ചെറുപ്പത്തിൽ വല്ലിമ്മാന്റെ കൂടെ മമ്പുറം പള്ളിയിൽ പോയിരുന്നു.
അനേകം വിശ്വാസികളെത്തുന്ന പ്രശസ്തമായ പള്ളി. അവിടെ ചെന്ന് പ്രാർഥിച്ചാൽ, മമ്പുറം തങ്ങളുടെ ദർഗ പുതച്ച കൊടി കൊണ്ട് ഉഴിഞ്ഞാൽ ദോഷങ്ങളില്ലാതാകും, അഭീഷ്ടസിദ്ധിയുണ്ടാകും എന്നെല്ലാമാണ് വിശ്വാസം. എത്രയോ ചികിത്സകൾ നടത്തി ഫലിക്കാത്ത അസുഖങ്ങൾ മാറിയതായി എന്റെ ബന്ധുക്കൾ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. മമ്പുറം പള്ളിയുടെ പടവുകൾ ചവുട്ടിക്കേറാൻ നേർന്നതിന്റെ പേരിൽ വിക്ക് മാറിക്കിട്ടിയതായി വിശ്വസിക്കുന്ന ബന്ധു എനിക്കുണ്ട്. അന്ന് വല്ലിമ്മാന്റെ കൂടെ വന്നപ്പോൾ ഈ കഥകൾ കേട്ട ഹരത്തിലാണ് അവിടമെല്ലാം കണ്ടത്. അമുസ്‌ലിംകൾക്ക് അകത്ത് പ്രവേശിക്കാൻ പ്രത്യേക ക്യൂ തന്നെയുണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം ഇതേ സ്ഥലത്തേക്കാണ് ഞാൻ കല്യാണം കഴിച്ചെത്തിയത്. പക്ഷെ, അവിടെ ആരും ഈ പള്ളിയുടെ പടി ചവിട്ടുന്നത് കണ്ടിട്ടില്ല. ഭർത്താവും ഭർത്താവിന്റെ ഉപ്പ യാക്കൂബും അതിന്റെ ഭരണപരമായ കാര്യങ്ങളിൽ നാട്ടുകാരോടൊപ്പം പങ്കുചേരുന്നത് കണ്ടിട്ടുണ്ട്. അല്ലാതെ, സിയാറത്തിന് പോകാറില്ല. എന്റെ ബന്ധുക്കളിലും അയൽക്കാരിലും അധികവും പള്ളിയിലേക്കുവരുമ്പോൾ എന്നെ കൂടി കണ്ടുപോകാം എന്നു കരുതി എന്റെ ഭർതൃവീട്ടിൽ വരുന്നവരായിരുന്നു.
ഞാൻ കൊണ്ടോട്ടി തങ്ങൾ കുടുംബത്തിലാണ് ജനിച്ചത്. അമാനുഷിക ശക്തിയുടെ കഥകൾ ധാരാളം കേട്ടാണ് അവിടെ വളർന്നത്. കൊണ്ടോട്ടി ഖുബ്ബയിൽനിന്ന് കൊടുക്കുന്ന വെള്ളവും വെളിച്ചെണ്ണയും വലിയ വിശ്വാസത്തോടെ ഉപയോഗിക്കുന്നവർ ഇന്നും ധാരാളമുണ്ട്.
പള്ളിയിൽ കൂടെക്കൂടെ വന്നുപോകുന്ന വ്യക്തി, ബഷീർക്കാന്റെ അനുജത്തി ജംഷിയുടെ ക്ലാസ്‌മേറ്റായ വിദ്യയായിരുന്നു. വിദ്യ എല്ലാ പരീക്ഷാദിവസവും പള്ളിയിൽ പ്രാർഥിച്ചശേഷമേ കോളേജിൽ കയറിയിരുന്നുള്ളൂ. നേർച്ചദിവസം പള്ളിയിൽനിന്ന് നെയ്‌ച്ചോറും പോത്തിറച്ചിക്കറിയും ഭക്തർക്ക് ദാനം ചെയ്യാറുണ്ട്. പരപ്പനങ്ങാടിയിലെ എന്റെ അയൽവാസിയായ ആമിനുതാത്ത ഈ ചോറ് ബാക്കിയാവുന്നത് ഉണക്കി പൊടിച്ച് സൂക്ഷിക്കാറുണ്ടത്രേ. കുട്ടികൾക്ക് വയറുവേദനയൊക്കെ വരുമ്പോൾ ഈ പൊടി കൊടുത്താൽ വേദന വിടുമത്രേ.
നാട്ടിൽ മഴ പെയ്യാതാകുമ്പോൾ പള്ളിയിൽനിന്ന് കൊടിയെടുക്കുന്ന ചടങ്ങും പതിവുണ്ടെന്ന് നാട്ടിലെ വയസ്സായ പലരും പറഞ്ഞിരുന്നു. കൊടിയെടുത്ത് വെള്ളത്തൊടി വരെ നടക്കുമ്പോഴേക്കും മഴ പെയ്യുന്നത് പതിവായിരുന്നു. വ്യഴാഴ്ച തോറും മമ്പുറം പള്ളിയിൽ സ്വലാത്ത് (കൂട്ടപ്രാർഥന) നടത്താറുണ്ട്. അന്നത്തെ ദിവസം ആ പ്രദേശത്ത് ഒരു വാഹനവും കടത്തിവിടാൻ പറ്റാത്ത തരത്തിൽ ജനം തിങ്ങിക്കൂടും. ഒരിക്കൽ തിരക്ക് നിയന്ത്രണാതീതമായപ്പോൾ അധികാരികൾ ആദ്യം പുറത്താക്കിയത് സ്ത്രീകളെയാണ്. സ്ത്രീകൾ പള്ളിവളപ്പിനുപുറത്തുള്ള ഒരിടത്തുനിന്നാണ് പിന്നീട് ഈ പ്രാർഥനയിൽ പങ്കുകൊള്ളുക.
മമ്പുറം തങ്ങളുടെ ശക്തിയെക്കുറിച്ച് അനേകം കഥകളും ഐതിഹ്യങ്ങളുമെല്ലാം ആ നാട്ടിൽ പ്രചാരത്തിലുണ്ട്. ഞാൻ കൊണ്ടോട്ടി തങ്ങൾ കുടുംബത്തിലാണ് ജനിച്ചത്. ഇത്തരം അമാനുഷിക ശക്തിയുടെ കഥകൾ ധാരാളം കേട്ടാണ് അവിടെ വളർന്നത്. കൊണ്ടോട്ടി ഖുബ്ബയിലും ജാതിമതഭേദമില്ലാതെ വിശ്വാസികൾ വരുന്നു. കൊണ്ടോട്ടി ഖുബ്ബയിൽനിന്ന് കൊടുക്കുന്ന വെള്ളവും വെളിച്ചെണ്ണയും വലിയ വിശ്വാസത്തോടെ ഉപയോഗിക്കുന്നവർ ഇന്നും ധാരാളമുണ്ട്. അവിടെനിന്നുള്ള വെളിച്ചെണ്ണ നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറുമെന്ന് വിശ്വസിക്കുന്നു. അവിടെയും ദർഗ കാണുകയും അതിനടുത്തുനിന്ന് പ്രാർഥിക്കുകയും ചെയ്യാം. ദർഗയിൽ മൂടുന്ന തുണിയായ ഒല്ലി കൊണ്ട് തടവി അനുഗ്രഹിക്കുന്ന രീതി ഇവിടെയുമുണ്ട്. ഉപ്പാന്റെ ഖബർ പള്ളിയോടുചേർന്നായതുകൊണ്ട് ഇപ്പോൾ പള്ളി സന്ദർശനം അധികമായിട്ടേയുള്ളൂ. ഉപ്പാന്റെ ഉപ്പ ഗുലാം സാഹിബ് തങ്ങളായിരുന്നു മുമ്പ് സ്ഥാനത്തിരുന്ന തങ്ങൾ. അദ്ദേഹവും പല അസുഖങ്ങളും മാജിക് പോലെ മാറ്റിയിരുന്നതായി ഉപ്പ പറഞ്ഞുകേട്ടിട്ടുണ്ട്. തൊണ്ടയിൽ കുടുങ്ങിപ്പോയ വസ്തുക്കൾ ഛർദ്ദിച്ച് പുറത്തെടുത്ത് കളയുന്നത് ഉപ്പ നേരിട്ട് കണ്ടിട്ടുണ്ടത്രേ. ഹിപ്‌നോട്ടിസമുപയോഗിച്ചാണ് ‘ആവ' ഇത് സാധിക്കുന്നത് എന്ന വിശദീകരണത്തോടെയാണ് ഉപ്പ ഈ കഥകൾ പറഞ്ഞുതന്നിരുന്നത്. ജിന്നുകളുമായുള്ള സഹവാസത്തിന്റെ കഥകൾ മുമ്പ് ഈ പംക്തിയിൽ എഴുതിയിരുന്നുവല്ലോ.
വിശ്വാസത്തിന്റെ വിപരീതം അന്ധവിശ്വാസം ആയിരുന്നു, അവിശ്വാസം ആയിരുന്നില്ല. അതായത്, എല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിശ്വാസികൾ തന്നെയായിരുന്നു. അതിന്റെ ഗ്രേഡിൽ മാത്രമാണ് മാറ്റമുണ്ടായിരുന്നത്.
പൊന്നാനി പ്രദേശത്തും പള്ളികളോടൊപ്പം ധാരാളം ദർഗകളുണ്ട്. മുപ്പതോളം ദർഗകളുണ്ടാകും എന്നാണ് ഏകദേശ കണക്ക്. ഈ ദർഗകളിൽ കുട്ടികളും സ്ത്രീകളുമടക്കം ദിവ്യരായിട്ടുണ്ട്. അതിൽ ഹിന്ദുമതവിശ്വാസിയായിരുന്ന ബീവിയും ഉൾപ്പെടുന്നു. ആ കഥയാണ് കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവലിലുള്ളത്. കിലുക്കൊട്ട ജാറം ഒരു ചെറിയ കുട്ടിയുടെ ദർഗയാണ്. ഇതുകൂടാതെ, ജീവിച്ചിരിക്കുന്ന ബീവിമാരുമുണ്ട്. ഇപ്പോഴും കടലിന്റെ സ്വഭാവം പ്രവചിക്കാൻ കഴിയുള്ള ബീവിമാർ അവിടെയുണ്ട്. അവരോട് സമ്മതം വാങ്ങി മാത്രമേ മുക്കുവർ കടലിൽ തോണി ഇറക്കാറുള്ളൂ.
'ആവ' ഓടിച്ചുവിട്ട പല ശക്തികളും പഴയകാല കഥകളിലുണ്ട്. അതിലൊന്നാണ് ചേക്കുട്ടി പാപ്പ. ചേക്കുട്ടി പാപ്പയോട് കൊടിമരത്തിനപ്പുറം കടക്കരുതെന്ന് ആവ ഉത്തരവിട്ടിരുന്നു. അതിനുശേഷം ചേക്കുട്ടി പാപ്പ ദേഹത്ത് കൂടിയവർ കൊടിമരത്തിനപ്പുറത്തെത്തുമ്പോഴേക്കും ഇഴഞ്ഞാണത്രേ നീങ്ങിയിരുന്നത്. ജിന്നുകളെയും വരുതിയിൽ നിർത്താൻ കഴിവുള്ളവനായിരുന്ന ആവയും ആവയുടെ മുൻതലമുറയിലുണ്ടായിരുന്നവരും.
ഇതിൽ വിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരും ഞങ്ങൾക്കിടയിൽ തന്നെയുണ്ടായിരുന്നു. പക്ഷെ, ഇതിനെ അന്ധവിശ്വാസം എന്ന് വിളിക്കുന്നവരും ഉണ്ട്. അവർ വിശ്വസിക്കുന്നത്, വിശ്വാസത്തിന്റെ വിപരീതം അന്ധവിശ്വാസം എന്നാണ്. അവിശ്വാസം ആയിരുന്നില്ല. അതായത്, എല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിശ്വാസികൾ തന്നെയായിരുന്നു. അതിന്റെ ഗ്രേഡിൽ മാത്രമാണ് മാറ്റമുണ്ടായിരുന്നത്. നമുക്കുചുറ്റും ജീവിക്കുന്നവരാണ്, അല്ലെങ്കിൽ ജീവിച്ചുമരിച്ചവരാണ് പ്രാദേശിക വിശ്വാസങ്ങളിൽ വരുന്നവർ. ദലിത് ദൈവങ്ങളിൽ അവരുടെ പൂർവപിതാക്കൾ വരുന്നതുപോലെ.
ഒരു വിശ്വാസം ശരിയാണോ തെറ്റാണോ എന്ന് വിധിക്കാൻ ആർക്കാണ് അവകാശം? വിശ്വാസത്തിനകത്ത് യുക്തി പ്രവർത്തിക്കുന്നുണ്ടോ? യുക്തിയെ കേന്ദ്രീകരിച്ചാണെങ്കിൽ എല്ലാ വിശ്വാസങ്ങളും നീതീകരിക്കപ്പെടേണ്ടതല്ലേ?
കേരളത്തിന്റെ വിശ്വാസ- ആചാരങ്ങളിൽനിന്നുതന്നെയാണ് പൂർവപിതാക്കളെ ആരാധിക്കുന്ന രീതി ഇസ്‌ലാം മതത്തിലും ഇവിടെ വന്നുചേർന്നത്. ഇസ്‌ലാമികനത്തെ ചില വിഭാഗങ്ങൾ, പുരോഗമന വിഭാഗങ്ങൾ എന്ന് ചിലർ അവരെ വിശേഷിപ്പിക്കാറുണ്ട്, ഈ ആരാധനാരീതിക്കെതിരാണ്. പടച്ചവനല്ലാതെ മറ്റാരും ആരാധ്യരല്ലെന്ന് അവർ വിശ്വസിക്കുന്നു. പക്ഷെ, നമുക്കുചുറ്റുമുള്ള, നമുക്കറിയാവുന്ന വ്യക്തികളെ ആരാധിക്കുന്നതാണോ അന്ധവിശ്വാസം, അതോ, ഒരിക്കലും നാം കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ദൈവത്തിൽ വിശ്വസിക്കുന്നതാണോ അന്ധവിശ്വാസം എന്നെനിക്ക് മനസ്സിലായിട്ടില്ല. ഇതെല്ലാം മനുഷ്യർക്ക് അവശ്യം വേണ്ട, വിശ്വാസത്തിന്റെ, മനുഷ്യർക്കിടയിലുള്ള പരസ്പര വിശ്വാസത്തിന്റെ തന്നെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്.
ഒരു വിശ്വാസം ശരിയാണോ തെറ്റാണോ എന്ന് വിധിക്കാൻ ആർക്കാണ് അവകാശം? വിശ്വാസത്തിനകത്ത് യുക്തി പ്രവർത്തിക്കുന്നുണ്ടോ? യുക്തിയെ കേന്ദ്രീകരിച്ചാണെങ്കിൽ എല്ലാ വിശ്വാസങ്ങളും നീതീകരിക്കപ്പെടേണ്ടതല്ലേ? പ്രണയവും ഇത്തരത്തിലൊരു വിശ്വാസം മാത്രമല്ലേ? എല്ല ബന്ധങ്ങളും ഇത്തരത്തിൽ പരസ്പരവിശ്വാസത്തിലധിഷ്ഠിതമല്ലേ? ഇങ്ങനെ കുറെ ചോദ്യങ്ങൾ മാത്രമാണ് വിശ്വാസത്തെക്കുറിച്ചുള്ള ആലോചനകൾ അവശേഷിപ്പിക്കുന്നത്. ▮