അനുപമ എന്ന സ്​ത്രീയുടെ അജിത്​ എന്ന ദലിത്​ കാമുകൻ

സഭാബോധത്തിൽ നിന്നും സദാചാര ബോധത്തിന്റെ കാപട്യത്തിൽ നിന്നും ദലിത് സമൂഹം ഉണർവുനേടി അജിത്തിനെ സംരക്ഷിക്കുന്നുണ്ടോ? സ്വന്തമായ തെരഞ്ഞെടുപ്പും അവകാശ ബോധവും ഉള്ള സ്​ത്രീക്ക്​ വിവാഹത്തിനു മുമ്പ് ദത്തെടുക്കാൻ അവകാശമുണ്ടെങ്കിൽ വിവാഹത്തിനുമുമ്പ് ഒരു സ്ത്രീക്ക് അമ്മ ആവാനും കഴിയും എന്നു പ്രഖ്യാപിച്ച, അതു വഴി ലൈംഗികതയും ഒരു വ്യക്തിയുടെ അവകാശങ്ങളിൽപ്പെട്ടതാണെന്നു ബോധ്യപ്പെടുത്തിയ, പ്രണയമുള്ള അനുപമ എന്ന സ്ത്രീയുടെ കാമുകനെ ഉൾക്കൊള്ളാൻ ഇന്നും ദലിത് സമൂഹത്തിന് കഴിയുന്നില്ലേ? എങ്കിൽ, അവർ ഫെമിനിസത്തോട് മുഖം തിരിച്ചാണ് നിൽക്കുന്നതെന്നു പറയേണ്ടിവരും.

നുപമയുടേയും അജിത്തിന്റേയും സമരം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. പല രീതിയിൽ മനുഷ്യാവകാശ ലംഘനമുണ്ടായ ഈ വിഷയത്തിലെ ഇന്റർസെക്ഷനാലിറ്റിയാണ് ഇവിടെ പ്രതിപാദ്യ വിഷയം. മുഖ്യധാരാ ഫെമിനിസ്റ്റ് വീക്ഷണത്തിൽ ഒരു അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെടാനുണ്ടായ സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും ചർച്ചയായി. ഒരു പ്രത്യേക സാഹചര്യത്തിൽ അനുപമയ്ക്ക് കുഞ്ഞുമായി പിരിഞ്ഞിരിക്കേണ്ടി വരികയും പിന്നീട് കുഞ്ഞ് ശിശുക്ഷേമ സമിതി വഴി മറ്റൊരു മാതാപിതാക്കൾക്ക് ദത്തിന്​കൊടുക്കുകയും ചെയ്​തു. സമരത്തെതുടർന്നാണ്​ അനുപമക്ക്​ കുഞ്ഞിനെ തിരിച്ചുകിട്ടിയത്​. ഈ വിഷയത്തിൽ ശിശുക്ഷേമ സമിതിയുടെ ഗുരുതര വീഴ്ചകളും മുഖ്യമന്ത്രിയുടെ പങ്കും സി.പി.എം അംഗങ്ങളായ അനുപമയുടെ മാതാപിതാക്കളുടെ ഇടപെടലും രൂക്ഷ വിമർശനത്തിനും അന്വേഷണത്തിനും വിധേയമാകുന്നുണ്ട്.

ഈ വിഷയത്തിലെ ഇന്റർസെക്ഷണാലിറ്റി എന്നത് മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. അനുപമക്ക് കുഞ്ഞിനെ തിരിച്ചു കിട്ടിയ സാഹചര്യത്തിൽ അനുപമയുടെയും അജിത്തിന്റെയും സമരത്തിൽ ഉയർന്നുവന്ന ഒരുപാട് മനുഷ്യാവകാശ വിഷയങ്ങളിൽ പ്രാധാന്യമുള്ള ചിലതു കൂടി പറയുക എന്നതാണ് ഉദ്ദേശ്യം. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ജീവിതം ഇനിയാണ് യഥാർത്ഥ സമരമായി മാറാൻ പോവുന്നത്.

കേരളത്തിലെ കാപട്യത്തിന്റെ കടവാവൽ മാലാഖമാരുടെ ജീർണതകൾ അനുപമയേയും അജിത്തിനേയും കുഞ്ഞിനേയും ജീവിക്കാൻ സമ്മതിക്കില്ല. തുടർന്നും രാഷ്ട്രീയ ബോധമുള്ളവർ അവരെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. അതുകൊണ്ട് അനുപമയുടെ സമരം പൂർണമായും വിജയിച്ചു എന്ന് സമരത്തിൽ കൂടെ നിന്നവർക്ക് തോന്നാൻ സാധ്യതയില്ല.

കേരള സമൂഹത്തിൽ സദാചാര വാദികളുടെ നാക്കും മൂക്കും മുറിക്കുന്ന ശക്തമായ നിലപാടെടുത്ത് ഒരു പാട് സ്ത്രീകൾ രംഗത്ത് വരികയുണ്ടായി. അവർ പല തരം സൈബർ ലിഞ്ചിങ്ങിനേയും പ്രതിരോധിച്ചാണ്​ തങ്ങളുടെ അഭിപ്രായങ്ങൾക്കുവേണ്ടി നിലകൊണ്ടത്. എന്നാൽ ഇത് ഒരു ഫെമിനിസ്റ്റ് പ്രശ്നം മാത്രമല്ല. ഒരു ഇന്റർസെക്ഷണൽ രാഷ്ട്രീയ വിഷയം കൂടിയാണ്.

ഇൻറർ സെക്ഷണാലിറ്റിയെ ഓക്‌സ്‌ഫോർഡ് നിഘണ്ടു ഇങ്ങനെ നിർവ്വചിക്കുന്നു : നിരവധി അടിച്ചമർത്തലുകളും വിവേചനങ്ങളും ബാധിക്കുന്ന ഒരു വ്യക്തിയെയോ ആളുകളുടെ കൂട്ടത്തെയോ സാമൂഹിക പ്രശ്‌നങ്ങളെയോ തിരിച്ചറിയാനുള്ള ഒരു വീക്ഷണരീതി. ആളുകൾ അഭിമുഖീകരിക്കുന്ന മുൻവിധികളുടെ സങ്കീർണ്ണത മനസ്സിലാക്കുന്നതിന് അവരുടെ ഓവർലാപ്പിംഗ് ഐഡന്റിറ്റികളും അനുഭവങ്ങളും ഇത് കണക്കിലെടുക്കുന്നു.

അജിത്, അനുപമ

ഇവിടെ രണ്ടു വ്യക്തികൾ ഒന്നിച്ചു വരിക വഴി അവരുൾപ്പെടുന്ന ജാതി- ലിംഗ ഭേദ അരികുവൽകൃത അവസ്ഥകളും ഒരുമിച്ചു വരുന്നു. ലിംഗവിവേചനവും ജാതി വിവേചനവും ചേർന്നു വരുന്ന ഒരു സാമൂഹ്യപ്രശ്നമെന്ന മാനം അനുപമ - അജിത് വിഷയത്തിലുണ്ട്. അജിത്ത് ദലിത് വിഭാഗത്തിൽപ്പെട്ട ആളായതു കൊണ്ടു തന്നെ അജിത്തിനെതിരായ ജാതീയ അക്രമം പ്രത്യക്ഷവും പരോക്ഷവുമായി തുടർന്നു കൊണ്ടിരിക്കും. അതിൽ പല താക്കോലുകളും തുടച്ചു മാറ്റാനാവാത്ത പല കറകളിലേക്കും കലവറകളിലേക്കും തുറക്കുകയും ചെയ്യും.

"സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും മാനസികവും ആത്മനിഷ്ഠവും അനുഭവപരവുമായ ഒന്നിലധികം വ്യത്യസ്ത അക്ഷങ്ങൾ ചരിത്രപരമായി നിർദ്ദിഷ്ട സന്ദർഭങ്ങളിൽ കൂടിച്ചേരുമ്പോൾ' ഉണ്ടാകുന്ന സങ്കീർണവും വ്യത്യസ്തവും പലപ്പോഴും വൈരുദ്ധ്യാത്മകവുമായ ഇഫക്റ്റുകൾ കണ്ടെത്തുന്നതിന് നമ്മെ അനുവദിക്കുന്നു എന്ന് ബ്രാഹ് ആൻറ്​ ഫീനിക്സ് 2004 ലെ തങ്ങളുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നതായി Introduction. Debating Intersectionalities: Challenges for a Methodological Framework എന്ന ലേഖനത്തിൽ Supurna Banerjee and Nandini Ghosh വാദിക്കുന്നു.

കപടസദാചാരവാദത്തിന്റെ ചളിക്കുളത്തിൽ നിന്ന്​ മലയാളി സമൂഹത്തെ രക്ഷപ്പെടുത്താനുള്ള ഈ യജ്ഞത്തിൽ ദലിത് സമൂഹം കൂടി അവരെ കണ്ടെത്തിയില്ലെങ്കിൽ ഇന്റർസെക്ഷണൽ വിഷയങ്ങൾ ഇവിടെ വേരോടാൻ സമയമേറെ എടുക്കും എന്നു കരുതേണ്ടിവരും. രാഷ്ടീയ ബോധമുള്ള വ്യക്തികൾ സമൂഹത്തിലെ എല്ലാ തിന്മകൾക്കെതിരെയും ദുരാചാരങ്ങൾക്കെതിരെയും സമരം ചെയ്യേണ്ടതുണ്ട്.

അനുപമയ്ക്കെതിരെ ഉയർന്ന ഒരു പ്രധാന ആരോപണം, ഇത്രയും കാലം അവൾ എവിടെയായിരുന്നു എന്നാണ്. സമൂഹത്തിന്റ എല്ലാ സംരക്ഷണവും അനുഭവിച്ചു കഴിയേണ്ട സമയമാണ് ഗർഭധാരണം തൊട്ട് പ്രസവത്തിന്റെ ആദ്യത്തെ ഒരു വർഷം. അത്തരം സംരക്ഷണങ്ങളെ വേണ്ടെന്നു വച്ച് പ്രസവത്തിന്റെ ആദ്യ നാളുകളിൽ ബദൽ വിദ്യാഭ്യാസ സമ്പ്രദായവും ബദൽ ജീവിത രീതിയും അന്വേഷിച്ചു നടന്ന ഒരാളാണ് ഞാൻ. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാം, പ്രസവിച്ചു കഴിയുന്നതോടെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ശക്തി പകുതിയായി കുറയുന്നു. ഒരു ആണിനെ മാതൃകയാക്കിയുള്ള "വ്യക്തി' എന്ന സങ്കല്പം ഒരു സ്ത്രീയിൽ അടിച്ചേൽപ്പിക്കുമ്പോൾ സാധാരണ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. പ്രസവിച്ച ഉടനെ ഒരു സ്ത്രീ സ്വന്തം ഉടലും മനസ്സും കൂടെയില്ലാതെ മുമ്പുണ്ടായിരുന്ന ഊർജ്ജം ഇല്ലാതെ, അതുവരെ ഉള്ള ആളേ അല്ലാതായി മാറുന്നു. സ്നേഹപൂർവം ചുറ്റും അഭിനന്ദനങ്ങളുമായി ആളുകൾ ഉള്ളപ്പോൾ ഉള്ള സ്ഥിതിയല്ല, കുടുംബക്കാർ തന്നെ എതിരായ നിലപാടെടുക്കുമ്പോൾ. പ്രസവത്തിനോടനുബന്ധിച്ച് അവളുടെ ശാരീരികമായ മാറ്റത്തിലൂടെ തളർന്നു പോവുന്നു. തളർത്തപ്പെടുമ്പോഴാണ് പലരും വളരുന്നത്.

അജിത്തിന്റെ ദലിതത്വം

ഇന്റർകാസ്റ്റ് വിവാഹങ്ങളിൽ ജാതി വളരെ പ്രധാന വിഷയമായി, രക്ഷിതാക്കളുടെ എതിർപ്പിനും സാമൂഹിക അവഗണനകൾക്കും ഒറ്റപ്പെടുത്തലുകൾക്കും സാധാരണയായി കടന്നുവരാറുണ്ട്. ഇവിടെ അനുപമക്ക് അജിത്തിൽ നിന്ന്​ വേർപിരിഞ്ഞു നിൽക്കേണ്ടി വന്നതിൽ ഒരു പ്രധാന കാരണം അജിത്തിന്റെ ജാതിയുമായി ബന്ധ​പ്പെട്ട വീട്ടുകാരുടെ എതിർപ്പാണെന്നു പറയപ്പെടുന്നു. അതേപോലെ, അജിത്ത് അവരുടെ പ്രണയത്തിന്റെ ആദ്യകാലത്ത് വിവാഹിതനായിരുന്നു എന്നുപറയുകയും തുടർന്ന് അദ്ദേഹം പല വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും ഒന്നിലധികം കുട്ടികൾ ഉണ്ടെന്നും ഉള്ള ആരോപണങ്ങളുയരുകയും സൈബർ ആക്രമണങ്ങളുണ്ടാകുകയും ​ചെയ്​തു.

സഭാബോധത്തിൽ നിന്നും സദാചാര ബോധത്തിന്റെ കാപട്യത്തിൽ നിന്നും ദലിത് സമൂഹം ഉണർവുനേടി അജിത്തിനെ സംരക്ഷിക്കുന്നുണ്ടോ? സ്വന്തമായ തെരഞ്ഞെടുപ്പും അവകാശ ബോധവും ഉള്ള സ്​ത്രീക്ക്​ വിവാഹത്തിനു മുമ്പ് ദത്തെടുക്കാൻ അവകാശമുണ്ടെങ്കിൽ വിവാഹത്തിനുമുമ്പ് ഒരു സ്ത്രീക്ക് അമ്മ ആവാനും കഴിയും എന്നു പ്രഖ്യാപിച്ച, അതു വഴി ലൈംഗികതയും ഒരു വ്യക്തിയുടെ അവകാശങ്ങളിൽപ്പെട്ടതാണെന്നു ബോധ്യപ്പെടുത്തിയ, പ്രണയമുള്ള അനുപമ എന്ന സ്ത്രീയുടെ കാമുകനെ ഉൾക്കൊള്ളാൻ ഇന്നും ദലിത് സമൂഹത്തിന് കഴിയുന്നില്ലേ? എങ്കിൽ, അവർ ഫെമിനിസത്തോട് മുഖം തിരിച്ചാണ് നിൽക്കുന്നതെന്നു പറയേണ്ടിവരും. ദലിതനായതു കൊണ്ട് പ്രേമിക്കുന്ന പെണ്ണിനേയും കുഞ്ഞിനേയും നഷ്ടമായ ഒരുപാട് ദലിതരോടും കൂടിയുള്ളതാവും അവർ അജിത്തിനോട് കാണിക്കുന്ന അവഗണന.

ജാതിയിൽ പ്രിവിലേജില്ലാത്തവരുടെ സമ്പത്ത്, ഇന്റർകാസ്റ്റ് വിവാഹങ്ങളുടെ സാമൂഹ്യ അംഗീകാരത്തിൽ ഒരു ഘടകമായി വർത്തിക്കുന്നുണ്ട്. സമ്പത്തുമായി കൂട്ടിക്കുഴക്കാതെ ജാതിയെ വേറെ തന്നെ അഭിസംബോധന ചെയ്യണം. സമ്പത്തുള്ളവർ ഇന്റർകാസ്റ്റ് വിവാഹം വഴിയും അല്ലാതെയും ജാതി വിഷയങ്ങളുടെ ഭീകരതയിൽ നിന്നു രക്ഷനേടുന്നുണ്ട്. അത് ഒരു strategy യും ഒരു Phase ഉം ആണ്. സമ്പത്തും ജാതിയും ചേർന്നു വരുന്ന ഇന്റർസെക് ഷനൽ അവസ്ഥകളാണ് അത്. ഫെമിനിസ്റ്റുകളുടെ ഇടയിലും സമ്പത്തു കൊണ്ടും ഉയർന്ന ജാതി കൊണ്ടും ചില സന്ദർഭങ്ങളിൽ ജെന്റർ അസമത്വങ്ങളെ മറികടക്കാറുണ്ട്.

ഇന്റർസെക്ഷണൽ ഫെമിനിസം

ഫെമിനിസത്തിനുള്ളിൽ ഒരു പാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് ഇന്റർസെക്ഷണൽ ഫെമിനിസം. ദലിത്- ബഹുജൻ- ആദിവാസി ഫെമിനിസ്റ്റുകളുടെ നിരന്തരമായ ഇടപെടൽ വഴി മുഖ്യധാരാ ഫെമിനിസ്റ്റ് ചിന്തകരിൽ ആത്മപരിശോധനയുണ്ടാക്കുംവിധം ഇൻറർ സെക്ഷണൽ ഫെമിനിസ്റ്റ് വാദങ്ങൾ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ സാർവത്രിക മാനം തകർക്കപ്പെട്ടിട്ടുണ്ട്. സ്ത്രീവാദത്തിലെ നേതൃത്വം ബ്രാഹ്മണർക്കും മറ്റ് മേൽജാതി സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന അവസ്ഥയിൽ നിന്ന് വ്യത്യസ്താനുഭവത്തിലൂടെ തങ്ങളുടെ ഫെമിനിസ്റ്റ് പാത ഓരോ വിഭാഗത്തിലുള്ള സ്ത്രീകളും സ്വയം നിർണയത്തിലൂടെ കണ്ടെത്തുന്ന അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതിനുള്ള സാധ്യത ഇന്റർസെക്ഷനൽ ഫെമിനിസം തുറന്നിടുന്നുണ്ട്.

എല്ലാ സ്ത്രീകളുടെയും അനുഭവങ്ങൾ ഒരുപോലെയാണെന്ന ധാരണ ദലിത്- ബഹുജൻ- ആദിവാസി സ്ത്രീകൾ നിരാകരിക്കുന്നു. പകരം, ലിംഗഭേദം, വംശം, വർഗം എന്നിങ്ങനെയുള്ള ഒന്നിലധികം ഐഡന്റിറ്റികളിൽ നിന്ന് ഉടലെടുക്കുന്ന വ്യവസ്ഥാപിതമായ ശക്തി വ്യത്യാസങ്ങളെക്കുറിച്ചും അതിന്റെ ഭാഗമായി ഊന്നൽ കൊടുക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളിലെ വ്യത്യസ്തതയെക്കുറിച്ചും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ തങ്ങളുടെ പങ്കിനെ പറ്റിയും അവർ ഊന്നിപ്പറയുന്നു. വിടവുകൾ പരിഹരിച്ച്, ഇന്റർസെക്ഷണാലിറ്റിയിൽ സ്​കോളർഷിപ്പിലൂടെ ഒരുമിച്ച് വരാനുള്ള സാധ്യത വളർത്തിയെടുക്കുക എന്നത് ജാത്യധികാരമുള്ളവരും ഇല്ലാത്തവരുമായ സ്ത്രീകളുടെ പക്ഷത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.

ഫെമിനിസം പെണ്ണ് ആണിനോട് യുദ്ധം ചെയ്യുന്നത് മാത്രമല്ല, പെണ്ണ് പാ​ട്രിയാർക്കൽ മനോഭാവമുള്ള ആണിനോടും പെണ്ണിനോടും സ്ഥാപനങ്ങളോടും യുദ്ധം ചെയ്യുന്നതാണ്.

ജാത്യധികാരമുള്ള സ്ത്രീവാദികൾ ജാതിക്കെതിരെയും പോരാടേണ്ടതുണ്ട്. ഒരു ദലിത് പുരുഷൻ യുദ്ധം ചെയ്യേണ്ടത് ജാതീയതയ്ക്കെതിരെ മാത്രമല്ല, പുരുഷാധിപത്യത്തിനെതിരെയും കൂടിയാണ്. ദലിത് ബഹുജൻ സ്ത്രീകൾ അവരനുഭവിക്കുന്ന സാമൂഹ്യതിന്മകളിൽ സ്ത്രീയെന്ന രീതിയിലും ദലിത് ബഹുജൻ ജാതിയിൽ വരുന്നവർ എന്ന രീതിയിലും അവരെ നിർണയിക്കുന്ന പല മുൻവിധികളെയും വിവേചനങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്. അതിനോടെല്ലാം പോരാടേണ്ടതുണ്ട്. അവിടെയാണ് ഇന്റർസെക്ഷണൽ രാഷ്ട്രീയത്തിന്റെ സാമൂഹിക പ്രസക്തി.

ഇന്റർസെക്ഷണൽ വിഷയങ്ങൾ ഫെമിനിസ്​റ്റുകളുടെ മാത്രം ബാധ്യതയല്ല, പൊളിറ്റിക്കലായ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അര പതിറ്റാണ്ടായി "ഇന്റർസെക്ഷണാലിറ്റി" ഒരർത്ഥത്തിൽ വ്യപകമായി പ്രചരിച്ചിട്ടുണ്ട് എന്നും അതിന്റെ ഫലമായി വലതുപക്ഷത്തുനിന്നുള്ള തിരിച്ചടി ഈ ആശയത്തിന് ഏൽക്കുന്നുണ്ട് എന്നും ജയ്ൻ കോസ്റ്റൺ പറയുന്നുണ്ട്. ഫെമിനിസത്തിൽ തന്നെ ജാതീയ വേർതിരിവുകളെ തിരിച്ചറിയാനും യഥാവിധം പ്രശ്നങ്ങളെ സമീപിക്കാനും കഴിയുന്നു എന്നതാണ് ഇന്റർസെക്ഷണൽ ഫെമിനിസത്തിൽ സംഭവിച്ച മറ്റൊരു വഴിത്തിരിവ്. അതുവരെ സാർവത്രികമായി കരുതിയിരുന്ന ഒറ്റ ഫെമിനിസത്തെ പ്രകടമായി വെല്ലുവിളിക്കുന്ന ഇന്റർസെക്ഷണാലിറ്റി, നേരിലേക്ക് ഒരു പുതിയ വിശകലന സാധുത നൽകുന്നു, വിഭാഗീയതയല്ല, ഒരുമിച്ചു ചേരലാണത്​.

ഈ സമരത്തിന്റെ മറ്റൊരു സവിശേഷത ഇത് സ്ത്രീകൾക്കിടയിൽ തന്നെ വ്യത്യസ്തതകളെ അഭിസംബോധന ചെയ്യുന്നു എന്നതാണ്. ഫെമിനിസം പെണ്ണ് ആണിനോട് യുദ്ധം ചെയ്യുന്നത് മാത്രമല്ല, പെണ്ണ് പാ​ട്രിയാർക്കൽ മനോഭാവമുള്ള ആണിനോടും പെണ്ണിനോടും സ്ഥാപനങ്ങളോടും യുദ്ധം ചെയ്യുന്നതാണ്.

ഇതുവരെയും കുടുംബസ്​ത്രീകൾ ചമയുന്ന സ്ത്രീകൾക്കാണ് സംരക്ഷണം ലഭിച്ചു കൊണ്ടിരുന്നത് എങ്കിൽ ഇപ്പോൾ കൂടുതലായി പ്രണയത്തിൽ, തന്റെ ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നോട്ടുവരുന്ന സ്ത്രീകൾക്കാണ്​ പ്രാധാന്യം വരുന്നത്. പ്രണയത്തിന് ഒരു രാഷ്ട്രീയമുണ്ട്. പ്രണയത്തിനും ലൈംഗികതയ്ക്കും പ്രാധാന്യം വരുന്ന വിഷയങ്ങളിൽ സ്ത്രീകൾ സദാചാരം അനുഷ്ഠിക്കുന്ന വഴിയേ പോയില്ലെങ്കിൽ അവരെ ആരും പിന്തുണക്കില്ല എന്ന അവസ്ഥ മാറി വരുന്നു. അനുപമയുടെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ ഒട്ടേറെ സ്ത്രീകൾ മുന്നോട്ടു വന്നിരുന്നു. എന്നാൽ അനുപമയ്ക്ക് അനുകൂലമായാണ് സമരത്തിന്റെ ഫലം വന്നത്. അനുപമയ്ക്ക് കുട്ടിയെ തിരിച്ചു കിട്ടുന്നതോടെ നിൽക്കുന്നതല്ല സമരം. കാരണം പ്രസവശേഷം കുഞ്ഞിനെ തിരിച്ചു കിട്ടുന്നതുവരെ അനുപമയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്? അതിനു കാരണക്കാരായ ആളുകൾ വച്ചുപുലർത്തിയ സാമൂഹ്യ ബോധം, അനുപമയും കുഞ്ഞും കടന്നുപോയ അനാവശ്യ മാനസിക സംഘർഷങ്ങൾ, അജിത്ത് നേരിട്ട വിവേചനങ്ങൾ... ഇതിനെല്ലാം പുറമേ ഇവർക്കെതിരെയുള്ള അനാവശ്യ പ്രചാരണം തുടങ്ങിയവയെല്ലാം നമ്മുടെ സമൂഹത്തിന്റെ പല രോഗങ്ങളും അജ്ഞതകളും തുറന്നുകാട്ടുന്നു.

ദലിത് പുരുഷൻ

ആണധികാരം ഉപേക്ഷിക്കാൻ തയ്യാറാവാതെ, സ്നേഹിച്ച സ്ത്രീയെ ഉപേക്ഷിക്കുന്ന പല പുരുഷന്മാരുടെയും കരണത്തടിക്കുന്ന നിലപാടാണ് അജിത്ത്​ സ്വീകരിച്ചത്. സമൂഹത്തിൽ നിന്ന് പുറംതള്ളപ്പെടുമെന്ന് കരുതി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന്​ ഓടി ഒളിക്കുന്ന അച്ഛൻമാർക്കും ഇത് മറിച്ച് ചിന്തിക്കാൻ ഒരു അവസരവും കരുത്തും നേടിക്കൊടുക്കും. ജാതിയുടേയും ആണഹന്തയുടേയും ചെലവിൽ ജീവിതം പടുത്തുയർത്തിയ ഒരാൾക്ക് ഇങ്ങനെ മുന്നോട്ടു വരാൻ കഴിയില്ലായിരുന്നു.

സാമൂഹിക ഘടനകൾ തരുന്ന തണലിൽ നിന്ന് നിർബന്ധിതമായോ ബോധപൂർവ്വമായോ രക്ഷപ്പെടുന്ന ഒരാൾക്കു മാത്രമേ പ്രണയത്തിനു വേണ്ടി അധികാരത്തെ വെല്ലുവിളിച്ച്​ നിലനിൽക്കാൻ പറ്റൂ. അധികാരം പല വിധ ഐഡന്റിറ്റിയിലും ഊന്നി നിൽക്കുമ്പോൾ പ്രണയം അധികാരങ്ങൾക്കു മുകളിൽ ഒരു ഊർജ്ജത്തിന്റെ പ്രസരിപ്പായി സ്നേഹമെന്ന വലിയൊരു രാഷ്ടീയത്തെ മുന്നോട്ടു വയ്ക്കുന്നു. പരമ്പരാഗതമായ അധികാര ചളിക്കുഴിയിൽ വീണവരേക്കാൾ എളുപ്പം പ്രണയത്തിനു വേണ്ടി ചോര കൊടുക്കാൻ കഴിയുന്നത് സ്ത്രീകൾക്കും ദലിതർക്കും ആണ്. അതിന്​ അവരുടെ സാമൂഹികാധികാരത്തോടുള്ള വിധേയത്വമില്ലായ്മയാണ് കാരണം. ഈ സമരത്തിലെ ഒരു പ്രധാന വിഷയം, സാമൂഹികഘടനയെ തള്ളിപ്പറഞ്ഞ്​അത് പ്രണയത്തെ മുന്നോട്ടുവച്ചു എന്നതാണ്. ഇത്തരത്തിൽ കൂടുതൽ തെളിച്ചമുള്ള ബോധം അപകടങ്ങൾ കുറഞ്ഞ ഒരു ജീവിതാവസ്ഥയിലേക്ക് നമ്മുടെ അടുത്ത തലമുറയെ നയിക്കും.

ഇന്റർസെക്ഷണൽ രാഷ്ട്രീയ വീക്ഷണത്തിൽ ഈ സമരത്തിന്റെ പ്രസക്തി എല്ലാ മേഖലകളിലും ചർച്ച ചെയ്യപ്പെടേണ്ടതാണ്. സ്ത്രീകളെയും ദലിതരെയും തളർത്താനുപയോഗിക്കപ്പെടുന്ന ഒരു പ്രധാന രീതിയാണ് അവർക്കെതിരെ അപവാദങ്ങൾ പറഞ്ഞാക്ഷേപിക്കുക എന്നത്. അനുപമയുടെയും അജിത്തിന്റെയും കാര്യത്തിൽ സദാചാര കടവാവൽ മാലാഖമാർക്ക് വിഷയമാക്കാൻ കിട്ടിയത് ഇവർ രണ്ടു പേരും വിവാഹത്തിന്റെ മേൽക്കൂരയില്ലാതെ പ്രണയത്തിന്റെ അടിസ്ഥാനത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നതാണ്. കുഞ്ഞിനു വേണ്ടിയുള്ള തെരച്ചിലിൽ അവരുടെ വ്യക്തി ജീവിതത്തിലെ സദാചാര വിഷയമാണ് ആളുകൾ കൂടുതൽ സംസാരിച്ചത്. അജിത്ത് ദലിത് വിഭാഗത്തിൽ പെട്ട ആളായതിനാൽ പൊതുജന രോഷം വളരെയധികം വേട്ടയാടിയത് അജിത്തിനെയാണ്. കുട്ടി / അമ്മ ചർച്ചകളിൽ പെറ്റമ്മയുടെ അവകാശ വാദം ചിലർക്കെല്ലാം ന്യായമായി തോന്നിയെങ്കിലും അജിത്തിനെ ശരിവയ്ക്കാൻ അവർക്ക് തോന്നിയില്ല. ഇതാണ് ജാതിയുടെ പരോക്ഷ ആക്രമണം.

ജാതിയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന ആളായിരുന്നെങ്കിൽ ഇത്തരമൊരു വിഷയത്തിൽ മുന്നോട്ടുവരുമായിരുന്നോ എന്നു തന്നെ സംശയമാണ്. ആണധികാരവും ജാതി ആനുകൂല്യങ്ങളും അതിനോടൊപ്പം സഭാ ബോധം നിലനിർത്തലും കൂടി ചെയ്തേനെ. ജാതിയുടെ ആനുകൂല്യങ്ങളില്ലാത്ത ദലിത് സമൂഹത്തിൽ പെട്ട ആണുങ്ങളാണ് സദാചാര സംരക്ഷണത്തിന് മുതിരാതെ, അവിഹിത ആ ക്രമണത്തെ ഭയക്കാതെ ധൈര്യമായി മുന്നോട്ട് വരുന്നത് എന്നുകാണാം. സ്ത്രീകളും ദലിതരും ട്രാൻസ് ജെന്റേഴ്സും ഒന്നിച്ചു വരുന്നത് ശാരീരികമായ സമത്വത്തിലല്ല, സാമൂഹികമായ അസമത്വത്തിലാണ്. അതുകൊണ്ടു തന്നെ അവർ തങ്ങളുടെ അസമത്വങ്ങളിലെ സാമ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതാണ്.

ജാതി- മതം- വർഗം- വംശം തുടങ്ങി ഒരു പാട് വിഭജനങ്ങൾ ഫെമിനിസത്തിൽ വന്നുവെങ്കിലും പുരുഷാധിപത്യ- ജാതീയ- വംശീയ മൂല്യങ്ങൾക്കുതകുന്ന സദാചാരത്തിൽ വിശ്വസിക്കുന്ന സ്ത്രീ/അങ്ങനെയല്ലാത്ത സ്ത്രീ, എന്നിങ്ങനെയുള്ള ഒരു സവിശേഷത, പല ജാതി വർഗ മത വിശ്വാസങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിച്ചുചേർത്ത ഒരു ചരിത്രമുഹൂർത്തമാണ് അനുപമയുടെ സമരം.

മനുഷ്യൻ എന്നാൽ ‘ജാതി അധികാരമുള്ള ആണ്' ആണെന്ന മാതൃക വച്ച് സാമൂഹിക പ്രശ്നങ്ങളെ സമീപിക്കുമ്പോൾ , സ്ത്രീയെന്ന രീതിയിലും ദലിത് എന്ന രീതിയിലും ചില ജീവിതങ്ങൾ വിലയില്ലാതായിപ്പോവുന്നു. അവരുടെ പ്രധാനപ്പെട്ട ജീവിതം സമൂഹത്തിന്റെ അറിവില്ലായ്മ കാരണം ചീത്ത ജീവിതമോ, വില കെട്ട ജീവിതമോ ഒക്കെയായി പുറംതള്ളപ്പെടുന്നു. ഇന്റർസെക്ഷണൽ രാഷ്ട്രീയ വീക്ഷണത്തിൽ സ്വാതന്ത്ര്യത്തിലും പ്രണയത്തിലും, തന്റെ ലൈംഗിക സ്വത്വം തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിൽ തീരുമാനങ്ങളെടുക്കുന്ന സ്ത്രീ ജീവിതവും ദലിത് ജീവിതവും വളരെ പ്രധാനമാണ്. അനുപമയ്ക്കും അജിത്തിനും എതിരെയുള്ള മുറവിളി , കാലമേറെ മുന്നോട്ടു പോയതൊന്നും അറിയാതെ പുരോഗമനത്തിൽ നിന്നും പുറകോട്ട് ടിക്കറ്റെടുത്ത് നിൽക്കുന്ന ഒരു സാമൂഹ്യ അക്രമ ബോധത്തിൽ നിന്നുയരുന്നതാണ്. അത് സംഭവിക്കുന്നത് മറ്റെവിടെയുമല്ല, സദാചാരത്തിന്റെ പേരിൽ പെണ്ണും ആണും ഒരു പോലെ കാപട്യം കാണിക്കാൻ മത്സരിക്കുന്ന കേരളത്തിലാണ്​. അതുകൊണ്ടാണ് സത്യസന്ധതയുള്ള ഏതൊരു രാഷ്ടീയ പോരാളിക്കും ഈ വിഷയം പ്രധാനമാവുന്നത്.

Reference
Banerjee, Supurna and Nandini Ghosh
Introduction. Debating Intersectionalities: Challenges for a Methodological Framework
https://doi.org/10.4000/samaj.4745 28/11/2021

Comments