.  

എൻ്റെ ലിംഗസ്വത്വം ജാതിക്ക് പുറത്തുള്ള ഒരു ശരീരമായി എന്നെ ഒരിക്കലും മാറ്റുന്നില്ല. എവിടെ തിരിഞ്ഞാലും ജാതിയുണ്ടായിരുന്നു. കേരളത്തിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളുടെ വേരുകൾ ദലിത്-ആദിവാസി-ബഹുജൻ- ലൈംഗികതൊഴിലാളി ശരീരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. പിൽക്കാലത്ത്, ഈ ചരിത്രം വേണ്ടത്ര ചർച്ചയായില്ല. ലിംഗ സ്വത്വവും ലൈംഗികതയും തുറന്നുപറയുന്നതോടെ ശരീരങ്ങൾ ജാത്യാതീത ശരീരങ്ങളായി മാറുന്നെന്ന ധാരണ ശക്തമാണ്. ഇത്തരം വ്യവഹാരങ്ങൾ മുന്നേറ്റത്തിനുള്ളിലെ മേൽ ജാതി-വർഗ്ഗ പശ്ചാത്തലമുള്ള ശരീരങ്ങൾക്ക് സ്വാഭാവികമായി ലഭിക്കുന്ന പ്രിവിലേജുകളെ സമർത്ഥമായി മറച്ചുവെക്കുന്നുമുണ്ട്. ലൈംഗികതയുടെയും ലിംഗത്വത്തിൻ്റെയും കീഴാളനില ജാതിശ്രേണിയിലെ മേലാളനിലയെ അപ്രസക്തമാക്കുന്നു എന്നും കരുതുന്നവരുണ്ട്. അതേ സമയം ജാതീയമായ അധികാരങ്ങളും വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് ശരീരങ്ങൾക്ക് പലപ്പോഴും ലൈംഗികതയുടെയും ലിംഗത്വത്തിൻ്റെയും പുതിയ ഭാഷ സംസാരിക്കാനായത്.

ലിംഗ സ്വത്വവും ലൈംഗികതയും തുറന്നുപറയുന്നതോടെ ശരീരങ്ങൾ ജാത്യാതീത ശരീരങ്ങളായി മാറുന്നെന്ന ധാരണ ശക്തമാണ്.
ലിംഗ സ്വത്വവും ലൈംഗികതയും തുറന്നുപറയുന്നതോടെ ശരീരങ്ങൾ ജാത്യാതീത ശരീരങ്ങളായി മാറുന്നെന്ന ധാരണ ശക്തമാണ്.

കേരളത്തിൽ ആദ്യമായി ഗേ സ്വത്വം തുറന്നുപറഞ്ഞ കിഷോർ കുമാറിനെ ഉദാഹരണമായെടുക്കാം. കിഷോറിൻ്റെ സ്വത്വാനേഷ്ണങ്ങളിൽ വലിയ പങ്കുവഹിച്ചത് അമേരിക്കയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്രയും അവിടുത്തെ ജീവിതവുമാണ്. കേരളം വിട്ട് ചലിക്കുമ്പോഴാണ് കിഷോറിൻ്റെ ശരീരത്തിന് ഗേ സ്വത്വത്തെ പുൽകാനാകുന്നുള്ളൂ. ഈ ചലന സാധ്യത എല്ലാ ശരീരങ്ങൾക്കുമില്ല. ആദ്യമായി തുറന്നുപറച്ചിൽ നടത്തിയ ഗേ ശരീരമായി കിഷോർ മാറുന്നത് ഈ സവിശേഷ സാമൂഹികബന്ധങ്ങൾക്കുള്ളിലാണ്. കിഷോറിൻ്റെ സ്വവർഗ്ഗ ലൈംഗിക സ്വത്വത്തെ സാധുവാക്കാൻ അദ്ദേഹത്തെ സഹായിച്ചത് ജാതീയവും വർഗ്ഗപരവുമായ സ്ഥാനമാണ്. സ്വാനുഭവത്തെ സ്വവർഗ്ഗലൈംഗികസ്വത്വമായി മനസ്സിലാക്കാന്‍ കഴിയുന്ന പദാവലി, സാമൂഹിക അന്തരീക്ഷം, സാധ്യതകള്‍ എന്നിവ കിഷോറിനുണ്ടായിരുന്നു. സ്വവർഗ്ഗാനുരാഗിയായി സ്വയം വെളിപ്പെടുത്താൻ ആവശ്യമായ ഭൗതികവും ഭാഷാപരവും സാമൂഹികവുമായ വിഭവങ്ങൾ ആർക്കുണ്ടായിരുന്നു എന്ന ചോദ്യത്തിനിവിടെ പ്രസക്തിയുണ്ട്.  

എൻ്റെ ശരീരത്തെ നിർവചിച്ച സാമൂഹികചരിത്രങ്ങളിൽ നിന്നും കുതറിമാറാനായാണ് കുറേക്കൂടി മെച്ചപ്പെട്ട വാക്കുകൾ തേടി ഞാൻ ക്വിയർ, നോൺ ബൈനറി എന്നൊക്കെ എൻ്റെ ശരീരത്തെ അടയാളപ്പെടുത്താൻ തുടങ്ങിയത്. ഈ വാക്കുകൾ എൻ്റെ ശരീരത്തെയും എൻ്റെ അനുഭവങ്ങളെയും പൂർണ്ണാർത്ഥത്തിൽ പ്രകാശിപ്പിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. ചിലപ്പോൾ ഈ പേരുകളെ എൻ്റെ ശരീരം  തോൽപ്പിക്കുന്നു. ജീവിതത്തെ മൊത്തമായി പിടിച്ചുകെട്ടാൻ പോന്ന ഭാഷയൊന്നും നമ്മൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.  

നോൺ- ബൈനറി, ക്വിയർ എന്നിങ്ങനെ ഞാൻ എന്നെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന വാക്കുകളെ ഞാൻ ചിലപ്പോൾ അഴിക്കാൻ മുതിരാറുണ്ട്. ഈ അഴിക്കൽ സംഭവിക്കുന്നത് പെട്ടന്നല്ല. കുറെ കാലങ്ങളായി ഈ വാക്കുകളുമായി എൻ്റെ ശരീരം നടത്തുന്ന അഭിമുഖീകരണങ്ങളിൽ നിന്നാണത് സംഭവിക്കുന്നത്. എന്റെ ശരീരത്തിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ലിംഗത്വത്തിൻ്റെ മേലാടകളെ നിരസിക്കാൻ കഴിയുന്ന ഒരു ഭാഷ ഈ വാക്കുകൾ എനിക്ക് നിശ്ചയമായും നൽകുന്നുണ്ട്. ആൺ, പെൺ സ്വത്വങ്ങൾക്കുള്ളിൽ സുഖകരമായി ഉൾക്കൊള്ളാൻ കഴിയാത്ത എൻ്റെ ശരീരത്തെ ആവിഷ്കരിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണീ വാക്കുകൾ. അങ്ങനെയെങ്കിലും  ഞാൻ എന്നെ നോൺ-ബൈനറി/ക്വിയർ എന്ന് വിളിക്കുമ്പോൾ എന്താണ് കൃത്യമായി വെളിപ്പെടുന്നത്?  ഈ പേരിടൽ ഒളിച്ചുവെക്കുന്നത് എന്താണ്? ഈ ചോദ്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.  

ലേബലുകളുമായുള്ള എന്റെ ബന്ധം ലളിതമല്ല. സംശയങ്ങളുടെയും അസ്വസ്ഥതകളുടെയും വൈരുദ്ധ്യങ്ങളുടെയും കൂടി ബന്ധമാണത്. ഈ വാക്കുകളുടെ രാഷ്ട്രീയ സാധ്യതകൾ ഞാൻ തിരിച്ചറിയുന്നു. അതേസമയം ഞാൻ അവയുടെ പരിമിതികളെയും പ്രശ്നങ്ങളെയും കൂടി മുന്നിൽക്കാണുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോൾ നമ്മളെയാകെ നിർവചിക്കുന്നെന്ന് വിശ്വസിക്കുന്ന സ്വത്വ സൂചകങ്ങളോട് നമ്മൾ വിമർശനാത്മകമായി ഇടപെടേണ്ടതുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ, കള്ളികൾക്കു പുറത്താണ് സ്വാതന്ത്ര്യം എന്ന് നമുക്ക് തിരിച്ചറിയാനാകൂ. പുതിയ വാക്കുകൾ കണ്ടെത്തി നമ്മളുടെ ശരീരങ്ങളെയും അനുഭവങ്ങളെയും അതിനുള്ളിൽ പെടുത്തുന്നത് എപ്പോഴും വിമോചനാത്മകമകണമെന്നില്ല. ഇക്കഴിഞ്ഞ കാലങ്ങളിൽ, ഈ പേരുകൾക്ക് താത്കാലിക ഉപയോഗം മാത്രമാണുള്ളത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. 

കേരളത്തിൽ ആദ്യമായി ഗേ സ്വത്വം തുറന്നുപറഞ്ഞ കിഷോർ കുമാര്‍. കിഷോറിൻ്റെ സ്വത്വാനേഷ്ണങ്ങളിൽ വലിയ പങ്കുവഹിച്ചത് അമേരിക്കയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്രയും അവിടുത്തെ ജീവിതവുമാണ്.
കേരളത്തിൽ ആദ്യമായി ഗേ സ്വത്വം തുറന്നുപറഞ്ഞ കിഷോർ കുമാര്‍. കിഷോറിൻ്റെ സ്വത്വാനേഷ്ണങ്ങളിൽ വലിയ പങ്കുവഹിച്ചത് അമേരിക്കയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്രയും അവിടുത്തെ ജീവിതവുമാണ്.

ലൈംഗികതയെയും ലിംഗത്വത്തെയും മുൻനിർത്തിയുള്ള വ്യവഹാരങ്ങൾ ശരീരങ്ങളെയും കാമനകളെയും അടയാളപ്പെടുത്താനും വിശദീകരിക്കാനും കുറേയധികം പദങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, പാൻ സെക്ഷ്വൽ, ട്രാൻസ്ജെൻഡർ, നോൺ ബൈനറി, ക്വിയർ... എന്നിങ്ങനെ ഈ പേരുകൾ പെരുകിക്കൊണ്ടിരിക്കുന്നു. ഓരോ പേരിനും കൃത്യമായ ചരിത്രവുമുണ്ട്.

കേരളത്തിൻ്റെ സന്ദർഭത്തിലേക്ക്, ഈ വാക്കുകൾക്ക് വേരോട്ടം കിട്ടുന്നത് രണ്ടായിരങ്ങളിൽ സംഭവിക്കുന്ന ലൈംഗികതയെയും ലിംഗത്വത്തെയും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയവത്കരണ ശ്രമങ്ങളോട് കൂടെയാണ്. എയ്ഡ്സ് പ്രതിരോധ പരിപാടികളുടെ ഭാഗമായി പ്രചരിക്കപ്പെട്ട MSM പോലുള്ള വർഗീകരണ വിഭാഗങ്ങൾക്കുപകരം ഗേ, ട്രാൻസ്ജെൻഡർ തുടങ്ങിയ സ്വത്വ സൂചകപദങ്ങൾ ഇക്കാലത്ത് സ്വീകരിക്കപ്പെടുന്നുണ്ട്. 

20-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും HIV / എയ്ഡ്‌സ് ആക്ടിവിസവുമായും NGO ശൃംഖലകളുടെ വികാസവുമായും ഈ പദങ്ങൾ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. പൊതുജനാരോഗ്യ ഇടപെടലുകൾക്ക് "അപകടസാധ്യതയുള്ള"തായി കണക്കാക്കപ്പെടുന്ന ശരീരങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. MSM (പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ), ട്രാൻസ്‌ജെൻഡർ, ലൈംഗികത്തൊഴിലാളി തുടങ്ങിയ വിഭാഗങ്ങൾ ഈ ഘട്ടത്തിൽ സ്ഥിരപ്പെടുകയുണ്ടായി. ഇതുവഴി ശരീരങ്ങളെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും മെരുക്കാനും കഴിയും. ഈ പ്രക്രിയയിൽ, ലിംഗത്വത്തിൻ്റെയും ലൈംഗികതയുടെയും അനിശ്ചിതവും അസ്ഥിരവുമായ രൂപങ്ങൾ ഭരണപരമായി തിരിച്ചറിയാവുന്ന സാമുദായികരൂപങ്ങളായി ഏകീകരിക്കപ്പെട്ടു.

നിലവിലുള്ള ലിംഗാതീത ശരീരങ്ങളെ ഭരണകൂടത്തിന് വായിക്കാൻ കഴിയുന്ന ഒരു സാമൂഹിക വിഭാഗമായി സൃഷ്ടിക്കുന്നതിൽ രണ്ടായിരങ്ങളിൽ സംഭവിക്കുന്ന രാഷ്ട്രീയ സംഘാടനങ്ങൾ പങ്കാളികളായി. ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ, പിയർ എഡ്യൂക്കേറ്റർ സിസ്റ്റങ്ങൾ, ഐഡന്റിറ്റി കാർഡുകൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ, പുനരധിവാസ പദ്ധതികൾ എന്നിവ ചിതറിക്കിടക്കുന്ന ശരീരാവിഷ്‌കാരങ്ങളെ ഭരണത്തിന് ലഭ്യമായ സ്ഥിരതയുള്ള ശരീരങ്ങളാക്കി മാറ്റി. ഈ പ്രക്രിയയിലൂടെ, ദൃശ്യത, അവകാശങ്ങൾ, ആരോഗ്യം, അംഗീകാരം എന്നിവയുടെ ഭാഷകളുമായി ഈ ശരീരങ്ങൾ ബന്ധപ്പെട്ടു. ഭരണത്തിന് എപ്പോഴും സ്ഥിരതയുള്ളതും അളക്കാവുന്നതും പ്രവചിക്കാവുന്നതുമായ വിഭാഗങ്ങൾ ആവശ്യമാണ്. ‘ട്രാൻസ്‌ജെൻഡർ’ എന്ന വിഭാഗത്തെ നിർവചിക്കാനുള്ള നിരന്തരമായ ഭരണകൂട ശ്രമങ്ങൾ ഇതിൻ്റെ തുടർച്ചയിലാണ് സംഭവിക്കുന്നത്. ഗേ,ലെസ്ബിയൻ തുടങ്ങിയ പദങ്ങളുടെ രാഷ്ട്രീയവത്കരണവും ഇതിനോട് സമാന്തരമായി സംഭവിക്കുന്നുണ്ട്.  

ലിംഗ വർഗ്ഗീകരണം, സ്വത്വരാഷ്ട്രീയം, നിയമപരമായ അംഗീകാരം, സ്വയംനിർണ്ണയത്തിനായുള്ള പോരാട്ടങ്ങൾ എന്നിവയുടെ പ്രത്യേക ചരിത്രങ്ങളാണ് നോൺ-ബൈനറിയുടെ പ്രചാരത്തിന് കാരണമായത്. പുരോഗമനപരമായ സ്വത്വ സൂചകമായി നോൺ ബൈനറി പയ്യെ സ്വീകരിക്കപ്പെട്ടു. നോൺ- ബൈനറി എന്ന വാക്കിന്റെ സമകാലിക ആഗോള പ്രചാരം പലപ്പോഴും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുള്ള, ഉന്നത വിദ്യാഭ്യാസം നേടിയ, നഗരജീവിതമുള്ള ഉപരിവർഗ്ഗനിലകളുമായും രാഷ്ട്രീയ കൂട്ടായ്മകളുമായുള്ള പ്രവേശനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ വാക്ക് എളുപ്പത്തിൽ  ലഭ്യമാകുന്നത് ഏത് ശരീരങ്ങൾക്കാണ്? ആർക്കാണ് ഈ വാക്കിൽ സുഖകരമായി തങ്ങാൻ കഴിയുന്നത്? ഈ അസമമായ സാഹചര്യങ്ങളിൽ എനിക്ക് പ്രത്യേക താൽപ്പര്യമുണ്ട്. ആർക്കാണ് അവരുടെ ശരീരത്തെ വിശദീകരിക്കാൻ ആവശ്യമായ ഭാഷ ലഭ്യമാകുന്നത്? സർവ്വനാമങ്ങളെ കുറിച്ചും തുറന്നുപറച്ചിലുകളെക്കുറിച്ചുമുള്ള സംഭാഷണങ്ങളിൽ ആർക്കാണ് പങ്കെടുക്കാൻ കഴിയുക? ഈ ആശയങ്ങളെ സ്വീകരിക്കാനും, വിശദീകരിക്കാനും, പ്രതിരോധിക്കാനും ആർക്കാണ് വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വിഭവങ്ങൾ ഉള്ളത്?

നേഹ ബോറയുടെ നോൺ ബൈനറി പ്രഖ്യാപനത്തെ വലതുപക്ഷ ഹിന്ദുത്വം വ്യക്ത്യധിക്ഷേപത്തിനായി ഉപയോഗിക്കുമ്പോൾ ഇടത് - പുരോഗമന ഇടങ്ങൾ ഇതിനെ പ്രതിരോധിക്കുന്നത് നേഹ ബോറ ട്രാൻസ് ജെൻഡറല്ലെന്ന് ഊന്നിപ്പറഞ്ഞും നോൺ ബൈനറിയും ട്രാൻസ് ജെൻഡറും തമ്മിലുള്ള വ്യത്യാസങ്ങൾ എണ്ണമിട്ട് നിരത്തിയുമാണ്.
നേഹ ബോറയുടെ നോൺ ബൈനറി പ്രഖ്യാപനത്തെ വലതുപക്ഷ ഹിന്ദുത്വം വ്യക്ത്യധിക്ഷേപത്തിനായി ഉപയോഗിക്കുമ്പോൾ ഇടത് - പുരോഗമന ഇടങ്ങൾ ഇതിനെ പ്രതിരോധിക്കുന്നത് നേഹ ബോറ ട്രാൻസ് ജെൻഡറല്ലെന്ന് ഊന്നിപ്പറഞ്ഞും നോൺ ബൈനറിയും ട്രാൻസ് ജെൻഡറും തമ്മിലുള്ള വ്യത്യാസങ്ങൾ എണ്ണമിട്ട് നിരത്തിയുമാണ്.

ഇംഗ്ലീഷ് സംസാരിക്കുന്ന, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ, ഡിജിറ്റൽ, ബൗദ്ധിക ശൃംഖലകളിലേക്കുള്ള പ്രവേശനമുള്ള ഒരു വ്യക്തിക്ക് സ്വയം തിരിച്ചറിയുന്നതിനും താരതമ്യേന എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും ഉപയോഗമുള്ള പദാവലിയായി നോൺ- ബൈനറി മാറുന്നു. എന്നാൽ ജാതി അടിസ്ഥാനമാക്കിയുള്ള അധ്വാനം, സാമ്പത്തിക അരക്ഷിതാവസ്ഥ, പരിമിതമായ വിദ്യാഭ്യാസ പ്രവേശനം, ഭാഷാപരമായ അരികുവൽക്കരണം എന്നിവയിലൂടെ ജീവിതം ക്രമീകരിച്ചിരിക്കുന്ന ഒരാൾക്ക് ഈ വ്യവഹാരങ്ങളിൽ എന്ത് സംഭവിക്കും? ഈ പദാവലി ഉപയോഗിക്കാനുള്ള അവരുടെ കഴിവില്ലായ്മയോ മനസ്സില്ലായ്മയോ അവരുടെ ലിംഗപരമായ അനുഭവത്തെ അസാധുവാക്കുന്നുണ്ടോ? അല്ലെങ്കിൽ ഇതേ വാക്കുകൊണ്ടാണോ അവരുടെ ശരീരത്തെയും അടയാളപ്പെടുത്തേണ്ടത്?  

ആൺ - പെൺ കള്ളികളിൽ തന്നെ ട്രാൻസ് ജെൻഡർ ശരീരങ്ങൾ കുടുങ്ങിക്കിടക്കുന്നതിനാൽ നോൺ-ബൈനറി ഈ ദ്വന്ദ്വങ്ങൾക്കെല്ലാം അതീതമായ ആദർശ സ്ഥാനമായി പുരോഗമന വ്യവഹാരങ്ങളിൽ സ്വീകരിക്കപ്പെടുന്നുണ്ട്.

നേഹ ബോറയെ കേന്ദ്രീകരിച്ചുള്ള പുതിയ ചർച്ചകളിൽ ഈ കേന്ദ്രീകരണം മറ്റൊരു നിലയിൽ കാണാം. നേഹ ബോറയുടെ നോൺ ബൈനറി പ്രഖ്യാപനത്തെ വലതുപക്ഷ ഹിന്ദുത്വം വ്യക്ത്യധിക്ഷേപത്തിനായി ഉപയോഗിക്കുമ്പോൾ ഇടത് - പുരോഗമന ഇടങ്ങൾ ഇതിനെ പ്രതിരോധിക്കുന്നത് നേഹ ബോറ ട്രാൻസ് ജെൻഡറല്ലെന്ന് ഊന്നിപ്പറഞ്ഞും നോൺ ബൈനറിയും ട്രാൻസ് ജെൻഡറും തമ്മിലുള്ള വ്യത്യാസങ്ങൾ എണ്ണമിട്ട് നിരത്തിയുമാണ്. ഈ നീക്കം ഫലത്തിൽ സ്വത്വങ്ങൾക്കിടയിലെ ബന്ധങ്ങളെയും വിനിമയങ്ങളെയും ഒളിച്ചുവെക്കുന്നു. കഡ്ജി അമീൻ ലിംഗ ലൈംഗിക സ്വത്വങ്ങൾ പരസ്പരം പിരിയുന്ന സാഹചര്യങ്ങളെ വിശദമായി വിശകലനം ചെയ്യുന്നുണ്ട്.

1990-കൾക്കുമുന്നേ വ്യത്യസ്ത ലിംഗത്വരൂപങ്ങളും ലൈംഗിക പ്രകടനങ്ങളും വിശാലമായ സ്വവർഗ്ഗലൈംഗിക വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്. സ്ട്രീറ്റ് ക്വീനുകൾ, ഡ്രാഗ് ക്വീനുകൾ, ബുച്ച് എന്നിവരെയെല്ലാം സ്വവർഗ്ഗാനുരാഗികളായാണ് മനസ്സിലാക്കിയിരുന്നത്. ലിംഗത്വം, വംശം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ സാമൂഹിക അപമാനങ്ങളാണ് ഇക്കൂട്ടർ അനുഭവിച്ചിരുന്നത്. 1970-കളിൽ, സ്വവർഗ്ഗാനുരാഗ പ്രസ്ഥാനം ലിംഗത്വം പാലിക്കുന്ന സാമൂഹികമായി ബഹുമാന്യരായ സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് കൂടുതൽ പരിഗണന നൽകി. ഇതോടെ, ലിംഗത്വത്തിന്റെ അതിരുകളെ ചോദ്യംചെയ്തു ജീവിച്ച ശരീരങ്ങൾ- പ്രത്യേകിച്ച് ദരിദ്രരും വംശീയമായി വിഭജിക്കപ്പെട്ടതുമായ ശരീരങ്ങൾ- അരികുകളിലേക്ക് തള്ളപ്പെട്ടു. 

1973-ൽ സിൽവിയ റിവേര നടത്തിയ പ്രസംഗത്തെക്കുറിച്ച് അമീൻ പ്രത്യേകം ചർച്ച ചെയ്യുന്നു. സ്വവർഗ്ഗാനുരാഗികളുടെ വിമോചനത്തിനായി പോരാടിയ സ്ട്രീറ്റ് ക്വീനുകൾക്ക് അംഗീകാരം നൽകണമെന്ന് റിവേര ആവശ്യപ്പെട്ടു. പക്ഷെ , ഉയർന്നുവന്ന  സ്വവർഗ്ഗാനുരാഗ പ്രസ്ഥാനത്തിൽ നിന്ന് ഈ ശരീരങ്ങൾ പുറത്താക്കപ്പെട്ടു. ലിംഗത്വത്തിന്റെ നിശ്ചിത അതിരുകളെ ചോദ്യം ചെയ്ത ശരീരങ്ങളെ ഗേ സ്വത്വത്തിൽ നിന്നും വേർപെടുത്തിയത് പ്രത്യേകമായുള്ള ട്രാൻസ് സംഘാടനങ്ങൾക്കായുള്ള രാഷ്ട്രീയ സാധ്യതകൾ സൃഷ്ടിച്ചു. അതോടൊപ്പം തന്നെ, ഈ നീക്കം മുഖ്യധാരാക്വിയർ രാഷ്ട്രീയത്തെ ദാരിദ്ര്യം, തെരുവ് സംസ്കാരം, ലൈംഗിക തൊഴിൽ, വംശീയവ്യത്യാസങ്ങൾ എന്നിവയിൽ നിന്ന് അകറ്റി നിർത്താനും അനുവദിച്ചെന്ന് അമീൻ വാദിക്കുന്നു.  

ട്രാൻസ്ജെൻഡർ ഒരു കുടവാക്കായാണ് മനസ്സിലാക്കപ്പെടുന്നത്. ആൺ- പെൺ ദ്വന്ദ്വങ്ങളെ മറികടന്നുള്ള ചലനമാണ് ട്രാൻസ്നെസ്സ്. നോൺ-ബൈനറിയിലും ഇതേ ചലനമാണുള്ളത്. പക്ഷേ ഈ ചലനങ്ങൾ ഭരണകൂടത്തെ ചൊടിപ്പിക്കും. ഭരണാവശ്യങ്ങൾക്ക് വർഗീകരണ യോഗ്യമായ ശരീരങ്ങൾ പ്രധാനമാണ്. ഹിന്ദുത്വ ഭരണകൂടം  ട്രാൻസ്ജെൻഡർ മനുഷ്യരുടെ അവകാശ സംരക്ഷണ നിയമങ്ങൾക്കുമേൽ നടത്തിയ ഭേദഗതി ഈ പിരിമുറുക്കങ്ങളെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ട്രാൻസ്ജെൻഡർ എന്താണ് എന്നതിനെപ്പറ്റി കൃത്യമായ ഒരു നിർവചനം നൽകാനാണ് ഭേദഗതി ആദ്യം ശ്രമിക്കുന്നത്. നിർവചനങ്ങൾ എപ്പോഴും പുറന്തള്ളലുകളുടേതാണ്. നിലവിൽ ട്രാൻസ്ജെൻഡർ എന്ന വാക്കിനെ കേന്ദ്രീകരിച്ചുള്ള നിർവചനങ്ങൾ അവ്യക്തവും വിശാലവുമായതിനാൽ ഭരണപരമായ ആവശ്യങ്ങളും ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നത് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന  ന്യായം അവതരിപ്പിച്ചാണ് ട്രാൻസ്ജെൻഡറിന്റെ അർത്ഥത്തെ പുതിയ നിയമം ചുരുക്കുന്നത്.

പഴയ നിയമപ്രകാരം ട്രാൻസ്ജെൻഡർ ലിംഗപരമായ എല്ലാത്തരം വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന മട്ടിലാണ് നിർവചിക്കപ്പെട്ടിരുന്നത്. സാംസ്കാരിക രൂപങ്ങളായ ഹിജ്റ, കിന്നര, ശിവശക്തി, ജോഗപ്പ തുടങ്ങിയവയും മിശ്രലിംഗാവസ്ഥയും നോൺ- ബൈനറി ഉൾപ്പെടെയുള്ള ലിംഗത്വത്തിന്റെ വ്യത്യസ്തമായ ആവിഷ്കാരങ്ങളും ട്രാൻസ്ജെൻഡറിന്റെ പരിധിയിൽ പെടുമായിരുന്നു. സാമാന്യ ബോധത്തിനുള്ളിൽ ട്രാൻസ്ജെൻഡർ എന്നത്  ട്രാൻസ് സ്ത്രീ,  ട്രാൻസ് പുരുഷൻ എന്ന നിലയിൽ മാത്രമാണ് മനസ്സിലാക്കപ്പെടുന്നത്. പക്ഷേ, ഈ നിർവചനങ്ങളെ മറികടക്കുന്ന ജീവിതം ട്രാൻസ്ജെൻഡറിനുണ്ട്.

1973-ൽ സിൽവിയ റിവേര നടത്തിയ പ്രസംഗത്തെക്കുറിച്ച് അമീൻ പ്രത്യേകം ചർച്ച ചെയ്യുന്നു. സ്വവർഗ്ഗാനുരാഗികളുടെ വിമോചനത്തിനായി പോരാടിയ സ്ട്രീറ്റ് ക്വീനുകൾക്ക് അംഗീകാരം നൽകണമെന്ന് റിവേര ആവശ്യപ്പെട്ടു.
1973-ൽ സിൽവിയ റിവേര നടത്തിയ പ്രസംഗത്തെക്കുറിച്ച് അമീൻ പ്രത്യേകം ചർച്ച ചെയ്യുന്നു. സ്വവർഗ്ഗാനുരാഗികളുടെ വിമോചനത്തിനായി പോരാടിയ സ്ട്രീറ്റ് ക്വീനുകൾക്ക് അംഗീകാരം നൽകണമെന്ന് റിവേര ആവശ്യപ്പെട്ടു.

അപമാനപദങ്ങളെ രാഷ്ട്രീയമായി സ്വയം ആവിഷ്കരിക്കാൻ ഉപയോഗിക്കുന്നതിൻ്റെ ചരിത്രം ലൈംഗികചരിത്രങ്ങളിലുണ്ട്. ക്വിയർ എന്ന വാക്ക് സ്വവർഗാനുരാഗികളെ അധിക്ഷേപിക്കാനായാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയ മൂല്യമുള്ള വാക്കായി ക്വിയർ മാറുന്നത് പിൽക്കാലത്താണ്. ക്വിയർ എന്ന വാക്കിൻ്റെ വംശീയ ചരിത്രങ്ങളെ മുൻനിർത്തി ഇ.പി. ജോൺസണെ പോലെയുള്ള പണ്ഡിതർ ‘ക്വയർ’ പോലുള്ള പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയുടെയും കേരളത്തിൻ്റെയും പ്രത്യേക സന്ദർഭങ്ങൾക്കുള്ളിൽ യൂറോ- അമേരിക്കൻ ചരിത്രങ്ങളുള്ള വാക്കുകൾ എത്രത്തോളം പ്രസക്തമാണ്? ഈ പദാവലികൾ സാർവത്രിക മൂല്യമുള്ളതാകുന്നത് എങ്ങനെയാണ്? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കാവുന്നതാണ്.

ലൈംഗികതയെയും ലിംഗത്വത്തെയും മുൻനിർത്തിയുള്ള ആധുനികസ്വത്വരൂപങ്ങൾ ചരിത്രപരമായി രൂപപ്പെട്ടതും സാംസ്കാരികമായി നിർദ്ധിഷ്ഠവുമാണ്. ഇന്ത്യയിലെ സ്വവർഗ്ഗകാമനകളെക്കുറിച്ചുള്ള ആലോചനകളിൽ ശാരീരികാടുപ്പങ്ങളെ സൂചിപ്പിക്കുന്ന ഭാഷാരൂപങ്ങൾ പലപ്പോഴും ആധുനികമായ ലൈംഗിക-ലിംഗ സ്വത്വങ്ങളിലേക്ക് ചേരുന്നില്ലെന്ന് നിരീക്ഷണങ്ങളുണ്ട്. അക്ഷയ് ഖന്നയുടെയും അഖിൽ കത്യാലിൻ്റെയും പഠനങ്ങൾ ഉദാഹരണങ്ങളാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് പല സംസ്കാരങ്ങളെയും പോലെ ഇന്ത്യയിലും ലൈംഗികതയെ മുൻനിർത്തിയുള്ള സ്വവർഗ്ഗലൈംഗികത, ദ്വിവർഗ്ഗലൈംഗികത സങ്കൽപ്പങ്ങൾ ബാധകമല്ലെന്ന് ജെറമി സീബ്രൂക്ക് നിരീക്ഷിക്കുന്നുണ്ട്. ലോകത്തെ മുഴുവൻ  സ്വന്തം പ്രതിച്ഛായയിലും പദങ്ങളിലും പുനർവ്യാഖ്യാനിക്കാനുള്ള യൂറോപ്യൻ ശ്രമങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ട് 'സ്വവർഗാനുരാഗ വിമോചനം' പോലുള്ള ആശയങ്ങൾ പോലും വിമോചന മുദ്രാവാക്യങ്ങളായിട്ടല്ല, മറിച്ച് കൊളോണിയലിസത്തിന്റെ പുതിയ രൂപങ്ങളായും നിയന്ത്രണത്തിന്റെ വാഹനങ്ങളായും പ്രവർത്തിക്കുന്നെന്ന് സീബ്രൂക്ക് വാദിക്കുന്നു.  

എൻ്റെ ജീവിത സാഹചര്യത്തോടും ഭാഷാ/പ്രദേശ ചരിത്രങ്ങളോടും ചേരുന്ന ഒരു വാക്കെന്ന നിലയിൽ എനിക്ക് രാമൻകല്യാണിയെ ഏറ്റെടുക്കാൻ പറ്റുമോ? ഒരു അധിക്ഷേപ വാക്കെന്ന നിലയിലല്ലാത്ത ജീവിതം രാമൻകല്യാണിക്കുണ്ടോ? യൂറോ-അമേരിക്കൻ സൂചകങ്ങൾ കൊണ്ട് വിശദീകരിക്കപ്പെട്ടാൽ മാത്രമേ എൻ്റെ അനുഭവങ്ങൾക്ക് സാധുത കിട്ടുകയുള്ളൂ എന്നുണ്ടോ?  

യൂറോ-കേന്ദ്രിത ചരിത്രമുള്ള സ്വത്വരൂപങ്ങളിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുമ്പോൾ മാത്രമാണ് വാക്കുകൾ രാഷ്ട്രീയമായി അർത്ഥവത്തായി മാറുന്നത് എന്ന ആശയത്തെ ചെറുക്കാൻ ഞാൻആഗ്രഹിക്കുന്നു.  

ഞാൻ നോൺ ബൈനറിയാണ്. പക്ഷേ, നോൺ ബൈനറി മാത്രമല്ല ഞാൻ. എന്റെ ശരീരത്തിന് വേറെയും ചരിത്രങ്ങളുണ്ട്. അതിന് വേറെയും പേരുകളുണ്ട്. ഈ പേരുകൾ എനിക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തേക്കില്ല. പക്ഷേ ഞാൻ ജീവിച്ച വളരെ മൂർത്തമായ ലോകത്തെക്കുറിച്ച് അവ ചിലത് പറയുന്നുണ്ട്.  

നോൺ-ബൈനറിക്കും ക്വിയറിനും എൻ്റെ ശരീരം അർത്ഥവത്താക്കാൻ സഹായിച്ച ചരിത്രങ്ങളെ ഉൾകൊള്ളാൻ കഴിയുമോ എന്നതാണ് ചോദ്യം. എൻ്റെ ശരീരം നോൺ ബൈനറിയേക്കാൾ കൂടുതലാണ്. എൻ്റെ ശരീരം കൂടുതൽ രാമൻകല്ല്യാണിയാണ്.  

എൻ്റെ ശരീരം എല്ലാ നിർവചനങ്ങൾക്കും കുറുകെ നീങ്ങുന്നു. സ്വാതന്ത്യം എപ്പോഴും ഈ കള്ളികൾക്ക് പുറമേയാണ്.


Summary: Aadhi writes about identities beyond non-binary and queer, exploring the histories that shape their body and identity.


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments