പെൺശരീരങ്ങൾക്കുമേൽ അക്രമാസക്തമാകുന്ന ആൺശരീരങ്ങളെ പറ്റി ഇപ്പോൾ നമ്മുടെ സമൂഹത്തിൽ സംവേദകത്വം വളർന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യതയിലേക്ക് കടന്നുകയറ്റമുണ്ടാകുമ്പോൾ, മുമ്പ് ശീലിപ്പിക്കപ്പെട്ടതു പോലെ സ്ത്രീകൾ പൊതുവേ മിണ്ടാതിരിക്കുന്നില്ല. അവകാശബോധം ആർജ്ജിച്ചു വന്ന സ്ത്രീകൾ അവിടെയും ഇവിടെയും ചിലപ്പോഴൊക്കെ പ്രതികരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, അവർ ഒറ്റപ്പെടുകയോ ഒതുക്കപ്പെടുകയോ ചെയ്തിരുന്നു. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ അതിന് വലിയ മാറ്റം വന്നിരിക്കുന്നു. ഇലക്ട്രോണിക് മീഡിയ വഴി വ്യാപകമായ സമൂഹമാദ്ധ്യമങ്ങളും സഞ്ചാരവേഗവും ഇതിന് സഹായകമായിട്ടുണ്ട്. വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളുടെ ദൃശ്യത, അപ്രമാദിയായി നിലനിന്ന ആൺ- പെൺ സങ്കല്പങ്ങളിൽ അവിടവിടെയായി ഉണ്ടാക്കിയ വിള്ളലുകളും ആൺകോയ്മക്ക് തിരിച്ചടിയുണ്ടാക്കുന്നു. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് സ്‌കൂളുകളിൽ ലിംഗസമത്വം കൊണ്ടുവരാനുള്ള ആലോചനകളും സംസാരങ്ങളും കേരളത്തിലുണ്ടായിട്ടുള്ളത്.
അപകടകരമായ പ്രതികരണങ്ങൾ
കുറേ പ്രശ്‌നങ്ങളുണ്ടായെങ്കിലും കോവിഡുകാലത്ത് യുവാക്കൾക്കും കൗമാരക്കാർക്കും ഇന്റർനെറ്റ് വഴി വളരെ വിശാലമായ ഒരു ലോകം തുറന്നുകിട്ടി എന്നത് വാസ്തവമാണ്. നല്ലതും ചീത്തയും ആയി ലോകത്തുള്ളതെല്ലാം അവർക്ക് ഇപ്പോൾ പ്രാപ്യമാണ്. പഴയ തലമുറകളിൽ നിന്ന് ഒരു അടർന്നുമാറൽ പൊതുവേ കാണാം. പുതിയ വൊക്കാബുലറി, അർത്ഥങ്ങൾ, തമാശകൾ ഒക്കെ അവരിൽ നിന്ന് മുതിർന്നവർ പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. ജീവിതത്തിനാവശ്യമായ പല വൈദഗ്ദ്ധ്യങ്ങളും ചിലരെങ്കിലും സ്വന്തമായി ആർജ്ജിക്കുന്നത് കാണുന്നു. ലിംഗസമത്വവും ക്വിയർ സംസ്‌കാരവുമെല്ലാം സ്വയം പരിചയപ്പെടാനുള്ള സാഹചര്യം അവർക്കുണ്ട്. മഴവിൽ കാമ്പസുകൾ, ക്വിയർ സംവാദങ്ങൾ ഒക്കെ എല്ലാ ജെൻഡറിലും പെടുന്നവർ ചേർന്ന് ആഘോഷിക്കുന്നത് കാണുന്നു. എന്നാൽ, ഇതിന് നേരെ വിരുദ്ധമായ നിഷേധാത്മക പ്രവണതകൾ ചില കോണുകളിൽ ഉയരുന്നത് കാണാതിരിക്കാനും കഴിയില്ല. അവയുടെ ഉറവിടം അധികാരത്തിനുവേണ്ടിയുള്ള ഗെയിമുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ താല്പര്യങ്ങളാണെന്ന കാര്യം ഒരു മറയുമില്ലാതെ പുറത്തുവരുന്നു. ഉദാഹരണത്തിന് സ്വയംബോദ്ധ്യം വന്ന കാര്യങ്ങൾ പോലും യാഥാസ്ഥിതികരായ ഒരു ആൾക്കൂട്ടത്തിന്റെ പിന്തുണ നഷ്ടപ്പെട്ടേക്കുമോ എന്നുഭയന്ന് രാഷ്ട്രീയക്കാർക്ക് തള്ളി പറയേണ്ടിവരുന്നു. സ്ത്രീകളുടേയും മറ്റു ലൈംഗികവിഭാഗങ്ങളുടേയും അവകാശ സംരക്ഷണം ഈ ചേരിമാറ്റങ്ങൾക്കിടയിൽ ഉലഞ്ഞുപോകുന്നു. യുവാക്കളും കൗമാരക്കാരും ബാലികാബാലന്മാരും ഇടപെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇത് പ്രതിഫലിക്കും. സ്‌കൂളുകളിൽ ലിംഗസമത്വം ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങളും അതിനെതിരെ ഉയർന്ന എതിർപ്പുകളും ഗവൺമെന്റിന്റെ പിന്നോട്ടുപോക്കും ഈ പശ്ചാത്തലത്തിൽ പരിശോധിക്കാവുന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്‌കൂളുകൾ ആവശ്യമുണ്ടോ, കുട്ടികൾ ചെറിയ ക്ലാസുകൾ മുതൽ ലിംഗ ഭേദമില്ലാതെ ഇടകലർന്നിരിക്കാൻ പറ്റുമോ, യൂണിഫോമിൽ ലിംഗവ്യത്യാസം ആവശ്യമുണ്ടോ, സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം കൊണ്ടുവരാൻ കഴിയുമോ എന്നതൊക്കെയാണല്ലോ ഈയിടെ വിവാദമായ വിഷയങ്ങൾ.
ഈ വിഷയങ്ങളിലെല്ലാം, മാറ്റത്തെ പിന്തുണച്ചുവരുന്ന പോസ്റ്റുകൾക്കുതാഴെ വരുന്ന കമന്റുകൾ വായിക്കാൻ പോലും കൊള്ളാത്ത തരത്തിലാണ്. സ്വന്തം മാനസികാരോഗ്യം പരിഗണിച്ച്, ഇവ വായിക്കാറില്ലെങ്കിലും ചിലപ്പോൾ അബദ്ധത്തിൽ കണ്ടുപോകും. ആൺകുട്ടികളേയും പെൺകുട്ടികളേയും ചെറിയ ക്ലാസുകളിൽ പോലും വേർതിരിച്ചിരുത്തുന്നതിലെ അസ്വാഭാവികത പതുക്കെ എങ്കിലും തിരിച്ചറിഞ്ഞുകൊണ്ടാവണം അത് വേണ്ടെന്നുവച്ചുകൊണ്ടുള്ള ആലോചനകളുണ്ടായത്. എന്തുകൊണ്ടാണ് ഇതുപോലും അപകടകരവും അനാവശ്യവുമാണെന്ന തരത്തിൽ പ്രതികരണങ്ങളുണ്ടാവുന്നത്? ഇത് അത്ര അപകടകരമാണോ? മറിച്ച്, വളരുമ്പോൾ ഈ കുട്ടികൾ തുല്യതയോടെ ഇട പെടാനുള്ള സാദ്ധ്യതയല്ലേ ഉണ്ടാവുക എന്ന് ചിന്തിച്ചുകൂടെ?
സ്‌കൂൾ ചട്ടങ്ങളിലെ പാട്രിയാർക്കി
തീരെ ചെറിയ കുട്ടികളായിരിക്കുമ്പോൾ ഒരു കുടുംബത്തിലുള്ളതും ബന്ധത്തിൽ പെട്ടതും അയൽപക്കക്കാരും ഒക്കെയായവർ ഒരുമിച്ചുചേർന്ന് കളിക്കുന്നതാണ് നമ്മൾ കാണുന്നത്. ഇതേ കുട്ടികൾ സ്‌കൂളിലെത്തുമ്പോൾ, ഒരു വീട്ടിലുള്ളവരായാൽ പോലും വേറെ മാറിയിരിക്കണം. ആൺ- പെൺ വേർതിരിവ് വീട്ടിൽനിന്നുതന്നെ കളിപ്പാട്ടങ്ങളിലൂടെയും വേഷങ്ങളിലൂടെയും മറ്റും തുടങ്ങുമെങ്കിലും അത് ഏറ്റവും നന്നായി ഉറപ്പിച്ചെടുക്കുന്നത് സ്‌കൂളുകളിലൂടെയാണ്. പാഠശാലകൾ ആൺ- പെൺ നിർമ്മിതിയുടെ വാർപ്പ് ശാലകൾ കൂടി ആയിത്തീരുകയാണ്.
ഈ വേർതിരിവിനടിസ്ഥാനമാകുന്നത് പാട്രിയാർക്കിയെ ഊട്ടിയുറപ്പിക്കുന്ന ആൺ-പെൺ വാർപ്പ് മാതൃകാസങ്കൽപ്പനമല്ലാതെ മറ്റൊന്നുമല്ല. വോട്ടവകാശമോ പൗരത്വമോ പൊതുജീവിതത്തിൽ ഇടമോ ഇല്ലാതിരുന്ന സ്ത്രീകൾ അത് ആർജ്ജിച്ചെടുക്കുന്നത് ആണധികാരസമൂഹത്തിന് പ്രശ്‌നം തന്നെയാണ്. തുല്യതയെ കുറിച്ച് പറയുമ്പോഴും പുറമേ തിരിച്ചറിയാനാവാത്ത തരത്തിലുള്ള പരിമിതികൾ വച്ചുകൊണ്ടാണ് പാട്രിയാർക്കൽ സമൂഹം നിലനിന്നുപോരുന്നത്. അതിനുള്ള ഏറ്റവും യോജിച്ച ഉപാധിയാണ് ആണത്തത്തിന്റേയും പെണ്ണത്തത്തിന്റേയും ഉണ്ടാക്കിയെടുക്കൽ. വിദ്യാഭ്യാസം സ്ത്രീകൾക്ക് വിമോചകമാണെന്ന സങ്കല്പത്തിൽ തുടങ്ങി എങ്കിലും സ്‌കൂളുകൾ വാർപ്പ് മാതൃകകൾ സൃഷ്ടിച്ചെടുക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണെന്ന് യാഥാസ്ഥിതികർ കണ്ടെത്തിയതാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികൾ അവരുടെ നിലനിൽപ്പ് വിളിച്ചറിയിക്കാൻ തുടങ്ങിയതോടെ രണ്ടു കള്ളികളിലായി ഒതുക്കിയ ആൺ- പെൺ നിർമിതി പ്രതിസന്ധിയിൽ പെടുന്നു.
കുട്ടിക്കാലത്തുതന്നെ ആണിനേയും പെണ്ണിനേയും വേർതിരിച്ചിരുത്തുന്നതുവഴി ഇരുകൂട്ടർക്കും രണ്ട് ലോകങ്ങൾ സൃഷ്ടിക്കുകയാണ്. പെണ്ണിന്റെ ലോകം പകൽ സമയത്തേക്കും ചില പ്രത്യേക വിഷയങ്ങളിലേക്കുമായി ചുരുക്കപ്പെടുന്നു. ക്ലാസ് റൂമിലെ വേർതിരിവ് മറ്റു സ്ഥലങ്ങൾ പരിമിതമാക്കുന്നതിന്റെ മുന്നുപാധി കൂടിയാണ്. പരസ്പരം അടുത്തറിയാനും ആദരവോടെ പെരുമാറാനുമുള്ള അവസരം നഷ്ടപ്പെടുന്നതോടെ വ്യത്യസ്ത ശരീരങ്ങൾ പേറുന്നവർ മറുലിംഗക്കാർക്ക് ദുരൂഹത ഉളവാക്കുന്നവരായി മാറുന്നു. യഥാർത്ഥത്തിലുള്ള മനുഷ്യരേക്കാൾ സിനിമയിലും മറ്റു മാദ്ധ്യമങ്ങളിലൂടെയും കാണുന്നവരെയാണ് അവർ അറിയുന്നതും അടുപ്പമുള്ളവരെ പോലെ അവർക്ക് തോന്നുന്നതും. ആണിന്റെയും പെണ്ണിന്റെയും മോഡലുകൾ ഉള്ളിൽ വാർത്തെടുക്കപ്പെടുന്നു. എന്നാൽ, ശരിക്കും സ്വലിംഗക്കാരോടും എതിർലിംഗക്കാരോടും ഒക്കെ നേരിട്ട് ഇടപെടുമ്പോഴാണ് സാമൂഹ്യമായ കഴിവുകൾ വികസിക്കുന്നത്.
ഏതുസമയത്തും സ്വന്തം ലിംഗത്വത്തെക്കുറിച്ച് ചിന്തിച്ച് നിലകൊള്ളണമെന്ന വിചിത്ര നിലപാടാണ് പാട്രിയാർക്കിയുടേത്. സ്‌കൂൾ ചട്ടങ്ങളിലൂടെയും അതാണ് ഉറപ്പിക്കാൻ ശ്രമിക്കുന്നത്.
വാസ്തവത്തിൽ സമാനതകളെ അപേക്ഷിച്ച് വളരെ കുറച്ച് വ്യത്യസ്തതകൾ മാത്രമാണ് വിവിധ ലിംഗത്വ വിഭാഗങ്ങളിൽ പെടുന്നവർക്കുള്ളത്. ബൗദ്ധികവും സാംസ്‌കാരികവും അദ്ധ്വാനപരവും ഒക്കെയായ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരാണ് മനുഷ്യർ. അവിടെ ഒന്നും ശാരീരികവ്യത്യാസങ്ങളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം മനുഷ്യർക്കുണ്ടാവുന്നില്ല. പ്രണയമോ ലൈംഗിക താല്പര്യമോ ഉള്ള സമയത്തുമാത്രമായിരിക്കാം ശരീരത്തിന്റെ മോർഫോളജിയോ അനാട്ടമിയോ പ്രസക്തമാകുന്നത്. അതല്ലെങ്കിൽ രോഗചികിത്സയിൽ. മോർഫോളജിയേക്കാളും, നിത്യജീവിതത്തിൽ ഊന്നൽ നൽകുന്നത് അതിനെ അടിസ്ഥാനപ്പെടുത്തിയ ലൈംഗികമായ പെരുമാറ്റ (behaviour)ത്തിനും ആവിഷ്‌കാര (expression) ത്തിനുമാണ്. ഇത് പാട്രിയാർക്കിയുടെ ചട്ടങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുകയാണ്. ട്രാൻസ്‌ജെന്റർ മനുഷ്യരും ക്വിയർ മനുഷ്യരും പ്രയാസത്തിൽ പെടുന്നത് ഈ ചട്ടങ്ങൾ മൂലമാണെന്നതും നമ്മൾ ഓർക്കണം.
ഏതുസമയത്തും സ്വന്തം ലിംഗത്വത്തെക്കുറിച്ച് ചിന്തിച്ച് നിലകൊള്ളണമെന്ന വിചിത്ര നിലപാടാണ് പാട്രിയാർക്കിയുടേത്. സ്‌കൂൾ ചട്ടങ്ങളിലൂടെയും അതാണ് ഉറപ്പിക്കാൻ ശ്രമിക്കുന്നത്. ബൗദ്ധികമോ അദ്ധ്വാനപരമോ ആയ മേഖലയിൽ ഒരുമിച്ചുവരുമ്പോഴും ഇങ്ങനെ ‘രൂപപ്പെട്ട ആണും പെണ്ണും' ലൈംഗികമായി പരസ്പരം കാണേണ്ട അവസ്ഥയിലെത്തിച്ചേരുകയും ചെയ്യുന്നു. ആണിന് എല്ലാ മേഖലകളും വ്യാപരിക്കുന്ന ആണിടങ്ങളുള്ളതിനാൽ, സ്ത്രീകളെ അതിനുപുറത്ത് നിർത്തി കാണാനാണ് അവർ താല്പര്യപ്പെടുന്നത്. ഔദ്യോഗികസ്ഥലങ്ങളിലും സ്ത്രീകൾ എത്തുമ്പോൾ ‘നിന്റെ രൂപം അല്ലെങ്കിൽ വസ്ത്രം മനോഹരമായിരിക്കുന്നു' എന്നുപറയാനും അങ്ങനെ പറയുന്നതിൽ എന്താ പ്രശ്‌നം എന്ന് അതിശയിക്കാനും ആണിന് കഴിയുന്നത് അതുകൊണ്ടാണ്. തൊഴിലിടങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ ഈ മനോഭാവത്തിന്റെ ഗുരുതരവും ഭീകരവുമായ വശമാണ്. അതേസമയം, മറുവശത്ത് സ്ത്രീകൾ തങ്ങൾക്ക് പറഞ്ഞുവച്ചിട്ടുള്ള അമ്മത്തത്തിനും ലൈംഗിക പരിവേഷത്തിനും പുറത്തുള്ള മേഖലകളിലേക്ക് കടക്കാൻ മനുഷ്യസഹജമായ താൽപ്പര്യത്തോടെ പാടു പെടുകയാവും. ഈ ഒരു വിടവ് നികത്തുക എന്നത് തുല്യതയിലൂന്നുന്ന മാനവികതക്ക് ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വത്തിനായുള്ള ശ്രമങ്ങൾ ഈ ദിശയിലുള്ള മാറ്റമായി കാണാം.
അധികാരം നിലനിർത്തുന്നതും പുരോഗമനപരമായ നിലപാടും തമ്മിലുള്ള നീക്കുപോക്കിൽ, ഗവണ്മെന്റിന് പാട്രിയാർക്കിക്കെതിരായ നീക്കത്തിൽ നിന്ന് പിന്നോട്ട് നടക്കേണ്ടിവരുന്നു
ലൈംഗിക വിദ്യാഭ്യാസത്തെ ആർക്കാണ് പേടി?
അപ്പോൾ ഇതിനെ എതിർക്കുന്നതിന്റെ താല്പര്യമെന്താണ്? തീർച്ചയായും അധികാരവ്യവസ്ഥയുമായി ചേർന്നുനിൽക്കുന്ന പാട്രിയാർക്കിയുടേതാണ് അത്. പലപ്പോഴും പുരോഗമനസ്വഭാവം പുറമേ കാട്ടുന്ന തരത്തിലാണ് ഇന്നത്തെ വ്യവസ്ഥയിൽ അത് നിലനിർത്തപ്പെടുന്നത്. സ്ത്രീകൾക്ക് നൽകുന്ന വിദ്യാഭ്യാസം അതിന്റെ കപട മുഖത്തിന് ഉദാഹരണമാണ്. വിദ്യാഭ്യാസത്തിൽ പഠിക്കാനും പരീക്ഷ എഴുതാനും അവസരം നൽകുമ്പോൾ തന്നെ അതിന്റെ ഘടനയിൽ, ഇടവും സമയവും ഡ്രസ് കോഡും മറ്റും നിർദ്ദിഷ്ടമാക്കി ലിംഗവ്യത്യാസം ഉറപ്പിച്ചെടുക്കുന്നു. സാമൂഹ്യമായും കുടുംബത്തിനുള്ളിലും ലിംഗാടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം നിലനിർത്തി, സ്ത്രീകളെ ഉത്പാദന പ്രക്രിയയിൽ നിന്നും പൊതുമണ്ഡലത്തിൽ നിന്നും കഴിയുന്നത്ര പുറത്തു നിർത്തുന്നു. സ്ത്രീയെ ചവുട്ടി പുറത്താക്കൽ ഏതുസമയത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് പ്രവചിക്കാൻ കഴിയില്ല. സ്ത്രീയുടെ വസ്ത്രമാണ് പീഡനത്തിന് കാരണമായതെന്ന തരത്തിൽ കേരളത്തിൽ ഈ കാലത്ത് ഒരു വിധിയുണ്ടായത് നമ്മളെ അതിശയിപ്പിച്ചത് അതുകൊണ്ടാണ്. പുരോഗമനപരമെന്ന് കരുതുന്ന രാഷ്ട്രീയപാർട്ടികൾ, പ്രതീക്ഷിക്കാത്ത വിധത്തിൽ മതത്തിന്റെ ചുവടുപിടിച്ചും അല്ലാതെയും ക്വിയർ സമൂഹത്തേയും ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളെയും എതിർക്കുന്നത് അതുകൊണ്ടാണ്. അധികാരം നിലനിർത്തുന്നതും പുരോഗമനപരമായ നിലപാടും തമ്മിലുള്ള നീക്കുപോക്കിൽ, ഗവണ്മെന്റിന് പാട്രിയാർക്കിക്കെതിരായ നീക്കത്തിൽ നിന്ന് പിന്നോട്ട് നടക്കേണ്ടിവരുന്നതും അതുകൊണ്ടാണ്.
ലൈംഗിക വിദ്യാഭ്യാസത്തോടുള്ള എതിർപ്പും ഇതോട് ചേർത്തുകാണാം. ലൈംഗിക വിദ്യാഭ്യാസത്തെ പേടിക്കുന്നത് ആരാണ്? മറയില്ലാത്ത ലൈംഗിക ചൂഷണങ്ങൾക്ക് സാക്ഷികളായിരിക്കുമ്പോഴും ലൈംഗികവിദ്യാഭ്യാസത്തെയും വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളെയും എതിർക്കുന്നവരുടെ താൽപ്പര്യം പാട്രിയാർക്കി തങ്ങൾക്കനുകൂലമായി നിലനിർത്തുക എന്നത് തന്നെയാണ്. യുവാക്കൾക്കും കൗമാരപ്രായക്കാർക്കും എല്ലാ വിജ്ഞാനവും പ്രാപ്യമായിരിക്കുമ്പോഴും അതവർ കണ്ടില്ലെന്നു നടിക്കുന്നു.
ലൈംഗികതയെ പറ്റി എത്ര വികലമായ സങ്കല്പങ്ങളാണ് ഇവരുടെയുള്ളിലുള്ളതെന്നത് നമ്മളെ അതിശയിപ്പിക്കും. സമഗ്ര ലൈംഗികവിദ്യാഭ്യാസത്തിന്റെ ആവശ്യകത വീണ്ടും വീണ്ടും ഓർമിപ്പിക്കും.
പരസ്പര ബഹുമാനത്തിന്റെ അന്തരീക്ഷത്തിൽ നിന്നാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത്. പ്രൈമറി സ്‌കൂൾ തലം മുതൽ തന്നെ ഈ ബോധം കുട്ടികളിൽ ഉറപ്പിക്കേണ്ടതുണ്ട്. ശരീരത്തിന്റെ വ്യത്യസ്തതകൾ പരസ്പര ബഹുമാനത്തിന് വിഘാതമായിക്കൂടാ. അത് ലിംഗവ്യത്യാസം കൊണ്ടോ നിറം കൊണ്ടോ പൊക്കം കൊണ്ടോ അംഗപരിമിതി കൊണ്ടോ എന്തുതന്നെ ആയാലും, മറ്റെയാളെ ആദരവോടെയും സൗഹാർദ്ദത്തോടെയും കാണാൻ ശീലിക്കണം.
ബന്ധങ്ങളെ കുറിച്ചാണ് ആദ്യം സംസാരിച്ചുതുടങ്ങേണ്ടത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അവർ അതിന്റെ മൂല്യങ്ങളെ കുറിച്ച് അറിയണം. പിന്നീട് പ്രണയ ബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും പ്രായത്തിനനുസരിച്ച് ഉണ്ടായി വരുമെന്ന് അവർ അറിയണം. ബന്ധങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞവർക്ക് എല്ലാ ബന്ധങ്ങളിലും സൂക്ഷിക്കേണ്ട തുല്യതയുടെയും ആദരവിന്റെയും മൂല്യം മനസ്സിലാവും. പഴയ മാമൂലുകളല്ല മൂല്യങ്ങളാകുന്നത്; ഇടപെടലുകളിലൂടെ അവ ആർജ്ജിച്ചെടുക്കേണ്ടതാണ്.
വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും ഇഷ്ടത്തിനും സൗകര്യത്തിനും ആയിരിക്കണം മുൻതൂക്കം നൽകേണ്ടത്. യൂണിഫോം ആണെങ്കിലും മൂന്നോ നാലോ തരത്തിൽ നൽകി, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ അനുവദിക്കാം.
കുട്ടികൾക്കൊപ്പം പഠിക്കണം മുതിർന്നവരും
ബാല്യത്തിലും കൗമാരത്തിലും വ്യത്യസ്തമായ പാഠങ്ങളാണ് കുട്ടികൾക്ക് കിട്ടേണ്ടത്. ലിംഗവ്യത്യാസമില്ലാതെ ഒരേതരത്തിൽ ഇടപെടാൻ കഴിയുന്ന കാലമാണ് ബാല്യം. അവർ ഇഷ്ടമുള്ളതുപോലെ ഇട കലർന്നോ അല്ലാതെയോ ക്ലാസിലിരിക്കട്ടെ. വേർതിരിച്ചിരുത്തുന്ന ചട്ടം വേണ്ടെന്നുവച്ചാൽ മതി. ഈ സമയത്തുതന്നെ എല്ലാവരേയും ഒരേ ആദരവോടെ കാണാൻ കുട്ടികൾ പരിശീലിപ്പിക്കപ്പെടണം. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും ഇഷ്ടത്തിനും സൗകര്യത്തിനും ആയിരിക്കണം മുൻതൂക്കം നൽകേണ്ടത്. യൂണിഫോം ആണെങ്കിലും മൂന്നോ നാലോ തരത്തിൽ നൽകി, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ അനുവദിക്കാം.
കൗമാരകാലത്ത്, ശരീരത്തോടൊപ്പം മനസ്സും വളരും. മനസ്സ് വളരുന്നത് ബന്ധങ്ങളിലൂടെയാണ്. അതിൽ ഒരേ പ്രായക്കാരായവരോടുള്ള സൗഹൃദം, മുതിർന്നവരോടുള്ള ആരാധന, പ്രണയം, ലൈംഗികാകർഷണം ഇതെല്ലാം ഉണ്ടാകും. ഈ സമയത്ത്, ഇരിക്കുന്നിടത്ത് രണ്ടുപേർക്കിടയിൽ സ്പേസ് നൽകുന്നതും വ്യക്തികളുടെ സ്പേസ് മാനിക്കുന്നതിനെ കുറിച്ച് ബോധമുണ്ടാക്കുന്നതും നല്ലതായിരിക്കും. സ്പർശം സുഖമുള്ളതാകുമ്പോൾ തന്നെ, ഇഷ്ടമില്ലാത്തപ്പോൾ അരോചകവും ആകുമെന്നും അനുവാദമില്ലാതെ മറ്റുള്ളവരെ സ്പർശിക്കരുതെന്നുമുള്ള ബോധം ആ പ്രായത്തിൽ ആൺകുട്ടികൾക്കുണ്ടായാൽ അവർ ഭാവിയിൽ സ്ത്രീകളെ കടന്നാക്രമിക്കാനിടയില്ല. പ്രണയവും ലൈംഗിക താൽപ്പര്യവും ഏത് ലിംഗത്തിൽ പെട്ടവരോടും ഉണ്ടാകാമെന്നും അത് സ്വാഭാവികമാണെന്നും കുട്ടികൾ മനസ്സിലാക്കണം. അതില്ലാത്തതാണെന്ന് കരുതി ഒളിച്ചുവച്ചിട്ടു കാര്യമില്ല. എല്ലാവർക്കും ഒരേതരത്തിലുള്ള താത്പര്യങ്ങളല്ല ഉണ്ടാവുകയെന്നും അറിയണം.
സ്ത്രീവിരുദ്ധമായും ലൈംഗികത ഒളിച്ചുകളിയായും നിലനിൽക്കുന്ന സമൂഹത്തിൽ, അതേസമയം, കുട്ടികൾക്ക് മുതിർന്നവരേക്കാൾ അറിവുള്ള സാഹചര്യത്തിൽ, എങ്ങനെ വിദ്യഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റം കൊണ്ടുവരാമെന്നത് ഒരു വെല്ലുവിളി തന്നെയാണ്.
നമ്മുടേതുപോലെ സ്ത്രീവിരുദ്ധമായും ലൈംഗികത ഒളിച്ചുകളിയായും നിലനിൽക്കുന്ന സമൂഹത്തിൽ, അതേസമയം, കുട്ടികൾക്ക് മുതിർന്നവരേക്കാൾ അറിവുള്ള സാഹചര്യത്തിൽ, എങ്ങനെ വിദ്യഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റം കൊണ്ടുവരാമെന്നത് ഒരു വെല്ലുവിളി തന്നെയാണ്. സിലബസിൽ ഉൾപ്പെടുത്തുന്നതുകൊണ്ടുമാത്രം കാര്യമില്ല. നമ്മുടെ അദ്ധ്യാപകരോ മറ്റു മുതിർന്നവരോ ഇതിൽ പരിശീലനം ലഭിച്ചവരല്ല. പരസ്പരം ചോദ്യങ്ങളും ഉത്തരങ്ങളും പങ്കുവക്കാനുള്ള വേദി ഒരുക്കിക്കൊടുക്കുക മാത്രമാണ് മുതിർന്നവർക്ക് ചെയ്യാവുന്നത്. നല്ല സെക്‌സ് എഡ്യുക്കേറ്റർമാരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം പഠിക്കുന്നവരാണ്. സയൻസ് അറിഞ്ഞിരിക്കണമെങ്കിലും ഫിസിയോളജിക്കൽ ആയും ക്ലിനിക്കൽ ആയും മാത്രമല്ല ശരീരത്തിന്റെ അടുപ്പത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും അറിയേണ്ടത്. സിനിമകൾ, സാഹിത്യം, മറ്റു കലാരൂപങ്ങൾ എന്നിവ ചർച്ച ചെയ്തും കലാരൂപങ്ങൾ സൃഷ്ടിച്ചും ഒക്കെയാണ് നമ്മൾ പഠിക്കേണ്ടത്. കുട്ടികൾക്കൊപ്പം പഠിക്കാൻ മുതിർന്നവരും തയാറായാൽ അവരെ കുറിച്ചുള്ള ആശങ്കകൾ കുറക്കാം. വിവിധ ലിംഗത്വ വിഭാഗങ്ങളിൽ പെട്ടവർ ഇടകലർന്ന് വളരട്ടെ, പേടിക്കേണ്ടതില്ല. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.