കൃഷ്​ണപ്രിയ കൊല്ലപ്പെട്ട കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത്​ ഓഫീസ്​ പരിസരം, കൃഷ്​ണപ്രിയ

വിഷചികിത്സയും പ്രതിരോധവും,
​പ്രണയ വൈകല്യത്തിനും

ആൺകുട്ടികളെ കരുതലും ശുശ്രൂഷയും പഠിപ്പിക്കുന്നതിലൂടെ ആണത്തത്തെ അപനിർമിക്കാനും അമിതമായ വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രാപ്തി ഉണ്ടാക്കാം. ജെൻഡർ പരിശീലനം ഇപ്പോഴത്തെ സാഹചര്യത്തിൽ പുരുഷൻമാർക്കാണ് കൂടുതൽ ആവശ്യം.

പ്രണയത്തിന്റെ പേരിൽ പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തിയ തിക്കോടിയിലെ യുവതിയെപ്പറ്റി കേൾക്കുമ്പോൾ അൽപമെങ്കിലും അതിന്റെ നീറ്റൽ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. നമ്മുടെ കുട്ടികളെ ഓർത്തെങ്കിലും അൽപനേരം ഒരു അരക്ഷിതബോധം ഉള്ളിൽ പിടയും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നേരത്തേ ആസിഡ് അറ്റാക്കുകളായി കണ്ടിരുന്നവ ഇപ്പോൾ തത്സമയ കൊലപാതകങ്ങളിലേക്ക് എത്തിയിരിക്കുന്നു. ഈ പ്രവണത കുറേശ്ശ കൂടിവരുന്നതായും കാണാം. കൂടിവരുന്നതിനനുസരിച്ച് ഇതിനോട് നമ്മൾ നിർവികാരപ്പെട്ടുപോകാനും സാധ്യതയുണ്ട്. അത് അപകടകരമാണ്.

ഇതിനോട്​ പലവിധ പ്രതികരണങ്ങൾ കാണുന്നുണ്ട്. ഒരു ട്രോളിൽ കണ്ടത് ഇങ്ങനെ: ‘‘ഒരു ബസിന് കൈ കാണിച്ചിട്ട് അത് നിർത്തിയില്ലെങ്കിൽ പോകട്ടെ. അടുത്ത വണ്ടിക്ക് കൈ കാണിക്കാം, എന്നെടുത്താൽ പോരേ'' എന്ന്. ഇത് കാണുമ്പോൾ കരയണോ ചിരിക്കണോ എന്നറിയില്ല. അരാഷ്ട്രീയവും അനുചിതവുമായ ഇത്തരം തമാശകൾ രാഷ്ട്രീയബോധമുള്ളവരെ, പ്രത്യേകിച്ച് സ്ത്രീപക്ഷത്തുള്ളവരെ ദേഷ്യം പിടിപ്പിക്കുന്നതും കണ്ടു. സ്ത്രീയെ വീണ്ടും വസ്തുവൽക്കരിക്കുന്നു എന്നതാണ് ദേഷ്യം പിടിപ്പിക്കുന്നത്. എന്നാൽ, സാധാരണക്കാരുടെ ഒരു പൊതുബോധത്തിൽ നിന്നുകൊണ്ട് ‘തീവ്രപ്രണയികൾ കൊലയ്ക്കൊന്നും പോകേണ്ടതില്ല’ എന്ന ഒരു ആഹ്വാനവും അതിലുണ്ടല്ലോ. പൊതുബോധത്തിൽ വളരെ പതുക്കെയാണെങ്കിലും ചില മാറ്റങ്ങൾ കാണുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ സ്ത്രീയുടെ സദാചാരത്തെ പഴിച്ച്​, ‘‘കാമുകി ചതിയിൽപെട്ട കാമുകന്റെ കൊലക്കിരയായി'' എന്ന തരത്തിലൊക്കെ പ്രധാന റിപ്പോർട്ടുകൾ വന്നേനെ. ഇപ്പോഴും, ഇത്തരം സംസാരങ്ങളുണ്ടെങ്കിലും അവയൊക്കെ മൂലകളിലേക്ക് ഒതുക്കപ്പെട്ടിട്ടുണ്ട്.

ഏതു വയലൻസിന്റെ പിന്നിലും ചിലപ്പോൾ തീവ്രമായ വികാരം ഉണ്ടായിരിക്കാം. ആദർശങ്ങളുടെ പേരിലുണ്ടാകുന്ന മതസ്പർധയിലും രാഷ്ട്രീയ പകപോക്കലിലും എല്ലാം ഇതുണ്ടാവും. കൊല്ലുന്നതിൽ രസം കണ്ടെത്തുന്നവരുടെ മനോനില മറ്റുതരത്തിലായിരിക്കും.

ഗൗരവമുള്ള ചർച്ചകൾ പ്രധാനമായും രണ്ട് സമീപനങ്ങളിലാണ് ഊന്നി കാണുന്നത്. ഒന്ന്, പുരുഷമേധാവിത്വ സമൂഹത്തിന്റെ പ്രയോഗമെന്ന രീതിയിൽ കാണുന്ന സാമൂഹ്യശാസ്ത്രപരമായ വിശകലനം. രണ്ട്, വികലമായ മനസ്സിനെ അപഗ്രഥിക്കുന്ന മനഃശാസ്ത്ര സമീപനം. ജനിതകം പോലെ ജീവശാസ്ത്രപരമായ നിർണയനങ്ങളും ഇതോട് ചേർന്നുകാണുന്നുണ്ട്. ഇവയിലെല്ലാം, പ്രസക്തമായ കാര്യങ്ങളുണ്ടുതാനും. വ്യക്തിപരമായും സാമൂഹ്യവുമായ ഈ ദുരന്തങ്ങൾ ഒഴിവാക്കണമെന്നതും എല്ലാവരും ചിന്തിക്കുന്ന കാര്യമാണ്. ഇതിന്, കാഴ്ചപ്പാടുകളുടെ അതിരുകൾ ഭേദിച്ചുകൊണ്ടുള്ള പുതിയ കാഴ്ചകൾ വേണ്ടിവരും. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്.

വൈകാരികമായ അരക്ഷിതാവസ്ഥയാണ് പ്രണയിക്കുകയോ ഒരുമിച്ച് ജീവിക്കുകയോ ചെയ്യുന്ന ആളിന്റെ നേർക്ക് അക്രമമോ കൊലപാതകമോ നടത്താനുള്ള പ്രേരണയായി തീരുന്നതെന്നു കാണാം. / Photo: Pixabay

പലതരം അക്രമങ്ങളും നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണ്. ഇവയ്ക്കെല്ലാം മാനസികമായ ഒരു വശമുണ്ടെങ്കിലും അടുത്ത ബന്ധങ്ങളിലുണ്ടാകുന്ന വയലൻസിന്റെ മാനസികതലം കൂടുതൽ സങ്കീർണമാണ്. ഏതു വയലൻസിന്റെ പിന്നിലും ചിലപ്പോൾ തീവ്രമായ വികാരം ഉണ്ടായിരിക്കാം. ആദർശങ്ങളുടെ പേരിലുണ്ടാകുന്ന മതസ്പർധയിലും രാഷ്ട്രീയ പകപോക്കലിലും എല്ലാം ഇതുണ്ടാവും. കൊല്ലുന്നതിൽ രസം കണ്ടെത്തുന്നവരുടെ മനോനില മറ്റുതരത്തിലായിരിക്കും. പ്രണയം കാംക്ഷിക്കുകയും ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരുടെ വൈകാരികപരിസരത്തിന് അതിന്റേതായ പ്രത്യേക സ്വഭാവങ്ങളുണ്ട്. വൈകാരികമായ അരക്ഷിതാവസ്ഥയാണ് പ്രണയിക്കുകയോ ഒരുമിച്ച് ജീവിക്കുകയോ ചെയ്യുന്ന ആളിന്റെ നേർക്ക് അക്രമമോ കൊലപാതകമോ നടത്താനുള്ള പ്രേരണയായി തീരുന്നതെന്നു കാണാം. ഇത് ചെയ്യുന്ന വ്യക്തികൾ മാനസികമായി ആരോഗ്യമുള്ളവരാണെന്ന് പറയാൻ കഴിയില്ല. കൊലപാതകങ്ങൾ, മുങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ കൂർത്ത അറ്റം മാത്രമാണ്. അതിനുതാഴെ മറഞ്ഞിരിക്കുന്നത് ബന്ധങ്ങളിലെ അനാരോഗ്യപ്രവണതകളുടെ ഏറ്റക്കുറച്ചിലോടെയുള്ള പല നിലകളാണ്.

തിക്കോടിയിലെ കൃഷ്ണപ്രിയയെ ആക്രമിച്ച വ്യക്തിയെ പോലെ തന്നെ അക്രമികളും സ്വയം നാശത്തിലേക്ക് അടുത്തുകൊണ്ടാണിരിക്കുന്നത്. ഏറ്റവും അടുത്തുകഴിയേണ്ടവർ എന്ന നിലയ്ക്ക്, ബന്ധങ്ങൾ വിഷലിപ്തസ്വഭാവം കാണിക്കുമ്പോഴും, വിധേയർക്ക് അത് തിരിച്ചറിയാൻ കഴിയാതെ പോവുകയും അതിൽനിന്ന് പുറത്തുകടക്കാനാവാതിരിക്കുകയും ചെയ്യുന്നു. വിവാഹത്തിലേയ്ക്ക് കടക്കുന്നതിനുമുമ്പുണ്ടായ കൊലപാതകങ്ങളും ആത്മഹത്യകളുമാണ് കേരളത്തിൽ അടുത്തിടെയായി ശ്രദ്ധിക്കപ്പെട്ടത്. എങ്കിലും വിവാഹത്തിനകത്തും ഇതേ അക്രമം കൂടിയ തോതിൽ തന്നെ നിലനിൽക്കുന്നുണ്ട്. പാട്രിയാർക്കൽ കുടുംബവ്യവസ്ഥ കേമമാണെന്ന തരത്തിൽ നിലനിർത്തിയിരിക്കുന്നതുകൊണ്ട് അകത്തുള്ള പ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവരിക വളരെ പ്രയാസമാണ്. കൊലപാതകങ്ങളുടെ കാര്യത്തിൽ പങ്കാളിയുടെ അക്രമം പുറത്തുവരുമെങ്കിലും, ആത്മഹത്യയും മറ്റു പീഡനങ്ങളും കൂടുതലും മറഞ്ഞുതന്നെ കിടക്കും. വിവാഹത്തിന് മുൻപുള്ള പരിചയത്തിലും പ്രണയത്തിലും കടുത്ത വയലൻസ് സംഭവിക്കുന്ന അടുത്ത കാലത്തെ പ്രവണത പ്രത്യേകം വിലയിരുത്തപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. ഇതിലെല്ലാം മാനസിക തകരാറ് കാണാൻ കഴിയുമെങ്കിലും, പുരുഷാധികാരത്തിൽ നിന്ന് മാറ്റി വിശകലനം ചെയ്യാനും കഴിയില്ല.

ആണിന്റെ നിയന്ത്രണവും ആധിപത്യവും പെണ്ണിന് ആവശ്യമാണെന്ന ധാരണയാണ് സമൂഹം നിലനിർത്തി പോന്നത്. ഏറ്റവും അടുത്ത്, 2018-ൽ നടത്തിയ ദേശീയ സർവേയിൽ പോലും കേരളത്തിൽ 52 ശതമാനം സ്ത്രീകൾ ഭർത്താവ് തല്ലുന്നതിനെ ന്യായീകരിച്ചുകണ്ടു.

ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും സാമൂഹ്യനിർമിതിയും അതിലൂടെ ഏൽപ്പിക്കുന്ന ജെൻഡർ റോളുകളും സ്ത്രീകൾ എതിർപ്പില്ലാതെ അനുസരിച്ച് പോന്നിട്ടുണ്ട്. എന്നാൽ, അതിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. യുവതികൾ പഴയതുപോലെ വിവാഹത്തിനുമുമ്പുതന്നെ അവരുടെമേൽ ആധിപത്യമുറപ്പിക്കാൻ നിന്നുകൊടുക്കാത്തത് ആണത്തത്തിന് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാകുന്നുണ്ടാകാം. ഒരാണുമായി കൂട്ടിച്ചേർത്ത് പേരെഴുതി മതിലിൽ വച്ചാൽ പോലും പെണ്ണിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാമെന്ന് ആണുങ്ങൾ കരുതിപ്പോന്നിരുന്നു. ഒരു പ്രണയത്തിൽ പെട്ടാൽ പിന്നെ മറ്റൊരു വിവാഹത്തെപ്പറ്റി പെണ്ണിനോ പെണ്ണിന്റെ വീട്ടുകാർക്കോ ചിന്തിക്കാൻ കഴിയുമായിരുന്നില്ല. സിനിമകളിലും പ്രണയങ്ങൾ വിവാഹത്തിൽ എത്തിക്കുക വഴി, കുടുംബചിത്രങ്ങൾ എന്നുപറഞ്ഞ് കൈയടി നേടി. പ്രണയിക്കുന്ന സമയത്തുതന്നെ തല്ലുകയോ മാനസികമായി തരംതാഴ്​ത്തുകയോ ഒക്കെ ചെയ്യുന്നത് യുവതികൾ സഹിച്ചുപോന്നു. ഇപ്പോഴത്തെ യുവതികൾ അത്രയും വഴങ്ങിക്കൊടുക്കാത്തത് ആണത്തത്തിന് വലിയ വെല്ലുവിളിയായിത്തീരുന്നുണ്ടാകാം.

ഒരു വ്യക്തിയുടെ സ്വത്വരൂപീകരണത്തിൽ ലൈംഗികത്വം വലിയ പങ്കുവഹിക്കുന്നുണ്ട്. ആണിന്റെ നിയന്ത്രണവും ആധിപത്യവും പെണ്ണിന് ആവശ്യമാണെന്ന ധാരണയാണ് സമൂഹം നിലനിർത്തി പോന്നത്. ഏറ്റവും അടുത്ത്, 2018-ൽ നടത്തിയ ദേശീയ സർവേയിൽ പോലും കേരളത്തിൽ 52 ശതമാനം സ്ത്രീകൾ ഭർത്താവ് തല്ലുന്നതിനെ ന്യായീകരിച്ചുകണ്ടു. മറ്റു പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തിലധികമാണ്. പെണ്ണുങ്ങൾ തന്നെ ഇങ്ങനെ ചിന്തിക്കുമ്പോൾ, ഈയൊരു ബോധത്തിൽ നിന്ന് പുറത്തുകടക്കാൻ ആണുങ്ങൾക്ക് വളരെ പ്രയാസമായിരിക്കും. അവർക്ക് ആണത്തം തെളിയിച്ചുകൊണ്ടേയിരിക്കണം. ഇത് ഏറ്റവും തീവ്രമായി ടെസ്റ്റ് ചെയ്യപ്പെടുന്നതും ചലഞ്ച് ചെയ്യപ്പെടുന്നതും സ്ത്രീകളുമായുള്ള ഗാഢബന്ധങ്ങളിലാണ്. പുരുഷന്മാർ ചെയ്യുന്നതെന്തും സ്ത്രീകളിൽ മതിപ്പുണ്ടാക്കിയെടുക്കാനാണോ എന്നുപോലും തോന്നിപ്പോകാറുണ്ട്. ഇതിൽ മിക്കപ്പോഴും അവർ പരാജയപ്പെടുകയോ പരാജയപ്പെട്ടു എന്ന തോന്നലുണ്ടാവുകയോ ഒക്കെ ചെയ്യുന്നുണ്ടാവും. ഇതൊക്കെ പരിഹരിക്കാൻ ശ്രമിക്കുന്നത് സ്വന്തമാക്കപ്പെട്ടു എന്നുകരുതുന്ന സ്ത്രീകളിലൂടെയാവും. പ്രതീക്ഷിക്കുന്ന തരത്തിൽ അവർ പെരുമാറുന്നില്ലെങ്കിൽ അത് മർദനമുപയോഗിച്ച് ചെയ്യാമെന്നാണ് ചിലർ കരുതുന്നത്. ഇതിന് സമൂഹം അനുമതി നൽകുന്നതിലൂടെയാണ് ആൺസ്വഭാവങ്ങളും പെൺസ്വഭാവങ്ങളും രൂപപ്പെടുന്നത്.

സ്ത്രീകൾ എന്തും സഹിച്ചിരിക്കുകയല്ല. അവരുടെ പ്രതീക്ഷകൾ നടക്കാതെ വരുമ്പോൾ അത് ആന്തരികമായി രോഗങ്ങളായോ, കഴിയാവുന്ന തരത്തിൽ വയലൻസായോ ഒക്കെ പ്രത്യക്ഷപ്പെടും. / Photo: Maxpixel

പുരുഷന്മാർ സ്ത്രീകളെ നിയന്ത്രിക്കട്ടെ എന്ന മാമൂൽ പറയുന്ന സ്ത്രീകൾ തന്നെ സ്വയം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പറയാൻ തുടങ്ങിയാൽ സങ്കടം അണപൊട്ടിയൊഴുകാൻ തുടങ്ങും. സാമൂഹ്യമായ സ്ത്രീനിർമിതിയിൽ സ്ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങളും പെടും. പുരുഷന്റെ സംരക്ഷണം, കരുതൽ, ‘പരസ്ത്രീ'ബന്ധം ഇല്ലാതിരിക്കൽ, ഒരുമിച്ചുള്ള സഞ്ചാരം, സിനിമ കാണൽ, പ്രശംസ എന്നിവയൊക്കെ ആഗ്രഹിച്ച് വീട്ടുകാര്യങ്ങൾ നോക്കി ഒതുങ്ങി കഴിയുന്നതാണ് സ്ത്രീത്വം എന്നാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീകൾ എന്തും സഹിച്ചിരിക്കുകയല്ല. അവരുടെ പ്രതീക്ഷകൾ നടക്കാതെ വരുമ്പോൾ അത് ആന്തരികമായി രോഗങ്ങളായോ, കഴിയാവുന്ന തരത്തിൽ വയലൻസായോ ഒക്കെ പ്രത്യക്ഷപ്പെടും. ചിലപ്പോൾ ആത്മഹത്യയിലേയ്ക്കും അപൂർവമായെങ്കിലും കൊലപാതകത്തിലേയ്ക്കും എത്താം. എന്നാൽ, സ്ത്രീകൾക്ക്, പുറമേയുള്ള വയലൻസിന് സാമൂഹ്യാനുമതി ഇല്ലാത്തതിനാൽ അവർ കൂടുതലും ഇപ്പോഴത്തെ സമൂഹത്തിൽ വിധേയരാവുന്നതാണ് കാണുന്നത്. ഇതൊക്കെ പറഞ്ഞത് പ്രശ്‌നങ്ങളെ നിസ്സാരവൽകരിക്കാനോ, വിഷലിപ്തമാകുന്ന ബന്ധങ്ങളും മറ്റു ബന്ധങ്ങളും ഒരുപോലെയാണെന്ന് സ്ഥാപിക്കാനോ അല്ല. മറിച്ച്, സാമൂഹ്യവും മാനസികവും ചരിത്രപരവുമായ പ്രക്രിയയിലൂടെ സ്‌നേഹബന്ധങ്ങൾ വിഷമകരവും വിഷമയവുമാകാനുള്ള സാധ്യതകളെ പരിശോധിക്കുക മാത്രമാണ്.

മനഃശാസ്ത്രപരമായി നോക്കിയാൽ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവില്ലാതെ വരുന്നവരാണ് തീവ്രതരമായ അക്രമത്തിന്​ മുതിരുന്നത്. ചെറുപ്പത്തിലെ വളർച്ചാസമയത്ത് തന്നെ ഈ വൈകല്യം രൂപപ്പെട്ടുതുടങ്ങിയിരിക്കും. എപ്പോഴും അങ്ങനെയാകണമെന്നില്ല. അതിനുള്ള പ്രവണത ഉണ്ടായേക്കാം. ചെറുപ്പകാലത്ത് തന്നെ അക്രമം കാണിച്ചുതുടങ്ങുന്നവരിൽ അധികവും ആൺകുട്ടികളാണ്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഒക്കെ പെൺകുട്ടികളിലും ഉണ്ടാകുമെങ്കിലും കൂടുതലും ആൺകുട്ടികളിലാണ് അക്രമവാസന ചേർന്നുകാണുന്നത്. വളർച്ചാസമയത്തുതന്നെ പലതരം വ്യക്തിത്വവൈകല്യങ്ങൾ കണ്ടെത്താനാകും. ജനിതകവും ഏറെക്കുറെ ഇതിൽ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വശത്തുനിന്ന് നോക്കുമ്പോൾ, കുറ്റകൃത്യങ്ങൾക്ക് ജീവശാസ്ത്രനിർണയനത്തിന്റെ ആനുകൂല്യങ്ങൾ നൽകാൻ പാടില്ലെന്ന വാദമുണ്ട്. ജീനുകളും പ്രവർത്തനക്ഷമമാവുന്നത് പറ്റിയ സാഹചര്യങ്ങളിൽ മാത്രമാണ്. വളർച്ചാസമയത്ത് കുട്ടികൾക്ക് ലഭിക്കേണ്ട കരുതലും മനസിന്റെ ഭദ്രമായ വളർച്ചയ്ക്ക് ആവശ്യമാണ്.

ആണത്തം മഹത്തായ ഒന്നായി, പഴയ സമ്പ്രദായത്തിന്റെ തുടർച്ചയായി പലരും ആവർത്തിക്കുന്നു എങ്കിലും ജീവിതത്തിൽ അത് ഉൾക്കൊള്ളാൻ പിന്തള്ളപ്പെട്ട ലിംഗവിഭാഗങ്ങൾ ഇനിമേൽ തയാറാകണമെന്നില്ല. അപ്പോൾ സംഘർഷങ്ങൾ അധികമായേക്കും.

പുരുഷാധിപത്യ സംസ്‌കാരമാണ്, സ്ത്രീകളുടെ നേർക്കുള്ള വയലൻസിലേക്ക് നയിക്കുന്നതെന്ന് കാണാമെങ്കിലും, വളർച്ചയുടെ ഓരോ ഘട്ടത്തിലും അത് പുരുഷ ശരീരത്തിലും മനസ്സിലുമുണ്ടാക്കുന്ന മുദ്രണങ്ങളെ തിരിച്ചറിഞ്ഞ് അനുകൂലമാക്കി എടുക്കണമെങ്കിൽ അതതു തലങ്ങളിൽ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. പലപ്പോഴും ആൺകുട്ടികളിൽ കാണുന്ന അക്രമവും വികൃതിയും, സ്വാഭാവികമായി കരുതുകയും പെൺകുട്ടികളെ അതിനനുസരിച്ച് പൊരുത്തപ്പെടുത്തി എടുക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ചെറുപ്പത്തിൽ തന്നെ വികാരനിയന്ത്രണത്തിൽ ഒക്കെയുള്ള വൈകല്യങ്ങൾ തിരുത്തിയെടുക്കാവുന്നതാണ്. അതിന് തെറാപ്പിസ്റ്റുകളുടെ സഹായം തേടാം. ഏതൊരാളും മറ്റൊരാളുടെ സ്‌നേഹവും പ്രശംസയും കൊതിക്കുന്നവരാണ്. അതുണ്ടാകുന്നതിനുള്ള ഏറ്റവും നല്ല വഴി മറ്റുള്ളവർക്ക് അത് നൽകുക എന്നതാണ്. എന്നാൽ, നിർബന്ധിതമായി ഒരു ജെൻഡറിൽ പെടുന്നവർ അത് സ്വീകരിക്കാനുള്ളവരും മറ്റു വിഭാഗങ്ങളിൽ പെടുന്നവർ അത് നല്കാനുള്ളവരും ആണെന്ന സങ്കൽപം നമ്മുടെ സാമൂഹ്യജീവിതത്തിൽ കടന്നുകൂടി. പക്ഷേ, അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ല. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കർത്തവ്യങ്ങൾക്ക് വരുംകാലങ്ങളിൽ വലിയ പ്രസക്തി ഉണ്ടാവില്ല. എല്ലാവർക്കും എല്ലാ തൊഴിലിലും ഏർപ്പെടാൻ കഴിയുന്നതരത്തിൽ മനുഷ്യരുടെ ചുറ്റുപാടുകൾ വികസിച്ചു. സ്വതന്ത്രമായും അന്തസ്സോടെയുമുള്ള നിലനിൽപ്പ് എല്ലാവരും ആഗ്രഹിക്കുന്നു.

ആണത്തം മഹത്തായ ഒന്നായി, പഴയ സമ്പ്രദായത്തിന്റെ തുടർച്ചയായി പലരും ആവർത്തിക്കുന്നു എങ്കിലും ജീവിതത്തിൽ അത് ഉൾക്കൊള്ളാൻ പിന്തള്ളപ്പെട്ട ലിംഗവിഭാഗങ്ങൾ ഇനിമേൽ തയാറാകണമെന്നില്ല. അപ്പോൾ സംഘർഷങ്ങൾ അധികമായേക്കും. സ്വന്തം നിലനില്പിനായെങ്കിലും സ്വയം കരുതലും നിയന്ത്രണവും ആൺകുട്ടികളെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. ആണത്തത്തെ ഉടച്ചുവാർക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. അടിച്ചമർത്തലില്ലാതെ വരുന്നിടത്ത് സ്ത്രീകളും അക്രമങ്ങൾ പ്രകടിപ്പിച്ചേക്കും. എന്നാൽ, അവർ സ്വയം നിയന്ത്രണം സാംസ്‌കാരികമായി ശീലിച്ചുവന്നിട്ടുള്ളതുകൊണ്ട് അക്രമസ്വഭാവങ്ങൾ നിയന്ത്രിച്ചുനിർത്താൻ എളുപ്പമാണ്. സൂക്ഷ്മതലത്തിൽ ഇപ്പോഴും സ്ത്രീകളും വയലൻസ് പ്രയോഗിക്കാറുണ്ടെന്നുള്ളത് മറന്നുകൂടാ. അത് മിക്കവാറും പെണ്ണത്ത നിർമിതിയുടെ ഭാഗമായിരിക്കും. എപ്പോഴും ഡിമാന്റുകൾ വച്ചുകൊണ്ടിരിക്കുക, പങ്കാളിക്ക് സ്വസ്ഥത നൽകാതെ പിറകേ നടക്കുക, കരഞ്ഞുകൊണ്ടിരിക്കുക, ആത്മഹത്യക്ക് ശ്രമിക്കുക എന്നിവയെല്ലാം സ്ത്രീകൾ പ്രകടിപ്പിക്കുന്നതരം അക്രമങ്ങളാണ്. അത് സമൂഹം അനുവദിച്ചുകൊടുക്കുകയും ചെയ്യും. ആണത്തവും പെണ്ണത്തവും പരസ്പരം ചേർന്നാണ് പലപ്പോഴും ഈ നിർമിതികൾ നിലനിർത്തിക്കൊണ്ടുപോകുന്നത്. ട്രാൻസ്ജെൻഡർ ആളുകളും സമൂഹത്തിൽ നിന്ന് ഇത്തരം റോളുകൾ സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നതുകാണാം. എന്നാൽ, ഈ നിർമിതികൾ ഉടച്ചുവാർക്കാൻ എളുപ്പം സ്ത്രീകൾക്കും പുരുഷേതര വിഭാഗങ്ങൾക്കുമായിരിക്കും. അവർ അന്തസ്സുകെട്ട ജീവിതം തള്ളിക്കളഞ്ഞ് സ്വാഭിമാനത്തോടെ മുന്നോട്ടുവരികയാണ്.

ആണായതുകൊണ്ട് എപ്പോഴും തങ്ങളുടെ വികാരങ്ങളെ തഴുകിക്കൊണ്ടിരിക്കാൻ ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്ന ചിന്ത ആണുങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്. / Photo: Pixabay

പുരുഷന്മാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതിനാൽ, മാറ്റം ദുസ്സഹമായി അനുഭവപ്പെട്ടേക്കാം. എന്നാൽ, മാറാതെ വേറെ വഴിയില്ല. അതിനിടയിൽ കൂടുതൽ ദുരന്തങ്ങളുണ്ടാകാനും സാധ്യതയുണ്ട്. അത് പരമാവധി കുറയ്ക്കേണ്ടത് സാമൂഹ്യമായ ഉത്തരവാദിത്വമാണ്. ഇത് തിരിച്ചറിഞ്ഞവരും പൗരുഷത്തെ മെരുക്കിയെടുത്ത് കാലത്തിനനുകൂലമായി ലിംഗനിരപേക്ഷതയോടെ ജീവിക്കുന്നവരുമായ പുരുഷന്മാരുടെ, പ്രത്യേകിച്ച് യുവാക്കളുടെ നിര ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ആൺകുട്ടികളെ ആത്മവിശ്വാസവും മറ്റുള്ളവരോട് കരുതലും ഉള്ളവരായി വളർത്തിയെടുക്കാൻ, നമ്മൾ കഠിനശ്രമം നടത്തേണ്ടിയിരിക്കുന്നു. അതിന്, തിരിച്ചറിവുണ്ടായ പുരുഷന്മാർക്ക് മുൻകൈയെടുക്കാവുന്നതാണ്.

ആണായതുകൊണ്ട് എപ്പോഴും തങ്ങളുടെ വികാരങ്ങളെ തഴുകിക്കൊണ്ടിരിക്കാൻ ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്ന ചിന്ത ആണുങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്. സ്വന്തമായി തന്നെ അവയെ നേരിടാൻ മാനസികമായി പ്രാപ്തി ഉണ്ടാകണം. കുട്ടിക്കാലം മുതൽ ആൺകുട്ടികൾ അതിനായി പരിശീലിപ്പിക്കപ്പെടട്ടെ. മറ്റൊരാളെ സ്‌നേഹപൂർവം തലോടുകയും അവരെ മാനിക്കുകയും ചെയ്യുമ്പോഴാണ് അവ തിരിച്ചുകിട്ടുന്നത്. അപ്പോൾ മാത്രമാണ് വികാരങ്ങൾക്ക് ശമനമുണ്ടാകുന്നത്. സ്വയം പരിപാലിക്കുന്നത്, മറ്റുള്ളവർക്ക് പരിപാലനം നൽകുന്നത് വഴിയാണെന്നും അത് ലിംഗനിരപേക്ഷമാണെന്നുമുള്ള ബോധം ഉറപ്പിച്ചെടുക്കണം. സൗഹൃദം കൊണ്ടും സഹജീവിതം കൊണ്ടും പ്രണയം കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത് ഇതാണ്. അടിച്ചമർത്തുന്നത് സ്‌നേഹമാണെന്ന തെറ്റിദ്ധാരണയാണ് വയലൻസിന് ന്യായീകരണമാകുന്നത്.

സ്ത്രീകൾക്ക് സ്വതന്ത്രമായ ഒരു നിലനിൽപ്പുണ്ടെന്ന് മനസ്സിലാക്കി കൊണ്ടുള്ള സാമൂഹ്യമായ പിന്തുണയുടെ അഭാവമാണ് അവരെ അപകടത്തിൽ എത്തിക്കുന്നത്. വിവാഹത്തിന് ശേഷമുണ്ടാകുന്ന ഏത് പ്രശ്‌നവും ഒത്തുതീർപ്പിലൂടെ പരിഹരിക്കാനാണ് എല്ലാ സാമൂഹ്യസംവിധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മറുവശത്ത്, പെണ്ണത്തം വളർത്തിയെടുക്കുന്ന രീതി അവരെ ദുർബലരും, അതിജീവനത്തിനായി തന്ത്രങ്ങൾ മെനയുന്നവരും, അപകടത്തിൽപെടാൻ സാധ്യതയുള്ളവരുമാക്കി നിലനിർത്തുന്നു. ജീവിച്ചുപോരുന്ന അപകടകരമായ അന്തരീക്ഷം സ്വാഭാവികമാണെന്നും, എപ്പോഴെങ്കിലും അത് മാറി, പ്രതീക്ഷിക്കുന്നതുപോലെ സമാധാനപരമായ ഒരു ഭാവി ഉണ്ടാകുമെന്നും അവർ കരുതുന്നു. പ്രശ്‌നമുണ്ടാകുമ്പോഴും അത് സ്വന്തം കുഴപ്പമായി മറ്റുള്ളവർ കാണുമോ എന്ന ഭയത്തിന് സ്ത്രീകൾ അടിപ്പെടും. സ്ത്രീകൾക്ക് സ്വതന്ത്രമായ ഒരു നിലനിൽപ്പുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള സാമൂഹ്യമായ പിന്തുണയുടെ അഭാവമാണ് അവരെ അപകടത്തിൽ എത്തിക്കുന്നത്. വിവാഹത്തിന് ശേഷമുണ്ടാകുന്ന ഏത് പ്രശ്‌നവും ഒത്തുതീർപ്പിലൂടെ പരിഹരിക്കാനാണ് എല്ലാ സാമൂഹ്യസംവിധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗാർഹികപീഡന പരാതി നൽകിയതിനുശേഷം കുടുംബകോടതികൾ ഒത്തുതീർപ്പാക്കുകയും, നിവൃത്തിയില്ലാതെ വീണ്ടും പീഡകരോടൊപ്പം പോയി ആത്മഹത്യയിലെത്തിയതുമായ നിരവധി സ്ത്രീകളുണ്ട്.

വിവാഹത്തിനുമുമ്പ് പ്രണയമോ പരിചയപ്പെടലോ അനാവശ്യമായി കാണുന്ന സമൂഹമാണ് നമ്മുടേത്. വിവാഹപൂർവ വ്യവഹാരങ്ങൾ, അവ ഏതു തരത്തിലുള്ളതാണെങ്കിലും പങ്കാളികൾക്കിടയിൽ സ്വാഭാവികമായി കാണുന്ന സമൂഹത്തിലേ അവർക്ക് പിന്തുണ സംവിധാനങ്ങളുമുണ്ടാകൂ. പതിയെ വളർന്നുവരുന്ന പരിചയപ്പെടലിനും സൗഹൃദത്തിനും ഇടയിൽ സ്ത്രീകൾക്ക് അത് ടോക്‌സിക് ആകുന്നു എന്ന് തോന്നിയാൽ അതിൽ നിന്ന് രക്ഷപ്പെടാൻ ആര് സഹായിക്കും? പെൺകുട്ടികൾക്ക് ഒരു ബന്ധവുമില്ല എന്ന് സ്ഥാപിച്ചെടുക്കാൻ പരിശ്രമിക്കേണ്ട അവസ്ഥയാണ് വീട്ടുകാർക്കുള്ളത്. പ്രണയിക്കുന്ന അല്ലെങ്കിൽ ഡേറ്റിങ് ചെയ്യുന്ന യുവാക്കൾക്ക് സുരക്ഷിതമായി ഒത്തുകൂടാൻ ഇടങ്ങൾ ഉള്ളിടത്ത് മാത്രമേ കൂട്ടുകാരുടെ സഹായം കിട്ടുകയുള്ളൂ. പ്രണയവും ഡേറ്റിങ്ങുമൊക്കെ അപകടകരമെന്ന് കാണുകയും യുവാക്കളെ യഥാർഥ അപകടങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്ന വിരോധാഭാസമാണ് നമ്മുടെ നാട്ടിൽ കാണുന്നത്.

അടുത്തുനടന്ന കൊലപാതകങ്ങളിൽ സ്ത്രീകളുടെ മൊബൈൽ ഫോണുകൾ പ്രണയാഭ്യർഥന നടത്തുന്നവർ കൈവശപ്പെടുത്തിയതായി കാണുന്നു. അവർ തമ്മിൽ പരിചയപ്പെട്ടിരുന്നു എന്നത് അതിൽ നിന്ന് വ്യക്തമാണ്. എന്നാൽ, അതിൽ പ്രശ്‌നമുണ്ടാകുന്ന സമയത്ത്, ഇടപെടാനുള്ള ഒരു സംവിധാനവുമുണ്ടാകുന്നില്ല. എത്രമാത്രം സമയവും വിഭവങ്ങളും വിവാഹ ചടങ്ങുകൾക്കായി സമൂഹം ചെലവഴിക്കുന്നു. എന്നാൽ, ഒരുമിച്ച് ചേരുന്നവരുടെ സുഗമമായ ജീവിതത്തിനുവേണ്ടി സമയമോ വിഭവങ്ങളോ മാറ്റിവെക്കാൻ തയാറാകുന്നുമില്ല. മനുഷ്യരുടെ ജീവിതത്തിന് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതാവണം സാമൂഹികത. മറ്റൊരാളുടെ ഫോൺ കൈവശപ്പെടുത്തിവെക്കുക എന്നത് സ്‌നേഹത്തിന്റെ അടയാളമായി കാണാൻ കഴിയുമോ? അഞ്ച് മിനിറ്റ് നേരത്തേക്കായാൽ പോലും അത് സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമല്ലേ? ആ ഒരു കാര്യം കൊണ്ടുതന്നെ അയാൾ പങ്കാളിത്തത്തിന് അയോഗ്യനാകുന്നു. സ്ത്രീകളുടെ സ്വകാര്യതയിൽ കടന്നുകയറുന്നതിന്, രക്ഷാധികാരിയായി മാറേണ്ട പുരുഷന് സാമൂഹ്യമായി കിട്ടുന്ന അനുവാദമാണ് ഇത്തരം സ്വഭാവങ്ങളുണ്ടാക്കുന്നത്. ഇവിടെ സ്ത്രീകൾ നിസ്സഹായരായി പോകും.

സ്ത്രീകൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പമെന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന പുരുഷന്മാരെ വിചാരണ ചെയ്യുമ്പോൾ, പരാതി നൽകിയ സ്ത്രീകൾ, സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെച്ചു എന്നും അവർക്ക് കാമുകന്മാരുണ്ടെന്നുമൊക്കെ, തങ്ങൾ ചെയ്ത കുറ്റം ന്യായീകരിക്കാനായി, യാതൊരു ഉളുപ്പുമില്ലാതെ കുറ്റവാളികൾ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. വിധേയരാക്കപ്പെടുന്ന സ്ത്രീകൾക്ക് എന്ത് പിന്തുണയാണ് ഈ സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കാനാവുന്നത്? സ്ത്രീകളെ നിശ്ശബ്ദരാക്കി കൊലയ്ക്ക് കൊടുക്കുന്നതിൽ സമൂഹത്തിനുള്ള പങ്ക് കൂടി നമ്മൾ കാണേണ്ടിവരും.

സ്ത്രീകൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പമെന്ന് സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. Photo: Pixabay

ബന്ധങ്ങൾ ടോക്‌സിക് ആകുമ്പോഴും സ്ത്രീകൾക്ക് അതിൽനിന്ന് പുറത്തുവരാൻ കഴിയാത്തതിനെപ്പറ്റി ധാരാളം തുറന്നെഴുത്തുകൾ ഉണ്ടായിട്ടുണ്ട്. ലെസ്ലി മോർഗൻ സ്റ്റീനർ (Leslie Morgan Steiner) അവരുടെ ക്രേസി ലവ് (Crazy Love) എന്ന പുസ്തകത്തിലും റ്റെഡ് ടാക്കി (TED Talk) ലുമെല്ലാം അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ഉയർന്ന നിലവാരത്തിൽ ജീവിക്കാൻ കഴിയുന്ന സ്ത്രീയായിട്ടുപോലും ദീർഘകാലം അവർക്ക് ഭയത്തിന്റെയും പീഡനത്തിന്റെയും ഇരയായി കഴിയേണ്ടിവന്നു. സാധാരണ എല്ലാ സ്ത്രീകളും നേരിടുന്ന ചോദ്യം, എന്തിന് ഈ പീഡനങ്ങൾ സഹിച്ച് ദീർഘകാലം കഴിഞ്ഞു എന്നതാണ് അവരും നേരിട്ടത്. നീണ്ട കാലത്തിനുശേഷം മുമ്പുണ്ടായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയുന്ന സ്ത്രീകളും ഇതേ ചോദ്യമാണ് നേരിടേണ്ടിവരുന്നത്. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല, എന്ന്. രണ്ടാമത്തേതിൽ, പീഡനമാണെന്ന് തിരിച്ചറിയാനെടുക്കുന്ന സമയത്തിനും, ഭയവും അപമാനവും ഏൽപ്പിക്കുന്ന മരവിപ്പിനും പുറമെ, സമൂഹവും സ്ഥാപനങ്ങളും അതെങ്ങനെ സ്വീകരിക്കുമെന്ന വലിയ അന്ധാളിപ്പും കാരണമാകുന്നു. തത്സമയത്തുള്ള തുറന്നുപറച്ചിലിനെ അപമാനിച്ചും കുറ്റപ്പെടുത്തിയും അടക്കിവപ്പിക്കുന്ന സമൂഹം തന്നെയാണ് പിന്നീട് എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല എന്ന് വിധേയയ്ക്കുനേരെ വിരൽചൂണ്ടുന്നത്.

സ്‌നേഹബന്ധങ്ങളിൽ പെടുന്നവരുടെ കാര്യം കുറേക്കൂടി സങ്കീർണമാണ്. ബന്ധങ്ങളിൽ പെടുന്നവർ പ്രണയമായാലും വിവാഹമായാലും, ആദർശാത്മകവും മൂല്യവത്തുമായ ഒരു അപരബിംബത്തെ സ്വന്തമാക്കി ഉള്ളിൽ പ്രതിഷ്ഠിക്കുകയാണ്. പ്രണയത്തിന് കണ്ണില്ല എന്നുപറയുന്നത് ശരിയാണെന്ന് തോന്നുമാറ് അവരിലെ നല്ലതുമാത്രം കാണാൻ ബന്ധത്തിൽ പെടുന്നവർ സന്നദ്ധരാകുന്നു. ആത്മബോധത്തിന്റെ കാമ്പിൽ സ്ഥിതിചെയ്യുന്ന ഈ മൂല്യം തന്നെയാണ് ബന്ധത്തിൽ പ്രതിബദ്ധത ഉണ്ടാക്കുന്നത്. ഈ പ്രതിബദ്ധത ബന്ധം നിലനിൽക്കുന്നതിന് ആവശ്യവുമാണ്. എന്നാൽ, ബന്ധം രണ്ടുപേർക്കും നല്ലതല്ല എന്നത് തിരിച്ചറിയാനും അതിൽ നിന്ന് വിടുതൽ നേടാനും കഴിയാത്തത് സമൂഹം അതിന് ഇടനൽകുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. അവിടെ ലിംഗപരമായ അസമത്വവും കടമകളും കൂടുതൽ ബാധ്യതയുണ്ടാക്കുന്നു. പുരുഷന്മാർ കാണിക്കുന്ന ആധിപത്യം സ്‌നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ ഇടയാക്കുന്ന മൂല്യങ്ങളിലൂടെയാണ് സ്ത്രീകൾ വളർത്തപ്പെടുന്നത്. സ്റ്റീനറെ പോലെയുള്ള ഒരാൾ പോലും ദീർഘകാലം പീഡനം സ്‌നേഹമായി തെറ്റിദ്ധരിച്ചു. അതിന്റെ കെണിയിൽ അകപ്പെട്ടതായും കൂടുതൽ പേർ അതിലേക്ക് നിരന്തരം വീണുകൊണ്ടിരിക്കുകയാണെന്നും അവർ പിന്നീട് തിരിച്ചറിയുന്നു. പ്രണയം ഭ്രാന്തമായി പോകുന്ന അവസ്ഥ അവർക്ക് പിന്നീട് ബോധ്യപ്പെടുന്നു.
ഒരുതരം നിസ്സഹായത ഈ വ്യക്തികൾ വിധേയരാകുന്നവരിൽ ഉണ്ടാക്കിയെടുക്കാറുമുണ്ട്. നിങ്ങൾ പല കുറവുകളുമുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും നിങ്ങൾ തന്നെ അത് വിശ്വസിക്കുകയും ചെയ്യും. നിരന്തരം ആവർത്തിച്ചുകേൾക്കുന്നതിനാൽ കുഴപ്പമുണ്ടെന്ന് വിധേയരും സ്വയം കരുതും.

നിങ്ങൾക്ക് മാനസികപ്രശ്‌നമുണ്ടെന്ന് അവർ നിങ്ങളെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കും. അതിന് ചിലപ്പോൾ മാനിപ്പുലേഷനി (കൗശലം) ലൂടെ തെളിവുകളും നിരത്തും. ഈ പ്രയോഗത്തിന് സൈക്കോളജിയിൽ ‘ഗ്യാസ് ലൈറ്റിങ്’ എന്നു പറയുന്നു. യാഥാർഥ്യങ്ങൾ മായികവിഭ്രാന്തിയാണെന്ന് വിധേയരെ തെളിവ് സഹിതം ബോധ്യപ്പെടുത്തും. ഉദാഹരണത്തിന്, വീടിന്റെ താക്കോലോ മറ്റു അവശ്യവസ്തുക്കളോ ഒളിപ്പിച്ചുവച്ചിട്ട് അത് നിങ്ങളുടെ ശ്രദ്ധക്കുറവോ ഓർമക്കുറവോ ആണെന്ന് സ്ഥാപിക്കും. സ്വകാര്യതയ്ക്കുവേണ്ടിയാണെന്ന നാട്യത്തിൽ മറ്റുള്ളവരിൽ നിന്ന് പരമാവധി നിങ്ങളെ അകറ്റുകയും അത് പീഡനത്തിനുള്ള സാഹചര്യമാക്കിയെടുക്കുകയും ചെയ്യും. സത്യമെന്താണെന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരിക്കും വിധേയപ്പെടുന്നവർക്ക് ഉണ്ടാകുന്നത്. ഇതേക്കുറിച്ച് വിവരിക്കുന്ന ധാരാളം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്. നിങ്ങൾ എങ്ങനെയൊക്കെ പങ്കാളിയുടെ മാനിപ്പുലേഷന് വശംവദരായി പോകുന്നു എന്ന് തിരിച്ചറിയുക എന്നത് രക്ഷപെടാനുള്ള ആദ്യത്തെ പടിയാണെന്ന്, ഗ്യാസ് ലൈറ്റ് ഇഫക്ട് എന്ന പുസ്തകത്തിൽ റോബിൻ സ്റ്റെർൺ (Robin Stern) വിവരിക്കുന്നു. ഇതിനാവശ്യമായ വിഭവങ്ങളും ആശയങ്ങളും അവർക്ക് ലഭിക്കുന്നത് പുരുഷമേധാവിത്വമൂല്യങ്ങളിൽ നിന്നാണെന്നും, വ്യക്തിബന്ധങ്ങൾക്കിടയിൽ പ്രകടമാകുന്നതെങ്കിലും സാമൂഹികതലത്തിൽ ഇത് നോക്കിക്കാണണമെന്നുമാണ് സാമൂഹ്യശാസ്ത്രജ്ഞരും ഫെമിനിസ്റ്റുകളും കരുതുന്നത്.

റോബിൻ സ്റ്റെർൺ

പിന്നീട് പീഡകരായി തീരുന്ന പലരും ആദ്യഘട്ടത്തിൽ, സ്ത്രീകളിൽ വളരെ വലിയ മതിപ്പുണ്ടാക്കുന്നവരാണ്. പൂർണമായ വിശ്വാസം ആർജിച്ചെടുത്ത ശേഷമായിരിക്കും, നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടാകുന്നത്. അതൊരു പക്ഷെ, അവർ ബോധപൂർവം ആഗ്രഹിക്കുന്നതാവണമെന്ന് തന്നെയില്ല. സ്റ്റീനറുടെ പങ്കാളിയെ പോലെ കുട്ടിക്കാലത്ത് സ്‌നേഹനിരാസവും പീഡനവും അനുഭവിച്ചവരാകാം അവർ. അതുവഴി മനസ്സിന് വൈകല്യം ഉണ്ടായവരായിരിക്കാം. വളരെ പ്രയാസപ്പെട്ടു നേടിയ നിങ്ങളെ നഷ്ടപ്പെടുമെന്ന ചിന്ത തന്നെ അവരെ ഭ്രാന്തരാക്കുന്നു. അവരുടെ അരക്ഷിതാവസ്ഥ നിങ്ങൾക്കുനേരെയുള്ള വയലൻസ് ആയി മാറുന്നു. പക്ഷേ, ഇതനുവദിച്ചു കൊടുക്കുന്നതുകൊണ്ട് നിങ്ങൾക്കോ അയാൾക്കോ യാതൊരു പ്രയോജനവുമില്ല. പലരും ചിന്തിക്കുന്നത് അവരെ സ്‌നേഹം കൊണ്ട് മാറ്റിയെടുക്കാമെന്നാണ്. അത് വെറും തോന്നലാണ്. നിങ്ങൾ വഴങ്ങുന്തോറും അവർ പിടിയും പിടിവാശിയും മുറുക്കുന്നു. വഴിതെറ്റിയ പുരുഷനെ നേരെയാക്കിയെടുക്കേണ്ടത് സ്ത്രീയുടെ ബാധ്യത എന്ന നിലയ്ക്കാണ് സമൂഹം കാണുന്നത്. യുവാക്കൾ തെറ്റിപ്പോകുന്നത് കാണുമ്പോൾ, അവരെ കല്യാണം കഴിപ്പിച്ചാൽ ശരിയാകുമെന്ന് നാട്ടുകാർ ഉപദേശിക്കുന്നതും വീട്ടുകാർ നടപ്പാക്കുന്നതും കാണാറുണ്ട്. അമിത മദ്യാസക്തിക്ക് ചികിത്സ കൊടുക്കുമ്പോൾ അവർ വീണ്ടും അടിപ്പെടാതിരിക്കാൻ, അതിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾ തന്നെ വിട്ടുവീഴ്ച ചെയ്യാൻ ഉപദേശിക്കുന്നതും കണ്ടിട്ടുണ്ട്.

ചിലപ്പോൾ സ്ത്രീകൾക്കും, തങ്ങൾ ഒരാൾക്കുവേണ്ടി ത്യാഗം സഹിക്കുന്നത് മഹത്തായ കാര്യമായി തോന്നും. തിങ്കളാഴ്ച വ്രതവും മറ്റും നോക്കുന്ന കൂട്ടുകാരികൾക്കൊപ്പം കഴിയുന്നവരാണ് നമ്മളൊക്കെ. ഒരാളെ രക്ഷപ്പെടുത്താൻ കഴിയുമല്ലോ എന്ന അഹന്തയിൽ അഭിരമിച്ചുപോവുകയും ചെയ്യാം. എന്നാലിത്, ഒരു പരിധി കഴിയുമ്പോൾ കൈവിട്ട കളിയാണെന്നും രണ്ടുപേരും എവിടെയും എത്തില്ലെന്നും ബോധ്യമാകും. അപ്പോഴേക്കും രക്ഷപ്പെടാൻ പ്രയാസമാകും. സ്റ്റീനർ പറയുന്നത് അവരുടെ പങ്കാളി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വർഷങ്ങളോളം മർദിച്ചിട്ടും, തലയിണയ്ക്കടിയിൽ തോക്ക് സൂക്ഷിച്ച് ഭയത്തിനിരയാക്കി കൊണ്ടിരുന്നിട്ടും അത് പീഡനമായി സ്വയം തിരിച്ചറിഞ്ഞില്ല എന്നാണ്. ഇങ്ങനെ ആയിരക്കണക്കിന് സ്ത്രീകൾ ജീവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീയ്ക്ക് കൽപ്പിച്ചുനൽകിയ സഹനത്തിന്റെയും സ്‌നേഹത്തിന്റെയും മൂല്യങ്ങളുടെ ശക്തിയാണത്. അവയെ പ്രതിരോധിക്കുക ദുഷ്‌കരമാണെങ്കിലും സാധ്യമാണ്. ഇത് തുടരുന്നത് ആർക്കും സഹായകമാവില്ലെന്നും, തുല്യതയിലേയ്ക്കും അവകാശബോധത്തിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സമൂഹത്തിന് യോജിക്കുകയില്ലെന്നും ബോധ്യപ്പെടണം.

നിങ്ങളുടെ സ്വതന്ത്ര ജീവിതത്തെ തടസപ്പെടുത്തുന്ന തരത്തിൽ എപ്പോഴും പിറകെ, ഉണ്ടായിരിക്കുകയും നിങ്ങളുടെ മറ്റു ബന്ധങ്ങളും ഫോണും മറ്റു വിനിമയങ്ങളും പിന്തുടരുകയും ചെയ്യുന്നതും അപകടകരമാണെന്ന് തിരിച്ചറിയണം. ഇനി, ഇത്തരം അപകട സൂചനകളുണ്ടായാൽ സമീപിക്കാവുന്ന സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്.

ബന്ധങ്ങൾ ടോക്‌സിക് ആകുന്നത് തിരിച്ചറിയുന്നതിനും പെട്ടെന്ന് സഹായം തേടുന്നതിനുമുള്ള നിർദേശങ്ങൾ ഇപ്പോൾ മനഃശാസ്ത്ര വിദഗ്ദ്ധർ നൽകുന്നുണ്ട്. ചില അപകടസൂചനകളെ കുറിച്ച് അവർ മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ, എപ്പോഴും എങ്ങനെയാണ് അയാൾ പെരുമാറാൻ പോകുന്നതെന്നറിയാതെ ആകാംക്ഷയുടെ മുൾമുനയിലാണോ, ബന്ധത്തിലെ വൈകാരികമായ പ്രശ്‌നങ്ങൾ പരിഹരിക്കാനായി അസാധാരണമാംവിധം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ടോ, ബന്ധം കൊണ്ടുപോകേണ്ടതിന്റെ ഭാരം മുഴുവൻ അഥവാ കൂടുതലായി ഏറ്റെടുക്കേണ്ടിവരുന്നുണ്ടോ, നിങ്ങളുടെ ഉയർച്ചയിലോ അല്ലാതെയോ പങ്കാളി അസൂയ പ്രകടിപ്പിക്കുന്നുണ്ടോ, എന്നൊക്കെ നോക്കുന്നത് അപകടസൂചന നൽകും. നിങ്ങളുടെ സ്വതന്ത്രജീവിതത്തെ തടസപ്പെടുത്തുന്ന തരത്തിൽ എപ്പോഴും പിറകെ, ഉണ്ടായിരിക്കുകയും നിങ്ങളുടെ മറ്റു ബന്ധങ്ങളും ഫോണും മറ്റു വിനിമയങ്ങളും പിന്തുടരുകയും ചെയ്യുന്നതും അപകടകരമാണെന്ന് തിരിച്ചറിയണം. ഇനി, ഇത്തരം അപകടസൂചനകളുണ്ടായാൽ സമീപിക്കാവുന്ന സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്. ജെൻഡർ വൈദഗ്ദ്ധ്യം കൂടി നേടിയ തെറാപ്പിസ്റ്റുകൾ നമുക്ക് ആവശ്യമാണ്. ഇപ്പോൾ വളരെ കുറച്ചുപേർ മാത്രമേ അങ്ങനെയുള്ളൂ. അവരിലേക്ക് വിധേയർക്ക് എത്താൻ കഴിയുന്ന സംവിധാനങ്ങളുമില്ല. ഹെൽപ്​ലൈൻ സംവിധാനങ്ങളും ഗവൺമെന്റിന്റെ ‘ഭൂമിക' പദ്ധതിയുമൊക്കെ ഇതിനായി പരിശീലിപ്പിക്കപ്പെട്ട തെറാപ്പിസ്റ്റുകളുടെ സേവനം നൽകിയാൽ നന്നായിരിക്കും.

പലവിധത്തിലും ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സ്വാഭിമാനത്തോടെയുള്ള ജീവിതം എല്ലാ ലൈംഗിക വിഭാഗങ്ങളും ആഗ്രഹിക്കുകയും ജീവിച്ചുതുടങ്ങുകയും ചെയ്യുന്നു. ഇലക്​ട്രോണിക്​മാധ്യമങ്ങൾ വഴി വ്യത്യസ്ത സംസ്‌കാരങ്ങൾ പരിചയപ്പെടാൻ യുവാക്കൾക്ക് അവസരം ഉണ്ടാകുന്നു. ഒരു വശത്ത് അടിച്ചമർത്തലിന് സ്ത്രീകൾ തയാറാകാതിരിക്കുകയും മറുവശത്ത് പുരുഷന്മാർക്ക് കൂടുതൽ അക്രമപ്രവണതയ്ക്കുള്ള സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കോവിഡ് മൂലമുണ്ടായ അടച്ചുപൂട്ടലും ഒറ്റപ്പെടലും അക്രമങ്ങൾ വർധിപ്പിക്കുന്നുമുണ്ട്. വർധിച്ചുവരുന്ന അക്രമങ്ങൾ പ്രതിരോധിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. പൊള്ളലുകൾ അധികമാകാതെ നോക്കണം. പരിഹാരങ്ങൾ തേടുമ്പോൾ പല വീക്ഷണങ്ങളിൽ നിന്നും സമഗ്രമായി കാണുന്ന സമീപനമാണ് നല്ലത്. മാനസികപ്രശ്‌നത്തിലോ ജീവശാസ്ത്രപരമായ നിർണയനത്തിലോ മാത്രം ഒതുക്കി ഈ വിഷയം കണ്ടാൽ പോരാ. പുരുഷാധിപത്യപരമായ സാമൂഹ്യഘടനയിലാണ് ഇവ പ്രകടമാകുന്നത്. അതേസമയം എല്ലാ തലങ്ങളിലും ഇടപെടൽ ആവശ്യമായി വരും. ഒരു വശത്ത് സ്ത്രീകൾ പ്രതിരോധങ്ങളുണ്ടാക്കുമ്പോൾ തന്നെ ആൺകുട്ടികളിലെ അക്രമപ്രവണത നേരത്തേ കണ്ടെത്തുകയും ചികിത്സിക്കപ്പെടുകയും, വേണം. വിഷമയമാകുന്ന ബന്ധങ്ങളിലും സമയത്തിനുള്ള കണ്ടെത്തലും പരിഹാരം ചെയ്യാനുള്ള സംവിധാനങ്ങളും വേണം. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ തുല്യതാബോധം കുട്ടിക്കാലത്തുതന്നെ വളർത്തിയെടുക്കണം. ആൺകുട്ടികളെ കരുതലും ശുശ്രൂഷയും പഠിപ്പിക്കുന്നതിലൂടെ ആണത്തത്തെ അപനിർമിക്കാനും അമിതമായ വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രാപ്തി ഉണ്ടാക്കാം. ജെൻഡർ പരിശീലനം ഇപ്പോഴത്തെ സാഹചര്യത്തിൽ പുരുഷൻമാർക്കാണ് കൂടുതൽ ആവശ്യം.

വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ സാമൂഹ്യവും കൂടിയാണെന്ന് സാധാരണ തിരിച്ചറിയാറില്ല. സാമൂഹികമായ ഘടകങ്ങളും മനസ്സിന്റെ ഘടനാപരമായ പ്രശ്‌നങ്ങളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി കണ്ടുകൊണ്ടേ പ്രതിരോധവും ചികിത്സയും രൂപപ്പെടുത്തിയെടുക്കാൻ കഴിയൂ. സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നവർക്ക് വ്യക്തിബന്ധങ്ങളിലും അത് പ്രതിഫലിപ്പിക്കാനാവും. സാമൂഹ്യമായി ഇടപെടുന്ന സ്ത്രീകളിൽ ആത്മവിശ്വാസം കൂടുന്നത് കാണുന്നുണ്ട്. ധാർമികവും വൈകാരികവുമായ ആവശ്യങ്ങൾക്ക് പങ്കാളിയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് സ്ത്രീകളെ ബന്ധങ്ങളിൽ കുരുക്കിയിടുന്നത്. ‘സ്ത്രീ നന്നായാൽ കുടുംബം നന്നാകും’ എന്നൊക്കെ പറഞ്ഞ് സ്ത്രീകളെ കുടുംബത്തിലേക്ക് ഒതുക്കുകയാണെന്ന് തിരിച്ചറിയണം. പുരുഷനും സ്ത്രീയ്ക്കും മറ്റു ജെൻഡർ വിഭാഗങ്ങൾക്കുമെല്ലാം സമൂഹത്തോടും ഉറ്റവരോടും ഒരേ പോലെ കരുതലുണ്ടാകുമ്പോൾ വിഷം തീണ്ടാത്ത, ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാകുമെന്ന് പറയാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments