‘വഞ്ചിക്ക​പ്പെട്ട’ കാമുകന്റെ വൈകാരിക വേദനയോർത്ത്​ കണ്ണീരൊഴുക്കുന്ന സമൂഹത്തോട്​ ചില കാര്യങ്ങൾ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ഒരു സ്ത്രീ തീരുമാനിക്കുമ്പോൾ, അവളുടെ വ്യക്തിത്വവും ധാർമികതയും സ്വത്വവും സമൂഹത്തിന്റെ പരിഹാസത്തിന് വിധേയമാകുന്നു. അവൾ ബന്ധം ഉപേക്ഷിക്കുമ്പോൾ "വഞ്ചിക്കപ്പെട്ട' കാമുകന്റെ കൈയ്യാൽ കൊല്ലപ്പെടാൻ അർഹയാണോ അല്ലയോ എന്ന തരത്തിൽ നമ്മൾ ചർച്ചകൾ നടത്തുന്നു. ഇവിടെയെല്ലാം നമ്മൾ മറന്നുകളഞ്ഞ വളരെ അടിസ്ഥാനപരമായ ചോദ്യമുണ്ട് - സ്ത്രീകൾ എന്തിനും ഏതിനും നമ്മോട് വിധേയപ്പെടേണ്ടവരാണോ?.

കേരളത്തിൽ പ്രണയ നൈരാശ്യത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് വിദ്യാർത്ഥിനികളാണ് കൊല ചെയ്യപ്പെട്ടത്. കോട്ടയത്ത് 22 - കാരിയെ സഹപാഠി കഴുത്തറുത്ത് കൊന്നപ്പോൾ, കൊച്ചിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ 24 - കാരി മുൻ കാമുകന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

നിർഭാഗ്യവശാൽ ഇവ രണ്ടും ഒറ്റപ്പെട്ട സംഭവങ്ങളല്ല. പെൺകുട്ടികൾക്ക് നേരെയുള്ള സമാനമായ ഇത്തരം അതിക്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
പ്രണയം നിരസിച്ചതിന്റെ ഫലമായി നിരവധി പെൺകുട്ടികൾ കൊല്ലപ്പെടുകയോ അതിക്രമങ്ങൾക്കിരയാവുകയോ ചെയ്തിട്ടുണ്ട്. അതിനേക്കാൾ ഗുരുതരമായത്, സോഷ്യൽ മീഡിയയിൽ ഇത്തരം സംഭവങ്ങളോടുള്ള ഒരു വലിയ വിഭാഗം ആളുകളുടെ പ്രതികരണങ്ങളാണ്. പെൺകുട്ടി പ്രണയം നിരസിക്കുമ്പോൾ "കാമുക'നുണ്ടാവുന്ന വൈകാരിക വേദനയെ ഉദ്ധരിച്ച് നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്നു. ഒരു സ്ത്രീ പ്രണയം നിരസിച്ചത് മൂലം "ഹൃദയം തകർന്നുപോയ' ഒരു പുരുഷൻ ചെയ്യുന്ന ഏത് അതിക്രമങ്ങളും ഇത്തരം ന്യായീകരണങ്ങളിലൂടെ മഹത്വവൽക്കരിക്കപ്പെടുന്നു.

മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം സംഭവങ്ങളിൽ പലപ്പോഴും ഇരകളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുചെന്ന് അവരുടെ സ്വഭാവസവിശേഷതകൾ അന്വേഷിക്കുന്നു. അവർക്ക് മറ്റ് ബന്ധങ്ങളുണ്ടോ, പുരുഷനോടൊപ്പം നിൽക്കാൻ വിസമ്മതിക്കുന്നത് കുറ്റമാണോ എന്ന തരത്തിൽ കൂടുതൽ സെൻസേഷണൽ ചെയ്യാൻ താല്പര്യപ്പെടുന്നു. ഒരു പുരുഷന്റെ പ്രണയം നിരസിക്കുക വഴി അയാളുടെ വികാരങ്ങളെ പ്രകോപിപ്പിച്ച് സ്ത്രീ "സ്വയം തനിക്കെതിരെ അക്രമം വിളിച്ചുവരുത്തുകയായിരുന്നു' എന്ന് വരുത്തിതീർക്കുകയാണ് അത്തരം താല്പര്യങ്ങൾക്ക് പിന്നിലുള്ളത്.

പാലാ സെന്റ് തോമസ് കോളേജിലെ നിതിന എന്ന വിദ്യാർത്ഥിനിയെ ക്യാംപസിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിൽ വന്ന വാർത്ത.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ഒരു സ്ത്രീ തീരുമാനിക്കുമ്പോൾ, അവളുടെ വ്യക്തിത്വവും ധാർമികതയും സ്വത്വവും സമൂഹത്തിന്റെ പരിഹാസത്തിന് വിധേയമാകുന്നു. ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടാനും അവളുടെ തിരഞ്ഞെടുപ്പുകളെ വിലയിരുത്താനും ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അവകാശമുണ്ടെന്ന് കരുതുന്നു. അവർ ചെയ്യുന്ന ഏത് പ്രവർത്തികൾക്കും നമ്മൾ നിരന്തരം ന്യായീകരണങ്ങൾ ആവശ്യപ്പെടുന്നു.

അവൾ ബന്ധം ഉപേക്ഷിക്കുമ്പോൾ "വഞ്ചിക്കപ്പെട്ട' കാമുകന്റെ കൈയ്യാൽ കൊല്ലപ്പെടാൻ അർഹയാണോ അല്ലയോ എന്ന തരത്തിൽ നമ്മൾ ചർച്ചകൾ നടത്തുന്നു. ഇവിടെയെല്ലാം നമ്മൾ മറന്നുകളഞ്ഞ വളരെ അടിസ്ഥാനപരമായ ചോദ്യമുണ്ട് - സ്ത്രീകൾ എന്തിനും ഏതിനും നമ്മോട് വിധേയപ്പെടേണ്ടവരാണോ?.

സ്ത്രീകൾ പുരുഷന് "എന്നും വിധേയപ്പെടേണ്ടവർ' ആണെന്ന ആശയം ആസ്‌ട്രേലിയൻ തത്ത്വചിന്തകയും പണ്ഡിതയുമായ കേറ്റ് മന്നെ, തന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ വിശകലനം ചെയ്യുന്നുണ്ട്​. "Entitled : How Male Privilage Hurts Women' - എന്ന കൃതിയിൽ, ഒരു പുരുഷാധിപത്യ സമ്പദ് വ്യവസ്ഥയിലെ സ്ത്രീകളുടെ സാമൂഹിക - രാഷ്ട്രീയ നിലയെ വിലയിരുത്തുന്നു. പരിചരണം, പരിപാലനം, വിധേയത്വം, സന്നദ്ധത തുടങ്ങിയ സവിശേഷതകളാണ് പരമ്പരാഗതമായി സ്ത്രീകളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത്. "പൗരുഷ' ഗുണങ്ങളായി വിശേഷിപ്പിക്കുന്ന അധികാരം, ആധിപത്യം, ദൃഢനിശ്ചയം തുടങ്ങിയവ സ്ത്രീകൾക്കുള്ളതല്ലെന്നും വ്യവസ്ഥപ്പെടുത്തുന്നു.

പ്രൊഫ. കേറ്റ് ആരോപിക്കുന്നത്, പുരുഷകേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിൽ സ്ത്രീകളെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നതിന്റെ വിവേചനപരമായ ഇരട്ടത്താപ്പ് ഇത് സൃഷ്ടിക്കുന്നു എന്നാണ്. സ്വയം തീരുമാനങ്ങളെടുക്കാനുള്ള അവകാശങ്ങളും സ്വന്തം അഭിലാഷങ്ങളും സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മറ്റുള്ളവരെ സേവിക്കുക എന്നത് തങ്ങളുടെ കടമയായി അവർ കരുതുകയും വേണം. അതാകട്ടെ, സ്ത്രീകളുടെ സമയവും ഊർജ്ജവും തന്റെ സ്വയംഭരണാധികാരത്തിന് കടപ്പെട്ടിരിക്കുന്നുവെന്ന ഉന്നതമായ അവകാശബോധം വളർത്തിയെടുക്കാൻ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്നു. തത്ഫലമായി, ഒരു ലിംഗാധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ സ്ത്രീകൾ പുരുഷന് മുന്നിൽ സ്ഥിരം വിധേയപ്പെട്ടവരായി മാറുന്നു.

നിലവിലുള്ള എല്ലാ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ജനപ്രിയ മേഖലകളിലും പുരുഷാധികാരത്തിന്റെ ഈ അവകാശവാദം പ്രതിഫലിക്കുന്നു. കാരണം വിജ്ഞാന ഉല്പാദന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഇവിടം പ്രധാനമായും നിയന്ത്രിക്കപ്പെടുന്നത് പുരുഷന്മാരാലാണ്. പ്രണയ ബന്ധങ്ങളിൽ ഒരെതിർപ്പും പ്രകടിപ്പിക്കാതെ സ്ത്രീകൾ പുരുഷന്മാർക്ക് വിധേയപ്പെടണമെന്ന് നിലനിൽക്കുന്ന ധാർമ്മികബോധം നമ്മെ പ്രേരിപ്പിക്കുന്നു. ഈ വ്യവസ്ഥിതിയെ മാറ്റാൻ ശ്രമിക്കുന്ന ഏതൊരാളും അതിന്റെ അനന്തരഫലങ്ങൾക്ക് അർഹമാണെന്ന് കണക്കാക്കപ്പെടുന്നു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പുരുഷന്മാരുടെ അവകാശം
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ മുപ്പതു ശതമാനം കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്ത് ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ആണ്. മാധ്യമങ്ങളിൽ വരുന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ, അവയിൽ കൂടുതലും "ആസിഡ് ആക്രമണം', "ഗാർഹിക പീഡനം', "സ്ത്രീധന പീഡനം', "പ്രണയം; പക; കൊല' തുടങ്ങിയവ ആണെന്ന് നമുക്ക് കാണാൻ കഴിയും.

Illustration: Daria Golab Art

ഇവിടെയെല്ലാം പ്രകടമാകുന്നത് പുരുഷന് വഴങ്ങാത്ത സ്ത്രീകളുടെ ജീവനോടും ശരീരത്തോടുമുള്ള പ്രതികാര മനോഭാവമാണ്. മിക്ക പുരുഷന്മാരും തന്റെ ഭാര്യയെ അപമാനിക്കുന്നതും കാമുകിയെ തന്റെ താല്പര്യങ്ങൾക്ക് നിർബന്ധിക്കുന്നതും തന്റെ അവകാശമായി കരുതുന്നു. പ്രണയം നിരസിച്ചവർക്കുനേരെ ആസിഡ് ആക്രമണം നടത്തുന്നതും സോഷ്യൽ മീഡിയയിൽ സ്ത്രീകളെ വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുന്നതും ഈ പുരുഷാവകാശം അനിയന്ത്രിതമായതിന്റെ സൂചനയാണ്.
പുരുഷാധിപത്യ സമൂഹത്തിൽ പുരുഷാവകാശങ്ങൾ മാത്രം സംരക്ഷിക്കപ്പെടുമ്പോൾ സ്ത്രീകൾക്കും സമൂഹത്തിലെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഉണ്ടാവുന്ന പ്രതിബന്ധങ്ങൾ കണക്കാക്കാൻ ഇവിടെ ഇടമില്ല.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പുരുഷാധികാരത്തിന്റെ കുറ്റകൃത്യങ്ങൾ കൂടിയാണെന്ന് വിലയിരുത്തപ്പെടണം. നിയന്ത്രിക്കപ്പെടുക എന്നത് അംഗീകരിക്കാനാകാത്ത പുരുഷന്റെ മനോഭാവത്തിൽ നിന്നുണ്ടാകുന്ന ആക്രമണമായി അവയെ നാം കാണണം. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുടെ പൂർണ ഉത്തരവാദിത്വം അവരുടെ പെരുമാറ്റത്തിലാണെന്ന ആരോപണം, പുരുഷാധിപത്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ഇരയെ കുറ്റപ്പെടുത്തുന്ന രീതി മാത്രമാണ്.

സ്ത്രീകൾ ആരോടും വിധേയപ്പെട്ടവരല്ല

ഒരു ബന്ധത്തിൽ നിന്ന്​ പിന്തിരിയുന്ന സ്ത്രീയെ വഞ്ചകിയും മാപ്പർഹിക്കാത്തവളും ആയി മുദ്രകുത്തുന്നതാണ് സമൂഹത്തിൽ നിലനിൽക്കുന്ന പൊതു ധാർമിക ബോധം. പ്രത്യേകിച്ചും അവളൊരു അമ്മയാണെങ്കിൽ. പുരുഷനിൽ നിന്നുള്ള അതിക്രമങ്ങളും അപമാനങ്ങളും കണ്ടില്ലെന്ന് നടിച്ച് വീണ്ടും അവരോടൊപ്പം തുടരാനാണ് നമ്മുടെ സമൂഹം സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. അതിനെ മറികടക്കുന്നവരെ സമൂഹം ശിക്ഷിക്കുകയും അവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ അപകീർത്തിപ്പെടുത്തൽ മാത്രമല്ല, അത്യന്തം അപകടകരവുമായ പ്രവണതയാണ്.

ഏതൊരാളെയും പോലെ സ്വന്തം താല്പര്യങ്ങളിൽ അധിഷ്ഠിതമായി ബന്ധങ്ങളിൽ നിന്നും അകന്നു പോകാനും ബന്ധങ്ങൾ തെരഞ്ഞെടുക്കാനും അവകാശമുള്ള, സ്വന്തമായി അസ്തിത്വമുള്ളവരാണ് സ്ത്രീകൾ. ധാർമികതയുടെ അധികഭാരം വഹിക്കാനോ സാമൂഹിക ഉപരോധത്തിന് വിധേയമാകാനോ കാത്തിരിക്കേണ്ട ആവശ്യമില്ല അവർക്ക്.

ഏതൊരാളെയും പോലെ സ്വന്തം താല്പര്യങ്ങളിൽ അധിഷ്ഠിതമായി ബന്ധങ്ങളിൽ നിന്നും അകന്നു പോകാനും ബന്ധങ്ങൾ തെരഞ്ഞെടുക്കാനും അവകാശമുള്ള, സ്വന്തമായി അസ്തിത്വമുള്ളവരാണ് സ്ത്രീകൾ. ഇന്നത്തെ ചിന്താ വിഷയം എന്ന സിനിമയിൽ നിന്ന്.

തീർച്ചയായും ഒരു പുരുഷാധിപത്യ സമൂഹത്തിന് ഇതുൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ സ്ത്രീകൾ നമ്മോടൊന്നിനും വിധേയപ്പെട്ടവരല്ലെന്ന വസ്തുതക്ക് മറ്റൊരു വശവുമില്ല. "അവൾ അത് അർഹിക്കുന്നു', "അവൾ അവനെ പ്രകോപിപ്പിക്കരുതായിരുന്നു' അല്ലെങ്കിൽ "അവൾ അവനെ അത്രയ്ക്ക് വേദനിപ്പിച്ചതുകൊണ്ടാവും' തുടങ്ങിയ പ്രതികരണങ്ങളാൽ സ്ത്രീകൾക്കെതിരായ ക്രൂരതകളെ ഒരു സാഹചര്യത്തിലും ന്യായീകരിക്കരുത്. ഏതൊരു സ്ത്രീക്കും അവരുടെ വ്യക്തിജീവിതത്തിൽ സ്വയം തീരുമാനമെടുക്കാനും തെരഞ്ഞെടുപ്പുകൾ നടത്താനും പൂർണ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് മറ്റൊരാൾ അംഗീകരിച്ചാലും ഇല്ലെങ്കിലും.
നമ്മുടെ സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന സങ്കീർണമായ സാഹചര്യങ്ങളെ നിയന്ത്രിക്കാനും അതിൽ നിന്ന് മുന്നോട്ട് പോകാനും സഹായിക്കുന്ന ആരോഗ്യപരമായ വഴികൾ നാം അന്വേഷിക്കണം. അല്ലാത്തപക്ഷം, ഒരു ലിംഗഭേദം മറ്റൊന്നിനുമേൽ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുകയും അത് അതിക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ന്യായീകരിക്കപ്പെടരുത്.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരമായ അടിച്ചമർത്തലുകൾക്ക് വിധേയപ്പെടാൻ സ്ത്രീകളെ നിർബന്ധിക്കുന്നത് വഴി സമത്വചിന്തകൾക്ക് വിലങ്ങിടാനാണ് നാം ശ്രമിക്കുന്നത്. സ്ത്രീയുടെ സമത്വവാദം പുരുഷന്റെ അധികാര പദവിയെ ഭീഷണിപ്പെടുത്തുന്നു. അതിനാൽ നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ അധീനതയിലാക്കാനും കീഴ്‌പ്പെടുത്താനുമുള്ള ശ്രമങ്ങൾ നടത്തുന്നു. ഇത് പുരുഷാധിപത്യം അംഗീകരിക്കുന്നവരുടെ മഹത്വവൽക്കരണത്തിനും കാരണമാകുന്നു. ഇവിടെ പ്രകടമാകുന്നത് നമ്മുടെ വ്യവസ്ഥാപിത ധാർമികതയല്ലാതെ മറ്റൊന്നുമല്ല.
സ്ത്രീകൾ സ്വന്തം വ്യക്തിത്വം ഉറപ്പിക്കുമ്പോൾ അവർ ധിക്കാരികളും ശിക്ഷാർഹരുമായിമാറുന്നു. കാരണം അവർ എപ്പോഴും നിഷ്‌ക്രിയരായിരിക്കണമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. ഭൗതികവും ധാർമികവുമായ അടിമത്വത്തിന്റെ അല്ലെങ്കിൽ വിധേയത്വത്തിന്റെ ഒരു വികാരത്തെ സ്ത്രീകൾ ആവാഹിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. അതുവഴി സ്വയം തിരഞ്ഞെടുപ്പുകൾ നടത്താൻ എല്ലാവർക്കും സാധിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തബോധം - അതും പുരുഷന്മാർക്ക് അപൂർവ്വമായി ബാധകമായ ഒന്ന് - ബോധപൂർവ്വം മറയ്ക്കപ്പെടുന്നു.

സ്ത്രീകൾ അവരുടെ ശരീരം, സമയം, വസ്ത്രധാരണം, അസ്തിത്വം, തീരുമാനങ്ങൾ, അഭിലാഷങ്ങൾ എന്നിവയിലൊന്നും ആരോടും വിധേയപ്പെട്ടിരിക്കുന്നവരല്ല. പൂർണസംതൃപ്തിയില്ലാത്ത ബന്ധങ്ങൾ സഹിക്കേണ്ടവരും അവരുടെ പുരുഷ പങ്കാളികളെ ഏതു വിധേനയും വഹിക്കാൻ ബാധ്യസ്ഥരുമല്ല. ഇത് പലപ്പോഴും സ്ത്രീകൾക്കുപോലും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളൊരു വസ്തുതയായിരിക്കാം. കാരണം നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ ഘടകങ്ങളും പുരുഷാധിപത്യ സമൂഹത്തെ മാത്രം ഉൾക്കൊള്ളാനാണ് സ്ത്രീകളെ പ്രാപ്തമാക്കുന്നത്. എന്നാൽ വ്യക്തികൾ എന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും ഈ വ്യവസ്ഥയ്‌ക്കെതിരെ നമ്മൾ പോരാടേണ്ടതുണ്ട്.

feminisminindia.com ൽ പ്രസിദ്ധീകരിച്ച ലേഖനം
(പരിഭാഷ : സൽവ)

Comments