മോനി ഭോസ്ലേയാണ്, ‘Monalisa’ അല്ല;
അവർ വസ്തുവല്ല, മനുഷ്യനാണ്

മഹാകുംഭമേളയ്ക്ക് രുദ്രാക്ഷമാല വിൽക്കാനെത്തിയ മോനി ഭോസ്ലേ എന്ന 16 വയസ്സുള്ള പെൺകുട്ടിയെ ‘മൊണാലിസ’യായി ആഘോഷിക്കുകയും അവരുടെ നിറവും ചിരിയും വൈറലാക്കുകയും ചെയ്ത സോഷ്യൽ മീഡിയ പുരുഷനോട്ടം എങ്ങനെയാണ് സ്ത്രീകളുടെ വ്യക്തിത്വത്തെ അപരവൽക്കരിക്കുന്നത് എന്ന് വിശകലനം ചെയ്യുന്നു, നവീൻ പ്രസാദ് അലക്സ്.

ധ്യ​പ്രദേശിലെ ഇൻഡോറിലുള്ള തൊഴിലാളി കുടുംബത്തിൽ നിന്നുള്ള 16 വയസ്സുകാരിയായ മോനി ഭോസ്ലേ ഇത്തവണ യു.പിയിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായി. രു​ദ്രാക്ഷമാലയും മുത്തുമാലകളും വിൽക്കുന്ന ഈ പെൺകുട്ടിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെതുടർന്ന് ‘തവിട്ടുനിറത്തിലുള്ള സുന്ദരി’ എന്ന വിശേഷണത്തോടെ അവൾ നിമിഷനേരം കൊണ്ട് പ്രശസ്തയായി.

അവളുടെ ‘ചാരക്കണ്ണു’കളും ചിരിയുമെല്ലാം ആഘോഷിക്കപ്പെട്ടു. സോഷ്യൽ മീഡിയ അവൾക്ക് ‘Monalisa’ എന്ന വിളി​പ്പേരുമിട്ടു. അവൾക്കൊപ്പം സെൽഫിയെടുക്കാൻ തിരക്കായി. ഉപജീവനമാർഗമായ മാല വിൽപ്പന നടത്താനാകാതെ, അവളുടെ കുടുംബം പൊറുതിമുട്ടി.

പടമെടുക്കാൻ വരുന്നവരിൽനിന്ന് രക്ഷപ്പെടാൻ മോനി ഭോസ്ലേ മുഖവും തലയും ഷാൾ കൊണ്ട് മറച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന വീഡിയോയും പുറത്തുവന്നു. നാട്ടിലെത്തിയയുടൻ യുറ്റ്യൂബ് ചാനലും ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും തുടങ്ങിയ മോനി ഭോസ്ലേയുടേതായി ഒരു സന്ദേശവും എത്തി: ‘‘എന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതി എനിക്ക് ഇൻഡോറിലേക്ക് മടങ്ങേണ്ടിവന്നു. കഴിയുമെങ്കിൽ, അടുത്ത മഹാകുംഭമേളയ്ക്ക് ഞാൻ തിരിച്ചുവരും. എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി’’.

പുരുഷനോട്ടത്തിന്റെ
ആഘോഷം

മോനി ഭോസ്ലേയുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതിനുപകരം തവിട്ടുനിറത്തിലുള്ള അവരുടെ ചർമത്തെയും ശരീരത്തെയും ഫെറ്റിഷിസത്തിന്റെ (Fetishism) തലത്തിൽ ആഘോഷിക്കുകയും കേവല വസ്തുവായി കാണുകയും (Objectification) ചെയ്യുന്ന പുരുഷനോട്ടത്തിന്റെ ആഘോഷമാണ് ഇവിടെ നടന്നത്. അതുകൊണ്ടാണ് മോനി ഭോസ്ലേ തീർത്തും ആവശ്യമില്ലാത്ത ഒരു പൊതുശ്രദ്ധയുടെയും ആൾക്കൂട്ട നിരീക്ഷണത്തിന്റെയും വസ്തുവാക്കപ്പെട്ടത്. ഇത് ആത്യന്തികമായി, സ്വന്തം പേരു പോലും നഷ്ടപ്പെടുത്തുംവിധം അദൃശ്യതയിലേക്ക് പിൻവലിയാനും ഈ ​പെൺകുട്ടിയെ നിർബന്ധിതയാക്കി.

സ്വതന്ത്ര വ്യക്തിത്വമുള്ള ഒരാളായി മോനി ഭോസ്ലേയെ അംഗീകരിക്കുന്നതിനുപകരം കേവലം ശരീരവൽകൃതമായ സൗന്ദര്യാത്മകതയുടെ ഉപപഭോഗ വസ്തുവായി പുരുഷബോധം അവരെ ചിത്രീകരിക്കുകയായിരുന്നു.

മോനി ഭോസ്​ലയുടേത് കേവലം വ്യക്തിപരമായ ദുരന്തം മാത്രമല്ല, അസമത്വം ആഴത്തിൽ വേരൂന്നിയ ഒരു സമൂഹത്തിൽ ലിംഗം, വർഗം, തൊഴിൽ, വംശം എന്നിവയെ അടിസ്ഥാനമാക്കി നിലനിന്നുപോരുന്ന വ്യവസ്ഥാപിതമായ വിവേചനത്തെ പ്രതിഫലിപ്പിക്കുന്ന കാര്യമാണ്. അവളുടെ തവിട്ടുനിറത്തിലുള്ള ചർമവും ‘വിചിത്രമായ’ എന്ന് വിശഷിപ്പിക്കപ്പെട്ട സൗന്ദര്യവും സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടംപിടിച്ചു.

സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് മോനി ഭോസ്‍ലേയ്ക്ക് അമിതപ്രശംസക്കിരയായത്. സ്വതന്ത്ര വ്യക്തിത്വമുള്ള ഒരാളായി അവളെ അംഗീകരിക്കുന്നതിനുപകരം കേവലം ശരീരവൽകൃതമായ സൗന്ദര്യാത്മകതയുടെ ഉപപഭോഗ വസ്തുവായി പുരുഷബോധം അവരെ ചിത്രീകരിക്കുകയായിരുന്നു.

സ്ത്രീകളുടെ മൂല്യം അവരുടെ വ്യക്തിത്വം മറച്ചുപിടിച്ച്, ദൃശ്യപരതയിലൂടെയും അഭിലഷണീയതയിലൂടെയും നിർവചിക്കുകയാണ് പുരുഷാധിപത്യം ചെയ്യുന്നത്
സ്ത്രീകളുടെ മൂല്യം അവരുടെ വ്യക്തിത്വം മറച്ചുപിടിച്ച്, ദൃശ്യപരതയിലൂടെയും അഭിലഷണീയതയിലൂടെയും നിർവചിക്കുകയാണ് പുരുഷാധിപത്യം ചെയ്യുന്നത്

ഫെമിനിസ്റ്റ് സൈദ്ധാന്തികയായ ലോറ മുൾവി നടത്തിയ ‘പുരുഷ നോട്ടം’ (Male Gaze) എന്ന വിശേഷണം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ‘വിഷ്വൽ പ്ലഷർ ആൻഡ് നറേറ്റിവ് സിനിമ' (1975) എന്ന തന്റെ സെമിനൽ ഉപന്യാസത്തിൽ, സ്ത്രീകളുടെ മൂല്യം നിർണ്ണയിക്കപ്പെടുന്നത്, പലപ്പോഴും പുരുഷ ആനന്ദത്തിന്റെ വസ്തുക്കളായി അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് മുൾവി വാദിക്കുന്നു. ‘അവൾ ഒരു ദേവതയാണ്’, ‘അപൂർവ സുന്ദരി’യാണ് തുടങ്ങിയ വിശേഷണങ്ങൾ വ്യക്തിയുടെ ഐഡന്റിറ്റിയെ തന്നെ മറച്ചുപിടിച്ച് അവരുടെ ശരീരത്തെ വില്പന ചരക്കെന്ന നിലയിൽ അടയാളപ്പെടുത്തുന്നു.

ഇവിടെ, പെൺകുട്ടിയുടെ ചർമത്തെ ‘ഫെറ്റിഷൈസ്സ്’ ചെയ്യുന്ന സമൂഹം ഇവരെപ്പോലുള്ള മനുഷ്യരെ ദൈനംദിന ജീവിതത്തിൽ നിരന്തരം പാർശ്വവത്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുരുഷാധിപത്യം പ്രവർത്തിക്കുന്ന രീതിയാണിത്. സ്ത്രീകളുടെ മൂല്യം അവരുടെ വ്യക്തിത്വം മറച്ചുപിടിച്ച്, ദൃശ്യപരതയിലൂടെയും അഭിലഷണീയതയിലൂടെയും നിർവചിക്കുകയാണ് പുരുഷാധിപത്യം ചെയ്യുന്നത്. തവിട്ടുനിറമുള്ള അല്ലെങ്കിൽ കറുത്ത നിറമുള്ള (Women of Colour) സ്ത്രീകളുടെ ‘ഫെറ്റിഷൈസ്സേഷൻ’ ഒരു കൊളോണിയൽ, നവലിബറൽ പാരമ്പര്യമാണ്.

സ്ത്രീകളുടെ മൂല്യം നിർണ്ണയിക്കപ്പെടുന്നത്, പലപ്പോഴും പുരുഷ ആനന്ദത്തിന്റെ വസ്തുക്കളായി അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് ലോറ മുൾവി പറയുന്നു.
സ്ത്രീകളുടെ മൂല്യം നിർണ്ണയിക്കപ്പെടുന്നത്, പലപ്പോഴും പുരുഷ ആനന്ദത്തിന്റെ വസ്തുക്കളായി അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് ലോറ മുൾവി പറയുന്നു.

ഫെമിനിസ്റ്റ് എഴുത്തുകാരി ബെൽ ഹുക്ക്സ് ഈ പ്രതിഭാസത്തെക്കുറിച്ച് ‘ബ്ലാക്ക് ലൂക്കസ്: റേസ് ആൻഡ് റെപ്രെസെന്റഷൻ’ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്. അപരത്വത്തിന്റെ ഉപഭോഗവൽക്കരണം (Commodification) കൂടുതൽ തീവ്രമായും തൃപ്തികരമായും പുരുഷന്മാർക്ക് ഒരു പുതിയ ആനന്ദം വാഗ്ദാനം ചെയ്യുന്നു എന്ന് ബെൽ ഹുക്സ് എഴുതുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കറുപ്പോ തവിട്ടോ നിറമുള്ള സ്ത്രീകൾ പലപ്പോഴും ‘വിചിത്രമായ’ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായി ചുരുക്കപ്പെടുന്നു.

അവരുടെ വംശീയ ശരീരം ഉപഭോഗ ഉൽപ്പന്നങ്ങളായി രൂപാന്തരപ്പെടുന്നു. ഈ ‘ഫെറ്റിഷൈസേഷൻ’ എങ്ങനെ നിലനിൽക്കുന്നുവെന്ന് മോണി ഭോസ്ലേയുടെ കഥ തെളിയിക്കുന്നു. സോഷ്യൽ മീഡിയ അടിക്കുറിപ്പുകളിൽ ആഘോഷിക്കപ്പെടുന്ന അവളുടെ തവിട്ടുനിറത്തിലുള്ള ചർമം അവളുടെ വ്യക്തിത്വത്തിന്റെ ആഘോഷമല്ല, മറിച്ച് അവളുടെ വംശീയ സ്വത്വത്തിന്റെ ഉപഭോഗവൽക്കരണമാണ്.

ഇവിടെ, പെൺകുട്ടിയുടെ ചർമത്തെ ‘ഫെറ്റിഷൈസ്സ്’ ചെയ്യുന്ന സമൂഹം ഇവരെപ്പോലുള്ള മനുഷ്യരെ ദൈനംദിന ജീവിതത്തിൽ നിരന്തരം പാർശ്വവത്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അതേസമയം, ഈ സ്ത്രീകളെ നിറത്തിന്റെ പേരിൽ അടിച്ചമർത്തുന്ന നിറവ്യവഹാരത്തിന്റെ ഘടനാപരമായ യാഥാർത്ഥ്യങ്ങൾ വെല്ലുവിളിക്കപ്പെടാതെ തുടരുന്നു. അവ പൊതുബോധത്തിൽ സ്വാധീനം നേടുന്നു, ഒടുവിൽ പൊതുബോധം തന്നെയായി മാറുന്നു. ‘തവിട്ടുനിറത്തിലുള്ള സ്ത്രീകളെ ഫെറ്റിഷിസിംഗ് ചെയ്യുന്നത് വർണ്ണവിവേചനത്തെ ഇല്ലാതാക്കുന്നില്ല, മാത്രമല്ല, മറ്റു സന്ദർഭങ്ങളിൽ അവരെ മൂല്യച്യുതിക്ക് വിധേയരാക്കുന്ന അധികാരശ്രേണിയെ അത് ശക്തിപ്പെടുത്തുന്നു’ എന്ന് എഴുത്തുകാരി കവിതാ കൃഷ്ണൻ പറയുന്നുണ്ട്. മോനി ഭോസ്ലേയുടെ ചർമം ട്രെൻഡിയായി മാറിയതിനാൽ ദൃശ്യമാക്കപ്പെട്ടു. എന്നാൽ ആ ദൃശ്യപരത ഇന്ത്യയിലും ആഗോളതലത്തിലും കറുത്ത നിറമുള്ള സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ വിവേചനത്തെ വെല്ലുവിളിക്കാൻ ഒന്നും ചെയ്തില്ല.

പലപ്പോഴും ജനാധിപത്യത്തിന്റെ ഇടമായി വിശേഷിപ്പിക്കപ്പെടുന്ന സോഷ്യൽ മീഡിയ മോനി ഭോസ്ലേയുടെ കാര്യത്തിൽ ഇരുതലമൂർച്ചയുള്ള വാളായി മാറി. അതുണ്ടാക്കിയ ദൃശ്യപരത ഈ പെൺകുട്ടിയെ നിരന്തരമായ ഉപദ്രവങ്ങളിലേക്കാണ് നയിച്ചത്. തൊഴിൽ ചെയ്യാനായി എത്തിയ അവൾ പൊതു കാഴ്ചവസ്തുവായി മാറി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സംരക്ഷണത്തിനുപകരം അവൾക്കായി ഒരുക്കിവച്ചത്, ചൂഷണത്തിന്റെ ഇടമാണ്.

നവലിബറൽ സംവിധാനങ്ങൾ ദൃശ്യപരതയും ശാക്തീകരണവും പോലുള്ള ഫെമിനിസ്റ്റ് ആശയങ്ങളെ ഉൾക്കൊള്ളുകയും എന്നാൽ ഇതോടൊപ്പം അടിച്ചമർത്തലിന്റെ ഘടനകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി നാൻസി ഫ്രേസർ വിശദീകരിക്കുന്നു.
നവലിബറൽ സംവിധാനങ്ങൾ ദൃശ്യപരതയും ശാക്തീകരണവും പോലുള്ള ഫെമിനിസ്റ്റ് ആശയങ്ങളെ ഉൾക്കൊള്ളുകയും എന്നാൽ ഇതോടൊപ്പം അടിച്ചമർത്തലിന്റെ ഘടനകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി നാൻസി ഫ്രേസർ വിശദീകരിക്കുന്നു.

‘ഫെമിനിസം, മുതലാളിത്തം; ചരിത്രത്തിന്റെ കുതന്ത്രം' എന്ന പുസ്തകത്തിൽ ഫെമിനിസ്റ്റ് തത്വചിന്തക നാൻസി ഫ്രേസർ നിയോ ലിബറലിസത്തെ വിമർശനവിധേയമാക്കുന്നുണ്ട്. നവലിബറൽ സംവിധാനങ്ങൾ ദൃശ്യപരതയും ശാക്തീകരണവും പോലുള്ള ഫെമിനിസ്റ്റ് ആശയങ്ങളെ ഉൾക്കൊള്ളുകയും എന്നാൽ ഇതോടൊപ്പം അടിച്ചമർത്തലിന്റെ ഘടനകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി ഫ്രേസർ വിശദീകരിക്കുന്നു. ദൃശ്യത, യഥാർത്ഥ ഏജൻസിയിൽ നിന്നും അധികാരത്തിൽ നിന്നും വേർതിരിക്കപ്പെടുന്നത്തോടെ അതൊരു കെണിയായി മാറുന്നുവെന്ന് ഫ്രേസർ എഴുതുന്നു. സോഷ്യൽ മീഡിയയിലെ മോനി ഭോസ്ലേയുടെ ‘മൊണാലിസ’ എന്ന നിലയ്ക്കുള്ള ദൃശ്യപരത അവളെ ശാക്തീകരിക്കുന്നതിനുപകരം തീർത്തും ദുർബലയാക്കുകയാണ് ചെയ്യുന്നത്. ഏജൻസിഷിപ്പും സ്വയംഭരണവും സാധ്യമായ ഒരു സ്വതന്ത്ര വ്യക്തി എന്നതിൽ നിന്ന് മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്ന ഉപഭോഗവസ്തുവായി അവളെ അത് സമർഥമായി മാറ്റിയെടുക്കുന്നു.

മോനി ഭോസ്ലേക്ക് നേരിട്ട ദുരനുഭവത്തിൽ സ്ത്രീയുടെ വർഗ്ഗം, അവർ ചെയ്യുന്ന തൊഴിൽ, പൊതു ഇടങ്ങൾ ആസ്വദിക്കാനുള്ള സ്ത്രീകളുടെ അവകാശം എന്നിവ കൂടി പ്രസക്തമാണ്.

മഹാകുംഭമേളയിൽ ആൾക്കൂട്ടത്തിന്റെ ഉപദ്രവം ശക്തമായതോടെ മോനി ഭോസ്ലേയുടെ പിതാവ്, അവളുടെ സുരക്ഷിതത്വത്തിൽ ആശങ്കപ്പെട്ട്, വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. അതോടെ, ഉപജീവനോപാധി കണ്ടെത്താൻ സ്വന്തം കുടുംബത്തിന്റെ ഭാഗമായി മാറിയ ഈ ​പെൺകുട്ടി അദൃശ്യയാക്കപ്പെട്ടു. ഇന്നും പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾക്ക് 'സുരക്ഷിത്വത്തിനായി' പൊതുമധ്യത്തിൽ നിന്ന് അദൃശ്യതയിലേക്ക് പിന്മാറുക മാത്രമേ വഴിയുള്ളൂ എന്നത് സ്ഥാപിച്ചെടുക്കുകയായിരുന്നു മോനി ​ഭോസ്ലേയുടെ വൈറൽ അനന്തര ജീവിതം.

സോഷ്യോളജിസ്റ്റ് നിവേദിതാ മേനോൻ, ‘സീയിംഗ് ലൈക്ക് എ ഫെമിനിസ്റ്റ്’ (2012) എന്ന പുസ്തകത്തിൽ ഈ തരത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണത്തെ വിമർശിക്കുന്നുണ്ട്: പുരുഷാധിപത്യ സമൂഹത്തിൽ 'സുരക്ഷിതം' ആയിരിക്കുക എന്നത് പലപ്പോഴും സ്ത്രീകളുടെ ചലനാത്മകതയെയോ സ്വാതന്ത്ര്യത്തെയോ പരിമിതപ്പെടുത്തുന്നു. അതേസമയം, പുരുഷാവകാശത്തിനും അതിന്റെ അടിസ്ഥാന കാരണങ്ങൾക്കും ഒരു മാറ്റവും സംഭവിക്കുന്നില്ല. അത്യന്തികമായി ഉപദ്രവം നേരിടുന്ന സ്ത്രീകൾക്ക് പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അതിന്റെ യഥാർഥ ഉത്തരവാദികൾ സുരക്ഷിതരായിരിക്കുന്നു.

തൊഴിലാളിവർഗ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീയെന്ന നിലയിൽ, കുംഭമേളയിലെ മോനി  ഭോസ്ലേയുടെ പങ്കാളിത്തം, ദൈനംദിന ജീവിതത്തിന്റെ ദുരിതത്തിൽ നിന്ന് മാറിനിന്ന് ജീവിതം ആസ്വദിക്കാനുള്ള ത്വര കൂടിയാകാം.
തൊഴിലാളിവർഗ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീയെന്ന നിലയിൽ, കുംഭമേളയിലെ മോനി ഭോസ്ലേയുടെ പങ്കാളിത്തം, ദൈനംദിന ജീവിതത്തിന്റെ ദുരിതത്തിൽ നിന്ന് മാറിനിന്ന് ജീവിതം ആസ്വദിക്കാനുള്ള ത്വര കൂടിയാകാം.

മോനി ഭോസ്ലേക്ക് നേരിട്ട ദുരനുഭവത്തിൽ സ്ത്രീയുടെ വർഗ്ഗം, അവർ ചെയ്യുന്ന തൊഴിൽ, പൊതു ഇടങ്ങൾ ആസ്വദിക്കാനുള്ള സ്ത്രീകളുടെ അവകാശം എന്നിവ കൂടി പ്രസക്തമാണ്. തൊഴിലാളിവർഗ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീയെന്ന നിലയിൽ, കുംഭമേളയിലെ മോനി ഭോസ്ലേയുടെ പങ്കാളിത്തം, ദൈനംദിന ജീവിതത്തിന്റെ ദുരിതത്തിൽ നിന്ന് മാറിനിന്ന് ജീവിതം ആസ്വദിക്കാനുള്ള ത്വര കൂടിയാകാം. ഇത്തരം സ്ത്രീകൾക്ക്, ദൈനംദിന ക്ലേശങ്ങളിൽ നിന്ന് പുറത്തുകടക്കാനും ജീവിതം ആസ്വദിക്കാനുമുള്ള അവസരങ്ങൾ വളരെ കുറവാണ്. സ്ത്രീകളെ സംബന്ധിച്ച്, സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അത്യപൂ​ർവ നിമിഷങ്ങൾ പോലും നിരന്തരം സാമൂഹികനോട്ടങ്ങളുടെ നിയന്ത്രണത്തിലായിരിക്കുകയും ​ചെയ്യും. പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ചലനാത്മകതയും സാന്നിധ്യവും പലപ്പോഴും പുരുഷനോട്ടത്തിന്റെ ലെൻസിലൂടെ വ്യാഖ്യാനിക്കപ്പെടുന്നതിന് മോനി ഭോസ്ലേയുടെ അനുഭവം മികച്ച ഉദാഹരണമാണ്.

‘പൊതു ഇടങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം പലപ്പോഴും പുരുഷാധിപത്യ ക്രമത്തോടുള്ള വെല്ലുവിളിയായാണ് കണക്കാക്ക​പ്പെടുന്നത്’ എന്ന് ഫെമിനിസ്റ്റ് ചിന്തകനായ ഗില്ലിയൻ റോസ് പറയുന്നുണ്ട്. മോനി ഭോസ്ലേയുടെ അനുഭവം ഒറ്റപ്പെട്ടതല്ല, വ്യവസ്ഥാപരമായ പ്രശ്നങ്ങളുടെ ലക്ഷണമാണ്.


Summary: How a working class girl Monalisa becomes an object of brown skin fetishism. Naveen Prasad Alex writes on the context of Kumbh Mela viral story.


നവീൻ പ്രസാദ് അലക്സ്

ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ബയോളജിയിൽ IMPRS ഫെലോ. ഇക്കോളജി, എവല്യൂഷണറി ബയോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നു.

Comments