വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ മഹല്ലിൽ ഇക്കഴിഞ്ഞ പെരുന്നാൾ തലേന്ന് നടന്ന സംഭവവികാസങ്ങൾ വിശ്വാസത്തെയും മനുഷ്യത്വത്തെയും ഒരേപോലെ ലജ്ജിപ്പിക്കുന്നതാണ്.
മുസ്ലിംകൾ ഏറെ പവിത്രമെന്നു കരുതുന്ന റമളാൻ അവസാന ദിവസം വൈകുന്നേരമാണ് പുളിഞ്ഞാൽ ഹിദായത്തുൽ ഇസ്‌ലാം പള്ളിയുടെ അയൽവാസിയായ കൊച്ച ഹലീമ ഹജ്ജുമ്മ എന്ന വയോധികയായ സ്ത്രീ മരണപ്പെടുന്നത്. സാധാരണ മുസ്ലിം കുടുംബങ്ങളിൽ ചെയ്യാറുള്ളതു പോലെ, നിർബന്ധിത അന്ത്യപ്രാർഥനയായ മയ്യിത്ത് നിസ്കാരത്തിന്റെ സമയം നിശ്ചയിക്കുകയും വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയും ചെയ്തു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിനാളുകൾ ഒരുമിച്ചു കൂടി. വീട്ടിൽനിന്ന് പള്ളിയിലേക്ക് മയ്യിത്ത് എടുക്കാനിരിക്കെയാണ് പള്ളി പൂട്ടി, ലൈറ്റുകൾ ഓഫാക്കി മഹല്ല് ഭാരവാഹികളും ഇമാം ഉൾപ്പടെയുള്ളവരും സ്ഥലംവിട്ടത്. അതോടെ മയ്യിത്ത് നിസ്കരിക്കാൻ പള്ളിയിലേക്കെത്തിയ ആളുകൾ പെരുവഴിയിലായി. വെള്ളം വറ്റിക്കുകയും പള്ളിയിലെ പൈപ്പുകൾ പൂട്ടുകയും ചെയ്തതിനാൽ നിസ്കാരത്തിനെത്തിയ ആളുകൾ നിസ്കാരത്തിനു മുന്നോടിയായുള്ള വുളുവെടുക്കാൻ (അംഗശുദ്ധി) പോലും പ്രയാസപ്പെട്ടതായാണ് വയനാട്ടിൽ നിന്നുള്ള വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. ഒടുവിൽ രാത്രി വൈകി സ്വന്തം വീട്ടു മുറ്റത്തുവെച്ച് മയ്യിത്ത് നിസ്കാരം ഉൾപ്പടെയുള്ള അന്ത്യകർമങ്ങൾ ചെയ്താണ് ഹലീമ ഹജ്ജുമ്മയെ ബന്ധുക്കൾ മറമാടിയത്.
കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ നേരിടുന്ന ലിംഗപരമായ അവഗണനയുടെയും മാറ്റിനിർത്തലിന്റെയും വലിയൊരു ചരിത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഹലീമ ഹജ്ജുമ്മ ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള മുസ്‌ലിം ആരാധനാലയങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ 'അദൃശ്യമായ അധ്വാനം' നിർവഹിച്ചവരാണ് മുസ്‌ലിം സ്ത്രീകൾ. സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഏറ്റവും കൂടുതൽ പള്ളികൾ നിർമിച്ച കാലമാണ് 1960-80. അക്കാലത്ത് പള്ളി നിർമ്മാണത്തിന് മതപ്രഭാഷണ പരമ്പരകൾ നടത്തുന്ന പതിവുണ്ടായിരുന്നു. ഈ മതപ്രഭാഷണങ്ങളിൽ നിന്നാണ് പള്ളികൾ പണിയാനാവശ്യമായ പണം കണ്ടെത്തിയിരുന്നത്. അന്നത്തെ പ്രധാനപ്പെട്ട ഒരു മതപ്രഭാഷകനായിരുന്ന കുന്നപ്പള്ളി ഹംസ മുസ്‌ലിയാർ ഈയിടെ ഒരഭിമുഖത്തിൽ പള്ളി നിർമ്മാണങ്ങളിൽ മുസ്‌ലിം സ്ത്രീകൾക്കുള്ള പങ്കിനെകുറിച്ച് വിശദമായി പറയുന്നുണ്ട്.

സ്ത്രീകളുടെ ആഭരണങ്ങളായിരുന്നു പല പള്ളികളുടെയും നിർമ്മാണത്തിനുള്ള അടിസ്ഥാന മൂലധനം. ഈ മതപ്രഭാഷണ സദസ്സുകളിൽ സ്ത്രീകളിൽ നിന്നുള്ള ആഭരണങ്ങൾ ശേഖരിക്കുന്നതിന് വെള്ളിക്കും സ്വർണ്ണത്തിനും വെവ്വേറെ ഭരണികൾ ഉണ്ടായിരുന്ന കഥ കുന്നപ്പള്ളി ഹംസ മുസ്ലിയാർ അനുസ്മരിക്കുന്നുണ്ട്. ഇങ്ങനെ സ്ത്രീകളുടെ സാമ്പത്തികവും കായികവുമായ വലിയ തോതിലുള്ള അധ്വാനം ഉപയോഗപ്പെടുത്തിയാണ് ഇവിടുത്തെ പള്ളികൾ പണിതത്. പള്ളിനിർമ്മാണത്തിന് പണം നൽകുന്നതിലോ വഖഫ് ചെയ്യുന്നതിലോ സ്ത്രീകൾക്ക് തടസ്സമില്ലെന്നു മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥാപിതമായ വലിയ സംവിധാനങ്ങളുണ്ട്.
കേരളത്തിലെ മുസ്ലിം മഹല്ല് സംവിധാനങ്ങളും പള്ളികളും മദ്രസകളും കെട്ടിപ്പടുക്കുന്നതിൽ പുരുഷന്മാരേക്കാൾ പങ്കുവഹിച്ചവരാണ് സ്ത്രീകൾ. പ്രാദേശികമായ ഒരു കണക്കെടുപ്പ് നടത്തിയാൽ തന്നെ ഇക്കാര്യം വ്യക്തമാകും. എന്നാൽ സ്ത്രീകളുടെ ഈ പങ്കാളിത്തത്തെ വലിയ തോതിൽ മറച്ചുവെക്കാനാണ് ആളുകൾ ശ്രമിക്കാറുള്ളത്. നിർമ്മാണം കഴിഞ്ഞാൽ സ്ത്രീ ഈ സംവിധാനങ്ങളിൽ നിന്നെല്ലാം പുറത്താണ്. അതിന്റെ നടത്തിപ്പിൽ വിദൂരമായ ഒരു അഭിപ്രായം പറയാനുള്ള അവസരം പോലുമില്ല.
പുളിഞ്ഞാലിൽ മരിച്ച ഹലീമ ഹജ്ജുമ്മയും കുടുംബവും പള്ളിക്കുവേണ്ടി ഭൂസ്വത്തുക്കൾ ഉൾപ്പടെ വലിയ സമ്പാദ്യം വഖഫിന് നൽകിയിട്ടുണ്ട്. അങ്ങനെ നിർമ്മിക്കപ്പെട്ട പള്ളിയിൽ നിന്നാണ് ആ സ്ത്രീയുടെ മയ്യത്തിനെ ഊരുവിലക്കി പുറത്താക്കുന്നത്. തങ്ങളുടെ ആഭരണങ്ങൾ അഴിച്ചുനൽകിയും പഞ്ഞക്കാലത്ത് പട്ടിണി കിടന്നും സ്ത്രീകൾ പണിതുയർത്തിയ ഈ ആരാധനാലയങ്ങളിൽ ഒരു മയ്യിത്തായി പോലും സ്ത്രീക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഭയാനകമായ ആത്മീയ അനീതിയാണ്.
സുന്നി മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് പള്ളികൾ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമല്ല. അവർ നിത്യേനയുള്ള പ്രാർഥനകൾക്ക് പള്ളിയിൽ പോകുന്നവരുമല്ല. അവർ ആദ്യമായും അവസാനമായും പള്ളിയിൽ പോകുന്നത് ഒരു മയ്യിത്തായിട്ടാണ്. ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ച് അവളുടെ ആത്മീയ ജീവിതത്തിന്റെ പൂർണ്ണത പള്ളിയിൽ വെച്ചു നടത്തപ്പെടുന്ന ഈ അന്ത്യ പ്രാർഥനയുമായി കൂടി ബന്ധപ്പെട്ടതാണ്. അവളുടെ മരണാനന്തരമുള്ള 'മയ്യിത്ത് നിസ്കാര'ത്തിലൂടെയാണ് ആ പൂർണ്ണത സംഭവിക്കുന്നത്.
ഈ നിസ്കാരം ഒരു സമുദായം എന്ന നിലയിൽ മുസ്‌ലിംകൾക്കു മേലുള്ള നിർബന്ധിത ബാധ്യതയാണ്. ഒരു സാമൂഹിക ഉത്തരവാദിത്വം (ഫർള് കിഫ) ആയിട്ടാണ് ഇസ്‌ലാം അതിനെ കാണുന്നത്. സാമൂഹികമായ ആ ഉത്തരവാദിത്വം വേണ്ടും വിധത്തിൽ നിർവഹിക്കാതെ ഒരു സ്ത്രീയുടെ മൃത ശരീരത്തെ, അവർകൂടി നിർമ്മിച്ച പള്ളിയിൽ ആട്ടിയകറ്റുമ്പോൾ പുളിഞ്ഞാലിലെ പ്രാദേശിക മഹല്ല് നേതൃത്വം എന്താണ് യഥാർഥത്തിൽ ചെയ്യുന്നത്? ആത്മീയമായ ഹിംസയും ഒരു നാഗരിക സമൂഹത്തിന്റെ ധാർമ്മികമായ തകർച്ചയുമാണിത്.

റമളാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ കൈവരിക്കേണ്ട കാരുണ്യത്തിന്റെ (റഹ്മത്ത്) തത്വങ്ങൾക്ക് വിരുദ്ധമാണ് ഈ വാശി. ആത്മീയമായ ഊർജ്ജം സംഭരിക്കുന്നതിനുവേണ്ടി ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള പെരുന്നാൾ ആഘോഷരാവിലാണ് വേദനാജനകമായ ഈ സംഭവവികാസങ്ങൾ ഉണ്ടായതെന്നത കാര്യം കൂടുതൽ ഗൗരവതരമാണ്. ജാതി മത ലിംഗ ഭേദമന്യേ, മദീനയിലൂടെ കൊണ്ടുപോകുന്ന ഏതൊരു മനുഷ്യന്റെ മൃതശരീരത്തെയും എഴുന്നേറ്റു നിന്ന് ആദരിക്കാറുണ്ടായിരുന്ന പ്രവാചകൻ മുഹമ്മദിന്റെ അനുയായികൾ എന്നവകാശപ്പെടുന്നവർക്ക് ഒരു പുണ്യദിനത്തിൽ എങ്ങനെ ഇവ്വിധം പെരുമാറാൻ കഴിഞ്ഞു എന്നതിനെ കുറിച്ച് സമുദായ നേതൃത്വം പുനർവിചിന്തനം നടത്തണം. ഈ സമുദായം നേരിടുന്ന ആഴത്തിലുള്ള മൂല്യശോഷണത്തിലേക്കാണത് വിരൽ ചൂണ്ടുന്നത്.
ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരാണ് ഈ അനീതി നടപ്പിലാക്കാൻ നേതൃത്വം നൽകിയതെന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ ഇതൊരു ധാർമിക പ്രശ്നം മാത്രമല്ല, നിയമപരവും ഭരണഘടനാപരവുമായ പ്രശ്നം കൂടിയായി മാറുന്നുണ്ട്. ഹലീമ ഹജ്ജുമ്മയെ തോൽപ്പിക്കാൻ ശ്രമിച്ച മഹല്ല് കമ്മിറ്റി വാസ്തവത്തിൽ പരാജയപ്പെടുത്തിയത് ഇസ്‌ലാം വിഭാവനം ചെയ്യുന്ന കാരുണ്യത്തെയും നീതിയെയും കുറിച്ചുള്ള സാമൂഹിക സങ്കൽപ്പത്തെയാണ്. ഹലീമയുടെയോ അവരുടെ കുടുംബത്തിന്റെയോ പരാജയമല്ല, മറിച്ച് ആ മഹല്ല് സംവിധാനത്തിന്റെ ധാർമികമായ പരാജയമാണത്.
മഹല്ലിലെ സംഘടനാപരമായ വിഭാഗീയതകൾ കാരണമാണ് ഹലീമ ഹജ്ജുമ്മയുടെ മയ്യിത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയത് എന്നാണ് മഹല്ല് കമ്മറ്റിയുടെ വിശദീകരണം.എന്നാൽ കേരളത്തിലെ ഒരു സുന്നി സംഘടനയിലും സ്ത്രീകൾക്ക് അംഗത്വമില്ല എന്നിരിക്കെ, പുരുഷന്മാരുടെ അധികാര വടംവലികൾക്ക് സ്ത്രീകൾ എന്തിന് ഇരയാകണം? ആണുങ്ങളുടെ സംഘടനാപരമായ ചേരിതിരിവുകളിൽ മുസ്‌ലിം സ്ത്രീകൾ എന്തു പിഴച്ചു? ആണുങ്ങളുടെ സംഘടനാ പക്ഷപാതങ്ങളുടെ വെറും നിഴലുകളായോ സംഘടനകളുടെ നിശ്ശബ്ദ അനുയായികളായോ മാത്രം മുസ്‌ലിം സ്ത്രീകളെ കാണുന്ന സമീപനമാണിവിടെയുള്ളത്. മഹല്ലുകളിലെ ആണുങ്ങൾ ഉണ്ടാക്കുന്ന തീരുമാനങ്ങളുടെയും കരാറുകളുടെയും നിശ്ശബ്ദ നടത്തിപ്പുകാരും ഏറ്റെടുപ്പുകാരുമല്ല സ്ത്രീകൾ. അതിനപ്പുറത്തുള്ള ആലോചനകളും നിലപാടുകളും അവർക്കുണ്ട്. സ്ത്രീകൾ കക്ഷികളല്ലാത്ത ഒരു കരാറും പാലിക്കാൻ അവർ ബാധ്യസ്ഥരല്ല. സംഘടനാപരമായി ആണുങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിലും വിഭാഗീയതകളിലും സ്ത്രീകൾക്ക് പങ്കാളിത്തം നൽകുന്ന ഒരു സംവിധാനവും ഈ മുസ്‌ലിം സംഘടനകളോ മഹല്ലോ നൽകുന്നില്ല എന്നിരിക്കെ, അതിന്റെ പരിണിതഫലങ്ങൾ സ്ത്രീകൾ കൂടി ഏറ്റെടുക്കണമെന്ന നിലപാട് അങ്ങേയറ്റം ബാലിശവും സാമൂഹ്യവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ പുളിഞ്ഞാൽ മഹല്ലുകാർ ചെയ്ത ഈ മാപ്പർഹിക്കാത്ത തെറ്റുതിരുത്തൽ അവരുടെ സാമൂഹിക ബാധ്യയാണ്.
പുളിഞ്ഞാലിലെ സംഭവം, മറിച്ച് മുസ്‌ലിം സമുദായത്തിനുള്ളിലെ അധികാര രൂപങ്ങൾ എങ്ങനെ സ്ത്രീകളുടെ ആത്മീയ അവകാശങ്ങളെ ഹനിക്കുന്നു എന്നതിന്റെ നേർചിത്രമാണ്. ഈ അനീതി ഹലീമ ഹജ്ജുമ്മയുടെ ആത്മീയ പദവിയെ ബാധിക്കില്ല, മറിച്ച് അത് നിഷേധിച്ചവരുടെ പാരത്രിക ജീവിതത്തെയാവും ചോദ്യം ചെയ്യുക. നീതിയുടെ സന്നിധാനത്തിൽ ഈ അതിക്രമത്തിന് അവർ ഉത്തരം നൽകേണ്ടിവരികതന്നെ ചെയ്യും.

പുളിഞ്ഞാലിലെ സംഭവം ഒറ്റപ്പെട്ട ഒന്നോ, വെറുമൊരു പ്രാദേശിക തർക്കമോ അല്ല. സമുദായത്തിനുള്ളിലെ അധികാര രൂപങ്ങളും വടംവലികളും എങ്ങിനെ സ്ത്രീകളുടെ ആത്മീയ അവകാശങ്ങളെ ഇല്ലാതാക്കുന്നു എന്നതിന്റെ നേർചിത്രമാണ്. സമാനമായ എത്രയോ സംഭവങ്ങൾ കഴിഞ്ഞ കുറേക്കാലമായി ഉണ്ടായിട്ടുണ്ട്. സംഘടനകൾക്കും രാഷ്ട്രീയത്തിനും അപ്പുറം മനുഷ്യത്വത്തിനും മയ്യിത്തിനോടുള്ള ആദരവിനും വില നൽകുന്ന ഒരു സംസ്‌കാരം വളർന്നുവരേണ്ടതുണ്ട്. വിശ്വാസികൾക്ക് മുന്നിൽ പള്ളികൾ താഴിട്ട് പൂട്ടുമ്പോൾ വാസ്തവത്തിൽ അടയുന്നത് അല്ലാഹുവിലേക്കുള്ള വാതിലുകളല്ല, മറിച്ച് മഹല്ല് നേതൃത്വങ്ങളുടെ ആത്മീയമായ അന്തസ്സാണ്.
"എന്റെ ഭവനത്തിൽ എന്റെ ദാസന്മാരെ തടയുന്നവനേക്കാൾ വലിയ അക്രമി ആരുണ്ട്" എന്ന ഖുർആനിക ചോദ്യം ഇന്ന് പുളിഞ്ഞാൽ മഹല്ല് കമ്മറ്റിക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. ഇക്കാലത്ത് നിങ്ങളെക്കാൾ വലിയ അതിക്രമികൾ ആരുണ്ട്? പള്ളി നിഷേധിച്ചതുൾപ്പെടെ നിങ്ങൾ നടത്തിയ അധികാരപ്രയോഗങ്ങളൊന്നും ഹലീമ ഹജ്ജുമ്മയെന്ന സ്ത്രീയുടെ ആത്മീയമായ പദവിയെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല. അതു കളങ്കപ്പെടുത്താൻ പോകുന്നത് നിങ്ങളുടെ ആത്മീയയവും ധാർമികവുമായ നൈതികതയെയാണ്. നിങ്ങളുടെ ഈ അതിക്രമത്തെ ചോദ്യം ചെയ്യാൻ പ്രവാചകരോടൊപ്പം ദൈവസന്നിധാനത്തിൽ ആ സ്ത്രീ കാത്തു നിൽക്കുന്നുണ്ടാവും. നീതിയുടെ ആ ദൈവീക സന്നിധാനത്തിൽ ഈ അതിക്രമത്തിന് നിങ്ങൾ ഉത്തരം നൽകേണ്ടിവരികതന്നെ ചെയ്യും.

