കടപ്പുറത്തുനിന്ന് അധികം ദൂരമില്ലായിരുന്നു സ്‌കൂളിലേക്ക്.
ഫിസിക്‌സ് ലാബിൽ ശ്വാസമടക്കി നിന്നാൽ തിരമാലയുടെ ശബ്ദം കേൾക്കാം. മുഹമ്മദലി എന്നെ നോക്കി ചിരിച്ചു.
ഉവൈസ് കണ്ണിറുക്കിയാൽ തിരമാലയോടി വരും.
ഞങ്ങളുടെ അഴിച്ചിട്ട യൂണിഫോം തിരമാല കൊണ്ടുപോയി, എന്നിട്ട് തിരിച്ചുതന്നു. സൂര്യനിൽ മയങ്ങിയ ബിയർ ബോട്ടിലുകൾ കണക്ക് അഞ്ചാറു പയ്യന്മാർ അന്നത്തെ ലാസ്റ്റ് പിരീഡ് ഉന്മാദത്തിരയിൽ നനഞ്ഞു.
സ്‌കൂൾവിട്ട് വീട്ടിലെത്തിയ എന്റെ കൂടെ ഒരു ലോഡ് മണ്ണും.
വീടിനും കടപ്പുറത്തിനുമിടക്കുള്ള പാടത്ത് ദീനുൽ ഇസ്ലാം എന്നു വിളിപ്പേരുള്ള ഒരു പച്ചത്തത്ത അധികം ഉയരമില്ലാത്ത ഒരു തെങ്ങിൻതലയിൽ കയറിനിന്ന് സ്‌കൂൾവിട്ടു വരുന്ന കുട്ടികളെനോക്കി അത്ഭുതംകൂറുന്നുണ്ട്.
ബാബുവേട്ടൻ എന്ന നാട്ടുദൈവം കുപ്പായമിടാതെ ഊരുചുറ്റുന്നുണ്ട്.
സന്ധ്യയായി.
പകലിന്റെ ഒരു തുണിക്കഷ്ണം ദൈവം രാത്രിയുടെ മുകളിൽ വെച്ചു.
ഉപ്പുതട്ടി മുറിവുകൾ നിവർന്നു.
യൂണിഫോം അടുക്കളയിൽ ചുരുണ്ടുകൂടിയുറക്കമാണ്.
സ്വപ്നത്തിൽ വെള്ളമെടുക്കാൻ ചെന്നപ്പോൾ കിണറ്റിങ്കരയിൽവെച്ചു ചന്ദ്രനോടെന്നപോലെ ഞാൻ പറഞ്ഞു, പഠിപ്പിക്കുന്നതൊന്നും മനസ്സിലാവുന്നില്ല, ഇഷ്ടാ.
കടലിൽ ഉപ്പുമാവുണ്ടാക്കുമ്പോൾ ഉവൈസിന് സ്‌കൂളോർമ്മവന്നു,
ഫിസിക്‌സ് ലാബിലേക്ക് തുഴഞ്ഞു.
അന്നമ്മട്ടീച്ചർക്ക് ഒരു കൊട്ട മത്തി, അതാണുവൈസ്.
അപ്പോൾ മുഹമ്മദലിയുടെ തക്കാളി മണക്കുന്ന യൂണിഫോം അടുത്തേക്കുവന്നു. അന്നമ്മ ടീച്ചർ പറഞ്ഞു, ഇന്നിനി മീങ്കറിയുണ്ടാക്കാം നമുക്ക്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.