അനുപമ വിഷയത്തെക്കുറിച്ചു തന്നെയാണ്.
ആമുഖമായി ഒരു സംഭവം പറയാം. 1980 അവസാനമാണ്. തലശ്ശേരിയിൽ എം.പി. രാധാകൃഷ്ണൻ മാഷുടെ മഹാത്മ എന്ന, മലബാറിലെ മികച്ച പാരലൽ കോളജിൽ ജോലി ചെയ്യുന്ന കാലം. നല്ല ശമ്പളമൊക്കെ ഉണ്ടായിരുന്നെങ്കിലും അധ്യാപകർ വല്ലാത്ത നിരാശയിലായിരുന്നു. നായനാർ ഗവണ്മെൻറ് ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമനങ്ങൾ അപ്പടി മരവിപ്പിച്ച കാലം. രണ്ടു മൂന്നു വർഷം കൊണ്ട് ഗവണ്മെൻറ് ജോലി കിട്ടി പോകാമെന്ന പ്രതീക്ഷ നഷ്ടമായാൽ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എല്ലാവരെയും ബാധിക്കുമല്ലോ. അത് സ്വാഭാവികമായും ഭാവി പ്രവചിക്കുന്നവർക്കടുത്തെത്തിക്കും. എത്ര വിദ്യാസമ്പന്നരായാലും. മേക്കുന്ന് എന്ന സ്ഥലത്ത് ഭാവി പറയുന്ന ഒരാളുണ്ടായിരുന്നു. സ്റ്റാഫ് റൂമിലും അയാൾ ചർച്ചയായി. സംസാരിക്കാനാവാത്ത അയാൾ മേക്കുന്ന് പൊട്ടൻ എന്ന പേരിലാണന്ന് അറിയപ്പെട്ടിരുന്നത്. ഒരു വെള്ളക്കടലാസിൽ അയാൾ നമ്മുടെ ജോലിയും അതു കിട്ടുന്ന വർഷവും ഭാവിയും എല്ലാം കുറിക്കുമത്രെ. പലരും രഹസ്യമായി പോയിരുന്നു. സുഹൃത്ത് ബെന്നി പുള്ളിയെ കണ്ട് തിരിച്ചു വന്ന് എന്നോടു പറഞ്ഞു: "എന്റെ കാര്യത്തിൽ അയാൾ പറഞ്ഞതെല്ലാം കൃത്യമാണ്'.
"എന്തു പറഞ്ഞു' ?
"ഞാൻ വക്കീലാണെന്ന്'.
ബെന്നി എനിക്ക് ഒരു വെള്ളക്കടലാസ് നീട്ടി. ആ കടലാസിൽ വക്കിൽ എന്നെഴുതിയത് കാണിച്ചു തന്നു. വക്കീൽ എന്നതിലെ ദീർഘമുണ്ടായിരുന്നില്ല എന്നു ഞാനോർക്കുന്നു. ഞാൻ കടലാസു വാങ്ങി നോക്കി. ഒരിടത്ത് ബേങ്ക് എന്നെഴുതീട്ടുണ്ട്. പലതരത്തിൽ വ്യാഖ്യാനിക്കാവുന്ന അർഥമുള്ളതും ഇല്ലാത്തതുമായ പല വാക്കുകൾക്കൊപ്പം രണ്ടു വർഷവും കുറിച്ചിട്ടുണ്ട്. LLB പഠിക്കുന്നുണ്ട് എന്നതു കൊണ്ടു മാത്രം അതിലെ പത്തിരുപതു വാക്കുകളിൽ നിന്ന് വക്കിൽ എന്നതിൽ ബെന്നി മുറുകെ പിടിച്ചു.
- അപ്പോൾ അതിൽ ബാങ്ക് എന്നെഴുതിയതോ ?
- ഞാൻ ബാങ്ക് പരീക്ഷ എഴുതിയിട്ടുണ്ടല്ലോ.
- രണ്ടു വർഷങ്ങൾ എഴുതിയിട്ടുണ്ടല്ലോ ?
- അതിന് മനുഷ്യൻ ഒരു ജോലിയിൽ ഉറച്ചു നിൽക്കണമെന്നുണ്ടോ ?
സമാനമായ രീതിയിലാണ് പലരും തങ്ങൾക്കു കിട്ടിയ കടലാസിൽ നിന്ന് ഭാവി വ്യാഖ്യാനിച്ചത്. തനിക്ക് ആവശ്യമുള്ളതു മാത്രം സ്വീകരിക്കാനും സമാശ്വാസം കണ്ടെത്താനും നമ്മുടെ തലച്ചോറിന് സവിശേഷമായ കഴിവുണ്ട്. മറ്റു വാക്കുകൾ ഉണ്ടെന്നതോ അതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നോ ഒന്നും അവിടെ പരിഗണനാ വിഷയമായി വരില്ല. അതിനു സമാനമാണ് മതവിശ്വാസിയുടെ മനസ്സും. മാത്രമല്ല, കേരളത്തിലെ ഭൂരിഭാഗം രാഷ്ട്രീയ വിശ്വാസികളുടെ മനസ്സും.
ഒരു മതത്തിലെ അനീതി വിശ്വാസിയോടു ചൂണ്ടിക്കാണിച്ചു എന്നിരിക്കട്ടെ. അത് അനീതിയാണ് എന്ന് സാധാരണ ഗതിയിൽ അയാൾക്ക് മനസ്സിലാക്കാനാവില്ല. അങ്ങിനെ വന്നാൽ അയാളുടെ മനസ്സ് അസ്വസ്ഥമാവും. സാധാരണക്കാരനെ സംബന്ധിച്ച് അത് വിഷമകരമായ കാര്യമാണ്. അപ്പോൾ അതിന് മത പണ്ഡിതന്മാർ ആ കാലവുമായി ബന്ധപ്പെടുത്തിപ്പറഞ്ഞ ന്യായീകരണങ്ങളിൽ അവർ സമാധാനം കണ്ടെത്തും. പറ്റുന്നില്ലെങ്കിലോ മറ്റൊരു മതത്തിലെ അതിലും വലിയ അനീതിയെ ചൂണ്ടി സമാധാനിക്കും. എല്ലാ മതങ്ങളും താരതമ്യപ്പെടുത്തി അതിൽ മെച്ചപ്പെട്ടത് ഏതെന്നു തെരഞ്ഞെടുക്കുന്നവർ പതിനായിരത്തിലൊന്നുണ്ടാവുമോ?
എന്തു കൊണ്ടാണ് മനുഷ്യൻ ബുദ്ധിയല്പം പോലും ഉറക്കാത്ത പ്രായത്തിൽ ശീലിച്ച വിശ്വാസങ്ങൾക്കു വേണ്ടി വെറുക്കാനും കൊലകൾ നടത്താനും മടിക്കാത്തത് ? അപ്പുറത്തും ശരികളുണ്ടോ എന്ന് അന്വേഷിക്കാത്തത് ? രാഷ്ട്രീയത്തിലും ഇതു തന്നെയയല്ലേ പ്രവർത്തിക്കുന്നത്? അനുപമ വിഷയത്തിലെ അനീതിയെക്കുറിച്ച് ഇടതുപക്ഷ രാഷ്ട്രീയക്കാർ തന്നെ പറയുന്നതു നോക്കിയാൽ ഇതു മനസ്സിലാവും. പാർട്ടി അവിടെ മതം പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ തെറ്റു സംഭവിക്കില്ല. അഥവാ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ അതു മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കും. മുന്നോട്ടു പോകാനാവില്ല. അപ്പോൾ ആ തെറ്റിനെതിരെ അപ്പുറത്തെ പാളിച്ചകൾ തിരയും. ഒരു മതവിശ്വാസിയെ നിർബന്ധിച്ച് മറ്റൊരു മത ഗ്രന്ഥം വായിപ്പിച്ചു നോക്കുക. അയാൾ അത് വായിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കുക എന്നതിനെക്കാൾ അതിലെ പിഴവുകളെന്തുണ്ട് എന്ന് കണ്ടെത്താൻ വേണ്ടി മാത്രമാവും. അതു മാത്രമേ അയാളുടെ മനസ്സ് സ്വീകരിക്കുകയുള്ളൂ. അല്ലെങ്കിൽ അയാൾ ചെറുപ്പം മുതലേ ശീലിച്ച സ്വസ്ഥമായ ആ മതമനസ്സ് ബാലൻസ് തെറ്റും. അനുപമയും അജിത്തുമായി അമല ആനി ജോൺ നടത്തിയ വീഡിയോയുടെ രണ്ടു ഭാഗങ്ങൾ ഒരു പാർട്ടി വിശ്വാസിയെ മെനക്കെട്ടു കാണിച്ചു എന്നിരിക്കട്ടെ. പാർട്ടി ഒരു പക്ഷത്ത് വരുന്നതോടെ അനുപമയോ അജിത്തോ പറയുന്ന ഒന്നും ഉൾക്കൊള്ളാൻ അവരുടെ മനസ്സ് തയ്യാറാവില്ല. 99 ശതമാനം അനീതികകളെ വിട്ട് അപ്പുറത്തെ ഒരു ശതമാനം പാളിച്ച മാത്രം അന്വേഷിക്കും അവർ.
മതം പോലെ പാർട്ടിയും സദാചാരവുമാണ് ഇവിടെ പ്രതിസ്ഥാനത്ത് വരുന്നത്. പാർട്ടി എന്നത് വിശ്വാസമാണ്. ആ വിശ്വാസം തകരാതിരിക്കാൻ പാവങ്ങൾക്ക് ന്യായീകരണം വേണം. ടി.പി യുടെ കൊലക്കെതിരെ രോഷം ഉയർന്ന കാലത്ത് രാത്രി പത്തര കഴിഞ്ഞ നേരത്ത് സംശയകരമായ സാഹചര്യത്തിൽ അദ്ദേഹം എവിടെയായിരുന്നു എന്ന ഒരാരോപണം ഉയർന്നു. രാവെന്നോ പകലെന്നോ ഇല്ലാത്തവരാണ് രാഷ്ട്രീയ പ്രവർത്തകർ എന്ന യുക്തിയൊന്നും ആരും ചിന്തിക്കില്ല. ആ വൃത്തികെട്ട സദാചാര ആരോപണം പാർട്ടിയെക്കുറിച്ചുള്ള വിശ്വാസതകർച്ചയിൽ നിന്ന് ഭക്തനെ കരകയറ്റുക എന്ന ദൗത്യം നിർവ്വഹിക്കുന്നുണ്ട്. അവിഹിതമാണെങ്കിൽ കൊലയ്ക്ക് ഒരു ന്യായീകരണമായി. പാപത്തിന്റെ ശമ്പളം മരണമല്ലാതെ മറ്റെന്താണ്. കൊലയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിൽ ടി.വിയിൽ പ്രത്യക്ഷപ്പെടുന്ന രമയും എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അപ്പോൾ വരുന്നു അടുത്ത ആരോപണം. ഭർത്താവു മരിച്ച വിധവ അകത്തിരുന്ന് വിലപിക്കാതെ മാധ്യമങ്ങൾക്കു മുമ്പിൽ നിന്ന് സംസാരിക്കുകയോ ? ന്യായീകരണം എത്ര പിന്തിരിപ്പനായാലും അതുവരെയുണ്ടായിരുന്ന സഹതാപമെല്ലാം മാഞ്ഞ് രമയെ അത്തരമൊരു കണ്ണിലൂടെ കാണാൻ അപ്പോൾ ഭക്തനു കഴിയുന്നു. നമ്മെ ആശ്വസിപ്പിക്കാൻ നുണകൾക്കു കഴിയും. അല്ലെങ്കിൽ നമ്മൾ തന്നെ നുണകൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. അജിത്തിന് ജോലി കൊടുക്കണം എന്നു പറഞ്ഞ വ്യാജ വാർത്ത പ്രചരിപ്പിച്ചത് നോക്കുക. അത് തെറ്റാണ് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാമെങ്കിലും ആ നുണ പ്രവർത്തിക്കുന്നുണ്ട്.
അനുപമയുടെ പ്രശ്നത്തിൽ അച്ഛനോടുളള പ്രതിഷേധം പാർട്ടിയോടുള്ള പ്രതിഷേധമായാണ് ഭക്തൻ കാണുന്നത്. അപ്പോൾ അയാളെ വെളള പൂശാനുള്ള ന്യായീകരണങ്ങൾ ഇറങ്ങുന്നു. അപ്പുറത്ത് അജിത്തിനെ മൂന്നു കെട്ടിയവനും കുറെ മക്കളുള്ളവനുമാക്കുന്നു. സത്യം അന്വേഷിക്കേണ്ട മാധ്യമ പ്രവർത്തകർ പോലും ഉളുപ്പില്ലാതെ ഇതാവർത്തിക്കുന്നു. ഒന്നുമില്ലാതെ ഇങ്ങനെ പറയുമോ എന്ന് വിശ്വാസി ആശ്വസിക്കുന്നു. സി.പി.എം പി.ബി മെമ്പറായ വൃന്ദ കാരാട്ട്, മുൻ മന്ത്രി ശ്രീമതി ടീച്ചർ തുടങ്ങിയവർ ഇടപെട്ടിട്ടു പോലും പിതാവിന്റെ ദുരഭിമാനത്തിനു വേണ്ടിയാണ് ഭരണഘടനാ സ്ഥാപനങ്ങൾ നിന്നത്, അനുപമ പരാതി നൽകിയതിനു ശേഷമാണ് ദത്തു നൽകിയത്, രജിസ്റ്റർ തിരുത്തിയിരുന്നു, കുട്ടിയുടെ ജൻഡർ മാറ്റിയിരുന്നു തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട അനീതികൾ നിങ്ങൾ എണ്ണിയെണ്ണി ചോദിക്കുന്നു എന്നു വിചാരിക്കുക. അതൊന്നും പാർട്ടി ഭക്തന്റെയോ സദാചാര വാദിയുടെയോ മനസ്സിനെ തൊടില്ല. 19 വയസ്സുള്ള പെൺകുട്ടി ഗർഭിണിയാകാൻ പാടുണ്ടോ, സ്വന്തം കാലിൽ നിന്നതിനു ശേഷം വിവാഹം കഴിക്കേണ്ടേ, അച്ഛന്റെ ഔദാര്യത്തിൽ കഴിയുന്നവൾ അച്ഛൻ പറയുന്നതു കേൾക്കണ്ടേ, മുൻ ഭാര്യക്ക് അവൾ ഫോട്ടോ അയച്ചു കൊടുത്തില്ലേ, കുഞ്ഞിനെ ഉപേക്ഷിക്കാൻ സമ്മതപത്രം കൊടുത്തില്ലേ, ആറു മാസം എവിടെ പോയി, അജിത് കുഞ്ഞിനെ അന്വേഷിച്ചില്ലല്ലോ, പെറ്റതു കൊണ്ട് മാത്രം ഒരാൾ അമ്മയാവുമോ തുടങ്ങി ഒരായിരം ചോദ്യം ഇങ്ങോട്ടു ചോദിക്കും.
ഒരു വിധമെല്ലാത്തിനും ആ ഇന്റർവ്യൂവിൽ ഉത്തരമുണ്ടായിരുന്നെങ്കിലും അവരുടെ മനസ്സ് അത് രേഖപ്പെടുത്താൻ വിസമ്മതിക്കും. ആൾക്കൂട്ടത്തിൽ ഒരു ടേപ്റിക്കാർഡർ വെച്ചാൽ എല്ലാ ശബ്ദങ്ങളും റിക്കാഡ് ചെയ്യപ്പെടും. അതേ സ്ഥാനത്ത് നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ നമ്മുടെ ചെവി അയാൾ പറയുന്ന ഒച്ചയേ സ്വീകരിക്കൂ. മനസ്സും അതു പോലെയാണ്. പൂഴിക്കടകനായി "നിങ്ങളുടെ കുടുംബത്തിലായിരുന്നെങ്കിലോ' എന്നൊരു യമണ്ടൻ ചോദ്യം അവസാനം വരും. പാവങ്ങളാണ്. അവർ ഉറച്ചു വിശ്വസിക്കുന്നത് അനുപമയെ പോലെ അച്ഛനെ ധിക്കരിക്കുന്ന പെൺകുട്ടികൾ ഈ അനീതികളെല്ലാം നൂറു ശതമാനം അർഹിക്കുന്നു എന്നാണ്. ആ വാദത്തിലൂടെ അവരാ അനീതികളോട് ഐക്യപ്പെടുകയാണ്.
ജാതി- മത വിശ്വാസത്തിന്റെ, പാർട്ടി വിശ്വാസത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ നേരത്തേ മോൾഡ് ചെയ്യപ്പെട്ട മനുഷ്യരാണ് നമ്മൾ. നമുക്കു വേണ്ടതെന്തോ അതു മാത്രമേ നമ്മൾ കാണൂ. അതിനെ സാധൂകരിക്കാനുള്ള യുക്തികൾ മാത്രമേ സ്വീകരിക്കൂ. മക്കൾ ഉൾപ്പെട്ട സംഘാവതരണങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? മുമ്പ് മകൾ അംഗനവാടിയിൽ പഠിച്ചിരുന്ന കാലത്ത് ഒരു സംഘനൃത്തം അവതരിപ്പിച്ചത് കണ്ടിരുന്നു. കൂട്ടുകാരൻ അതിൽ ഒന്നു രണ്ടു കുട്ടികളുടെ മികച്ച പെർഫോമൻസിനെക്കുറിച്ചു പറഞ്ഞു. നിനക്കെന്തു തോന്നി എന്ന് എന്നോടു ചോദിച്ചു. സത്യം പറഞ്ഞാൽ ഞാൻ എന്റെ മകളെ മാത്രമേ കണ്ടിരുന്നുള്ളു. അതാണ് കാര്യം. നിങ്ങൾ ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊണ്ട വ്യക്തിയാണെങ്കിൽ നിങ്ങൾ അനുപമയെ മാത്രമേ കാണൂ. കുടുംബ മഹിമ, ജാതി, പാർട്ടി, ആൺകോയ്മ തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊണ്ടയാളാണെങ്കിൽ അച്ഛനെ മാത്രമേ കാണൂ. ഒരു പക്ഷേയുമില്ലാതെ, ഞാനിപ്പോൾ അനുപമയെ മാത്രമേ കാണുന്നുള്ളു.
ഭരണഘടന,കുടുംബം, അധികാരം, വിശ്വാസം, ആചാരം, സദാചാരം, ആൺകോയ്മ തുടങ്ങിയവയെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ആയിരം നവോത്ഥാന സദസ്സുകളിൽ ഫൂക്കോയെയും അൽത്തൂസറെയും ഗ്രാംഷിയെയുമെല്ലാം ഉദ്ധരിച്ച് നമ്മുടെ സാംസ്കാരിക നായകരുടെ പ്രഭാഷണങ്ങളുയർന്നിരുന്നു കുറച്ചു മുമ്പ്. അവക്കൊപ്പം ദുരഭിമാനവും ജാതിയും ലൈംഗികാസൂയയുമെല്ലാം നമ്മുടെ സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മൂർത്തമായും ആഴത്തിലും വിശദീകരിക്കാനുള്ള അവസരമാണ് അവരിപ്പോൾ നഷ്ടപ്പെടുത്തിയത്. നമ്മുടെ ഇടങ്ങളെ അല്പം കൂടി ജനാധിപത്യപരമാക്കാൻ പറ്റുന്ന അവസരം. ഇടതു വലതു മതപക്ഷഭേദമെന്യേ ഭൂരിപക്ഷം പേർ ജീർണബോധങ്ങളുടെ പക്ഷത്തു നിൽക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്തപ്പോൾ ഭരണഘടന വ്യക്തിക്കു നൽകുന്ന സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ച് ഒരു വലിയ സംവാദം ഉയർത്തിക്കൊണ്ടുവന്ന് അനുപമക്കൊപ്പം നിലയുറപ്പിച്ചത് ഒരു ചെറു ന്യൂനപക്ഷമാണ്. കുഞ്ഞിനെ തിരിച്ചു കിട്ടിയതോടെ കാണികൾ നീതി നടപ്പായില്ലേ ഇനി പിരിഞ്ഞു പൊയ്ക്കൂടെ എന്ന നിലപാടിലാണ്. പിടിച്ചു കൊണ്ടുപോയി മർദ്ദിച്ചവശനാക്കി തടവിൽ വെച്ച ഒരാളെ തിരിച്ചു കൊടുത്താൽ നീതിയായി എന്നാണ് അവരിപ്പോൾ പഠിപ്പിക്കുന്നത്.
പ്രണയത്തിന്റെ, രതിയുടെ, സ്വയം നിർണയത്തിന്റെ, നിർഭയതയുടെ അടയാളമാണ് അനുപമ എന്നതൊക്കെ സി.എസ് ചന്ദ്രികയുടെ വെറും ബഡായി മാത്രമാണ്. അനുപമയുടെ ഗർഭധാരണം അവളുടെ സ്വയം നിർണയാവകാശമാകണമെന്നുണ്ടോ ? എങ്കിലും അതിനെ ഒഴിക്കാനുള്ള അവസരങ്ങൾ അവൾ ഒഴിവാക്കി എന്നതിനർഥം അവൾ അജിത്തിന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചു എന്നു തന്നെയാണ്. അതിൽ നിന്ന് അവളെ അകറ്റിയതിന്റെ നാൾവഴികൾ - കൊറോണക്കാലമടക്കം - അവൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അവളെ നിരന്തരം ക്രൂശിക്കാൻ നടക്കുന്നവർ അവളുടെ വയസ്സിനെ പരിഗണിച്ചിട്ടേ ഇല്ല. 19 വയസ്സുള്ള ഒരു പെൺകുട്ടി എടുക്കുന്ന തീരുമാനങ്ങൾ സുബദ്ധമാകണമെന്നൊന്നുമില്ല. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിപ്പോകുന്ന പ്രായമാണെന്നും പരിഗണിച്ചില്ല.
18 വയസ്സിൽ വിവാഹം കഴിക്കുകയും പ്രസവിക്കുകയും ചെയ്യുന്നവർ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. അവിടെയൊന്നും ചർച്ചയാകാത്ത സാമ്പത്തിക സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ഇവിടെ ചർച്ചയാവുന്നത് അവിവാഹിതയായ അമ്മ എന്ന സദാചാര പ്രശ്നത്തെ മുൻ നിർത്തിയാണ്.
ഇതൊരു അനുകരണീയ മാതൃകയൊന്നുമല്ല. ഈ സംഭവത്തിൽ മുഴുവൻ ഉത്തരവാദിത്തവും ചുമലിലേറ്റിയത് ആ പെൺകുട്ടിയാണ്. പെൺകുട്ടികളും ആൺകുട്ടികളും കൂടുതൽ കരുതലുള്ളവരാകേണ്ടതുണ്ടെന്നും ഇത്തരം സാഹചര്യങ്ങളെ തോൾ ചേർന്ന് നേരിടേണ്ടതുണ്ടെന്നുമുള്ള പാഠം ഇത് മുന്നോട്ടു വെക്കുന്നു. അനുപമയെ പോലെ തന്നെ ഇതിന്റെ കേന്ദ്രസ്ഥാനത്തുള്ള കുട്ടിയുടെ മനുഷ്യാവകാശവും ഇവിടെ അധികം ചർച്ച ചെയ്യപ്പെട്ടില്ല. 3 ദിവസം പ്രായമുള്ള കുട്ടിയെ അമ്മയിൽ നിന്നും അകറ്റിയവർ, അതിന് കൂട്ടുനിന്ന പോലീസ് അടക്കമുള്ള ഭരണകൂട സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമ്പോൾ മാത്രമേ നീതി പൂർണ്ണമാവുകയുള്ളു.
അനുപമ വിഷയത്തിൽ സ്ത്രീകളുടേതായി കണ്ട ചില പ്രതികരണങ്ങൾ കടുത്ത ആൺ ഭാഷയിലായിരുന്നുവെന്നും ശ്രദ്ധിക്കണം. വയലൻസിന്റെ ഏറ്റവും ശക്തമായ നടപ്പാക്കലുണ്ടാവുക ഏറ്റവും സൗമ്യമായ രീതികളിലാണ്. കാലങ്ങൾ കൊണ്ട് സ്വാംശീകരിച്ചു പോയ ആണധികാരച്ചിട്ടകളെ മറികടക്കാൻ പ്രയാസമാണ്. പക്ഷേ അനുപമയ്ക്കായി ഇപ്പോഴുയർന്ന ചെറു ന്യൂനപക്ഷത്തിന്റെ നിലപാടുകളെ കൂവിത്തോല്പിക്കാനിറങ്ങുന്നതിനു പകരം ഒരു സ്ത്രീ ഉൾപ്പെട്ട മനുഷ്യാവകാശപ്രശ്‌നത്തെ പോലും മൊത്തമായി അവളുടെ ലൈംഗികതയിലേക്ക് ചുരുക്കിയെടുത്ത് ഇല്ലായ്മ ചെയ്യുന്ന പതിവ് ആൺബുദ്ധിക്ക് തങ്ങളെങ്ങനെ കീഴ്പ്പെട്ടു പോയി എന്ന് അവർ വൈകിയെങ്കിലും ആലോചിക്കുമായിരിക്കും.
എന്താണ് അനുപമ വിഷയത്തിന്റെ ഫലശ്രുതി? നമ്മുടെ സ്വർണം പൂശിയ നവോത്ഥാനത്തിന്റെ എടുപ്പുകൾക്കുള്ളിൽ വെറും ജാതീയതയുടെ, ജീർണിച്ച സദാചാരത്തിന്റെ , ആൺകോയ്മയുടെ, സ്ത്രീവിരുദ്ധതയുടെ ചെമ്പാണുള്ളതെന്നു അത് തെളിയിച്ചു. സാംസ്കാരിക നായകരടക്കമുള്ള പുരുഷന്മാർ അപ്രസക്തരും ദുർബലരും ഭീരുക്കളുമാവുന്ന, സ്ത്രീകൾ അസാധാരണമാം വിധം കരുത്താർജിക്കുകയും ചെയ്യുന്ന ഒരു പരിവർത്തന കാലത്തെക്കുറിച്ചുള്ള സൂചന നൽകി. കൃത്യമായ ഒരു നേതൃത്വമില്ലെങ്കിലും സ്ത്രീകളുടെ ശബ്ദങ്ങളാണ് ഈ സമരവേളയിൽ ഉയർന്നു കേട്ടത്. അല്ലയോ ഭവാന്മാരെ, അവസരവാദവും ഭീരുത്വവും മറച്ചുവെക്കാൻ നിങ്ങളുയർത്തുന്ന പൊള്ളയായ പരുഷപുരുഷ ഭാഷണങ്ങൾ നിർത്തേണ്ട സമയമായി എന്നു കൂടിയാണാ ശബ്ദങ്ങൾ ധ്വനിപ്പിക്കുന്നത്.