മുജീബ് റഹ്​മാൻ കിനാലൂർ

സ്​കൂളുകൾ മിക്​സഡ്​ ആയി,
സമൂഹം മിക്​സഡ്​ അല്ലെങ്കിലോ?

ഞാൻ ചെറുപ്പം തൊട്ട് പഠിച്ചതും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതും മിക്‌സഡ് വിദ്യാലയങ്ങളിലാണ്. പക്ഷെ അത്, ആധുനികമായ ഒരു ജൻഡർ സെൻസിബിലിറ്റി രൂപെപ്പെടുത്താൻ എന്നെ സഹായിച്ചിട്ടില്ല.

ടുത്ത അധ്യയനവർഷം മുതൽ ആൺ- പെൺ സ്‌കൂളുകൾ നിർത്തലാക്കി എല്ലാ സ്‌കൂളുകളും സഹവിദ്യാലയങ്ങളാക്കി മാറ്റണമെന്ന് ബാലാവകാശ കമീഷൻ ശുപാർശ ചെയ്തിരിക്കുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന ലിംഗനീതി നിഷേധിക്കുന്നതാണ് ആൺ- പെൺ പള്ളിക്കൂടങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ശുപാർശ. ഇത്​ സർക്കാർ തലത്തിൽ തീരുമാനമായി നടപ്പാക്കപ്പെടുകയാണെങ്കിൽ, കേരളത്തിലെ 280 ഗേൾസ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളായി മാറും. പൊതുവിൽ ഈ ഉത്തരവിനെതിരെ കാര്യമായ എതിർപ്പുയർന്നു വന്നിട്ടില്ല. ലിംഗനീതിയെ കുറിച്ച് കൂടുതൽ ചർച്ച നടക്കുന്ന കാലത്ത് ആൺ- പെൺ വിദ്യാലയങ്ങൾ കാലഹരണപ്പെട്ടതാണ് എന്ന ബോധ്യമാകാം അതിനുകാരണം. അതേസമയം, എസ്. സി. ഇ. ആർ. ടി യുടെ വിദ്യാഭ്യാസ ചട്ടക്കൂട് പരിഷ്‌കരണ റിപ്പോർട്ടിൽ മുന്നോട്ടുവെച്ച, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ബെഞ്ചിലിരുന്ന് പഠിക്കാൻ അവസരം നൽകണമെന്ന നിർദേശത്തിനെതിരെ ശക്തമായ എതിർപ്പ് പല ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയത്തിനെതിരെയും കടുത്ത വിമർശനം തുടരുകയാണ്.

കേരളത്തിൽ പള്ളിക്കൂടങ്ങൾക്ക് തുടക്കം കുറിച്ചത്​ ക്രൈസ്തവ മിഷനറികളാണ്. മിഷനറി പിന്തുടരുന്ന സദാചാര കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതായിരുന്നു ആദ്യ തലമുറയിൽ പെട്ട പള്ളിക്കൂടങ്ങളിൽ പലതും. പിന്നീട് ഇതര സമുദായങ്ങൾ സ്ഥാപിച്ച സ്‌കൂളുകളും പിൽക്കാലത്ത് സർക്കാർ ഏറ്റെടുത്ത സ്‌കൂളുകളും അതേ മാതൃക തുടർന്നു. സ്‌കൂളുകൾ മാത്രമല്ല, കേരളത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ കോളജുകളും ഉണ്ടായിരുന്നു. ഇന്നും ധാരാളം വിമൻസ് കോളജുകളുണ്ട്. അവയിൽ മിക്കതും ക്രൈസ്തവ മാനേജ്‌മെന്റുകൾ നടത്തുന്നവയുമാണ്.

പ്രൊവിഡൻസ് വിമൻസ് കോളേജ്

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ മഹാഭൂരിപക്ഷവും മിക്‌സഡ് ആണ്.
സ്‌കൂളുകളും കോളജുകളും മിക്‌സഡ് ആയാൽ എന്തെങ്കിലും സദാചാര തകർച്ച ഉണ്ടാകും എന്ന ആശങ്കയല്ല ഇന്നും അത് നിലനിൽക്കുന്നതിന് ന്യായീകരണം. മറിച്ച്​, നടത്തിപ്പുകാരുടെ സൗകര്യമാണ്. സന്ന്യാസിനി സഭകളുടെയും മഠങ്ങളുടെയും ഭാഗമായി നടത്തപ്പെടുന്ന സ്‌കൂളുകളിലും കോളജുകളിലും അതിന്റെ ഭാഗമായ ഹോസ്റ്റലുകളിലും ‘അച്ചടക്കം' നിലനിൽക്കാൻ പെൺകുട്ടികൾ മാത്രമാകുന്നതാണ് ഉചിതം എന്നവർ കരുതുന്നു. ടീനേജ് പ്രായക്കാരായ ആൺകുട്ടികളെ മാനേജ്‌ ചെയ്യുക ബുദ്ധിമുട്ടേറിയ ജോലിയായി അവർ വിലയിരുത്തുന്നു. മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ ഗുരുതരമായ പല പ്രശ്​നങ്ങളും ടീനേജ് പ്രായക്കാരിൽ വ്യാപകമാകുന്നു എന്നത്​ വസ്തുതയാണ്. പഴകിയ സദാചാര സങ്കൽപ്പങ്ങളും അച്ചടക്കത്തെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാടുകളും ഒരു വശത്തും ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പോലും ഉറഞ്ഞു തുള്ളുന്ന യാഥാസ്ഥിതികത മറുവശത്തും കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിന്​ പുതിയ കാലത്തെ യൗവനത്തെ നയിക്കുക അത്ര എളുപ്പമല്ല. സങ്കീർണ മാനസിക സവിശേഷതകളിലൂടെയും പെരുമാറ്റ പരിണാമങ്ങളിലൂടെയും കടന്നുപോകുന്ന കൗമാരക്കാരെ ശാസ്ത്രീയമായി പരിചരിക്കാനുള്ള തന്ത്രങ്ങൾ നമ്മുടെ അധ്യാപകരുടെ കൈവശമുണ്ടോ, അതിനായി സർക്കാരും വിദ്യാഭ്യാസ വകുപ്പും എന്തെങ്കിലും പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടോ എന്ന് കൂടി സാന്ദർഭികമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ കുടുംബ സംവിധാനവും അതിന്റെ അവിഭാജ്യ ഘടകമായ സദാചാര സങ്കൽപവും അതിനെ പിന്തുടരുന്ന സാമൂഹ്യബോധവുമാണ് അച്ചടക്കത്തിന്റെ കേന്ദ്രം. ആരോഗ്യകരമായ ആൺ- പെൺ സൗഹൃദം അവിടെ പരിചയിക്കുന്നേയില്ല.

യാഥാസ്ഥിതികമായ സാമൂഹികബോധത്തിന് കീഴ്‌പ്പെടുന്നതിനെയാണ് പൊതുവെ അച്ചടക്കം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ കുടുംബ സംവിധാനവും അതിന്റെ അവിഭാജ്യ ഘടകമായ സദാചാര സങ്കൽപവും അതിനെ പിന്തുടരുന്ന സാമൂഹ്യബോധവുമാണ് ഈ അച്ചടക്കത്തിന്റെ കേന്ദ്രം. ആരോഗ്യകരമായ ആൺ- പെൺ സൗഹൃദം അവിടെ പരിചയിക്കുന്നേയില്ല. സാമൂഹികതയുടെ ആദ്യപാഠങ്ങൾ ലഭിക്കേണ്ട കുടുംബത്തിൽനിന്ന് ഇതര ലിംഗവിഭാഗങ്ങളിലുള്ളവരെ മനുഷ്യരായി കണ്ട് പെരുമാറാനുള്ള അനുശീലനത്തിനുപകരം അകലം സൂക്ഷിക്കാനുള്ള കാരണങ്ങളെ കുറിച്ചാണ് ബോധിപ്പിക്കപ്പെടുന്നത്. ഇങ്ങനെയുള്ള കുടുംബാന്തരീക്ഷത്തിൽ നിന്നും സമൂഹത്തിൽ നിന്നും സാമൂഹികബോധം ആഗിരണം ചെയ്തവർ തന്നെയാണല്ലൊ വിദ്യാലയ നേതൃത്വം വഹിക്കുന്ന അധ്യാപകരും. അതുകൊണ്ട് വിദ്യാലയങ്ങളുടെയും ‘അച്ചടക്കം' കുടികൊള്ളുന്നത് ആൺ- പെൺ വിദ്യാർത്ഥി വിഭാഗങ്ങൾ വെവ്വേറെ കമ്പാർട്ട്‌മെന്റുകളായി നില നിൽക്കുമ്പോൾ മാത്രമാണ്.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ മഹാഭൂരിപക്ഷവും മിക്‌സഡ് ആണ്. / Photo : Govt. College of Fine Arts

പറഞ്ഞുവരുന്നത്, സ്‌കൂളുകൾ മിക്‌സ്ഡ് ആക്കിയതുകൊണ്ടും കോടതി നിരീക്ഷിച്ച തുല്യതയോ നീതിപൂർണമായ സാമൂഹിക ജീവിതമോ ഉണ്ടാകില്ല എന്നാണ്. ഇതര ലിംഗവിഭാഗങ്ങൾ പരസ്പരം മനുഷ്യരായി കണ്ട് പെരുമാറുന്ന ഒരു സമൂഹത്തിലെ വിദ്യാലയങ്ങളിലേ സഹജീവിതം സാധ്യമാകൂ. നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം സ്‌കൂളുകളും മിക്‌സഡ് ആയിട്ടും നമ്മുടെ ജനതയുടെ സിംഹഭാഗവും അത്തരം സ്ഥാപനങ്ങളിൽ പഠിച്ചവരായിട്ടും ആൺ- പെൺ ബന്ധങ്ങളെ സംബന്ധിച്ച മലയാളികളുടെ യാഥാസ്ഥിതിക ധാരണകൾക്ക് ഒരു ഉലച്ചിലും തട്ടാത്തത് അതുകൊണ്ടാണ്.

പ്രീഡിഗ്രിക്കുശേഷം ഞാൻ അറബിക് കോളജുകളിലാണ് പഠിച്ചത്. ആ സ്ഥാപനങ്ങൾ എല്ലാം മിക്‌സഡ് ആയിരുന്നു. എങ്കിലും ക്ലാസ് മുറിയിലും പുറത്തും ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ ദ്വീപുകളായിരുന്നു.

വ്യക്തിപരമായി ഞാൻ സ്വയം വിലയിരുത്തുമ്പോൾ ഇത് ഒന്നുകൂടി ബോധ്യമാകുന്നു. ഞാൻ ചെറുപ്പം തൊട്ട് പഠിച്ചതും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതും മിക്‌സഡ് വിദ്യാലയങ്ങളിലാണ്. പക്ഷെ അത്, ആധുനികമായ ഒരു ജൻഡർ സെൻസിബിലിറ്റി രൂപപ്പെടുത്താൻ എന്നെ സഹായിച്ചിട്ടില്ല. പ്രൈമറി സ്‌കൂളിൽനിന്ന് മുന്നോട്ട് പോകുന്തോറും മിക്‌സഡ് കാമ്പസിനകത്തും ആൺ- പെൺ വേർതിരിവുകൾ ശക്തിപ്പെട്ടതായാണ് എന്റെ അനുഭവം. പ്രീഡിഗ്രിക്കുശേഷം ഞാൻ അറബിക് കോളജുകളിലാണ് പഠിച്ചത്. ആ സ്ഥാപനങ്ങൾ എല്ലാം മിക്‌സഡ് ആയിരുന്നു. എങ്കിലും ക്ലാസ് മുറിയിലും പുറത്തും ആൺകുട്ടികളും പെൺകുട്ടികളും വെവ്വേറെ ദ്വീപുകളായിരുന്നു. ബിരുദകാലത്തെ സഹപാഠിനികളെ പരിചയപ്പെട്ടത് അധ്യാപക പരിശീനകാലത്ത് ഗവ. ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും ഒന്നിച്ച് പഠിക്കുമ്പോഴാണ്. മതസ്ഥാപനങ്ങൾ നടത്തുന്ന മിക്ക കലാലയങ്ങളിലും ഏതാണ്ട് ഇന്നും ഈ അവസ്ഥ തന്നെയാണെന്നാണ് തോന്നുന്നത്.

വെള്ളാപ്പള്ളി നടേശൻ

ഇത് മുസ്​ലിം സ്ഥാപനങ്ങളുടെ മാത്രം അവസ്ഥയാണെന്നും കരുതേണ്ട. ക്രൈസ്തവ സ്ഥാപനങ്ങളിലും അവസ്ഥ ഭിന്നമല്ല. ക്രൈസ്തവ മാനേജ്മെന്റിനുകീഴിലുള്ള പ്രശസ്ത വനിതാ കോളജിലും ഹോസ്റ്റലിലും പഠിച്ച ഒരു സുഹൃത്ത് പറഞ്ഞത്, മലപ്പുറത്തെ മുസ്​ലിം സ്ഥാപനത്തിലെ അവരുടെ ജീവിതമായിരുന്നു കുറേ കൂടി ആശ്വാസകരം എന്നാണ്. കഴിഞ്ഞ ദിവസം എസ്. എൻ സ്ഥാപനങ്ങളുടെ മേധാവി കൂടിയായ വെള്ളാപ്പള്ളി നടേശൻ ആശങ്ക പ്രകടിപ്പിച്ചത്, പക്വതയില്ലാതെ പിള്ളേരെ ഒന്നിച്ച് പഠിപ്പിക്കേണ്ടെന്നും ‘ഹൈന്ദവ കോളേജുകളിൽ' അച്ചടക്കമില്ല എന്നുമാണ്. കോൺവെൻറ്​ മാതൃകയിലുള്ള സ്ഥാപനങ്ങളാണ് വെള്ളാപ്പള്ളിയുടെയും സ്വപ്നം.

അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്; സ്ഥാപനങ്ങൾ മിക്‌സഡ് ആയാൽ പോലും അത് നടത്തുന്നവരുടെ സാമൂഹിക വീക്ഷണം മാറുന്നില്ലെങ്കിൽ പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുജീബ് റഹ്​മാൻ കിനാലൂർ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഇസ് ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം, പൗരോഹിത്യം വേണ്ട; വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവ പ്രധാന കൃതികൾ

Comments