സ്‌കൂൾ ഓഫ് ഡ്രാമ: ഡോ. എസ്. സുനിൽകുമാറിനെ സസ്‌പെന്റ് ചെയ്തു, അറസ്റ്റുവരെ സമരമെന്ന് വിദ്യാർഥികൾ

സ്‌കൂൾ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാർഥിനിക്കുനേരെ ലൈംഗികാക്രമണം നടത്തിയ പരാതിയിൽ അസിസ്റ്റൻറ്​ പ്രൊഫസർ ഡോ. എസ്. സുനിൽ കുമാറിനെ വൈസ് ചാൻസലർ സസ്‌പെൻറ്​ ചെയ്തു. എന്നാൽ, സുനിൽകുമാറിനെ അറസ്റ്റുചെയ്യുന്നതുവരെ സമരം ചെയ്യാനാണ് വിദ്യാർഥികളുടെ തീരുമാനം. കാമ്പസിൽ സമരം തുടരുകയാണ്.

Think

കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ സെന്ററിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാർഥിനിക്കുനേരെ ലൈംഗികാക്രമണം നടത്തിയ പരാതിയിൽ അസിസ്റ്റൻറ്​ പ്രൊഫസർ ഡോ. എസ്. സുനിൽ കുമാറിനെ വൈസ് ചാൻസലർ സസ്‌പെൻറ്​ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുനിൽ കുമാറിന് കാമ്പസിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല എന്നും വൈസ് ചാൻസലറുടെ ഉത്തരവിൽ പറയുന്നു. വിദ്യാർഥിനിയുടെ പരാതി വൈസ് ചാൻസലർ അടിയന്തര നടപടിക്ക് പൊലീസ് സൂപ്രണ്ടിന് കൈമാറി. യൂണിവേഴ്‌സിറ്റിയിലെ ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐ.സി.സി) ക്കും പരാതി കൈമാറിയിട്ടുണ്ട്. ഡിപ്പാർട്ടുമെന്റിന്റെ സാധാരണ പ്രവർത്തനം ഉറപ്പുവരുത്തുമെന്നും വി.സിയുടെ ഉത്തരവിലുണ്ട്.

എന്നാൽ, സുനിൽകുമാറിനെ അറസ്റ്റുചെയ്യുന്നതുവരെ സമരം ചെയ്യാനാണ് വിദ്യാർഥികളുടെ തീരുമാനം. കാമ്പസിൽ സമരം തുടരുകയാണ്.
ഫെബ്രുവരി 25-നാണ് സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്.

മലയാളം തിയേറ്റർ ഹിസ്റ്ററി ക്ലാസെടുക്കാൻ വന്ന രാജാ വാര്യർ എന്ന കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ ക്ലാസിൽ വെച്ച് ശാരീകാതിക്രമം നടത്തിയതിനെക്കുറിച്ച് നവംബറിൽ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു.
രാജാ വാര്യരെക്കുറിച്ച് പരാതി പറഞ്ഞതിനുശേഷം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് ഡോ. എസ്. സുനിൽ കുമാർ താനുമായി സൗഹൃദം വളർത്തുകയും പിന്നീട് സൗഹൃദത്തെ ദുരുപയോഗം ചെയ്യാൻ തുടങ്ങുകയുമായിരുന്നു എന്നാണ് വിദ്യാർഥിനിയുടെ പരാതി.

ഡോ. എസ്. സുനിൽ കുമാർ
ഡോ. എസ്. സുനിൽ കുമാർ

മദ്യപിച്ചും അല്ലാതെയും ഫോൺ ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ ആരോടെങ്കിലും പറഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സുനിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപകന്റെ തുടർച്ചയായുള്ള ഫോൺകോളുകളും മെസേജുകളും കോളേജിലെ ഇയാളുടെ സാമീപ്യവും വിദ്യാർഥിനിയെ മാനസികസമ്മർദത്തിലാക്കി. ഈ സാഹചര്യത്തിലാണ് വിദ്യാർഥിനി ഫെബ്രുവരി 13-ന് ആത്മഹത്യക്ക് ശ്രമിച്ചത്.

ഡോ. എസ്. സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള വി.സിയുടെ ഉത്തരവിന്റെ പകർപ്പ്.
ഡോ. എസ്. സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള വി.സിയുടെ ഉത്തരവിന്റെ പകർപ്പ്.

ഡോ. എസ്. സുനിലിനെതിരെയും രാജാ വാര്യർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്നതാണ് വിദ്യാർഥികളുടെ ആവശ്യം. മാപ്പുപറച്ചിലിലോ കോളേജിനകത്ത് മാത്രമൊതുങ്ങുന്ന പ്രശ്നമായോ ഇത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കുന്നു.

പെൺകുട്ടിയുടെ പരാതി കിട്ടിയ ഉടനെ തന്നെ ഗ്രീവൻസ് സെൽ യോഗം ചേർന്ന് എല്ലാവരുടെയും മൊഴിയെടുത്തിരുന്നുവെന്നും പരാതി ന്യായമാണെന്ന് വ്യക്തമായതായും സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനും ഗ്രീവൻസ് സെൽ കോ-ഓർഡിനേറ്ററുമായ ഷിബു എസ്. കൊട്ടാരം ‘തിങ്കി’നോട് പറഞ്ഞിരുന്നു. ഡോ. രാജാ വാര്യർക്കെതിരായ കേസ് കേരള യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് ചെയ്യാനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും രാജാ വാര്യരെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് മാറ്റിനിർത്താനും സുനിൽ കുമാറിനെ സസ്പെൻഷനിൽ നിർത്തിക്കൊണ്ട് അന്വേഷണം നടത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

വെള്ളിയാഴ്ച അധ്യാപകരെ വിദ്യാർഥികൾ തടഞ്ഞുവെച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാറെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് ക്യാമ്പസിലെത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം പിന്നീട് പെൺകുട്ടി അയ്യന്തോൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. നേരത്തെ നൽകിയ പരാതിയിൽ രാജാ വാര്യർ ഒന്നാം പ്രതിയും സുനിൽ കുമാർ രണ്ടാം പ്രതിയുമായാണ് കേസെടുത്തിരുന്നത്. എന്നാൽ സുനിൽ കുമാർ ഒന്നാം പ്രതിയാകണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. മന്ത്രി ആർ. ബിന്ദു കമ്മീഷണറെ വിളിച്ച് നിർദേശിച്ചിട്ടും അയ്യന്തോൾ വെസ്റ്റ് എസ്.ഐ. കേസെടുക്കാൻ തയ്യാറായില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഒടുവിൽ പൊലീസ് ഞായറാഴ്ച വൈകീട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.


Summary: സ്‌കൂൾ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാർഥിനിക്കുനേരെ ലൈംഗികാക്രമണം നടത്തിയ പരാതിയിൽ അസിസ്റ്റൻറ്​ പ്രൊഫസർ ഡോ. എസ്. സുനിൽ കുമാറിനെ വൈസ് ചാൻസലർ സസ്‌പെൻറ്​ ചെയ്തു. എന്നാൽ, സുനിൽകുമാറിനെ അറസ്റ്റുചെയ്യുന്നതുവരെ സമരം ചെയ്യാനാണ് വിദ്യാർഥികളുടെ തീരുമാനം. കാമ്പസിൽ സമരം തുടരുകയാണ്.


Comments