""ചില ഡോക്ടർമാരുടെ മൊറാലിറ്റി നമ്മുടെ ജീവിതത്തെയും ഭാവിയേയും നിർണയിക്കുന്ന സാഹചര്യം എത്ര ഭീകരമാണ്. മെഡിക്കൽ അഡ്‌വൈസ് നൽകുന്നതിനെക്കാൾ ഞങ്ങളിൽ കുറ്റബോധം സൃഷ്ടിക്കാനായിരുന്നു ഡോക്ടർമാർ നിരന്തരം ശ്രമിച്ചത്. ഇത് ശരിക്കും ഞങ്ങളെ ഉലച്ചു കളഞ്ഞു.'' ഗർഭധാരണം നടന്നെന്ന സംശയത്തിൽ സ്വകാര്യ ഹോസ്പിറ്റലുകൾ കയറിയറങ്ങി, അവിവാഹിതയാണെന്ന് വെളിപെടുത്തിയതിനാൽ ഡോക്ടറെ പോലും കാണാനാവാതെ മടങ്ങേണ്ടി വന്ന എറണാകുളം സ്വദേശി വൃന്ദ (പേര് യഥാർത്ഥമല്ല) പറയുന്നു.
2021 മാർച്ച് 25-ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ആക്ട് പ്രകാരം രാജ്യത്തെ അബോർഷൻ നിയമങ്ങൾ ഉദാരമാക്കിയെങ്കിലും, പ്രായോഗിക തലത്തിൽ മതപരവും, "ധാർമിക'വുമായ കാരണങ്ങളാൽ സ്വകാര്യ ആശുപത്രികളിൽ ഗർഭഛിദ്രം വ്യാപകമായി നിഷേധിക്കപ്പെടുകയാണ്. നേരത്തെ കോൺട്രാസെപ്റ്റീവ് ഫെയിലിയർ മൂലമുള്ള ഗർഭഛിദ്രത്തിന് വിവാഹബന്ധം ഒരു മാനദണ്ഡം ആയിരുന്നെങ്കിൽ പുതിയ ഭേദഗതി പ്രകാരം അബോർഷന്റെ കാര്യത്തിൽ വ്യക്തിയുടെ മാരിറ്റൽ പദവിക്ക് പ്രസക്തിയില്ല.
സെപ്റ്റിക് അബോർഷനുകൾ വർധിച്ച് രാജ്യത്ത് നിരവധി സ്ത്രീകൾ മരണപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു, ഗ്രാമപ്രദേശങ്ങളിൽ പ്രത്യേകിച്ചും. ഇത് തടയാനാണ് 1971-ൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് ആവിഷ്‌കരിച്ചത്. പരിശീലനം ലഭിച്ച ആളുകൾ മാത്രം ചെയ്യേണ്ടുന്ന, ശാസ്ത്രീയമായ സമീപനം വേണ്ടുന്ന ഒന്നായി അബോർഷനെ പരിവർത്തിപ്പിക്കാനായിരുന്നു ഇത്. അബോർഷൻ ചെയ്യാൻ ഫാർമസികളിൽ ഇന്ന് ടാബ്ലെറ്റുകൾ ലഭ്യമാണ്. ഗർഭഛിദ്രം കൂടുതൽ സുതാര്യമാക്കുന്നതിനാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്നത്.
മെഡിക്കൽ ടെക്‌നോളജിയിലുണ്ടായ പുരോഗതി ഉൾക്കൊണ്ടും അബോർഷൻ സേവനദാതാക്കൾക്കുള്ള നിബന്ധനകൾ ലഘൂകരിച്ചുമാണ് പുതിയ ഭേദഗതികൾ ആവിഷ്‌കരിച്ചത്. സ്വയംഭരണാധികാരം, സ്വകാര്യത, ഡിഗ്നിറ്റി എന്നിവ പണയപ്പെടുത്താതെ സുരക്ഷിതവും മേന്മയുള്ളതുമായ അബോർഷൻ സേവനങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കുക എന്നതാണ് എം.ടി.പി. ഭേദഗതിയുടെ ഉദ്ദേശ്യം.
എം.ടി.പി. ഭേദഗതിയിൽ ആവിഷ്‌കരിച്ച സുപ്രധാന മാറ്റങ്ങൾ
റേപ്, incest എന്നിവയിലൂടെ ഗർഭിണിയാകുന്ന സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും, പ്രായപൂർത്തിയാകാത്തവർക്കും അബോർഷൻ നടത്താനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചകളായി ഉയർത്തി.
20 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഒരു ഡോക്ടറുടെ അഭിപ്രായവും, 20-ന്റെയും 24-ആഴ്ചയുടെയും ഇടയിലാണെങ്കിൽ രണ്ട് ഡോക്ടർമാരുടെ അഭിപ്രായവും തേടിയാൽ മതി.
കുട്ടിക്ക് കാര്യമാത്രമായ സങ്കീർണതകൾ മെഡിക്കൽ ബോർഡിന് ബോധ്യപ്പെട്ടാൽ അബോർഷന്റെ സമയപരിധി കണക്കാക്കേണ്ടതില്ല.
സ്വകാര്യതാ നിബന്ധന. നിയമപരമായി ചുമതലപ്പെടുത്തിയവർക്കല്ലാതെ എം.ടി.പി. ചെയ്തവരുടെ പേരോ മറ്റു വിവരങ്ങളോ വെളുപ്പെടുത്തരുത്.
ഗർഭനിരോധനമാർഗങ്ങളുടെ പരാജയം മൂലം വേണ്ടിവരുന്ന അബോർഷനുകൾ വിവാഹിതരല്ലാത്തവർക്കും ബാധകമാക്കി. സ്ത്രീകളുടെ ആവശ്യപ്രകാരമുള്ള സുരക്ഷിതമായ ഗർഭഛിദ്രത്തിന് അവരുടെ മാരിറ്റൽ പദവി ഒരു മാനദണ്ഡമല്ല.
എന്നാൽ പ്രെഗ്നൻസി ടെസ്റ്റ് നടത്താനും, ഗർഭിണിയാണെങ്കിൽ അബോർട്ട് ചെയ്യാനും തീരുമാനിച്ചതിന് ശേഷം, രണ്ടു ദിവസങ്ങളിലായി എറണാകുളത്തെ നാല് സ്വകാര്യ ആശുപത്രികൾ സന്ദർശിക്കേണ്ടി വന്ന ദുരനുഭവമാണ് എറണാകുളത്ത് താമസിക്കുന്ന അവിഹാഹിതയായ വൃന്ദയുടേത്. ""പിരീയഡ് മിസ് ആയതിനെ തുടർന്നാണ് ഗർഭിണയാണെന്ന് സംശയം തോന്നിയത്. പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് വാങ്ങി പരിശോധിച്ചപ്പോൾ നെഗറ്റീവ് ആയിരുന്നെങ്കിലും വിദഗ്ധപരിശോധനക്കു ശേഷം തീർപ്പിലെത്താമെന്നായിരുന്നു കരുതിയത്. ആദ്യം സന്ദർശിച്ച ഹോസ്പിറ്റലിൽ തങ്ങൾ വിവാഹിതരല്ലെന്നും, ഗർഭിണിയാണെന്ന് പരിശോധിച്ച് അതേയെങ്കിൽ അബോർഷൻ ചെയ്യാനാണ് പദ്ധതിയെന്നും സ്വാഭാവികമായും സൂചിപ്പിച്ചു. അതിനുശേഷം പക്ഷെ ഞങ്ങളുമായി സഹകരിക്കാൻ അവർക്ക് യാതൊരു താൽപര്യവുമില്ലായിരുന്നു. ഡോക്ടറെ പോലും കാണാൻ കഴിഞ്ഞില്ലെന്നതാണ് യാഥാർത്ഥ്യം. ഫ്രന്റ് ഡെസ്‌കിലെ നഴ്‌സുമായി മാത്രമാണ് ഞങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെ പിന്നീട് പോയ ആശുപത്രികളിൽ ഞങ്ങൾ ഈ റിസ്‌ക് എടുക്കാൻ നിന്നില്ല. വിവാഹിതരാണ്, ഒരുമിച്ചെടുത്ത തീരുമാനമാണെന്നാണ് ഞങ്ങളവരോട് പറഞ്ഞത്. സത്യം പറഞ്ഞാൽ ഒരുപക്ഷെ ആദ്യം സംഭവിച്ചത് പോലെ ഡോക്ടറെ പോലും കാണാതെ മടങ്ങേണ്ടി വരുമെന്നായിരുന്നു ആശങ്ക.
ആദ്യം ദിവസം ഞങ്ങളിരുവരും ചേർന്ന് മൂന്ന് ഹോസ്പിറ്റലുകളാണ് സന്ദർശിച്ചത്. ഗർഭധാരണം സംഭവിച്ചോയെന്ന കാര്യത്തിൽ തീർച്ചയില്ലായിരുന്നു. അത് പരിശോധിക്കലായിരുന്നു ഉദ്ദേശ്യം. ഞങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന നഗരത്തിലെ ഹോസ്പിറ്റലുകളെ കുറിച്ച് വെബിൽ സെർച്ച് ചെയ്ത ശേഷം, 11 മണിയോടെ ഞങ്ങൾ പുറപ്പെട്ടു. ഹോസ്പിറ്റലിൽ രജിസ്റ്റർ ചെയ്തു, കൺസൾട്ടേഷൻ ഫീയും നൽകി ഹോസ്പിറ്റൽ കാർഡുമായി ഡോക്ടറെ കാണാൻ ചെന്നു. അവിടുത്തെ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തിരുന്ന റിസപ്ഷനിലുള്ള നഴ്‌സിനോട് സംസാരിച്ചു. പ്രെഗ്‌നന്റ് ആണോ എന്നവർ ചോദിച്ചു. ഞങ്ങൾക്ക് തീർച്ചയില്ലെന്നും, പരിശോധിച്ച് ഗർഭിണിയാണെന്നുണ്ടെങ്കിൽ തന്നെ ഞങ്ങൾക്ക് പ്രൊസീഡ് ചെയ്യാൻ താൽപര്യമില്ലെന്നും അറിയിച്ചു. ഇത്രയും പറഞ്ഞയുടൻ, ഇവിടുത്തെ ഡോക്ടർമാർ ഇത്തരം കേസ് എടുക്കാറില്ലെന്ന് അവർ ക്ഷമാപണം നടത്തി. ഗർഭധാരണത്തെക്കുറിച്ച് തീർച്ചപ്പെടുത്താനെങ്കിലും ഡോക്ടറെ കാണമെന്ന് പറഞ്ഞപ്പോൾ, "നിങ്ങൾ അബോർട്ട് ചെയ്യാൻ തീരുമാനിച്ച സ്ഥിതിക്ക് മറ്റെവിടെങ്കിലും പോകുന്നതായിരിക്കും നല്ലത്' എന്നായിരുന്നു അവരുടെ മറുപടി.
ഞങ്ങളുടെ അപേക്ഷയ്ക്ക് വഴങ്ങി ഡോക്ടറോട് അവർ വിഷയം അവതരിപ്പിക്കാൻ തയ്യാറായി. പരിശോധിക്കാനും, അബോർഷനുമായി മുന്നോട്ടു പോകാനും താൻ തയ്യാറാണ്, പക്ഷെ മാതാപിതാക്കളുടെയും, ഞങ്ങളുടെയും സമ്മതപത്രം വേണമെന്നായിരുന്നു ഡോക്ടർ മുന്നോട്ടു വെച്ച നിബന്ധന. എനിക്ക് 25 വയസ്സുണ്ട്, എന്നിരുന്നാലും അവർക്കാവശ്യം എന്റെ മാതാപിതാക്കളുടെ സമ്മതമായിരുന്നു. ഇത് കേട്ടപാതി അവിടെ നിന്ന് പോയാൽ മതിയായെന്നായി.''
അബോർഷൻ ആവശ്യപ്പെടുന്നവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നത് എം.ടി.പി. ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതം നിബന്ധനയായി അടിച്ചേൽപ്പിക്കുന്നത് പൗരാവകാശങ്ങൾക്ക് വിഘാതവുമാണ്. അബോർഷൻ പ്രക്രിയ ചെയ്യുമ്പോൾ സപ്പോർട്ടിന് ആളുവേണമെന്നത് യുക്തിസഹമാണെങ്കിലും, ഇതിനെ വക്രീകരിച്ച് പൗരാവകാശത്തെ ലംഘിക്കുന്ന തരത്തിലുള്ള നിബന്ധനകൾ മുന്നോട്ടുവെക്കുന്നത് സ്വീകാര്യമല്ലെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്ധയും സാമൂഹ്യപ്രവർത്തകയുമായ ഡോ. എ.കെ. ജയശ്രീ പറയുന്നു. ""രക്തം ഉൾപ്പടെ പല ആവശ്യങ്ങൾ വേണ്ടി വന്നേക്കാമെന്നതിനാൽ ഇത്തരം പ്രൊസീജ്യേസ് ചെയ്യുമ്പോൾ കൂടെ ഒരാൾ സപ്പോർട്ടിന് വേണം. അതുപക്ഷെ അച്ഛനോ, അമ്മയോ, ഭർത്താവോ ആയിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. 18 വയസ്സിന് മുകളിലുള്ള ആളാണെങ്കിൽ മാതാപിതാക്കളുടേയോ മറ്റോ കൺസെന്റ് ആവശ്യമില്ല.''
അവിവാഹിതയാണെന്ന് വെളിപ്പെടുത്തിയപ്പോൾ നേരിട്ട ദുരനുഭവം കാരണം ഈ വിവരം മറച്ചുവെച്ചാണ് പിന്നീടുള്ള ആശുപത്രികളിൽ കാര്യം അവതരിപ്പിച്ചതെന്ന് വൃന്ദ പറയുന്നു. ""അടുത്തതായി ഞങ്ങൾ ചെന്ന ഹോസ്പിറ്റലിലും രജിസ്‌ട്രേഷൻ പരിപാടികളൊക്കെ പൂർത്തിയാക്കിയ ശേഷമാണ് ഡോക്ടറെ കാണാൻ ചെന്നത്. നല്ല തിരക്കായതിനാൽ കുറച്ചു നേരം കാത്തു നിന്നതിനു ശേഷം ഡോക്ടറെ കണ്ടു. അവിവാഹിതയാണെന്ന കാര്യം പറഞ്ഞില്ല. പ്രെഗ്‌നൻസിയുടെ കാര്യം തീർച്ചപ്പെടുത്തണമെന്നും, ഗർഭിണിയാണെങ്കിൽ അതുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും ഡോക്ടറെ അറിയിച്ചു. "ക്ഷമിക്കണം, അത് ഇവിടെ ചെയ്യാൻ പറ്റില്ലെന്നായിരുന്നു' അവരുടെ ആദ്യ പ്രതികരണം. എറണാകുളത്ത് വിവിധ മിഷനറികളുടെ കീഴിൽ പ്രവർത്തിക്കുന്ന നിരവധി സ്വകാര്യ ആശുപത്രികളുണ്ട്. അവരും പല ഡോക്ടർമാരും അബോർഷനെ അൺഎത്തിക്കൽ പ്രാക്ടീസ് ആയാണ് നിർവചിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ തന്റെ് പരിചയത്തിലുള്ള ഡോക്ടർമാരോ ഹോസ്പിറ്റലോ ഇതിന് തയ്യാറായേക്കില്ല എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. പ്രഗ്നൻസി തീർച്ചപ്പെടുത്താൻ ഒരു സ്‌കാൻ സജസ്റ്റ് ചെയ്യാൻ മാത്രമാണ് തന്നെ കൊണ്ട് കഴിയൂ എന്നവർ പറഞ്ഞു.
അടുത്ത ആശുപത്രിയിലും മറ്റിടങ്ങളിൽ ചെയ്തത് പോലെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ബില്ലടച്ചതിന് ശേഷം ഡോക്ടറെ കണ്ടു. മറ്റു രണ്ട് ഹോസ്പിറ്റലുകളിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഭേദപ്പെട്ട അനുഭവമായിരുന്നു അവിടുത്തേത്. ഞങ്ങളെ കേൾക്കാൻ ഡോക്ടർ തയ്യാറായി. പീരിയഡ് മിസ് ആയെങ്കിൽ ഗർഭിണിയായിരിക്കാൻ സാധ്യതയുണ്ടെന്നും, എന്നാൽ സ്‌കാനിന് ശേഷം മാത്രമേ തീർച്ചപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അബോർഷൻ പ്രോസസിനെ കുറിച്ചും ഞങ്ങളോട് വിശദമായി സംസാരിച്ചു. സർജിക്കൽ ആയി ചെയ്യുന്നതാണ് നല്ലതെന്നും മറ്റും പറഞ്ഞു. എന്നാൽ ഇതൊരു ക്രിസ്ത്യൻ ട്രസ്റ്റിന് കീഴിലുള്ള ഹോസ്പിറ്റൽ ആയതിനാൽ അബോർഷൻ ചെയ്യാൻ അനുവാദമില്ലെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. അദ്ദേഹം ഞങ്ങൾക്ക് മറ്റൊരു ഹോസ്പിറ്റൽ സജ്ജസ്റ്റ് ചെയ്യുകയും ചെയ്തു. നിയമപരമായി ആവശ്യമില്ലെങ്കിൽ കൂടി തിരിച്ചറിയൽ രേഖയടക്കം ഇതിനായി കരുതണമെന്നും, കത്ത് നൽകേണ്ടി വരുമെന്നും ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അബോർഷന് സൗകര്യം അന്വേഷിച്ചിറങ്ങപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികൾ തങ്ങളെ ശാരീരികമായി മാത്രമല്ല മാനസികമായും ബാധിച്ചെന്ന് വൃന്ദ പറയുന്നു. ""തുടർച്ചയായ ഹോസ്പിറ്റൽ സന്ദർശനം ഞങ്ങളെ വല്ലാതെ മടുപ്പിച്ചിരുന്നു. തിരികെ പോയി ഹോസ്പിറ്റലുകളിൽ വിളിച്ച് അന്വേഷിക്കാമെന്ന് തീരുമാനിച്ചു. ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പറ്റലിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചപ്പോൾ അടുത്ത ദിവസം അങ്ങോട്ടു പോവുകയായിരുന്നു. ഷോക്കിങ്ങ് ആയ കാര്യം എന്തായിരുന്നുവെന്നാൽ, ആദ്യപടി വൈദ്യോപദേശം തരാൻ ഉത്തരവാദിത്തപ്പെട്ട ഡോക്ടർമാർ, നിങ്ങൾ വിവാഹിതരാണോ? എന്തിനാണ് നിങ്ങളിത് ചെയ്യുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിച്ച് ജഡ്ജ് ചെയ്യാനും നമ്മുടെ യുക്തിയെ ചോദ്യം ചെയ്യാനുമാണ് ശ്രമിച്ചത്. ആരോഗ്യസംബന്ധിയായ ഒരു വിഷയത്തിൽ സമീപിച്ച ഡോക്ടർമാർ സഹായിക്കാതിരുന്നത് ശരിക്കും നിരാശപ്പെടുത്തി.
ഞങ്ങൾ പോയ ഹോസ്പിറ്റലുകളിലെല്ലാം തന്നെ, ഞാൻ ഗർഭിണിയാണോ എന്ന് സംശയമുണ്ട്, എനിക്ക് പരിശോധിക്കണം എന്ന് പറയുമ്പോൾ, "നിങ്ങൾ വിവാഹിതയാണോ' എന്ന ചോദ്യമാണ് ആദ്യം അഭിമുഖീകരിക്കേണ്ടി വന്നത്. "നിങ്ങൾ ഭർത്താവിനൊപ്പമാണോ?' "എപ്പഴായിരുന്നു വിവാഹം,' "നിങ്ങളുടെ മാതാപിതാക്കൾക്ക് ഈ കാര്യം അറിയാമോ' എന്നിങ്ങനെ തുടങ്ങി എന്റെ ആരോഗ്യാവസ്ഥയുമായി ബന്ധമില്ലാത്ത മടുപ്പിക്കുന്ന തുടർചോദ്യങ്ങളാണ് പുറകെ.
എന്റെ പാർട്‌ണറും ഞാനും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയത്. ഇൗ അനാവശ്യ സങ്കീർണതകൾ ഒഴിവാക്കാൻ മറ്റേതെങ്കിലും സംസ്ഥാനത്ത് പോയി ചികിത്സ ചെയ്യാമെന്ന് തീരുമാനിക്കുക പോലും ചെയ്തിരുന്നു ഞങ്ങൾ.''
സ്ത്രീകളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ മുൻധാരണകളും, അബോർഷനെ ടാബൂ ആയി ചിത്രീകരിക്കാനുള്ള പ്രവണതയും സ്ത്രീകൾക്ക് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടാൻ കാരണമാവുമെന്ന് ഡോ. ജയശ്രീ പറയുന്നു. ""സമൂഹത്തിന്റെ ക്രോസ്സെക്ഷനായിട്ടാണ് പ്രൊഫഷനൽസും വരുന്നത്. ഗവർമെന്റ് സംവിധാനത്തിൽ ഒരാളെ ജോലിക്കെടുക്കുമ്പോൾ അവർ ഇതൊക്കെ ചെയ്യാൻ ബാധ്യസ്ഥരാണ്, എന്നാൽ പ്രൈവറ്റ് ഡോക്ടർക്കും സ്ഥാപനത്തിനും ഇഷ്ടമുണ്ടെങ്കിൽ ചെയ്താൽ മതിയെന്നതാണ് സാഹചര്യം. സ്വകാര്യ ആശുപത്രികൾ അബോർഷൻ ചെയ്യാത്തതിന്റെ "ധാർമികത'യെ നമുക്ക് വിമർശിക്കാം, പക്ഷെ അവരതിന് നിയമപരമായി ബാധ്യസ്ഥരല്ലെന്നതാണ് യാഥാർത്ഥ്യം. വനിതാശിശു വികസനവകുപ്പ് അബോർഷനെ അവകാശമായി കാണിച്ചു കൊണ്ടുള്ള പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിന് താഴെ നൂറു കണക്കിനാൾക്കാരാണ് ഇതിനെ എതിർത്തു കൊണ്ട് കമന്റുകളിട്ടത്. അബോർഷൻ ചെയ്യുന്നവർ മോശക്കാരാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെടുന്നതും ഡോക്ടർമാരെ ബാധിക്കും. ഏതൊരു മെഡിക്കൽ പ്രൊസീജ്യറിനും റിസ്‌ക് ഉണ്ട്. അബോർഷൻ പോലെ "ധാർമികമായി തെറ്റായ' ഒരു കാര്യം ചെയ്ത് അതിൽ എന്തെങ്കിലും തരത്തിലുള്ള സങ്കീർണതകളുണ്ടായാലുണ്ടാകുന്ന ഭവിഷ്യത്ത് പേടിച്ചും ഡോക്ടർമാർ ഇതിന് താൽപര്യം കാണിക്കില്ല. ഡോക്ടർമാർക്ക് അബോർഷൻ ചെയ്യാതിരിക്കാനായി നിരത്താൻ നിരവധി ന്യായങ്ങൾ ഉന്നയിക്കാം. സ്ത്രീകൾ ഇതിനെ ചലഞ്ച് ചെയ്തുകൊണ്ടേയിരിക്കണം. ഡോക്ടർമാർ സ്വന്തം ഭാഗം സുരക്ഷിതമാക്കാനാണ് പലപ്പോഴും ശ്രമിക്കുക.
കേരളത്തിലുടനീളം ഫാമിലി പ്ലാനിങ്ങ് ക്ലിനിക്കുകളുണ്ട്. ആളുകൾ അവിടെ പോകാത്തതും ഒരു കുഴപ്പമാണ്. ആളുകളവിടെ പോയി ഇത് തങ്ങളുടെ അവകാശമാണെന്ന് സ്ഥാപിക്കുകയാണ് വേണ്ടത്. സർക്കാർ ആശുപത്രികളിലേക്കാണ് ഞാൻ ആളുകളെ റെഫർ ചെയ്യാറ്. ഗവർമെന്റിൽ ചെല്ലുമ്പോൾ അവിടത്തെ സൗകര്യക്കുറവും, പെരുമാറ്റവും, സ്വകാര്യതക്കുറവും കാരണം ആളുകൾ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് പോകും. സ്ത്രീകളുമായി ബന്ധപ്പെട്ട് നിർമിച്ച് പാലിക്കപ്പെട്ടു പോരുന്ന സ്റ്റീരോടൈപ്പുകളും, ബിംബങ്ങളുമാണ് അടിസ്ഥാനപരമായ പ്രശ്‌നം. അബോർഷൻ ചെയ്യുന്ന സ്ത്രീ മോശക്കാരിയല്ലെന്ന് ഉറപ്പിക്കാനുള്ള തത്രപാടാണ് ഈയൊരു പ്രക്രിയ മുഴുവനും.'' ഡോക്ടർ എ.കെ. ജയശ്രീ പറയുന്നു.
സമൂഹത്തിന്റെ വർഗീയവും, സങ്കുചിതവുമായ കാഴ്ചപ്പാടുകൾ ഗർഭഛിദ്രത്തെ വലിയതോതിൽ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ആഗോളതലത്തിൽ ആന്റി-അബോർഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നത്. സർക്കാർ ആശുപത്രികളിലും, അക്കാദമിക രംഗങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ട്. മെഡിക്കൽ കോളേജുകളിൽ പി.ജി. ചെയ്തവർ പോലും അബോർഷൻ ചെയ്യാനെത്തുന്നവരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയിൽ പി.ജി. ചെയ്ത പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവ ഡോക്ടർ തിങ്കിനോട് പ്രതികരിച്ചു. ""ഞാൻ സി.ആർ.ആർ.ഐ. (കമ്പൽസറി റോട്ടറി റെസിഡൻഷ്യൽ ഇന്റേർൺഷിപ്) ചെയ്യുന്ന സമയത്ത് എനിക്ക് മനസ്സിലായത് മിക്കവാറും ഡോക്ടർമാരും അബോർഷനെ ജീവൻ കളയുന്ന ഏർപ്പാടായാണ് കാണുന്നതെന്നാണ്. സ്റ്റെറിലൈസേഷൻ ചെയ്യാതെ ഗർഭിണിയായിട്ട് പരാതിയുമായി വരേണ്ടെന്ന ആറ്റിറ്റ്യൂടാണ് ഇവർക്ക്. സങ്കീർണതകളുണ്ടായാലുള്ള റിസ്‌ക് പേടിച്ചും ഇതിൽ നിന്ന് പിന്മാറുന്ന നിരവധി പേരാണുള്ളത്.'' പി.ജി.ഡോക്ടർ പറയുന്നു.
തൃശൂർ മെഡിക്കൽ കോളേജിൽ അബോർഷൻ ചെയ്യാനെത്തിയ 24-കാരിക്ക് എഴുതിയ കുറിപ്പടിയിൽ മാതാപിതാക്കളെ വിവരമറിയിക്കണമെന്ന് ഡോക്ടർ എഴുതിയത് വിവാദമായിരുന്നു.
അക്കാദമിക രംഗത്ത് ഗർഭഛിദ്രത്തെ മോശമായ രീതിയിൽ സമീപിക്കുന്ന പ്രവണത തെറ്റാണെന്ന് ഡോ. ജയശ്രീ പറയുന്നു. ""ഇതൊരു പാപമാണെന്ന തോന്നൽ പല ഡോക്ടർമാർക്കും ഉണ്ടുതാനും. അക്കാദമിക് മേഖലയിലും ഇതിനെ കുറ്റമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടെങ്കിൽ അത് അപകടകരമാണ്. അബോർഷനെതിരായുള്ള മോശം പ്രവണത അടുത്തകാലത്തായി ശക്തിപ്രാപിച്ച ഒന്നാണ്. പ്രോ ലൈഫ് മൂവ്‌മെന്റുകൾ ആഗോളതലത്തിൽ തന്നെ ശക്തമായിക്കൊണ്ടിരിക്കുന്നതായി കാണാം.''
2019- വരെ ലഭ്യമായ ഡാറ്റ സൂചിപ്പിക്കുന്നത് കേരളത്തിൽ എം.ടി.പിക്ക് സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ ക്രമാതീതമായി കുറയുന്നുവെന്നാണ്. 2002-2003 കാലഘട്ടത്തിൽ ആകെ 33733 എം.ടി.പി. കേസുകളുണ്ടായിരുന്നെങ്കിൽ 2019-20 കാലയളവിൽ ഇത് 9523 പേരായി ചുരുങ്ങിയെന്ന് കണക്കുകൾ പറയുന്നു. അബോർഷന് സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ കണക്കാണിത്. ഗർഭഛിദ്രത്തിനുള്ള ഗുളികകൾ പ്രചാരത്തിൽ വന്നതോടെ ആളുകൾ ആശുപത്രികളെ സമീപിക്കുന്നത് കുറഞ്ഞതായിരിക്കാം ഒരുപക്ഷെ കണക്കുകളിൽ പ്രതിഫലിക്കുന്നത്.
അതേസമം ലാൻസെന്റ് ഗ്ലോബൽ ഹെൽത്ത് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച് ഒരു പഠനറിപ്പോർട്ട് പ്രകാരം 2015 ൽ മാത്രം രാജ്യത്ത് 1.56 കോടി അബോർഷനുകളാണ് നടന്നത്. സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് ഏഴു ലക്ഷമായിരുന്നു. ഇതിൽ 81 ശതമാനം പേരും ആശുപത്രികളെ സമീപിക്കാതെ സ്വന്തമായി ഗുളികകളെ ആശ്രയിച്ചവരാണ്.
12.7 മില്യൺ അബോർഷനുകൾ (81%) മെഡിക്കേഷൻ വഴിയും, 2.2 മില്യൺ അബോർഷനുകൾ (14%) സർജറി മൂലവുമായിരുന്നു. 0.8 ദശലക്ഷം (5%) അബോർഷനുകൾ സുരക്ഷിതമല്ലാത്ത മറ്റു മാർഗങ്ങളിലൂടെയാണ് നടത്തിയതെന്നും പഠനത്തിൽ വിശദമാക്കുന്നു. രാജ്യത്ത് ആ വർഷം നടന്ന 48.1 ദശലക്ഷം ഗർഭങ്ങൾ അപ്രതീക്ഷിതമായിരുന്നെന്നും പഠനത്തിൽ പറയുന്നു.
നാഷനൽ ഫാമിലി ഹെൽത്ത് സർവേയുടെ 2015-16 വർഷത്തെ പഠനമനുസരിച്ച് രാജ്യത്തെ മൊത്തം ഗർഭഛിദ്രങ്ങളിൽ കേവലം 20 ശതമാനം മാത്രമാണ് പൊതുമേഖലയിൽ നടക്കുന്നത്. 53% അബോർഷൻ മാത്രമാണ് റെജിസ്‌ടേർഡ് മെഡിക്കൽ ഡോക്ടർമാർ കൈകാര്യം ചെയ്യുന്നതെന്നും പഠനത്തിൽ പറയുന്നു.
അമിതമായ തോതിൽ മെഡിക്കേഷനെ ആശ്രയിക്കേണ്ട സാഹചര്യം ഉരുത്തിരിയുന്നത് ഗുണകരമല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഗുളികകൾ ഉപയോഗിച്ച് സ്വന്തമായി ഗർഭഛിദ്രത്തിന് ശ്രമിക്കുന്നത് എല്ലാ സാഹചര്യങ്ങളിലും സുരക്ഷിതമല്ലെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. ഇന്ദിര പറയുന്നു. ""വിദഗ്ധാഭിപ്രായം തേടാതെ സ്വന്തമായി മെഡിക്കേഷൻ എടുക്കുന്നത് പ്രശ്‌നമാണ്. ഒരുപക്ഷെ അത് ഫലവത്തായേക്കാം, എന്നാൽ ട്യൂബൽ പ്രെഗ്നൻസി പോലുള്ള സങ്കീർണമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാനും അത് കാരണമായേക്കും. അനുകൂല സാഹചര്യമാണെങ്കിൽ ആരോഗ്യസംവിധാനങ്ങളെ ആശ്രയിച്ച് അബോർഷൻ ചെയ്യുന്നതാണ് എപ്പോഴും അഭികാമ്യം.''
അബോർഷനെതിരെ ഉയർന്നുവരുന്ന പൊതുബോധം മുഖ്യധാരാ ചലച്ചിത്രങ്ങളിലുൾപ്പടെ പ്രകടമാണ്. പ്രിത്വിരാജ് സംവിധാനം ചെയ്ത് അഭിനയിച്ച ബ്രോ ഡാഡി എന്ന ചലച്ചിത്രം ഉൾപ്പടെ അപ്രതീക്ഷിത ഗർഭധാരണത്തെ പ്രോ-ലൈഫ് ആ ചിത്രീകരിക്കാൻ അബോർഷനെ നിഷിദ്ധമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. സിനിമയുടെ കലാപരമായ മൂല്യത്തെക്കാളുപരി സമൂഹത്തിന്റെ പൊതുബോധം ഈയൊരു നിലപാടിനെ പിന്തുണക്കുമെന്ന ആർജ്ജവമായിരിക്കണം ഇത്തരം ആഖ്യാനങ്ങൾ സൃഷ്ടിക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ചെലവു ചുരുങ്ങിയ പ്രൊസീജ്യറാണ് അബോർഷനെങ്കിൽ പോലും ഭീമമായ തുകയാണ് ഗർഭഛിദ്രത്തിനും മറ്റ് അനുബന്ധ പരിശോധനകൾക്കുമായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. നാലു ഹോസ്പിറ്റലുകൾ സന്ദർശിച്ച് റജിസ്‌ട്രേഷൻ മുതൽ ടെസ്റ്റുകൾ വരെ ചെയ്യാൻ മാത്രം പതിനായിരം രൂപയോളമാണ് തങ്ങൾക്ക് ചിലവായതെന്ന് വൃന്ദ പറയുന്നു. ""ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് അഫോർഡബൾ ആയിരുന്നു. സാധാരണക്കാരെ, ദിവസവേതനക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു സാഹചര്യം മറ്റ് ഓപ്ഷനുകളില്ലാതെ അവരെ വല്ലാത്ത പ്രതിസന്ധിയിലാക്കും.''
അബോർഷനെതിരെയുള്ള പൊതുവികാരം, ഡോക്ടർമാരുടെ "ധാർമികത', റിസ്‌ക് എടുക്കാതിരിക്കാനുള്ള മുൻകരുതൽ, പൊതുആരോഗ്യസംവിധാനത്തെ കുറിച്ചുള്ള ധാരണക്കുറവും അപ്രാപ്യതയും, എന്നീ കാരണങ്ങളാൽ സൃഷ്ടിക്കപ്പെട്ട പ്രത്യേക സാഹചര്യം അബോർഷനെ കച്ചവടപരമായി മുതലെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഡോ. എ.കെ. ജയശ്രീ പറയുന്നു. ""അബോർഷൻ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾ നല്ല തുകയാണ് ഇതിന് ഈടാക്കുന്നത്. അബോർഷൻ ചെയ്യുന്നവർക്ക് ഇതിനെ കച്ചവടപരമായി മുതലെടുക്കാനുള്ള ഒരു സാഹചര്യമാണുള്ളത്. അവർ നല്ല സേവനങ്ങൾ നൽകുമായിരിക്കും, പക്ഷെ അത് ഫോഴ്‌സ്ഡ് ആണ്. ആവശ്യമായ സൗകര്യങ്ങൾക്കായി സമ്മർദം ചെലുത്തും വിധം ഗവർമെന്റ് ആശുപത്രികളിൽ ആളുകൾ അബോർഷന് ചെല്ലുന്നതാണ് ഈയൊരു സാഹചര്യത്തിന് പ്രായോഗികമായ ഒരു പരിഹാരം.''
കോവിഡ് ആരംഭിച്ചതിന് ശേഷം ആരോഗ്യമേഖല നേരിട്ട പ്രതിസന്ധി സ്ത്രീകളുടെ ലൈംഗികാരോഗ്യത്തെ രൂക്ഷമായാണ് ബാധിച്ചത്. അനിശ്ചിതമായി നീണ്ട ലോക്ഡൗൺ കാലത്ത് അപ്രതീക്ഷിത ഗർഭധാരണവും, കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമണവും വർധിച്ചപ്പോഴും, ആശുപത്രികളിൽ അബോർഷൻ ഉൾപ്പടെയുള്ള പ്രക്രിയകൾക്ക് മുൻഗണന ലഭിച്ചിരുന്നില്ല. ലോക്ഡൗൺ സമയത്ത് അവശ്യസേവനങ്ങളുടെ പട്ടികയിൽ റീപ്രൊഡക്ടീവ് ഹെൽത്തിനെ പരിഗണിച്ചിരുന്നില്ല. യാത്രാനിയന്ത്രണങ്ങൾ കാരണം ഫാർമസികളിൽ നിന്ന് ഗർഭനിരോധനഗുളികളും, കോണ്ടവും വാങ്ങുന്ന പ്രവണതയും കുറഞ്ഞു. ഗർഭഛിദ്രപ്രക്രിയയുമായി ബന്ധപ്പെട്ട് നേരത്തെതന്നെ തകിടം മറിഞ്ഞു കിടക്കുകയായിരുന്ന അന്തരീക്ഷത്തെ കൂടുതൽ വഷളാക്കാൻ കോവിഡ് സഹായിക്കുകയായിരുന്നു.
കോവിഡ് കാലത്ത് കുടുംബാസൂത്രണ ഉപാധികളുടെ ഉപയോഗം 15-23 ശതമാനം വരെ കുറഞ്ഞതായി ഫൗണ്ടേഷൻ ഓഫ് റീപ്രൊഡക്ടീവ് ഹെൽത്ത് സർവീസസ് ഇന്ത്യയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. ആദ്യത്തെ ലോക്ഡൗൺ സമയത്ത് മാത്രം 25.6 ദശലക്ഷം പങ്കാളികൾക്ക് ഗർഭനിരോധന ഉപാധികൾ ലഭ്യമായില്ലെന്ന് പഠനം പറയുന്നു. ലോക്ഡൗൺ കാലത്ത് സ്റ്റെറിലൈസേഷൻ, ഐ.യു.സി.ഡി., എന്നിങ്ങനെയുള്ള ഗർഭനിരോധന സേവനങ്ങൾ നൽകുന്നത് കേന്ദ്ര സർക്കാർ താൽകാലികമായി നിർത്തിവെച്ചിരുന്നു.
മറ്റ് വികസികതരാജ്യങ്ങളേക്കാൾ മുന്നോടിയായി ഇന്ത്യയിൽ ഗർഭഛിദ്രനിയമം ആവിഷ്‌കരിച്ചിട്ടും രാജ്യത്തെ മാതൃമരണങ്ങളുടെ പ്രധാനകാരണങ്ങളിലൊന്ന് ഇന്നും അബോർഷനാണ്. മാതൃമരണങ്ങൾ നടക്കാനുള്ള മൂന്നാമത്തെ പ്രധാനകാരണമാണ് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ. രാജ്യത്ത് സുരക്ഷിതമല്ലാത്ത ഗർഛിദ്രം കാരണം എട്ടു സ്ത്രീകൾ പ്രതിദിനം മരണപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
2002-ലാണ് മുമ്പ് എം.ടി.പി. ആക്ട് ഭേദഗതി ചെയ്തത്. പുതുതായി ലഭ്യമായ മെഡിക്കൽ അബോർഷൻ പില്ലുകളായ, mifepristone, misoprostol-എന്നിവയുടെ ഉപയോഗം നിയമപരമാക്കാൻ വേണ്ടിയായിരുന്നത്.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം കൈകാര്യം ചെയ്യുന്ന ഗർഭഛിദ്രങ്ങളെയാണ് പൊതുവേ സുരക്ഷിതമായ അബോർഷനായി കണക്കാക്കാറ്. ഗർഭധാരണത്തിന്റെ കാലയളവ്, അബോർഷൻ ചെയ്യുന്ന വ്യക്തിക്ക് ലഭിച്ച പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിൽ സുരക്ഷിതം, കുറവ് സുരക്ഷിതം, സുരക്ഷിതമല്ലാത്തത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് ലോകാരോഗ്യ സംഘടന ഇതിനെ വർഗീകരിച്ചിരിക്കുന്നത്.
കോവിഡ് ആരംഭിച്ചതിന് ശേഷം അബോർഷൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തിലും രാജ്യത്ത് വർധനവുണ്ടായിട്ടുണ്ട്. 2016 ജൂണിനും 2019 ഏപ്രിലിനും ഇടയിൽ ഇത്തരത്തിൽ 194 കേസുകളാണ് കോടതിക്ക് മുന്നിലെത്തിയതെങ്കിൽ, 2019 മെയ് മുതൽ 2020 ആഗസ്ത് വരെയുള്ള കാലയളവിൽ മാത്രം 243 പേരാണ് ഗർഭഛിദ്രത്തിനുള്ള അനുവാദത്തിനായി കോടതികളെ സമീപിച്ചതെന്ന് ഇന്ത്യസ്‌പെൻഡ് റിപ്പോർട്ടു ചെയ്യുന്നു. എം.ടി.പി. ആക്ട് ഭേദഗതി ചെയ്തതോടെ നിയമപരമായ സങ്കീർണതകൾ കുറഞ്ഞെങ്കിലും പ്രായോഗികതലത്തിൽ അബോർഷനോടുള്ള സമീപനത്തിൽ പുരോഗതിയുണ്ടായിട്ടില്ല.
അബോർഷനെ സംബന്ധിച്ച് പോസിറ്റീവ് ചർച്ചകൾ പൊതുസമൂഹത്തിൽ സജീവമാകാത്തത് കാരണം ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ആളുകളിലേക്ക് എത്താതെ പോകുന്നെന്ന് ഡോ. ജയശ്രീ പറയുന്നു. സർക്കാറിന്റെ, മെഡിക്കൽ, നിയമം, സമൂഹിക നീതി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ സത്വരമായി അബോർഷനെതിരായുള്ള പൊതുബോധത്തിനെതിരെ പദ്ധതികളാവിഷ്കരിക്കണം.
ഗാർഹികപീഢനത്തെക്കുറിച്ചും, അപ്രതീക്ഷിത ഗർഭധാരണത്തെക്കുറിച്ചും സ്‌കൂൾപഠനകാലത്ത് വിദ്യാർത്ഥികളെ നിർബന്ധമായും ബോധവത്കരിക്കണം. പൊതുബോധത്തെ നിരാകരിച്ചുകൊണ്ട് ഗർഭധാരണത്തെ കുറിച്ച് ശാസ്ത്രീയാവബോധം നൽകുകയും, ജെൻഡർ സെൻസിറ്റൈസേഷൻ വിദ്യാലയങ്ങളിൽ ഏകീകൃത സ്വഭാവത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്.