അധ്യാപകരാരാ,​പൊലീസാണോ?

തടവറയുടെ കരുതലും ദേവാലയങ്ങളുടെ നിശ്ശബ്ദതയുമുള്ള വനിതാ കലാലയത്തിന്റെ വന്മതിലുകൾക്കുള്ളിൽ സദാചാരനിഷ്ഠയുടെ മോറൽ സയൻസ് ക്ലാസുകൾ കേട്ടുകേട്ടാണ് എന്റെ കലാലയ ജീവിതത്തിന്റെ ആദ്യ അഞ്ചു വർഷം കഴിഞ്ഞുപോയത്.

സമസാരിക്കും സമസാരിക്കും ആണും പെണ്ണും സമസാരിക്കും ആരുണ്ടിവിടെ തടയാനായ് ആരാന്റപ്പൻ പോലീസോ

അധ്യാപകർക്കെതിരെ മുദ്രാവാക്യം മുഴക്കി നടന്നുപോകുന്ന ആൺകുട്ടികളെ ആരാധനയോടെ ഒളിഞ്ഞുനോക്കി ആവേശത്തോടെ മുഷ്ടി ചുരുട്ടിപ്പോകുന്ന ലൂസി, സാറാജോസഫിന്റെ മാറ്റാത്തിയിലെ പ്രീഡിഗ്രി വിദ്യാർഥിനിയാണ്. ഏതോ മാറ്റത്തിന്റെ സൂചന കുറിക്കുന്ന ആ ബഹളത്തിമിർപ്പിനെ ഒളിച്ചുനിന്നുനോക്കി ആവേശം കൊള്ളുകയാണവൾ. അധ്യാപകരാരാ, പൊലീസാണോ എന്ന ആ ചോദ്യം വലിയ ഒരു ചോദ്യമാണ്.

girls only / mixed സ്‌ക്കൂൾ വിഷയത്തിൽ എന്റെ മകളുടെ അഭിപ്രായം ചോദിച്ചപ്പോൾ അവൾ ആദ്യം പറഞ്ഞത്, സ്‌കൂളുകളെ കുറിച്ചുതന്നെ തീരെ നല്ല അഭിപ്രായമില്ല എന്നാണ്. സ്‌കൂളനുഭവങ്ങൾ അവളെ സംബന്ധിച്ച് എത്ര പീഡാനുഭവമായിരുന്നുവെന്നത് വ്യക്തമായി അറിയാമായിരുന്നിട്ടും അവളോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതിന് എനിക്ക് കിട്ടിയ മറുപടിക്ക് വലിയ പ്രഹരശേഷിയുണ്ടായിരുന്നു.

അധ്യാപകർക്കെതിരെ മുദ്രാവാക്യം മുഴക്കി നടന്നുപോകുന്ന ആൺകുട്ടികളെ ആരാധനയോടെ ഒളിഞ്ഞുനോക്കി ആവേശത്തോടെ മുഷ്ടി ചുരുട്ടിപ്പോകുന്ന ലൂസി, സാറാജോസഫിന്റെ മാറ്റാത്തിയിലെ പ്രീഡിഗ്രി വിദ്യാർഥിനിയാണ്. / Photo : Pixabay

വിരലിലെണ്ണാവുന്നവരൊഴികെ ഭൂരിഭാഗം അധ്യാപകരും സ്‌കൂൾകുട്ടികൾക്ക് പ്രശ്‌നക്കാരാകുന്നതെങ്ങനെയാണ് എന്ന് ആരെങ്കിലും ചർച്ച ചെയ്യാറുണ്ടോ? പ്രശ്‌നക്കാരായ കുട്ടികളെ കുറിച്ചല്ലാതെ പ്രശ്‌നക്കാരായ അധ്യാപകരെ കുറിച്ച് നമ്മൾ സംസാരിക്കാറില്ല. അധ്യാപകർ കുട്ടികൾക്കുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് സംസാരിക്കാൻ ഒരു തുറന്ന വേദിയുണ്ടാവുകയാണ് ആദ്യം വേണ്ടത്. പോക്‌സോ കേസ് പോലെ, റേപ് കേസ് പോലെ തന്നെ പ്രധാനമാണ് കുട്ടികളനുഭവിക്കുന്ന മാനസിക പീഡനങ്ങളും. ഈ കുറിപ്പെഴുതുന്നതിനു മുൻപേ കുറച്ചു കുട്ടികളുമായി ഈ വിഷയം സംസാരിക്കുകയാണ് വേണ്ടത് എന്നെനിക്കു തോന്നി. മകളോടും അവളുടെ കൂട്ടുകാരികളോടും വേറെ ചില സ്‌കൂൾ കുട്ടികളോടും ഞാൻ സംസാരിച്ചു. എന്റെ കാലമല്ലല്ലോ ചർച്ചാവിഷയം.

കൗമാരകാലത്തിന്റെ സ്വാഭാവികതയെ എങ്ങനെ കൈകാര്യം ചെയ്യണമെറിയാത്ത അധ്യാപകർ, കുട്ടികളെ കൃത്യമായി മനസ്സിലാക്കാനാവുന്ന രക്ഷിതാക്കളുടെ മുന്നിൽ പോലും ഒരു ക്രിമിനലിനെ എന്ന വണ്ണം നിർത്തി രൂക്ഷഭാഷയിൽ വിമർശിച്ചുകളയും. കുട്ടികൾ ഈ സംവിധാനത്തെ വെറുക്കാതിരിക്കുന്നതെങ്ങനെ?

ഒരിക്കൽ മകളുടെ പ്രോഗ്രസ്​ റി​പ്പോർട്ട്​ വാങ്ങാൻ അവളുടെ സ്‌കൂളിൽ പോകേണ്ടി വന്നു. അന്നത്തെ ദിവസം ഞാൻ മറക്കില്ല. എല്ലാ വിഷയത്തിനും അവൾക്കു നല്ല മാർക്കുണ്ട്. എനിക്കും അവൾക്കും വലുതായ ആത്മവിശ്വാസമുണ്ട്. കുട്ടിയുടെ ആത്മവിശ്വാസവും തലയെടുപ്പും ടീച്ചർക്കത്ര സുഖിക്കുന്നുണ്ടായിരുന്നില്ല. പെൺകുട്ടിയല്ലേ? എന്തോ വലിയ കുറ്റം കണ്ടുപിടിച്ചതു പോലെ ടീച്ചർ പറഞ്ഞു, ‘അവൾ attraction seeking ആണ് ശ്രദ്ധിക്കണം. ആൺകുട്ടികളുള്ള ക്ലാസല്ലേ?' മോൾ പെട്ടെന്നൊന്ന് ഉലഞ്ഞോ? അവളുടെ തല കുനിഞ്ഞോ? ഞാൻ വേഗം പറഞ്ഞു, ‘എന്റെ ടീച്ചറേ, ഞാനീ പ്രായത്തിലും attraction seeking ആണ്. അവളെ ഉപദേശിക്കാൻ ഒരർഹതയുമെനിക്കില്ല'. കുറ്റവാളിയെപ്പോലെ കണ്ണു നിറഞ്ഞ് എന്റെ മുന്നിൽ തലകുനിച്ചു നിന്ന മകളോട് ചെയ്യേണ്ട ഒരു നീതി മാത്രമായിരുന്നു അത്. തിരികെ പോരുമ്പോൾ അവളെ ചേർത്തുപിടിച്ച് നടക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒരു ടീച്ചറുടെ വിവരദോഷം അവളെ തകർക്കാൻ പാടില്ല. അവളെന്റെ മോളാണ്.

ശാരദക്കുട്ടിയും മകൾ മായയും

സി.വി. ബാലകൃഷ്ണന്റെ വംശധാര എന്ന കഥ എനിക്കോർമ്മ വന്നു. എന്തോ തെറ്റുപറ്റിയതിന്റെ പേരിൽ അപ്പന്റെ മുന്നിൽ കുറ്റബോധത്തോടെ നിൽക്കുന്ന മകനെ നോക്കി അപ്പൻ ചോദിച്ചു, നീ എന്തായിത്തീർന്നിരിക്കുന്നു മോനേ?
സങ്കടം സഹിക്കാതെ അവൻ പറഞ്ഞു, ‘ഒരു പരട്ട ചെറ്റ'.
അപ്പനെന്തു ചെയ്‌തെന്നോ? എഴുന്നേറ്റ് മകനെ കെട്ടിപ്പിടിച്ചു. അപ്പന്റെ ദൃഢാശ്ലേഷത്തിൽ മകന് ശ്വാസം മുട്ടി. ‘നീ എനിക്കു പ്രിയപ്പെട്ടവനാടാ', അപ്പൻ ഉറക്കെ പറഞ്ഞു. അപ്പോൾ ഒരു പ്രാവ് തന്റെ ചുമലിലേക്ക് പറന്നിറങ്ങിയതായി മകനു തോന്നി.

ഇതൊരു കുട്ടിയുടെ മേലല്ല അവർ ആരോപിക്കുന്നത്. എല്ലാ വിഷയത്തിലും നല്ല മാർക്ക് വാങ്ങുകയും പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുകയും ചെയ്യുന്നവരായിട്ടും കുട്ടികളുടെ ശരീരഭാഷയിലെ ഏതോ ഒരു ഘടകത്തിൽ അവർ കണ്ടെത്തുന്ന എന്തോ ചില ‘കുറവുകളുടെ ' പേരിലാണ് അവരിൽ ഈ attraction seeking കുറ്റം ആരോപിക്കുന്നത്. അത് കൗമാരകാലത്തിന്റെ സ്വാഭാവികതയാണെന്നും അതിനെ സ്വാഭാവികമായി കൈകാര്യം ചെയ്യണമെന്നും അറിയാത്ത അധ്യാപകർ, കുട്ടികളെ കൃത്യമായി മനസ്സിലാക്കാനാവുന്ന രക്ഷിതാക്കളുടെ മുന്നിൽ പോലും ഒരു ക്രിമിനലിനെ എന്ന വണ്ണം നിർത്തി രൂക്ഷഭാഷയിൽ വിമർശിച്ചുകളയും. സ്വയം നഷ്ടപ്പെട്ടതുപോലെ പ്രധാനാധ്യാപകരുടെ മുന്നിൽ നിൽക്കേണ്ടിവരുന്ന കുട്ടികൾ ഈ സംവിധാനത്തെ വെറുക്കാതിരിക്കുന്നതെങ്ങനെ?

സി.വി. ബാലകൃഷ്ണൻ. / Photo : Wikimedia commons

സ്വയം സ്വന്തം പ്രശ്‌നങ്ങളെന്തെന്ന് തിരിച്ചറിയാതെ കുഴങ്ങുന്നവരാകും കൗമാരപ്രായക്കാർ ഏറെയും. വളരുന്ന ശരീരവും മാറുന്ന വൈകാരിക പ്രശ്‌നങ്ങളും സാമൂഹ്യനീതികളുമായി ഇടഞ്ഞുനിൽക്കുമ്പോഴുണ്ടാകുന്ന അവരുടെ സംഘർഷങ്ങളെ ബോഡി ഷെയിമിങ്ങിലൂടെയും കുറ്റാരോപണത്തിലൂടെയുമാണ് അധ്യാപകർ നേരിടുന്നത്. പലപ്പോഴും പല അധ്യാപകരുടെയും ഇത്തരം വൃത്തികെട്ടതും വികലവുമായ പെരുമാറ്റശീലങ്ങളും മനോഭാവവും കുട്ടികൾക്ക് താങ്ങാനാകുന്നില്ല. വർഷങ്ങൾക്കുശേഷവും ആ ടീച്ചർമാരെ കുറിച്ച് ഭീതിയോടെ സംസാരിക്കാറുള്ള അവരാണ് പറയുന്നത്, ടീച്ചർമാരുടെ മനോഭാവം മാറുന്നില്ലെങ്കിൽ സ്‌കൂളുകൾ മിക്‌സഡ് ആയിട്ടും ഗേൾഡ്​ ഓൺലി ആയിട്ടും വലിയ വ്യത്യാസമൊന്നും വരാനില്ലെന്ന്. അവർ പറയുന്നതിന് വലിയ മൂർച്ചയുണ്ടായിരുന്നു.

സ്‌കൂൾ മിക്‌സഡ് ആണോ അല്ലയോ എന്നതല്ല ചർച്ച ചെയ്യേണ്ടത്. അധ്യാപകർക്ക് കൗമാരക്കാരുടെ ആശയങ്ങളെയും പ്രശ്‌നങ്ങളെയും ബുദ്ധിപൂർവം, വിവേകത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ്.

എന്റെ മകൾ ഹയർ സെക്കൻഡറി ഉൾപ്പെടെ പഠിച്ച നാല്​ മിക്​സഡ്​ സ്‌കൂളുകളിലും ആൺകുട്ടികളുമായി സംസാരിച്ചതിന്റെ പേരിൽ അധ്യാപകർ പെൺകുട്ടികൾക്ക് ഉണ്ടാക്കിയ പെല്ലാപ്പുകൾ ചെറുതായിരുന്നില്ല എന്നെനിക്കു വ്യക്തമായറിയാം. കഥകൾക്ക് ഒരേ സ്വഭാവമായിരുന്നു. അതുണ്ടാക്കിയ അപമാനങ്ങളും മുറിവുകളും ആ കുട്ടികളെ അതികഠിനമായി സ്‌കൂൾ വിരോധികളാക്കി മാറ്റിയിട്ടുമുണ്ട്. തന്റെ ​ഷോർട്​സിന്​ ഇറക്കമുണ്ടോ എന്നറിയാൻ ക്ലാസ് മുറിയിൽ വെച്ച് പരസ്യമായി തന്റെ യൂണിഫോം പാവാട പൊക്കിനോക്കിയ അധ്യാപികയെ കുറിച്ചു പറഞ്ഞ പെൺകുട്ടിക്ക് ഇപ്പോൾ 27 വയസ്സുണ്ട്. ഇപ്പോഴും അവൾ ആ രോഷം കൊണ്ടും അപമാനം കൊണ്ടും ജ്വലിക്കുന്നുണ്ട്. സ്‌കൂൾ മിക്‌സഡ് ആണോ അല്ലയോ എന്നതല്ല ചർച്ച ചെയ്യേണ്ടത്. അധ്യാപകർക്ക് കൗമാരക്കാരുടെ ആശയങ്ങളെയും പ്രശ്‌നങ്ങളെയും ബുദ്ധിപൂർവം, വിവേകത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ്. അതിനൊരു തുറന്നവേദി ഉണ്ടാവുകയാണാവശ്യം. കുട്ടികൾ പറയട്ടെ, എത്രമാത്രം അസഹ്യമാണ് അവരുടെ സ്‌കൂളുകളിലെ ഈ അതിജീവന കാലം എന്നത്.

മിക്സഡ് സ്‌കൂളിൽ പഠിക്കുന്നതിലും ഭേദമാണ് ഗേൾഡ് ഓൺലി സ്‌കൂളുകളെന്നാണ് എന്നോട് സംസാരിച്ച കുട്ടികളേറെയും പറഞ്ഞത്. എന്തായാലും ആൺകുട്ടികളെ നോക്കി, മിണ്ടി ചിരിച്ചു, വശീകരിച്ചു എന്നൊന്നും പറഞ്ഞുള്ള പീഡനങ്ങൾ അവിടെയുണ്ടാവില്ലല്ലോ. / Photo : Wikimedia Commons

മുതിർന്നുകഴിഞ്ഞിട്ടും തങ്ങൾ നേരിടുന്ന ട്രോമകൾക്ക്, ആത്മവിശ്വാസ ശോഷണത്തിന് അധ്യാപകർ എത്രമാത്രം കാരണക്കാരാകുന്നു എന്നാണവർ പറഞ്ഞതത്രയും. ബോൺസായ് വൃക്ഷങ്ങൾ പോലെ ചെത്തിച്ചെത്തി ചട്ടിയിലാക്കി വളർത്തുന്ന കുട്ടികൾ വൻ വൃക്ഷങ്ങളാകണമെന്നാഗ്രഹിച്ചിട്ട് ഒരു കാര്യവുമില്ല. കുട്ടികളുടെ മാനസിക വികാസത്തിന് അവരുടെ ചിന്തകളെ നോർമലായി, ആരോഗ്യത്തോടെ കണ്ട് അഡ്രസ് ചെയ്യുന്ന അധ്യാപകരുണ്ടാകണം. അവരുടെ കാഴ്ചകളെ മുതിർന്നവർ കൈ കൊണ്ട് മറയ്ക്കരുത്.

സ്‌കൂളിലെ കൗൺസലിങ് ടീച്ചറെ പോലെ വലിയ ഒരശ്ലീലത്തെ ജീവിതത്തിൽ നേരിട്ടിട്ടില്ല എന്ന് എന്റെ മോൾ ഇപ്പോഴും പറയാറുണ്ട്. ക്ലാസിലെ പ്രേമം കണ്ടു പിടിക്കലല്ല, കുട്ടികളുടെ രഹസ്യം കണ്ടുപിടിക്കലുമല്ല കൗൺസലിങ് ടീച്ചറുടെ ജോലി എന്നു കുട്ടികൾക്കുപോലും അറിയാം. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടുന്നുണ്ടോ, മിഠായി കൈമാറുന്നുണ്ടോ, ചിരിക്കുന്നുണ്ടോ എന്നു മാത്രം വേവലാതി പൂണ്ട് നോക്കിയിരിക്കുന്ന അധ്യാപകരുള്ള മിക്​സഡ്​ സ്‌കൂളിൽ പഠിക്കുന്നതിലും ഭേദമാണ് ഗേൾഡ്​ ഓൺലി സ്‌കൂളുകളെന്നാണ് എന്നോട് സംസാരിച്ച കുട്ടികളേറെയും പറഞ്ഞത്. ഇത്രക്ക്​ വൃത്തികേടുകൾ, ഇത്രക്ക്​അപമാനങ്ങൾ ഉണ്ടാവില്ല ഗേൾഡ്​ ഓൺലി സ്‌കൂളുകളിൽ എന്നവർ പറയുന്നു. എന്തായാലും ആൺകുട്ടികളെ നോക്കി, മിണ്ടി ചിരിച്ചു, വശീകരിച്ചു എന്നൊന്നും പറഞ്ഞുള്ള പീഡനങ്ങൾ അവിടെയുണ്ടാവില്ലല്ലോ.

ലിംഗനീതിബോധമില്ലാത്ത ആൺ- പെൺ ചിന്ത മാത്രമാകരുത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവേദന. കുട്ടികൾക്ക് ആരോഗ്യകരമായി വളരാനാവശ്യമായ ചുറ്റുപാടുകളാണ് പ്രധാനം.

ആൺകുട്ടികളെ പേടിച്ചല്ല, കണ്ണുകൾ മലിനപ്പെട്ടുപോയ അധ്യാപകരെ പേടിച്ചാണ് അവർ സ്‌കൂൾ കാലത്തെ വെറുക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസകാലത്തും തുടർന്നും അനുഭവിച്ച ട്രോമകളെക്കുറിച്ച് കുട്ടികളുമായി തുറന്ന് ചർച്ച ചെയ്യാനൊരു വേദിയുണ്ടാകണം എന്നാണ് അവരാവശ്യപ്പെടുന്നത്. ലിംഗനീതിയിലധിഷ്തമായതും കുട്ടികളുടെ ബൗദ്ധികവും വൈകാരികവുമായ വികാസത്തിനുതകുന്നതുമായ സാഹചര്യങ്ങൾ എന്നതിലാകണം ഊന്നൽ. ലിംഗനീതിബോധമില്ലാത്ത ആൺ- പെൺ ചിന്ത മാത്രമാകരുത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവേദന. കുട്ടികൾക്ക് ആരോഗ്യകരമായി വളരാനാവശ്യമായ ചുറ്റുപാടുകളാണ് പ്രധാനം. മിക്‌സഡ് ആണോ അല്ലയോ എന്നത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കുന്നില്ല.

Photo : pixabay.com

കുടുംബങ്ങളിലെയും ലിംഗ നീതി ബോധവത്കരണം പ്രധാനമാണ്. രക്ഷിതാക്കളുടെ എക്​സ്​റ്റെൻഷൻ മാത്രമാണ് പല അധ്യാപകരും. കെമിസ്​ട്രിയോ ഫിസിക്‌സോ അൽപം കൂടുതലറിയാവുന്ന മോറലിസ്റ്റുകൾ. കുടുംബത്തിൽ ലിംഗനീതി കൊണ്ടുവരാതെ സമൂഹത്തിൽ നീതി സ്ഥാപിക്കാൻ സാധിക്കില്ല. സ്വയം നിർമിക്കാനും മാറിത്തീരാനുമുള്ള സാധ്യതകളിലാണ് വ്യക്തിസ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുന്നത്. അതിനു സഹായിക്കുന്നതാകണം കൗമാര വിദ്യാഭ്യാസ കാലം.

പെൺകുട്ടികളുടെ സുരക്ഷയെ കരുതി എന്ന മട്ടിൽ സമൂഹത്തിൽ കൃത്രിമമായി രൂപപ്പെടുത്തുന്ന ഇത്തരം നിയമങ്ങൾ ആൺകുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെയും പ്രതികൂലമായാണ് ബാധിക്കുന്നത്. പിൽക്കാലത്ത് പല പുരുഷന്മാരിലും കണ്ടുവരുന്ന അകാരണമായ പെൺഭീതി, ഇത്തരം കൗമാരകാല അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ക്ലിനിക്കൽ റിപ്പോർട്ടുകൾ പറയുന്നു. രോഗമായി ഇതിനെ നാം കാണുവാൻ കൂട്ടാക്കുന്നില്ലെങ്കിലും വ്യക്തിയുടെ ജൈവ ഘടനക്ക് , സാമൂഹിക ചിട്ടപ്പെടുത്തലുകളുമായി പൊരുത്തപ്പെടാനാകാതെ വരുമ്പോഴുണ്ടാകുന്ന പരാജയമായി ഇതിനെ കാണേണ്ടതുണ്ട്. പ്രത്യക്ഷത്തിൽ മാനസികാരോഗ്യമുള്ളവരെന്ന് നാം കരുതുന്ന പല പുരുഷന്മാരിലും സ്ത്രീകളോടിടപെടുമ്പോഴുണ്ടാകുന്ന സമ്മർദ്ദങ്ങൾ, വിദ്യാഭ്യാസ കാലത്ത് ലിംഗനീതിബോധമില്ലാത്ത രക്ഷിതാക്കളും അധ്യാപകരും ചേർന്ന് രൂപപ്പെടുത്തുന്നതാണ്. ‘സെക്സ്’ ജീവശാസ്ത്രപരവും ‘ജെൻഡർ' സാമൂഹികവുമാണ് എന്നുപോലും വേർതിരിച്ചറിയാത്തവരാണ് ജൻഡറിലധിഷ്ഠിതമായ ഏതു ആശയത്തെയും ഭയപ്പാടോടെ സമീപിക്കുന്നത്.

മോറൽ ക്ലാസുകളെടുത്തിരുന്നത് അവിവാഹിതരായ അച്ചന്മാരായിരുന്നു. ശരീരസുരക്ഷയും പാപപുണ്യ സങ്കൽപങ്ങളും പഠിപ്പിക്കുന്ന ചില അച്ചന്മാർ പെൺകുട്ടികളെ ചിരിപ്പിക്കാനായി ഇടയിൽ തിരുകുന്ന തമാശകളെല്ലാം ഞങ്ങളെ ഇക്കിളിപ്പെടുത്തുന്ന തരത്തിൽ ദ്വയാർഥങ്ങൾ ഉള്ളവയായിരുന്നു.

ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരി, തന്റെ രക്ഷിതാക്കളോടും അധ്യാപകരോടും മുതിർന്ന തലമുറയോടൊന്നാകെയും ഉന്നയിക്കുന്ന ചില പ്രശ്‌നങ്ങൾ ഇവിടെ പ്രസക്തമാണ്: ‘മുതിർന്നവരുടെ പെരുമാറ്റം ദുസ്സഹമാണ്. ഞാനെന്തു പറഞ്ഞാലും ഇവർക്കു മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് ഞാനെന്റെ പ്രിയപ്പെട്ട കിറ്റി എന്ന ഡയറിയിലേക്കു തന്നെ തിരികെ വരുന്നത്. എന്നെ ആരും അധികം കുറ്റപ്പെടുത്തരുത്. ഞാനും ചിലപ്പോൾ പൊട്ടിത്തെറിച്ചു പോകും'.

കോളേജുകളിലെത്തുമ്പോഴേക്കും കുട്ടികൾ തങ്ങളുടെ പ്രശ്‌നങ്ങളുടെ സങ്കീർണ്ണാവസ്ഥകളിൽനിന്ന്, അവരുടെ വൈകാരിക സമ്മർദ്ദങ്ങളിൽ നിന്ന് ഏറെക്കുറെ മോചിതരാവുകയും സ്വയം സ്വന്തം പ്രശ്‌നങ്ങളെന്തെന്ന് തിരിച്ചറിവിലെത്തുകയും ചെയ്യുന്നതിനാൽ അധ്യാപകരുടെ ഇത്തരം ഇടപെടലുകൾ അവരെ കാര്യമായി ബാധിക്കാതെയാകും. അധ്യാപകരല്ല, കുട്ടികളാണ് വളരുന്നത്. മോറൽ പൊലിസിങ്ങിനു വരുന്ന അധ്യാപകരെ മാനസികമായി കൈകാര്യം ചെയ്യാൻ അവർ കുറച്ചെങ്കിലും പ്രാപ്തി നേടിയിരിക്കും.

Photo : Wikimedia Commons.

തടവറയുടെ കരുതലും ദേവാലയങ്ങളുടെ നിശ്ശബ്ദതയുമുള്ള വനിതാ കലാലയത്തിന്റെ വന്മതിലുകൾക്കുള്ളിൽ സദാചാര നിഷ്ഠയുടെ മോറൽ സയൻസ് ക്ലാസുകൾ കേട്ടുകേട്ടാണ് എന്റെ കലാലയ ജീവിതത്തിന്റെ ആദ്യ അഞ്ചു വർഷം കഴിഞ്ഞുപോയത്. മോറൽ ക്ലാസുകളെടുത്തിരുന്നത് അവിവാഹിതരായ അച്ചന്മാരായിരുന്നു. ശരീരസുരക്ഷയും പാപപുണ്യ സങ്കൽപങ്ങളും പഠിപ്പിക്കുന്ന ചില അച്ചന്മാർ പെൺകുട്ടികളെ ചിരിപ്പിക്കാനായി ഇടയിൽ തിരുകുന്ന തമാശകളെല്ലാം ഞങ്ങളെ ഇക്കിളിപ്പെടുത്തുന്ന തരത്തിൽ ദ്വയാർഥങ്ങൾ ഉള്ളവയായിരുന്നു. മോറൽ ക്ലാസുകൾ വിരസമാകാതിരിക്കാൻ അവർ കണ്ട വിദ്യ അതായിരുന്നു. മോറലുകൾ എത്ര വിരസമാണെന്ന് അവരോളം അറിയുന്നവരാരുണ്ട്? ഞങ്ങളോട് ‘അതുമിതും' പറഞ്ഞ് രഹസ്യമായി ആനന്ദമനുഭവിച്ചിരുന്ന ആ പാവം പാതിരിമാരെ ഓർക്കുമ്പോൾ ഇന്നെനിക്ക് സഹതാപവും സങ്കടവും മാത്രമാണ് തോന്നുന്നത്. അന്ന് അതൊന്നും ഞങ്ങളെ ബാധിച്ചതുമില്ല. ഞങ്ങൾ മുതിർന്ന കുട്ടികളായിക്കഴിഞ്ഞിരുന്നതിനാൽ മുതിർന്നവരുടെ പ്രശ്‌നങ്ങളെ പരിഹാസത്തോടെ നോക്കിക്കാണാൻ പഠിച്ചു കഴിഞ്ഞിരുന്നു. നല്ല സ്ത്രീകളാക്കി മാറ്റാനുള്ള പാഠങ്ങൾ പകരാനായി അനുവദിച്ചിരുന്ന ഉച്ചസമയത്തെ ഒരു മണിക്കൂർ ഞങ്ങളുടെ അറിവില്ലായ്മകളുടെ മേൽ കുളിരുകോരിയിട്ട ചില അച്ചന്മാരെ ഞങ്ങൾ മറന്നിട്ടില്ല. ആൺകുട്ടികൾ കൂടെയിരിക്കുന്നില്ലെന്നേ ഉണ്ടായിരുന്നുള്ളൂ, ആൺ- പെൺ ലൈംഗികതയുടെ അശാസ്ത്രീയ പാഠങ്ങളൊക്കെ പഠിപ്പിക്കാൻ കൂടുതൽ സൗകര്യം ആ പെൺമാത്രമുറികൾക്കുണ്ടായിരുന്നു.

ചില അധ്യാപകരുടെയും രക്ഷിതാക്കളുടെയും മനോഭാവങ്ങളിലുള്ളത്രയും അപകടങ്ങൾ മറ്റെവിടെയുമില്ല. മിക്​സഡ്​ എന്നതോ ഗേൾസ്​ ഓൺലി എന്നതോ മുതിർന്നവരുടെ മാത്രം പ്രശ്‌നമാണ്, കുട്ടികളുടേതല്ല. അവരുടെ പ്രശ്‌നം മുതിർന്നവരുടെ മനോഭാവമാണ്. അതു മാത്രമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments