ഷംഷാദ്​ ഹുസൈൻ കെ.ടി.

കളിയാട്ടക്കാവിലേക്ക്​
​ഒളിച്ചുകടക്കുന്ന മതങ്ങൾ

എങ്ങനെയാണ് ഒരു ജനകീയ ഉത്സവം/ വിശ്വാസം മതങ്ങൾ കയ്യടക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണീ കളിയാട്ടക്കാവും വേലയും. ഇനി ചന്തയും കൃഷിയുമെല്ലാം ഹിന്ദുവിന്റേതും മുസ്​ലിമിന്റേതുമായി മാറിയാൽ പോലും നമ്മുക്ക് പ്രതികരിക്കാനാവില്ല.

വിശ്വാസം എന്നത് ഇപ്പോൾ നമ്മൾ മതത്തെ കേന്ദ്രീകരിച്ചുമാത്രം ആലോചിക്കുന്ന വിഷയമായിരിക്കുന്നു. മതത്തിലേക്ക് ഇത് ചുരുങ്ങിപ്പോയതെങ്ങനെ എന്നു കൂടി നാം ആലോചിക്കേണ്ടതുണ്ട്.

ചെറുപ്പത്തിൽ ഞാൻ പരിചയിച്ച വിശ്വാസ സംസ്‌കൃതികളെല്ലാം ഒരു നാടിന് പൊതുവായുള്ളതായിരുന്നു. മമ്പുറം, കൊണ്ടോട്ടി മഖാമുകളെക്കുറിച്ച് പറഞ്ഞപോലെ, പരപ്പനങ്ങാടിയിൽ നാട്ടുത്സവമായി നടപ്പുണ്ടായിരുന്നത് കുതിര വേലയാണ്. കുരുത്തോല കൊണ്ട് കുതിര കെട്ടി കുഞ്ഞാഞ്ചിരു ഭഗവതിക്ക് നേർച്ച കൊണ്ടുപോകുന്ന ഉത്സവമാണത്. കളിയാട്ടം എന്നാണിത് അറിയപ്പെട്ടിരുന്നത്. മുന്നിയൂരുള്ള കളിയാട്ടക്കാവിൽ വെച്ചാണ് ഉത്സവം. അതിന് മാസങ്ങൾക്കുമുമ്പേ മഞ്ചേരി മുതലുള്ള മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരം കുരുത്തോല കുതിരകൾ കെട്ടും. ഈ കുതിരയുമായി വീടുകൾ കയറിയിറങ്ങി നേർച്ചകൾ സ്വീകരിക്കും. കുരുത്തോല കുതിരയെടുത്ത ഒരാളും ചെണ്ടയും പിന്നെ ഒരു നൃത്ത സംഘവുമാണ് ഇക്കൂട്ടത്തിലുണ്ടാവുക. ഇങ്ങനെയുള്ള സംഘങ്ങൾ പല ഭാഗങ്ങളിൽ നിന്നും എത്തും. കാപ്പൊലിക്ക കഴിഞ്ഞാൽ ഈ കൊട്ടും പാട്ടുമാണ് നാട്ടിലെങ്ങും കേൾക്കുക. ഓരോ വീട്ടിലും ചെന്ന് അരി, തേങ്ങ, മറ്റു വിഭവങ്ങൾ പണം എന്നിവ ശേഖരിക്കും. പണ്ട് അരി ഉറപ്പായും കൊടുത്തിരുന്നു. വല്ലിമ്മ അരിയും തേങ്ങയും കൊടുത്താൽ വല്ലിപ്പാന്റെ വകയായി പണവും കൊടുക്കും.

ചിത്രീകരണം: ജാസിലാ ലുലു
ചിത്രീകരണം: ജാസിലാ ലുലു

ഞങ്ങൾക്ക് താത്പര്യം അവരുടെ പാട്ടും കളിയുമാണ്.എല്ലാ ബോലി... എല്ലാ ബോലി.... എല്ലാ ബോലിയാ... എന്നാണതിലെ വരികൾ അന്ന് പാടിയിരുന്നത്. പൊലി എന്ന വാക്കുവെച്ചാവും ഇതുണ്ടാവുന്നത്. പാടി വരുമ്പോൾ, അതിന്റെ ചടുല താളവും ചേരുമ്പോൾ വരികൾ അപ്രസക്തമാവും. എന്നാലും അതിൽ ശ്രദ്ധിച്ച ചില വരികളുണ്ടായിരുന്നു: ‘കുഞ്ഞിക്കുതിരക്ക് വെള്ളം കൊടുക്കെടി കുഞ്ഞാഞ്ചീര്വോ പെണ്ണെ'

കുഞ്ഞാഞ്ചീരു ഭഗവതിയാണെന്ന് ഏറെ കഴിഞ്ഞാണ് മനസിലായത്. പെണ്ണുങ്ങളിൽ ഒരാളോട് വെള്ളം കൊടുക്കാനാവശ്യപ്പെടുന്നു എന്നു മാത്രമേ അന്ന് ആലോചിച്ചിരുന്നുള്ളു. ചെറുപ്പത്തിലേ, എല്ലാറ്റിനും അല്ലാഹുവിൽ നിന്ന് ശിക്ഷ ലഭിക്കും എന്ന് കേട്ടുവളരുന്ന ഞങ്ങൾക്ക് ദൈവം രക്ഷകനും ശിക്ഷകനും (sic) ആയിരുന്നു. കുഞ്ഞാഞ്ചീരു ഭഗവതി ഞങ്ങൾക്കിടയിലുള്ള ഒരാൾ, ഞങ്ങളുടെ കുതിരയെ പരിപാലിക്കുന്നവൾ, ശക്തിസ്വരൂപിണി. കോഴിയുടെ തലയറുത്ത് രക്തം കുടിക്കുന്നവൾ. വിളവുകളെ പരിപാലിച്ച് അന്നം തരുന്നവൾ.

അമ്മയോടും സഹോദരിമാരോടും കൂടി നടന്നുവരുമ്പോൾ ദാഹിച്ച് വലഞ്ഞവൾ പുലയക്കുടിലിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. ഒറ്റപ്പെട്ടു പോയ ഇളയവൾ കുഞ്ഞാഞ്ചീരുവിന് ഇരിക്കാൻ ഇടം കൊടുത്തത് മമ്പുറം തങ്ങളാണെന്നാണ് വിശ്വാസം. കളിയാട്ട ദിവസം ഈ കുതിരകളെല്ലാം അതാതു പ്രദേശക്കാർ കാവിൽ കൊണ്ടുവന്ന് ദേവിയുടെ മുന്നിൽ വെച്ച് പൊളിച്ചടുക്കുന്നു. കോഴിക്കുരുതിയും ഇവിടുത്തെ പ്രധാന ചടങ്ങാണ്. കളിയാട്ടക്കാവിൽ എത്തുന്നുതിനുമുൻപ് മിക്കവരും മമ്പുറം തങ്ങളെ കണ്ട് വണങ്ങിയാണ് വരാറ്. അന്നേ ദിവസം മമ്പുറം മഖാമിന്റെ മുന്നിൽ ഒരു നിലവിളക്ക്​ കത്തിച്ചുവെച്ചിരുന്നു. കളിയാട്ടം കഴിഞ്ഞാൽ പിന്നെ കൃഷി തുടങ്ങുകയായി. അതിനാവശ്യമായ എല്ലാ വസ്തുക്കളും കളിയാട്ട കാവിലെ ചന്തയിൽ നിന്നാണ് കർഷകർ
ശേഖരിച്ചിരുന്നത്.

കാർഷിക ഉപകരണങ്ങൾ, വിത്തുകൾ, കത്തി, പാടത്തേക്കിറങ്ങുമ്പോൾ മഴയത്ത് ചൂടുന്ന തൊപ്പിക്കുട, മൺചട്ടി, പാത്രങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങൾ എല്ലാമായി വഴിനിറഞ്ഞിരിക്കും. ഈയടുത്തകാലത്ത് അലങ്കാര ചെടികളും പുതിയ തരം കളിപ്പാട്ടങ്ങളുമെല്ലാം ഇടം നേടിയതായി കാണാം. എന്നാലും ഇപ്പോഴും ഉത്സവം ഗംഭീരം തന്നെ.

ഏഴ് ഭഗവതിമാരും ഈ പരിസരപ്രദേശങ്ങളിൽ പലയിടത്തായി കുടിയിരുത്തപ്പെട്ടതായി വിശ്വസിക്കുന്നു. വേങ്ങരയിലെ അമ്മാഞ്ചേരി ഭഗവതിയെല്ലാം ഇവരുടെ സഹോദരിയാണെന്നാണ് ഐതിഹ്യം. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട കുഞ്ഞാഞ്ചീരുവിന് തങ്ങൾ ഇരിക്കാനുള്ള ഇടം ചൂണ്ടിക്കാണിച്ചുകൊടുക്കുകയായിരുന്നു എന്നാണ് വിശ്വാസം. ഇതെല്ലാം രേഖപ്പെടുത്തിയ ചെറിയ പുസ്തകം വിപണിയിൽ ലഭ്യവുമായിരുന്നു. ലഘുലേഖ പോലെ മമ്പുറം ചരിത്രം കളിയാട്ടക്കാവിന്റെ ചരിത്രവുമെല്ലാം വഴിയോരത്തെ കടകളിൽ ലഭ്യമായിരുന്നു.

കളിയാട്ടത്തിന്റെ ദിവസം മുതിർന്നവർ മാത്രമായിരുന്നു ഞങ്ങളുടെ വീടുകളിൽ നിന്ന് കാവിലേക്കുപോയിരുന്നത്. കുട്ടികൾക്ക് കടക്കാൻ പറ്റാത്തത്രയും തിരക്കായിരിക്കും. ഞങ്ങൾ പോയാൽ തന്നെ വഴിയിൽനിന്ന് തിരികെ പോരും. എന്റെ ചെറുപ്പത്തിൽ വല്ലിപ്പാക്ക് അവിടെ ഒരു വീടുണ്ടായിരുന്നു. ഒരു കളിയാട്ട ദിവസം ഞങ്ങളെയെല്ലാവരെയും ആ വീട്ടിലേക്ക് കൊണ്ടുപോയി. അതിന്റെ ഗേറ്റിനപ്പറും/ മതിലിനപ്പുറം നിലക്കാത്ത ജനങ്ങളുടെ വരവ് ഞങ്ങൾ കണ്ടുനിന്നു. കുതിരയോടൊപ്പം ആണുങ്ങളും പെണ്ണുങ്ങളും വരും. കളിയാട്ടക്കാവിൽ കച്ചവടക്കാരായും ധാരാളം സ്ത്രീകളുണ്ടായിരുന്നു. ഈ ഉത്സവത്തെക്കുറിച്ച് പഠിക്കാനായി കുറേ മുമ്പ് ഒരു അമ്മൂമ്മയെ കാണാൻ പോയപ്പോൾ അവർ ഓർത്തെടുത്ത രസകരമായ ഒരു കാര്യം ഭർത്താവിനോടൊപ്പം കള്ളു ഷാപ്പിൽ കയറി കുടിച്ചിരുന്നതാണ്.

ഞങ്ങൾക്ക് അന്ന് ഈ കാഴ്ചയും കുറേ കളിപ്പാട്ടങ്ങളും കിട്ടി. അതിലേറ്റവും രസകരമായത് കാറ്റാടി എന്ന് ഞങ്ങൾ വിളിച്ചിരുന്ന പല വർണ്ണക്കടലാസുകൾ വളച്ച് വട്ടത്തിൽ ചുറ്റിയുണ്ടാക്കിയ കളിപ്പാട്ടമായിരുന്നു. ഒരു കോലിൽ പിടിപ്പിച്ച ഈ ചക്രം ഞങ്ങൾ ഓടുമ്പോൾ വട്ടം കറങ്ങും. ഓട്ടത്തിന് വേഗത കൂടുമ്പോൾ കൂടുതൽ ശക്തിയായി തിരിയും. അതിനാൽ ഏതിനാണ് സ്പീഡ് എന്നത് ഞങ്ങളുടെ മത്സര വിഷയം കൂടിയായിരുന്നു. അന്ന് ഞാൻ വളരെ വേഗത്തിലെത്തി ഇതിന് വേഗത കൂട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്റെ കൂട്ടുകാരിയായ അമ്മാവന്റെ മകൾ ഇഷ ഇടക്ക് കയറിവന്നു. അവളെ മുട്ടാതിരിക്കാൻ എനിക്ക് ഓട്ടം പെട്ടന്ന് നിർത്തേണ്ടി വന്നു. വീഴാൻ പോയി എങ്കിലും പിടിച്ചു നിന്നു.

ഇതൊക്കെ കഴിഞ്ഞ് പല കളിയാട്ടങ്ങൾ കഴിഞ്ഞാണ് ഞാൻ കാവിൽ പോവുന്നത്. അന്ന് വിദേശി സുഹൃത്തായ ഒഫീറയും ബിജുവും മേരിക്കുട്ടി ചേച്ചിയും ഉണ്ടായിരുന്നു. പിന്നീട് പല കൂട്ടുകാരോടൊപ്പവും കളിയാട്ടത്തിന് പോയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പ്രശസ്​ത ഫോട്ടോഗ്രാഫറടക്കം. പക്ഷേ ഓരോ പ്രാവശ്യവും കളിയാട്ടത്തിന്റെ ദൃശ്യങ്ങൾ മാറുന്നത് എനിക്ക് കാണാമായിരുന്നു. ഏറ്റവുമൊടുവിൽ കുഞ്ഞാഞ്ചീരു ഭഗവതിയുടെ ചരിത്രം പുതിയ രൂപത്തിൽ പുറത്തുവന്നിരിക്കുന്നു. അതിൽ മമ്പുറം തങ്ങളില്ല. അത് കെട്ടുകഥയാണെന്ന് ഈ ചരിത്രം സമർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ള പല വിശ്വാസങ്ങളും ഈ ചരിത്രം നിഷേധിച്ചു. വർദ്ധിച്ചു വരുന്ന ഹിന്ദുത്വ താത്പര്യങ്ങൾ ഈ ഉത്സവത്തെ നിറം കെടുത്തുന്നുവല്ലോ എന്നോർത്ത് വിഷമിച്ചു. ഹിന്ദുത്വ അജണ്ടകൾ നാട്ടുത്സവങ്ങളെ സ്വാംശീകരിച്ച് പുതിയ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചെല്ലാം ഉറക്കെ ചിന്തിച്ചു.

പിന്നീടൊരിക്കൽ മമ്പുറം പള്ളി പരിസരത്തുവെച്ച് വേല കാണാനിടയായപ്പോൾ അവർ പറഞ്ഞത് ഇപ്പോൾ പള്ളിയുടെ കോമ്പൗണ്ടിനകത്തേക്ക് കുതിരയെ കടക്കാനനുവാദക്കുന്നില്ലെന്നാണ്. വേണമെങ്കിൽ അവർക്ക് ഇഷ്ടിക വിരിച്ച അതിന്റെ മുറ്റത്തിനപ്പുറത്തു കൂടി കടന്നുപോവാം. അവിടെ നിന്ന് കളിക്കുകയുമാവാം. അത്രമാത്രം.

അവിടുത്തെ നടത്തിപ്പുകാരനായ ഒരു നാട്ടുകാരനോട് ഒരു ദിവസം ഞാൻ നിലവിളക്കു വെക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം അത് പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്​. പള്ളിയിൽ ഒരിക്കലും അങ്ങനെ നിലവിളക്കു കത്തിച്ചു വെക്കാറില്ലെന്നാണദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴങ്ങനെ വിളക്കു കാണാറില്ലെന്ന് പലരും പറയുകയും ചെയ്തു.

എങ്ങനെയാണ് ഒരു ജനകീയ ഉത്സവം/ വിശ്വാസം മതങ്ങൾ കയ്യടക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണീ കളിയാട്ടക്കാവും വേലയും. ഇനി ചന്തയും കൃഷിയുമെല്ലാം ഹിന്ദുവിന്റേതും മുസ്​ലിമിന്റേതുമായി മാറിയാൽ പോലും നമ്മുക്ക് പ്രതികരിക്കാനാവില്ല. തിരിച്ചറിയാനും കഴിയില്ല. സാവധാനത്തിലാണെങ്കിലും അത്രയും സൂക്ഷ്മമായാണ് ഇവയെ മതങ്ങൾ കയ്യടക്കുന്ന പ്രക്രിയ. ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments