കെ.ഇ.എൻ

വരും, ഒരു മഹാസൗഹൃദകാലം

ഇന്ന് ഞാൻ അധ്യാപകനായി തുടരുന്നുണ്ടെങ്കിൽ, ഞാൻ ഒരിക്കലും പതിനഞ്ചുവർഷം മുമ്പത്തെ അധ്യാപകനായിരിക്കില്ല, അന്നത്തെ എന്റെ ക്ലാസ് റൂമായിരിക്കില്ല ഇന്നത്തേത്. അത്രമാത്രം നമ്മൾ മാറിക്കഴിഞ്ഞു.

മൂഹത്തിൽ വരുന്ന മാറ്റവും നമ്മൾ ജീവിക്കുന്ന കാലത്ത് കടന്നുവരുന്ന പുതിയ ആശയങ്ങളും ജീവിതത്തെ എങ്ങനെയൊക്കെയാണ് നിർവചിക്കുന്നത് എന്നത് നിർണായകമാണ്.

വിദ്യാലയങ്ങൾ ഏതെങ്കിലുമൊരു ലിംഗവിഭാഗത്തിന്റേതുമാത്രമായി പരിമിതപ്പെടുത്താതെ എല്ലാവരും ഒന്നിച്ചുചേരുന്ന പരസ്പര സൗഹൃദത്തിന്റെ ഇടം എന്ന ഒരാശയത്തിലേക്ക് സമൂഹം ഇന്ന്​ വളർന്നിട്ടുണ്ട്. പത്രങ്ങളിലെ വിവാഹ പരസ്യങ്ങൾ നോക്കൂ. ‘വരനെ ആവശ്യമുണ്ട്’, ‘വധുവിനെ ആവശ്യമുണ്ട്’ എന്ന പരമ്പരാഗത രീതിയിൽ നിന്ന് ‘സുഹൃത്തിനെ ആവശ്യമുണ്ട്’ എന്ന തലത്തിലേക്ക് അത്​ മാറി. 15 കൊല്ലങ്ങൾക്കുമുമ്പ് വിവാഹബന്ധത്തെ, ഈ വിധം സൗഹൃദമായി കാണാൻ കഴിയില്ലായിരുന്നു. ഭാര്യ / ഭർത്താവ് എന്ന പതിവുപ്രയോഗങ്ങൾക്കുപകരം സുഹൃത്തുക്കൾ എന്ന പുതിയ ജനാധിപത്യ പ്രയോഗം കടന്നുവന്നിരിക്കുന്നു.

മഹാസൗഹൃദം

മനുഷ്യരുടെ നാനാതരം ബന്ധമാതൃകകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അതിന്റെ മുഴുവൻ ന്യൂക്ലിയസായിരിക്കാൻ ഏതൊരർഥത്തിലും അർഹതയുള്ള ഏക പരികൽപന സൗഹൃദമാണ്. രക്തബന്ധം, കുടുംബബന്ധം, ആദർശബന്ധം തുടങ്ങി ഏതൊരു ബന്ധവും സൗഹൃദത്തിന്റെ അഭാവത്തിൽ അപചയപ്പെടാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്​, രക്തബന്ധത്തിന്റെയും കുടുംബബന്ധത്തിന്റെയും ലോകത്ത്​, മനുഷ്യബന്ധം എടുത്തുകഴിഞ്ഞാൽ, പൊതുവെ നാട്ടുനടപ്പായിരിക്കും നേതൃത്വം വഹിക്കുന്നുണ്ടാകുക. അതനുസരിച്ച്​, ഏട്ടന്മാർ കൽപ്പിക്കുക, അനിയന്മാർ അനുസരിക്കുക, ഭർത്താക്കന്മാർ കൽപ്പിക്കുക, ഭാര്യമാർ അനുസരിക്കുക തുടങ്ങിയ രീതികളാണുണ്ടാവുക. സാമ്പ്രദായിക കുടുംബബന്ധത്തിനകത്ത് ആധുനിക പൗരബോധം ആവശ്യപ്പെടുന്ന സാംസ്‌കാരിക വളർച്ച ഉണ്ടായിട്ടില്ല. പകരം, നാടുവാഴിത്തത്തിന്റെ അവശിഷ്ടം തന്നെയാണ് കുടുംബാധികാരത്തിൽ ഇന്നും പ്രബലം. സത്യത്തിൽ, നാടുവാഴിത്തം തകർക്കപ്പെടുമ്പോൾ നാടുവാഴിത്ത കുടുംബ മാതൃകകൾക്കുപകരം ആധുനിക കുടുംബ മാതൃകകൾ രൂപപ്പെടേണ്ടതാണ്​. അതായത്, പരമ്പരാഗത കുടുംബബന്ധങ്ങൾക്കകത്ത് ബന്ധമുണ്ടെങ്കിലും അത് പുതിയ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വികസിച്ചിട്ടില്ല. കൽപ്പിക്കുന്ന ഏട്ടനും അനുസരിക്കുന്ന അനിയനും ഇടയിൽ സൗഹൃദം പ്രവർത്തിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ കൽപ്പനക്കും അനുസരണക്കും പകരം ചർച്ചകളും സംവാദങ്ങളും രൂപപ്പെട്ടുവരും. സൗഹൃദത്തെ നമുക്ക് ആദർശമായി പരിഗണിക്കാം. അതേസമയം, ആദർശാത്മക ബന്ധങ്ങൾ എന്നു പറയുന്നത് വെറും സൗഹൃദമല്ലല്ലോ, അതിൽ മറ്റ് നിരവധി മൂല്യങ്ങളുമുണ്ട്. എന്നാൽ ആ മൂല്യങ്ങൾക്കൊക്കെ സ്വതന്ത്രസംവാദം നിർവഹിക്കാൻ കഴിയണമെങ്കിൽ അവിടെ സൗഹൃദം ഉണ്ടാകണം. അതുകൊണ്ട് മനുഷ്യബന്ധങ്ങളുടെ ഏറ്റവും അടിസ്ഥാന പരികൽപനയായി പരിഗണിക്കപ്പെടേണ്ടത് മഹാസൗഹൃദമെന്നൊരു ബൃഹത് ആദർശ പ്രയോഗ സംയുക്തത്തെയാണ്. പ്രണയം പോലും സത്യത്തിൽ പ്രസക്തമാകുന്നത് ഈ മഹാസൗഹൃദത്തിന്റെ മുരട്ടിന്മേൽ മുളച്ചുവരുമ്പോൾ മാത്രമാണ്​. അതായത്​, ഈ മഹാസൗഹൃദത്തിന്റെ മുരട്ടിലാണ്​ ചരിത്രവികാസത്തിനനുസരിച്ച്​ വ്യത്യസ്​തമായ നിരവധി മുളകൾ രൂപപ്പെട്ടുവരിക.

മനുഷ്യരുടെ നാനാതരം ബന്ധമാതൃകകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അതിന്റെ മുഴുവൻ ന്യൂക്ലിയസായിരിക്കാൻ ഏതൊരർഥത്തിലും അർഹതയുള്ള ഏക പരികൽപന സൗഹൃദമാണ് / Photo: Shafeeq Thamarassery

നാടുവാഴിത്തകാലം നിർമിച്ച പരിമിതമായ ബന്ധമാതൃകകൾക്കുപുറത്തേക്ക്​ നിരവധി ബന്ധമാതൃകകൾക്ക്​ ഒ​രേസമയം ഈ മഹാസൗഹൃദത്തിന്റെ മുരട്ടിൽനിന്ന് മുളച്ച് വരാൻ കഴിയും. അത്രയും മുളകൾക്ക്​ മുളച്ചുവരാനാവശ്യമായ ആദർശത്തിന്റെയും ആശയത്തിന്റെയും വളവും വെള്ളവും കിട്ടണം. ഇല്ലെങ്കിൽ, നിലവിലുള്ള മുളകൾ തന്നെ കരിയാൻ സാധ്യതയുണ്ട്​. പ്രണയത്തെ മനുഷ്യ ബന്ധങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒറ്റത്തല പദവിയിലേക്ക്​ വികസിപ്പിക്കുന്നതിൽ കാല്പനികത കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം ബന്ധങ്ങളെ സംശയാസ്പദമായി കണ്ട ഒരു യാഥാസ്ഥിതിക സമൂഹത്തോടുള്ള മാറിവന്ന കാലത്തിന്റെ പ്രതിരോധം കൂടിയായി കാല്പനികകാലം പ്രണയത്തെ അമിതമായി കൊഴുപ്പിച്ചതിനെ കണ്ടെത്താവുന്നതാണ്.

നമ്മുടെ ജീവിതത്തെ സാധ്യമാക്കിയ സാമൂഹ്യക്രമം എന്നത് ബന്ധമാതൃകകളുടെ ഒരു ബാഹ്യചട്ടക്കൂടാണ്. പുതിയ ആശയങ്ങൾ വരുമ്പോൾ ഇത് പൊളിയും. അപ്പോൾ പഴയ ക്രമത്തിനകത്ത് ഒതുങ്ങിയ ആളുകളിൽ അസ്വസ്ഥതയുണ്ടാകും.

അതേസമയം, നിരവധി ആശയങ്ങളുടേയും ആദർശങ്ങളുടേയും ഒരു സജീവ കാലത്താണ്​ നമ്മൾ ഈ സംവാദം നടത്തുന്നത്​. പുതിയ ചോദ്യങ്ങൾ രൂപപ്പെട്ടു വരുന്ന കാലം കൂടിയാണ്. ആ കാലത്തിന് പഴയ ഉത്തരങ്ങൾ അപര്യാപ്തമായിരിക്കും. അപ്പോൾ സ്വാഭാവികമായും നമ്മൾ പുതിയ ഒരു ജീവിത മാതൃകയിലേക്ക് മാറും. സഹോദരൻ അയ്യപ്പന്റെ ഒറ്റമൂലി എന്നൊരു കവിതയുണ്ട്. അതിൽ പറയുന്നുണ്ട്​, ‘മുട്ടത്തൊണ്ട്​ പൊളിച്ചിടാൻ കോഴിക്കുഞ്ഞ് ജനിച്ചീടും, ഇൻക്വിലാബിന് സിന്ദാബാദ് ഇല്ലാതുണ്ടോ പുരോഗതി ' എന്ന്. അതുപോലെ നമ്മുടെ ജീവിതത്തെ സാധ്യമാക്കിയ സാമൂഹ്യക്രമം എന്നത് ബന്ധമാതൃകകളുടെ ഒരു ബാഹ്യചട്ടക്കൂടാണ്. പുതിയ ആശയങ്ങൾ വരുമ്പോൾ ഇത് പൊളിയും. അപ്പോൾ പഴയ ക്രമത്തിനകത്ത് ഒതുങ്ങിയ ആളുകളിൽ അസ്വസ്ഥതയുണ്ടാകും. അത്തരമൊരു അസ്വസ്ഥതയാണ് ഇന്ന് ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തെ കുറിച്ചുള്ള സംവാദങ്ങളിലുണ്ടാകുന്നത്.

സഹോദരൻ അയ്യപ്പൻ / Photo: keralaculture.org

ഇതുമായി ബന്ധപ്പെട്ട്​ എന്റെ ശ്രദ്ധയിൽപെട്ട ഏറ്റവും സൂക്ഷമമായ നവോത്​ഥാന നിരീക്ഷണം ഇ.വി.ആറിന്റെതാണ്. വളർത്തലിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരു കാര്യത്തിലും വിവേചനവും ഉണ്ടാവരുത് എന്ന് അദ്ദേഹം പറയുന്നുണ്ട്. ഓരോ കാലത്തും വലിയ ചിന്തകരിൽ പോലും നിരവധി കാര്യങ്ങൾ കടന്നുവരാതിരിക്കും. അത്​ അവരുടെ വ്യക്തിപരമായ കുറ്റമോ പ്രതിഭയുടെ കുറവോ അല്ല. അത് ആ കാലത്തിന്റെ യാഥാർഥ്യമാണ്.
ജീവിതത്തെ ഉടച്ചുകളഞ്ഞ് പുതുക്കി വാർക്കുന്ന കാലം എന്ന വലിയ സംഭവമുണ്ട്. എല്ലാറ്റിനെയും ഇടിച്ചുപിഴിയുന്ന കാലം വളരെ പ്രധാനമാണ്. അതുകൊണ്ട്​, സ്വഭാവികമായും ഇ.വി.ആർ, ആൺമ- പെൺമ എന്നീ രണ്ട്​ ലിംഗപരികൽപ്പനകളെ നടത്തിയിട്ടുള്ളൂ. അന്ന്​ അത്രയേ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഇന്ന്​ ഇതിൽ രണ്ടിലും മാത്രമായി അന്വേഷണം ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത്​ കുറ്റകൃത്യമാണ്​. ഇന്ന് ട്രാൻസ്മ കൂടി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. അതുകൊണ്ട്​, ആൺ- പെൺ വിവേചനം കുടാതെ കുട്ടികളെ തുടക്കം മുതൽ വളർത്തണം. വീട്ടുകാരും നാട്ടുകാരും പല ഇടങ്ങളിലും സമയങ്ങളിലുമായി നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ, നിർദ്ദേശിക്കുന്ന റോളുകൾ, വസ്ത്രത്തിന്റെ കാര്യത്തിലെ വിവേചനം എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നു. ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലും പിറക്കുന്നകാലം മുതൽ തുടരുന്ന വിവേചനം ചോദ്യവിധേയമാകാതെ പോകുന്ന പശ്ചാത്തലത്തിലാണ് ആൺ- പെൺ- ട്രാൻസ്മ ലിംഗപദവി വിവേചനം അവസാനിപ്പിക്കണമെന്ന ശരിയായ ആശയം കേൾക്കുമ്പോൾ പലർക്കും അസ്വസ്ഥത ഉണ്ടാകുന്നത്. തിരിച്ചുചിന്തിച്ചാൽ, ആധുനിക ജനാധിപത്യ ആശയങ്ങൾ ഉൾക്കൊണ്ടതിന്റെ പശ്ചാത്തലത്തിൽ ഏതെങ്കിലും കുടുംബത്തിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ട്രാൻസ്മ കുട്ടികളേയും ഒരു വിവേചനവും കൂടാതെ വളർത്തിവരുന്നുണ്ട്​ എന്നു വിചാരിക്കുക, അവരെ സംബന്ധിച്ച്​ ഇത്തരം ചർച്ചകൾ ഒരു നോൺ ഇഷ്യൂ ആയിരിക്കും. ഇത്തരം ചർച്ച ഒരു വലിയ ഇഷ്യു ആകുന്നത്​, നമ്മുടെ ജീവിതം ആധുനിക ജനാധിപത്യ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയിലാണ് തുടർന്നുപോകുന്നത് എന്നതുകൊണ്ടാണ്​. മുകളിൽ നിന്ന് അതിലേക്കൊരു ചോദ്യം ഇറങ്ങിവരുന്നതുപോലെ തോന്നുമ്പോഴാണ്​ പലരും പരിഭ്രാന്തരാകുന്നത്.

ജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലും പിറക്കുന്നകാലം മുതൽ തുടരുന്ന വിവേചനം ചോദ്യവിധേയമാകാതെ പോകുന്ന പശ്ചാത്തലത്തിലാണ് ആൺ- പെൺ- ട്രാൻസ്മ ലിംഗപദവി വിവേചനം അവസാനിപ്പിക്കണമെന്ന ശരിയായ ആശയം കേൾക്കുമ്പോൾ പലർക്കും അസ്വസ്ഥത ഉണ്ടാകുന്നത് / Photo: F.B, Adam Harry

മതമില്ലാത്ത ജീവൻ എന്ന പാഠം

ഇപ്പോൾ നടക്കുന്ന സംവാദങ്ങൾ വിദ്യാലയങ്ങളെ പറ്റിയുള്ളതാണ്. അത്​ അനിവാര്യമാണ്​. അതേസമയം, വീട്ടകങ്ങളും കൂടി ചർച്ചയാകേണ്ടതുണ്ട്. പിറന്ന സമയം തൊട്ട് ഒരു ജനാധിപത്യ സമൂഹം പുലർത്തേണ്ട നൈതികതയുണ്ട്. ആ നൈതികതയാണ് സാമൂഹിക ജീവിതത്തിന്റെ പ്രഥമ സ്രോതസ്സ് എന്ന് കരുതാവുന്ന വീട്ടകങ്ങളിൽ പൊളിഞ്ഞുപോയത്. സാമൂഹികതയുടെ രണ്ടാമത്തെ സ്രോതസ്സ് എന്ന് വിളിക്കാവുന്ന പൊതുജീവിതത്തിൽ വരുമ്പോഴാണ് നമ്മൾ ഇത്തരം സംവാദങ്ങൾ ഉയർത്തുന്നത്. പ്രാഥമിക സ്രോതസ്സും രണ്ടാമത്തെ സ്രോതസ്സും തമ്മിലുള്ള വൈരുധ്യം അതേപോലെ നിലനിർത്തി വലിയ ആന്തരിക സംഘർഷങ്ങൾ അനുഭവിക്കാതെ ജീവിച്ചുപോകാൻ കഴിയും എന്ന് എത്രയോ കാലമായി നമുക്ക് മനസ്സിലായിട്ടുണ്ട്. അതായത്, വിദ്യാലയത്തിലും പൊതുവേദികളിലും പറയുന്നത് വീട്ടിലെത്തുന്നതോടെ നമുക്ക് ബാധകമല്ലാതായി തീരുന്നു. സാമൂഹികതയുടെ പ്രാഥമിക സ്രോതസ്സിലെ യുക്തി തന്നെയാണ് സാമൂഹികതയുടെ മറ്റ്​ അന്തരീക്ഷത്തിലെ ആശയങ്ങളെ ഇന്നും ഭരിച്ചുകൊണ്ടിരിക്കുന്നത്.

1917 ഒരു കാലയളവായി സ്വീകരിച്ചാൽ, അന്നുമുതൽ സാഹിത്യത്തിലും ജീവിതത്തിലുമൊക്കെ നിറഞ്ഞുനിന്ന ഒരു ആശയം നമ്മുടെ വിദ്യാർത്ഥികളുടെ മുന്നിൽ ഒരു പാഠമായി വന്നപ്പോൾ അതിനോട് സമൂഹം സ്വീകരിച്ച സമീപനം എന്താണ്?

ഇതിനൊരു മറുപുറമുണ്ട്. പ്രാഥമിക സ്രോതസ്സിലെ യാഥാസ്ഥികത്വം പൊതുജീവിതത്തിൽ പരിഷ്‌കരിക്കപ്പെടുകയോ കുറെയൊക്കെ പൊളിയുകയോ ചെയ്യും. അതിന് സാധ്യതയുണ്ട്​. ആ സാധ്യതയുണ്ടാകണമെങ്കിൽ ഇവ തമ്മിൽ സംവാദം നടക്കണം. പക്ഷെ പല സ്ഥലത്തും സംവാദം നടക്കുന്നില്ല. അതുകൊണ്ട് രണ്ടിനെയും കുറ്റബോധമില്ലാതെ കൊണ്ടുനടക്കാൻ കഴിയും. ഇപ്പോഴത്തെ വിവാദത്തിന്റെ ഒരു അടിസ്ഥാനം കൂടി പരിശോധിച്ചാൽ അത് നമുക്ക് മനസ്സിലാകും. കേരളം സാംസ്‌കാരികമായി എത്ര പിന്നാക്കമാണെന്ന് തെളിയിക്കുന്ന ഒന്നായിരുന്നു 2007 ൽ എം. എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിൽ ‘മതമില്ലാത്ത ജീവൻ’ എന്ന പാഠം ഉൾപ്പെടുത്തിയപ്പോഴുണ്ടായ പ്രതികരണങ്ങൾ. 1917 മുതൽ, ഒരു സാംസ്​കാരിക പ്രതിരോധം എന്ന നിലയിൽ സഹോദരൻ അയ്യപ്പൻ മിശ്രവിവാഹത്തെ രൂപപ്പെടുത്തിയിട്ടുണ്ട്​. 1943 ൽ ബഷീർ പ്രേമലേഖനത്തിൽ ഇതേ ആശയം എഴുതിയിരുന്നു. അതിനുശേഷം നമ്മുടെ കഥാ-നോവൽ-കവിതയിലൊക്കെ രൂപപ്പെട്ടുവന്നതാണ്​ ഈ ആശയം. 1917 ഒരു കാലയളവായി സ്വീകരിച്ചാൽ, അന്നുമുതൽ സാഹിത്യത്തിലും ജീവിതത്തിലുമൊക്കെ നിറഞ്ഞുനിന്ന ഒരു ആശയം നമ്മുടെ വിദ്യാർത്ഥികളുടെ മുന്നിൽ ഒരു പാഠമായി വന്നപ്പോൾ അതിനോട് സമൂഹം സ്വീകരിച്ച സമീപനം എന്താണ്?

'മതമില്ലാത്ത ജീവൻ' എന്ന പാഠഭാഗം

എത്ര ജനാധിപത്യപരമായിരുന്നു ആ പാഠം. വിജയലക്ഷ്മിയും അൻവർ റഷീദും കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ പോകുന്നു. കുട്ടിയുടെ പേര് ജീവൻ. ഇപ്പോൾ അവന്​ മതമില്ല, മുതിർന്നാൽ അവന് ഏതെങ്കിലും മതം സ്വീകരിക്കണമെങ്കിൽ സ്വീകരിക്കാം. ഇതിനേക്കാൾ ജനാധിപത്യപരമായ ഒരാശയം ഒരു ആധുനിക സമൂഹത്തിലെ ഏത് കുടുംബത്തിനാണ്​ മുന്നോട്ടുവെക്കാൻ പറ്റുക. മാത്രമല്ല, ഇത്​മിശ്രവിവാഹ കുടുംബമാണ്. തങ്ങളുടെ പകർപ്പായി മാറണം തങ്ങളുടെ മകൻ എന്നുപോലും മാതാപിതാക്കൾ പറയുന്നില്ല. അവന്റെ ഇഷ്ടം അവന് തീരുമാനിക്കാം. ആ പേര് പോലും പ്രതീകാത്മകമാണ്, ജീവൻ. ഒരു പുരാണത്തിന്റെയോ മതജന്മത്തിന്റെയോ പകർപ്പല്ല. ഈ പേര് ഏത് മതത്തിനും സ്വീകരിക്കാം, ഏത് ജനാതിപത്യ വ്യവസ്ഥക്കും സ്വീകരിക്കാം. ഒരു മതത്തിലും പെടാത്ത രണ്ടു മനുഷ്യർ ഒരു മതത്തിലും പെടാത്ത, എല്ലാ മതത്തിലും പെടുത്താവുന്ന ഒരാൾക്കിട്ട പേരാണ്. സ്വന്തമായി മതം ഏത് എന്ന് തീരുമാനിക്കാൻ സ്വന്തം മകന് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നു. 1917 നുമുൻപു തന്നെ ഇവിടെയുണ്ടായിരുന്ന ഒരു ആശയം, ഇത്ര വിപുലമായ ഒരു ജനാധിപത്യ പശ്ചാത്തലത്തിൽ വീണ്ടും അവതരിപ്പിച്ചപ്പോൾ, കേരളീയ സമൂഹത്തിലെ വലിയൊരു വിഭാഗം അതി​നോട്​ കാണിച്ച സമീപനം വേണ്ടവിധം ചർച്ച ചെയ്യപ്പെട്ടില്ല. ജനാധിപത്യത്തിലെ ബഹുസ്വരതയുടെ ഏറ്റവും വലിയൊരു മാതൃകയെ കെട്ടിപ്പുണരുന്നതിനുപകരം ഉന്നയിച്ച യുക്തി അത് മതത്തെ ഇല്ലാതാക്കുന്നു എന്നതാണ്. പക്ഷെ ഇവിടെ കുട്ടിയുടെ രക്ഷിതാക്കൾക്ക് മതമില്ല. എന്നിട്ടും രക്ഷിതാക്കൾ കുട്ടിക്ക് സ്വാതന്ത്ര്യം അനുവദിച്ചു. അപ്പോൾ യഥാർത്ഥ മതവിശ്വാസികൾ ആലോചിക്കേണ്ടത്, തങ്ങൾ എന്താണ് ചെയ്യുന്നതെന്നാണ്. അവർ കുട്ടിയുടെ മേൽ മതം അടിച്ചേൽപ്പിക്കുകയാണ്. കുട്ടിക്ക്​ മാറാനുള്ള സ്​പെയ്​സ്​ അനുവദിക്കുന്നില്ല. വളർത്തൽ ചുറ്റുപാടിന്റെയും നമ്മൾ സ്വാംശീകരിക്കുന്ന മൂല്യങ്ങളുടെയും ഭാരം നമ്മുടെ ജീവിതത്തിൽ എല്ലായിപ്പോഴും തുടരും. അത് കുടഞ്ഞുകളയാൻ ഒരു തലമുറക്ക് പ്രചോദനം നൽകുന്ന ആശയങ്ങൾ നിരന്തരം ഉൽപ്പാദിപ്പിക്കണം.

ലിംഗ വിഭജനവും ലിംഗ പദവിയും

ഈ സംവാദത്തിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു വിഷയം, അത്​ പഴയ സംവാദത്തിന്റെ തുടർച്ചയാണ് എന്നതാണ്​. ലിംഗ നിഷ്പക്ഷത അടിച്ചേൽപ്പിക്കുന്നു എന്ന് പലരും പറയുന്നുണ്ട്. ലിംഗവിഭജനം ഏതെങ്കിലും ഭരണകൂടത്തിന്റെയോ സംഘടനകളുടെയോ സൃഷ്ടിയല്ല. ലിംഗവിഭജനവും ലിംഗപദവി വിഭജനവും, അതായത് സെക്സും ജെൻഡറും രണ്ടാണ്. സെക്സ് സംബന്ധമായ എല്ലാ സാക്ഷാൽക്കാരത്തെയും സ്വാഗതം ചെയ്തുകൊണ്ട്, ജെൻഡർ സംബന്ധിച്ച കാര്യങ്ങളിൽ ഒരു സംവാദമാണ് സർക്കാർ പതുക്കെ മുന്നോട്ടു വെച്ചത്. അതാകട്ടെ, മുമ്പ് നടന്ന നിരവധി സംവാദങ്ങളുടെ തുടർച്ചയാണ്. ഇവിടെ മാത്രമല്ല, ലോകത്തുടനീളം പല കാലത്തും നടന്ന ജനാധിപത്യ സംവാദങ്ങളുടെ തുടർച്ചയാണിത്. അതായത്, ലിംഗത്തിലല്ല കാര്യം. ലിംഗമെന്നത് ജീവശാസ്ത്രപരമാണ്. എന്നാൽ ലിംഗ പദവി എന്നത് ജീവശാസ്ത്രത്തിന്റെ ഭാഗമല്ല, സാമൂഹികശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡേർസും ഉൾപ്പെടെ എല്ലാവരും അതിജീവനത്തിനായി ഒരുമിച്ച് നിന്ന കാലത്ത്​, അതിജീവനത്തിന്റെ ആദ്യ ഘട്ടത്തിൽ ലിംഗപദവി വിഭജനമില്ല. മിച്ചമുൽപ്പാദിപ്പിക്കപ്പെടുന്ന കാലത്താണ്, ആ മിച്ചം കൈകാര്യം ചെയ്യുന്ന ആളുകൾ തങ്ങളുടേതായ ചില അധികാരങ്ങൾ പ്രയോഗിക്കാൻ ആരംഭിക്കുന്നത്.

ഏതെങ്കിലുമൊരു ലിംഗ വിഭാഗത്തെയോ മത വിഭാഗത്തെയോ ഒഴിച്ചുനിർത്തുമ്പോഴല്ല, അവരെ ഒന്നിച്ച് ചേർക്കുമ്പോഴാണ് സംസ്‌കാരിക കുതിപ്പുണ്ടാകുന്നത്. ആ അർത്ഥത്തിൽ നമ്മുടെ കാലത്തെ പുതിയ ആശയങ്ങളെ അഭിവാദ്യം ചെയ്യുകയാണ്​ വേണ്ടത്​.

ഇന്നും പല സമൂഹങ്ങളിലും നിലനിൽക്കുന്ന സ്ത്രീ- പുരുഷ ബന്ധം ആധുനികരെന്നു പറയുന്നവരുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെട്ടുപോകുന്നതല്ല. ലോകത്തിലെ ആദ്യത്തെ മതം സത്യത്തിൽ ആൺകോയ്മാ മതമാണ്. മിച്ചം രൂപപ്പെട്ട സമയത്താണ്​ ആൺകോയ്മാ മതങ്ങൾ രൂപപ്പെട്ടത്​. ഈ ആൺകോയ്മയാണ് ഹിന്ദു മതത്തിലും ഇസ്​ലാം മതത്തിലും ക്രിസ്തു മതത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഇതേ മതങ്ങളിൽ തന്നെ ഈ ആൺകോയ്മ തിരിച്ചറിഞ്ഞ്​ ഈ മതത്തിന്റെ മൂല്യങ്ങളിൽ നിന്നുകൊണ്ടുതന്നെ അതിനുള്ള പ്രതിരോധവും ഉണ്ടായിട്ടുണ്ട്. മതത്തിന്റെ മൂല്യങ്ങൾക്കകത്ത് നിന്നുകൊണ്ടുതന്നെയുള്ള സ്ത്രീപക്ഷ ചിന്തകളുണ്ട്. എന്നാൽ, എല്ലാ മതങ്ങളിലും ആൺകോയ്മ അടങ്ങിയിട്ടുള്ളതുകൊണ്ട്, ആൺകോയ്​മയുടെ ഈ കുതിരക്കണ്ണ്​ എടുത്തുമാറ്റാതെ നമ്മുടെ കാഴ്ചയും കാഴ്ചപ്പാടും ജീവിതവുമൊന്നും ജനാധിപത്യരീതിയിലേക്ക് വളരില്ല എന്ന കാഴ്ചപ്പാടുമുണ്ട്. ഇത് രണ്ടും പരസ്പരം പ്രതിപ്രവർത്തിച്ചു കൊണ്ടുതന്നെയാണ് നിൽക്കുന്നത്.

എത്ര വൈവിധ്യങ്ങൾ ഒരുമിച്ചുവരുന്നു, അത്രയും സാംസ്​കാരികമായ വിസ്​ഫോടനങ്ങളാണ്​ സമൂഹത്തിലുണ്ടാകുക. മുമ്പൊക്കെ ട്രാൻസ്മ മനുഷ്യരെ കൗതുകം പോലെയായിരുന്നു കണ്ടിരുന്നത്. പക്ഷെ ഇന്ന് ട്രാൻസ്മയുടെ സാഹിത്യോത്സവം വരെ നടത്തുന്നു. വിജയരാജ മല്ലിക സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ അംഗമാണ്. നമ്മുടെ അവബോധത്തിലും ഭാവനയിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. ഏതെങ്കിലുമൊരു ലിംഗ വിഭാഗത്തെയോ മത വിഭാഗത്തെയോ ഒഴിച്ചുനിർത്തുമ്പോഴല്ല, അവരെ ഒന്നിച്ച് ചേർക്കുമ്പോഴാണ് സംസ്‌കാരിക കുതിപ്പുണ്ടാകുന്നത്. ആ അർത്ഥത്തിൽ നമ്മുടെ കാലത്തെ പുതിയ ആശയങ്ങളെ അഭിവാദ്യം ചെയ്യുകയാണ്​ വേണ്ടത്​. പക്ഷെ ഒരുപാട് ആളുകൾ തെറ്റിദ്ധാരണയിലേക്കും പരിമിതമായ ചിന്തയിലേക്കും വഴുതിവീഴുന്നത്​ലിംഗവിഭജനത്തേയും ലിംഗപദവിയെയും കൂട്ടിക്കുഴക്കുന്നതുകൊണ്ടാണ്. മാത്രമല്ല ചില സുഹൃത്തുക്കളുടെ വിമർശനം, ലിംഗപദവി മേൽക്കോയ്മ മറിച്ചിടുന്ന തരത്തിൽ മനുഷ്യർ ഒന്നിച്ചുചേർന്നാൽ തങ്ങളുടെ ലിംഗ സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള അവ്യക്തത ആ തലമുറയിലുണ്ടാകും എന്നാണ്​. എന്നാൽ അതൊരിക്കലും ഉണ്ടാകുന്നില്ല. മാത്രമല്ല, ലിംഗപരമായ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനത്തിലേക്കാണ്​ അത്​ എത്തുക. ലിംഗപദവി മേൽക്കോയ്മയാണ് സൂക്ഷ്മാർഥത്തിൽ വ്യത്യസ്ത ലിംഗവിഭാഗങ്ങളുടെ ലിംഗപരമായ വേറിട്ട റോളിനെ കുറിച്ച് അവ്യക്തതയുണ്ടാക്കുന്നത്​.

വിജയരാജ മല്ലിക / Photo: F.B, Vijayaraja Mallika

സ്ത്രീ എന്നത് ഒരു ശരീരമാണെന്ന തരത്തിലുള്ള മു​ൻവിധികളുണ്ടാകുന്നത്​, അകന്ന് ജീവിക്കാൻ തുടങ്ങുമ്പോഴാണ്. അകന്ന് ജീവിക്കുന്ന രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള മുൻവിധിയുടെ അടിസ്ഥാനത്തിലാണ് അവർ തമ്മിൽ ശത്രുതയും ഏറ്റുമുട്ടലും ഉണ്ടാകുന്നതെന്ന് ചരിത്രത്തിൽ നരവംശശാസ്ത്രഞർ തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. അടുത്തടുത്ത് താമസിക്കുമ്പോൾ നിരന്തരമുള്ള ഇടപെടൽ നടക്കും. അതോടെ പല മുൻവിധികളും അപ്രസക്തമാകും. ആൺ- പെൺ- ട്രാൻസ്മ തുടങ്ങി വ്യത്യസ്ത ലിംഗവിഭാഗങ്ങൾ അകന്നുനിൽക്കേണ്ടവരാണെന്ന, അല്ലെങ്കിൽ കുട്ടിക്കാലം മുതൽ അടക്കിനിർത്തേണ്ടവരാണെന്ന കാഴ്ചപ്പാടിൽ നിന്നാണ് ഇത്തരം മുൻവിധിയിലധിഷ്​ഠിതമായ സമീപനങ്ങളുണ്ടാകുന്നത്​. സാധാരണ ഗതിയിൽ പുരുഷന്മാർ തെറിപറയുന്നത് സ്വാഭാവികവും സ്ത്രീകൾ തെറി പറയുന്നത്​ എന്തോ വല്ലാത്ത സംഭവം എന്ന തരത്തിലുമാണ്​ ആളുകൾ കാണുന്നത്. അതെല്ലാം ഈ അകൽച്ചയിൽ നിന്നുണ്ടാകുന്നതാണ്. ജനാധിപത്യമാണ് ഇതിന് പരിഹാരം.

മൂലധന ഭീകരത ചെയ്യുന്നത്​

യാഥാസ്ഥിതികതയുടെ പ്രശ്നം മാത്രമല്ല ഇവിടെയുള്ളത്​. മൂലധന ഭീകരതക്കെതിരെ നടത്തേണ്ട വിമർശനമാണ് യാഥാസ്​ഥിതിക വിഭാഗം ജനാധിപത്യത്തിനെതിരെ തിരിച്ചിട്ടത്​. മൂലധന ഭീകരത എന്താണ്​ ചെയ്​തത്? ലോകത്തെ മുഴുവൻ ഒരു വിപണിയാക്കിത്തീർക്കുന്നതിന്റെ ഭാഗമായി എല്ലാ നിയന്ത്രണങ്ങളും എടുത്തുനീക്കണം എന്ന്​ അവർ ആവശ്യപ്പെടുന്നു. സംസ്​കാരത്തെ സാധ്യമാക്കുന്ന ചില നിയന്ത്രണങ്ങളുണ്ട്​. സാംസ്​കാരിക ഉദാരീകരണത്തിന്റെ ഭാഗമായി അതും എടുത്തുനീക്കി ആനന്ദവാദത്തിന്​ ആടിത്തിമർക്കാനുള്ള ഒരു വിപണിയായി മാറ്റുക എന്ന അജണ്ട, മൂലധനശക്തികളുടെ നേതൃത്വത്തിൽ ലോകത്ത്​ നടക്കുന്നുണ്ട്​. അവിടെയും വൈവിധ്യം തന്നെയാണ്. പക്ഷെ ആ വൈവിധ്യം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്​.

തീവ്ര വലതുപക്ഷത്തിന്റെയും തീവ്ര വിപണിപക്ഷത്തിന്റെയും ആക്രമണത്തിന്റെ കുന്തമുന, ഇവ രണ്ടും തമ്മിൽ വൈരുധ്യങ്ങളുണ്ടെങ്കിലും, ഒരേ സമയം ജനാധിപത്യത്തിന്റെ നെഞ്ചിലേക്കുതന്നെയാണ്​ തിരിച്ചുവെച്ചിരിക്കുന്നത്.

ചരിത്രത്തിൽ രൂപപ്പെട്ട് വന്നിട്ടുള്ള നിരവധി ബന്ധങ്ങളുണ്ട്. കുട്ടികളോടുള്ള സ്നേഹവാത്സല്യത്തെ വരെ കാമവുമായി കൂട്ടികെട്ടുന്ന, എന്തും അനുവദനീയം എന്ന പ്രവണത ജനാധിപത്യപരമല്ല. ജനാധിപത്യത്തിൽ ബന്ധങ്ങളുടെ പല തരം വൈവിധ്യങ്ങളുണ്ട്​. സഹോദരി- സഹോദര ബന്ധം, സൗഹൃദബന്ധം, പ്രണയ ബന്ധം, മുതിർന്നവരോടുള്ള ബഹുമാനവും സ്നേഹവും ചേർന്ന ബന്ധം തുടങ്ങി ചരിത്രവികാസത്തിനിടയിൽ നമ്മുടെ വികാരങ്ങളുടെ ഒരു ഭൂപടം തന്നെ വളർന്നിട്ടുണ്ട്. അതിനെ മുഴുവൻ വെട്ടിച്ചുരുക്കി, മാംസരുചിയുടെ ഭാഗമാക്കി മാറ്റുന്ന രീതി നിലവിലുണ്ട്​. അമ്മയും മകളും തമ്മിലുള്ള രതി, സഹോദരിയും സഹോദരനും തമ്മിലുള്ള രതി തുടങ്ങിയതൊക്കെ തീർച്ചയായും ചെറുക്കപ്പെടേണ്ടത് തന്നെയാണ്.

തീവ്ര വലതുപക്ഷത്തിന്റെയും തീവ്ര വിപണിപക്ഷത്തിന്റെയും ആക്രമണത്തിന്റെ കുന്തമുന, ഇവ രണ്ടും തമ്മിൽ വൈരുധ്യങ്ങളുണ്ടെങ്കിലും, ഒരേ സമയം ജനാധിപത്യത്തിന്റെ നെഞ്ചിലേക്കുതന്നെയാണ്​ തിരിച്ചുവെച്ചിരിക്കുന്നത്. അതായത് തീവ്രവലതുപക്ഷത്തിന്, ജനാധിപത്യത്തിന്റെ നിലപാട്​ എന്നാൽ വിപണി നിലപാട് തന്നെയാണ് എന്ന് വരുത്തി തീർക്കേണ്ടതുണ്ട്. പക്ഷെ അത് വിപണി നിലപാട് അല്ല. അതേസമയം, ജനാധിപത്യത്തിന്റെതായ ചില നിയന്ത്രണങ്ങൾ കൂടി ചേർന്നതാണ് നമ്മുടെ സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിന്റെ ശരിയായ നിലപാടിന് വിപണിപക്ഷത്തുനിന്ന്​ ആക്രമണം നേരിടേണ്ടിയും വരും. അപ്പോൾ രണ്ട് പ്രബല ആക്രമണങ്ങളെ അഭിമുഖീകരിച്ച്​മുന്നോട്ടുകൊണ്ട് പോകേണ്ട ഒരു മൗലിക പ്രശ്നമാണ് ജൻഡർ ന്യൂട്രൽ സംവാദങ്ങൾ.

ജൻഡർ സ്റ്റീരിയോടൈപ്പുകൾ

ജൻഡർ ന്യൂട്രൽ എന്നതിനെ പണ്ടുകാലത്ത് എതിർക്കുമ്പോൾ പറഞ്ഞിരുന്ന എല്ലാ യുക്തികളും അവരുടെ തന്നെ ജീവിതത്തിനുമുന്നിൽ പൊളിഞ്ഞുകിടക്കുന്നത്​ അവർ കണ്ണുതുറന്ന്​ കാണണം. മതത്തിന്റെ യാഥാസ്​ഥിതിക വ്യാഖ്യാനങ്ങളിൽ ഈ സംവാദത്തെ പ്രതിരോധിക്കാൻ സ്​ഥിരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്​ സ്ത്രീ പ്രകൃതം എന്നൊരു പരികൽപ്പനയാണ്. ആ പരികൽപ്പന എത്ര പ്രസക്തമാകുന്നുവോ അത്രയും പ്രസക്തമാണ് ആൺപ്രകൃതം എന്ന പരികല്പനയും. പക്ഷെ ആ പരികല്പന അവതരിപ്പിക്കപ്പെടുന്നില്ല. അതുപോലെ പ്രസക്തമാണ് ട്രാൻസ്മ മനുഷ്യർ പരികല്പനയും. ഓരോ ലിംഗവിഭാഗത്തിന്റെയും പ്രകൃതത്തെ കുറിച്ച് പറയാതെ സ്ത്രീകളുടെ മാത്രം പ്രകൃതത്തെപറ്റി പറയുന്നത് പ്രകൃതത്തെ കുറിച്ചുള്ള അന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടല്ല. ആ അ​ന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ആൺപ്രകൃതത്തെക്കുറിച്ച്​ പറഞ്ഞുകൊണ്ടാണ്​ പെൺപ്രകൃതത്തെക്കുറിച്ച്​ പറയേണ്ടത്​. അത്​ അവസാനം എത്തിപ്പെട്ടുനിൽക്കുക ജീവശാസ്​ത്രപരമായ ​പ്രത്യേകതയിലായിരിക്കും. അതിലേക്ക്​ ലിംഗവിഭാഗത്തെ ചുരുക്കുക എന്ന കുറ്റകൃത്യത്തിലേക്കാണ്​ അടുത്ത ഘട്ടത്തിൽ എത്തുക. സ്​ത്രീപ്രകൃതം എന്നത്​ അവരുടെ ജൈവപ്രകൃതമാണ്​, അവർക്ക്​ ഭക്ഷണം പാചകം ചെയ്യാനും കുട്ടികളെ പ്രസവിക്കാനുമേ കഴിയൂ. യുദ്ധം ചെയ്യുക പുരുഷന്മാരാണ്​. അവിടെയാണല്ലോ പൗരുഷം- സ്​ത്രൈണം എന്ന ജൻഡർ സ്​റ്റീരിയോടൈപ്പുണ്ടാകുന്നത്​. അത്​ ലിംഗവിഭജനത്തിൽനിന്നുണ്ടാകുന്നതല്ല, ലിംഗപദവി ​മേൽക്കോയ്​മാ വിഭജനത്തിൽനിന്നുണ്ടാകുന്നതാണ്​. ജൻഡർ എന്നതിനെ ലിംഗപദവി മേൽക്കോയ്​മ എന്നുതന്നെ മലയാളത്തിൽ വിവർത്തനം ചെയ്യണം. സ്​ത്രൈണം എന്നു പറയുമ്പോൾ, സത്യത്തിലുള്ള സ്​ത്രീപ്രകൃതമോ ആൺപ്രകൃതമോ അല്ല അത്, സ്​ത്രീയെക്കുറിച്ചുള്ള പുരുഷമേൽക്കോയ്​മയുടെ നിർമിതിയാണ്​ എന്ന്​ തിരിച്ചറിയണം​.

ലെനിന്റെ പ്രസിദ്ധമായ പ്രയോഗമുണ്ട്, ഏറ്റവും വിരസവും യാന്ത്രികവുമാണ് ഗാർഹികജോലി. ഗാർഹിക ജീവിതത്തിൽ ഓരോ സ്ത്രീയുടെയും ജീവിതം നിത്യവും ബലികൊടുക്കപ്പെടുന്നു. ഇന്ന് പൊതുഅടുക്കളകൾ ചെറിയ തോതിലാണെങ്കിലും വരുന്നുണ്ട്​. മധ്യവർഗ മലയാളി ഇത്തരം ആശയങ്ങളെല്ലാം സ്വാഗതം ചെയ്യും. ആശയങ്ങൾ മരിച്ചുകിടക്കുമ്പോൾ റീത്ത് സമർപ്പിക്കാൻ ക്യൂ നിൽക്കും. എന്നാൽ, ശവപ്പെട്ടിയിൽനിന്ന് ഈ ആശയങ്ങൾ തലപൊക്കി ‘ഞാൻ ചത്തിട്ടില്ല’ എന്ന് പറഞ്ഞാൽ നാം അതിനെ ചവുട്ടിക്കൊന്ന് പൂജിക്കാനുള്ള വിഗ്രഹമാക്കി മാറ്റും. ഈ മധ്യവർഗവൽക്കരണത്തെ തീരുമാനിക്കുന്നത് മതം മാത്രമല്ല. അധികാരത്തിന്റെ സൗകര്യങ്ങൾ ആസ്വദിക്കാനുള്ള ഒരു പ്രവണത കൂടി ഇതിനുപിന്നിലുണ്ട്. ഞാനുൾപ്പെടെയുള്ളവർ ചരിത്രപരമായി പുരുഷാധികാരം നൽകിയ പല ജനാധിപത്യവിരുദ്ധസൗകര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. നമ്മൾ സൗകര്യം എന്ന രീതിയിൽ അനുഭവിക്കുന്നതെല്ലാം ചൂഷണമാണ് എന്ന് മനസ്സിലാക്കിയാലും അതിനെ പെട്ടെന്ന് ഉപേക്ഷിക്കാനാകില്ല. അതേസമയം, ഇതിനെതിരെ രണ്ടുതരം സമരം നടത്തണം, ഒന്ന്, ആന്തരികമായ സമരം. രണ്ട്​, സൗകര്യങ്ങളുടെ ലോകം അടച്ചുപൂട്ടാൻ ചൂഷണവിധേയരായ ലിംഗവിഭാഗം സമരം ചെയ്യണം. ഈ രണ്ടു സമരങ്ങളും ഒത്തുചേരുമ്പോഴേ മധ്യവർഗ മാനസികാവസ്ഥക്ക് മാറ്റം വരൂ.

ലെനിന്റെ പ്രസിദ്ധമായ പ്രയോഗമുണ്ട്, ഏറ്റവും വിരസവും യാന്ത്രികവുമാണ് ഗാർഹികജോലി. ഗാർഹിക ജീവിതത്തിൽ ഓരോ സ്ത്രീയുടെയും ജീവിതം നിത്യവും ബലികൊടുക്കപ്പെടുന്നു / Photo: Shafeeq Thamarassery

ലിംഗവിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ സമൂഹത്തിലുള്ളത്. ആൺകോയ്മാ ഭീകരയെ ചെറുക്കാനാണല്ലോ ഷീ ടാക്‌സി ഒക്കെ ആവശ്യമായി വരുന്നത്. അനിവാര്യവും ചരിത്രപരവുമായ കാരണങ്ങളാൽ, ലിംഗവിഭജനത്തിന്റെ യുക്തിയിൽ രൂപപ്പെട്ട സംഘാടനരൂപങ്ങളാണവ. അവ തുടരണം. അതേസമയം, ലിംഗപദവി മേൽക്കോയ്മയുടെ ചില ആശയങ്ങൾ കൂടി ഈ ലിംഗവിഭജനക്രമീകരണങ്ങളിലുണ്ട് എന്ന് നമ്മൾ തിരിച്ചറിയണം. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ലിംഗപദവി മേൽക്കോയ്മയെ മറിച്ചിടുന്ന പുതിയ ക്രമീകരണങ്ങൾക്ക് രൂപം നൽകണം. അതുവഴി, പതുക്കെ ലിംഗവിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ ലിംഗപദവി മേൽക്കോയ്മാ വിഭജനത്തെ അതിക്രമിക്കുന്ന പുതിയ ക്രമങ്ങളിലേക്ക് കണ്ണിചേർക്കപ്പെടാനാകും. അത് നമ്മളെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകും. ആരുടെയും വിശ്വാസത്തിനോ വ്യക്തിഗതമായ അഭിരുചിക്കോ അത് വെല്ലുവിളിയാകില്ല. മാത്രമല്ല, വ്യക്തിഗത അഭിരുചികൾ പലതും തടവറയിലാണ്. അവ തടവറ ഭേദിച്ച് പുറത്തുവരുന്നത് അപ്പോഴായിരിക്കും. ഉദാഹരണത്തിന് സെക്‌സ് തന്നെ എടുക്കുക. സെക്‌സിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിരുചികളാണുള്ളത്. അത് പക്ഷേ ഒരു വ്യവസ്ഥാപിത ക്രമത്തിലേക്ക് സ്വയം ഒതുങ്ങുകയോ ഒതുക്കപ്പെടുകയോ ആണ് ചെയ്യുന്നത്. ആണും പെണ്ണും ട്രാൻസ്മയുമെല്ലാം നിരവധി ടൈപ്പുകളുണ്ടാകും. ഇത്തരം അഭിരുചികളെയെല്ലാം സ്വതന്ത്രമാക്കിയാൽ അഭിരുചികൾ തമ്മിൽ ലിംഗവിഭജിത സമൂഹത്തിൽ ഉണ്ടാകാനിടയുള്ള ഏറ്റമുട്ടലുകൾ ഒഴിവാക്കാനും കഴിയും. അതിനായിരിക്കും സാധ്യത എന്നാണ് ഞാൻ കരുതുന്നത്.

ഞാൻ ഫാറൂഖ് കോളേജിൽ മലയാളം ബി.എക്ക് പഠിപ്പിക്കുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഇങ്ങനെ ഇടകലർന്ന് ഇരുന്നിട്ടുണ്ട്. അത്, ഞങ്ങൾക്കോ കുട്ടികൾക്കേ ഒരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ല.

അധ്യാപകരും ക്ലാസ്​റൂമും

ക്ലാസ്​ റൂമിലേക്ക്​ തിരിച്ചുവന്നാൽ, അവിടെ ഏത് അധ്യാപകർക്കും പ്രൊഫഷനൽ എത്തിക്‌സുണ്ട്. പാഠപുസ്തകാധിഷ്ഠിതവും അതിന് പുറത്തുള്ളതുമായ കാര്യങ്ങളെ വിദ്യാർഥികളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്​ അധ്യാപകന്​ ചെയ്യാനുള്ളത്​. വിദ്യാർഥികളുടെ ശ്രദ്ധ അതിലുണ്ടായിരിക്കണം. ശ്രദ്ധ വ്യതിചലിക്കുന്ന സമയത്ത് വിദ്യാർഥിയെ പാഠഭാഗത്തിലേക്ക് കൊണ്ടുവരേണ്ടത് അധ്യാപകരുടെ ജോലിയാണ്. സ്വഭാവികമായും ഒരു അധ്യാപകൻ ക്ലാസിലെ അച്ചടക്കം നിലനിർത്താൻ തൊഴിൽപരമായി തന്നെ ബാധ്യസ്ഥരാണ്. ആ അച്ചടക്കം അസാധ്യമാക്കുന്ന തരത്തിലേക്ക് വിദ്യാർഥികൾ പ്രവർത്തിച്ചാൽ, അധ്യാപകർക്ക് ഇടപെടേണ്ടിവരും. അതേസമയം, സംവാദാന്തരീക്ഷം രൂപപ്പെടുത്തി, പഠനപ്രക്രിയയിൽ എല്ലാവരെയും ഉൾപ്പെടുത്തി ഓരോരുത്തരിൽനിന്നും സന്ദർഭം ആവശ്യപ്പെടുന്ന അച്ചടക്കം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതായത്, ജനാധിപത്യ ക്ലാസ്​മുറി ലക്ഷ്യം വെക്കേണ്ടത് പഠനപ്രക്രിയയിൽ പങ്കെടുക്കേണ്ട അധ്യാപകരും വിദ്യാർഥികളും കൂട്ടായി ഉയർന്ന അച്ചടക്കത്തിലേക്ക് എത്തുമ്പോഴാണ്​. അത്​ മുകളിൽനിന്ന് കെട്ടിവെക്കുന്ന അച്ചടക്കമല്ല. പക്ഷെ, പലവിധ കാരണങ്ങളാൽ ഇന്നത്തെ പാശ്ചാത്തലത്തിൽ, അധ്യാപകർ നേരത്തെ പറഞ്ഞ ഇടപെടൽ നടത്തേണ്ടിവരും. കഴിവതും ആ ഇടപെടൽ കുറച്ചുകൊണ്ടുവന്ന് ക്ലാസ്​റൂമിനെ സംവാദാത്മകമാക്കുക, സർഗാത്മകമാക്കുക, കലാത്മകമാക്കുകയാണ് എന്നിവയെല്ലാമാണ്​ വേണ്ടത്​. ഇപ്പോഴത്തെ രീതിയനുസരിച്ച് ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും വേറെവേറെയാണിരിക്കുക. ഒരു പെൺകുട്ടി വൈകിവരുന്നു. ആൺകുട്ടികളുടെ ബെഞ്ചിൽ സീറ്റുണ്ട്, ആ കുട്ടി അവിടെവന്നിരിക്കുന്നു. ഒരു ആൺകുട്ടി വൈകിവരുമ്പോൾ മറുവശത്തുചെന്നിരിക്കുന്നു. അത് ക്ലാസ് റൂമിൽ സഹജമായി സംഭവിക്കുന്ന കാര്യമാണ്. അവിടെ അധ്യാപക പൊലീസിംങ്ങിന്റെ ആവശ്യമില്ല. ഞാൻ ഫാറൂഖ് കോളേജിൽ മലയാളം ബി.എക്ക് പഠിപ്പിക്കുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഇങ്ങനെ ഇടകലർന്ന് ഇരുന്നിട്ടുണ്ട്. അത്, ഞങ്ങൾക്കോ കുട്ടികൾക്കോ ഒരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ല. തിങ്ങിയിരിക്കുന്നതാണല്ലോ സെക്കൻഡ് ലാംഗ്വേജ് ക്ലാസുകൾ. അവിടെയും കുട്ടികൾ ഇങ്ങനെ ഇരുന്നിട്ടുണ്ട്. അത് ഒരു പ്രശ്‌നമായി എനിക്ക് തോന്നിയിട്ടില്ല.

Photo : Govt. College of Fine Arts

ക്ലാസ് റൂമിന് ഒരു സിസ്​റ്റമുണ്ടല്ലോ. അതിന് പ്രയാസമുണ്ടാക്കുന്ന രീതിയിൽ, രണ്ട് ആൺകുട്ടികൾ സംസാരിച്ചാൽ എന്ത് നിലപാടാണോ അധ്യാപകർക്ക്​എടുക്കേണ്ടിവരിക, ആ നിലപാട്, ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ സംസാരിച്ചാലും എടുക്കേണ്ടിവരും. അത് ആൺകുട്ടിയും പെൺകുട്ടിയും ആയതുകൊണ്ടല്ല, അത് ക്ലാസ് റൂം എത്തിക്‌സാണ്. ഞാൻ സർവീസിൽ നിന്ന് പിരിഞ്ഞിട്ട് പതിനഞ്ചുവർഷത്തോളമായി. അന്ന് പരിമിതികളേറെയുണ്ടായിരുന്നു. സാധ്യതകളുമുണ്ടായിരുന്നു. അത് ഏറെ ആഹ്ലാദവും പകരുന്നുണ്ട്. അതേസമയം, അന്ന് ആ പരിമിതികൾക്കുള്ളിൽ പ്രവർത്തിക്കാൻ നമ്മൾ നിർബന്ധിതരായിട്ടുണ്ടാകും. ഇന്ന് ഞാൻ അധ്യാപകനായി തുടരുന്നുണ്ടെങ്കിൽ, ഞാൻ ഒരിക്കലും പതിനഞ്ചുവർഷം മുമ്പത്തെ അധ്യാപകനായിരിക്കില്ല, അന്നത്തെ എന്റെ ക്ലാസ് റൂമായിരിക്കില്ല ഇന്നത്തേത്. അത്രമാത്രം നമ്മൾ മാറിക്കഴിഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ചയുടെയും വിവരവിജ്ഞാന വിസ്‌ഫോടനത്തിന്റെയുമൊക്കെ സാഹചര്യത്തിൽ വളർന്നുവരുന്ന കുട്ടികൾ പഴയ കുട്ടികളുടെ തുടർച്ചയല്ല. എന്റെ തലമുറയിലെ കുട്ടികൾക്ക് ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള അറിവ് വട്ടപ്പൂജ്യമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതെല്ലാം അറിയാം. അത് നമ്മൾ അംഗീകരിക്കണം.

ഞാൻ പഠിക്കുന്ന കാലത്തും പഠിപ്പിക്കുന്ന കാലത്തും കാമ്പസ് പൊളിറ്റിക്‌സ് ലിംഗ വിഭജനത്തിന്റെ അതിർത്തി മുറിച്ചുകടക്കാൻ സഹായിച്ച ഒന്നായിട്ടാണ് കാണുന്നത്. ഒന്നിച്ചുള്ള പ്രവർത്തനം, പ്രകടനം, സമരം, കലാവിഷ്‌കാരങ്ങൾ. ഇപ്പോൾ, ഏത് കോളേജിൽ നോക്കിയാലും കുട്ടികൾ ഒന്നിച്ച് പാട്ടുപാടുന്നു, ഒന്നിച്ച് അഭിനയിക്കുന്നു, ഒന്നിച്ച് യാത്ര ചെയ്യുന്നു, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു, ഒന്നിച്ച് തർക്കിക്കുന്നു. കുറച്ചുകൂടി ഓപൺ ആകുമ്പോൾ ആൺകുട്ടികൾ തമ്മിൽ എന്തെങ്കിലും പ്രശ്‌നത്തിൽ ഉന്തും തള്ളുമുണ്ടാകുന്നതുപോലെ, ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുമുണ്ടാകും.

പഴയ ആശയങ്ങളിൽ സ്​തംഭിച്ചുനിൽക്കുന്നവർ

ലിംഗവിഭജനത്തെയും ലിംഗപദവി മേൽക്കോയ്മയെയും കൂട്ടിക്കുഴക്കുന്നതുകൊണ്ടുണ്ടാകുന്ന കുറെ പ്രശ്‌നങ്ങളുണ്ട്. കുറെ സ്റ്റീരിയോടൈപ്പുകൾ നമ്മൾ ഉണ്ടാക്കിവച്ചിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ ജീവശാസ്ത്രപരമായ വ്യത്യാസം, അവരെ സാംസ്‌കാരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാക്കുന്നു എന്ന ഏതോ കാലത്തെ കാഴ്ചപ്പാടാണ് പുതിയ കുപ്പായത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന വസ്ത്രസംവാദം നോക്കൂ. പുരുഷന്മാർക്ക് സാരിയുടുത്താലെന്താ? തുല്യത അങ്ങനെയല്ലേ ഉണ്ടാക്കേണ്ടത് എന്ന ചോദ്യം വരുന്നത്​, ആൺകോയ്മയുടെ കുതിരക്കണ്ണുകൾ വച്ച് നോക്കുമ്പോഴാണ്. ബെറ്റി ഫ്രീഡാന്റെ 'വിച്ച്' (W.I.T.C.H.- Women's International Terrorist Conspiracy from Hell) എന്നൊരു ഫെമിനിസ്റ്റ് പരികൽപ്പനയുണ്ട്. അവർ പറയുന്നുണ്ട്, സ്ത്രീകൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത് പുരുഷാധിപത്യം കൽപ്പിച്ചരുളിയ വാർപ്പുമാതൃകകൾക്കുള്ളിലാണ്. നാണംകുണുങ്ങിയുള്ള നിൽപ്പും നടപ്പും, ശ്വാസം മുട്ടിക്കുന്ന വസ്ത്രവും, മേക്കപ്പുമെല്ലാം നോക്കിക്കഴിഞ്ഞാൽ മറ്റാർക്കോ വേണ്ടിയുള്ള ഒരു ജീവിതം. ഇതെല്ലാം മാറ്റിവച്ച് ഉള്ളിലേക്ക് നോക്കാൻ ധീരരാവുകയാണെങ്കിൽ, അവരുടെ സ്വതന്ത്രമായ അംശം കാണാൻ പറ്റും. അതാണ് ‘വിച്ച്’. അതുകൊണ്ട്, അതിൽ മെമ്പർഷിപ്പ് എടുക്കേണ്ട കാര്യമില്ല. മറിച്ച്, നമ്മളൊക്കെ അതാണ്, എന്നാൽ, ഇപ്പോൾ നമ്മളൊന്നും അതല്ല. ഇപ്പോൾ കെട്ടിവക്കപ്പെട്ട വാർപ്പുമാതൃകകൾക്കുള്ളിലാണ് നമ്മൾ. വാർപ്പുമാതൃകകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന തങ്ങളെത്തന്നെ ഒരു സ്ത്രീ കണ്ടെത്തുമ്പോഴാണ് അവർ ഒരു ‘വിച്ച്’ ആകുന്നത്.
എല്ലാ സ്ത്രീപക്ഷ ചിന്തകരും, സ്ത്രീപക്ഷ ചിന്തകരായ സ്ത്രീകളല്ലാത്തവരും പറഞ്ഞ ഒരു ആശയമുണ്ട്. സ്ത്രീയായി ജനിക്കുന്ന ഓരോ പ്രതിഭയും നമുക്ക് നഷ്ടമാകുകയാണ് ചെയ്യുന്നത്. 2020ലാണല്ലോ രാത്രി നടത്തമുണ്ടായത്. ഉടുത്തിരിക്കുന്ന വസ്ത്രത്തിനുള്ളിൽ ഒരു പ്രാണി കുടുങ്ങിയാൽ, പുരുഷന് ഒരു പ്രശ്‌നവുമില്ല. സ്ത്രീ അനുഭവിക്കുന്ന ഒരു പ്രശ്‌നമുണ്ട്. ജീവൻ അപകടപ്പെടുത്തുന്ന ഒരവസ്ഥയിൽ പോലും വസ്ത്രത്തിന്റെയൊക്കെ പിടിയിൽ പെട്ടുപോകുന്ന വല്ലാത്തൊരന്തരീക്ഷമുണ്ടല്ലോ. തൊഴിലെടുക്കുന്ന സ്ത്രീകൾ, തൊഴിലിനനസുരിച്ച് അവരുടെ വസ്ത്രം ക്രമപ്പെടുത്തും. അവർക്കത് പ്രശ്‌നമല്ല. വായ്‌നോക്കികൾ എന്നു പറയുന്നതരം ആളുകളുടെ പോലും നോട്ടത്തെ മാറ്റും ആ തൊഴിലിന്റെ എത്തിക്‌സ്. ചിലർ ചിലയിടങ്ങളിൽ സ്തംഭിച്ചുനിൽക്കുകയാണ്. അവിടെനിന്ന് അവർ മുന്നോട്ടുവരുന്നില്ല.

ആൺ- പെൺ- ട്രാൻസ്മർ എന്ന ‘ജീവശാസ്ത്ര' വിഭജനത്തെയും ആണത്തം / പെണ്ണത്തം / ട്രാൻസ്മത്തരം എന്ന ലിംഗ പദവി വിഭജനമേൽക്കോയ്മയെയും കൂട്ടിക്കുഴക്കാതിരിക്കുക.

‘ഫാദർ ഓഫ് റെയിൽവേസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോർജ് സ്റ്റീഫൻസനെക്കുറിച്ച് നരവംശശാസ്ത്രജ്ഞനായ ഗോർഡൻ ചൈൽഡിന്റെ നല്ലൊരു കമന്റുണ്ട്, നോളജ് ആൻറ്​ സൊസൈറ്റി എന്ന പുസ്തകത്തിൽ. അറിവ് രൂപപ്പെട്ട അതേ കാലത്തുനിന്നുതന്നെയാണ് സ്റ്റീഫൻസൻ ആരംഭിച്ചിരുന്നത് എങ്കിൽ
സ്റ്റീവൻസന് ഒരു തീവണ്ടിയെഞ്ചിൻ രൂപകൽപ്പന ചെയ്യാൻ കഴിയില്ല. അയാളുടെ പ്രതിഭക്ക് പരമാവധി ഒരു മികച്ച കൽകത്തിക്ക് ആവിഷ്‌കാരം നൽകാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. നമ്മുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ, സാമൂഹിക പുരോഗതിയുടെയും സംവാദങ്ങളിലൂടെയും മറ്റും രൂപപ്പെട്ടുവരുന്ന പലതരം അറിവുകളുണ്ട്. ആ അറിവുകളുമായി നമ്മൾ എൻഗേജ് ചെയ്യണമല്ലോ. അതിനുപകരം പഴയ ആശയങ്ങളിൽ സ്തംഭിച്ചുപോയാൽ അത് വലിയ തെറ്റായിരിക്കും.

ആൺ- പെൺ- ട്രാൻസ്മർ എന്ന ‘ജീവശാസ്ത്ര' വിഭജനത്തെയും ആണത്തം / പെണ്ണത്തം / ട്രാൻസ്മത്തരം എന്ന ലിംഗ പദവി വിഭജനമേൽക്കോയ്മയെയും കൂട്ടിക്കുഴക്കാതിരിക്കുക. മാറിവന്ന സാമൂഹ്യമാറ്റത്തിലെ സാധ്യതകളെ തിരസ്‌കരിക്കുന്നതിനുപകരം പ്രായോഗികമായെന്നപോലെ ആശയപരമായും സ്വാംശീകരിക്കുക. മുമ്പ് അവഗണിക്കപ്പെട്ട ‘ട്രാൻസ്മർ' പരിമിതമായെങ്കിലും പരിഗണിക്കപ്പെട്ടത്, സ്ത്രീകൾക്ക് അപ്രാപ്യമെന്ന് കരുതപ്പെട്ട തൊഴിലുകളിലേക്ക് പുരുഷന്മാരും കടന്നുവരുന്നത്, ‘അവിവാഹിതരായ അമ്മമാർക്കുള്ള' അംഗീകാരം തുടങ്ങി പുതിയ കാലത്തിന്റെ ജനാധിപത്യ ചുവടുകൾ ഉയർത്തിപ്പിടിക്കുക. അതേസമയം, മാനവിക മൂല്യങ്ങളെയാകെ അട്ടിമറിക്കുംവിധം ‘മൂലധന മൂല്യങ്ങൾ' അടിച്ചേൽപ്പിക്കുന്ന ‘നിയന്ത്രണരഹിതമായ', എന്തും അനുവദനീയമാക്കുന്ന ‘പെർമിസ്സീവ്' സമൂഹം എന്ന 'സാംസ്​കാരിക ഉദാരീകരണ കാഴ്ചപ്പാടുകളെ ചെറുത്തുതോൽപ്പിക്കുക. ▮


കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments