ആൺകുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചതിന് സദാചാര ക്ലാസ്, പരാതിപ്പെട്ടതിന് സസ്‌പെൻഷൻ

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിന് തങ്ങളുടെ ആൺ സുഹൃത്തുക്കളെക്കുറിച്ച് മോശം പറയുകയും സദാചാര ഉപദേശങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനുമെതിരെ പ്രതികരിക്കാനായി ആതിര പ്രിൻസിപ്പാളിന് പരാതി നൽകി. എന്നാൽ പ്രിൻസിപ്പാൾ വിഷയത്തിൽ മറുപടി നൽകുന്നതിന് പകരം തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്ന് ആതിര പറഞ്ഞു.

ൺസുഹൃത്തുക്കളോടൊപ്പം ക്ലാസിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനെ പ്രശ്നവത്കരിച്ച് "സദാചാര ക്ലാസെടുത്ത' അധ്യാപികക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ. ആണും പെണ്ണുമെന്ന ലിംഗ ദ്വന്ദത്തെ സദാചാര ബോധത്തിലൂന്നി മാത്രം വേർതിരിച്ചു കാണുന്ന കേരളത്തിലെ കോളേജ് മാനേജ്മെന്റുകളുടെ മനോഭാവത്തെ അടിവരയിടുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും റിപ്പോർട്ട് ചെയ്തത്. ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു നിർത്താൻ ശ്രമിച്ചെന്ന് ആരോപിച്ച്, അദ്ധ്യാപികക്കെതിരെ പരാതിപ്പെട്ട ബി.എഫ്.എ ഒന്നാംവർഷ വിദ്യാർഥി ആതിരയെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ പരാതിക്കാരി ഉന്നയിക്കുന്ന പോലെ യാതൊരുവിധ ലിംഗവേർതിരിവുകളോ പ്രശ്നങ്ങളോ കോളേജിൽ നടന്നിട്ടില്ലെന്നാണ് കോളേജ് പ്രിൻസിപ്പാളിന്റെ പ്രതികരണം.

കോളേജിന്റെ സദാചാര മൂല്യങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നു

അദ്ധ്യാപകർ ആദ്യമായല്ല ക്യാമ്പസിൽ ലിംഗാടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ രണ്ടായി വേർതിരിക്കാൻ ശ്രമിക്കുന്നതെന്നും, ഒളിഞ്ഞും തെളിഞ്ഞും അധ്യാപകരും മാനേജ്മെൻറും തങ്ങളുടെ സദാചാരമൂല്യങ്ങളും ജാതി ലിംഗ ബോധങ്ങളും വിദ്യാർഥികളോട് പ്രകടിപ്പിക്കാറുണ്ടെന്നും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആതിര ട്രൂകോപ്പിയോട് പറഞ്ഞു.

""ജൂൺ 22 ന് ഉച്ചസമയത്ത് ഗേൾസ് ബ്ലോക്കിൽ ഞങ്ങൾ സുഹൃത്തുക്കളെല്ലാം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വിനീത ടീച്ചർ ക്ലാസ്സിലേക്ക് വരികയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടികളോടെല്ലാം പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ടീച്ചർ പെൺകുട്ടികളെയെല്ലാം ഉപദേശിക്കുകയും അറ്റത്തുള്ള ക്ലാസ്സ് റൂമായതുകൊണ്ട് ഇവിടെ നിരവധി അനിഷ്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. കൂടാതെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടികളെക്കുറിച്ച് മോശമായി സംസാരിക്കുകയും അവർ ഒളിച്ചിരുന്ന് ആക്രമിച്ചാൽ നിങ്ങൾ എന്തുചെയ്യുമെന്നൊക്കെ ചോദിക്കുകയും ചെയ്തു.''

തങ്ങളുടെ ആൺ സുഹൃത്തുക്കളെക്കുറിച്ച് മോശം പറയുകയും സദാചാര ഉപദേശങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനുമെതിരെ പ്രതികരിക്കാനായി ആതിര പ്രിൻസിപ്പാളിന് പരാതി നൽകി. എന്നാൽ പ്രിൻസിപ്പാൾ വിഷയത്തിൽ മറുപടി നൽകുന്നതിന് പകരം തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്ന് ആതിര പറഞ്ഞു.

""കോളേജിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് വിഷയത്തിൽ പ്രിൻസിപ്പാളിന് പരാതി നൽകിയത്. പരാതി നൽകി മുക്കാൽ മണിക്കൂറിന് ശേഷം പ്രിൻസിപ്പാൾ ഞങ്ങളെ വിളിപ്പിക്കുകയും ഈ വിഷയുമായി യാതൊരു വിധ ബന്ധവുമില്ലാത്ത വിദ്യാർഥികളെ വിസ്തരിച്ച് ഞങ്ങൾക്കെതിരെ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. സാധാരണ കോളേജ്
പോലെയല്ല ഈ സ്ഥാപനമെന്നും ഈ സ്ഥാപനത്തിന് അതിന്റേതായ പാരമ്പര്യങ്ങളും നിയമങ്ങളുമുണ്ടെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. എനിക്കെന്തോ മാനസിക പ്രശ്നമാണെന്നും കോളേജിൻറെ നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെങ്കിൽ ഇവിടെ നിന്ന് പുറത്ത് പോകുന്നതാണ് നല്ലതെന്ന് പറയുകയും ചെയ്തു.''

വർഷങ്ങൾക്ക് മുമ്പ് തന്നെ വോക്കൽ ഡിപാർട്ട്മെൻറിനെ ഗേൾസ് ബ്ലോക്ക്, ബോയ്സ് ബ്ലോക്ക് എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ ചൂണ്ടിക്കാട്ടിയതായി ആതിര പറഞ്ഞു. കുറെ വിദ്യാർഥികൾ ക്യാമ്പസിൽ നിന്ന് ഒളിച്ചോടി കല്ല്യാണം കഴിച്ചിട്ടുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ഇത്തരത്തിൽ രണ്ട് ബ്ലോക്കാകിയതെന്നുമായിരുന്നു അവരുടെ വാദം. ഗേൾസ് ബ്ലോക്കിൻറെ 200 മീറ്റർ അപ്പുറത്താണ് ബോയ്സ് ബ്ലോക്കെന്നും അനുവാദമില്ലാതെ അങ്ങോട്ട് കയറിച്ചെല്ലാൻ പറ്റില്ലെന്നും ആതിര പറഞ്ഞു.

നിയമപരമായി നേരിടും

വിവേചനപരമായ പരാമർശങ്ങൾ നടത്തിയ അദ്ധ്യാപികക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തന്നെ സസ്പെന്റ് ചെയ്ത കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ആതിര. സംഗീതം വ്യക്തിഗതമായ കഴിവാണെന്നും അതിനു നൽകേണ്ട പരിശീലനത്തിന് വേണ്ടിയാണ് താൻ ഈ കോളേജിൽ ചേർന്നതെന്നും ആതിര പറഞ്ഞു. ഇവിടെയുള്ള അദ്ധ്യാപകരുടെ സദാചാരമോ മൂല്യബോധങ്ങളോ പഠിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും തൻറെ മൂല്യബോധം ഭരണഘടനാ ധാർമികതയാണെന്നും ആതിര കൂട്ടിച്ചേർത്തു. കോളേജിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ലിംഗ, ജാതി വിവേചനങ്ങളുടെ തെളിവുകളും ആതിര ട്രൂകോപ്പിയുമായി പങ്കുവെച്ചു. ഗേൾസ് സെക്ഷനിലുള്ള കുട്ടികളിൽ പ്രഭാത പ്രാർത്ഥനയിൽ (prayer) പങ്കെടുക്കുന്നവർക്ക് മാത്രമേ അറ്റൻഡെൻസ് നൽകാറുള്ളുവെന്നും ആതിര പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രിൻസിപ്പാൾ

തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിൻറെ പേരിൽ നടക്കുന്ന വിവാദങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്ന് കോളേജ് പ്രിൻസിപ്പിളായ വീണ വി.ആർ. അഭിപ്രായപ്പെട്ടു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അതല്ലെന്നും സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്നും പ്രിൻസിപ്പാൾ ട്രൂകോപ്പിയോട് പറഞ്ഞു. പരീക്ഷയുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ പ്രിൻസിപ്പാളിന് വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ തരാൻ കഴിഞ്ഞില്ല.

കോളേജിലെ ലേഡീസ് ബ്ലോക്കിൽ ആൺകുട്ടികൾക്ക് പ്രവേശനമില്ലെന്നും ഈ ബ്ലോക്കിൽ ആൺകുട്ടികളെ കണ്ട അദ്ധ്യാപിക അവർക്ക് മുന്നറിയിപ്പ് നൽകുകയാണ് ചെയ്തതെന്നുമാണ് കോളേജ് അധികൃതരുടെ വാദം. കോളേജിന്റെ സൽപേരിന് കളങ്കം വരുത്താനുദ്ദേശിച്ചുള്ള നടപടിയാണ് ഇതെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതെന്നുമാണ് അവർ വാദിക്കുന്നത്.

ആൺ-പെൺലിംഗ വേർതിരിവുകൾ വളർത്തുന്ന ക്യാമ്പസുകൾ

നേരത്തെ 2015 ൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ ലിംഗ വേർതിരിവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം സംസ്ഥാനത്തൊട്ടാകെ ക്യാമ്പസുകളിലെ ആൺ-പെൺ വേർതിരിവുകളെ സംബന്ധിച്ച നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ കോളേജുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ മിക്ക കോളേജുകളിലും ലിംഗ വേർതിരിവ് പ്രകടമാണെന്ന് സംസ്ഥാന യുവജന കമ്മീഷന് (കെ.എസ്.വൈ.സി) കണ്ടെത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ലിംഗവേർതിരിവുകൾ കുറയ്ക്കാനാവശ്യമായ ശുപാർശകളും സമിതി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സംയുക്ത പങ്കാളിത്തത്തോടെ വിവിധ കലാമത്സരങ്ങൾക്കുള്ള ടീമുകൾ രൂപീകരിക്കുക, ക്യാമ്പസിൽ സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ "ഈ പരിസരങ്ങൾ സി.സി.ടി.വി നിരീക്ഷണത്തിലാണ്' എന്നെഴുതിയ ബോർഡുകൾ സ്ഥാപിക്കുക, കോളേജിലെ അക്കാദമിക കാര്യങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പിലിന് അവകാശമുണ്ടെന്നും എന്നാൽ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തണമെന്നും തുടങ്ങിയ ശുപാർശകളാണ് അതിലുണ്ടായിരുന്നത്.

സ്വാതി തിരുനാൾ സംഗീത കോളേജിലൂടെ ആറ് വർഷങ്ങൾക്കിപ്പുറം സമാനമായ സംഭവങ്ങളോടെ ക്യാമ്പസുകളിലെ ലിംഗേർതിരിവുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിടുകയാണ്.


Summary: ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിന് തങ്ങളുടെ ആൺ സുഹൃത്തുക്കളെക്കുറിച്ച് മോശം പറയുകയും സദാചാര ഉപദേശങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനുമെതിരെ പ്രതികരിക്കാനായി ആതിര പ്രിൻസിപ്പാളിന് പരാതി നൽകി. എന്നാൽ പ്രിൻസിപ്പാൾ വിഷയത്തിൽ മറുപടി നൽകുന്നതിന് പകരം തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്ന് ആതിര പറഞ്ഞു.


റിദാ നാസർ

സബ് എഡിറ്റര്‍

Comments