അഞ്​ജലി കൃഷ്​ണ

എന്റെ കാമ്പസിൽ ഞാൻ കാണുന്നു,
​വസ്​ത്രം കൊണ്ട്​ ശരീരത്തെ സ്വതന്ത്രമാക്കുന്ന കൂട്ടുകാരെ

പല സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികൾ പഠിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. അവിടെയുള്ള വസ്ത്രവൈവിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങളും അവിടെ എനിക്ക് കാണാൻ കഴിഞ്ഞു.

ലിംഗസമത്വത്തിന് പിന്തുണ നൽകി, പരമ്പരാഗത സ്ത്രീപുരുഷ വസ്ത്രരീതികളെ പൊളിച്ചെഴുതുകയാണ് ഇന്ന് ഫാഷൻ ലോകവും മാറുന്ന ചിന്തകളും.

മനുഷ്യശരീരം ഓരോ കാലത്തിന്റെയും സാംസ്‌കാരികനിർമിതിയാണ്. നവീനശിലായുഗത്തിൽ മറ്റുള്ള ജീവികൾക്കെല്ലാം പ്രകൃതി തന്നെ വസ്ത്രമൊരുക്കിയപ്പോൾ മനുഷ്യന് വസ്ത്രം പ്രകൃതിയിൽനിന്ന് രൂപപ്പെടുത്തേണ്ടിവന്നു. അതായത്, കാലത്തിനും ദേശത്തിനും യോജിച്ച വസ്ത്രം, നാണം മറയ്ക്കുക എന്നതിലുപരി ഒരു സാംസ്‌കാരിക അടയാളമായിത്തീർന്നു. പദവി, ജാതി, സമൂഹം എന്നിവയെയൊക്കെ അടയാളപ്പെടുത്തുന്ന ഒന്നായി വസ്ത്രം മാറി. ഇതിൽ ഏറ്റവും പ്രകടമായ ഒന്നാണ് ലിംഗം. കാലങ്ങളായി ഈ വ്യവസ്ഥിതിയിൽ പെട്ടുപോയിരിക്കുന്നതും സ്വാഭാവികമായി സ്ത്രീകൾ തന്നെയാണ്.

ഇന്ന്​, ഒരുപാട് പുനർനിർമിതികൾക്ക് നമ്മൾ സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയുടെ വസ്ത്രസങ്കല്പത്തിലും സൗന്ദര്യ സങ്കല്പത്തിലുമെല്ലാം പൊളിച്ചെഴുത്ത് നടക്കുന്നു.

ചരിത്രം പരിശോധിച്ചാൽ, സ്ത്രീകൾക്ക് നല്ല രീതിയിൽ വസ്ത്രം ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല എന്ന് വ്യകതമാണ്. ജാത്യാചാരപ്രകാരം നായർസ്ത്രീകൾ മാറു മറയ്ക്കാൻ പാടില്ല എന്ന് വില്ല്യം ലോഗൻ മലബാർ മാന്വലിൽ പരാമർശിക്കുന്നുണ്ട്. 1893-ൽ അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത് പൊതുവഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം നല്ല രീതിയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടിയായിരുന്നിട്ടുപോലും സ്ത്രീകളുടെ വസ്ത്രസങ്കല്പത്തിനും അത് തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിനും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ ഇന്ന്​, ഒരുപാട് പുനർനിർമിതികൾക്ക് നമ്മൾ സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീയുടെ വസ്ത്രസങ്കല്പത്തിലും സൗന്ദര്യ സങ്കല്പത്തിലുമെല്ലാം പൊളിച്ചെഴുത്ത് നടക്കുന്നു.

വിനയയുടെ  ‘സ്ത്രീയുടെ ശരീരം അലങ്കരിക്കപ്പെട്ട തടവറ' എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്
വിനയയുടെ ‘സ്ത്രീയുടെ ശരീരം അലങ്കരിക്കപ്പെട്ട തടവറ' എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന്

സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് വിനയയുടെ ‘സ്ത്രീയുടെ ശരീരം അലങ്കരിക്കപ്പെട്ട തടവറ' എന്ന വിഷയത്തിലുള്ള ചിത്രപ്രദർശനം കാണുന്നത്. സമൂഹം സ്ത്രീകൾക്കുമാത്രമായി കൽപ്പിച്ചുവെച്ച ചില വസ്ത്രങ്ങൾ അവർക്കുതന്നെ ഭാരമാവുന്നതിന്റെയും അത്​ അവരെ അസ്വസ്ഥരാക്കുന്നതിന്റെയും നേർക്കാഴ്ചകളായിരുന്നു അതെല്ലാം. അന്നുമുതൽ ആലോചിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയതാണ് സ്ത്രീകളുടെ വസ്ത്രധാരണരീതി. പാവ്‌ലോവിന്റെ തിയറി സൂചിപ്പിക്കുന്നതുപോലെ കണ്ടീഷനിംഗ് ചെയ്യപ്പെട്ടതിന്റെ ഭാഗമായാണിതെല്ലാം. സ്ത്രീയുടെ വസ്ത്രവും ഭാഷയും അവരുപയോഗിക്കുന്ന വസ്തുക്കളും, എന്തിന് ശബ്ദത്തിന്റെ ഉയർച്ചയും താഴ്ചയും പോലും കണ്ടീഷൻ ചെയ്യപ്പെട്ടതാണ്. ആ കണ്ടീഷനിംഗിനനുസരിച്ചാണ് അവരുടെ വസ്ത്രധാരണം.

പുരുഷൻ ധരിച്ചിരുന്ന പാന്റും ഷർട്ടും സ്ത്രീകൾക്കും ധരിക്കാമെന്നായപ്പോൾ അഹങ്കാരി, തന്റേടി എന്നൊക്കെ പറഞ്ഞ് സദാചാരവാദികൾ ഈ മാറ്റത്തെ എതിർത്തു.

വസ്ത്രധാരണത്തിൽ വന്ന പ്രധാന മാറ്റം എന്തെന്നാൽ, മുണ്ടും കുപ്പായവും പുളിയിലക്കര വേഷ്ടിയും കടന്ന് മലയാളിസമൂഹം സ്ത്രീകൾക്ക് സാരി, ചുരിദാർ, പാവാട എന്നിവയും പുരുഷന്മാർക്ക് പാന്റും ഷർട്ടും വരെ എത്തിയിരുന്നു എന്നതാണ്. അതിനുശേഷം വ്യവസായരംഗത്തുണ്ടായ വളർച്ചയെതുടർന്ന്​ വിപണി സ്ത്രീക്കും പുരുഷനുമായി ആകർഷകങ്ങളായ വസ്ത്രങ്ങൾ ഉല്പാദിപ്പിക്കാൻ തുടങ്ങി.
‘ഫാഷൻ തരംഗവും' ആ കാലഘട്ടത്തിലാണുണ്ടാവുന്നത്. പുരുഷൻ ധരിച്ചിരുന്ന പാന്റും ഷർട്ടും സ്ത്രീകൾക്കും ധരിക്കാമെന്നായി. എന്നാൽ, അഹങ്കാരി, തന്റേടി എന്നൊക്കെ പറഞ്ഞ് സദാചാരവാദികൾ ഈ മാറ്റത്തെ എതിർത്തു. ഈ എതിർപ്പ്, സ്ത്രീയെ ‘കുലീന'യായും ‘അച്ചടക്ക'മുള്ളവളായും ചിത്രീകരിച്ചുവെച്ച പൊതുബോധത്തെ പൊളിച്ചെഴുതിയതിനോടുള്ളതായിരുന്നു.

വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങൾ എനിക്ക്​ കാമ്പസിൽ കാണാൻ കഴിഞ്ഞു.
വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങൾ എനിക്ക്​ കാമ്പസിൽ കാണാൻ കഴിഞ്ഞു.

ഇന്ന് സമൂഹം ഏറെ മാറിക്കഴിഞ്ഞു. വസ്ത്രത്തിന്റെ സൗന്ദര്യപരികല്പന മാറി. സൗകര്യമുള്ള വസ്ത്രം ധരിക്കാമെന്നായി. വസ്ത്രത്തിൽ മാത്രമല്ല, മറ്റു പല വസ്തുക്കളിലും ഈ മാറ്റം വന്നു. പത്തോ ഇരുപതോ വർഷത്തിനുമുമ്പേ സ്ത്രീകൾ ഉപയോഗിച്ചിരുന്നതൊന്നുമല്ല ഇന്നവർ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, പണ്ട് വാച്ച് പലപ്പോഴും സ്ത്രീകൾ ഉപയോഗിക്കാത്ത ഒന്നായിരുന്നു. ഉപയോഗിച്ചാൽതന്നെ ചെറിയ ഡയലുള്ളതായിരുന്നു. വലിയ ഡയലുള്ളവ പുരുഷൻ സൗകര്യപൂർവം സമയം നോക്കാനുപയോഗിച്ചപ്പോൾ, ചെറിയ ഡയലുപയോഗിച്ച് വളരെ കഷ്ടപ്പെട്ടാണ് സ്ത്രീകൾ സമയം നോക്കിയിരുന്നത്. എന്നാലിന്ന് വാച്ചുപയോഗിക്കാത്ത സ്ത്രീകളും പൊതുബോധത്തിന്റെ പേരിൽ ചെറിയ ഡയലുപയോഗിക്കുന്നവരും വളരെ കുറവാണ്.

അതുപോലെ, സ്ത്രീകൾ വസ്ത്രങ്ങളിലും മറ്റും അഭിരമിക്കുന്നതിലും മാറ്റം വന്നു. ഒരുകാലത്ത് ഷാൾ, പാവാട, സാരി തുടങ്ങി, സ്ത്രീകൾക്കായി നിയോഗിക്കപ്പെട്ട വസ്ത്രങ്ങൾ ധരിച്ചെത്തിയ പലർക്കും തട്ടിത്തടഞ്ഞ് എസ്‌കലേറ്ററിലും ബൈക്കിലും വീണ്​ അപകടം സംഭവിച്ചിട്ടുപോലും ആരും ഒന്നും മാറ്റാൻ തയ്യാറായില്ല. ഇത്തരം സന്ദർഭങ്ങളിൽ ജീവനാണോ സൗകര്യമാണോ വലുത്​, അതോ കാലങ്ങളായി ശീലിച്ചുപോരുന്ന സങ്കല്പവും സ്ത്രീയുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട സ്വത്വവും ബോധവുമാണോ വലുത് എന്ന കാര്യം ഗൗരവമായി പരിഗണിക്കാൻ തുടങ്ങി.

ആരെയൊക്കെയോ ബോധ്യപ്പെടുത്താനായി നീട്ടിവളർത്തുന്ന മുടിയിൽ, വളരെയധികം പൊട്ടൻഷ്യലുള്ള, സ്വപ്നങ്ങളുള്ള, അവരുടെ പ്രൊഡക്​റ്റീവായ സമയവും ഊർജവുമാണ് പാഴായി പോകുന്നത്.
ആരെയൊക്കെയോ ബോധ്യപ്പെടുത്താനായി നീട്ടിവളർത്തുന്ന മുടിയിൽ, വളരെയധികം പൊട്ടൻഷ്യലുള്ള, സ്വപ്നങ്ങളുള്ള, അവരുടെ പ്രൊഡക്​റ്റീവായ സമയവും ഊർജവുമാണ് പാഴായി പോകുന്നത്.

ഇന്ന്, സ്ത്രീകൾ ‘ആഢ്യത്ത’ത്തിന്റെയോ തൊങ്ങലിന്റെയോ പുറകേ പോകാതെ ആയാസരഹിതമായ, ഏറ്റവും സൗകര്യമായ വസ്ത്രമാണ് തിരഞ്ഞെടുക്കുന്നത്. ശരീരത്തിന്റെ വലുപ്പത്തിനനുസരിച്ച്​ കൃത്യമായി അളവെടുത്ത് സ്​റ്റിച്ച്​ ചെയ്യുന്ന രീതിയായിരുന്നു പണ്ട്. എന്നാലിന്ന്, കാലാവസ്ഥയ്ക്കും സ്വസ്ഥതയ്ക്കും തൊലിയ്ക്കും ഉതകുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് സ്ത്രീകൾ തിരഞ്ഞെടുക്കുന്നത്. ഇത് ഷോപ്പിങ് സംസ്കാരത്തിലും വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പല സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികൾ പഠിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. അവിടെയുള്ള വസ്ത്രവൈവിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങളും അവിടെ എനിക്ക് കാണാൻ കഴിഞ്ഞു.

സംസ്കാരമുൾപ്പെടെയുള്ള പലതിന്റെയും പ്രതീകമായിരുന്നു പട്ട്, സിൽക്ക് വസ്ത്രങ്ങൾ. ഒരുകാലത്ത് സ്ത്രീകൾ ഇതിലെല്ലാം അഭിരമിച്ചവരായിരുന്നു. അതും ഒരു പൊതുബോധത്തിന്റെ ഭാഗമായിട്ടാണ്. എന്നാലിന്ന്, ഇതിൽനിന്നെല്ലാം മാറി അവർ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അവരുടെ ചിന്തകളെയും സമയത്തിനെയും എനർജിയെയും ഒരുകാലത്ത് തളച്ചിട്ടത് ഇവയിലൊക്കെയാണ്. വീട്ടുജോലിക്കൊപ്പം സമൂഹത്തെയോ മറ്റുള്ളവരെയോ തൃപ്തിപ്പെടുത്താനായി അണിഞ്ഞൊരുങ്ങുമ്പോൾ അവർ യഥാർഥത്തിൽ ഉപയോഗശൂന്യരായി മാറുകയാണ്.

ഡിസൈനർമാരുടെ രാഷ്ട്രീയം എടുത്തുപറയേണ്ടതുണ്ട്​. അവർ ഒന്നുകിൽ പുരുഷൻ, അല്ലെങ്കിൽ പുരുഷാധിപത്യബോധമുള്ള ഒരു സ്ത്രീ ആയിരിക്കണം. ‘സ്ത്രീ'യെ രൂപപ്പെടുത്തുന്നതിൽ ഇവർ വഹിച്ച പങ്ക് ചെറുതല്ല.

ഇതിനോടൊപ്പം പറയേണ്ട മറ്റൊന്നാണ്​ മുടിയുടെ കാര്യം. ആരെയൊക്കെയോ ബോധ്യപ്പെടുത്താനായി നീട്ടിവളർത്തുന്ന മുടിയിൽ, വളരെയധികം പൊട്ടൻഷ്യലുള്ള, സ്വപ്നങ്ങളുള്ള, അവരുടെ പ്രൊഡക്​റ്റീവായ സമയവും ഊർജവുമാണ് പാഴായി പോകുന്നത്.
​ചെരിപ്പും ഇതിന്റെ ഭാഗമായി വരുന്നതാണ്. ഒരുപാട് ഡിസൈനിങ് വർക്കുകൾ നടത്തി, ഗുണം കുറഞ്ഞ, സൗകര്യപ്രദമല്ലാത്ത തരം ചെരുപ്പുകളാണ് സ്ത്രീകൾക്കായി പറഞ്ഞുവെച്ചിട്ടുള്ളത്. അത്യാവശ്യം വന്നാൽ ഒന്നോടാൻ പോലും കഴിയാത്ത ഇത്തരം പൊങ്ങച്ചവസ്തുക്കളിൽനിന്ന്, ​ട്രക്കിങിന്​ പോകുന്ന സ്ത്രീകളുള്ള ഈ കാലത്ത്, ഏറ്റവും സൗകര്യപ്രദമായ ചെരുപ്പുകളിലേക്കും ഷൂവിലേക്കും മാറിയിരിക്കുകയാണവർ. അടിവസ്ത്രങ്ങളിൽ വന്ന മാറ്റവും പ്രധാനപ്പെട്ടതാണ്. ശരീരം പ്രൊജക്​റ്റു ചെയ്​തുകാണിച്ച്​ സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം ചിത്രീകരിക്കുന്നതിൽ അടിവസ്ത്രങ്ങളുടെ പരസ്യങ്ങൾക്ക് വലിയ പങ്കുണ്ട്. ഇതിലും ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഇന്നവർ തിരഞ്ഞെടുക്കുന്നത് ജെൻഡർ ന്യൂട്രലായ സാധനങ്ങളാണ്​.

ഇന്ന്, സ്ത്രീകൾ  ‘ആഢ്യത്ത’ത്തിന്റെയോ തൊങ്ങലിന്റെയോ പുറകേ പോകാതെ ആയാസരഹിതമായ, ഏറ്റവും സൗകര്യമായ വസ്ത്രമാണ് തിരഞ്ഞെടുക്കുന്നത്.
ഇന്ന്, സ്ത്രീകൾ ‘ആഢ്യത്ത’ത്തിന്റെയോ തൊങ്ങലിന്റെയോ പുറകേ പോകാതെ ആയാസരഹിതമായ, ഏറ്റവും സൗകര്യമായ വസ്ത്രമാണ് തിരഞ്ഞെടുക്കുന്നത്.

നമ്മൾ കണ്ടുവന്ന എല്ലാ വസ്തുക്കളുടെയും പിന്നിലുള്ള ഡിസൈനർമാരുടെ രാഷ്ട്രീയം എടുത്തുപറയേണ്ടതുണ്ട്​. അവർ ഒന്നുകിൽ പുരുഷൻ, അല്ലെങ്കിൽ പുരുഷാധിപത്യബോധമുള്ള ഒരു സ്ത്രീ ആയിരിക്കണം. ‘സ്ത്രീ'യെ രൂപപ്പെടുത്തുന്നതിൽ ഇവർ വഹിച്ച പങ്ക് ചെറുതല്ല. ഇന്ന് അവർ സ്വപ്നങ്ങൾക്കും സ്വാതന്ത്ര്യത്തിനും പിന്നാലെയാണ്. മെനുസ്​ട്രേഷന്റെയും ശരീരഘടനയുടെയും പേരിൽ അവഗണന സഹിച്ച് മാറ്റിനിർത്തപ്പെട്ടവർ ഇപ്പോൾ ഹിമാലയം പോലുള്ള ലോകത്തിന്റെ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഉയരങ്ങളിലേക്കുള്ള വഴിതെളിച്ചത് സ്വാതന്ത്ര്യബോധത്തോടൊപ്പം മാറുന്ന വസ്ത്രസങ്കല്പവും കൂടിയാണ് എന്ന് ഉറപ്പിച്ചുപറയാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അഞ്​ജലി കൃഷ്​ണ

ബംഗളൂരു ക്രൈസ്​റ്റ്​ യൂണിവേഴ്​സിറ്റിയിൽ ബിരുദ വിദ്യാർഥി. എന്റെ പ്രയാണം എന്ന വിവർത്തന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments