അമിതാഭ് ബച്ചൻ മഹേഷ് ബാബുവിന് നന്ദി അവാർഡ് കൊടുക്കുന്ന ഫോട്ടോയിൽ തൻ്റെ തല ചേർത്തുവെച്ച, എന്നിട്ട് അത് മലയാളത്തിലെ മുൻനിര പത്രത്തിൽ പ്രസിദ്ധീകരിച്ച, അതിനെ പറ്റി ആളുകൾ അറിയുമ്പോൾ പോലും ഉളുപ്പില്ലാതെയിരുന്ന, ഫേസ്ബുക്കിൽ വിഷം നിറഞ്ഞ പോസ്റ്റുകളിടുന്ന, പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ വെച്ച് ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. ഇഫ്തികർ അഹമ്മദ് ബി.യെ പറ്റി കേട്ടുകൊണ്ടാണ് സർവകലാശാലയിൽ എത്തുന്നത്. അഡ്മിഷൻ സമയത്ത് ഈ കഥകൾ കേട്ടുവെങ്കിലും അത് നേരിട്ട് അനുഭവപ്പെട്ടത്, ഓൺലൈൻ ക്ലാസിൻ്റെ സമയത്താണ്.
ഓൺലൈൻ ക്ലാസിൽ കവിത പഠിപ്പിക്കുമ്പോൾ ഇല്ലാത്ത അർത്ഥങ്ങളിലൂടെയും വഷളത്തരം നിറഞ്ഞ വർത്തമാനങ്ങളിലൂടെയും വിദ്യാർഥികളെ അസ്വസ്ഥരാക്കുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു. ക്ലാസിലെ പെൺകുട്ടികളെ മാത്രം വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന അസുഖവും അദ്ദേഹത്തിന് അന്നുണ്ട്.
ഇതെല്ലാം അതിൻ്റെ പരിപൂർണ്ണതയിലെത്തുന്നത് കോവിഡ് കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ എത്തുമ്പോഴാണ്. ഇദ്ദേഹം തന്നെ ഡിസൈൻ ചെയ്തെടുത്ത കോഴ്സിൽ ഇദ്ദേഹത്തിന് ഇഷ്ടമുള്ള, ലൈംഗികത മാത്രം നിറഞ്ഞ കവിതകളും ഉൾപ്പെടുത്താൻ മറക്കാറില്ല. എന്നിട്ട് എല്ലാ കവിതകളെക്കുറിച്ചും കുട്ടികളോട് സെമിനാർ എടുക്കാൻ പറയും. എടുക്കുന്നതിനിടയിൽ തന്നെ പലതരം ഗോഷ്ടികൾ കാണിക്കുന്നതും പതിവാണ്. ‘ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ’ എന്ന ഡയലോഗാണ് ഓർമ്മയിൽ അയാളുടെ വായിൽ നിന്ന് എല്ലായ്പോഴും തെറിക്കാറ്. പോരാതെ പെണ്ണുങ്ങൾ കാല് കാണിച്ചു നടക്കുന്നു എന്ന് പരാതി പറയുക, ക്ലാസിൽ മുൻനിരയിലിരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് ചാരിനിന്ന് സംസാരിക്കുക, ഗോഷ്ടികൾ കാണിക്കുക എന്നിങ്ങനെ നിരവധി ഹോബികളുണ്ട് അയാൾക്ക് ക്ലാസിൽ.
ചില ഹോബികൾ:
കവിത പഠിപ്പിക്കുമ്പോൾ ഒരു ബന്ധവുമില്ലാതെ പട്ടായയിലെ സെക്സ് ടൂറിസത്തെ പറ്റി പറയും. സ്ത്രീകളുടെ വയറ്റിൽ ടെകീല വെച്ചിട്ട് അത് കുടിക്കുന്ന കഥ പറയും.
ക്ലാസിലെ പെൺകുട്ടികളുടെ പേര് പറഞ്ഞിട്ട് അവരോട് പോകുന്നോ എന്ന് ചോദിക്കുന്നു.
എനിക്ക് പെട്രിയാർക്കി ആണ് ഇഷ്ടം, എനിക്ക് അതുകൊണ്ട് ഗുണം മാത്രമേ ഉള്ളൂ എന്ന് പറയുന്നു, ഒപ്പം താൻ ഒരു മെയിൽ ഫെമിനിസ്റ്റ് ആണെന്നും പറയും.
കവിതയിൽ ‘will’ എന്ന വാക്കിന് പുരുഷ ലിംഗവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞതിനു ശേഷം, ക്ലാസിലെ പെൺകുട്ടിയുടെ പേര് പറഞ്ഞിട്ട്, “shall I put my will into thine?” എന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് ചോദിക്കുന്നു.
പരീക്ഷയുടെ പേപ്പർ തരാൻ എന്ന വ്യാജേന ഓരോ കുട്ടികളെയും ക്യാബിനിലേക്ക് വിളിച്ച് വായിൽ തോന്നുന്നതൊക്കെ പറയുന്നു.
ടു ഹിസ് കോയി മിസ്ട്രസ്, മിസ്‌ട്രസ് ഗോയിങ് ടു ബെഡ് എന്നീ കവിതകൾ പഠിപ്പിക്കുമ്പോൾ ലൈംഗിക ചുവയോടെ മാത്രം സംസാരിക്കുന്നു.
ലിംഗ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസിന്റെ തുടക്കം. ശേഷം ഫൊനടിക്സ് പഠിപ്പിക്കുമ്പോൾ, ബോർഡിൽ ‘റ’ വരച്ച്, സ്ത്രീയുടെ പിൻഭാഗം പോലെ അല്ലേ എന്ന് ചോദിക്കുന്നു.
ക്ലാസിൽ ലൈംഗിക ചുവയോടെ സംസാരിക്കുക, പഠിപ്പിക്കുന്ന കവിതയിൽ ഇല്ലാത്ത വൃത്തികേട് കുത്തിനിറക്കുക, വിദ്യാർഥിനികളുടെ ശരീരത്ത് തൊടാൻ ശ്രമിക്കുക എന്നിങ്ങനെ രണ്ട് കൊല്ലത്തെ യൂണിവേഴ്സിറ്റി ജീവിതത്തിൽ ഈ മഹാനിൽ നിന്ന് ഒരുപാട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. തിരിച്ചു സംസാരിച്ചതിന് ഒരു സെമസ്റ്ററിലെ ഗ്രേഡ് തന്നെ മാറിപ്പോയിട്ടുണ്ട്. ഇൻ്റേണൽ മാർക്ക് ആണ് അവിടെ എല്ലാവരുടെയും ആയുധം. എങ്ങനെയെങ്കിലും തീർത്തിട്ട് ഓടിപ്പോകാം എന്നു മാത്രമേ അപ്പോൾ തോന്നൂ.
കുറച്ചുനാൾ മുൻപാണ്, ഒരു വിദ്യാർത്ഥിനി ഇയാൾക്കെതിരെ എതിരെ മുന്നോട്ടുവന്നത്. ആ പെൺകുട്ടി ഇന്ന് യൂണിവേഴ്സിറ്റിയിലുണ്ടോ, അതോ പഠനം ഉപേക്ഷിച്ചുപോയോ എന്നറിയില്ല. അയാൾ യൂണിവേഴ്സിറ്റിയിൽ തിരികെ എത്തിയിരുന്നു. മറ്റൊരു ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി എന്നു മാത്രം. ഇപ്പോൾ ഇതാ വീണ്ടും ഇഫ്തിക്കറിനെതിരെ ലൈംഗികാതിക്രമണത്തിന് കേസെടുത്തിരിക്കുന്നു. അതിൽ നിന്ന് ഊരി അയാൾ പോകുമായിരിക്കും. എങ്കിലും പിടിയിലായതിൽ സന്തോഷം മാത്രം.
കേന്ദ്ര സർവകലാശാലകളിൽ ഇന്റേണൽ മാർക്ക് ഉപയോഗിച്ച് കുട്ടികളെ മാനസിക പീഡനത്തിന് വിധേയമാക്കുന്നതും ഇതിനോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. പല കുട്ടികളെയും മുൻധാരണകളോടുകൂടി സമീപിക്കുകയും ഇന്റേണൽ മാർക്ക് മുന്നിൽ വെച്ച് എല്ലാം സഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതും ഇഫ്തിക്കറിനെ പോലെയുള്ളവർക്ക് വളരാൻ ഇടം നൽകുന്ന കാര്യങ്ങളാണ്.
ഒരുപക്ഷേ പുറത്തുവച്ച് നടന്ന സംഭവമായതുകൊണ്ടുമാത്രമാകാം അയാളിപ്പോൾ ജയിലിൽ കിടക്കുന്നത്. യൂണിവേഴ്സിറ്റിയിലായിരുന്നെങ്കിൽ അത് എങ്ങനെയെങ്കിലും ഒതുങ്ങിപ്പോയേനെ.