ചിത്രീകരണം : ജാസില ലുലു

തൊട്ടാരങ്ങയും
ചക്കരപൊട്ടിയും
മിണ്ടാക്കായയും

മധുരച്ചവർപ്പോർമകൾ

മിണ്ടാക്കായ കഴിച്ചിട്ടുണ്ടോ? ചിലതിന് നല്ല കയ്പായിരിക്കും. ആരോടും മിണ്ടാതെ, കണ്ടാലും ഒച്ച വെക്കാതെ വേണം അത് പറിക്കാൻ. അങ്ങനെ കഴിച്ചാൽ കയ്പുണ്ടാവില്ലെന്നാണ് വിശ്വാസം. നമ്മൾ പറിക്കാൻ പോവുമ്പോൾ ആരെങ്കിലും ശബ്ദിച്ചാലും നമുക്ക് കയ്പ് കിട്ടും.

പ്തംബറിനെ പാശ്ചാത്യർ വിളിക്കുന്നത് The Month of Fulfillment എന്നാണ്.

പൂക്കളെല്ലാം കായയാവുന്ന കാലം ഇതത്രേ അവർക്ക്. നമുക്കും ഓണക്കാലം, ഏകദേശം സപ്തംബറാണ്. അതുകഴിഞ്ഞ് പൂക്കളെല്ലാം കായയായി തുടങ്ങുന്നു. അക്കാലത്ത് കുഞ്ഞുപൂക്കളെപ്പോലെ തന്നെ പറിച്ചുതിന്നാൻ കുറെ ഫലങ്ങളും തൊടികളിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഇന്ന് തീരെ കാണാതായ പഴം ചുള്ളിക്കയാണ്. അതിന്റെ ചെടികൾ പലയിടത്തും ഇപ്പോൾ കാണുന്നുണ്ടെങ്കിലും അതിൽ കായകൾ പഴുത്തുകാണുന്നേയില്ല. വളരെ ചെറിയ കായകളാണ്. പഴുത്താൽ കറുപ്പിനോടടുത്ത നിറം വരും. മഞ്ഞച്ചു തുടങ്ങുമ്പോഴേ പറിച്ച് കഴിച്ചുതുടങ്ങും. അതിനകത്തെ ചെറിയ കുരു തുപ്പിക്കളയണം. തരിതരിയായി നല്ല മധുരമുള്ള കാമ്പും തൊലിയും കഴിയ്ക്കാം. പഴുത്തുതുടങ്ങുന്നതിനുമുമ്പ് മഞ്ഞയും കറുപ്പും ഇടലകർന്ന് നിൽക്കും. അതാണ് ഏറ്റവും രുചി. പുളിപ്പ് വിടാത്ത നല്ല മധുരം അവയ്ക്കാണ്. കാടുപോലെ ഒരു പ്രത്യേക സ്ഥലത്ത് പടർന്നാണ് ഇവയുടെ ചെടിയുണ്ടാകുക. ഉറപ്പുള്ള മരമാവില്ല. ഇതിന്റെ ഇലകളും ഭംഗിയുള്ളവയാണ്. നല്ല വട്ടത്തിലല്ലാതെ അൽപമൊന്ന് അറ്റം നീണ്ട് അധികം വലിപ്പമില്ലാതെ വടിവൊത്ത ഇലകളായിരിക്കും.

ഇതേ ഇനത്തിൽ കുറേക്കൂടി വലിയ കായകളായിട്ടാണ് മുള്ളൻ കായ കിട്ടുക. അതിന് മഞ്ഞനിറമാണ്. കുരുവിൽനിന്ന് കടിച്ചെടുത്ത് കഴിയ്ക്കണം. ചെറിയ കായ തന്നെയാണെങ്കിലും ചുള്ളിക്കയെ അപേക്ഷിച്ച് വലിപ്പമുണ്ട്. ഈ കായ കിട്ടുന്ന ചെറിയ ചെടിക്ക് വലിയ മുള്ളുകളുണ്ടായിരുന്നു. നല്ല മൂർച്ചയും ഉറപ്പുമുള്ള നീണ്ട മുള്ളുകളുമായി നിൽക്കുന്ന ചെടിയുടെ തടിയിൽനിന്ന് നീണ്ടുനീണ്ടു വരുന്ന ഒരു തണ്ടിലാണ് കായയുണ്ടാകുക. അത്ര ഉരുണ്ടതല്ലാത്ത ആകൃതിയിലാണിവ. വലിയ കുരുവായതിനാൽ കഴിക്കാവുന്ന ഭാഗങ്ങൾ കുറവാണ്. ചെറിയ ചവർപ്പുകൂടിയുണ്ടെങ്കിലും നന്നായി പഴുത്താൽ അതിന്റെ രുചി വേറെയാണ്. എങ്കിലും ചുള്ളിക്കയെപ്പോലെ മാംസളഭാഗങ്ങൾ ഇല്ല. പല്ലുകൊണ്ട് ചെറുതായി കരണ്ടുവേണം കഴിയ്ക്കാൻ.

പിന്നെ ‘തൊട്ടാരങ്ങ' എന്നു ഞങ്ങൾ വിളിക്കുന്ന, പല പേരുകളിൽ പലരും എഴുതിക്കണ്ടിട്ടുള്ള കായയാണ്. ഇല പോലെ ഒരു സാധനം കൊണ്ട് പൊതുഞ്ഞുസൂക്ഷിച്ചപോലെയാണ് തൊട്ടാരങ്ങ. കൈകൂപ്പി നിൽക്കുന്നപോലെ എന്നാരോ ഇതിനെ വിശേഷിപ്പിച്ചിരുന്നു. പഴുത്താൽ നേരിയ മഞ്ഞ നിറത്തിൽ നല്ല മധുരമുണ്ടാകും കായക്ക്. പക്ഷെ, അക്കാലത്തൊന്നും നന്നായി പഴുക്കാൻ ക്ഷമയുണ്ടാവില്ല. വല്ല ചെടിയും ഞങ്ങളുടെ കണ്ണിൽപെടാതെ നിന്നാൽ മാത്രമാണ് അത്രയും പഴുത്തുകിട്ടുക. ആ ചെടി ഇപ്പോഴും പലയിടത്തും കാണാറുണ്ട്.

ചക്കരപൊട്ടിയുടെ ചെടി വള്ളിയായി പടർന്നാണ് നിൽക്കുക. തൊട്ടാരങ്ങയുടേതുപോലെ മുഴുവനൂം മൂടിനിൽക്കില്ലെങ്കിലും ഈ കായയ്ക്കുതാഴെ ചിത്രം വരച്ചപോലെ ഡിസൈനിൽ നിൽക്കുന്ന ഒരു ആവരണമുണ്ട്. പഴുത്താൽ മഞ്ഞനിറത്തിലുള്ള കായയ്ക്കകത്ത് ചെറിയ കറുത്ത കുരുവിൽ മധുരമുള്ള ക്രീം പോലെയുള്ള ഭാഗമാണ് കഴിക്കേണ്ടത്. മഞ്ഞ തൊലി പൊട്ടിച്ച് അകത്തുള്ളതെല്ലാം കഴിക്കാവുന്ന ഭാഗമാണ്. തിരുന്നാവായയിലെ ഞങ്ങളുടെ കാമ്പസിന്റെ വഴിയിൽ ഇവ നിറയെ കായ്ച്ചുനിൽക്കും. അതുകൊണ്ടുതന്നെ കുട്ടികൾക്ക്​ ഇതിനെക്കുറിച്ചറിയില്ലെന്ന് എനിക്കുറപ്പായിരുന്നു. കാരണം, തൊട്ടപ്പുറത്ത് രണ്ട് സ്‌കൂളുകളുണ്ട്. എന്നിട്ടും അത്രയും കായ പഴുത്തുനിൽക്കണമെങ്കിൽ, അറിയാത്തതുതന്നെയാകണം. മറ്റു മധുരങ്ങൾ ശീലിച്ച കാലത്ത് ഇത് വേണ്ടാതായതാണോ എന്നും ഉറപ്പില്ല.

ഇലഞ്ഞിക്കായ അക്കാലത്തെ രുചികരമായ ഒരോർമയാണ്. പക്ഷെ, എല്ലായിടത്തും കിട്ടില്ല. വലിയ മരമാണ്. ഞങ്ങളുടെ പരിസരത്തുതന്നെ ആകെയുണ്ടായിരുന്നത് ഒരു മരമാണ്. രാവിലെ അവിടെ ഹാജർ കൊടുത്തശേഷമേ സ്‌കൂളിലേക്ക് പോയിരുന്നുള്ളൂ. ഇലഞ്ഞി പൂത്താൽ തന്നെ വിവരമറിയാം. ആ പൂക്കളും പെറുക്കിയെടുക്കും. ചകിരിനാരിൽ ഇത് കോർത്തെടുത്ത് വട്ടത്തിൽ കെട്ടി വളയം പോലെയുണ്ടാക്കി കൈയിൽ വച്ചാൽ മുറിയിൽ നല്ല മണം പരക്കും. ഇതിന്റെ കുരുവും വളരെ വിലപ്പെട്ടതായിരുന്നു. ഇലഞ്ഞിക്കുരു കൊണ്ട് മേടിക്കളിച്ച് വലിയ സമ്പാദ്യമുണ്ടാക്കും. എങ്കിലും പുളിങ്കുരുവിനോളം പ്രാധാന്യമില്ല ഈ സമ്പാദ്യത്തിന്. കാരണം, പുളിങ്കുരു വറുത്ത് കഴിക്കാം. ഇതിന് ആ ഗുണമില്ല.

മഷിക്കായ നല്ല വയലറ്റ് നിറം തരും. കൈയിലും കടലാസിലുമെല്ലാം ഇത് ഉരസി നിറം വെപ്പിക്കും. ഒരിക്കൽ ഇതുകൊണ്ട് പേനയിൽ മഷി നിറയ്ക്കാൻ പറ്റുമോ എന്നു പരീക്ഷിക്കാൻ കാരണവും ഈ പേരായിരിക്കാം.

മറ്റൊരു പഴം എലന്തക്കായയാണ്. എലന്തപ്പഴം എന്നും പിൽക്കാലത്ത് അതിനെ വിളിച്ചിരുന്നു. അത് പുതിയ രൂപത്തിൽ വലിയ പഴമായി ഇപ്പോൾ വിപണിയിലും കണ്ടിട്ടുണ്ട്. പണ്ടുണ്ടായിരുന്ന പഴം വളരെ ചെറുതും നല്ല മധുരമുള്ളതും ആയിരുന്നു. നേർത്ത തൊലിയും ചെറിയ കുരുവുമായതിനാൽ ഓരോ പഴത്തിലും കൂടുതൽ ഭാഗം കഴിക്കാനുണ്ടാകും. മരവും കാണാൻ വളരെ ഭംഗിയുള്ളതായിരുന്നു. തടി നീണ്ടുനിൽക്കുന്ന ഇവയിൽ മിക്കവാറും ഉയരത്തിലാണ് കായയുണ്ടാകുക. മരം കുലുക്കി വീഴ്ത്തിയാണധികവും എലന്തക്കായ പറിക്കുക. ഇത് കാട്ടിലോ തൊടിയിലോ അത്ര സുലഭമല്ല. പല വീട്ടുകാരും ശ്രദ്ധയോടെ വളർത്തുന്ന മരമായാണ് കണ്ടിട്ടുള്ളത്. ചെറിമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന വല്ലിപ്പാന്റെ സഹോദരിയുടെ വീട്ടിലാണ് ഞങ്ങൾക്ക് സ്ഥിരമായി എലന്തക്കായ കിട്ടുന്ന മരമുണ്ടായിരുന്നത്. വയസ്സായ ചെറിമ്മാമയും ഉപ്പാപ്പയും മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഉപ്പാപ്പയെ ഞങ്ങൾക്ക് നല്ല പേടിയായിരുന്നു. എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഓർമയില്ല. ഉപ്പാപ്പയെ കണ്ടുവരാൻ ചെറിമ്മാമ പറയുമ്പോൾ നടുമുറിയിൽ കയറി വിറച്ച് പതുങ്ങിനിൽക്കും. അദ്ദേഹം വരാന്തയിൽനിന്ന് ഞങ്ങളെ കാണാൻ കയറിവരും. എന്തെങ്കിലും ചോദിച്ച്​തിരിച്ചുപോകുകയും ചെയ്യും. അദ്ദേഹം ഒരിക്കലും ചിരിച്ചുകണ്ടിട്ടില്ല. പക്ഷെ, ചെറിമ്മാമ ഭംഗിയായി ചിരിക്കും. അവർക്ക് ഞാൻ കാണുമ്പോഴൊക്കെ പല്ലുകളില്ല. വറുത്ത വായക്ക ഇടിച്ചുകഴിക്കാൻ അവർക്ക് സ്വർണനിറത്തിലുള്ള ഒരു ചെറിയ കാലുള്ള പാത്രവും അതിടിക്കാനായി ചെറിയ ഉലക്ക പോലൊരു ഉപകരണവും എപ്പോഴും അവരുടെ മുറിയിലുണ്ടാകും. ഞങ്ങൾക്ക് കായ വറുത്തത് തന്നശേഷം അവരത് പാത്രത്തിലിട്ട് ഇടിച്ച് പൊടിയാക്കി കഴിക്കും.

ഉമ്മാന്റെ പഴയ വീട്ടിൽ പോകുമ്പോൾ ഉമ്മ കാണിച്ചുതരാറുള്ള പഴമാണ് വെണ്ണീറും പഴം. അത്ര പഴുക്കാതെയാണ് എനിക്കെപ്പോഴും കിട്ടിയിരുന്നത് എന്നുാേതോന്നുന്നു. വലിയ രുചി അതിന് തോന്നിയിട്ടില്ല.

അവിടെ ഏതുസമയത്ത് ചെന്നാലും ഞങ്ങൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കും. എന്താണ് വേണ്ടത് എന്ന് ഞങ്ങളോട് ചോദിക്കുകയും ചെയ്യും. അവിടെനിന്ന് എപ്പോഴും പുട്ട് ആവശ്യപ്പെട്ടിട്ടാണ് ഉമ്മാമ എനിക്ക് പുട്ടീരിവി എന്നുപേരിട്ടത്. ഇക്കാക്ക പൂള പുഴുങ്ങിയത് ആവശ്യപ്പെടുന്നതുകൊണ്ട് ഇക്കാക്കക്ക് പൂളതങ്ങൾ എന്ന പേരും കിട്ടി. അവരുടെ തൊട്ടടുത്ത് താമസിക്കുന്ന നബീസ താത്ത വന്നാണ് ഈ പലഹാരങ്ങളുണ്ടാക്കുക. എലന്തക്കായ പഴുക്കുന്ന കാലമായാൽ ഞങ്ങളുടനെ തൊടിയിലേക്കാണ് ഓടുക. ഞങ്ങൾ ഒറ്റക്കാണ് ചെല്ലുന്നതെങ്കിൽ നബീസതാത്താക്ക് മരം കുലുക്കി തരുന്ന ജോലിയും കിട്ടും.

മിണ്ടാക്കായ കഴിച്ചിട്ടുണ്ടോ? ചിലതിന് നല്ല കയ്പായിരിക്കും. ആരോടും മിണ്ടാതെ, കണ്ടാലും ഒച്ച വെക്കാതെ വേണം അത് പറിക്കാൻ. അങ്ങനെ കഴിച്ചാൽ കയ്പുണ്ടാവില്ലെന്നാണ് വിശ്വാസം. നമ്മൾ പറിക്കാൻ പോവുമ്പോൾ ആരെങ്കിലും ശബ്ദിച്ചാലും നമുക്ക് കയ്പ് കിട്ടും. നല്ല കടുംചുവപ്പ് നിറത്തിലാണ് പഴുത്ത കായ കിട്ടുക. വലിയ മധുരമൊന്നും അതിനൊരിക്കലുമുണ്ടാകില്ല. കയ്പില്ലാതിരിക്കാൻ മാത്രമാണ് മിണ്ടാതെ പറിക്കേണ്ടത്. വീടിന്റെ പരിസരത്തിലെവിടെയും പടർപ്പുകൾക്കിടയിൽ ഇതിന്റെ വള്ളി കാണും.

കൊട്ടത്തേങ്ങ എന്ന് പറയുമ്പോൾ തേങ്ങയോളം വലിപ്പമുള്ള ഒരു കായയല്ലേ മനസ്സിൽ വരുന്നത്? കൊട്ടത്തേങ്ങ ഞാനിപ്പോൾ പറഞ്ഞ കായകളിലെല്ലാം വച്ച് ചെറുതാണ്. പുല്ലുപോലെ മുറ്റത്ത് വളരുന്ന നേർത്തുനീണ്ട ഇലകളുള്ള ഒരു ചെടിയിൽ ഇലയ്ക്കും തണ്ടിനുമിടയിൽ പതുങ്ങിയിരിക്കുന്നപോലെയാണ് അതിന്റെ കായ. മുള്ളുകൾ പോലെ പൊടിപ്പുകളുള്ള ചെറിയ കായ മൂത്തുകഴിഞ്ഞാൽ ഉറച്ച് ചണ്ടിയായിരിക്കും. ഇളയ കായയ്ക്ക് നേരിയ പുളിയുള്ള ഒരു രുചി കാണും എന്നുമാത്രം. അക്കാലത്ത് എന്തും കഴിക്കാനുള്ളതായിരുന്നല്ലോ. തൊട്ടാവാടിയുടെ മൊട്ടുകളും കൂട്ടുകൂടുമ്പോൾ പറിച്ചുകഴിച്ചിരുന്നു. അരിപ്പൂക്കായയാണ് മറ്റൊരു രുചിയുള്ള പഴം. അരിപ്പൂ പോലെതന്നെ ചെറിയ കായകൾ ഒരേ ഞെട്ടിൽ കായ്ക്കും. കറുത്ത നിറമാവുമ്പോഴാണ് മധുരവും കഴിക്കാനെളുപ്പവും. മധുരം നുണഞ്ഞ് കുരു തുപ്പിക്കളയാം, വിഴുങ്ങാം.

ഞങ്ങളുടെ പ്രദേശത്ത് അത്ര സുപരിചിതമല്ലാത്ത, ഉമ്മാന്റെ പഴയ വീട്ടിൽ പോകുമ്പോൾ ഉമ്മ കാണിച്ചുതരാറുള്ള പഴമാണ് വെണ്ണീറും പഴം. അത്ര പഴുക്കാതെയാണ് എനിക്കെപ്പോഴും കിട്ടിയിരുന്നത് എന്നുാേതോന്നുന്നു. വലിയ രുചി അതിന് തോന്നിയിട്ടില്ല. നേരിയ റോസ് നിറത്തിലാണ്​ ആ കായയുണ്ടാകുക. ചെറിയ ചെടികളിൽ കായ്ച്ചുനിൽക്കും. അവിടുത്തെ പറമ്പുകളിൽ ഈ ചെടികൾ ധാരാളമുണ്ടാകുകയും ചെയ്യും.

കുട്ടികൾക്ക് ഈ കായകളിലൊന്നും ഇപ്പോഹ അധികം ഉത്സാഹം കാണുന്നില്ല എന്നതാണ് അൽഭുതപ്പെടുത്തുന്നത്. മുതിർന്നവരുടെ വിലക്കുകളും അതിൽ വലിയ ഘടകമാകാം. ഇപ്പോൾ നമുക്ക് പഴങ്ങൾ പോലും വിപണിയിൽനിന്ന് വാങ്ങാവുന്നവ മാത്രമാണ്.

കാളത്തട്ട എന്ന പഴം കിട്ടുന്നത് വലിയ മരത്തിൽനിന്നാണ്. ചുവന്ന നിറത്തിൽ വലിയ പെട്ടി പോലെ കായ കാണാം. അതിനകത്ത് കറുത്ത ഒരു പൊട്ടുപോലെ അനേകം കായകളുണ്ടാകും. അതിന്റെ തൊലി കളഞ്ഞുവേണം കഴിക്കാൻ. മധുരമല്ല, പക്ഷെ കഴിക്കാൻ ആഗ്രഹം തോന്നുന്ന രുചി അതിനുണ്ടായിരുന്നു. തിരൂരുള്ള ഒരമ്മാവന്റെ വീട്ടിൽനിന്നാണ് കാളത്തട്ട കഴിച്ച ഓർമയുള്ളത്.

കഴിക്കാനല്ലെങ്കിലും അക്കാലത്ത് ആകർഷിച്ചിരുന്ന ചില കായകളുണ്ടായിരുന്നു. മഷിക്കായ നല്ല വയലറ്റ് നിറം തരും. കൈയിലും കടലാസിലുമെല്ലാം ഇത് ഉരസി നിറം വെപ്പിക്കും. ഒരിക്കൽ ഇതുകൊണ്ട് പേനയിൽ മഷി നിറയ്ക്കാൻ പറ്റുമോ എന്നു പരീക്ഷിക്കാൻ കാരണവും ഈ പേരായിരിക്കാം.

പിന്നെ, മരമഞ്ഞൾ എന്നുവിളിക്കുന്ന കായ. റമ്പൂട്ടാൻ പഴത്തിന്റെ ആകൃതിയിൽ വീടുകളിൽ ഭംഗിക്കുവേണ്ടി വളർത്തുന്ന ചെടിയാണിത്. ഇതിന്റെ തോട് പൊട്ടിച്ചാൽ ചെറിയ കുരുപോലുള്ള സാധനം കിട്ടും. അതെടുത്ത് കൈയിലുരസിയാൽ മഞ്ഞയും ചുവപ്പും കലർന്ന ഒരു നിറം കിട്ടും. മൈലാഞ്ചി പോലെ വട്ടത്തിൽ ഇതുകൊണ്ട് ചുവപ്പിച്ച് വെക്കുകയാണ് അന്നത്തെ ഒരു രസം.

ഇവയിൽ പലതും ഇന്നും തൊടികളിൽ കാണാം. പലയിടത്തും ഇവയ്ക്ക് പല പേരുകളും ആകാം. എന്നാലും കുട്ടികൾക്ക് ഇവയിൽ അധികം ഉത്സാഹം കാണുന്നില്ല എന്നതാണ് അൽഭുതപ്പെടുത്തുന്നത്. മുതിർന്നവരുടെ വിലക്കുകളും അതിൽ വലിയ ഘടകമാകാം. ഇപ്പോൾ നമുക്ക് പഴങ്ങൾ പോലും വിപണിയിൽനിന്ന് വാങ്ങാവുന്നവ മാത്രമാണ്. ചക്കയും മാങ്ങയും പോലും ഈ ലിസ്റ്റിൽ അവസാനമാണ്. ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments