ശതമാനക്കണക്കിൽ ഒതുക്കാനാവില്ല ഞങ്ങളെ

എഴുത്തുകാരൻ തലയിൽ കൊമ്പുള്ള അദ്ഭുതജീവിയല്ലെന്ന് തെളിയിക്കുകയാണ് പുതുതലമുറ സ്ത്രീകവികൾ. എനിക്ക് സുഗതകുമാരിയുടെയോ മാധവിക്കുട്ടിയുടെയോ കോപ്പികൾ ആകേണ്ടെന്നും കൃത്യമായ രാഷ്ട്രീയബോധ്യമുള്ള "ഞാൻ' തന്നെയായാൽ മതിയെന്നും മീശമുടിവാലുകളെ വെട്ടിയെറിഞ്ഞു നടന്നു പോകുന്ന സ്ത്രീകളെയാണ് പാട്രിയാർക്കി ദാസന്മാർ പുളിച്ച ശതമാനക്കണക്ക് കൊണ്ട് മായ്ക്കാൻ ശ്രമിക്കുന്നത്. കാവ്യലോകത്തെ സദാചാരഗുണ്ടയാവാൻ നിങ്ങൾക്കാരാണ് അധികാരം തന്നത്?

ത്ര ജീർണ്ണമാണ് പുരുഷാധിപത്യ മനസ്സെന്നു തിരിച്ചറിയാൻ "ഹിസ്റ്റീരിയ' എന്ന ഒറ്റ വാക്കിന്റെ ചരിത്രമന്വേഷിച്ചാൽ മതി. സ്ത്രീകളുടെ ശാരീരികാസ്വസ്ഥ്യങ്ങൾ വെറും നാടകങ്ങളാണെന്ന് വരുത്തി ചികിത്സ നിഷേധിക്കാൻ കണ്ടുപിടിച്ച തന്ത്രമാണത്. ഫ്രോയിഡടക്കമുള്ള മനശ്ശാസ്ത്രവിദഗ്ധർ ഹിസ്റ്റീരിയയെ ആധികാരികമാക്കിക്കൊണ്ട് പ്രബന്ധങ്ങൾ എഴുതിയിരുന്നതായി കാണാം. 99% സ്ത്രീരോഗങ്ങളും വെറും അടവ് മാത്രമാണെന്ന നിഗമനത്തിലായിരുന്നു വൈദ്യശാസ്ത്രലോകം. ഗർഭാശയം എന്നർത്ഥമുള്ള "hystera' എന്ന വാക്കിൽ നിന്നാണ് hysteria എന്ന പദമുണ്ടായത്.

സിഗ്മണ്ട് ഫ്രോഡിഡ്

സ്ത്രീകളെ, അവർക്ക് കിട്ടുന്ന ദൃശ്യതയെ മായ്ച്ചു കളയാൻ അസുഖമാണെങ്കിൽ കൂടി ചികിത്സ നിഷേധിക്കാൻ ഈ "99 ശതമാന'ക്കണക്കിന് സാധിക്കും. കവി അജീഷ് ദാസൻ ഇക്കഴിഞ്ഞ 11.12.21 നു നടന്ന ഒരു പെൺകവിയുടെ പുസ്തകപ്രകാശനത്തിനിടെ പറയുന്ന 99 ശതമാനക്കണക്കും നമ്മോട് പറയുന്നത് മറ്റൊന്നല്ല. സ്ത്രീകളെ മൊത്തത്തിൽ ഒരൊറ്റ ശരാശരിക്കണക്കാക്കുന്ന, അതിലെ വ്യക്തിത്വങ്ങളെ കണ്ണടച്ച് സ്വയം അന്ധനാവുന്ന പുരുഷതന്ത്രമായിരുന്നു അത്.

അജീഷ് ദാസന്റെ പ്രസംഗഭാഗം:
""കേരളത്തിലെ ഇപ്പോഴത്തെ പെൺകവികളിൽ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാൽ തന്നെ ഇവിടുത്തെ പ്രമുഖ ആൺ കവികൾ ഉടനെ അവരുടെ ഇൻബോക്‌സിൽ ചെല്ലുകയായി.പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങൾ നൽകുന്നു, ഈ വാഗ്ദാനങ്ങളിൽ കുടുങ്ങി പെൺകവികൾ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെൺ കവികൾ ഇല്ലാതാകുന്നു.''

അജീഷ് ദാസൻ

സ്ത്രീയെഴുത്തുകാരെ ഒന്നടങ്കം സ്ഥാനമോഹികളും പ്രലോഭനങ്ങൾക്ക് പുറകേ പോകുന്നവരുമായി ചിത്രീകരിച്ചാക്ഷേപിച്ച പ്രസംഗത്തിന് എതിരെ കൂവിക്കൊണ്ട് അവിടെ വച്ച് തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ
ഹർഷ തച്ചാണിയും ബിന്ദു മനോജും പ്രതിഷേധിച്ചിറങ്ങിപ്പോയ ആതിര നാഥും ആർഷ ഭാരതിയും കൃത്യമായ ഇടപെടലാണ് നടത്തിയത്.

ആർക്കാണ് ഞങ്ങളെ മായ്ച്ചു കളയേണ്ടത്?

പെണ്ണിനെക്കുറിച്ചു പെണ്ണെഴുതുന്നതും ആണെഴുതുന്നതും അടിയെക്കുറിച്ചു കൊണ്ടവനും കണ്ടവനും പറയുന്ന അന്തരമുണ്ടെന്ന് പറഞ്ഞത് സാറാജോസഫാണ്. ഒരു പൊതുപരിപാടിക്കിടെ വേദിയിലിരുന്ന കെ. ആർ. മീരയോട് സ്ത്രീയായിരിക്കെ എങ്ങനെയാണ് ആരാച്ചാർ പോലുള്ള നോവലുകൾക്കുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത് എന്ന ചോദ്യത്തിന്, സ്ത്രീകളുടെ അറിവാർജ്ജിക്കാനുള്ള ബുദ്ധിശക്തിയെ വിലകുറച്ചു കാണുന്നതെന്തിന് എന്ന മീരയുടെ ഉത്തരം നമ്മൾ മറന്നിട്ടില്ല.

പുരുഷാധിപത്യ മനോഭാവം വെച്ചു പുലർത്തുന്നവർക്ക് സ്ത്രീകളെ പൊതുവേദികളിൽ കാണുന്നത് അസഹ്യമാണ്. അവർക്കു കിട്ടുന്ന ദൃശ്യതയിൽ അസൂയയാണ്. ഞാണിന്മേൽ നടക്കുന്നതുപോലെ വീടും ജോലിയും എഴുത്തും വായനയും ഏതു വിധേനയും സമവായപ്പെടുത്തി ഞെരുങ്ങിയ സമയത്തെ ഉലയിലൂതിയുരുക്കിയെടുത്ത വാക്കുകളുമായി, എഴുത്തുകളുമായി ജീവിതത്തോട് പോരാടുന്ന സ്ത്രീ കളെയാണ് പൊതുവിടത്തു വന്നിരുന്നു പല്ലുകുത്തി അഭിപ്രായം പറഞ്ഞു അപമാനിക്കാൻ ഇവരൊക്കെ ശ്രമിക്കുന്നത്. പണ്ട് പിന്നാമ്പുറങ്ങളിലും കുടുംബങ്ങളിലും നിങ്ങളൊളിപ്പിച്ചു വെച്ച ശബ്ദങ്ങളെയാണ് സ്ത്രീകൾ തെരുവിലിറങ്ങി ഇന്ന് കേൾപ്പിക്കുന്നത്.

ഹർഷ തച്ചാണി

"എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും മാപ്പ് പറയില്ലെ'ന്ന് ധാർഷ്ട്യത്തോടെ പ്രതികരിച്ച അജീഷ് ദാസൻ - അതൊരു വ്യക്തിയല്ല കേരള സമൂഹത്തെ ആഴത്തിൽ ബാധിച്ചിട്ടുള്ള ആണധികാരരോഗത്തിന്റെ മറ്റൊരു പേരാണ്.

സ്‌ത്രൈണഗുണങ്ങളെ പ്രസരിപ്പിക്കുന്ന എഴുത്തുകളാണ് പുരുഷകേസരികൾക്ക് പഥ്യം. എന്നാൽ കാലാന്തരത്തിൽ പൊതുമണ്ഡലത്തിലെ ഇടപെടലുകളാൽ ആർജ്ജിച്ച അനുഭവലോകങ്ങൾ സ്ത്രീയെഴുത്തിനെ മാറ്റിമറിച്ചു. അത് പുരുഷാധിപത്യകോട്ടകളെ തകർത്ത് കൊണ്ടിരിക്കുന്ന പ്രവണതയാണ് സാഹിത്യത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. എഴുത്തുകാരൻ തലയിൽ കൊമ്പുള്ള അദ്ഭുതജീവിയല്ലെന്ന് തെളിയിക്കുകയാണ് പുതുതലമുറ സ്ത്രീകവികൾ. എനിക്ക് സുഗതകുമാരിയുടെയോ മാധവിക്കുട്ടിയുടെയോ കോപ്പികൾ ആകേണ്ടെന്നും കൃത്യമായ രാഷ്ട്രീയബോധ്യമുള്ള "ഞാൻ' തന്നെയായാൽ മതിയെന്നും മീശമുടിവാലുകളെ വെട്ടിയെറിഞ്ഞു നടന്നു പോകുന്ന സ്ത്രീകളെയാണ് പാട്രിയാർക്കി ദാസന്മാർ പുളിച്ച ശതമാനക്കണക്ക് കൊണ്ട് മായ്ക്കാൻ ശ്രമിക്കുന്നത്. കാവ്യലോകത്തെ സദാചാരഗുണ്ടയാവാൻ നിങ്ങൾക്കാരാണ് അധികാരം തന്നത്?

സമൂഹത്തിന്റെ പൊതുബോധത്തെ നവീകരിച്ചുകൊണ്ട് പുരോഗമനോന്മുഖമായ മാറ്റത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കേണ്ടതാണ് സാംസ്‌കാരിക മേഖല. എന്നാൽ കേരളത്തിലെ സാംസ്‌കാരികരംഗത്തെ ബ്രാഹ്‌മണിക്​ ജീർണതയിലൂന്നിയ ആണധികാര അഹന്തയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൊതുവേദിയിൽ വെച്ച് ഗാനരചയിതാവും കവിയും ആയ അജീഷ് ദാസൻ നടത്തിയ സ്ത്രീവിരുദ്ധമായ അഭിപ്രായപ്രകടനം. മലയാളത്തിലെ പെൺകവികളിൽ 99 % ശതമാനവും നല്ല കവികളല്ലെന്നും മുതിർന്ന ആൺകവികൾ സാഹിത്യരംഗത്ത് സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് നടത്തുന്ന ഇൻബോക്‌സ് പ്രലോഭനങ്ങൾക്ക് പുറകേ പോകുന്നവരാണെന്നുമുള്ള അഭിപ്രായം അങ്ങേയറ്റം അപമാനകരമാണ്.

കെ. ആർ. മീര

പ്രസ്തുത വേദിയിലുണ്ടായിരുന്ന സാഹിത്യ- സാംസ്‌കാരിക പ്രവർത്തകർ ഈ വിഷയത്തിൽ പുലർത്തിയ കുറ്റകരമായ മൗനത്തേയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. രാഷ്ട്രീയ ബോധ്യത്തോട് കൂടി സാംസ്‌കാരികരംഗത്ത് നിലകൊള്ളുന്ന സ്ത്രീകവികളുടെ വേദിയായ കേരളപ്പെൺകവികൾ ഈ നിന്ദ്യമായ പുരുഷാധിപത്യപ്രകടനത്തിനെതിരെ പ്രതിഷേധിച്ച്​ കേരളപ്പെൺ കവികളുടെ ഓൺലൈൻ മാധ്യമമായ പോയട്രിയ എഫ് ബി പേജിൽ സംയുക്തപ്രസ്താവനയിറക്കുകയുണ്ടായി. ഗാനരചയിതാവ് അജീഷ് ദാസൻ സ്ത്രീവിരുദ്ധതയും ധാർഷ്ട്യവും നിറഞ്ഞ സ്വന്തം അഭിപ്രായം പിൻവലിച്ച് കേരളത്തിലെ സ്ത്രീകവികളോട് നിരുപാധികം മാപ്പു പറയണമെന്ന കേരളപ്പെൺകവികളുടെ കൂട്ടായ്മയുടെ ആവശ്യം നിരാകരിച്ച്​ ആണധികാര മനോഭാവം വ്യക്തമാക്കുന്ന മറുപടിയാണ് എഴുത്തുകാരനിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ‘സ്ത്രീകവികളുടെ ഇൻബോക്‌സ് തേടിപ്പോകുന്ന പുരുഷകവികൾ’ എന്ന വ്യംഗ്യാർത്ഥം ആൺകവികൾക്ക് ഒരു പ്രശ്‌നമല്ലായിരിക്കാം. സ്ത്രീയുടെ ജൈവികപ്രവർത്തനമായ ആർത്തവത്തെയും വിചാരമണ്ഡലങ്ങളുടെ ഉൽപ്പന്നമായ കവിതയെയും ചേർത്തുവെച്ചു പറയുന്നത് പോലും അശ്ലീലമായി തോന്നാത്തത് ഈ വ്യവസ്ഥയുടെ ദുർഗന്ധം വമിക്കുന്ന ജീർണതയോട് അത്രയേറെ അവർ താദാത്മ്യപ്പെട്ടുപോയത് കൊണ്ടാണ്. എഴുത്തു ലോകത്തു സ്വന്തമായൊരിടം നേടിയെടുക്കാൻ സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങൾ ചില്ലറയല്ല.

ലീന മണിമേഖലൈ

സമീപകാലത്തു അതിനുദാഹരണമാണ് ലീന മണിമേഖലയുടെ ‘വീട്ടിൽ മറന്നു വെച്ച യോനി’ എന്ന കവിത. "എന്റെ ഭാര്യക്ക് കവിതയൊന്നും ഇഷ്ടമല്ലെന്നും, താങ്കളുടെ ഇരുപത്തേഴാം പേജിലെ ആ കവിതയുടെ മൂന്നാം വരിയിലെ .....' എന്ന് തന്നോട് ശൃംഗരിക്കാൻ വരുന്ന ആണെഴുത്തുകാരനോട് "ആ വരിയിൽ ഞാൻ പറയുന്ന യോനി വീട്ടിൽ വെച്ച് മറന്നു' എന്ന് മുഖത്തടിച്ചു പറയുന്ന കവിതകൾ എഴുതിയ ലീനയൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന കാലത്തും ഇതൊക്കെ കേൾക്കേണ്ടി വരുന്നത്​ എത്ര അസംബന്ധമാണ്.

പുരുഷാധിപത്യത്തെ സ്‌ത്രൈണാധിപത്യം കൊണ്ട് പകരം വെക്കലല്ല, ഞങ്ങളുടെ ഉദ്ദേശ്യം. കവിതയിലും മറ്റെല്ലാ മേഖലയിലും എല്ലാ മനുഷ്യരുടെയും ജീവിതാനുഭവപരിസരങ്ങളും ചിന്തകളും തുല്യപ്രാധാന്യത്തോടെ സംവദിക്കപ്പെടണം ചർച്ച ചെയ്യപ്പെടണം. സാംസ്‌ക്കാരിക മേഖലയിലെ ബ്രാഹ്‌മണിക്​ മൂല്യാധിഷ്ഠിത ആണധികാരം ഇല്ലാതാകണം.സാംസ്‌കാരിക വേദികളിൽ വിടുവായത്തം പറയുന്ന എഴുത്തുകാരും വിമർശകരും എതിർപ്പുകളില്ലാതെ കയ്യടിയും പൊന്നാടയും വാങ്ങി പടിയിറങ്ങുന്ന കാലം അസ്തമിച്ചുവെന്ന് ഓർമപ്പെടുത്താൻ മാത്രമാണീ എഴുത്ത്. നിങ്ങളുടെ സർവ്വാധികാരത്തിനെതിരെ മർദ്ദിതജാതിവിഭാഗങ്ങളുടെ, സ്ത്രീകളുടെ ;സ്വരമുയർന്നു കേൾക്കും. ആണഹന്തയുടെ ഓരോ വിധി പ്രസ്താവങ്ങളെയും ചോദ്യം ചെയ്യാൻ ബിന്ദുവിനെപ്പോലെ, ഹർഷയെപ്പോലെആർജ്ജവമുള്ള പുതുതലമുറയിലെ രാഷ്ട്രീയാവബോധമുള്ള അനേകം സ്ത്രീകളുടെ കൂവലുകളിനിയുമുയരും.

ഇനിയും നേരം വെളുക്കാത്ത ദാസന്മാർക്ക് ആ കൂവലുകളുയർത്തുന്ന ചോദ്യങ്ങൾക്കു മുന്നിൽ ചൂളി നിൽക്കേണ്ടി വരും.


സ്​റ്റാലിന

കവി, വിദ്യാഭ്യാസ പ്രവർത്തക, ഗ​വേഷക. വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments